അതിവിദഗ്ദ്ധരായ കോരചെത്തുകാർക്ക് 15 സെക്കൻഡിൽ താഴെ മതി അത് അരിഞ്ഞെടുക്കാൻ, അര മിനുട്ട് അത് തട്ടിക്കുടയാൻ, കെട്ടുണ്ടാക്കാൻ പിന്നെയും കുറച്ചു മിനുട്ടുകൾ. പുല്ല് പോലുള്ള ആ ചെടിക്ക് അവരേക്കാൾ ഉയരമുണ്ട്, ഓരോ കെട്ടും അഞ്ച് കിലോയോളം കാണും. കത്തുന്ന സൂര്യന് കീഴെ 12-15 കെട്ടുകൾ ഒരേസമയം തലയിലേറ്റി അര കിലോമീറ്ററോളം നടക്കുന്ന ആ സ്ത്രീകൾ അത് ആയാസരഹിതം എന്ന് തോന്നിപ്പിക്കും – ഒരു കെട്ടിന് വെറും 2 രൂപ സമ്പാദിക്കാനാണ് ഇതെല്ലാം.

തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ നദിയോട് ചേർന്ന പാടങ്ങളിൽ ധാരാളമായി വളരുന്ന കോരപ്പുല്ലുകളുടെ 150 കെട്ടെങ്കിലും വൈകുന്നേരമാവുമ്പോഴേക്കും ഓരോരുത്തരും ഉണ്ടാക്കിയിരിക്കും.

കരൂരിലെ മനവാസി ഗ്രാമത്തിലെ നതമേട് പ്രദേശത്ത്‌ കാവേരിയുടെ തീരത്ത് ഈ കോരചെത്തുകാർ - ഭൂരിഭാഗവും സ്ത്രീകൾ - ഇടവേളയില്ലാതെ എട്ട് മണിക്കൂർ തൊഴിൽ ചെയ്തു കൊണ്ടിരിക്കുന്നു. അവർ കുനിഞ്ഞുനിന്ന് ഈ നിബിഡ പുൽപ്പരപ്പുകൾ വെട്ടിമാറ്റുന്നു, നഗ്നകരങ്ങൾ കൊണ്ട് തണ്ടുകൾ മെതിച്ചു കെട്ടുകളാക്കുന്നു, അവ ശേഖരണ സ്ഥാനത്ത് നിക്ഷേപിക്കുന്നു. വൈദഗ്ദ്ധ്യവും ശക്തിയും ആവശ്യമുള്ള കഠിന തൊഴിലാണിത്.

മിക്കവരും ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ കോരപ്പുല്ലുകൾ അരിയാൻ തുടങ്ങിയതാണ്. “ഞാൻ ജനിച്ച അന്ന് തൊട്ട് കോരക്കാടാണ് എന്‍റെ ലോകം. 10 വയസ്സായപ്പോൾ തുടങ്ങിയതാണ് ഈ പണി, 3 രൂപ വെച്ച് ദിവസം സമ്പാദിക്കുമായിരുന്നു,” 59-കാരിയായ എ. സൗഭാഗ്യം പറയുന്നു. അവരുടെ വരുമാനത്തിലാണ് അഞ്ചംഗ കുടുംബം ഇപ്പോൾ കഴിയുന്നത്.

സ്കൂളിൽ പോകുന്ന 2 ആണ്മക്കളുടെ അമ്മയും വിധവയുമായ 33-കാരി എം. മഗേശ്വരി അവരുടെ പിതാവ് പശുക്കളെ മേയ്ക്കാനും കോര അരിയാനുമായി ചെറുപ്പത്തിൽ അവരെ പറഞ്ഞു വിടുന്നത് ഓർത്തെടുക്കുകയാണ്. “ഞാൻ സ്കൂളിന്‍റെ പടി കണ്ടിട്ടില്ല,” അവർ പറയുന്നു. 39-കാരി സെൽവിയാകട്ടെ അവരുടെ മാതാവിന്‍റെ വഴി പിന്തുടരുകയാണ്. “അമ്മയും കോര വെട്ടുകാരി ആയിരുന്നു. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ഈ പണി തുടങ്ങി. ഈ പാടങ്ങൾ എന്‍റെ രണ്ടാം വീടാണ്,” അവർ പറയുന്നു.

