ഒരു ഓടക്കുഴലിന്‍റെ നാദം വഴിയോരത്തെ ധാബയിലുണ്ടായിരുന്ന കർഷകരുടെ കൂട്ടത്തിന്‍റെ ശ്രദ്ധ തിരിച്ചു. നാസിക് സിറ്റിയിൽ നിന്നും ഏകദേശം 65 കിലോമീറ്റർ ദൂരെ ചാന്ദ്‌വാഡ് പട്ടണത്തില്‍ ഡിസംബർ 22-നു ആ തണുപ്പുള്ള വെളുപ്പാൻകാലത്തു ചായയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു അവർ. പലരും പകുതി ഉറക്കത്തിലായിരുന്നു, ചിലർ തിരക്കിട്ട് പ്രഭാത ഭക്ഷണമായ മിസൽ പാവ് കഴിച്ചുകൊണ്ടിരുന്നു. എന്നാൽ കോൽഹാപ്പൂർ  ജില്ലയിലെ ജാംഭാലി ഗ്രാമത്തിൽ നിന്നുള്ള  73-കാരനായ കർഷകന്‍ നാരായൺ ഗെയ്ക്‌വാദാകട്ടെ ഓടക്കുഴൽ വായിച്ചു കൊണ്ടിരുന്നു. വീട്ടിൽ നിന്നും 500 കിലോമീറ്റർ അകലെയായിരുന്നിട്ടും തന്‍റെ പ്രഭാതചര്യ അനുഷ്‌ഠിക്കുകയായിരുന്നു അദ്ദേഹം. "ഡൽഹിയിലെ സമരം പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരിൽ മാത്രം ഒതുങ്ങുന്നു എന്നാണ് ആൾക്കാർ പറയുന്നത്," അദ്ദേഹം പറഞ്ഞു. "ഇതൊരു ദേശീയ പ്രശ്നമാണെന്ന് ചൂണ്ടിക്കാണിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."

നാസികിൽ നിന്നും ഡിസംബർ 21-നു ഡൽഹിയിലേക്ക് പുറപ്പെട്ട വാഹനജാഥയിലെ 2000 കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സാമൂഹ്യപ്രവർത്തകരുടെയും കൂട്ടത്തിലൊരാളായിരുന്നു ഗെയ്ക്‌വാദ്. പക്ഷെ അദ്ദേഹത്തിന്‍റെ യാത്ര അതിനും ഒരു ദിവസം മുൻപ് തുടങ്ങി. "ഞങ്ങൾ ഏഴുപേർ ഒരു ടെമ്പോയിൽ 20-നു രാത്രി നാസികിൽ എത്തി. ഏകദേശം 13 മണിക്കൂറോളമെടുത്തു ആ യാത്ര," അദ്ദേഹം പറഞ്ഞു. "റോഡ് യാത്ര പ്രായം കൂടും തോറും ബുദ്ധിമുട്ടായി വരികയാണ്. എന്നാലും ഞാൻ വരാൻ തീരുമാനിച്ചത് ഭഗത് സിംഗിന്‍റെ ഇന്ത്യയെക്കുറിച്ചുള്ള ആശയത്തിൽ ഞാൻ വിശ്വസിക്കുന്നത് കൊണ്ടാണ്. കർഷകരുടെ പ്രശ്നങ്ങൾ ഒരു വിപ്ലവത്തിലൂടെയല്ലാതെ അവസാനിക്കില്ല."

ലക്ഷക്കണക്കിനു കർഷകർ, കൂടുതലും പഞ്ചാബിലും ഹരിയാനയിലും നിന്നുള്ളവർ, പോലീസിന്‍റെ കണ്ണീര്‍ വാതകവും, ലാത്തി ചാര്‍ജ്ജും, കൊടും തണുപ്പും, മഴയും നേരിട്ട് ഡൽഹി അതിർത്തികളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തിവരുന്നു. ഇവർ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത് മൂന്നു കാർഷിക നിയമങ്ങൾക്കെതിരെയാണ്. ഇവ കേന്ദ്ര സർക്കാർ 2020 ജൂണ്‍ അഞ്ചിന് ആദ്യം ഓർഡിനൻസുകളാക്കി പാസ്സാക്കുകയും, പിന്നീട് കാർഷികബില്ലുകളായി സെപ്തംബർ പതിനാലിനു പാർലമെന്‍റിൽ അവതരിപ്പിക്കുകയും, അതേ മാസം ഇരുപതിനു തന്നെ ധൃതി പിടിച്ചു നിയമങ്ങള്‍ ആക്കുകയുമായിരുന്നു.

താഴെപ്പറയുന്നവയാണ് നിയമങ്ങള്‍: കാര്‍ഷിക വിള വിപണനവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച നിയമം, 2020 ; വില ഉറപ്പാക്കുന്നതും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ നിയമം, 2020 ; അവശ്യ  സാധന (ഭേദഗതി) നിയമം, 2020 എന്നിവയാണ് പാസാക്കിയ പുതിയ നിയമങ്ങൾ. ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം വകുപ്പിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് പൗരന്മാരുടെ നിയമപരമായ സഹായം തേടാനുള്ള അവകാശം അസാധുവാക്കുന്നതിനാല്‍ എല്ലാ ഭാരതീയരെയും ബാധിക്കുന്നവയാണ് ഈ നിയമങ്ങൾ എന്നതരത്തിലും വിമര്‍ശനമുണ്ട്.

Left: Narayan Gaikwad came from Kolhapur to join the march. Right: Kalebai More joined the jatha in Umarane
PHOTO • Shraddha Agarwal
Left: Narayan Gaikwad came from Kolhapur to join the march. Right: Kalebai More joined the jatha in Umarane
PHOTO • Parth M.N.

ഇടത് : കോൽഹാപൂരിൽ നിന്ന് മാർച്ചിൽ പങ്കെടുക്കാനെത്തിയ നാരായൺ ഗെയ്ക്‌വാദ്. വലത്: ഉമറാണെയിൽ നിന്ന് ജാഥയിൽ ചേർന്ന കലേബായ് മോറെ.

ആൾ ഇന്ത്യ കിസാൻ സഭയുടെ (എ.ഐ.കെ.എസ്.) നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ ഇരുപതോളം ജില്ലകളിൽ നിന്നുള്ള കർഷകർ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാൻ വേണ്ടി തങ്ങളുടെ ഉത്തരേന്ത്യൻ സഹകര്‍ഷകരോടൊപ്പം ചേരാൻ തീരുമാനിച്ചു.

ഡിസംബർ 21-ന് ഉച്ചയ്ക്ക് - എ.ഐ.കെ.എസ്. നേതാക്കൾ നാസികിലെ ഗോൾഫ് ക്ലബ് മൈതാനത്തു കൂടിച്ചേർന്ന കർഷകർക്കു മുൻപാകെ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ - ഏകദേശം 50  ട്രക്കുകളും, ടെമ്പോകളും, മറ്റു നാല്‍ചക്ര വാഹനങ്ങളും ചേർന്ന ഒരു സംഘം രൂപം കൊണ്ടു. അധികം വൈകാതെ തന്നെ ആ ജാഥ 1400 കിലോമീറ്റർ ദൂരം വരുന്ന യാത്ര ആരംഭിച്ചു. ചാന്ദ്‌വാഡില്‍ ആണ് അവര്‍ ആദ്യം നിര്‍ത്തിയത്. അവർ അവിടെയൊരു സെക്കന്‍ററി സ്കൂളിൽ രാത്രി തങ്ങി. തണുപ്പകറ്റാൻ തീ കൂട്ടി അവർ അത്താഴത്തിന് ഖിച്ച്ഡി കഴിച്ചു. എന്നിട്ട് സ്വെറ്ററുകളും പുതപ്പുകളും പുതച്ച് ഉറങ്ങാൻ കിടന്നു.

ഗെയ്ക്‌വാദ് നാലു ഷോളുകൾ യാത്രയ്ക്കായി കൂടെ കൊണ്ടുവന്നിട്ടുണ്ട്. "ഞങ്ങൾ ജീപ്പിലാണ് സഞ്ചരിക്കുന്നത്, അതിൽ കാറ്റടിക്കും," അദ്ദേഹം രാവിലെ ഉപ്പുമാവു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പറഞ്ഞു. ചാന്ദ്‌വാഡിൽ നിന്നും 20 കിലോമീറ്റർ അകലെ, പ്രഭാത ഭക്ഷണത്തിനായി ജാഥ നിർത്തിയ, ദിയോള താലൂക്കിലെ ഉമറാണെ ഗ്രാമത്തിലായിരുന്നു ഞങ്ങൾ.

ഗ്രാമത്തിൽ ഗെയ്ക്‌വാദിന് മൂന്നേക്കർ നിലമുണ്ട്. അവിടെ അദ്ദേഹം കരിമ്പ് കൃഷി ചെയ്യുന്നു. അദ്ദേഹത്തിനു രണ്ട്  എരുമകളും മൂന്നു പശുക്കളും കൂടിയുണ്ട്. "കാർഷിക ബില്ലുകളിൽ ഒന്ന് കാർഷിക ഉത്പന്ന വിപണന സമിതികളെ (എ.പി‌.എം‌.സി.) അനാവശ്യമാക്കുന്നു. സര്‍ക്കാര്‍ പറയുന്നത് കൂടുതൽ സ്വകാര്യ സ്‌ഥാപനങ്ങളെ കൊണ്ടുവരുമെന്നാണ്. ക്ഷീരമേഖലയിൽ ഇപ്പോൾ തന്നെ ഒരുപാടു സ്വകാര്യ സ്‌ഥാപനങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് കാര്യമായി ലാഭമൊന്നും കിട്ടുന്നില്ല. സ്വകാര്യ കമ്പനികൾക്ക് സ്വന്തം ലാഭത്തിൽ മാത്രമാണ് താല്പര്യം," അദ്ദേഹം പറഞ്ഞു.

ഗെയ്ക്‌വാദ് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ 65-കാരിയായ കർഷകത്തൊഴിലാളി കാലേബായ് മോറെ ഒരു ഇരിപ്പിടത്തിനായി അത്യാവശ്യമായി പരതുകയായിരുന്നു. ഉംറാണെയിൽ നിന്ന് ജാഥയിൽ ചേർന്നതാണിവർ. "എല്ലാ ടെമ്പോകളും തിങ്ങി നിറഞ്ഞിരിക്കുന്നു," ആധിയോടെ അവർ പറഞ്ഞു. "എനിക്കുവേണ്ടി വേറെ വാഹനം വിളിക്കാൻ അവർക്കാവില്ല. ഞാൻ ഡൽഹിയിൽ പോകാൻ ഒരുപാട് ആഗ്രഹിക്കുന്നു."

Top left: Left: The vehicles assembled at Golf Club Ground in Nashik. Top right: Farmers travelled in open-back tempos in the cold weather. Bottom: The group had dinner in Chandvad. They lit bonfires to keep themselves warm at night
PHOTO • Parth M.N.

മുകളിൽ ഇടത് : വാഹനങ്ങൾ നാസികിലെ ഗോൾഫ് ക്ലബ് ഗ്രൗണ്ടിൽ ഒത്തുകൂടിയിരിക്കുന്നു. മുകളിൽ വലത്: തണുത്ത കാലാവസ്ഥയില്‍ കർഷകർ പുറകുവശം തുറന്ന ടെമ്പോകളിൽ യാത്ര ചെയ്യുന്നു. താഴെ: സംഘം ചന്ദ്‌വാഡിൽ അത്താഴം കഴിക്കുന്നു. അവർ രാത്രിയിൽ തീകൂട്ടി തണുപ്പകറ്റുന്നു.

നാസികിലെ ദിണ്ടോറി താലൂക്കിലെ ശിന്ദ്വാട് ഗ്രാമത്തിൽ നിന്നാണ് കാലേബായ്. പിങ്ക് നിറത്തിലുള്ള പ്രിന്‍റഡ് സാരി ചുറ്റിയ ഇവർ അങ്ങോട്ടുമിങ്ങോട്ടും നടന്ന് വണ്ടികൾക്കുള്ളിൽ ഇടമുണ്ടോ എന്ന് നോക്കികൊണ്ടിരുന്നു. അവര്‍ ഡ്രൈവർമാരോട് സീറ്റിനു വേണ്ടി വാദിക്കുകയും, കെഞ്ചുകയും, ചിലപ്പോഴൊക്കെ കരഞ്ഞു വിളിച്ചു ചോദിക്കുകയും ചെയ്തു. അവസാനം ആരോ ഒരാൾ ടെമ്പോയിൽ ഇവർക്ക് ഇടമുണ്ടാക്കി. അവരുടെ മുഖത്തെ ദേഷ്യം മാറി ആശ്വാസം പ്രകടമായി. സാരിയൊതുക്കി അവർ വണ്ടിയിലേക്ക് കയറി. ഉടനെ തന്നെ അവരുടെ മുഖത്ത് കുട്ടിത്തം നിറഞ്ഞ ഒരു പുഞ്ചിരി വിടര്‍ന്നു.

"ദിവസം 200 രൂപ കൂലിയുള്ള ഒരു കര്‍ഷകത്തൊഴിലാളിയാണ് ഞാൻ," അവരെന്നോട് പറഞ്ഞു. "ഈ സമരത്തിൽ പങ്കെടുക്കാൻ ആ കൂലി വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറാണ്." വിളവിൽ നിന്ന് കർഷകർക്ക് വരുമാനം ലഭിക്കാതെ വരുമ്പോൾ അതു തനിക്കും ബുദ്ധിമുട്ടാവുമെന്ന് തൊഴിലിനായി കൃഷിക്കാരെ ആശ്രയിക്കുന്ന കലേബായ് പറഞ്ഞു. "പണമുണ്ടാക്കാൻ കഴിയാതെ വരുമ്പോൾ അവർ എന്നെപോലുള്ള തൊഴിലാളികളെ പണിക്കെടുക്കില്ല," അവർ പറഞ്ഞു. "വൈദ്യുതി ബില്ല് വർദ്ധനവ് മൂലം ഉത്പാദനച്ചെലവ് കൂടുമ്പോള്‍ എനിക്കും ജോലി കുറയുന്നു."

കോലി മഹാദേവ് ആദിവാസി സമുദായത്തിലെ അംഗമാണ് കലേബായ്. ശിന്ദ്വാടില്‍ വനം വകുപ്പിന്‍റെ കീഴിലുള്ള രണ്ടേക്കർ ഭൂമിയിൽ ഇവർ ഉപജീവന കൃഷി നടത്തിവരുന്നു. നാസികിലെ  ആദിവാസി പ്രദേശത്തെ ഇവരെപോലുള്ള കർഷകർ കാലങ്ങളായി തങ്ങളുടെ ഭൂഅവകാശങ്ങൾക്കായി കാര്യമായ ഫലങ്ങളൊന്നുമില്ലാതെ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള വനവാസികളായ ആദിവാസികൾക്ക് വൻകിട കോർപ്പറേറ്റുകളിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജാഥയോടൊപ്പമുണ്ടായിരുന്ന  എ.ഐ.കെ.എസ്.ന്‍റെ പ്രസിഡന്‍റായ  അശോക് ധാവളെ പറഞ്ഞു. "ഈ മൂന്നു ബില്ലുകൾ കൂടുതൽ കോർപ്പറേറ്റുവത്കരണത്തിന് വഴിയൊരുക്കും. അതാണ് ആദിവാസികൾ ചെറുക്കാനാഗ്രഹിക്കുന്നത്," അദ്ദേഹം പറഞ്ഞു. "ജാഥയിൽ ഇത്രയധികം ആദിവാസികളുണ്ടാകാനുള്ള ഒരു കാരണം അതാണ്."

The farmers rested near the gurudwara in Kota after a meal
PHOTO • Parth M.N.

കോട്ടയിലെ ഗുരുദ്വാരയ്ക്കരികിൽ കർഷകർ ഭക്ഷണശേഷം വിശ്രമിക്കുന്നു .

ഡിസംബർ 22-ന്  ജാഥ 150 കിലോമീറ്റർ സഞ്ചരിച്ചു മദ്ധ്യപ്രദേശ് അതിർത്തിയിൽനിന്നും 40 കിലോമീറ്റർ മാറി ധുലെ ജില്ലയിലെ ഷിർപുർ പട്ടണത്തിൽ തങ്ങി. യാത്രയും ദിവസവും കടന്നുപോകുന്നതനുസരിച്ച് അവർ കട്ടി കൂടിയ കമ്പിളിയുടുപ്പുകൾ പുറത്തെടുത്തു. തുളച്ചു കയറുന്ന തണുപ്പിനു ശക്തി കൂടിയപ്പോൾ കൂട്ടത്തിൽ ചിലർ മടങ്ങാൻ തീരുമാനിച്ചു. ഗെയ്ക്‌വാദിന് നടുവേദന തുടങ്ങിയിരുന്നു. "ഡൽഹി വരെ എത്താൻ എനിക്ക് കഴിയില്ല," പിറ്റേന്ന് രാവിലെ അദ്ദേഹം എന്നോട് പറഞ്ഞു. മറ്റുചിലർ 2-3 ദിവസത്തിൽ കൂടുതൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്തതിനാൽ മടങ്ങി.

ജാഥയുടെ മൂന്നാം ദിവസമായ ഡിസംബർ 23-ന് ഏകദേശം 1000 പേര്‍ ഡൽഹിയിലേക്കുള്ള യാത്ര തുടർന്നു.

ആ നീണ്ട യാത്രയിൽ കടന്നു പോയ നഗരങ്ങളിലും പട്ടണങ്ങളിലും ജാഥയ്ക്കു സ്വീകരണം ലഭിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എ.ഐ.കെ.എസ്. ആണ് വാഹനയാത്ര സംഘടിപ്പിച്ചതെങ്കിലും ശിവസേനയും കോൺഗ്രസും ഉൾപ്പെടെ മറ്റു രാഷ്ട്രീയ കക്ഷികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാമൂഹ്യ പ്രവർത്തകരും ജാഥ സന്ദർശിച്ചു.

മദ്ധ്യപ്രദേശിലെ ബർവാനി ജില്ലയിലെ സേന്ധ്വയിൽ പ്രവര്‍ത്തക മേധാ പട്കർ കർഷകരെ സ്വീകരിച്ചു. കേന്ദ്രസർക്കാരിനെ വിമർശിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴക്കി കുറച്ച് ദൂരം അവർ ജാഥ നയിച്ചു.

എന്നാൽ മദ്ധ്യപ്രദേശിലെ സ്വീകരണങ്ങൾ കരുതിയതിലും കൂടുതൽ നേരം നീണ്ടുനിന്നു. ആ രാത്രിയിൽ എത്തേണ്ടിയിരുന്ന രാജസ്ഥാനിലെ കോട്ടയിൽ നിന്ന് 320 കിലോമീറ്റർ അകലെ ഇൻഡോറിന്‍റെ പ്രാന്തപ്രദേശത്തു മാത്രമാണ് രാത്രി 10 മണിയോടെ ജാഥ എത്തിച്ചേർന്നത്.

വളരെയധികം ആലോചനകൾക്കു ശേഷം രാജസ്ഥാനിലേക്ക് തുടരാൻ സംഘം തീരുമാനിച്ചു. തണുത്ത രാത്രിയിലൂടെ സഞ്ചരിച്ച ആ വാഹനങ്ങൾ ഡിസംബർ 24 ന് രാവിലെ 7 മണിക്ക് കോട്ടയിലെത്തിച്ചേർന്നു.

എന്നാൽ പുറകുവശം തുറന്ന ടെമ്പോകളിൽ ഇരുന്ന കർഷകർക്ക് രാത്രി മുഴുവൻ കോച്ചുന്ന തണുപ്പുള്ള കാറ്റേൽക്കേണ്ടിവന്നു. മൂന്നു പാളി വസ്ത്രങ്ങളിട്ടിട്ടും തണുത്തു മരവിക്കുകയായിരുന്നുവെന്ന്  അഹ്മദ്‌നഗർ ജില്ലയിലെ ശിന്ദോഡി ഗ്രാമത്തിൽ നിന്നുള്ള മഥുര ബാർഡെ (57) പറഞ്ഞു. "കൂടുതൽ വസ്ത്രങ്ങൾ ധരിക്കാൻ എന്‍റെ കയ്യിൽ ഉണ്ടായിരുന്നില്ല. ഞാൻ ചെവി മൂടി എങ്ങനൊക്കെയോ രാത്രി കഴിച്ചുകൂട്ടി," രാവിലെ ഒരു ഗുരുദ്വാരയിലെ ലങ്കറിൽ (സാമൂഹ്യ അടുക്കള) ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവർ പറഞ്ഞു. സിഖ് സമൂഹം അവരെ സ്വീകരിക്കുകയും അവർക്കു റൊട്ടി, ചനാ പരിപ്പ്, ഖിച്ഡി എന്നിവ വിളമ്പുകയും ചെയ്‌തു. ക്ഷീണിതരായ ആ യാത്രക്കാർ വെയിൽ കാഞ്ഞു കൊണ്ട് ഗുരുദ്വാരയ്ക്കരികിൽ വിശ്രമിച്ചു.

Left: Farm leaders walked up to the barricades upon arriving in Shahjahanpur. Right: A policeman quickly takes a photo
PHOTO • Parth M.N.
Left: Farm leaders walked up to the barricades upon arriving in Shahjahanpur. Right: A policeman quickly takes a photo
PHOTO • Parth M.N.

ഇടത് : ശാഹ്ജഹാൻപൂരിലെത്തിയ കർഷകനേതാക്കൾ ബാരിക്കേഡുകൾ വരെ നടന്നു ചെല്ലുന്നു. വലത്: ധൃതിയിൽ ഫോട്ടോയെടുക്കുന്ന ഒരു പോലീസുകാരൻ.

ഡിസംബർ 24നു വാഹനജാഥ 250 കിലോമീറ്റർ സഞ്ചരിച്ചു ജയ്‌പ്പൂരിൽ രാത്രി തങ്ങി.

ഒടുവിൽ ഡിസംബർ 25-ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ജാഥ രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ശാഹ്ജഹാൻപൂരിലെത്തി. ജാഥയുടെ വരവോടെ അവിടത്തെ അന്തരീക്ഷം കൂടുതൽ ആവേശഭരിതമായി. മഹാരാഷ്ട്രയിൽ നിന്നുള്ള സംഘത്തെ സ്വീകരിച്ച കർഷകർ രണ്ടാഴ്ചയിലധികമായി  ദേശീയപാത 48 (എൻ.‌എച്ച്. 48) ൽ ധര്‍ണ്ണ നടത്തുകയായിരുന്നു.

കർഷകനേതാക്കൾ വാഹനങ്ങളിൽ നിന്ന് ഇറങ്ങി അവസാന കിലോമീറ്റർ, ഹരിയാന സർക്കാർ സ്ഥാപിച്ച ബാരിക്കേഡുകൾ വരെ, നടന്നു. ബാരിക്കേഡുകൾക്ക് പിന്നിലുള്ള ചില പോലീസുകാർ കർഷകരുടെ തന്നെ മക്കളാണ്, അവർ എന്നോട് പറഞ്ഞു. അവരിലൊരാൾ തന്‍റെ മൊബൈൽ ഫോൺ പുറത്തെടുത്ത് അടുത്തേക്കു നടന്നു വരുന്ന കർഷകരുടെ  ഫോട്ടോ ധൃതിയിൽ എടുത്തു ഫോൺ തിരികെ പോക്കറ്റിലേക്ക് വച്ചു.

ഉച്ച തിരിഞ്ഞു മുഴുവൻ സമയവും കർഷകനേതാക്കൾ പ്രതിഷേധ സ്‌ഥലത്തു പ്രസംഗിച്ചു. വൈകുന്നേരം തണുപ്പായപ്പോള്‍ മഹാരാഷ്ട്രയിലെ കർഷകരെ പാർപ്പിക്കാനായി  കൂടുതൽ കൂടാരങ്ങൾ എൻ‌എച്ച് 48-ൽ ഉയർത്തപ്പെട്ടു. ദൃഡനിശ്ചയവും ധൈര്യവും കൊണ്ട് അവർ ഡൽഹി വരെ എത്തിച്ചേർന്നു, എന്നാൽ അവരുടെ പോരാട്ടങ്ങൾ തുടങ്ങിയതേ ഉള്ളൂ.

കവർ ഫോട്ടോ: ശ്രദ്ധ അഗർവാൾ

പരിഭാഷ - പി എസ്‌ സൗമ്യ

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

Other stories by P. S. Saumia