മഴക്കാലം ശമിച്ചു. ബീഹാറിലെ ബഡ്ഗാവ് ഖുര്‍ദ് ഗ്രാമത്തിലെ സ്ത്രീകള്‍ മണ്‍വീടിന്‍റെ ഭിത്തിയില്‍ തേക്കുന്നതിനായി പാടത്തുനിന്നും ചെളി ശേഖരിക്കുകയായിരുന്നു. ഭിത്തി ബലപ്പെടുത്തുന്നതിനും മനോഹരമാക്കുന്നതിനുമായി അവര്‍ എല്ലായ്പ്പോഴും ചെയ്യുന്ന ഒരു പ്രവൃത്തിയാണത്, പ്രത്യേകിച്ച് ഉത്സവങ്ങള്‍ക്കു മുന്‍പ്.

മറ്റു സ്ത്രീകളുടെ കൂടെയിറങ്ങി മണ്ണ് ശേഖരിക്കണമെന്ന് 22-കാരിയായ ലീലാവതിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവരുടെ 3 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉറങ്ങാന്‍ വിസമ്മതിച്ച് കരയുകയായിരുന്നു. അവരുടെ ഭര്‍ത്താവ് 24-കാരനായ അജയ് ഒറാവ് തൊട്ടടുത്തുതന്നെ അദ്ദേഹം നടത്തുന്ന പലവ്യഞ്ജന കടയിലായിരുന്നു. കുഞ്ഞ് അവരുടെ കൈയില്‍ ചേര്‍ന്നു കിടക്കുകയായിരുന്നു. ഓരോ കുറച്ചു മിനിറ്റുകള്‍ കൂടുമ്പോഴും അവര്‍ കൈത്തലപ്പ് കുഞ്ഞിന്‍റെ നെറ്റിയില്‍ ചേര്‍ത്തുവച്ച് പനിയുണ്ടോ എന്നു നോക്കുന്നതുപോലെ ചെയ്യുന്നുണ്ടായിരുന്നു. “അവനു കുഴപ്പമൊന്നുമില്ല. അങ്ങനെ ഞാന്‍ വിചാരിക്കുന്നു”, അവര്‍ പറഞ്ഞു.

2018-ല്‍ ലീലാവതിയുടെ 14 മാസം പ്രായമുള്ള മകള്‍ പനി വന്നു മരിച്ചു പോയി. “അത് വെറും രണ്ടു ദിവസത്തെ പനിയായിരുന്നു. വലിയ പനി ആയിരുന്നില്ല”, ലീലാവതി പറഞ്ഞു. അതും കൂടാതെ മരണത്തിന്‍റെ കാരണം മാതാപിതാക്കള്‍ക്ക് അറിയുകയുമില്ല. ആശുപത്രി രേഖകള്‍, കുറിപ്പടികള്‍, മരുന്നുകള്‍ അങ്ങനെ ഒന്നുമില്ലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കകം പനി കുറഞ്ഞില്ലെങ്കില്‍ കുഞ്ഞിനെ ഗ്രാമത്തില്‍നിന്നും 9 കിലോമീറ്റര്‍ അകലെയുള്ള ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ (പി.എച്.സി.) എത്തിക്കാന്‍ രണ്ടുപേരും പദ്ധതിയിട്ടിരുന്നു. കൈമൂര്‍ ജില്ലയിലെ അധൗറ ബ്ലോക്കിലാണ് പ്രസ്തുത പി.എച്.സി സ്ഥിതി ചെയ്യുന്നത്. പക്ഷെ അവര്‍ക്ക് അങ്ങനെ ചെയ്യേണ്ടി വന്നില്ല.

കൈമൂര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന വനപ്രദേശത്തോടു ചേര്‍ന്നാണ് പി.എച്.സി. സ്ഥിതി ചെയ്യുന്നത്. ബഡ്ഗാവ് ഖുര്‍ദ് ഗ്രാമത്തിലെയും അതിനോടു ചേര്‍ന്നുള്ള ബഡ്ഗാവ് കലാന്‍ ഗ്രാമത്തിലെയും നിവാസികള്‍ കെട്ടിടങ്ങള്‍ക്കകത്തുകൂടെ (രണ്ടു ഗ്രാമങ്ങള്‍ക്കു കൂടി ഒരു പി.എച്.സി.യാണുള്ളത്) കയറിയിറങ്ങി നടക്കുന്ന വന്യമൃഗങ്ങളുടെ – തേന്‍കരടി, പുള്ളിപ്പുലി, നീല്ഗായ് എന്നിവയുടെ - കഥകള്‍ ഓര്‍മ്മിക്കുകയാണ്. ഈ വന്യ മൃഗങ്ങള്‍ രോഗികളെയും അവരുടെ ബന്ധുക്കളെയും അവിടെ സേവനമനുഷ്ടിക്കാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആരോഗ്യ പ്രവര്‍ത്തകരെയും ഭയപ്പെടുത്തുന്നു.

“[ബഡ്ഗാവ് ഖുര്‍ദില്‍] ഒരു ഉപകേന്ദ്രം കൂടിയുണ്ട്, പക്ഷെ കെട്ടിടം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും ഇതൊരു താവളമായിരിക്കുന്നു”, അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകയായ - Accredited Social Health Activist - (ആശാ പ്രവര്‍ത്തക) ഫൂല്‍വാസി ദേവി പറഞ്ഞു. 2014 മുതല്‍ അവിടെ സേവനമനുഷ്ടിക്കുന്ന അവര്‍ ജോലിയില്‍ അത്ര വിജയിച്ചിട്ടുള്ളതായി സ്വയം കരുതുന്നില്ല.

In 2018, Leelavati Devi and Ajay Oraon's (top row) baby girl developed a fever and passed away before they could take her to the PHC located close to the Kaimur Wildlife Sanctuary. But even this centre is decrepit and its broken-down ambulance has not been used for years (bottom row)
PHOTO • Vishnu Narayan

2018-ല്‍ ലീലാവതി ദേവിയുടെയും അജയ് ഒറാവിന്‍റെയും (മുകളിലത്തെ നിര) പെണ്‍കുഞ്ഞിനു പനി ഉണ്ടാവുകയും കൈമൂര്‍ വന്യജീവി സാങ്കേതത്തോടു ചേര്‍ന്നുള്ള പി.എച്.സി.യില്‍ എത്തിക്കാന്‍ കഴിയുന്നതിനു മുന്‍പ് കുഞ്ഞ് മരിക്കുകയും ചെയ്തു. പക്ഷെ ഈ കേന്ദ്രം പോലും പഴഞ്ചനും അവിടുത്തെ ആംബുലന്‍സ് വര്‍ഷങ്ങളായി ഉപയോഗിക്കാതെ കേടായി (താഴത്തെ നിര) കിടക്കുകയുമാണ്.

“ഡോക്ടര്‍മാര്‍ അധൗറയിലാണ് [15 കിലോമീറ്റര്‍ അകലെയുള്ള പട്ടണം] താമസിക്കുന്നത്. അവിടെ മൊബൈല്‍ ബന്ധങ്ങള്‍ ഒന്നുമില്ല. അതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ എനിക്ക് ആരുമായും ബന്ധപ്പെടാന്‍ കഴിയില്ല”, ഫൂല്‍വാസി പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്രയും വര്‍ഷങ്ങള്‍ക്കകം കുറഞ്ഞത് 50 സ്ത്രീകളെ ഈ പി.എച്.സി.യിലേക്കോ (അതിനു തൊട്ടടുത്തുള്ള) മാതൃ-ശിശു ആശുപത്രിയുടെ റെഫറല്‍ യൂണിറ്റിലേക്കോ എത്തിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. മറ്റൊരു പഴഞ്ചന്‍ കെട്ടിടമാണ് പ്രസ്തുത റെഫറല്‍ യൂണിറ്റ്. അവിടെ വനിതാ ഡോക്ടര്‍മാര്‍മാരും ഇല്ല. അവിടുത്തെ എല്ലാ ഉത്തരവാദിത്തങ്ങളും ഒരു ഓക്സിലിയറി നഴ്സ് മിഡ്‌വൈഫിനും (എ.എന്‍.എം.) ഒരു പുരുഷ ഡോക്ടര്‍ക്കുമാണ്. രണ്ടുപേരും ഗ്രാമത്തിലല്ല താമസിക്കുന്നത്. ടെലികോം സിഗ്നല്‍ ഇല്ലെങ്കില്‍ അടിയന്തിര ഘട്ടങ്ങളില്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ബുദ്ധിമുട്ടാണ്.

ബഡ്ഗാവ് ഖുര്‍ദിലെ 85 കുടുംബങ്ങളുടെയും (ജനസംഖ്യ 522) കാര്യങ്ങള്‍ നോക്കിക്കൊണ്ട്‌ ഫൂല്‍വാസി ശക്തയായി നില്‍ക്കുന്നു. ഭൂരിപക്ഷവും, ഫൂല്‍വാസി ഉള്‍പ്പെടെ, ഒറാവ് സമുദായത്തില്‍പ്പെട്ടവരാണ്. വനത്തെയും കൃഷിയെയും ചുറ്റിപ്പറ്റി ജീവിക്കുകയും ഉപജീവനം തേടുകയും ചെയ്യുന്ന പട്ടിക വര്‍ഗ്ഗ വിഭാഗമാണ്‌ ഇത്. കുറച്ചുപേര്‍ക്ക്‌ കുറച്ചു ഭൂമിയുണ്ട്. അവിടെ അവര്‍ നെല്‍കൃഷി നടത്തുന്നു. മറ്റുചിലര്‍ അധൗറയിലേക്കും മറ്റു പട്ടണങ്ങളിലേക്കും ദിവസ വേതന തൊഴില്‍ അന്വേഷിച്ചു പോകുന്നു.

“നിങ്ങള്‍ ചിന്തിക്കും ഇതൊരു ചെറിയ സംഖ്യ ആണെന്ന്. പക്ഷെ സര്‍ക്കാരിന്‍റെ സൗജന്യ ആംബുലന്‍സ് സേവനം ഇവിടെ ലഭിക്കുന്നില്ല”, പി.എച്.സി.ക്കു പുറത്തു വര്‍ഷങ്ങളായി കിടക്കുന്ന തകര്‍ന്നു പ്രവര്‍ത്തനരഹിതമായ വാഹനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഫൂല്‍വാസി പറഞ്ഞു. “ആളുകള്‍ക്ക് ആശുപത്രികള്‍, കോപ്പര്‍-റ്റി, ഗര്‍ഭ നിരോധന ഗുളികകള്‍ എന്നിവയെക്കുറിച്ചൊക്കെ അബദ്ധധാരണകള്‍ ആണ് [കോപ്പര്‍-റ്റി എങ്ങനെ പ്രവേശിപ്പിക്കണം, ഗുളികകള്‍ ക്ഷീണവും തലചുറ്റലും ഉണ്ടാക്കുമോ എന്നിങ്ങനെയൊക്കെ]. എല്ലാത്തിലുമുപരിയായി വീടുകളിലെ പണിയൊക്കെ കഴിഞ്ഞിട്ട് ആര്‍ക്കാണ് ‘ബോധവത്കരണ’ പ്രചരണങ്ങള്‍ക്കു വരാന്‍ സമയമുണ്ടാവുക? – മാതൃ-ശിശു, പോളിയോ, അങ്ങനെയുള്ള വിഷയങ്ങളിലൊക്കെ.”

ഗര്‍ഭിണികളും അടുത്തിടെ അമ്മമാരായ സ്ത്രീകളുമായി ബഡ്ഗാവ് ഖുര്‍ദില്‍ വച്ച് ഞങ്ങള്‍ നടത്തിയ സംഭാഷണങ്ങളിലും ആരോഗ്യ സംരക്ഷണ രംഗത്തു നിലനില്‍ക്കുന്ന ഇത്തരം തടസ്സങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ പ്രതിഫലിച്ചിരുന്നു. ദേശീയ കുടുംബാരോഗ്യ കണക്കെടുപ്പ് - National Family Health Survey – ( എന്‍.എഫ്.എച്.എസ്.-4 , 2015-16) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം കൈമൂര്‍ ജില്ലയിലെ 80 ശതമാനം സ്ത്രീകളും കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പ്രസവിച്ചത് സ്ഥാപനങ്ങളിലാണെന്നിരിക്കിലും, ഞങ്ങള്‍ സംസാരിച്ച എല്ലാ സ്ത്രീകളും വീട്ടിലായിരുന്നു പ്രസവിച്ചത്. എന്‍.എഫ്.എച്.എസ്.-4 പറയുന്ന മറ്റൊരു കാര്യം വീട്ടില്‍ ജനിച്ച ഒരു കുഞ്ഞിനെപ്പോലും 24 മണിക്കൂറിനകം ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് പരിശോധനയ്ക്കായി കൊണ്ടുവന്നിട്ടില്ല എന്നതാണ്.

ബഡ്ഗാവ് ഖുര്‍ദിലെ മറ്റൊരു സംഭവത്തില്‍ കാജല്‍ ദേവിയെന്ന 21-കാരി മാതാപിതാക്കളുടെ സ്ഥലത്ത് പ്രസവിച്ച ശേഷം 4 മാസം പ്രായമുള്ള ആണ്‍കുഞ്ഞുമായി ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ വീട്ടില്‍ തിരിച്ചെത്തി. ഗര്‍ഭിണിയായിരുന്ന ഒരു സമയത്തും ഡോക്ടറുടെ അടുത്ത് അവര്‍ പരിശോധനയ്ക്കോ ഉപദേശം തേടുന്നതിനോ പോയിട്ടില്ല. കുട്ടിക്ക് ഇതുവരെയും പ്രതിരോധ കുത്തിവയ്പ്പും എടുത്തിട്ടില്ല. “ഞാനെന്‍റെ അമ്മയുടെ വീട്ടിലായിരുന്നു. അതുകൊണ്ട് തിരിച്ചുവന്നിട്ട് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാമെന്നു കരുതി”, തന്‍റെ മാതാപിതാക്കളുടെ വീട്ടില്‍വച്ചും കുഞ്ഞിനു പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ പറ്റുമായിരുന്നു എന്നറിയില്ലായിരുന്ന അവര്‍ പറഞ്ഞു. 108 വീട്ടുകാരും 619 അംഗങ്ങളുമുള്ള അവരുടെ മാതാപിതാക്കളുടെ ഗ്രാമമായ ബഡ്ഗാവ് കലാന്‍ കുറച്ചുകൂടി വലുതാണ്‌. അവിടെ ആശാ പ്രവര്‍ത്തകയും ഉണ്ട്.

'I have heard that children get exchanged in hospitals, especially if it’s a boy, so it’s better to deliver at home', says Kajal Devi
PHOTO • Vishnu Narayan
'I have heard that children get exchanged in hospitals, especially if it’s a boy, so it’s better to deliver at home', says Kajal Devi
PHOTO • Vishnu Narayan

‘കുട്ടികളെ ആശുപത്രിയില്‍ വച്ചു പരസ്പരം മാറ്റുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ ആണെങ്കില്‍, അതുകൊണ്ട് വീട്ടില്‍ പ്രസവിക്കുന്നതാണ് നല്ലത്’, കാജല്‍ ദേവി പറയുന്നു

ഡോക്ടറുടെ അടുത്തുപോകുന്നതിനുള്ള മടിയുണ്ടാകുന്നത് ഭയത്തില്‍ നിന്നുമാണ്, കൂടുതല്‍ കേസുകളിലും ആണ്‍കുട്ടിക്കു കൊടുക്കുന്ന പ്രാധാന്യത്തില്‍ നിന്നും. “കുട്ടികളെ ആശുപത്രിയില്‍ വച്ചു പരസ്പരം മാറ്റുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ ആണെങ്കില്‍, അതുകൊണ്ട് വീട്ടില്‍ പ്രസവിക്കുന്നതാണ് നല്ലത്’, എന്തുകൊണ്ടാണ് ഗ്രാമത്തിലെ ഒരു മുതിര്‍ന്ന സ്ത്രീയുടെ സഹായത്താല്‍ വീട്ടില്‍ പ്രസവിച്ചത് എന്നുള്ള ചോദ്യത്തിനു മറുപടിയായി കാജല്‍ ദേവി പറഞ്ഞു.

ബഡ്ഗാവ് ഖുര്‍ദിലെ മറ്റൊരു താമസക്കാരിയായ സുനിതാ ദേവി പറഞ്ഞത് താനും പരിശീലനം ലഭിച്ച ഒരു ഡോക്ടറുടെയോ നഴ്സിന്‍റെയൊ സഹായമില്ലാതെ വീട്ടിലാണ് പ്രസവിച്ചത് എന്നാണ്. പെണ്‍കുഞ്ഞായ അവരുടെ നാലാമത്തെ കുട്ടി മടിയില്‍ നല്ല ഉറക്കത്തിലായിരുന്നു. നാലു തവണ ഗര്‍ഭിണിയായിരുന്ന സമയത്തും പരിശോധനയ്ക്കോ പ്രസവത്തിനോ സുനിത ആശുപത്രിയില്‍ പോയിട്ടില്ല.

“ആശുപത്രിയില്‍ ധാരാളം ആള്‍ക്കാരുണ്ട്. ആളുകളുടെ മുന്‍പില്‍ പ്രസവിക്കാന്‍ എനിക്കു കഴിയില്ല. എനിക്കു നാണമാണ്, കൂടാതെ പെണ്‍കുട്ടിയാണെങ്കില്‍ അതു കൂടുതല്‍ മോശമാകും”, ആശുപത്രിയില്‍ സ്വകാര്യതയ്ക്കുള്ള സംവിധാനമുണ്ട് എന്നു ഫൂല്‍വാസി പറയുന്നത് വിശ്വസിക്കാതെ സുനിത പറഞ്ഞു.

“വീട്ടില്‍ പ്രസവിക്കുന്നതാണ് ഏറ്റവും നല്ലത് – ഒരു പ്രായമുള്ള സ്ത്രീയുടെ സഹായം തേടുക. നാലു കുട്ടികള്‍ക്കു ശേഷം നിങ്ങള്‍ക്കു കൂടുതല്‍ സഹായത്തിന്‍റെ ആവശ്യമുണ്ടാവില്ല”, സുനിത ചിരിച്ചു തള്ളി. “പിന്നെ ഈ വ്യക്തി കുത്തിവയ്പ്പിനായി വരുമ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസകരമായി തോന്നും.”

കുത്തിവയ്പ്പ് എടുക്കാനായി 7 കിലോമീറ്റര്‍ അകലെയുള്ള താലാ ചന്തയില്‍ നിന്നു വരുന്ന വ്യക്തി ഗ്രാമത്തിലെ ചിലര്‍ വിളിക്കുന്നതുപോലെ “ബിനാ-ഡിഗ്രി ഡോക്ടര്‍” (ബിരുദമില്ലാത്ത ഡോക്ടര്‍) ആയിരിക്കും. വരുന്നയാളുടെ യോഗ്യത എന്താണ്, എന്തു മരുന്നാണ് കുത്തി വയ്ക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ഒരാള്‍ക്കും പൂര്‍ണ്ണമായി അറിയില്ല.

തന്‍റെ മടിയില്‍ കിടന്നുറങ്ങുന്ന കുഞ്ഞിനെ സുനിത നോക്കുന്നു. മറ്റൊരു പെണ്‍കുഞ്ഞിനു ജന്മം കൊടുത്തതിലെ കുറ്റബോധവും പെണ്‍മക്കളെ എങ്ങനെ വിവാഹം കഴിച്ചയക്കും എന്നു ദു:ഖവും പാടത്തു പണിയെടുക്കുമ്പോള്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ കുടുംബത്തില്‍ മറ്റൊരാണില്ല എന്ന ചിന്തയും ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ അവരെ അലട്ടുന്നുണ്ടായിരുന്നു.

Top left: 'After four children, you don’t need much assistance', says Sunita Devi. Top right: Seven months pregnant Kiran Devi has not visited the hospital, daunted by the distance and expenses. Bottom row: The village's abandoned sub-centre has become a resting shed for animals
PHOTO • Vishnu Narayan

മുകളില്‍ വലത്: ‘നാലു പ്രസവത്തിനു ശേഷം നിങ്ങള്‍ക്കു കൂടുതല്‍ സഹായത്തിന്‍റെ ആവശ്യമില്ല’, സുനിതാ ദേവി പറയുന്നു. മുകളില്‍ വലത്: ദൂരവും ചിലവും ഭയന്ന് 7 മാസം ഗര്‍ഭിണിയായ കിരണ്‍ ദേവി ആശുപത്രി സന്ദര്‍ശിച്ചിട്ടില്ല. താഴത്തെ നിര: ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട ഉപകേന്ദ്രം മൃഗങ്ങള്‍ക്കു വിശ്രമത്തിനുള്ള തൊഴുത്തായി മാറിയിരിക്കുന്നു.

പ്രസവത്തിനു മുന്‍പും ശേഷവുമുള്ള 3-4 ആഴ്ചകള്‍ ഒഴികെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ്, വീട്ടിലെ പണികളെല്ലാം ഒതുക്കിയ ശേഷം, സുനിത പാടത്തു പോകുന്നു. “ഇതൊരു ചെറിയ പണിയാണ് – വിതയ്ക്കുന്നതും മറ്റും”, അവര്‍ മന്ത്രിച്ചു.

സുനിതയുടെ വീടിന്‍റെ കുറച്ചു വീടുകള്‍ക്കപ്പുറമാണ് 22-കാരിയായ കിരണ്‍ ദേവി താമസിക്കുന്നത്. അവര്‍ ആദ്യത്തെ കുഞ്ഞിനെ 7 മാസം ഗര്‍ഭിണിയാണ്. നടന്നു ചെല്ലേണ്ട ദൂരവും വണ്ടി വാടകയ്ക്കെടുക്കേണ്ട ചിലവും ഭയന്ന് ഇതുവരെ അവര്‍ ഒരുതവണ പോലും ആശുപത്രിയില്‍ പോയിട്ടില്ല. കിരണിന്‍റെ ഭര്‍തൃ മാതാവ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് (2020-ല്‍) മരിച്ചു. “വിറച്ചുകൊണ്ട് അവര്‍ ഇവിടെത്തന്നെ മരിച്ചു. ആശുപത്രിയില്‍ ഞങ്ങള്‍ എങ്ങനെ പോകും?” കിരണ്‍ ചോദിച്ചു.

ഈ ഗ്രാമങ്ങളില്‍ ഏതിലെങ്കിലും, ബഡ്ഗാവ് ഖുര്‍ദില്‍ അല്ലെങ്കില്‍ ബഡ്ഗാവ് കലാനില്‍, ആരെങ്കിലും രോഗബാധിതനാ(യാ)യാല്‍ ചികിത്സയ്ക്കുള്ള ആശുപത്രി സൗകര്യങ്ങള്‍ പരിമിതമാണ്: പൊതു പി.എച്.സി. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സുരക്ഷിതമല്ല; മാതൃ-ശിശു ആശുപത്രിയുടെ (യഥാര്‍ത്ഥ ആശുപത്രി കൈമൂര്‍ ജില്ലാ ആശുപത്രിയുടെ ഭാഗമാണ്) റെഫറല്‍ യൂണിറ്റിലുള്ള ഒരേയൊരു ഡോക്ടര്‍ എപ്പോഴും ഉണ്ടാകണമെന്നില്ല; ഭഭുവയിലെ കൈമൂര്‍ ജില്ലാ കേന്ദ്രത്തിലുള്ള ആശുപത്രി ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ്.

മിക്കവാറും കിരണിന്‍റെ ഗ്രാമത്തിലുള്ളവര്‍ ഇത്രയും ദൂരം സഞ്ചരിക്കുന്നത് കാല്‍നടയായിട്ടാണ്. കൃത്യമായ സമയം പാലിക്കാത്ത കുറച്ചു ബസുകളും സ്വകാര്യ പിക്-അപ് വാഹനങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് നെറ്റുവര്‍ക്കുള്ള സ്ഥലം കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. ഇവിടുത്തെ ഗ്രാമീണര്‍ക്ക് ആരോടും ബന്ധപ്പെടാതെ ആഴ്ചകളോളം ചിലവഴിക്കാന്‍ പറ്റും.

കുറച്ചുകൂടി നന്നായി ജോലി ചെയ്യാന്‍ എന്താണു സഹായിക്കുക എന്നു ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്‍റെ ഫോണെടുത്തുകൊണ്ട് അവര്‍ പറഞ്ഞത് “ഇത് നന്നായി സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ കളിപ്പാട്ടം” ആണെന്നായിരുന്നു.

ഒരു ഡോക്ടറോ നഴ്സോ അല്ല - പക്ഷെ മെച്ചപ്പെട്ട സമ്പര്‍ക്ക ആശയവിനിമയ സംവിധാനങ്ങള്‍ - “അതിലെ ഒരു സിഗ്നല്‍ പല കാര്യങ്ങളും മാറ്റിമറിക്കും”.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് മേല്‍പ്പറഞ്ഞ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected]

പരിഭാഷ: റെന്നിമോന്‍ കെ. സി.

Anubha Bhonsle is a 2015 PARI fellow, an independent journalist, an ICFJ Knight Fellow, and the author of 'Mother, Where’s My Country?', a book about the troubled history of Manipur and the impact of the Armed Forces Special Powers Act.

Other stories by Anubha Bhonsle
Vishnu Narayan

Vishnu Narayan is an independent journalist based in Patna.

Other stories by Vishnu Narayan
Illustration : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Editor : Hutokshi Doctor
Series Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.