വീഡിയോ കാണൂ : കരൂരിൽ കോര അരിയുന്നു

തമിഴ്‌നാട്ടിലെ പിന്നോക്കവിഭാഗമായ മുത്തരയ്യര്‍ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്ത്രീകളെല്ലാം തിരുച്ചിറപ്പള്ളി ജില്ലയിലെ അമൂരിൽ നിന്ന് വരുന്നവരാണ്. നതമേട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മുസിരി താലൂക്കിലെ ഈ ഗ്രാമവും കാവേരിയുടെ തീരത്താണ്. പക്ഷെ പ്രദേശത്തെ മണലെടുപ്പ് മൂലം അമൂരിൽ ജലക്ഷാമം നേരിടുന്നു. “കനാലിൽ കുറച്ചെങ്കിലും വെള്ളമുള്ളപ്പോൾ കോര എന്‍റെ ഗ്രാമത്തിലും വളരാറുണ്ടായിരുന്നു. പിന്നീട് വെള്ളം തീരെ കുറഞ്ഞപ്പോൾ ഞങ്ങൾക്ക് ജോലിക്കായി ഇത്രയുമധികം ദൂരം താണ്ടേണ്ട ഗതി വന്നു,” മഗേശ്വരി പറയുന്നു.

അതുകൊണ്ട് അമൂർ നിവാസികൾ 300 രൂപ ദിവസകൂലിക്കായി അയൽ ജില്ലയായ കരൂരിലെ ജലസേചന പാടങ്ങളിലേക്ക് ബസ്സോ ലോറിയോ കയറുന്നു. 42-കാരിയായ ഭാര്യ കെ. അക്കണ്ടിക്കൊപ്പം പുല്ലരിയുന്ന 47-കാരൻ വി.എം. കണ്ണൻ ഈ വൈരുധ്യം വ്യക്തമാക്കുന്നതിപ്രകാരം: “കാവേരി അന്യർക്ക് വേണ്ടി ചൂഷണം ചെയ്യപ്പെടുമ്പോൾ പ്രദേശവാസികൾ കഷ്ടപ്പെടുന്നു.”

15 വയസ്സു മുതൽ കോര അരിയുന്ന 47-കാരി എ മാരിയായി പറയുന്നു, “പണ്ടൊക്കെ ഞങ്ങൾ 100 കെട്ടുകൾ ശേഖരിക്കുമായിരുന്നു. അന്ന് കൂലിയും വളരെ കുറവായിരുന്നു, ഒന്നിന് 60 പൈസ കിട്ടുമായിരുന്നുള്ളൂ. ഇന്നിപ്പോൾ കുറഞ്ഞത് ഞങ്ങൾ 150 കെട്ട് ശേഖരിക്കും, 300 രൂപയും കിട്ടും.”

“1983ൽ ഒരു കെട്ടിന് 12.5 പൈസയായിരുന്നു,” 12-ാം വയസ്സു മുതൽ ദിവസം 8 രൂപ വെച്ച് കോര വിളവെടുത്തിരുന്ന കണ്ണൻ ഓർക്കുന്നു. “കരാറുകാർക്ക് ഒത്തിരി അപേക്ഷകൾ സമർപ്പിച്ചതിനു ശേഷം 10 വർഷം മുൻപ് മാത്രമാണ് തുക ഒരു കെട്ടിന് 1 രൂപയായും പിന്നീട് 2 രൂപയായും ഉയർത്തിയത്,” അയാൾ കൂട്ടിച്ചേർക്കുന്നു.

അമൂരിൽ നിന്ന് തൊഴിലാളികളെ കരാറിനെടുക്കുന്ന കരാറുകാരൻ മണി, വാണിജ്യപരമായി കോര കൃഷി ചെയ്യാൻ 1-1.5 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തിരിക്കുകയാണ്. പാടത്ത് വെള്ളം കുറയുമ്പോൾ ഒരേക്കറിന് മാസവാടക 12,000 മുതൽ 15,000 വരെയാകും. “ജലനിരപ്പ് ഉയർന്നിരിക്കുമ്പോഴുള്ളതിന്‍റെ 3-4 മടങ്ങ് വരും ഇത്.” അയാളുടെ മാസവരുമാനം ഒരേക്കറിന് 1,000-5,000 രൂപയാണെന്നും അയാൾ ഇതോടൊപ്പം കൂട്ടിച്ചേർക്കുന്നു- അത് വില കുറച്ച് പറഞ്ഞതായിരിക്കാനാണ് സാധ്യത.

Left: V.M. Kannan (left) and his wife, K. Akkandi (right, threshing), work together in the korai fields. Most of the korai cutters from Amoor are women
PHOTO • M. Palani Kumar
Left: V.M. Kannan (left) and his wife, K. Akkandi (right, threshing), work together in the korai fields. Most of the korai cutters from Amoor are women
PHOTO • M. Palani Kumar

വി . എം . കണ്ണനും ( ഇടത് ) ഭാര്യ കെ . അക്കണ്ടിയും ( വലത് , മെതിക്കുന്നു ) കോര പാടങ്ങളിൽ ഒരുമിച്ച് പണിയെടുക്കുന്നു . അമൂരിൽ നിന്നുള്ള മിക്ക കോര വെട്ടുകാരും സ്ത്രീകളാണ്

സൈപെരാസിയേ (Cyperaceae) കുടുംബത്തിലെ ഒരു ചെടിയാണ് കോര; ആറ് അടിയോളം ഉയരത്തിൽ ഇത് വളരും. പുൽപ്പായകളുടെയും മറ്റും നിർമാണത്തിന് പേരു കേട്ട മുസിരിയിലെ കോര പായ-നെയ്ത്ത് വ്യവസായത്തിലേക്കായി കരൂര്‍ ജില്ലയിൽ ഇവ വാണിജ്യപരമായി ഉൽപ്പാദിപ്പിക്കുന്നു.

പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ യത്നത്തിലാണ് വ്യവസായം മുന്നോട്ടു പോവുന്നത്. രാവിലെ 6.00ക്ക് പണി തുടങ്ങി, ദിവസം മുഴുവൻ പുറം കുനിഞ്ഞു നിന്ന് വലിയ പുല്ലുകൾ അരിവാളാൽ കൈമിടുക്കോടെ അരിഞ്ഞെടുക്കുന്ന ഈ സ്ത്രീകൾക്ക് ദിവസം 300 രൂപ സമ്പാദിക്കുക എന്നത് എളുപ്പമുള്ള പണിയല്ല. മണ്സൂണിലെ കുറച്ച് ദിവസങ്ങളൊഴിച്ചാൽ വർഷം മുഴുവൻ അവർ പണിയെടുക്കുന്നു.

നല്ല അദ്ധ്വാനം വേണ്ട തൊഴിലാണിതെന്ന് 44-കാരി ജയന്തി പറയുന്നു. “ഞാൻ എന്നും രാവിലെ 4 മണിക്ക് എഴുന്നേൽക്കും, പാചകം ചെയ്യും, പണിസ്ഥലത്തേക്കുള്ള ബസ് പിടിക്കാനായി ഓടും. ഇവിടെ ഞാൻ ഉണ്ടാക്കുന്ന പൈസ ബസ് കൂലി കൊടുക്കാനും ഭക്ഷണത്തിനും വീട് പോറ്റാനുമായി ചെലവാകും.”

“പക്ഷേ മറ്റെന്ത് മാർഗമാണ് എനിക്കുള്ളത്? ആകെ ലഭ്യമായ തൊഴിൽ ഇതാണ്,” മഗേശ്വരി പറയുന്നു, അവരുടെ ഭർത്താവ് നാല് വർഷം മുൻപ് ഹൃദയാഘാതം വന്ന് മരിച്ചു. “എനിക്ക് രണ്ടാണ്മക്കളാണ്, ഒരാൾ ഒന്പതിലും മറ്റെയാൾ എട്ടിലും,” അവർ കൂട്ടിച്ചേർക്കുന്നു.

കോര അരിഞ്ഞു കിട്ടുന്ന പണം കൊണ്ടാണ് മിക്ക സ്ത്രീകളും കുടുംബം പോറ്റുന്നത്. “രണ്ടു ദിവസം ഞാൻ ഈ പുല്ലരിയാതെ പോയാൽ, വീട്ടിൽ ഒന്നും തന്നെ കഴിക്കാൻ കാണില്ല,” നാലംഗ കുടുംബത്തെ നയിക്കുന്ന സെൽവി പറയുന്നു.

PHOTO • M. Palani Kumar

ദിവസം മുഴുവൻ കുനിഞ്ഞു നിന്ന് പുല്ലരിയുന്നത് മൂലം എം . ജയന്തിക്ക് നെഞ്ചു വേദനയാണ് . സമ്പാദ്യത്തിൽ വലിയ പങ്ക് അവർക്ക് ചികിത്സക്കായി ചെലവഴിക്കേണ്ടി വരുന്നു

പക്ഷെ ഈ പണം പര്യാപ്തമല്ല. “എന്‍റെ ഇളയ പെണ്മക്കളിൽ ഒരാൾ നഴ്‌സിങ്ങിനും എന്‍റെ മകൻ 11-ആം ക്ലാസ്സിലുമാണ്. അവന്‍റെ പഠനത്തിനായി എങ്ങനെ പണം കണ്ടെത്തുമെന്ന് എനിക്കറിയില്ല. എന്‍റെ മകളുടെ ഫീസ് അടച്ചു തന്നെ ഞാൻ കടത്തിലാണ്,” മാരിയായി പറയുന്നു.

ദിവസവേതനം 300 രൂപ ആയി ഉയർന്നതിൽ വലിയ ആശ്വാസമൊന്നും അവർക്കുണ്ടായില്ല. “മുൻപ് 200 രൂപയായിരുന്ന സമയത്ത്‌ ഒത്തിരി പച്ചക്കറി വാങ്ങിക്കാമായിരുന്നു. പക്ഷേ, ഇപ്പോൾ 300 തന്നെയും തികയുന്നില്ല,” സൗഭാഗ്യം പറയുന്നു. അവരുടെ വീട്ടിൽ അമ്മ, ഭർത്താവ്, മകൻ, മരുമകൾ എന്നിവരാണുള്ളത്. “എന്‍റെ വരുമാനത്തിലാണ് എല്ലാരും കഴിഞ്ഞു പോകുന്നത്.”

ഇവിടെ പുരുഷന്മാരധികവും മദ്യപാനത്തിനടിമപ്പെട്ടവരാണ്. അതുകൊണ്ട്തന്നെ മിക്ക കുടുംബങ്ങളും സ്ത്രീകളുടെ വരുമാനത്തെ ആശ്രയിക്കുന്നു. “എന്‍റെ മകൻ ആശാരിയാണ്. അവൻ ഒരു ദിവസം 1,000 രൂപയോളം സമ്പാദിക്കുന്നുണ്ട്,” സൗഭാഗ്യം പറയുന്നു. “പക്ഷെ അഞ്ചു പൈസ പോലും സ്വന്തം ഭാര്യക്കു കൊടുക്കില്ല, എല്ലാം കള്ളു കുടിച്ച് തീർക്കും. അവന്‍റെ ഭാര്യ എന്തെങ്കിലും മറുത്തു ചോദിച്ചാൽ അവളെ പൊതിരെ തല്ലും. ഇവിടെ എന്‍റെ ഭർത്താവ് പ്രായമായിരിക്കുകയാണ്, അദ്ദേഹത്തിന് പണിയൊന്നും എടുക്കാൻ കഴിയില്ല.”

ഈ കഠിന ജീവിതം സ്ത്രീകളുടെ ആരോഗ്യത്തിലും ക്ഷയം വരുത്തിയിട്ടുണ്ട്. “ദിവസം മുഴുവൻ കുനിഞ്ഞു നിന്ന് പുല്ലരിയുന്നത് കൊണ്ട് എനിക്ക് കടുത്ത നെഞ്ചു വേദന വരുന്നു,” ജയന്തി പറയുന്നു. “എല്ലാ ആഴ്ചയും ആശുപത്രിയിൽ പോകേണ്ട അവസ്‌ഥ ആണ്, ബില്ല് വരുമ്പോൾ 500 മുതൽ 1,000 രൂപ വരെ ആയിട്ടുണ്ടാകും. ഞാൻ സമ്പാദിക്കുന്നതെല്ലാം ചികിത്സാ ചെലവിന് പോകുന്ന മട്ടാണ്.”

“എനിക്കിത് അധികകാലം തുടരാനാവില്ല,” മനോവേദനയോടെ മാരിയായി പറയുന്നു. അവർക്ക് ഈ തൊഴിൽ നിർത്തണമെന്നുണ്ട്. “ എന്‍റെ തോൾ, ഇടുപ്പ്, നെഞ്ച്, കൈകൾ, കാലുകൾ എല്ലാം വേദനിക്കുന്നു. ഈ ചെടിയുടെ കൂർത്ത അഗ്രം തട്ടി എന്‍റെ കയ്യും കാലുമെല്ലാം മുറിഞ്ഞിട്ടുണ്ട്. ഈ കടുത്ത വെയിലിൽ അതെത്രത്തോളം അസ്വസ്ഥത നിറഞ്ഞതാണെന്ന് നിങ്ങൾക്കറിയുമോ?”

PHOTO • M. Palani Kumar

കോര കൊയ്തെടുത്തു വരുമാനം നേടാനായി തിരുച്ചിറപ്പള്ളി ജില്ലയിലെ മുസിരി താലൂക്കിലെ അമൂരിൽ നിന്ന് സ്ത്രീകൾ അയൽജില്ലയായ കരൂരിലേക്ക് യാത്ര ചെയ്യുന്നു . പുല്ല് പോലിരിക്കുന്ന ഈ ചെടി തമിഴ്‌നാട്ടിലെ കാവേരിയുടെ തീരത്ത് ധാരാളമായി കാണപ്പെടുന്നു

PHOTO • M. Palani Kumar

30 വർഷത്തിലേറെയായി എ . മാരിയായി കോര പാടങ്ങളിൽ പണിയെടുക്കുന്നു . ഇപ്പോൾ അവരുടെ ശരീരം വേദനിക്കുന്നതു മൂലം , കുനിയാനും തണ്ടെടുക്കാനും ഒക്കെ ബുദ്ധിമുട്ടാണ് . കോര അരിഞ്ഞു സമ്പാദിച്ച പണം കൊണ്ടാണ് അവർ അഞ്ച് പെണ്മക്കളെയും ഒരു മകനെയും പഠിപ്പിച്ചതും അതിൽ മുതിർന്ന മൂന്നു പെണ്മക്കളുടെ വിവാഹം നടത്തിയതും

PHOTO • M. Palani Kumar

ജീവിതം അവർക്കെന്നും കഠി മായിരുന്നുവെന്ന് പറയുകയാണ് രണ്ട് ഹൈസ്കൂൾ വിദ്യാർഥികളുടെ അമ്മയും വിധവയുമായ എം . മഗേശ്വരി . ‘ഞാൻ ഒരിക്കലും സ്കൂളിൽ പോയിട്ടില്ല , അതിൽ ഇപ്പോൾ എനിക്ക് അതിയായ ദുഃഖമുണ്ട് . വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ എനിക്ക് മറ്റെന്തെങ്കിലും ജോലി ചെയ്യാമായിരുന്നു . ’ അവർ ചെറുപ്പം തൊട്ടേ കോര അരിഞ്ഞു കൊണ്ടിരിക്കുന്നു

PHOTO • M. Palani Kumar

ആർ . സെൽവി ചെടിത്തണ്ടുകൾ വീശി മെതിച്ച് ഉണങ്ങിയവ തരംതിരിച്ച് കളയുന്നു . അവരുടെ വരുമാനത്തിൽ നാലംഗ കുടുംബം മുന്നോട്ട് പോകുന്നു . 300 രൂപ സമ്പാദിച്ചാലും അതിൽ 100 രൂപ മാത്രമാണ് എനിക്ക് വീട്ടാവശ്യങ്ങൾക്കായി മിച്ചമുണ്ടാകുക . എന്‍റെ ഭർത്താവ് ബാക്കി 200- ന് കള്ളു കുടിക്കും . വീട്ടിലെ പുരുഷന്മാരൊന്ന് കുടി നിർത്തിയാൽ തന്നെ ഞങ്ങളുടെ ജീവിതം കുറച്ചെങ്കിലും ഭേദപ്പെടുമെന്ന് തോന്നിപ്പോകുകയാണ് , - അവർ പറയുന്നു

PHOTO • M. Palani Kumar

മഗേശ്വരി ( ഇടത് ) ആർ . കവിതയെ കണ്ണിലെ പൊടി നീക്കാൻ സഹായിക്കുന്നു , അതേ സമയം എസ് . റാണി തുണി കൊണ്ട് കണ്ണിലെ പൊടി കളയാൻ ശ്രമിക്കുകയാണ് . തണ്ടുകൾ മെതിക്കുമ്പോൾ ഉയരുന്ന പൊടി മൂലം ഈ സ്ത്രീകൾക്ക് എന്നും കണ്ണിൽ അസ്വസ്ഥതയാണ്

