തൊഴുത്തിന്റെ ഇഷ്‌ടികകൊണ്ട്‌ നിർമിച്ച തറയിൽനിന്ന്‌ ഇരുകൈകളുമുപയോഗിച്ച്‌ എരുമച്ചാണകം കോരുകയാണ്‌ 48കാരിയായ മൻജീത്‌ കൗർ. തറയിൽ പറ്റിപ്പിടിച്ച അവശിഷ്‌ടത്തിന്റെ ഭാഗങ്ങൾ കുത്തിയിരുന്ന്‌ ചുരണ്ടിയെടുത്ത്‌ ബക്കറ്റിലാക്കിയശേഷം അവളത്‌ തലയിൽച്ചുമന്ന്‌ കൊണ്ടുപോകുകയാണ്‌ പതിവ്‌. വളരെ ശ്രദ്ധാപൂർവ്വം ഭാരമേറിയ ബക്കറ്റ്‌ തലയിൽ ഉറപ്പിക്കും, തുടർന്ന്‌ വീട്ടുവളപ്പിന്റെ തടി ഗേറ്റുകൾ കടന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള ചാണകക്കൂമ്പാരത്തിലേക്ക് നടക്കുന്നു. നെഞ്ചോളം ഉയർന്ന്‌ നിൽക്കുന്ന ആ ചാണകക്കൂമ്പാരമാകട്ടെ  മൻജീത്തിന്റെ മാസങ്ങൾ നീണ്ട അധ്വാനത്തിന്റെ തെളിവാണ്‌.

ഏപ്രിൽ മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു ഉച്ചയായിരുന്നു അത്‌. 30 മിനിറ്റിൽ മൻജീത്‌ തന്റെ ഈ ചെറുയാത്ര ഏട്ടുതവണ ആവർത്തിക്കുന്നുണ്ട്‌. അവസാനം തന്റെ നഗ്നമായ കൈകൾകൊണ്ട്‌ ചാണകം ശേഖരിക്കുന്ന ബക്കറ്റ്‌ അവർ വെള്ളമുപയോഗിച്ച്‌ വൃത്തിയാക്കി. പോകുന്നതിന്‌ മുമ്പ്‌ തന്റെ കൊച്ചുമകനായി ഒരു ചെറു സ്റ്റീൽപാത്രത്തിൽ അരലിറ്റർ ഏരുമപ്പാൽകൂടിയെടുത്തു.

രാവിലെ ഏഴുമണിമുതൽ അവൾ ജോലി ചെയ്ത ആറാമത്തെ വീടാണിത്‌. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ അവരുടെ ഗ്രാമമായ ഹവേലിയനിലെ പ്രബലജാതിക്കാരായ ജാട്ട്‌ സിഖുകളുടെയാണ്‌ ഈ വീടുകളെല്ലാം.

"നിസ്സഹായവസ്ഥായാണ്‌“ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തൊഴുത്തുകൾ വൃത്തിയാക്കാൻ അവളെ പ്രേരിപ്പിച്ചതെന്ന് അവർ പറയുന്നു. ദിവസം എത്രത്തോളം ചാണകം തലയിൽ ചുമക്കുന്നുണ്ടെന്ന്‌ അവൾക്കറിയില്ല. "ഈ ഭാരമെല്ലാം ഇങ്ങനെ ചുമക്കുന്നതിനാൽ തലയ്ക്ക്‌ നല്ല വേദനയാൺ”, അവർ പറയുന്നു.

അവളുടെ വീട്ടിലേക്കുള്ള വഴിയിൽ സ്വർണ്ണനിറത്തിൽ ഗോതമ്പ് പാടങ്ങൾ ചക്രവാളംവരെ നീണ്ടുകിടക്കുന്നു. പഞ്ചാബിലെ വിളവെടുപ്പ്‌ ആഘോഷമായ ഏപ്രിൽ മാസത്തിലെ ബൈസാഖിക്കുശേഷം ഇവയും വിളവെടുക്കും. ഗാന്ധിവിൻഡ്‌ ബ്ലോക്കിലെ കൂടുതൽ കൃഷിയിടങ്ങളും ഹവേലിയൻ ജാട്ട്‌ സിഖുകളുടെ ഉടമസ്ഥതയിലാണ്‌. പ്രധാനമായും അരിയും ഗോതമ്പുമാണ്‌ കൃഷി.

Manjit Kaur cleaning the dung of seven buffaloes that belong to a Jat Sikh family in Havelian village
PHOTO • Sanskriti Talwar

ഹവേലിയൻ ഗ്രാമത്തിലെ ഒരു ജാട്ട്‌ സിഖ്‌ കുടുംബത്തിലെ ഏഴ്‌ എരുമകളുടെ ചാണകം വൃത്തിയാക്കുന്ന മൻജീത്‌ കൗർ

After filling the baalta (tub), Manjit hoists it on her head and carries it out of the property
PHOTO • Sanskriti Talwar

ബക്കറ്റ്‌ ചാണകത്താൽ നിറച്ചശേഷ അത്‌ തലയിൽചുമന്ന്‌ മൻജീത്‌ പുറത്തേക്ക്‌ കൊണ്ടുപോകും

മൻജീത്തിനെ സംബന്ധിച്ച്‌ തണുത്തുറഞ്ഞ ഒരു ചപ്പാത്തിയും ചായയുമാണ്‌ ഉച്ചഭക്ഷണം, തുടർന്ന്‌ ഒരു മണിക്കൂർ വിശ്രമവും. ഇപ്പോൾ അവൾക്ക്‌ ദാഹിക്കുന്നു. "ഈ ചൂടിലും അവർ വെള്ളംപോലും തരാറില്ല”, ഉയർന്ന ജാതിക്കാരായ തന്റെ തൊഴിൽദാതാക്കളെപ്പറ്റി മൻജീത്‌ പറയുന്നു.

