സർക്കാർ ഉദ്യോഗസ്ഥരൊഴിച്ച് ഇവിടെ സൂചിപ്പിച്ചിട്ടുള്ള എല്ലാവരുടേയും പേരുകൾ, അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മറച്ചുവെച്ചിരിക്കുന്നു. ഇതേ കാരണത്താൽ, ഗ്രാമങ്ങളുടെ പേരുകളും സൂചിപ്പിച്ചിട്ടില്ല. രണ്ട് ഭാഗങ്ങളുള്ള ഒരു കഥയുടെ ആദ്യഭാഗമാണ് ഇത്.

സമയം വൈകുന്നേരം അഞ്ചുമണിയായിട്ടും ആകാശത്ത് അല്പം വെളിച്ചമുള്ളപ്പോഴാണ് 16 വയസ്സുള്ള വിവേക് സിഗ് ബിഷ്ടിയും മറ്റ് ചിലരും സത്പേറിലെ തങ്ങളുടെ ക്യാമ്പിലേക്ക് മടങ്ങിയെത്തിയത് “കീട ജടി കണ്ടെത്താനായി ഒരു പത്തുദിവസം കൂടി ഞങ്ങൾ ഇവിടെയുണ്ടാകും. ഈ സീസൺ വലിയ മെച്ചമുണ്ടായില്ല”, അന്ന് താൻ ശേഖരിച്ച 26 കീടജടികൾ എന്നെ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.

ഞങ്ങളിപ്പോൾ കടൽനിരപ്പിൽനിന്നും 4,500 മീറ്റർ ഉയരെയുള്ള സത്പേർ പുൽ‌പ്പരപ്പിലാണ്. മഞ്ഞിൽ‌പ്പുതഞ്ഞ് കിടക്കുന്ന ചുറ്റുമുള്ള ചെരിവുകളിൽ, നീലനിറത്തിലുള്ള ഏകദേശം 35-ഓളം ടർപ്പോളിൻ ടെന്റുകൾ, കാറ്റത്ത് ശക്തിയായി ഇളകുന്നുണ്ടായിരുന്നു. ആ ടെന്റുകളിലുള്ളത്, വിവിധ ഗ്രാമങ്ങളിൽനിന്ന് വന്ന, വിവേകിനെപ്പോലെയുള്ള കീടജടി വേട്ടക്കാരായിരുന്നു, മേയ് മാസം മധ്യത്തോടെയാണ് അവരിവിടെ വന്ന് തമ്പടിക്കാൻ തുടങ്ങുക. ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള പിതോറഗഡ് ജില്ലയിലെ ധാർചുല ബ്ലോക്കിലാണ് സത്പേർ സ്ഥിതി ചെയ്യുന്നത്.

നല്ലൊരു ദിവസമാണെങ്കിൽ ഒരാൾക്ക് 40 കീട ജടികൾവരെ വിളവെടുക്കാൻ സാധിക്കും. മോശം ദിവസമാണെങ്കിൽ ഒരുപക്ഷേ 10-ഉം. ജൂൺ മധ്യത്തോടെ ഉത്തരാഖണ്ഡിൽ കാലവർഷം ആരംഭിക്കുമ്പോൾ കീട ജടിയുടെ വിളവെടുപ്പ് കാലം ഏതാണ്ട് അവസാനിക്കും. കഴിഞ്ഞ വർഷം, ജൂണോടെ, വിവേകിന്റെ രക്ഷകർത്താക്കളും, മുത്തച്ഛനും മുത്തശ്ശിയും എട്ടുവയസ്സുള്ള അനിയത്തിയുമൊക്കെ 900 കീട ജടികളുമായി ഗ്രാമത്തിലേക്ക് മടങ്ങി. ഓരോ കീട ജടിക്കും അരഗ്രാമിന് താഴെ മാത്രമേ തൂക്കം വരൂ. വിൽക്കുമ്പോൾ ഓരോ കീട ജടിക്കും 150 മുതൽ 200 രൂപവരെ ലഭിക്കും.

Children form the highest participants among the harvesters of caterpillar fungus. With better eyesight and nimble fingers, they say they can pick as many as 40 fungi in a day. They join the hunt party as soon as they turn six and are able to trek for longer distances and deal with the bitter winter
PHOTO • Arpita Chakrabarty

എല്ലാ കൊല്ലവും മേയ് പകുതി മുതൽ ധാരാചുല ബ്ലോക്കിലെ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സത്പേർ പുൽ‌പ്പരപ്പിൽ ടെന്റുകൾ കെട്ടി, ഗ്രാമീണർ ആഴ്ചകളോളം താമസിച്ച്, വിലകൂടിയ കീട ജടി ശേഖരിക്കുന്നു

കീട ജടി അഥവാ ചിത്രശലഭപ്പുഴു ഫംഗസ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നേപ്പാളിലേയും ഇന്ത്യയിലേയും തിബത്തൻ പീഠഭൂമിയിലെ നിരവധി ഗ്രാമങ്ങളുടേയും ദരിദ്രരായ കുടുംബങ്ങളുടേയും സാമ്പത്തികമായ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. (ഇതിനേക്കുറിച്ച് കൂടുതൽ അടുത്ത ഭാഗത്തിൽ എഴുതാം). പ്രത്യേകിച്ചും പിതോറഗഡ്, ചമോലി തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലെ അതിർത്തി ജില്ലകളുടെ. ഈ ഫംഗസ് വേട്ടയാടുന്ന പണി വരുന്നതിനുമുമ്പ്, ഗ്രാമങ്ങളുടെ ഉപജീവനം കൃഷിയേയും ദിവസക്കൂലിയേയും ആശ്രയിച്ചായിരുന്നു. ഇപ്പോഴാകട്ടെ, ഓരോ കിലോഗ്രാം ഫംഗസും 50,000 രൂപയ്ക്കും 12 ലക്ഷത്തിനുമിടയ്ക്കാണ് വിറ്റഴിക്കപ്പെടുന്നത്. ഫംഗസിന്റെ വലിപ്പവും ഗുണവും അനുസരിച്ച്. ഏറ്റവും കുറഞ്ഞ പൈസ കിട്ടിയാൽ‌പ്പോലും അത് ഗ്രാമത്തിലെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം മാസങ്ങളോളം ജീവിക്കാനുള്ള വരുമാനമാവുന്നുണ്ട്.

ഇന്ത്യയിലേയും നേപ്പാളിലേയും ദല്ലാളുമാർ ഈ ഫംഗസിന്റെ ഭൂരിഭാഗവും വിൽക്കുന്നത് ചൈനയിലെ ആവശ്യക്കാർക്കും ഉപഭോക്താക്കൾക്കുമാണ്. ഉത്തരാഖണ്ഡിലെ പൊലീസും വനംവകുപ്പും റവന്യൂ അധികാരികളും പിടിക്കാതിരിക്കാൻ ഈ ദല്ലാളുകൾ ദുർഘടമായ മലമ്പാതകളിലൂടെയാണ് നേപ്പാളിലേക്കും ചൈനയിലേക്കും ഫംഗസ് കടത്തുന്നത്.

കോർഡിസെപ്സ് മഷ്‌റൂം എന്ന് അറിയപ്പെടുന്ന ഈ ഫംഗസിന്റെ ശാസ്ത്രീയനാമം ഓഫിയോകോർഡിസെപ്സ് സിനെൻസിസ് എന്നാണ്. ചിത്രശലഭപ്പുഴുവിന്റെ ലാർവയിൽ കുമിൾപോലെ പറ്റിപ്പിടിച്ച് വളരുന്നതുകൊണ്ടാണ് ഇതിനെ ചിത്രശലഭപ്പുഴു ഫംഗസ് എന്ന് വിളിക്കുന്നത്. ഈ ഫംഗസ് ചിത്രശലഭപ്പുഴുവിനെ കൊന്ന് മഞ്ഞയും തവിട്ടും നിറമുള്ള ഒരു ആവരണത്തിനകത്ത് സൂക്ഷിക്കുന്നു. എന്നിട്ട്, തണുപ്പുകാലം വരുന്നതിനും മണ്ണ് ഉറയ്ക്കുന്നതിനും തൊട്ടുമുൻപ് ഒരു ചെറിയ മുകുളം (മൊട്ട്) രൂപപ്പെട്ട് ചിത്രശലഭപ്പുഴുവിന്റെ തലയെ ഉന്തി പുറത്താക്കുന്നു. വസന്തകാലത്ത് – മേയ് മാസം മഞ്ഞുരുകാൻ ആരംഭിക്കുമ്പോൾ - കൂണിന്റെ ആകൃതിയും തവിട്ടുനിറവുമുള്ള ഒരു പോഷകശരീരം  മണ്ണിന്റെ മുകളിൽ പ്രത്യക്ഷപ്പെടുന്നു.

ഇതാണ് കീട ജടി – പുഴുപ്പുല്ല് എന്ന് വേണമെങ്കിൽ ഉത്തരാഖണ്ഡിലും യർസാഗുംബ എന്ന് സമീപത്തുള്ള തിബത്തിലും നേപ്പാളിലും, ഡോംഗ് ചോങ് സാ ഝാ എന്ന് ചൈനീസിലും വിളിക്കപ്പെടുന്ന കാറ്റർപില്ലർ ഫംഗസ്. ചൈനീസ്, തിബത്തൻ-നേപ്പാളി ഭാഷയിൽ, മഞ്ഞുകാലപ്പുഴു - വേനൽക്കാലപ്പുല്ല് എന്നും അർത്ഥം പറയാം.

A picker looks for the caterpillar fungus
PHOTO • Arpita Chakrabarty
Caterpillar fungus – the collection of keeda jadi of Gopal Singh. He says he spends his all-year round household expenses on earnings of keeda jadi
PHOTO • Arpita Chakrabarty

കൈകാലുകളിൽ നിരങ്ങിവേണം കീട ജടി (ഇടത്ത്) കണ്ടെത്താൻ; നല്ലൊരു ദിവസമാണെങ്കിൽ ഒരാൾക്ക് 40 ഫംഗസുകൾവരെ കിട്ടിയേക്കും, അല്ലെങ്കിൽ കഷ്ടി 10 എണ്ണവും

ഈ ഫംഗസ്സിന് ഉണ്ടെന്ന് പറയുന്ന ലൈംഗികോത്തേജനശേഷിയാണ് ഇതിന്റെ ഉയർന്ന വിലയ്ക്ക് കാരണം. അതുകൊണ്ടുതന്നെ ‘ഹിമാലയൻ വയാഗ്ര’ എന്നും ഇത് അറിയപ്പെടുന്നു. പരമ്പരാഗത ചൈനീസ് മരുന്നുകളിലെ വിലപ്പെട്ട ഒരു ചേരുവയാണിത്. 1993-ലെ ബീജിംഗ് നാഷണൽ ഗെയിംസിൽ മൂന്ന് ചൈനീസ് അത്‌ലറ്റുകൾക്ക് അഞ്ച് ലോകറിക്കാർഡുകൾ ഭേദിക്കാൻ കഴിഞ്ഞത് ഈ ഫംഗസ്സിൽനിന്ന് ഉണ്ടാക്കിയതെന്ന് പറയപ്പെടുന്ന ഒരു മരുന്ന് കഴിച്ചതുകൊണ്ടാണെന്ന മട്ടിൽ വാർത്തകൾ വന്നതിനുശേഷം യാർസഗുംബയ്ക്ക് വലിയ ഡിമാന്റുണ്ടായി എന്ന് വാർത്തകളുണ്ട്.

ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഈ ഫംഗസ് ശേഖരണം ഇന്ത്യയിലേക്കെത്തി. “2000-ത്തിന്റെ ആദ്യവർഷങ്ങളിൽ തിബത്തൻ ഖാം‌പമാർ (തിബത്തിലെ ഖാം‌പ പ്രവിശ്യയിൽനിന്നുള്ളവർ) ഇന്ത്യയിൽ വന്ന് ഈ ഫംഗസ് അന്വേഷിക്കുന്നത് ഞങ്ങൾ കണ്ടു. തിബത്തൻ പ്രദേശങ്ങളിൽ ഇത് ഇപ്പോൾ കണ്ടുവരുന്നില്ലെന്ന് അവർ ഞങ്ങളോട് പറഞ്ഞു. ആളുകൾ അധികം കടന്നുചെന്നിട്ടില്ലാത്ത ഇന്ത്യൻ ഭാഗങ്ങളിലായിരുന്നു അവർ തിരഞ്ഞുകൊണ്ടിരുന്നത്. അവരെ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു”, കൃഷ്ണ സിംഗ് പറഞ്ഞു. അക്കാലത്ത് കീട ജടിക്ക് മിതമായ വിലയേ ഉണ്ടായിരുന്നുള്ളു. എന്നാൽ, 2007 ആയതോടെ, ഇതിന്റെ കച്ചവടം ആകർഷകമാവാനും ധാരാളം വിളവെടുപ്പുകാർ ഇത് തേടി വരാനും ആരംഭിച്ചു.

“ഇപ്പോൾ നടക്കുന്നതൊക്കെ, - ശേഖരിക്കലും, വാങ്ങലും, വിൽക്കലും – അനധികൃതമാണ്”, ഉത്തരാഖണ്ഡിലെ ചീഫ് കൺ‌സർവേറ്റർ രഞ്ജൻ മിശ്ര പറഞ്ഞു. “അതുകൊണ്ട്, ഇന്ത്യൻ കമ്പോളത്തിന്റെ ഇതിന്റെ വിലയെന്താണെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ല”.

2002-ൽ, അപ്പോഴും പ്രാരംഭഘട്ടത്തിലും അനധികൃതവുമായിരുന്ന ഈ വ്യാപാരത്തെ നിയന്ത്രിക്കുന്നതിനായി, ഫംഗസ് ശേഖരിക്കുന്ന തദ്ദേശീയർക്ക്, അതും പഞ്ചായത്തിന്റെ പരിധിയിൽ വരുന്നവർക്കുമാത്രം ഈ ഫംഗസ് ശേഖരിക്കുന്നതിന് ലൈസൻസ് നൽകാൻ ഉത്തരാഖണ്ഡ് സർക്കാർ വന പഞ്ചായത്തുകളെ ചുമതലപ്പെടുത്തി. ഗ്രാമസമൂഹങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഫോറസ് കൌൺസിലുകളെയാണ് വന പഞ്ചായത്തുകളെന്ന് വിളിക്കുന്നത്. പക്ഷേ അപ്പോഴും, വനപഞ്ചായത്തുകൾക്കൊഴിച്ച്, പുറത്തുള്ള മറ്റാർക്കെങ്കിലും ഈ ഫംഗസ് വിൽക്കാൻ ലൈസൻസുള്ളവർക്ക് അനുവാദമുണ്ടായിരുന്നില്ല. അത് നിയമവിരുദ്ധവുമായിരുന്നു. പക്ഷേ 2005-ൽ സംസ്ഥാന സർക്കാർ ഈ നയത്തിൽ കുറച്ചുകൂടി മൃദുത്വം വരുത്തിയെങ്കിലും അത് കടലാസ്സിൽ മാത്രമായിരുന്നു. ചുരുക്കം വന പഞ്ചായത്തുകൾക്കുമാത്രമേ ഈ പർവ്വതപ്രദേശങ്ങളിലെ പുൽ‌‌മേടുകളിൽ അധികാരമുണ്ടായിരുന്നുള്ളു. പക്ഷേ ആരും – വനപഞ്ചായത്ത് അംഗങ്ങളോ, ഗ്രാമീണരോ ആരും – ഈ നയം പിന്തുടർന്നില്ല.

അത്തരം അറസ്റ്റുകൾ വിരളമാണ്. “ഫംഗസ് കടത്താൻ ഉപയോഗിക്കുന്നത് വിദൂരമായ മലമ്പാതകളായതിനാൽ കുറ്റവാളികളെ പിടിക്കാൻ എളുപ്പമല്ല”, പിതോറഗഡിലെ മുൻ പൊലീസ് സൂപ്രണ്ട് അജയ് ജോഷി പറയുന്നു. “കഴിഞ്ഞ ഒരുവർഷം കീട ജടി കടത്തിയതിന് ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല”.

A footbridge hangs connecting the two nations of Nepal and India.
PHOTO • Arpita Chakrabarty
The camps of keeda jadi pickers in alpine meadows of Satper in Pithoragarh
PHOTO • Arpita Chakrabarty

ഇന്ത്യാ-നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള തണുത്തുറഞ്ഞ പുൽ‌മേടുകൾ (ഇടത്ത്); ഫംഗസ് ചൈനയിലേക്ക് കടത്താൻ ദല്ലാളുകൾ വിദൂരമായ മലമ്പാതകളാന് ഉപയോഗിക്കുന്നത്

പൊലീസിന്റേയും വന-റെവന്യൂ വകുപ്പുകളുടേയും അധികാരപരിധിയാണ് മറ്റൊരു പ്രശ്നം. “ഭൂരിഭാഗം സ്ഥലവും റവന്യൂ വകുപ്പിന്റെ കീഴിലാണ് വരുന്നതെന്നതുകൊണ്ട്, അനധികൃത കീട ജടിയുടെ കേസുകൾ അധികവും കൈകാര്യം ചെയ്യുന്നത് അവരും വനംവകുപ്പും ചേർന്നാണ്”, ജോഷി പറയുന്നു.

പക്ഷേ ധാരാചുലയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആർ.കെ. പാണ്ഡെ പറയുന്നത് ഇതാണ്: “പൊലീസും വനംവകുപ്പും റവന്യൂ വകുപ്പും ചേർന്നാണ് ഇത്തരം ഓപ്പറേഷനുകൾ ചെയ്യേണ്ടത്. റവന്യൂ വകുപ്പിന് മാത്രമായി കീട ജടി പിടിച്ചെടുക്കാൻ സാധിക്കില്ല. കഴിഞ്ഞ ഒരുവർഷമായി ഞങ്ങൾ ഒന്നും പിടിച്ചിട്ടില്ല”.

കാറ്റ് കടക്കാത്ത ഭരണികളിൽ ശ്രദ്ധയോടെ കെട്ടിപ്പൂട്ടിവെച്ച കീട ജടികൾ പൊലീസോ മറ്റുദ്യോഗസ്ഥരോ കണ്ടെത്തിയാൽ അവർക്ക് അത് തുറന്ന് നോക്കേണ്ടിവരും. ഈ ഫംഗസ് പെട്ടെന്ന് നശിച്ചുപോവുന്ന വസ്തുവായതിനാൽ, ഇത് കൈകാര്യം ചെയ്യാൻ രണ്ട് വഴികളേയുള്ളു. ഒന്നുകിൽ ലേലം ചെയ്യാൻ വനംവകുപ്പിന് കൊടുക്കുക, അതല്ലെങ്കിൽ ആയുഷിന്റെ (ഭാരതത്തിലെയും ഏഷ്യയിലെയും ചികിത്സാരീതികൾക്കായുള്ള സർക്കാർവകുപ്പ്) ഡെറഡൂണിലോ ജില്ലാ കേന്ദ്രത്തിലോ ഉള്ള സ്ഥാപനങ്ങളെ ഏൽ‌പ്പിക്കുക. ഇത് സംഭവിക്കാറില്ല. ഫലമോ? ഫംഗസ് നശിച്ചുപോവുന്നു.

2017-ൽ ചമോലി പൊലീസ് 2 കിലോഗ്രാം കീട ജടി ബദരിനാഥ് ഫോറസ്റ്റ് ഡിവിഷന് കൈമാറിയെങ്കിലും അവർക്കത് ലേലം ചെയ്യാനായില്ല. കാരണം, അതിനകം, അത് ഉപയോഗശൂന്യമായിരുന്നു. ബദരിനാഥ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നോട് പറഞ്ഞു.

ഈ ഫംഗസ്സിന് ഉണ്ടെന്ന് പറയുന്ന ലൈംഗികോത്തേജനശേഷിയാണ് ഇതിന്റെ ഉയർന്ന വിലയ്ക്ക് കാരണം... പരമ്പരാഗത ചൈനീസ് മരുന്നുകളിലെ വിലപ്പെട്ട ഒരു ചേരുവയാണിത്

വീഡിയോ കാണുക: 'ഫംഗസ് പറിക്കൽ ഞങ്ങൾക്ക് വളരെ ഗുണകരമായി'

അതേസമയം, ഗ്രാമീണർക്ക് മേയ് – ജൂൺ മാസങ്ങളിൽ മറ്റേത് ജോലിയേക്കാളും ഈ ഫംഗസ് തേടുന്ന ജോലിയോടാണ് പ്രിയം. “സർക്കാർ ജോലിയുള്ളവർപോലും ഒരു മാസത്തെ ‘ചികിത്സാ അവധി’ എടുത്ത് കുടുംബത്തിന്റെ കൂടെ ഫംഗസ് പറിക്കാൻ പോവും” രാജു സിംഗ് പറയുന്നു. “കുടുംബത്തിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ, കൂടുതൽ കീട ജടി കഷണങ്ങൾ ശേഖരിക്കാൻ കഴിയും. കൂടുതൽ കീട ജടി എന്നുവെച്ചാൽ കൂടുതൽ വരുമാനം”. മലമുകളിലേക്കുള്ള കയറ്റവും, അതിശൈത്യ കാലാവസ്ഥയും സഹിക്കാൻ പറ്റാത്ത പ്രായമായവരും രോഗികളും മാത്രം ആ കാലത്ത് വീടുകളിൽ ബാക്കിയാവും.

ആറേഴ് വയസ്സാവുകയും മലമുകളിലെ അതിശൈത്യം സഹിക്കനുള്ള ശക്തി നേടുകയും ചെയ്യുമ്പോൾ കുട്ടികളും കീട ജടി പറിക്കാൻ കുടുംബത്തോടൊപ്പം പോവുകയും കൂടുതൽ നല്ല വിളവ് ശേഖരിക്കുന്നവരായി മാറുകയും ചെയ്യും. “പ്രയമായവരേക്കാൾ കാഴ്ചശക്തിയുള്ളവരാണ് ഞങ്ങൾ. ഒരു ദിവസം 40 ഫംഗസുകൾവരെ ഞങ്ങൾ കണ്ടുപിടിക്കും. വലിയവർക്ക് അത്രയ്ക്ക് കിട്ടില്ല. ചില ദിവസങ്ങളിൽ അവർക്ക് ഒന്നുംതന്നെ കിട്ടില്ല”, 16 വയസ്സുള്ള വിവേക് ആത്മവിശ്വാസത്തോടെ പറയുന്നു.

മേയ് മാസങ്ങളിൽ ഉത്തരാഖണ്ഡിലെ സ്കൂളുകൾക്ക് അവധിയായതിനാൽ, വീട്ടുകാരോടൊപ്പം കുട്ടികളും ഹിമാലയൻ പുൽ‌പ്പരപ്പുകളിലേക്ക് യാത്രയാവും. ഏഴുവയസ്സുമുതൽ സത്‌പേറിലേക്ക് വരാൻ തുടങ്ങിയതാണ് വിവേക്. ഇതിപ്പോൾ ഒമ്പതാമത്തെ കൊല്ലമാണ് വരുന്നത്. ഒരിക്കൽ‌പ്പോലും സ്കൂൾ പഠനം മുടങ്ങിയിട്ടുമില്ല. ഈയിടെയാണ് 82 ശതമാനത്തോടെ അവൻ 10-ആം ക്ലാസ് പാസ്സായത്. ഭാവികാര്യങ്ങൾ തീരുമാനിക്കാൻ 12-ആം ക്ലാസ്സിലെ ഫലം വരുന്നതുവരെ കാത്തിരിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്.

Smoke bellows from the camp while Gopal Singh makes food in the morning before he leave for the hunt
PHOTO • Arpita Chakrabarty

ചിത്രശലഭപ്പുഴു ഫംഗസ് ശേഖരിച്ച് ഭാഗ്യം പരീക്ഷിക്കാൻ പോവുന്നതിനുമുൻപ്, രാവിലത്തെ പ്രാതൽ തയ്യാറാക്കുന്ന രാജു സിംഗ് (യഥാർത്ഥ പേരല്ല)

“എല്ലാവരും ഫംഗസ് തേടാൻ ചേരും. മുട്ടിലിഴയാനും ശേഖരിക്കാനും പറ്റാത്തവർ ബാക്കിയുള്ളവർക്കുവേണ്ടി ഭക്ഷണം പാചകം ചെയ്തും വെള്ളം ശേഖരിച്ച് കൊണ്ടുവന്നും കഴിയും”. സത്പെർ പ്രദേശത്തെ ഒമ്പത് ഗ്രാമങ്ങളിലും മേയ് മാസത്തിൽ ആരുമുണ്ടാവില്ല. “കീട ജടി വിളവെടുക്കുന്ന കാലത്ത് മുഴുവൻ കുടുംബങ്ങളും മലമുകളിലെ പുൽ‌പ്പരപ്പുകളിലേക്ക് പോവും” വിവേകിന്റെ അതേ ഗ്രാമത്തിൽനിന്നുള്ള രാജു പറയുന്നു.

കീട ജടിയുടെ പ്രദേശത്തേക്കുള്ള പ്രവേശനം മലയുടെ താഴ്വാരത്തുള്ള ഗ്രാമീണരുടെ കർശനമായ നിരീക്ഷണത്തിലായിരിക്കും. ഗ്രാമങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും വരുന്നവരും പോവുന്നവരുമായ ആളുകളിൽ എപ്പോഴും അവരുടെ ഒരു കണ്ണുണ്ടാവും.   പുറത്തുള്ളവർക്ക് അവരുടെ ‘മേഖലയിൽ’ ചെന്ന് കീട ജടി പറിക്കാൻ അനുവാദമില്ല. എന്നാൽ വല്ലപ്പോഴുമൊരിക്കൽ ഗവേഷകരെയൊക്കെ അവർ അവിടേക്ക് വരാൻ അനുവദിക്കും. ഞാനൊരു റിപ്പോർട്ടറാണെന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റും ചെയ്തുകൊടുക്കണമെന്നും സൂചിപ്പിച്ചുകൊണ്ട് പിതോറഗഡിലെ ജില്ലാ മജിസ്ട്രേറ്റ് എഴുതിയ ഒരു കത്ത് എന്റെ കൈവശമുണ്ടായിരുന്നതുകൊണ്ടാണ് അവരെന്നെ അവിടേക്ക് (തന്ത്രപ്രധാനമായ അതിർത്തിപ്രദേശങ്ങളിലെ ചില സ്ഥലങ്ങളിലേക്ക്) കടക്കാൻ അനുവദിച്ചത്.

The footmark of a leopard after rains
PHOTO • Arpita Chakrabarty

കടുവകളും കരടികളുമുള്ള നിബിഡവനങ്ങൾക്ക് കുറുകേയാണ് സത്പേറിലേക്കുള്ള വഴി

ചെങ്കുത്തായ പ്രദേശങ്ങളിലൂടെ 25 കിലോമീറ്റർ ദൂരം 12 മണിക്കൂർ എടുത്താണ് ക്യാമ്പിലേക്ക് ഞാൻ എന്റെ വഴികാട്ടിയുടെ കൂടെ (അയാളുടെ പേര് രേഖപ്പെടുത്താൻ അനുവാദമില്ല) കോവർകഴുതകൾ പോവുന്ന വഴിയിലൂടെ സഞ്ചരിച്ച് ചെന്നെത്തിയത്. പുൽ‌പ്പരപ്പുകളിലേക്ക് കോവർകഴുതകളുടെ പുറത്ത് സാധനങ്ങൾ എത്തിച്ചതിനുശേഷമാണ് ഗ്രാമീണർ ഫംഗസ് തേടാനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. “ആവശ്യമുള്ള റേഷൻ ഏപ്രിൽ മാസത്തിൽത്തന്നെ - 25 കിലോഗ്രാം അരി, 10 കിലോ പരിപ്പ്, സവാള, വെളുത്തുള്ളി, മസാലകൾ - കോവർകഴുതകൾ വഴി സത്പേറിലെത്തിക്കാൻ തുടങ്ങും”, രാജു പറയുന്നു.

കരടികൾക്കും കടുവകൾക്കും പ്രസിദ്ധമാണ്, നിബിഡവനങ്ങളിലൂടെയും കുത്തിയൊഴുകുന്ന കാട്ടരുവികളിലൂടെയും പോവുന്ന സത്‌പേറിലേക്കുള്ള മലമ്പാത. ക്യാമ്പിലേക്ക് പോവുമ്പോൾ ഗ്രാമീണർ കത്തികളും വടികളുമൊക്കെ കൈയ്യിൽ സൂക്ഷിക്കും. വന്യജീവികളുടെ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാൻ.

പക്ഷേ ആ യാത്ര മാത്രമല്ല അവർക്ക് നേരിടേണ്ടിവരുന്ന അപകടം. ചിത്രശലഭപ്പുഴു ഫംഗസ് ശേഖരിക്കുന്നത് അപകടം പിടിച്ചതും അദ്ധ്വാനം ഏറെ വേണ്ടതുമായ ഒരു പ്രവൃത്തിയാണ്. ഇടുങ്ങിയതും കുത്തനെയുള്ളതുമായ മലകളിലൂടെ മരം കോച്ചുന്ന തണുപ്പത്ത് കയറണം, മുട്ടിലിഴഞ്ഞും, കൈമുട്ടും കാൽമുട്ടും ഉപയോഗിച്ച് മഞ്ഞ് വകഞ്ഞുമാറ്റിയും നിലം മുഴുവൻ അരിച്ചുപെറുക്കണം. വീട്ടിൽ തിരിച്ചെത്തുന്നവരിൽ സന്ധിവേദന, മഞ്ഞുമൂലമുള്ള കാഴ്ചക്കുറവ്, ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ പൊതുവായ ആരോഗ്യപ്രശ്നങ്ങൾ കാണാറുണ്ട്.

2017-ൽ സത്‌പേറിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള പിതോറഗഡിലെ മറ്റൊരു പുൽ‌പ്പരപ്പിൽ‌വെച്ച്, ഫംഗസിനുവേണ്ടിയുള്ള അന്വേഷണത്തിൽ 2 ആളുകൾ കൊക്കയിൽ വീണ് മരിച്ചു. കീട ജടി വിളവുകാലത്ത്, സത്‌പേറിലേക്കുള്ള റേഷൻ എത്തിക്കാൻ പോയ മറ്റൊരാൾ 2018-ൽ മലമുകളിൽനിന്ന് വീണുമരിച്ചു. പക്ഷേ സാമ്പത്തികമായ പ്രതിഫലം അത്രയധികമായതിനാൽ, മരണവും കഠിനാദ്ധ്വാനവുമൊന്നും ഗ്രാമീണരെ ഫംഗസിനുവേണ്ടിയുള്ള അന്വേഷണത്തിൽനിന്ന് ഒരിക്കലും പിന്തിരിപ്പിക്കുന്നില്ല.

പരിഭാഷ: രാജീവ് ചേലനാട്ട്

Arpita Chakrabarty

Arpita Chakrabarty is a Kumaon-based freelance journalist and a 2017 PARI fellow.

Other stories by Arpita Chakrabarty
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat