22-ാം വയസ്സിൽ 3-4 വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ തളർത്തിയ മീനു സർദാർ 2021-ലെ ആ വേനലിലെ പ്രഭാതത്തിൽ വെള്ളം ശേഖരിക്കാനായി ഇറങ്ങുമ്പോൾ ഏറ്റവും മോശമായതെന്തോ വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പ് നൽകാൻ ഒന്നിനുമായില്ല. ദയാപൂർ ഗ്രാമത്തിലെ കുളത്തിലേക്ക് നയിക്കുന്ന പടവുകൾ പലയിടങ്ങളിലായി പൊളിഞ്ഞു കിടന്നിരുന്നു. മീനു പടികളിൽ നിന്നും മുഖമടിച്ച് താഴേക്ക് തെന്നിവീണു.

"എന്‍റെ നെഞ്ചത്തും വയറ്റിലും കടുത്ത വേദനയായിരുന്നു”, അവർ ബംഗാളി ഭാഷയിൽ ഓർമ്മിച്ചു പറഞ്ഞു. "ബാത്ത്റൂമിൽ പോയപ്പോൾ എന്‍റെ യോനിയിൽ നിന്നും രക്തസ്രാവമുണ്ടായി. എന്തോ തെന്നി വന്ന് തറയിൽ വീണു. മാംസം പോലെ എന്തോ ഒന്ന് പുറത്തു വരുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനത് പുറത്തേക്ക് വലിച്ചെടുക്കാൻ ശ്രമിച്ചു. പക്ഷെ എനിക്ക് മുഴുവനും വലിച്ചെടുക്കാനായില്ല.”

അടുത്തുള്ള ഒരു സ്വകാര്യ ക്ലിനിക് സന്ദർശിച്ചപ്പോൾ ഗർഭം അലസിയതാണെന്ന് സ്ഥിരീകരിച്ചു. ദുഃഖങ്ങൾക്കിടയിലും പുഞ്ചിരിക്കുന്ന, മെലിഞ്ഞ് ഉയരമുള്ള മീനുവിന് അതിൽപ്പിന്നെ ആർത്തവചക്രം ക്രമരഹിതമായിരുന്നു. ഒപ്പം കടുത്ത വേദനയും വൈകാരിക ബുദ്ധിമുട്ടുകളും.

പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പര്‍ഗന ജില്ലയിലെ ഗോസാബ ബ്ലോക്കിലെ അവരുടെ ഗ്രാമത്തിലെ ജനസംഖ്യ 5,000 ആണ്. സുന്ദർവനങ്ങളിൽ സമൃദ്ധമായി പരന്നു കിടക്കുന്ന നെൽപ്പാടങ്ങളോടും കണ്ടൽ വനങ്ങളോടും കൂടിയ ഈ ഗ്രാമം ഗോസാബയിലെ, റോഡുകളാൽ ബന്ധിപ്പിച്ചിരിക്കുന്ന, ഉൾഗ്രാമങ്ങളിലൊന്നാണ്.

വീഴ്ചയ്ക്കു ശേഷം ഒരുമാസത്തിലധികമായി ഒഴിവില്ലാതെ മീനുവിന് രക്തസ്രാവമായിരുന്നു. അതുകൊണ്ടും അവരുടെ കഷ്ടപ്പാടുകൾ അവസാനിച്ചില്ല. " ശാരീരിക് ശോമ്പോർക്കൊ എതോ ബതാ കോരെ [ലൈംഗിക ബന്ധം വളരെ വേദനാ ജനകമാണ്]”, അവർ പറഞ്ഞു. "ഞാൻ കീറിപ്പോകുന്നതു പോലെ തോന്നുകയാണ്. മലവിസർജ്ജനം നടത്തുമ്പോഴും ബലം പിടിക്കേണ്ടി വരുമ്പോഴും, അല്ലെങ്കിൽ ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോഴും ഗർഭപാത്രം താഴേക്കിറങ്ങി വരുന്നത് എനിക്കു മനസ്സിലാകും.”

Meenu Sardar was bleeding for over a month after a miscarriage
PHOTO • Ritayan Mukherjee

ഗർഭമലസിയതിനു ശേഷം ഒരു മാസത്തിലധികമായി മീനു സർദാറിന് രക്തസ്രാവമായിരുന്നു.

സാഹചര്യങ്ങളും അവസ്ഥകളും അവരുടെ ദുരിതം വർദ്ധിപ്പിച്ചു. വീഴ്ചയ്ക്കു ശേഷം യോനിയിലൂടെ രക്തസ്രാവമുണ്ടായതിനെക്കുറിച്ച് ദയാപൂരിലെ ആശ പ്രവർത്തകയോട് (ASHA - Accredited Social Health Activist) പറയേണ്ടന്ന് 10-ാം ക്ലാസ്സിനപ്പുറം പഠിച്ചിട്ടില്ലാത്ത അവർ തീരുമാനിച്ചു. "അവരത് അറിയണമെന്നെനിക്കില്ല, കാരണം ഗ്രാമത്തിലെ മറ്റുള്ളവർ എനിക്ക് ഗർഭമലസതായത് അറിയാനിടയായേക്കാം. കൂടാതെ, എന്ത് ചെയ്യണമെന്ന് അവർക്കറിയാമായിരുന്നു എന്നും എനിക്ക് തോന്നുന്നില്ല”, മീനു പറഞ്ഞു.

അവരും ഭർത്താവ് ബാപ്പ സർദാറും ഒരു കുട്ടിയേക്കുറിച്ച് ആലോചിട്ടില്ലായിരുന്നു. പക്ഷെ അവർ ആ സമയത്ത് ഗർഭ നിരോധന മാർഗ്ഗങ്ങളൊന്നും ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. "വിവാഹിതയായ സമയത്ത് കുടുംബാസൂത്രണത്തെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. ആരുമെന്നോട് പറഞ്ഞുമില്ല. ഗർഭം അലസിയ ശേഷമാണ് ഞാനതേക്കുറിച്ച് മനസ്സിലാക്കിയത്.”

ദയാപൂരിൽ നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗോസാബ ഗ്രാമീണ ആശുപത്രിയിൽ നിയമിതയായ ഒരേയൊരു വനിത ഗൈനക്കോളജിസ്റ്റിനെക്കുറിച്ച് മീനുവിനറിയാം. പക്ഷെ അവർ ഒരിക്കലും ആശുപത്രിയിൽ ഉണ്ടാകാറില്ലായിരുന്നു. ലൈസൻസ് ഇല്ലാത്ത ആരോഗ്യരക്ഷാ ദായകരായ രണ്ട് റൂറൽ മെഡിക്കൽ പ്രാക്ടീഷണർമാർ (ആർ.എം.പിമാർ) അവരുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നു.

ദയാപൂരിലെ ആർ.എം.പിമാർ രണ്ടും പുരുഷന്മാരായിരുന്നു.

"എന്‍റെ പ്രശ്നം ഒരു പുരുഷനോട് വെളിപ്പെടുത്താൻ എനിക്ക് താൽപര്യമില്ല. കൂടാതെ, അവർക്ക് വൈദഗ്ദ്ധ്യവുമല്ല”, മീനു പറഞ്ഞു.

മീനുവും ബാപ്പയും ജില്ലയിലെ ഒരുപാട് സ്വകാര്യ ഡോക്ടർമാരെ സന്ദർശിച്ചു. കോൽക്കത്തയിലെ ഒരാളേയും സന്ദർശിച്ചു. പതിനായിരത്തിലധികം രൂപയും മുടക്കി. പക്ഷെ വലിയ കാര്യമൊന്നും ഉണ്ടായില്ല. ഈ ദമ്പതിമാരുടെ ഒരേയൊരു വരുമാനം ബാപ്പ ജോലി ചെയ്യുന്ന പലവ്യഞ്ജന കടയിൽ നിന്നുള്ള ശമ്പളമായ 5,000 രൂപയാണ്.  മെഡിക്കൽ ചിലവുകൾക്കായി അദ്ദേഹം സുഹൃത്തുക്കളിൽ നിന്നും വായ്പ വാങ്ങി.

A number of women in the Sundarbans have had hysterectomy, travelling to hospitals 4-5 hours away for the surgery
PHOTO • Ritayan Mukherjee
A number of women in the Sundarbans have had hysterectomy, travelling to hospitals 4-5 hours away for the surgery
PHOTO • Ritayan Mukherjee

4-5 മണിക്കൂറുകൾ യാത്ര ചെയ്ത് സുന്ദർ വനങ്ങളിലെ ഒരുപാട് സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്.

ദയാപൂരിലെ ഹോമിയോപതി ഡോക്ടർ നൽകിയ കുറച്ച് ഗുളികകൾ കഴിച്ച് അവരുടെ ആർത്തവ ചക്രം ക്രമേണ ശരിയായി. അദ്ദേഹം മാത്രമാണ് ഗർഭം അലസിയ പ്രശ്നം പറയാൻ തനിക്ക് കുഴപ്പമില്ലെന്ന് തോന്നിയ ഒരേയൊരു പുരുഷ ഡോക്ടർ എന്ന് മീനു പറഞ്ഞു. ആവശ്യത്തിനുള്ള പണം ഉണ്ടാക്കിക്കഴിഞ്ഞ് വേണം യോനിയിൽ നിന്നും തുടർച്ചയായി സ്രവങ്ങൾ ഉണ്ടാകുന്നതും കടുത്ത അസ്വസ്ഥ ഉണ്ടാകുന്നതും എന്തുകൊണ്ടാണെന്നറിയുന്നതിന് അദ്ദേഹം നിർദ്ദേശിച്ച അടിവയറ്റിലെ അൾട്രാ സൗണ്ട് സ്കാൻ നടത്താൻ.

അതുവരെ, അവർക്ക് ഭാരമുള്ള വസ്തുക്കൾ ഉയത്താൻ പറ്റില്ല. കൂടാതെ, തുടർച്ചയായി വിശ്രമിക്കുകയും പണം.

ആരോഗ്യരക്ഷാ സേവനങ്ങൾക്കായി മീനു യാത്ര ചെയ്യുന്ന വളഞ്ഞു തിരിഞ്ഞ പാതകൾ പ്രദേശത്തെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ വിവരണങ്ങളിൽ സാധാരണമാണ്. ഇന്ത്യൻ സുന്ദർവനങ്ങളിലെ ആരോഗ്യ സംവിധാന പ്രവർത്തകരെക്കുറിച്ച് 2016-ൽ നടത്തിയ ഒരു പഠനം പറയുന്നത് ഇവിടുത്തെ നിവാസികൾക്ക് തിരഞ്ഞെടുക്കാൻ അധികം ആരോഗ്യസുരക്ഷ മാർഗ്ഗങ്ങളൊന്നും ഇല്ലെന്നാണ്. പൊതുസമ്പത്ത് ഉപയോഗിക്കുന്ന സംവിധാനങ്ങൾ "ഒന്നുകിൽ നിലനിൽക്കുന്നവയല്ല, അല്ലെങ്കിൽ പ്രവർത്തനക്ഷമമല്ല”. കൂടാതെ, പ്രവർത്തനക്ഷമമായവ ഭൂപ്രദേശത്തിന്‍റെ പ്രത്യേകതകൾ കാരണം പ്രാപ്യവുമല്ല. ഈയൊരു വിള്ളൽ നികത്തുന്നത് അനൗപചാരിക ആരോഗ്യസുരക്ഷ ദായകരുടെ ഒരു സംഘമാണ്. "കാലാവസ്ഥ പ്രതിസന്ധി സമയങ്ങളിലേതു പോലെ സാധാരണ സമയങ്ങളിലെ ഒരേയൊരു ആശ്രയം” എന്നാണ് ആർ.എം.പിമാരുടെ സാമൂഹ്യ ശൃംഖലകളെക്കുറിച്ച് പരിശോധിച്ച പ്രസ്തുത പഠനം കുറിക്കുന്നത്.

*****

ഇതായിരുന്നില്ല മീനുവിനെ അലട്ടിയ ആദ്യത്തെ ആരോഗ്യ പ്രശ്നം. 2018-ൽ അവരുടെ ശരീരം മുഴുവൻ ചൊറിഞ്ഞു പൊട്ടി. കൈകളിലും കാലുകളിലും നെഞ്ചിലും മുഖത്തുമൊക്കെ ചുവന്ന കുരുക്കൾ ഉണ്ടായതിനാൽ കൈകളും കാലുകളുമൊക്കെ വീർത്തു വരുന്നതുപോലെ തോന്നി. ചൂട് മൂലം ചൊറിച്ചിൽ കൂടുതൽ വഷളായി. ഡോക്ടറെ കാണുന്നതിനും മരുന്നുകൾക്കുമായി കുടുംബം ഇരുപതിനായിരത്തോളം രൂപ ചിലവഴിച്ചു.