മസാബായ്‌ സിഖ്‌ വിഭാഗത്തിൽപ്പെട്ട ദളിത്‌ സമുദായത്തിൽപ്പെട്ടയാളാണ്‌ മൻജീത്‌. രണ്ട്‌ പതിറ്റാണ്ടുമുമ്പ്‌ അവളും കുടുംബവും ക്രിസ്‌തുമതത്തിലേക്ക്‌ മാറി. ഹിന്ദുസ്ഥാൻ ടൈംസിന്റെ 2019-ലെ റിപ്പോർട്ട്‌ പ്രകാരം ഹവേലിയനിലെ മൂന്നിലൊരുവിഭാഗംപേരും ഫാമുകളിലും ദിവസക്കൂലിക്കും മറ്റും ജോലി ചെയ്യുന്ന പട്ടികജാതി, പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരാണ്‌. ബാക്കിയുള്ളവർ ജാട്ട്‌ സിഖ്‌ വിഭാഗക്കാരാണ്‌. ഇവരുടെ 150 ഏക്കറോളം വരുന്ന കൃഷിയിടങ്ങൾ ഫെൻസിങ്ങിന് അപ്പുറത്താണ്, അവിടെനിന്ന് പാക്കിസ്ഥാൻ അതിർത്തി 200 മീറ്റർ മാത്രം അകലെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹവേലിയനിലെ ദളിത്‌ സ്‌ത്രീകൾ ഒന്നുകിൽ ചാണകം ശേഖരിക്കുകയോ തൊഴുത്ത്‌ വ്യത്തിയാക്കുകയോ അല്ലെങ്കിൽ ജാട്ട്‌ സിഖുകളുുടെ വീടുകളിൽ ജോലി നോക്കുകയോ ചെയ്യുന്നവരാണ്‌.

‘സർക്കാർ പാവങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല, അതുകൊണ്ടാണ്‌ ഞങ്ങൾ ചാണകം ശേഖരിക്കാനും വൃത്തിയാക്കാനും പോകുന്നത്‌', മൻജീത്‌ പറയുന്നു.

പണിയെടുത്താൽ അവർക്ക്‌ എന്താണ്‌ കിട്ടുന്നത്‌?

"ഓരോ പശു / എരുമയ്ക്ക്‌ ആറുമാസത്തിലൊരിക്കൽ ഞങ്ങൾക്ക് ഒരു മൻ (ഏകദേശം 37 കിലോ) അരിയോ ഗോതമ്പോ ലഭിക്കും. ഇത്‌ വിളവ്‌കാലത്തെ അടിസ്ഥാനമാക്കിയിരിക്കും”, മൻജീത്‌ പറയുന്നു.

ഏഴ്‌ വീടുകളിലാണ്‌ മൻജീത്‌ ജോലി ചെയ്യുന്നത്‌. ഇവിടെയെല്ലാം കൂടി 50 കന്നുകാലികളാണുള്ളത്‌." ഒരു വീട്ടിൽ 15 എണ്ണമുണ്ട്‌, മറ്റൊരിടത്ത്‌ ഏഴ്‌. മൂന്നാമതൊരിടത്ത്‌ അഞ്ചും നാലാമത്തെ വീട്ടിൽ ആറും....” മൻജീത്‌ എണ്ണാൻ തുടങ്ങി.

എല്ലാവരും കൃത്യം അളവിലാണ്‌ ഗോതമ്പും അരിയുമൊക്കെ കൂലിയായി നൽകുന്നതെന്ന് അവർ പറയുന്നു. 15 കന്നുകാലികളുള്ള ഒരു കുടുംബം ഒഴിച്ച്–-അവൾ പറഞ്ഞു. "15 എണ്ണത്തിനുമായി 370 കിലോ മാത്രമാണ്‌ അവർ നൽകുന്നത്‌, അവിടുത്തെ ജോലി ഉപേക്ഷിച്ചാലോ എന്നാലോചിക്കുകയാണ്‌ ഞാൻ”, അവൾ പറയുന്നു.

It takes 30 minutes, and eight short but tiring trips, to dump the collected dung outside the house
PHOTO • Sanskriti Talwar

ശേഖരിച്ച ചാണകം വീടിന് പുറത്തെത്തിക്കാൻ എട്ടുതവണയായി ആകെ 30 മിനിറ്റ് എടുക്കും

The heap is as high as Manjit’s chest. ‘My head aches a lot from carrying all the weight on my head’
PHOTO • Sanskriti Talwar

മൻജീത്തിന്റെ നെഞ്ചോളം ഉയരത്തിലാണ് ചാണകക്കൂമ്പാരം. ‘ഈ ഭാരം തലയിൽ ചുമന്ന്‌ എന്റെ തല വല്ലാതെ വേദനിക്കുന്നു’

തന്റെ നവജാതനായ കൊച്ചുമകന്‌ പുത്തനുടുപ്പുകൾ വാങ്ങാനും വീട്ടിലെ മറ്റ്‌ ചില ആവശ്യങ്ങൾക്കുമായി ഏഴ്‌ എരുമകളുള്ള ഒരു വീട്ടിൽനിന്ന്‌ 4,000 രൂപ കടം വാങ്ങിയിട്ടുണ്ട്‌ മൻജീത്‌. മേയ് മാസത്തിൽ, അവിടെ ആറുമാസത്തെ ജോലി പൂർത്തിയാക്കിയപ്പോൾ, ഒരു കിലോ ഗോതമ്പിന്റെ വില കണക്കാക്കി കുടിശ്ശിക ഒഴിവാക്കിയാണ്‌ അവൾക്ക് കൂലിയായി വിളവ്‌ നൽകിയത്‌.

ഏഴ്‌ കന്നുകാലികൾക്കുള്ള അവളുടെ കൂലി ഏഴ്‌ മൻ ആണ്‌, ‌അതായത്‌ 260 കിലോ.

ഫുഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യയുടെ കണക്കുപ്രകാരം ഈവർഷം ഒരു ക്വിന്റൽ (100 കിലോ) ഗോതമ്പിന്റെ മിനിമം താങ്ങുവില 2015 രൂപയാണ്‌. അതായത്‌ മൻജീതിന്റെ 260 കിലോയുടെ വില 5,240 രൂപ. കടം വാങ്ങിയത് തിരിച്ചടച്ച ശേഷം മൻജീതിന്റെ കൈയിൽ ബാക്കിയുള്ളത്‌ 1,240രൂപ വിലയുള്ള ഗോതമ്പാണ്‌.

കടം വാങ്ങുന്ന പണത്തിനും പലിശ അടയ്ക്കണം. "നൂറുരൂപയ്ക്ക്‌ (ലോൺതുക) അഞ്ചുരൂപയാണ്‌ അവർ ഈടാക്കുക”, അവൾ പറഞ്ഞു. ഇതനുസരിച്ച്‌ വാർഷിക പലിശ 60 ശതമാനമാണ്‌.

ഏപ്രിൽ പകുതിവരെ 700 രൂപ പലിശയായി മാത്രം അവർ നൽകി.

ഏഴുപേരടങ്ങിയതാണ്‌ മൻജീതിന്റെ കുടുംബം. അമ്പത് വയസ്സ് കഴിഞ്ഞ, കർഷകത്തൊഴിലാളിയായ ഭർത്താവ്‌, കർഷകത്തൊഴിലാളിയായ 24-കാരനായ മകൻ, മരുമകൾ, രണ്ട്‌ കൊച്ചുമക്കൾ, 22-ഉം 17-ഉം വയസ്സുള്ള അവിവാഹിതരായ രണ്ട്‌ പെൺമക്കൾ. ഇരുവരും ജാട്ട്‌ സിഖ്‌ കുടുംബങ്ങളിൽ വീട്ടുജോലി നോക്കുകയാണ്‌. മാസം 500 രൂപയാണ്‌ അവരുടെ വരുമാനം.

മറ്റൊരു തൊഴിലദാതാവിൽനിന്ന്‌ പലിശരഹിത വായ്പയായി 2,500രൂപയും മൻജീത്‌ വാങ്ങിയിട്ടുണ്ട്‌. ഉയർന്നജാതിക്കാരിൽനിന്ന്‌ ചെറിയ വായ്പകൾ വാങ്ങുന്നതിലൂടെയാണ്‌ വീട്ടുചെലവുകൾ നടക്കുന്നത്, അവൾ പറയുന്നു. പലചരക്ക്‌ സാധനങ്ങൾ, മെഡിക്കൽ ബില്ലുകൾ, വിവാഹങ്ങൾ മറ്റ്‌ ആഘോഷങ്ങൾ തുടങ്ങി സ്വയംസഹായസംഘങ്ങളിൽനിന്ന്‌ എടുക്കുന്ന പണം തിരിച്ചടയ്ക്കുന്നതും എല്ലാം ഈ വായ്പ്കളുടെ സഹായത്തോടെയാണ്‌.

Manjit Kaur at home with her grandson (left); and the small container (right) in which she brings him milk. Manjit had borrowed Rs. 4,000 from an employer to buy clothes for her newborn grandson and for household expenses. She's been paying it back with the grain owed to her, and the interest in cash
PHOTO • Sanskriti Talwar
Manjit Kaur at home with her grandson (left); and the small container (right) in which she brings him milk. Manjit had borrowed Rs. 4,000 from an employer to buy clothes for her newborn grandson and for household expenses. She's been paying it back with the grain owed to her, and the interest in cash
PHOTO • Sanskriti Talwar

ഇടത്‌: മൻജീത്‌ കൗർ തന്റെ കൊച്ചുമകനൊപ്പം വീട്ടിൽ; അവനായി അവർ പാലുകൊണ്ടുവരുന്ന ചെറുപാത്രം (വലത്‌). കൊച്ചുമകന്‌ വസ്ത്രങ്ങൾ വാങ്ങാനും വീട്ടുചെലവിനുമായി തൊഴിലുടമയിൽനിന്ന് മൻജീത്‌ 4,000 രൂപ കടം വാങ്ങിയിരുന്നു. തനിക്ക്‌ കൂലിയായി ലഭിക്കാനുള്ള ധാന്യത്തിന്റെ വിലയും പലിശയായി പണവും നൽകി അത് തിരിച്ചടയ്ക്കുന്നു

ഗ്രാമീണ പഞ്ചാബിലെ 96.3 ശതമാനം ദളിത്‌ സ്‌ത്രീത്തൊഴിലാളികളുടെ കുടുംബങ്ങളും വലിയ കടത്തിലാണെന്നാണ്‌പട്ട്യാലയിലെ പഞ്ചാബ്‌ സർവകലാശാലയിലെ എക്കണോമിക്സ്‌ വിഭാഗം മുൻ പ്രൊഫസർ ഡോ. ഗിയാൻ സിങ്‌ 2020 മാർച്ചിൽ പ്രസിദ്ധീകരിച്ച "പഞ്ചാബിലെ ദളിത്‌ വനിതാ തൊഴിലാളികൾ: ഉൾക്കാഴ്ചയിലെ വസ്തുതകൾ' എന്ന പഠനം പറയുന്നു. ഒരു കുടുംബത്തിന്റെ ശരാശരി കടം 54,300 രൂപയാണെന്ന്‌ അദ്ദേഹത്തിന്റെ ഗവേഷണസംഘം സർവെയിലൂടെ കണ്ടെത്തി. മൊത്തം വായ്പ്പാത്തുകയുടെ 80.40 ശതമാനവും സ്ഥാപനേതര സ്രോതസ്സുകളിൽനിന്നാണ് എടുത്തിട്ടുള്ളത്‌.

പണ്ടൊന്നും തൊഴിൽദാതാക്കൾ പലിശ ചുമത്താറില്ല. എന്നാൽ പുതിയവർ അങ്ങനെയല്ലെന്ന്‌ 49-കാരിയായ മറ്റൊരു ദളിത്‌ സ്‌ത്രീത്തൊഴിലാളി സുഖ്‌ബിർ കൗർ പറയുന്നു.

മൻജീതിന്റെ ബന്ധുകൂടിയായ സുഖ്‌ബിർ, തന്റെ ഭർത്താവിനോടും ഇരുപതുകളിലുള്ള രണ്ട്‌ ആൺമക്കൾക്കുമൊപ്പം തൊട്ടടുത്ത്‌ രണ്ടുമുറിയുള്ള വീട്ടിലാണ്‌ താമസം. ലഭ്യമെങ്കിൽ പ്രതിദിനം 300 രൂപയ്ക്ക്‌ ദിവസവേതനത്തിന്‌ ജോലി ചെയ്യുന്ന കർഷകത്തൊഴിലാളികളാണ്‌ ഇവരെല്ലാം. 15 വർഷമായി ജാട്ട്‌ സിഖുകളുടെ വീട്ടിൽ ചാണകം ശേഖരിക്കുകയും തൊഴുത്ത്‌ വൃത്തിയാക്കുകയും ചെയ്യുകയാണ്‌ സുഖ്‌ബിർ.

ആകെ 10 കന്നുകാലികളുള്ള രണ്ട്‌ വീടുകളിലാണ്‌ അവർ ജോലിചെയ്യുന്നത്‌. മൂന്നാമതൊരു വീട്ടിൽ മാസം 500 രൂപ ശമ്പളത്തിൽ വീട്ടുജോലിയും ചെയ്യുന്നു. രാവിലെ ഒമ്പതുമണിക്ക്‌ മുമ്പ്‌ ജോലിക്ക്‌ പോകുന്ന സുഖ്‌ബിറിന്‌ തിരിച്ചുവരാൻ ഒരു നിശ്ചിതസമയമില്ല. "ചില ദിവസങ്ങളിൽ ഞാൻ ഉച്ചയോടെ തിരികെയെത്തും. ചിലപ്പോൾ അത്‌ വൈകിട്ട്‌ മൂന്നോടെയാകും. വൈകിട്ട്‌ ആറുവരെ ഇത്‌ നീണ്ടേക്കാം.' – സുഖ്‌ബിർ പറയുന്നു. "തിരിച്ചുവന്ന്‌ എനിക്ക്‌ ഭക്ഷണം ഉണ്ടാക്കുകയും വീട്ടിലെ മറ്റ്‌ ങോലികൾ ചെയ്യുകയും വേണം. കിടക്കുമ്പോളേക്കും സമയം പത്തായിട്ടുണ്ടാകും.'

വീട്ടുജോലികൾ മിക്കതും മരുമകൾ ചെയ്യുന്നതിനാൽ മൻജിത്തിന് കുറച്ച്‌ ആശ്വാസം ഉണ്ടെന്ന്‌ സുഖ്‌ബിർ പറയുന്നു.

മൻജീതിനെപോലെ കടങ്ങളിൽ ആടിയുലയുകയാണ്‌ സുഖ്‌ബിറും. ഏകദേശം ഒരുവർഷം മുമ്പ്‌, മകളുടെ വിവാഹത്തിനായി ജോലിചെയ്യുന്ന വീട്ടിൽനിന്ന്‌ 40,000 രൂപ മൻജീത്‌ കടം വാങ്ങിയിരുന്നു. കൂലിയായി നൽകുന്ന 220 കിലോ ധാന്യത്തിൽനിന്ന്‌ ഒരു ഭാഗം ഒഴിവാക്കിയിട്ടും ആ വായ്പ പൂർണമായി തിരിച്ചടയ്ക്കാനായിട്ടില്ല.

Sukhbir Kaur completing her household chores before leaving for work. ‘I have to prepare food, clean the house, and wash the clothes and utensils’
PHOTO • Sanskriti Talwar
Sukhbir Kaur completing her household chores before leaving for work. ‘I have to prepare food, clean the house, and wash the clothes and utensils’
PHOTO • Sanskriti Talwar

ജോലിക്ക് പോകുന്നതിന് മുമ്പ് സുഖ്ബീർ കൗർ തന്റെ വീട്ടുജോലികൾ പൂർത്തിയാക്കുന്നു. ‘ഭക്ഷണം തയ്യാറാക്കക്കുകയും, വീട് വൃത്തിയാക്കുകയും, വസ്ത്രങ്ങളും പാത്രങ്ങളും കഴുകുകയും ചെയ്യണം’

ഓരോ ആറുമാസത്തിലും കുടിശ്ശിക കണക്കാക്കും. എന്നാൽ കുടുംബത്തിലെ ചടങ്ങുകൾക്കോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി സുഖ്‌ബിർ കൂടുതൽ പണം കടം വാങ്ങുന്നു. “തേ ചൽതാ ഹെയ് രെഹന്ദാ ഹെയ് (ഇത് ഇങ്ങനെ പോകുന്നു). അതുകൊണ്ടാണ് ഞങ്ങൾക്ക് ഈ കടത്തിന്റെ ചക്രത്തിൽനിന്ന് കരകയറാൻ കഴിയാത്തത്”, സുഖ്ബീർ പറയുന്നു.

വായ്പ നൽകുന്ന കുടുംബം ഇടയ്ക്കിടെ അവളോട്‌ അധികജോലി ചെയ്യാനും ആവശ്യപ്പെടാറുണ്ട്‌. "അവരിൽനിന്ന്‌ കടം വാങ്ങിയതിനാൽ, എതിർത്ത്‌ പറയാനാവില്ല”, സുഖ്‌ബിർ പറയുന്നു. "ഒരുദിവസം ജോലിക്ക്‌ പോകാതെയിരുന്നാൽ അവർ ഞങ്ങളെ ആക്ഷേപിക്കാറുണ്ട്‌. കടംവാങ്ങിയ പണം തിരികെനൽകി വീട്ടിലിരിക്കാൻ പറയും”.

ഇത്തരം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മിക്ക ദളിത് സ്ത്രീകളും വിദ്യാഭ്യാസം കുറഞ്ഞവരാണ്‌, 1985 മുതൽ പഞ്ചാബിലെ അടിമത്തവും ജാതിവിവേചനവും അവസാനിപ്പിക്കാൻ പ്രവർത്തിക്കുന്ന ‘ദളിത് ദസ്ത വിരോധി ആന്ദോളൻ' എന്ന സംഘടനയുടെ പ്രസിഡന്റും അഭിഭാഷകയുമായ ഗഗൻദീപ് പറയുന്നു. ലഭിച്ചൃ ധാന്യത്തിൽനിന്ന് വായ്പ്പാത്തുക കുറയ്ക്കുന്നതുപോലെയുള്ള കണക്കുകൂട്ടലുകൾ കൃത്യമായി ശ്രദ്ധിക്കാൻ അവർക്ക് കഴിയുന്നില്ല. അതിനാൽ അവർ കടക്കെണിയിൽ കുടുങ്ങിക്കിടക്കുന്നു.

ഇങ്ങനെ സ്‌ത്രീകളെ ചൂഷണം ചെയ്യുന്നത്‌ മാൽവ (ദക്ഷിണ പഞ്ചാബ്‌), മാജ്‌ഹ (താൻ തരൺ സ്ഥിതി ചെയ്യുന്ന പഞ്ചാബിന്റെ അതിർത്തിമേഖല) തുടങ്ങിയ പ്രദേശങ്ങളിലും സാധാരണമാണെന്ന്‌ ഗഗൻദീപ്‌ പറഞ്ഞു. "ദോബ മേഖലയിലെ (പഞ്ചാബിലെ ബിയാസിനും സത്‌ലജ്‌ നദിക്കുൺ ഇടയിലുള്ള പ്രദേശം) കൂടുതൽപേരും വിദേശത്തായതിനാൽ സ്ഥിതി അൽപ്പം മെച്ചമാണ്‌'

1948ലെ മിനിമം വേതന നിയമത്തെപ്പറ്റി ഈ ദളിത് സ്‌ത്രീ തൊഴിലാളികൾക്കും ഒന്നും അറിയില്ലെന്നും പഞ്ചാബ്‌ സർവകലാശാലയിലെ ഗവേഷണ സംഘം പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌.

കന്നുകാലികളുടെ ചാണകം ശേഖരിക്കുന്ന സ്ത്രീകളെ മിനിമം വേതനനിയമപ്രകാരം വിജ്ഞാപനം ചെയ്ത തൊഴിലാളിപ്പട്ടികയിൽ  ഉൾപ്പെടുത്തി തൊഴിലാളിയെന്ന പദവി നൽകുന്നില്ലെന്ന് ഗഗൻദീപ് പറഞ്ഞു. അതേസമയം ഗാർഹിക തൊഴിലാളികളെ സർക്കാർ ഈ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ, വീടിന് പുറത്ത് സ്ഥിതിചെയ്യുന്ന തൊഴുത്ത് വൃത്തിയാക്കുന്നവർ അതിലില്ല. "ദിവസം ഒന്നിലധികം വീടുകൾ വൃത്തിയാക്കുകയും ചാണകം ശേഖരിക്കുകയും ചെയ്യുന്ന ഈ സ്ത്രീകൾക്കും മണിക്കൂറിൽ മിനിമം വേതനം നൽകേണ്ടതുണ്ട്”, ഗഗൻദീപ് പറയുന്നു.

Left: The village of Havelian in Tarn Taran district is located close the India-Pakistan border.
PHOTO • Sanskriti Talwar
Right: Wheat fields in the village before being harvested in April
PHOTO • Sanskriti Talwar

ഇടത്: തൻ തരൻ ജില്ലയിലെ ഹവേലിയൻ ഗ്രാമം ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വലത്: ഏപ്രിലിൽ വിളവെടുക്കുന്നതിന് മുമ്പുള്ള ഗ്രാമത്തിലെ ഗോതമ്പ് വയലുകളുടെ ദൃശ്യം

ഇക്കാര്യങ്ങളൊന്നും തന്റെ മകളുടെ ഭർത്താവിന്റെ വീട്ടുകാരുമായി പങ്കുവെക്കാൻ സുഖ്‌ബിറിന്‌ ആകില്ല. "ഇതൊക്കെ അവർക്ക്‌ മനസ്സിലായാൽ ഒരു ദരിദ്രകുടുംബത്തിൽനിന്നാണ്‌ മകൻ വിവാഹം കഴിച്ചതെന്ന്‌ അവർ ചിന്തിക്കും”, അവർ പറയുന്നു. അവരുടെ മരുമകൻ ആശാരിയായി ജോലി ചെയ്യുകയാണ്‌. എന്നാൽ അയാളുടെ കുടുംബം വിദ്യാസമ്പന്നരാണ്‌. വല്ലപ്പോഴും ദിവസവേതനത്തിന്‌ ജോലിക്ക്‌ പോകാറുണ്ടെന്നാണ്‌ സുഖ്‌ബിർ അവരോട്‌ പറഞ്ഞിട്ടുള്ളത്‌.

പതിനേഴാം വയസ്സിൽ നവവധുവായി ഹവേലിയനിലെത്തിയതിനുമുമ്പ് മൻജീത്ത് ജോലി ചെയ്തിരുന്നില്ല. എന്നാൽ അവിടുത്തെ സാമ്പത്തികസാഹചര്യം അവളെ തൊഴിൽ നേടാൻ നിർബന്ധിതയാക്കി. അവളുടെ പെൺമക്കളും വീട്ടുജോലിക്കാരാണ്‌. പക്ഷേ ഒരിക്കലും ഉപജീവനത്തിനായി ചാണകം ശേഖരിക്കാൻ അവരെ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മൻജീത്‌. ഭർത്താക്കൻമാർ തങ്ങളുടെ സമ്പാദ്യം മദ്യത്തിനാണ് ചെലവഴിക്കുന്നതെന്ന് മൻജീത്തും സുഖ്ബീറും ഒരുപോലെ പറയുന്നു. കൂലിയായ 300 രൂപയിൽനിന്ന്‌ 200-ഉം മദ്യം വാങ്ങാൻ അവരെടുക്കും. ഇതോടെ അതിജീവനം ദുഷ്‌കരമാകും, സുഖ്‌ബിർ പറഞ്ഞു. ജോലിയില്ലാത്ത സാഹചര്യത്തിൽ ഭാര്യമാരുടെ സമ്പാദ്യത്തിലും അവർ കൈവെക്കും. "തടയാൻ ശ്രമിച്ചാൽ അവർ ഞങ്ങളെ അടിക്കും തള്ളിയിടുകയും, കൈയ്യിൽ കിട്ടുന്നതുകൊണ്ട് എറിയുകയും ചെയ്യും”, സുഖ്‌ബിർ പറഞ്ഞു.

2019–-21ലെ ദേശീയ കുടുംബാരോഗ്യസർവ്വേപ്രകാരം (എൻ.എഫ്.എച്ച്.എസ്-5) പഞ്ചാബിലെ 1-8നും 49-നും ഇടയിൽ പ്രായമുള്ള, ഒരു തവണയെങ്കിലും വിവാഹിതരായ 11 ശതമാനം സ്‌ത്രീകളും ഭർത്താക്കൻമാരിൽനിന്ന്‌ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഭർത്താക്കൻമാർ തങ്ങളെ തള്ളയിടുമെന്നും വസ്തുക്കൾ ഏറിയുമെന്നും ഏകദേശം 5 ശതമാനംപേർ റിപ്പോർട്ട് ചെയ്തു. 10 ശതമാനം പേർ ഭർത്താക്കൻമാരിൽനിന്ന്‌ അടിയേറ്റവരാണ്‌. 3 ശതമാനം പേർ മുഷ്ടികൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ അടിയേറ്റവരും. അതേ ശതമാനംപേർ ചവിട്ടും വലിച്ചിഴയ്ക്കലും തല്ലും അനുഭവിച്ചവരാണ്‌. ഭർത്താക്കൻമാർ സ്ഥിരമായി മദ്യം കഴിക്കുന്നവരാണെന്ന്‌ 38 ശതമാനം സ്ത്രീകളും പറയുന്നു.

തനിക്ക്‌ ചാണകം ശേഖരിക്കേണ്ടിവരുമെന്ന്‌ ചെറുപ്പത്തിൽ ഒരിക്കലും കരുതിയിരുന്നില്ലെന്ന്‌ അതേ പ്രദേശത്ത്‌ താമസിക്കുന്ന  ളിത് മസാബി സിഖുകാരിയായ സുഖ്‌വിന്ദർ കൗർ (35) പറയുന്നു.  15-ഉം 12-ഉം വയസ്സുള്ള മകനും മകളും, 60 വയസ്സുള്ള ഒരു അമ്മായിയച്ഛനുമൊപ്പമാണ്‌ സുഖ്‌വിന്ദറിന്റെ താമസം. ഭർത്താവ് കർഷകത്തൊഴിലാളിയായിരുന്നിട്ടുകൂടി, മകൻ ജനിച്ചശേഷം ജോലിക്ക്‌ പോകാൻ അമ്മായിയമ്മ (അഞ്ച് വർഷം മുമ്പ് മരിച്ചയാൾ) അവളോട്‌ ആവശ്യപ്പെടുകയായിരുന്നു. കുടുംബച്ചെലവുകൾ സ്വന്തമായി നോക്കാനായിരുന്നു അത്‌.

She started collecting dung and cleaning cattle sheds to manage the family expenses on her own
PHOTO • Sanskriti Talwar
Sukhvinder Kaur outside her house (left) in Havelian village, and the inside of her home (right). She started collecting dung and cleaning cattle sheds to manage the family expenses on her own
PHOTO • Sanskriti Talwar

(ഇടത്ത്) ഹവേലിയൻ ഗ്രാമത്തിലെ തന്റെ വീടിന്റെ പുറത്ത് നിൽക്കുന്ന സുഖ്‌വീന്ദർ കൗർ; (വലത്ത്) അവരുടെ വീടിന്റെ അകവശം. വീട്ടുചിലവുകൾ സ്വന്തമായി സമ്പാദിക്കാൻ‌വെണ്ടി, അവർ ചാണകം ശേഖരിക്കാനും തൊഴുത്ത് വൃത്തിയാക്കാനും തുടങ്ങി

വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായപ്പോൾ, അവൾ ചാണകം ശേഖരിക്കലും, തൊഴുത്ത് വൃത്തിയാക്കലും ഉയർന്ന ജാതിക്കാരുടെ വീടുകളിൽ തറ തുടയ്ക്കലും മറ്റും ചെയ്തുതുടങ്ങി. ഇന്നവൾ അഞ്ച് വീടുകളിൽ ജോലി ചെയ്യുന്നു. 500 രൂപ മാസശമ്പളത്തിൽ രണ്ടിടത്ത്‌ വീട്ടുജോലിക്കാരിയായും. മറ്റ് മൂന്ന് വീടുകളിൽ ചാണകം ശേഖരിക്കലാണ് ജോലി. ഇവിടെ ആകെ 31 കന്നുകാലികളുണ്ട്‌.

നേരത്തെ അവൾക്കതിനോട്‌ വെറുപ്പായിരുന്നു. “അത് എന്റെ തലയ്‌ക്ക്‌ ഒരു ഭാരമായിരുന്നു”, ഒരേസമയം കൊണ്ടുപോകുന്ന 10 കിലോ ഭാരമുള്ള ചാണക ബക്കറ്റിനെക്കുറിച്ച്‌ അവൾ പറയുന്നു. ഒപ്പം ദുർഗന്ധവും. "എന്നാൽ ഇപ്പോൾ എന്റെ തലച്ചോറിന്‌ അതൊന്നും മനസിലാകില്ല”, അവൾ പറയുന്നു.

2021 ഒക്‌ടോബറിൽ സുഖ്‌വിന്ദറിന്റെ കർഷകത്തൊഴിലാളിയായ ഭർത്താവിന്‌ ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഒടുവിൽ വൃക്ക തകരാറിലാണെന്ന് കണ്ടെത്തി. ഒരു സ്വകാര്യ ആശുപത്രിയിലേക്ക്‌ അദ്ദേഹത്തെ കൊണ്ടുപോയെങ്കിലും തൊട്ടടുത്ത ദിവസം രാവിലെ മരിച്ചു. "മെഡിക്കൽ റിപ്പോർട്ടിൽനിന്ന്‌ അദ്ദേഹത്തിന് എയിഡ്‌സ്‌ ഉണ്ടായിരുന്നുവെന്ന്‌ ഞങ്ങൾ മനസ്സിലാക്കി”, സുഖ്‌വിന്ദർ പറഞ്ഞു. അപ്പോഴാണ് അവൾ കടം വാങ്ങിത്തുടങ്ങിയത്‌. പരിശോധനകൾക്കായി  ഒരു തൊഴിലുടമയിൽനിന്ന് 5,000 രൂപ. പിന്നാലെ 10,000 രൂപയും. അന്ത്യകർമങ്ങൾക്കും മറ്റു ചടങ്ങുകൾക്കുമായി 5,000 രൂപയും.

ഭർത്താവിന്റെ മരണത്തിന് മുമ്പ് അവൾ എടുത്ത ഒരു ലോണിന്‌ പ്രതിമാസ പലിശ 10 രൂപയായിരുന്നു. നൂറുരൂപയ്ക്ക്‌ പ്രതിവർഷം 120രൂപ പലിശ നിരക്ക്. കടം നൽകിയ കുടുംബം അവരുടെ വീട്ടിൽനിന്ന് സുഖ്‌വിന്ദർ ആഭരണങ്ങൾ മോഷ്ടിച്ചതായി ആരോപിച്ചു. "അതിനാൽ ഞാൻ അവിടുത്തെ ജോലി ഉപേക്ഷിച്ചു.  കടം പലിശസഹിതം തിരിച്ചടയ്ക്കാൻ മറ്റ്‌ പലരിൽനിന്നുമായി 15,000 രൂപ കടം വാങ്ങി. അവസാനം അവരുടെ വീട്ടിൽ നിന്നുതന്നെ ആഭരണങ്ങൾ കണ്ടെത്തി.'–- സുഖ്‌വിന്ദർ പറയുന്നു.

ആ 15,000 രൂപ ഇനിയും തിരിച്ചടയ്ക്കാനുണ്ട്.

Helplessness and poverty pushes Mazhabi Sikh women like Manjit Kaur in Havelian to clean cattle sheds for low wages. Small loans from Jat Sikh houses are essential to manage household expenses, but the high interest rates trap them in a cycle of debt
PHOTO • Sanskriti Talwar

നിസ്സഹായതയും ദാരിദ്ര്യവും കാരണം കുറഞ്ഞ കൂലിക്ക് തൊഴുത്ത് വൃത്തിയാക്കാൻ ഹവേലിയനിലെ മൻജീത് കൗറിനെപ്പോലുള്ള മസാബി സിഖ് സ്ത്രീകൾ നിർബന്ധിതരാവുന്നു. അവർക്ക്‌ ഗാർഹിക ചെലവുകൾ കൈകാര്യം ചെയ്യാൻ ജാട്ട് സിഖ് വീടുകളിൽനിന്നുള്ള ചെറിയ വായ്പകൾ അനിവാര്യമാണ്, എന്നാൽ ഉയർന്ന പലിശനിരക്ക് അവരെ കടത്തിൽ കുടുക്കി

ഇത്തരം ഉയർന്ന പലിശനിരക്കുകൾ കാ‍രണം, ഈ സ്ത്രീകളുടെ വായ്പകൾ ഒരിക്കലും പൂർണമായി തിരിച്ചടയ്ക്കപ്പെടുന്നില്ലെന്ന് ദളിത് ദസ്തൻ വിരുദ്ധ ആന്ദോളന്റെ തൻ തരൻ ജില്ലാ പ്രസിഡന്റ്‌ രഞ്ജിത്ത്‌ സിങ്‌ പറയുന്നു. "കടം ഒരിക്കലും തീർക്കാൻ കഴിയാത്തവിധം ഉയർന്നതായിരിക്കും പലിശനിരക്ക്‌. ഒടുവിൽ, സ്‌ത്രീത്തൊഴിലാളി ബന്ദുവ മസ്ദൂരിയിലേക്ക് (ബോണ്ടിലൂടെയുള്ള ജോലി) തള്ളപ്പെടും.'–-അദ്ദേഹം പറയുന്നു. ഉദാഹരണത്തിന് 10,000 രൂപ വായ്പയുടെ പലിശയായി പ്രതിമാസം 1,000 രൂപയാണ്‌ സുഖ്‌വിന്ദർ നൽകുന്നത്‌.

നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പാണ്‌ രാജ്യത്ത്‌- ബോണ്ടഡ് ലേബർ സിസ്റ്റം 1976 (അബോളിഷൻ) നിയമം പ്രഖ്യാപിച്ചത്‌. ലംഘിച്ചാൽ മൂന്നുവർഷം വരെ തടവും രണ്ടായിരം രൂപ പിഴയും ലഭിക്കുന്നതാണ്‌ നിയമം. പട്ടികജാതി-, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989 പ്രകാരം ഈ വിഭാഗത്തിൽപ്പെട്ട ഒരാളെ നിർബന്ധിതമായി ജോലി ചെയ്യിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

എന്നാൽ ഇത്തരം കേസുകൾ വിചാരണ ചെയ്യാൻ ജില്ലാ ഭരണകൂടം വലിയ താത്പര്യം കാണിക്കുന്നില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്.

"അദ്ദേഹം (അവളുടെ ഭർത്താവ്) ജീവിച്ചിരുന്നെങ്കിൽ വീട് മുന്നോട്ടുകൊണ്ടുപോകൻ കുറച്ചുകൂടി എളുപ്പമായേനേ”, സുഖ്‌വീന്ദർ തന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കി പറഞ്ഞു. "വായ്പകളെടുത്തും തിരിച്ചടച്ചും ഞങ്ങളുടെ ജീവിതംതന്നെ പാഴായിപ്പോവുന്നു."

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

Sanskriti Talwar

Sanskriti Talwar is an independent journalist based in New Delhi, and a PARI MMF Fellow for 2023.

Other stories by Sanskriti Talwar
Editor : Kavitha Iyer

Kavitha Iyer has been a journalist for 20 years. She is the author of ‘Landscapes Of Loss: The Story Of An Indian Drought’ (HarperCollins, 2021).

Other stories by Kavitha Iyer
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup