“അടിയന്തരഘട്ടങ്ങളിൽ ഞാൻ അവിടെ പോയാണ്‌ ആശ്വാസം തേടുക,” ഇടതൂർന്ന്‌ വളരുന്ന മുള്ളുകളുള്ള തേയിലക്കാടുകൾക്കിടയിലെ ചെറുവിടവ് ചൂണ്ടിക്കാട്ടി ദിവ്യ തോപ്പോ (സാങ്കൽപ്പിക പേര്‌) പറഞ്ഞു.

ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന സാധരണ തൊഴിലാളികളുടെ തൊഴിൽസാഹചര്യംതന്നെ മോശമാണെങ്കിലും നിങ്ങളൊരു തേയില തോട്ടം തൊഴിലാളിയായ സ്ത്രീയാണെങ്കിൽ ശുചിമുറി ഇടവേളകൾപോലും അജ്ഞാതമായ അപകടങ്ങൾ നിറഞ്ഞതായിരിക്കാം.

“എന്റെ  യൗവനകാലത്തു അടിയന്തര സാഹചര്യങ്ങളിൽ ഞാൻ ക്വാർട്ടേഴ്സിലേക്ക് സൈക്കിൾ ഓടിച്ചുപോയാണ്‌ ടോയ്‌ലറ്റ് ഉപയോഗിച്ചത്”. 53-കാരിയായ ആ തൊഴിലാളിസ്ത്രീ ഓർത്തെടുത്തു. പക്ഷേ അത്തരം യാത്രകൾ തേയില നുള്ള് സമയത്തെ കുറച്ചുകൊണ്ടിരുന്നു. "ദിവസവും എനിക്ക് എന്റെ ടാർഗറ്റ് പൂർത്തിയാക്കണം (തേയിലയുടെ കൊളുന്ത് നുള്ളുന്ന പണി). എനിക്ക് ഇത് കൂലി നഷ്ടപെടുത്താനാകില്ല. "ആകെ രണ്ട് വഴികളാണ് ഞങ്ങൾക്ക് മുന്നിലുള്ളത് - ഒന്നുകിൽ ദിവസം മുഴുവൻ മൂത്രമൊഴിക്കാനുള്ള ത്വര നിയന്ത്രിച്ചുവെക്കണം. അല്ലെങ്കിൽ തുറസ്സായ സ്ഥലത്ത് പോകുക. പക്ഷേ ഇവിടുത്തെ കീടങ്ങളുടെയും അട്ടകളുടെയും എണ്ണം നോക്കുമ്പോൾ അതും അപകടകരമാണ് '"അവളുടെ സഹപ്രവർത്തകയായ സുനിത കിശു (സാങ്കൽപ്പിക പേര്) പറയുന്നു.

ചില തേയിലക്കമ്പനികൾ കുടകൾ, ചപ്പൽ, ടാർപോളിൻ, ജൂരി (ബാഗ്) എന്നിവ നൽകാറുണ്ട്. "ചെടികളിലെ വെള്ളം വീണ് ഞങ്ങളുടെ വസ്ത്രങ്ങൾ നനയാതിരിക്കാൻ ടാർപോളിൻ സഹായിക്കും.പക്ഷേ മറ്റ്  സാധനങ്ങൾ ബൂട്ട് പോലെയുള്ളവ) ഞങ്ങൾ തന്നെ വാങ്ങണം“. ദിവ്യ പറയുന്നു.

"തുടർച്ചയായി 10 മണിക്കൂർ ഞങ്ങൾക്ക് ജോലി ചെയ്യണം",  26 വയസ്സുള്ള സുനിത (സാങ്കൽ‌പ്പിക പേര്) പറയുന്നു. ശുചിമുറി ഉപയോഗിക്കാൻ അവൾ സ്വന്തം വീട്ടിലേക്ക് നടന്നുപോകുകയാണെകിൽ മണിക്കൂറുകളുടെ വേതനം അവൾക്ക് നഷ്ടമാകും. രണ്ട്  കുട്ടികളുടെ അമ്മയായ തനിക്കത് താങ്ങാനാകില്ലെന്ന് സുനിത പറയുന്നു.

PHOTO • Adhyeta Mishra
PHOTO • Adhyeta Mishra

ഇടത്: പശ്ചിമ ബംഗാളിലെ ജൽപയ്ഗുരിയിലുള്ള ഒരു എസ്റ്റേറ്റ്. വലത്: ചൂടിൽനിന്ന് സ്വയംരക്ഷിക്കാൻ തൊഴിലാളി  കുട ഉപയോഗിക്കുന്നു

പശ്ചിമ ബംഗാളിലെ ഡോർസ് മേഖലയിലെ എസ്റ്റേറ്റിലെ ആയിരക്കണക്കിന് ദിവസക്കൂലിക്കാരായ തൊഴിലാളികളിൽപ്പെട്ടവരാണ് ദിവ്യയും സുനിതയും. ഈ തൊഴിലാളികളിൽ കൂടുതലും സ്ത്രീകളാണ്. ജോലിസമയത്ത് ശുചിമുറിസൗകര്യം ലഭ്യമാവുന്നത് അപൂർവ്വമാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നിരവധി സ്ത്രീകൾ പാരിയോട് പറഞ്ഞു.

ദീർഘനേരം പിടിച്ചുവെക്കുന്നതിനാൽ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പുകച്ചിൽ സഹിക്കാൻ വയ്യാതെ പലരും ഓക്സിലറി നഴ്സ് മിഡ്‌വൈഫായ ചാമ്പ ദേയുടെ (സാങ്കൽപ്പിക പേര്) അടുത്തേക്ക് പോകും. അവരുടെ മൂത്രത്തിലെ രക്തത്തിന്റെ അംശം മൂത്രനാളി അണുബാധയിലേക്ക് (യുടിഐ) വിരൽ ചൂണ്ടുന്നതായി അവർ പറയുന്നു. “വളരെ കുറച്ച് വെള്ളം ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്,” കഴിഞ്ഞ 34 വർഷമായി തേയിലത്തൊഴിലാളികൾക്കിടയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തക പറയുന്നു.

എസ്റ്റേറ്റിന്റെ പല  ഭാഗങ്ങളിലായി തേയിലക്കമ്പനിയ്ധികൃതർ കുടിവെള്ള ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ടെകിലും തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കേണ്ടിവരുമെന്നതിനാൽ കൂടുതൽ പേരും (പ്രധാനമായും സ്ത്രീകൾ) ഈ ടാങ്കുകൾ ഉപയോഗിക്കാറില്ല എന്നും ചമ്പ കൂട്ടിച്ചേർത്തു.

ശുചിമുറികൾ ദൂരെയാകുന്നത്, തേയില നുള്ളാനുള്ള അവരുടെ സമയത്തെയും ഇല്ലാതാക്കും, അത് വേതന നഷ്ടത്തിലേക്കും നയിക്കും. ഒരു തൊഴിലാളിക്ക് ദിവസക്കൂലിയായ 232 രൂപ ലഭിക്കാൻ 20 കിലോ തേയില ശേഖരിക്കണം. 10 മണിക്കൂർ ഇടവേളയില്ലാതെ ജോലി ചെയ്താൽ മണിക്കൂറിൽ ഏകദേശം 2 കിലോ ഇല നുള്ളാനാകും.

PHOTO • Adhyeta Mishra

ശൗചാലയത്തിൽ പോകുന്നത് അവർ തേയില നുള്ളാൻ ചെലവഴിക്കുന്ന സമയത്തെ ഇല്ലാതാക്കുകയും കൂലി നഷ്ടപ്പെടുത്തുകയും  ചെയ്യുന്നു

"കനത്ത  ചൂട് കാരണം രണ്ടുമണിക്കൂറിൽ രണ്ട് കിലോ ഇല  നുള്ളാനേ എനിക്ക് കഴിഞ്ഞുള്ളു," പുഷ്പ ലക്ര (സാങ്കൽപ്പിക പേര്) പറഞ്ഞു. രാവിലെ 7.30-ന് ജോലിക്കെത്തുന്ന അവൾ സൂര്യാസ്തമയത്തിന് തൊട്ടുമുൻപ് വൈകിട്ട് അഞ്ചിനാണ് തിരികെ പോകുന്നത്. കഴിഞ്ഞ 8 വർഷമായി ഇതാണ് അവളുടെ ദിനചര്യ. അവളുടെ തലയിൽ കെട്ടിവെച്ചിരിക്കുന്ന ജുരിയിൽ തിളക്കമുള്ള പച്ചയിലകൾ കിടക്കുന്നു.

