സയ്യദ്  ഘാനി ഖാൻ അന്ന് ഏതാണ്ട് കുഴഞ്ഞു വീണെന്നുതന്നെ പറയാം. അന്ന് തന്‍റെ വിളകളെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന് അസ്വാസ്ഥ്യം തോന്നി. തളിച്ച് കൊണ്ടിരുന്ന കീടനാശിനിയിൽ നിന്നുള്ള പുക അദ്ദേഹത്തിന് തലചുറ്റൽ ഉണ്ടാക്കി. "അപ്പോള്‍ ഞാന്‍ ചിന്തിച്ചു: എന്താണ് ഞാന്‍ ചെയ്യുന്നത്? എനിക്കിങ്ങനെ അസ്വാസ്ഥ്യം ഉണ്ടാകുന്നുവെങ്കിൽ കീടനാശിനി തളിച്ച ഈ അരി കഴിക്കുന്നവരെ ഞാൻ വിഷമേല്പിക്കുകയാണ്. ഈ ചെയ്യുന്നത് ഞാന്‍ നിര്‍ത്തണം", അദ്ദേഹം പറഞ്ഞു.

രണ്ടു ദശാബ്ദങ്ങൾക്കു മുൻപ് 1998-ൽ ഉണ്ടായ ഈ വഴിത്തിരിവിന് ശേഷം ഏതെങ്കിലും രാസ കീടനാശിനികളോ വളങ്ങളോ ഉപയോഗിയ്ക്കുന്നത് ഘാനി ഉപേക്ഷിച്ചു. അന്ന് മുതൽ അദ്ദേഹം നാടൻ അരി കൃഷി ചെയ്യാനും തുടങ്ങി. “ഞാന്‍ എന്‍റെ അച്ഛനെയും മറ്റു മുതിർന്നവരെയും അവര്‍ കൃഷിയിടങ്ങളിലേക്ക് പോകുമ്പോള്‍ അനുഗമിക്കാറുണ്ടായിരുന്നു. അവര്‍  കൃഷി ചെയ്തിരുന്ന പല വിളകള്‍ക്കിടയില്‍ നാടൻ നെല്ല് താരതമ്യേന കുറവായിരുന്നു,” അദ്ദേഹം ഓർക്കുന്നു.

കർണാടകത്തിലെ മാണ്ട്യ ജില്ലയിലെ കിരുഗവാളു ഗ്രാമത്തില്‍ നിന്നുള്ള 42-കാരനായ കൃഷിക്കാരനായ ഇദ്ദേഹത്തിന്‍റെ കണക്കു പ്രകാരം മാണ്ട്യയിലെ 79961 ഹെക്ടർ നെൽകൃഷിയിൽ പത്തുപേരില്‍ താഴെയേ നാടന്‍ ഇനങ്ങള്‍ ജൈവകൃഷി ചെയ്യുന്നുള്ളൂ. "നാടൻ നെല്ലുകള്‍ വിളയാൻ എടുക്കുന്ന കൂടിയ സമയവും, (ചിലപ്പോള്‍) കാത്തിരിപ്പിന് ശേഷം ലഭിയ്ക്കുന്ന കുറഞ്ഞ വിളവും കാരണം ഇവയുടെ പ്രാധാന്യം ഇന്ന് നഷ്ടപ്പെട്ടിരിയ്ക്കുന്നു. യഥാര്‍ത്ഥ വിളകളേക്കാൾ കൂടുതൽ കളകളായിരിയ്ക്കും കൃഷിയിടങ്ങളിൽ കാണുക," അദ്ദേഹം കൂട്ടിച്ചേർത്തു.

Ghani working in field
PHOTO • Manjula Masthikatte

പത്തിൽ താഴെ കർഷകര്‍ മാത്രമെ മാണ്ട്യയിൽ നാടൻ ഇനങ്ങള്‍ ഉപയോഗിച്ച് ജൈവകൃഷി ചെയ്യുന്നുള്ളൂ  എന്ന് കിരുഗവാളു ഗ്രാമത്തിലെ സയ്യദ്  ഘാനി ഖാൻ കണക്കെടുത്തുകൊണ്ട് പറയുന്നു

കുറഞ്ഞ കാലയളവില്‍ സ്‌ഥിരമായി ഉയർന്ന വിളവ് കിട്ടുമെന്നതാണ് കൃഷിക്കാരെ സങ്കരയിനം നെൽകൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്. ചിലപ്പോഴോക്കെ കുറച്ചു കാലത്തേയ്ക്ക് അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഇങ്ങനെ പലപ്പോഴും സംഭവിച്ചിട്ടുള്ളത് രാസവളങ്ങളും കീടനാശിനികളും വെള്ളവും കൂടുതലായി ഉപയോഗിച്ചതുകൊണ്ടാണെന്ന് നാടന്‍ ഇനങ്ങള്‍ ഉപയോഗിയ്ക്കുന്നവര്‍ പറയുന്നു. വിളവു കുറഞ്ഞിട്ടുപോലും ചിലവു കൂടിക്കൊണ്ടിരിയ്ക്കുകയും ആരോഗ്യ, കാര്‍ഷിക-ധനകാര്യ മേഖലകളിലെ പാര്‍ശ്വഫലങ്ങള്‍ കൂടുകയുമാണ് ചെയ്തിട്ടുള്ളത്‌.

നാടൻ നെൽവിത്തുകൾ പതുക്കെ അപ്രത്യക്ഷമാകുന്നത് ശ്രദ്ധിച്ച ഘാനി 1996  മുതൽ വിവിധയിനം നാടന്‍ വിത്തുകൾ ശേഖരിക്കാനും സൂക്ഷിക്കാനും തുടങ്ങി. അദ്ദേഹം ആദ്യം ശേഖരിച്ചത് നാല്‍പ്പതു തരം വിത്തുകള്‍ ആണ്. വിത്തുകൾ ശേഖരിക്കാനുള്ള അദ്ദേഹത്തിന്‍റെ താല്പര്യം കാലക്രമേണ വര്‍ദ്ധിച്ചതിനാൽ ഇന്ത്യയിൽ എല്ലായിടങ്ങളിൽ നിന്നുമായി ശേഖരിച്ച 700-ൽ അധികം നാടൻ വിത്തിനങ്ങൾ ഇന്ന് ഇദ്ദേഹത്തിന്‍റെ ശേഖരത്തിൽ ഉണ്ട്. ഇങ്ങനൊരു വിത്തുകൂട്ടം സംഭരിയ്ക്കുന്നതിനായി ഛത്തീസ്ഗഢ്, കേരളം, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, തമിഴ് നാട്, പശ്ചിമ ബംഗാൾ എന്ന് തുടങ്ങി പല സംസ്‌ഥാനങ്ങളിലെയും കർഷകരുമായി ഘാനി കൈമാറ്റ കച്ചവടം നടത്തിപ്പോരുന്നു.

തന്‍റെ ഭാര്യയും മൂന്നു കുട്ടികളും സഹോദരന്‍റെ കുടുംബവും ഒരുമിച്ചു കഴിയുന്ന ‘ബഡാ ബാഗ്’ (വലിയ പൂന്തോട്ടം) എന്നു വിളിക്കുന്ന വീട്ടിലേക്കു കാലെടുത്തുവക്കുമ്പോൾ തന്നെ വിത്തുശേഖരിയ്ക്കാനുള്ള അദ്ദേഹത്തിന്‍റെ താല്പര്യം വ്യക്തമാകുന്നു. ചുമരിനോട് ചേർന്ന് വരിയായി വൃത്തിയായി അടുക്കിയിട്ടുള്ള ഗ്ലാസ് കുപ്പികളിൽ പലതരം നെൽവിത്തുകളും നെൽപൂവുകളും (ധാന്യക്കതിര്‍) കാണാം. അതോടൊപ്പം താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്കും, സംസ്‌ഥാനത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ക്കും, ‘ബഡാ ബാഗി’ല്‍ വരുന്ന മറ്റുള്ളവർക്കും വേണ്ടി ഓരോ ഇനത്തെക്കുറിച്ചുള്ള വിവരണങ്ങളും എഴുതിവച്ചിരിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ നെൽ വൈവിധ്യത്തിലൂടെയുള്ള യാത്രാനുഭവം പോലുള്ള ഒന്നാണിത്.

"നെൽ വില്പനയിൽ നിന്നുള്ള ലാഭത്തേക്കാൾ വിവിധ തരം വിത്തുകളുടെ സംരക്ഷണത്തിനാണ് എന്‍റെ ജോലിയില്‍ ഞാൻ പ്രാധാന്യം നൽകുന്നത്", ഘാനി പറയുന്നു. തുച്ഛമായ വിലക്ക് ഇദ്ദേഹം ഈ വിത്തുകൾ മറ്റു ജൈവകര്‍ഷകര്‍ക്കും കൊടുക്കുന്നുണ്ട്.

Ghani preserves desi paddy in glass bottle, along with the paddy name label outside
PHOTO • Manjula Masthikatte
Desi paddy ready to harvest in Ghani field
PHOTO • Manjula Masthikatte

ഘാനി 1996-ൽ പലയിനം നടൻ നെൽവിത്തുകൾ ശേഖരിക്കാൻ തുടങ്ങിയതാണ്‌. ഇന്ന് ഇന്‍ഡ്യയുടെ എല്ലാ ഭാഗത്തു നിന്നുമായി ശേഖരിച്ച 700-ൽ പരം ഇനങ്ങളുടെ ഒരു ശേഖരം അദ്ദേഹത്തിനുണ്ട്

ഒരേക്കർ ഭൂമിയിൽ നെൽകൃഷി ചെയ്യാൻ ഏകദേശം എണ്ണായിരം മുതൽ പതിനായിരം രൂപ വരെ ചിലവ് വരുമെന്ന് ഇദ്ദേഹം പറയുന്നു. സങ്കരയിനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിളവു കുറവാണെങ്കില്‍ പോലും നാടന്‍ ഇനത്തില്‍നിന്നും ഒരു കര്‍ഷകന് നഷ്ടം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. ജൈവ കൃഷിയിലൂടെ വളർത്തിയ നെല്ലിന് രാസ കീടനാശിനികള്‍ ഉപയോഗിച്ചു കൃഷി ചെയ്ത ഇനങ്ങളേക്കാള്‍ 20-40 ശതമാനം വരെ കൂടിയ വില വിപണിയില്‍ ലഭിക്കും”, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നാടൻ നെല്ലിന് ഔഷധ ഗുണങ്ങളുണ്ടെന്നും ഘാനി പറയുന്നു. ഉദാഹരണത്തിന്, ‘ഞവര’ എന്നയിനം സന്ധിവേദനയ്ക്കും വാതത്തിനും, ‘കരിഗിജിവിളി അമ്ബെമോഹർ’ എന്ന ഇനം അമ്മമാർക്ക് മുലപ്പാൽ വർധിപ്പിക്കുന്നതിനും നല്ലതാണത്രെ. ‘സന്നാക്കി’ എന്നയിനം അരി കുട്ടികളിലെ വയറിളക്കം മാറ്റുന്നതിനും ‘മഹാദി’ കന്നുകാലികളുടെ അസ്ഥിപൊട്ടലിനുള്ള ചികിത്സയ്ക്കായും ഉപയോഗിക്കാവുന്നതാണ്.

തമിഴ് നാട്ടിൽ ‘മാപ്പിളൈ സാമ്പ’ എന്ന ഒരിനം അരി നവവരന്മാര്‍ക്ക് ശക്തി വർദ്ധിപ്പിയ്ക്കുന്നതിനായി കൊടുക്കാറുണ്ടെന്ന്  ഘാനി പറയുന്നു. വരൻ ശക്തി തെളിയിയ്ക്കുന്നതിനായി വലിയ പാറക്കഷണം എടുത്തുയര്‍ത്തുന്ന ഒരു പരിപാടി പരമ്പരാഗതമായി സംസ്‌ഥാനത്തെ ചിലയിടങ്ങളിൽ നിലവിലുണ്ട്. ഈ അരി അവര്‍ക്ക് ഇത്തരം അഭ്യാസം കാണിയ്ക്കുന്നതിനുള്ള  ശക്തി നല്‍കുന്നു.

ഈ പറഞ്ഞ വിവരങ്ങളിൽ ചിലതൊക്കെ - നെല്ല് എവിടെ വളരുന്നു എന്നത്, സ്വാദിന്‍റെ പ്രത്യേകതകൾ, അവയുടെ ഔഷധഗുണങ്ങൾ - ഘാനിയുടെ വീടിന്‍റെ ചുമരിൽ ഓരോ സാമ്പിളിനും താഴെയായി എഴുതിവച്ചിട്ടുണ്ട്. "നാടൻ ഇനങ്ങൾക്ക് അവയുടേതായ സവിശേഷതകളും പ്രത്യേക ഗുണങ്ങളുമുണ്ട്. ഇവയുടെ വലിപ്പവും, ആകൃതിയും, നിറവും പലതായിരിക്കും", അദ്ദേഹം പറയുന്നു.

Desi paddy varieties and their names
PHOTO • Manjula Masthikatte
Ghani explains the variety of desi paddy seeds and their uses
PHOTO • Manjula Masthikatte

ഘാനിയുടെ വീട് ഇന്ത്യയുടെ സമ്പന്നമായ നെൽ വൈവിധ്യത്തിലൂടെയുള്ള ഒരു യാത്ര പോലെയാണ് – വിത്തുകള്‍ കുപ്പികളിലും നെൽപൂവുകള്‍ അല്ലാതെയുമായി സന്ദർശകർക്കായുള്ള വിശദവിവരങ്ങളോടൊപ്പം വൃത്തിയായി ലേബൽ ചെയ്തു വച്ചിരിക്കുന്നു

തന്‍റെ അച്ഛനിൽ നിന്ന്  ഘാനിക്കു പാരമ്പര്യമായി ലഭിച്ച ‘ബഡാ ബാഗ്’ മാണ്ട്യയില്‍ 16 ഏക്കർ കൃഷിഭൂമിയിലാണ് നില കൊള്ളുന്നത്. ഇവിടെ ഈ കുടുംബം നെല്ലും, മാവും, പച്ചക്കറികളും കൃഷി ചെയ്യുന്നതോടൊപ്പം കന്നുകാലികളെ വളർത്തുകയും ചെയ്യുന്നു. ഘാനിയുടെ 36-കാരിയായ ഭാര്യ സെയ്യ്ദ ഫിർദോസ് അദ്ദേഹത്തെ നാടൻ നെല്‍വിത്തുകള്‍ സംരക്ഷിയ്ക്കുന്നതിനുള്ള യത്നത്തിൽ സഹായിക്കുന്നു. ഇവർ ഇത് കൂടാതെ കൃഷിയിൽ നിന്നുള്ള പാഴ് വസ്തുക്കൾ ഉപയോഗിച്ച് ചുവരലങ്കാരങ്ങളും ആഭരണങ്ങളും ഉണ്ടാക്കി അടുത്തുള്ള കടകളിലോ സന്ദര്‍ശകര്‍ക്കോ ചെറിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു.

വിത്ത് സംരക്ഷണ കേന്ദ്രമെന്നതിനു പുറമെ ഇവരുടെ വീട് നെല്ലിനങ്ങളുടെ അദ്ഭുതങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്കും സന്ദർശകർക്കും വേണ്ടി അനൗപചാരിക പ്രദര്‍ശനങ്ങള്‍ നടത്തുന്നത്തിനുള്ള ഒരു ക്ലാസ് മുറി കൂടിയാണ്. ഘാനി നേടിയെടുത്ത അറിവ് അദ്ദേഹത്തിന്  ‘കൃഷി ശാസ്ത്രജ്ഞൻ’ എന്ന യശസ്സ് നേടിക്കൊടുത്തിട്ടുണ്ട്. ഇന്ന് അദ്ദേഹം കൃഷി സംബന്ധമായ കാര്യങ്ങളിൽ വിദഗ്ദ്ധോപദേശങ്ങളും നൽകി വരുന്നു. പല സിറ്റികളിലായി പല സ്ക്കൂളുകളിലും, കോളേജുകളിലും, കൃഷി ശാസ്ത്ര കേന്ദ്രങ്ങളിലും, മറ്റു ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സ്വാഭാവിക കൃഷിരീതികളെക്കുറിച്ചും വിത്ത് സംരക്ഷണത്തെക്കുറിച്ചും അദ്ദേഹം സംസാരിയ്ക്കുന്നു.

ഈ പരിശ്രമങ്ങൾക്കെല്ലാം ശേഷവും ചില അവാർഡുകൾ ലഭിച്ചു എന്നല്ലാതെ സർക്കാരിൽ നിന്ന് കാര്യമായ സഹായങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. 2007-ൽ മാണ്ട്യയിലെ ഒരു സ്‌ഥാപനം നൂതനമായ കൃഷിരീതികളുടെ പേരില്‍ അദ്ദേഹത്തിന് ‘അറസമ മെൻസെഗൗഡ അവാർഡ്' കൊടുക്കുകയുണ്ടായി. 2008-09-ലെ ‘കൃഷി പണ്ഡിത’ അവാർഡും (25000 രൂപയുൾപ്പെടെ) 2010-ലെ ‘ജീവവൈവിധ്യ’ അവാർഡുമാണ് (10000 രൂപയുൾപ്പെടെ) അദ്ദേഹത്തിന് ലഭിച്ച മറ്റു ബഹുമതികൾ.

"നാടൻ വിത്തുകൾ സംരക്ഷിക്കപ്പെടേണ്ടതും തുടര്‍ന്ന് ജനങ്ങളിലേയ്ക്കെത്തേണ്ടതുമാണ്", അദ്ദേഹം അഭിപ്രായപ്പെടുന്നു. "നമ്മുടെ പക്കലുള്ള വിവിധയിനം നെല്ലുകളെ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു കൊണ്ട് നമുക്കാരംഭിക്കാം".

പരിഭാഷ: പി. എസ്‌. സൗമ്യ
Manjula Masthikatte

Manjula Masthikatte is a 2019 PARI fellow based in Bengaluru. She was previously a news presenter at various Kannada news channels.

Other stories by Manjula Masthikatte
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

Other stories by P. S. Saumia