"ഒരു വർഷത്തിലധികമായി ഇതായിരുന്നു എന്‍റെ ജീവിതം – ആശുപത്രിയിൽ പോയിക്കൊണ്ടിരിക്കുക”, അവർ പറഞ്ഞു. ത്വക്കിലെ പ്രശ്നം മൂലമുണ്ടായ കടുത്തയാതന തിരിച്ചു വരുമോയെന്ന ഭയം അലട്ടിക്കൊണ്ട് സാവധാനത്തിലായിരുന്നു അവർ സുഖം പ്രാപിച്ചത്.

The high salinity of water is one of the major causes of gynaecological problems in these low-lying islands in the Bay of Bengal
PHOTO • Ritayan Mukherjee

ബംഗാൾ ഉൾക്കടലിലെ ഈ താഴ്ന്ന ദ്വീപുകളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ ജലത്തിന്‍റെ ഉയർന്ന ലവണത്വമാണ്

മീനു ജീവിക്കുന്നിടത്തു നിന്നും 10 കിലോമീറ്ററിൽ താഴെ മാറി രജത ജൂബിലി ഗ്രാമത്തിൽ നിന്നുള്ള ആലാപി മണ്ഡൽ തികച്ചും സമാനമായ ഒരു കഥ അയവിറക്കുന്നു. "മൂന്നോ നാലോ വർഷങ്ങൾക്കു മുൻപ് എന്‍റെ ദേഹത്ത് മുഴുവൻ കടുത്ത ചൊറിച്ചിൽ ഉണ്ടായി. ചില സമയത്ത് അത് വളരെ കടുത്തതായിരുന്നു, പഴുപ്പും വരുമായിരുന്നു. മറ്റ് പല സ്ത്രീകളും സമാന പ്രശ്നങ്ങൾ അനുഭവിച്ചത് എനിക്കറിയാമായിരുന്നു. ഒരു സമയത്ത് ഞങ്ങളുടെ ഗ്രാമത്തിലെയും അടുത്തുള്ള ഗ്രാമങ്ങളിലെയും എല്ലാ കുടുംബങ്ങളിലും ത്വക്കിന് പ്രശ്നമുള്ള ആരെങ്കിലും ഉണ്ടായിരുന്നു. ഇത് ചില തരത്തിലുള്ള വൈറസാണെന്ന് ഡോക്ടർ എന്നോട് പറഞ്ഞു.”

ഏതാണ്ടൊരു വർഷത്തെ ചികിത്സയ്ക്കു ശേഷം മത്സ്യത്തൊഴിലാളിയായ ആലാപിക്ക് ഇപ്പോൾ കുറവുണ്ട്. സോനാർപുർ ബ്ലോക്കിലെ ഒരു ജീവകാരുണ്യ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർമാരെ ഓരോ സന്ദർശനത്തിനും 2 രൂപമാത്രം മുടക്കി കാണാൻ അവർക്ക് പറ്റുമായിരുന്നു. പക്ഷെ മരുന്നുകൾക്ക് വലിയ വില ആയിരുന്നു. അവരുടെ കുടുംബം ചികിത്സയ്ക്കായി 13,000 രൂപ മുടക്കി. ക്ലിനിക് സന്ദർശിക്കണമെങ്കിൽ 4-5 മണിക്കൂറുകൾ യാത്ര ചെയ്യണം. അവരുടെ ഗ്രാമത്തിൽ സർക്കാർ വക ഒരു ചെറിയ ക്ലിനിക്കുണ്ട്. പക്ഷെ അതിപ്പോൾ പ്രവർത്തിക്കുന്നുണ്ടോയെന്നവർക്കറിയില്ല.

"എന്‍റെ ത്വക്കിലെ പ്രശ്നങ്ങൾ വഷളായതിനു ശേഷം മീൻ പിടിക്കാൻ പോകുന്നത് നിർത്തി”, അവർ പറഞ്ഞു. നേരത്തെ അവർ തീരത്തെ വെള്ളത്തിലൂടെ കൂടി ആയാസപ്പെട്ട് നടക്കുമായിരുന്നു - പിന്നിൽ കടുവാ ചെമ്മീനുകൾക്കുള്ള വലയും വലിച്ചിഴച്ചുകൊണ്ട്പലപ്പോഴും കഴുത്തൊപ്പം വെള്ളത്തിൽ മണിക്കൂറുകളോളം. എന്നാൽ ഒരിക്കലും അവർ ജോലി പുനരാരംഭിച്ചില്ല.

രജത ജൂബിലി ഗ്രാമത്തിലെ നിരവധി സ്ത്രീകൾ ത്വക്കിലുണ്ടാകുന്ന പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതിനവർ കുറ്റപ്പെടുത്തുന്നത് സുന്ദർവനങ്ങളിലെ ഉയർന്ന ലവണത്വമുള്ള ജലത്തെയാണ്.

PHOTO • Labani Jangi

ഇതായിരുന്നില്ല മീനുവിനെ അലട്ടിയ ആദ്യത്തെ ആരോഗ്യ പ്രശ്നം. 2018-ൽ അവരുടെ ശരീരം മുഴുവൻ ചൊറിഞ്ഞു പൊട്ടി. കൈകളിലും കാലുകളിലും നെഞ്ചിലും മുഖത്തുമൊക്കെ ചുവന്ന കുരുക്കൾ ഉണ്ടായതിനാൽ കൈകളും കാലുകളുമൊക്കെ വീർത്തു വരുന്നതുപോലെ മീനുവിന് തോന്നി.

‘പോണ്ട് ഇക്കോ സിസ്റ്റംസ് ഓഫ് ദി ഇൻഡ്യൻ സുന്ദർബൻസ്’ എന്ന പുസ്തകത്തിലെ, പ്രാദേശിക ജീവനോപാധികളിന്മേൽ ജലത്തിന്‍റെ ഗുണമേന്മയുടെ ആഘാതത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ എഴുത്തുകാരൻ സൗരവ് ദാസ് പറയുന്നത് കുളങ്ങളിലെ ലവണത്വമുളള ജലം സ്ത്രീകൾ പാചകത്തിനും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നതു കൊണ്ടാണ് അവർക്ക് ത്വക്ക് രോഗങ്ങൾ ഉണ്ടാകുന്നതെന്നാണ്. ചെമ്മീൻ കർഷകർ ഒരു ദിവസം 4-6 മണിക്കൂറുകൾ ലവണത്വമുള്ള നദീജലത്തിൽ ചിലവഴിക്കുന്നു. "ലവണത്വമുള്ള ജലത്തിന്‍റെ ഉപയോഗം മൂലം അവരുടെ പ്രത്യുത്പാദന നാളിയിൽ അണുബാധയും ഉണ്ടാകുന്നു” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചെമ്മീൻ കൃഷിയും കണ്ടൽ സംരക്ഷണവും കുറഞ്ഞു വരുന്നതിനു പുറമെ കടൽ നിരപ്പ് ഉയരുന്നതും ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും (എല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അപായ സൂചനകൾ) അടിക്കുന്നതുമാണ് സുന്ദർവനങ്ങളിലെ ജലത്തിന്‍റെ അസാധാരണമായ ലവണത്വത്തിന് കാരണമെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. കുടിവെള്ളം ഉൾപ്പെടെ എല്ലാ വെള്ളത്തെയും ലവണജലം മലിനപ്പെടുത്തുന്നത് ഏഷ്യയിലെ വലിയ നദീമുഖ തുരുത്തുകളുടെ സവിശേഷത യാണ്.

"സുന്ദർവനങ്ങളിലെ ജലത്തിന്‍റെ ഉയർന്ന ലവണത്വം സ്ത്രീകളിലുണ്ടാകുന്ന പ്രശ്നങ്ങളുടെ, പ്രത്യേകിച്ച് പെൽവിക് കോശജ്വലന അസുഖത്തിന്‍റെ (pelvic inflammatory disease) ഉയർന്ന നിരക്കിന്‍റെ, പ്രധാന കാരണങ്ങളിലൊന്നാണ്”, കോൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുകയും സുന്ദർവനങ്ങളിലുടനീളം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള ഡോ. ശ്യാമൾ ചക്രബർത്തി പറയുന്നു. "പക്ഷെ ലവണജലം മാത്രമല്ല കാരണം. സാമൂഹ്യ-സാമ്പത്തിക പദവി, പരിസ്ഥിതി, പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം, ശുചിത്വം, പോഷണവും ആരോഗ്യ സുരക്ഷ സംവിധാനങ്ങളുടെ വിതരണവും എന്നിങ്ങനെയുള്ളവയെല്ലാം പ്രധാന പങ്ക് വഹിക്കുന്നു.”

ഒരു അന്തർദേശീയ മാദ്ധ്യമ സഹായ സംഘടനയായ ഇന്റേൺ ന്യൂസിന്‍റെ മുതിർന്ന ആരോഗ്യ മാദ്ധ്യമ ഉപദേശകയായ ഡോ. ജയ ശ്രീധർ പറയുന്നത് ഈ മേഖലയിലെ സ്ത്രീകൾ, പ്രത്യേകിച്ച് ചെമ്മീൻ കർഷകർ, ദിവസം 4-7 മണിക്കൂറുകൾ വരെ ലവണ ജലവുമായി ബന്ധപ്പെടുന്നു എന്നാണ്. വയറുകടി, അതിസാരം, ത്വക്ക് രോഗങ്ങൾ, ഹൃദയ-രക്തധമനി സംബന്ധമായ രോഗങ്ങൾ, വയർ വേദന, ഉദരത്തിലുണ്ടാകുന്ന അൾസർ എന്നിവയൊക്കെ ഉൾപ്പെടെ കുറേയധികം രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയുള്ളവരാണവർ. ലവണ ജലം ഉയർന്ന രക്ത സമ്മർദ്ദത്തിനും, പ്രത്യേകിച്ച് സ്ത്രീകളിൽ ഗർഭധാരണത്തെ ബാധിക്കുന്ന തരത്തിൽ, ചിലപ്പോൾ ഗർഭം അലസലിനു പോലും കാരണമാവാം.

Saline water in sundarbans
PHOTO • Urvashi Sarkar
Sundarbans
PHOTO • Urvashi Sarkar

സുന്ദർ വന ങ്ങളിലെ ജലത്തിലെ ഉപ്പിന്‍റെ ഉയർന്ന സാന്നിദ്ധ്യം സ്ത്രീകളിൽ ത്വക്ക് രോഗങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നു

*****

സുന്ദർവനങ്ങളിലെ 15 മുതൽ 59 വയസ്സു വരെ പ്രായമുള്ള സ്ത്രീകൾക്കിടയിൽ പുരുഷന്മാരേക്കാൾ ഉയർന്ന അനുപാതത്തിൽ രോഗ ബാധയുണ്ടെന്ന് 2010-ലെ ഒരു പഠനം നിരീക്ഷിക്കുന്നു.

ഉൾനാടൻ പ്രദേശങ്ങളിൽ മെഡിക്കൽ സേവനങ്ങൾ നൽകുന്ന ദക്ഷിണ 24 പർഗനാകളിലെ ഒരു എൻ.ജി.ഓ. ആയ സതേൺ ഹെൽത്ത് ഇംപ്രൂവ്മെപാന്‍റ് സാമിറ്റി നടത്തുന്ന ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റിന്‍റെ കോഓർഡിനേറ്ററായ അൻവറുൾ ആലം പറയുന്നത് അവരുടെ സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് ഒരാഴ്ച കൊണ്ട് സുന്ദർവനങ്ങളിൽ നിന്നും 400-450 രോഗികളെ സ്വീകരിക്കുന്നു എന്നാണ്. അവരിൽ 60 ശതമാനംപേർ ത്വക്ക് രോഗങ്ങൾ, വെള്ളപോക്ക്, വിളർച്ച, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുളളവരാണ്.

സ്ത്രീകളായ രോഗികൾ പോഷണക്കുറവുള്ളവരാണെന്നും ആലം പറയുന്നു. "മിക്ക പച്ചക്കറികളും പഴങ്ങളും ദ്വീപുകളിലെത്തുന്നത് ബോട്ട് മുഖേനയും അവയൊക്കെയും പ്രാദേശികമായി വളരാത്തതുമാണ്. എല്ലാവർക്കും അത് വാങ്ങാൻ കഴിയില്ല. വേനൽക്കാലത്തെ വർദ്ധിതമായ ചൂടും ശുദ്ധജലത്തിന്‍റെ കുറവും അസുഖങ്ങൾക്കൊരു പ്രധാന കാരണമാണ്”, അദ്ദേഹം പറഞ്ഞു.

മീനുവും ആലാപിയും ചോറും പരിപ്പും ഉരുളക്കിഴങ്ങും മത്സ്യവുമാണ് മിക്ക ദിവസങ്ങളിലും കഴിക്കുന്നത്. പച്ചക്കറികളും പഴങ്ങളും വളർത്തുന്നില്ലാത്തതിനാൽ അവ കുറഞ്ഞ അളവിൽ മാത്രമേ അവർ കഴിക്കുന്നുള്ളൂ. മീനുവിനെപ്പോലെ തന്നെ ആലാപിക്കും പല അസുഖങ്ങളുണ്ട്.

PHOTO • Labani Jangi

കടൽ നിരപ്പ് ഉയരുന്നതും ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും (എല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അപായ സൂചനകൾ) അടിക്കുന്നതുമാണ് സുന്ദർവനങ്ങളിലെ ജലത്തിന്‍റെ അസാധാരണമായ ലവണത്വത്തിന് കാരണമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഏകദേശം 5 വർഷങ്ങൾക്കു മുൻപ് ആലാപിക്ക് കടുത്ത രക്തസ്രാവം ഉണ്ടായി. "ഒരു സോണോഗ്രഫി പരിശോധനയിൽ ട്യൂമറാണെന്ന് മനസ്സിലാക്കിയ ശേഷം ഗർഭപാത്രം നീക്കുന്നതിനായി എനിക്ക് 3 തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാവേണ്ടി വന്നു. എന്‍റെ കുടുംബം പതിനായിരത്തിലധികം രൂപ മുടക്കിക്കാണണം", അവർ പറഞ്ഞു. ആദ്യത്തേത് അപ്പൻഡിക്സ് നീക്കം ചെയ്യാനായിരുന്നു, മറ്റ് രണ്ടെണ്ണം ഗർഭപാത്രം നീക്കം ചെയ്യാനും.

തൊട്ടടുത്തുള്ള ബാസന്തി ബ്ലോക്കിലെ സോനാഖാലി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുത്രിയിലേക്കുള്ള യാത്ര നീണ്ടതായിരുന്നു. ആലാപിയുടെ ഗർഭപാത്രം നീക്കം ചെയ്തത് അവിടെ വച്ചാണ്. അവർക്ക് രജത ജൂബിലിയിൽ നിന്നും ഗോസാബയിലെ ഫെറി ഗാട്ടിലേക്ക് ഒരു ബോട്ടിൽ പോകണമായിരുന്നു. ഗദ്ഖാലിയിലെ ഫെറി ഗാട്ടിലേക്ക് മറ്റൊരു ബോട്ടിലും അവിടെ നിന്ന് വീണ്ടും സോനാഖാലിയിലേക്ക് ഒരു ബസിൽ അല്ലെങ്കിൽ വാനിൽ യാത്ര ചെയ്യണമായിരുന്നു - ഒരു വശത്തേക്കു മാത്രം മൊത്തം യാത്ര 2-3 മണിക്കൂർ വരും.

ഒരു മകനും മകളുമുള്ള ആലാപിക്ക് രജത ജൂബിലിയിൽ നിന്നും ഗർഭപാത്രം നീക്കം ചെയ്യാനുള്ള പൂർണ്ണ ശസ്ത്രക്രിയകൾക്കു വിധേയരായ നാലോ അഞ്ചോ സ്ത്രീകളെയെങ്കിലും അറിയാം

അവരിലൊരാൾ 40-കാരിയായ മത്സ്യത്തൊഴിലാളി ബാസന്തി മണ്ഡൽ ആണ്. "ഡോക്ടർമാർ എന്നോടു പറഞ്ഞു എന്‍റെ ഗർഭപാത്രത്തിൽ ട്യൂമർ ഉണ്ടെന്ന്. നേരത്തെ മീൻ പിടിക്കാൻ പോകാൻ എനിക്ക് നല്ല ഊർജ്ജമായിരുന്നു. എനിക്ക് വളരെ നന്നായി പണിയെടുക്കാൻ പറ്റുമായിരുന്നു”, 3 മക്കളുടെ അമ്മയായ ആ സ്ത്രീ പറഞ്ഞു. "പക്ഷെ ഗർഭപാത്രം നീക്കം ചെയ്തശേഷം ഊർജ്ജസ്വലയായി എനിക്ക് തോന്നിയിട്ടില്ല", ശസ്ത്രക്രിയയ്ക്കായി അവർ ഒരു സ്വകാര്യ ആശുപത്രിയിൽ 40,000 രൂപ ചിലവാക്കി.

ദേശീയ കുടുംബാരോഗ്യ സർവെ-4 (2015-16) ചൂണ്ടിക്കാണിക്കുന്നത് ഗ്രാമീണ പശ്ചിമ ബംഗാളിലെ 15 മുതൽ 49 വയസ്സുവരെ പ്രായത്തിലുള്ള 2.1 ശതമാനം സ്ത്രീകൾ ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്നാണ് – പശ്ചിമ ബംഗാളിലെ നഗരങ്ങളിലെ 1.9 ശതമാനത്തേക്കാൾ ഇത് കുറച്ച് കൂടുതലാണ് (അഖിന്ത്യോ നിരക്ക് 3.2 ശതമാനമാണ്).

For women in the Sundarbans, their multiple health problems are compounded by the difficulties in accessing healthcare
PHOTO • Urvashi Sarkar

സുന്ദർ വന ങ്ങളിലെ സ്ത്രീക ളെ സംബന്ധിച്ചിടത്തോളം അവരുടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾ ആരോഗ്യ സുര ക്ഷ പ്രാപ്യമാകുന്നതിലെ ബുദ്ധിമുട്ടുകൾ മൂലം സങ്കീർണ്ണമാക്കപ്പെടുന്നു

കഴിഞ്ഞ വർഷം സെപ്തംബറിൽ ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പത്രപ്രവർത്തകയായ സ്വാതി ഭട്ടാചാർജി എഴുതിയത് സുന്ദർവനങ്ങളിലെ 26-36 വയസ്സ് പ്രായത്തിലുള്ള സ്ത്രീകൾ യോനിയിലെ അണുബാധ, അമിതമായതോ ക്രമരഹിതമോ ആയ രക്തസ്രാവം, വേദനാജനകമായ ലൈംഗിക ബന്ധം, പെൽവിക് കോശജ്വലനം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ തുടർന്ന് ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട് എന്നാണ്.

യോഗ്യതയില്ലാത്ത ആരോഗ്യ ചികിത്സകർ ഈ സ്ത്രീകൾക്ക് ഗർഭപാത്രത്തിൽ ട്യൂമർ ഉണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗർഭപാത്രം നീക്കം ചെയ്യുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഭട്ടാചാർജി പറയുന്നതനുസരിച്ച് ലാഭേച്ഛയുള്ള സ്വകാര്യ ക്ലിനിക്കുകൾ സംസ്ഥാന സർക്കാരിന്‍റെ സ്വാസ്ഥ്യ സാഥി ഇൻഷുറൻസ് പദ്ധതിയിൽ നിന്നും നേട്ടമുണ്ടാക്കാൻ നോക്കുന്നു. ഗുണഭോക്തൃ കുടുംബങ്ങൾക്ക് വർഷത്തിൽ 5 ലക്ഷം രൂപ വരെയാണ് ഈ പദ്ധതി നൽകുന്നത്.

ആരോഗ്യസുരക്ഷ പ്രാപ്യമാകുന്നതിലെ ബുദ്ധിമുട്ടുകൾ മൂലം മീനുവിന്‍റെയും ആലാപിയുടെയും ബാസന്തിയുടെയും സുന്ദർവനങ്ങളിലെ ദശലക്ഷക്കണക്കിന് മറ്റ് സ്ത്രീകളുടെയും ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നു.

ഗോസാബ ബ്ലോക്കിലെ തന്‍റെ വീട്ടിൽ നിന്നും 5 മണിക്കൂറുകളാണ് ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കായി ബാസന്തി യാത്ര ചെയ്തത്. "എന്തുകൊണ്ട് സർക്കാരിന് കൂടുതൽ ആശുപത്രികളും നഴ്സിംഗ് ഹോമുകളും ഇല്ല? അല്ലെങ്കിൽ കൂടുതൽ ഗൈനക്കോളജിസ്റ്റുകൾ ഇല്ല?", അവർ ചോദിച്ചു. "പാവങ്ങളാണെങ്കിലും ഞങ്ങൾക്ക് മരിക്കണമെന്നില്ല.”

മീനുവിന്‍റെയും ബാപ്പ സർദാറിന്‍റെയും പേരുകളും സ്ഥലങ്ങളും അവരുടെ സ്വകാര്യത സംരക്ഷിക്കാനായി മാറ്റിയാണ് നൽകിയിരിക്കുന്നത് .

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected]

പരിഭാഷ: റെന്നിമോന്‍ കെ. സി.

Urvashi Sarkar is an independent journalist and a 2016 PARI Fellow.

Other stories by Urvashi Sarkar
Illustrations : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Photographs : Ritayan Mukherjee

Ritayan Mukherjee is a Kolkata-based photographer and a PARI Senior Fellow. He is working on a long-term project that documents the lives of pastoral and nomadic communities in India.

Other stories by Ritayan Mukherjee
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.