"കൂടുതൽ ദിവസങ്ങളിലും, പ്രത്യേകിച്ച് ചൂടുകാലത്തും മഴക്കാലത്തും ദിവസേനയുള്ള ടാർഗറ്റ് ഞങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയാറില്ല, അതുകാരണം ദിവസക്കൂലിയിൽനിന്ന് 30 രൂപ വീതം നഷ്ടമാകും,” കഴിഞ്ഞ അഞ്ചുവർഷമായി തേയിലത്തൊഴിലാളിയായി ജോലി ചെയ്യുന്ന ദിപ ഓരോൺ (സാങ്കൽ‌പ്പിക പേര്) പറഞ്ഞു.

ആർത്തവ ദിവസങ്ങളിൽ ശുചിമുറി സൗകര്യമില്ലാത്തത് സ്ത്രീകളെ സംബന്ധിച്ച് പേടിസ്വപ്നമാണ്. "സാനിറ്ററി പാഡ് മാറാൻ ഒരു മാർഗവുമില്ല",  28 വയസ്സുള്ള ഒരു തൊഴിലാളി മേരി കിസ്‌ക്‌ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി അവൾ ജോലി നോക്കുന്നു. "ഒരിക്കൽ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ എനിക്ക് ആർത്തവമുണ്ടായി. എന്നാൽ അന്നത്തെ ടാർഗറ്റ് പൂർത്തിയാക്കാനുള്ളതിനാൽ വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. ആ ദിവസം രക്തത്തിൽ കുതിർന്ന വസ്ത്രങ്ങളുമായാണ് ഞാൻ വീട്ടിൽ തിരിച്ചെത്തിയത്, " മേരി ഓർത്തെടുത്തു.

തന്റെ മേഖലയിൽപ്പെട്ടവരിൽ ആർത്തവകാല ശുചിത്വത്തിൽ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പ്രാദേശിക ആശ വർക്കറാണ് റാണി ഹോറോ. "വൃത്തിഹീനമായ ടോയ്‍ലെറ്റുകൾ, കൃത്യമായ ജലവിതരണത്തിന്റെ അഭാവം, ആർത്തവസമയത്ത് മലിനമായ തുണിക്കഷണങ്ങളുടെ ഉപയോഗം എന്നിവയൊക്കെ ആരോഗ്യപ്രശ്നനങ്ങൾക്കും ഗർഭകാലത്തെ പ്രതിസന്ധികൾക്കും കാരണമാകും,''  കഴിഞ്ഞ 10 വർഷമായി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന റാണി പറയുന്നു.

“തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകൾ കുറഞ്ഞ  രക്താദിമർദ്ദം നേരിടുന്നവരാണ്. ഇത് ആരോഗ്യപ്രശ്നങ്ങൾ കൂട്ടുന്നു. ക്ഷയവും വിളർച്ചയുമുള്ള സ്ത്രീകൾ പ്രസവസമയത്ത് വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കാറുമുണ്ട്.” ചമ്പ കൂട്ടിച്ചേർത്തു.

PHOTO • Adhyeta Mishra
PHOTO • Adhyeta Mishra

നോക്കാൻ മറ്റാരുമില്ലാത്തതിനാൽ പല സ്ത്രീകളും തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ ജോലിക്ക് കൂടെ കൊണ്ടുവരുന്നു. നവജാത ശിശുക്കൾക്ക് ഊഞ്ഞാലാടാനും ഉറങ്ങാനും തണലുള്ള സ്ഥലങ്ങളിൽ (വലത്) ദുപ്പട്ട തൂക്കിയിട്ടിരിക്കുന്നു

PHOTO • Adhyeta Mishra
PHOTO • Adhyeta Mishra

ഇടത്: തേയിലത്തോട്ടത്തിലെ സ്ത്രീ തൊഴിലാളികളോട് സംസാരിക്കുന്ന പ്രാദേശിക ആരോഗ്യ പ്രവർത്തകർ. വലത്: ജൽപായ്ഗുരിയിലെ ഒരു എസ്റ്റേറ്റിലെ ആരോഗ്യ കേന്ദ്രം

വീട്ടുജോലികൾ തീർത്ത് രാവിലെ 6:30-നാണ് പുഷ്പ, ദീപ, സുനിത തുടങ്ങിയ തൊഴിലാളികൾ വീട്ടിൽനിന്ന് ജോലിക്ക് പുറപ്പെടുക. “കൃത്യസമയത്ത് എസ്റ്റേറ്റിലെത്താൻ പല സ്ത്രീകളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നു,” കമ്മ്യൂണിറ്റി ഹെൽത്ത് വർക്കറായ രഞ്ജന ദത്ത (സാങ്കൽപ്പിക പേര്) പറയുന്നു. അവർക്ക് കൃത്യമായി ഉച്ചഭക്ഷണ ഇടവേള ലഭിക്കുന്നില്ല, അതിനാൽ ശരിയായ രീതിയിൽ ഉച്ചഭക്ഷണം കഴിക്കാൻ സമയവും കിട്ടാറില്ല. "ഇതുകൊണ്ടാണ് ഇവിടുത്തെ പല സ്ത്രീ തൊഴിലാളികൾക്കും കടുത്ത വിളർച്ച ഉണ്ടാവുന്നത്",  രഞ്ജന കൂട്ടിച്ചേർക്കുന്നു.

“ആവശ്യമെങ്കിൽ ഞങ്ങൾക്ക് ആരോഗ്യകേന്ദ്രത്തിൽ (ചില എസ്റ്റേറ്റുകൾ തൊഴിലാളിക്ക് നൽകുന്ന സൗകര്യം) മെഡിക്കൽ ലീവിന് അപേക്ഷിക്കാം, എന്നാൽ ഞങ്ങളുടെ വേതനത്തിന്റെ നാലിലൊന്ന് നഷ്ടപ്പെടും. അത് ഞങ്ങൾക്ക് താങ്ങാൻ കഴിയില്ല”,  മേരി പറയുന്നു. തൊഴിലാളികളിൽ പലരും അവളോട് യോജിക്കുന്നു. ഏതാനും മണിക്കൂറുകൾ നഷ്ടപ്പെട്ടാൽ താത്കാലിക തൊഴിലാളികൾക്ക് ശമ്പളമേ ലഭിക്കില്ല.

തോട്ടത്തിൽ ജോലി ചെയ്യുന്ന പല സ്ത്രീകൾക്കും അവരുടെ കുട്ടികളെയും നോക്കേണ്ടതുണ്ട്. “എന്റെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതിനാൽ എനിക്ക് ഇന്ന് ജോലിക്കെത്താൻ കഴിഞ്ഞില്ല. ഇന്നത്തെ കൂലിയുടെ നാലിലൊന്ന് എനിക്ക് നഷ്ടമാകും,” സ്ഥിരം തൊഴിലാളിയായ പമ്പ ഒറോൺ (സാങ്കൽപ്പിക പേര്) പറയുന്നു.

കുഞ്ഞുങ്ങളെ നോക്കാൻ മറ്റാരുമില്ലാത്തതിനാൽ മിന മുണ്ടയെപ്പോലെയുള്ള (സാങ്കൽപ്പിക പേര്) പല സ്ത്രീകളും തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുമായാണ് ജോലിക്കെത്തുന്നത്. ഇത് അവരുടെ ജോലിയെ ബാധിക്കുന്നു. “എനിക്ക് ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല,” രണ്ട് ചെറിയ കുട്ടികളുള്ള മിന പറയുന്നു.

കുറഞ്ഞ വേതനം കാരണം പല സ്ത്രീകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്താൻ കഴിയാറില്ല. “ഇത് എന്റെ ആദ്യത്തെ കുട്ടിയാണ്. അവന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താൻ ഞങ്ങൾക്ക് കഴിയുമോ എന്ന് എനിക്കറിയില്ല ”, ഏഴുമാസം പ്രായമുള്ള മകനെക്കുറിച്ച് 20 വയസുകാരിയായ മോമ്പി ഹൻസ്ഡ പറയുന്നു.

ഈ സ്റ്റോറിയിലെ പല സ്ത്രീകളും പേര് വെളിപ്പെടുത്തില്ല എന്ന ധാരണ പ്രകാരമാണ് അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത്.

പരിഭാഷ: അശ്വതി ടി കുറുപ്പ്

Student Reporter : Adhyeta Mishra

Adhyeta Mishra is a post-graduate student of comparative literature at Jadavpur University, Kolkata. She is also interested in gender studies and journalism.

Other stories by Adhyeta Mishra
Editor : Sanviti Iyer

Sanviti Iyer is Assistant Editor at the People's Archive of Rural India. She also works with students to help them document and report issues on rural India.

Other stories by Sanviti Iyer
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup