ഏകദേശം 900 കിലോമീറ്റർ ദൂരം സഞ്ചരിച്ചുവന്നവരാണ് ഈ തൊഴിലാളികൾ. ദിവസക്കൂലിക്ക് ആരെങ്കിലും ജോലിക്ക് വിളിക്കുന്നത് കാത്തുനിൽക്കുന്ന അവരുടെ മുഖങ്ങളിൽ അനിശ്ചിതത്വം നിഴലിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലുള്ള പുട്ടപർത്തിയിൽനിന്നും കാദിരിയിൽനിന്നും രണ്ടു ട്രെയിനുകൾ മാറിക്കയറിയാണ് അവർ ഇത്രയും ദൂരം താണ്ടിയെത്തിയിട്ടുള്ളത്. "ഗ്രാമങ്ങളിൽ ഇപ്പോൾ തൊഴിലുറപ്പ് പണി (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ലഭ്യമാകുന്നത്) ഉണ്ടാകുന്നില്ല എന്നുമാത്രമല്ല കഴിഞ്ഞ കുറേ ആഴ്ചകളായി ഞങ്ങൾ ചെയ്ത ജോലിക്ക് കൂലിയും കിട്ടിയിട്ടില്ല.", പല കർഷകരും എന്നോട് പറഞ്ഞു. ആകെ ലഭ്യമായിട്ടുള്ള തൊഴിൽദിനങ്ങളാകട്ടെ, ഒരു വർഷത്തേയ്കക്കാവശ്യമായ തൊഴിൽദിനങ്ങളുടെ പത്തിലൊന്നുമാത്രമേ ആകുകയുള്ളൂ.

ഈയൊരു സാഹചര്യത്തിൽ, നൂറുകണക്കിന് സ്ത്രീപുരുഷന്മാർ എല്ലാ ആഴ്ചയും ഗുണ്ടയ്ക്കൽ പാസഞ്ചറിൽ കയറി കൊച്ചിയിൽ വന്നിറങ്ങും. "കൊച്ചിയിലേയ്ക്ക് വരുമ്പോൾ ഞങ്ങൾ ആരും ടിക്കറ്റ് എടുക്കാറില്ല. തിരിച്ചുപോകുമ്പോൾ ഞങ്ങളിൽ പകുതിപേർ ടിക്കറ്റ് എടുത്തും ബാക്കിയുള്ളവർ ടിക്കറ്റ് എടുക്കാതെയും യാത്രചെയ്യും." അനന്ത്പൂരിലെ മുദിഗുബ്ബ മണ്ഡലിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളിയായ ശ്രീനിവാസുലു പറയുന്നു.

A migrant labourer with no work on a Sunday
PHOTO • Rahul M.

ഒരു ഞായറാഴ്ച ജോലിയൊന്നും ലഭിക്കാതെ ഇരിക്കുന്ന ഒരു കുടിയേറ്റത്തൊഴിലാളി

ഒരിക്കൽ, അനന്തപൂരിലേയ്ക്ക് മടങ്ങുമ്പോൾ ശ്രീനിവാസുലു പിടിക്കപ്പെട്ടു. "കൊച്ചിയിൽ ആ സമയത്ത് നല്ല മഴയായിരുന്നു. ഒരു വെള്ളക്കുപ്പിയിൽ കൊണ്ടുവന്ന അരലിറ്റർ കള്ള്‌ ട്രെയിനിലിരുന്ന് കുടിക്കുകയായിരുന്നു ഞാൻ. പകുതി ദൂരം എത്തിയപ്പോഴാണ് ടിക്കറ്റെടുത്തിട്ടില്ലെന്ന് ഓർത്തത്.". ഇതോടെ, കേരളത്തിൽ ജോലി ചെയ്ത് സമ്പാദിച്ച 8,000 രൂപ ഒരു സഹയാത്രികനെ ഏൽപ്പിച്ച്, കയ്യിൽ 80 രൂപമാത്രംവെച്ച്, തന്റെ ഭാഗ്യത്തിൽ പ്രതീക്ഷയർപ്പിച്ച് അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു.

കാട്പാടി എത്തിയപ്പോൾ ടിക്കറ്റ് കളക്ടർ (ടി.സി) ശ്രീനിവാസുലുവിനെ സമീപിച്ചു.

"നിങ്ങളുടെ ടിക്കറ്റ് എവിടെ?", ടി.സി അദ്ദേഹത്തോട് ചോദിച്ചു.

"എന്റെ കയ്യിൽ ടിക്കറ്റ് ഇല്ല", ശ്രീനിവാസുലു മറുപടി പറഞ്ഞു.

"എഴുന്നേൽക്ക്", ടി.സി തെലുങ്കിൽ പറഞ്ഞു. " മാമാ , (അളിയൻ എന്ന അർഥത്തിൽ) എന്റെ കൂടെ വാ"

"എന്നാൽ പോകാം മാമാ ", ശ്രീനിവാസുലുവും ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു. ഇതോടെ ടിക്കറ്റ് കളക്ടർ അദ്ദേഹത്തിന്റെ കയ്യിൽനിന്ന് 50 രൂപ പിഴയായി വാങ്ങി, ഒരു മുന്നറിയിപ്പും കൊടുത്ത് വിട്ടു. മദ്യപിച്ച്, കാല് നിലത്തുറയ്ക്കാതെ നിന്നിരുന്ന ശ്രീനിവാസുലു ഇനി ആ തീവണ്ടിയിൽ യാത്ര ചെയ്യില്ലെന്ന് വാക്കും കൊടുത്തു.

ടിക്കറ്റ് കളക്ടർ നടന്നുപോകാൻ തുടങ്ങുമ്പോൾ ശ്രീനിവാസുലു പറഞ്ഞു: 'സർ, എന്റെ കയ്യിൽ ഭക്ഷണം കഴിക്കാനുള്ള പണം പോലുമില്ല." ഇതുകേട്ട് ആ ഉദ്യോഗസ്ഥൻ ശ്രീനിവാസുലുവിനെ തെറി വിളിച്ച്, വാങ്ങിച്ച 50 രൂപ തിരികെ കൊടുത്ത് അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

Tamil and Telugu migrants waiting for work in the morning at Kaloor.
PHOTO • Rahul M.
In search of a fortune: labourers from Anantapur buying lottery tickets
PHOTO • Rahul M.

ഇടത്- തമിഴ്, തെലുഗു കുടിയേറ്റത്തൊഴിലാളികൾ രാവിലെ കലൂരിൽ ജോലി പ്രതീക്ഷിച്ച് നിൽക്കുന്നു. വലത്ത്: ഭാഗ്യം തേടി- അനന്ത്പൂരിൽനിന്നുള്ള തൊഴിലാളികൾ ലോട്ടറി ടിക്കറ്റ് വാങ്ങുന്നു

എല്ലാ ദിവസവും അതിരാവിലെതന്നെ കുടിയേറ്റത്തൊഴിലാളികൾ കൊച്ചിയിലെ കലൂർ ജംഗ്ഷനിലെത്തും. ഗൾഫ് ദിനാറുകൾകൊണ്ട് റോഡുകളും വീടുകളും പണിയുന്ന കോൺട്രാക്ടർമാരും ഭൂവുടമകളും തങ്ങളെ ജോലിക്ക് വിളിക്കുന്നതും പ്രതീക്ഷിച്ച് അവർ ക്ഷമാപൂർവം റോഡിനിരുരുവശത്തുമായി കാത്തുനിൽക്കും. ജോലിദിവസങ്ങളിൽ രാവിലെ 6 മണിക്ക് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിർവഹിച്ച്, റോഡിൽ വന്നുനിൽക്കുന്നതാണ് അവരുടെ പതിവ്. ജോലി ഇല്ലാത്ത ദിവസങ്ങളിൽ മാത്രമേ പുഴയിൽ പോയി വിശാലമായി കുളിക്കാനുള്ള സമയം ഉണ്ടാവുകയുള്ളൂ എന്ന് തൊഴിലാളിയായ നാഗേഷ് പറയുന്നു.

7 മണിയാകുമ്പോഴേക്കും ജംഗ്ഷനിൽ തിരക്കേറും. "ചില മാസങ്ങളിൽ, ഞങ്ങളുടെ കൂട്ടർ 2,000 പേരെങ്കിലും ഇവിടെ ഉണ്ടാകും.", ഒരു തൊഴിലാളി പറയുന്നു. ആന്ധ്രാ സ്വദേശികളായ കുടുംബങ്ങൾ നടത്തുന്ന, റോഡരികിലെ രണ്ട് ഭക്ഷണശാലകളിൽ ഒന്നിൽനിന്ന് പ്രഭാതഭക്ഷണം കഴിച്ച്, ഉച്ചഭക്ഷണം പൊതിഞ്ഞെടുത്താണ് അവർ കാത്തുനിൽക്കുക. മുദ്ദയും (റാഗി ഉപയോഗിച്ച് ഉണ്ടാക്കുന്ന, റായലസീമ പ്രദേശത്തെ മുഖ്യ ഭക്ഷ്യവിഭവം) അച്ചാറും ചോറുമാണ് ഈ കടകളിൽ ലഭിക്കുന്നത്.

Women migrant labourers waiting for work
PHOTO • Rahul M.
Getting some rest on a Sunday
PHOTO • Rahul M.

ഇടത്: സ്ത്രീ കുടിയേറ്റത്തൊഴിലാളികൾ ജോലി പ്രതീക്ഷിച്ച് കാത്തിരിക്കുന്നു. വലത്ത്: ഞായറാഴ്ച ദിവസത്തെ വിശ്രമം

ജംഗ്ഷനിൽ പോയാലും എല്ലാ ദിവസവും ജോലി കിട്ടണമെന്നില്ല. ഒരു തൊഴിലാളിയെ ജോലിയ്ക്ക് വിളിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്യാം. "ജോലി ഇല്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ കള്ള് കുടിച്ചു കിടന്നുറങ്ങും.", ഒരു കുടിയേറ്റ തൊഴിലാളി പറയുന്നു.

"അനന്ത്പൂരിൽ ഒരു ദിവസത്തെ ജോലിയ്ക്ക് കൂലി 200 രൂപയാണ്. ഇവിടെ ദിവസക്കൂലിയായി 650 രൂപ കിട്ടും, ചില ദിവസങ്ങളിൽ 750 രൂപയും. ", അനന്തപൂരിൽ ഗുജ്‌രി (പഴയ,ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ) വില്പന നടത്തുന്ന രംഗപ്പ പറയുന്നു. ഒരിക്കൽ ഒരു വീട്ടിൽ ചെറിയ ഒരു വീട്ടുജോലി ചെയ്തുകൊടുക്കാൻ പോയപ്പോൾ, ഉടമസ്ഥൻ 1,000 രൂപ കൂലിയും ഒപ്പം ഭക്ഷണവും മദ്യവും കൊടുത്തത് പലരും ഓർത്തെടുക്കുന്നു.

ജംഗ്ഷൻ പ്രദേശത്ത് ജീവിക്കുന്ന ഓരോരുത്തർക്കും പറയാൻ ഓരോ കഥയുണ്ട്. എല്ലാവരുടെയും കഥ സമാനവുമാണ്: മഴക്കുറവ് കാരണം നിലക്കടലയുടെ വിളവ് മോശമായത്, കുഴൽക്കിണറുകൾ പെരുകിയത്, കർഷകർക്ക് സംഭവിച്ച നഷ്ടത്തിന് സർക്കാർ മതിയായ നഷ്ടപരിഹാരം കൊടുക്കാതിരുന്നത് - ഇങ്ങനെ പോകുന്ന ആ കഥകൾ. കുതിച്ചുയരുന്ന കടബാധ്യതയ്ക്കുപുറമേ, തൊഴിലുറപ്പ് പണി ലഭിക്കാതിരിക്കുകയും, ചെയ്ത പണിയുടെ കൂലി ആഴ്ചകളോളം കിട്ടാതിരിക്കുകയും ചെയ്യുന്നതോടെ സാഹചര്യം പിന്നെയും വഷളാകുന്നു.

PHOTO • Rahul M.

ഇടത്ത്: മുദിഗുബ്ബ സ്വദേശിയായ രാമുലു. 82 വയസ്സുകാരനായ അദ്ദേഹം കാഴ്ചാപരിമിതിയുള്ള വ്യക്തിയാണ്. വലത്ത്: കാദിരി സ്വദേശിയായ രാജശേഖർ പത്താം ക്ലാസ് പരീക്ഷയുടെ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്

പല തൊഴിലുകൾ ചെയ്യുന്നവർ ഇവിടെയുണ്ട്. പെയിന്റ് തൊഴിലാളികൾ, നെയ്ത്തുകാർ, ഒരു ഓട്ടോ ഡ്രൈവർ, ഒരു മുൻ സി.ആർ.പി.എഫ്. ജവാൻ, 82 വയസ്സുള്ള, കാഴ്ചാപരിമിതനായ ഒരാൾ, വേനലവധിക്ക് ജോലി ചെയ്യാൻ വന്ന അനേകം വിദ്യാർഥികൾ എന്നിങ്ങനെ പലതരക്കാരെ കുറച്ച് മണിക്കൂറുകൾക്കിടെ ഞാൻ പരിചയപ്പെടുകയുണ്ടായി. കാദിരി സ്വദേശിയായ 17- കാരൻ രാജശേഖർ ഇക്കൊല്ലമാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്; കുടുംബത്തിന് കുറച്ച് അധികവരുമാനം നേടിക്കൊടുക്കാനാണ് അവൻ വന്നിരിക്കുന്നത്. ബാലാജി നായക്കിനെപ്പോലെയുള്ള വിദ്യാർത്ഥികൾക്ക് ,കേരളത്തിൽനിന്ന് ലഭിക്കുന്ന പണം കോളേജിലെ ഫീസ് അടയ്ക്കാനുള്ളതാണ്.

23 വയസ്സുകാരനായ ബാലാജി, കാദിരിയിലെ വിവേകാനന്ദ കോളേജിൽ തെലുഗു സാഹിത്യവിഭാഗത്തിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു. ഞായറാഴ്ചകളിൽ ജോലിയ്ക്ക് പോയിട്ടാണ് അവൻ വിദ്യാഭ്യാസച്ചിലവുകൾക്കാവശ്യമായ പണം കണ്ടെത്തിയിരുന്നത്. എന്നാൽ ഗ്രാമങ്ങളിൽ തൊഴിൽലഭ്യത കുറഞ്ഞുതുടങ്ങിയതോടെ, അവന് കോളേജിൽ രണ്ടാംവർഷത്തിൽവെച്ച് പഠനം നിർത്തേണ്ടിവന്നു. "വിശപ്പുകൊണ്ട് വയറെരിയുന്നതിനേക്കാൾ മോശമായ അവസ്ഥ വേറൊന്നുമില്ല.", ബാലാജി പറയുന്നു. പഠനം നിർത്തിയതിനുപിന്നാലെ വിവാഹിതനായ ബാലാജി ഇപ്പോൾ തന്റെ ഭാര്യയെയും പ്രായമായ മാതാപിതാക്കളെയും പോറ്റാനായി കാദിരിക്കും കൊച്ചിക്കും ഇടയിൽ ജോലിതേടി സഞ്ചരിക്കുകയാണ്.

ബാലാജിയെപ്പോലെ അനേകം വിദ്യാർത്ഥികളാണ് ജോലിയ്ന്വേഷിച്ച് ഇവിടെ നിൽക്കുന്നത്. 'ഞങ്ങൾ ഡിഗ്രി നേടിയിട്ടാണ് വന്നിരിക്കുന്നത്.", നല്ല രീതിയിൽ വേഷവിധാനം ചെയ്തിട്ടുള്ള ഒരു വിദ്യാർത്ഥി പറയുന്നു. "ഞങ്ങളിൽ ചിലർ അവധിക്കാലത്ത് ഇവിടെ ജോലിയ്ക്ക് വരുന്നവരാണ്."

PHOTO • Rahul M.

ഇടത്ത്: ജോലിക്കാരെ തിരഞ്ഞെടുക്കാനായി വന്നിരിക്കുന്ന ഒരു കോൺട്രാക്ടർ. വലത്ത്: തൊഴിലാളികളെ ജോലിയ്ക്കായി കൊണ്ടുപോകുന്നു

ഒന്നിനുപുറകെ ഒന്നായി, വീട്ടുടമകളും കോൺട്രാക്ടർമാരും ജംഗ്ഷനിലേയ്ക്ക് എത്തുന്നതോടെ ആളുകൾ അവരുടെ ചുറ്റും തടിച്ചുകൂടുന്നു.

"കോൺട്രാക്ടർമാർ ഒരു മണിക്കൂറോളം ചുറ്റിനടന്ന് തൊഴിലാളികളെ പരിശോധിക്കും. പ്രായവും ആരോഗ്യവുമെല്ലാം നോക്കിയാണ് അവർ ജോലിക്ക് ആളെ തിരഞ്ഞെടുക്കുക.", ജംഗ്ഷനിൽ നിൽക്കുന്ന തൊഴിലാളികളിൽ ഒരാളായ വീരപ്പ പറയുന്നു. സമയം 11 മണിയോടടുത്ത്, അന്നേ ദിവസം ഇനി ആർക്കും ജോലി ഇല്ലെന്ന് വ്യക്തമാകുന്നതോടെ ബാക്കിയുള്ള തൊഴിലാളികൾ അൽപനേരം സംസാരിച്ചുനിൽക്കുകയോ നടപ്പാതകളിൽ കിടന്നുറങ്ങുകയോ ചെയ്യും. ചിലർ ഒഴിഞ്ഞ തെരുമൂലകളിൽ പോയിരുന്നു മദ്യപിക്കും.

ഉച്ചയ്ക്ക് ഒരുമണിയാകുമ്പോൾ, ജോലി ലഭിക്കാത്ത തൊഴിലാളികളിൽ ചിലർ സമീപത്തുതന്നെയുള്ള, വിശ്വഹിന്ദു പരിഷത്ത് പരിപാലിക്കുന്ന ശിവക്ഷേത്രത്തിൽ ലഭിക്കുന്ന സൗജന്യ ഉച്ചഭക്ഷണം കഴിക്കാൻ പോകും. " ശിവാലയം ഒരുപാട് ജീവനുകൾ രക്ഷിക്കുന്നുണ്ട്.", ഒരു തൊഴിലാളി പറയുന്നു. "കേരളത്തിലെ അരിയാണ് അവർ തരുന്നതെങ്കിലും അത് പ്രശ്നമല്ല. അവർ എല്ലാവർക്കും ഭക്ഷണം കൊടുക്കും. ജോലി ലഭിക്കാത്ത ദിവസങ്ങളിൽ ഞങ്ങളിൽ മിക്കവരും അവിടെനിന്നാണ് കഴിക്കാറുള്ളത്."

 Free meals at the VHP-run ‘shivalayam’
PHOTO • Rahul M.
A labourer, who has found no work for the day, goes to sleep around 10 a.m
PHOTO • Rahul M.

ഇടത്ത്: വി.എച്ച്.പി നടത്തുന്ന 'ശിവാലയത്തിലെ’ സൗജന്യ ഉച്ചഭക്ഷണം. വലത്ത്: അന്നേദിവസം ജോലിയൊന്നും ലഭിക്കാതിരുന്ന ഒരു തൊഴിലാളി രാവിലെ 10 മണിക്ക് ഉറങ്ങാൻ കിടക്കുന്നു

ജോലിദിവസം അവസാനിക്കുന്നതോടെ തൊഴിലാളികൾ ഉറങ്ങാൻ പോകും. ചിലർ ജംഗ്ഷനിലെ നടപ്പാതകളിലും അടുത്തുള്ള ബസ് സ്റ്റാൻഡിന്റെ പ്ലാറ്റഫോമിലുമാണ് ഉറങ്ങാൻ കിടക്കുന്നത്. മറ്റു ചിലർ മലയാളികളിൽനിന്ന് വാടകയ്‌ക്കെടുത്ത വീടുകളുടെ പഴയ മുറികളിലും ടെറസുകളിലും തലചായ്ക്കും.

"വൈകീട്ട് 5 മണിക്ക് ലൈറ്റുകൾ തെളിയും, പക്ഷെ ഫാനുകൾ ഓൺ ആകില്ല. രാത്രി 10 മണിയാകുമ്പോൾ ലൈറ്റുകൾ അണഞ്ഞ് ഫാനുകൾ ഓൺ ആകും.", ഒരു മലയാളിയുടെ വീടിന്റെ ടെറസിൽ ഉറങ്ങാൻ കിടക്കുന്ന രാമകൃഷ്ണ വിശദീകരിക്കുന്നു. "ഞങ്ങൾക്ക് സ്വിച്ചുകൾ പ്രവർത്തിപ്പിക്കാനാകില്ല. ഒരുദിവസത്തെ വാടക കൊടുത്താൽ മാത്രമേ വീട്ടുടമ ഫാൻ ഓൺ ചെയ്യുകയുള്ളൂ. ആരെങ്കിലും ഒരാൾ പണം കൊടുക്കാതിരുന്നാൽപ്പോലും, അവർ ഫാൻ ഓഫ് ചെയ്യും. അവിടെ കിടന്നുറങ്ങുന്ന 40 പേർക്കുംകൂടിയുള്ള ഒരേയൊരു ഫാനാണെങ്കിൽ‌പ്പോലും.

PHOTO • Rahul M.

ഇടത്ത്: ഓരോ ദിവസത്തെ മുറിവാടക രേഖപ്പെടുത്തുന്ന കണക്കുപുസ്തകം. വലത്ത്: ജോലി കഴിഞ്ഞ് മുറികൾക്കരികിൽ വിശ്രമിക്കുന്ന തൊഴിലാളികൾ

തെരുവുകളിൽ കിടന്നുറങ്ങുന്നവരുടെ പ്രശ്നം മറ്റൊന്നാണ് - കൊതുകുകൾ. "കൊതുകുകൾ കടിച്ചാലും നിങ്ങൾക്ക് അസുഖമൊന്നും വരില്ല.", 62 വയസ്സുകാരിയായ വെങ്കട്ടമ്മ പറയുന്നു. വേറെ ചിലർ, കൊച്ചിയിലെ വരണ്ട കാലാവസ്ഥയെയും കൊതുകുകളെയും അതിജീവിച്ച് ഉറക്കം കണ്ടെത്താൻ മദ്യത്തെ ആശ്രയിക്കുന്നു.

800 രൂപയിൽ കുറഞ്ഞ കൂലിയ്ക്ക് ജോലി ചെയ്യാൻ വിസമ്മതിക്കുന്ന ആഞ്ജനേയുലുവിന് മദ്യത്തിന്റെ രൂക്ഷഗന്ധമാണ്. അയാൾ സദാസമയവും മദ്യലഹരിയിലായിരിക്കും. "ചന്ദ്രബാബുവിനോട് (നായിഡു) എനിക്ക് ഒരു ശൗചാലയം കെട്ടിത്തരാൻ പറയൂ. എങ്കിൽ ഞാൻ എന്റെ കുടി കുറയ്ക്കാം." അയാൾ പറയുന്നു. "എന്റെ വീട്ടിൽ ശൗചാലയം ഇല്ല.  കനാലിന് അരികിലേക്ക് ഞങ്ങൾ പോകുന്നത് കണ്ടാൽ ആളുകൾ ഞങ്ങൾക്ക് നേരെ ഒച്ചയിടും."

People sleeping on the pavements at Kaloor Junction.
PHOTO • Rahul M.
Venkatamma, 62, travels back to Kadiri in the train
PHOTO • Rahul M.

കലൂർ ജംഗ്ഷനിലെ നടപ്പാതകളിൽ കിടന്നുറങ്ങുന്ന ആളുകൾ. വലത്ത്: 62 വയസ്സുകാരിയായ വെങ്കട്ടമ്മ തീവണ്ടിയിൽ കാദിരിയിലേയ്ക്ക് മടങ്ങുന്നു

കലൂർ ജംഗ്ഷനിലെ ഓരോ തൊഴിലാളിയ്ക്കും ഒരു തൊഴിൽക്രമമുണ്ട്. മിക്കവരും മൂന്നാഴ്ച ജോലി ചെയ്ത് ഒരാഴ്ചയ്ക്ക് ഗ്രാമത്തിലേക്ക് മടങ്ങും. ചിലർ പഴയ കടങ്ങൾ വീട്ടാനായി കൂടുതൽ കാലം കൊച്ചിയിൽ തുടരും. "ഞാൻ വീട്ടിൽ പോയിട്ട് ഒരു വർഷത്തിലേറെയായി. എല്ലാ ആഴ്ചയും ഞാൻ വീട്ടിലേയ്ക്ക് 2,000 രൂപ അയക്കും.", മുദിഗുബ്ബയിൽനിന്നുള്ള കർഷകനായ, 40 വയസ്സുകാരൻ നാരായണസ്വാമി പറയുന്നു.

"ഇവിടെ ഓരോരുത്തർക്കും ഓരോ ലഹരിയാണ്.", ശ്രീനിവാസുലു പറയുന്നു. "ചിലർക്ക് ചീട്ടുകളിയാണെങ്കിൽ ചിലർക്ക് മദ്യവും മറ്റു ചിലർക്ക് ലോട്ടറി ടിക്കറ്റുകളുമാണ് ഭ്രമം."

എന്നാൽ, കലൂർ ജംഗ്ഷനിലെ റോഡിനിരുവശത്തുമായി നിരക്കുന്ന ഈ തൊഴിലാളികൾക്കെല്ലാം പൊതുവായുള്ളത് അവരുടെ ജീവിതത്തിലെ അനിശ്ചിതത്വമാണ്.

പരിഭാഷ: പ്രതിഭ ആർ .കെ .

Rahul M.

Rahul M. is an independent journalist based in Andhra Pradesh, and a 2017 PARI Fellow.

Other stories by Rahul M.
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.