PHOTO • M. Palani Kumar

രാവിലെ 6 മണിക്ക് തുടങ്ങി 8 മണിക്കൂർ നീളുന്ന കഠിനമായ ജോലിക്കിടയിൽ 10 മിനുട്ടിന്‍റെ ഹ്രസ്വ ഇടവേള മാത്രമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത് . ഇരിക്കാൻ തണലൊന്നുമില്ല , അതിനാൽ അവർ കത്തുന്ന സൂര്യന് താഴെ ഇരുന്ന് ചായ കുടിക്കുന്നു

PHOTO • M. Palani Kumar

എം . നിർമല ഒരു കെട്ട് കോര വീശി മെതിക്കാൻ തയ്യാറാക്കുന്നു . ഈ കെട്ടുകളെല്ലാം തിരുച്ചിറപ്പള്ളി ജില്ലയിലെ കോര പായ നെയ്ത്ത് കേന്ദ്രമായ മുസിരിയിലെ നിർമാണ യൂണിറ്റുകളിലേക്ക് അയക്കുന്നു

PHOTO • M. Palani Kumar

കവിത അവരുടെ സർവ്വ കരുത്തും ഉപയോഗിച്ച് ഒരു കെട്ട് മെതിക്കുന്നു . തണ്ടുകളിൽ നിന്ന് ഉണങ്ങിയ ഭാഗങ്ങൾ എടുത്തു മാറ്റാൻ ശക്തിയും വൈദഗ്ദ്ധ്യവും വേണം . പരിചയസമ്പന്നരായ സ്ത്രീകൾ കൃത്യമായി ഒരു കെട്ടുണ്ടാക്കാൻ വേണ്ടത്ര അളവിൽ അരിഞ്ഞെടുക്കുന്നു

PHOTO • M. Palani Kumar

എപ്പോഴും കളിചിരികൾ പറഞ്ഞും ചിരിച്ചും ഇരിക്കുന്ന കവിത കൂടെയുള്ളവരെയും ജോലിക്കിടയിൽ ചിരിപ്പിക്കുന്നു . വിവാഹത്തിനു ശേഷമാണ് അവർ കോര അരിയാൻ വന്നുതുടങ്ങിയത്

PHOTO • M. Palani Kumar

ഇടത്തു നിന്ന് വലത്തോട്ട് : എസ് . മേഖലയും , ആർ . കവിതയും , എം . ജയന്തിയും , കെ . അക്കണ്ടിയും ചുട്ടുപൊള്ളുന്ന സൂര്യനു കീഴെ വിശ്രമമില്ലാതെ പണിയെടുക്കുന്നു . വേനലിൽ ചൂടിനെ തുരത്താൻ ദേഹത്ത് വെള്ളമൊഴിച്ചാണ് അവർ പണി തുടരുന്നത്

PHOTO • M. Palani Kumar

മേഖലയുടെ ഭർത്താവ് കിടപ്പിലായതിനാൽ അവർ ജീവിതോപാധിക്കായി കോര കൊയ്ത് തുടങ്ങി

PHOTO • M. Palani Kumar

. കാമാച്ചിയുടെ ഭർത്താവ് മരിച്ചിട്ട് 20 വർഷത്തിലേറെയായി , 2018 ൽ മകനും പോയി . ഇപ്പോൾ 66 വയസ്സിൽ അവർ കോരപ്പാടങ്ങളിൽ പണിയെടുത്ത് ഒറ്റക്കുള്ള ജീവിതം മുന്നോട്ട് നീക്കുന്നു

PHOTO • M. Palani Kumar

നിലത്ത് ശക്തിയിൽ അടിമച്ച് തൊഴിലാളികൾ കെട്ടുകൾ നിരപ്പാക്കുന്നു . കരാറുകാരൻ മണി ( ഇടത് ) തണ്ടുകളുടെ മുകൾഭാഗം മുറിച്ചെടുത്ത് ഒരേ ഉയരത്തിലാക്കുന്നു

PHOTO • M. Palani Kumar

. വസന്ത അവരുടെ തലയിൽ ഒരു കൂന കെട്ടുകൾ ഇരിക്കേ സമർത്ഥമായി കാലും കാൽവിരലുകളും ഉപയോഗിച്ച് അടുത്ത കെട്ട് പൊക്കിയെടുക്കുന്നു . പരസഹായം കൂടാതെ അവർ അത് ആദ്യം അരയോളം പൊക്കി പിന്നീട് തലയിലേക്ക് എടുത്തു വെക്കുന്നു . ഓരോ കെട്ടും അഞ്ച് കിലോയോളം തൂക്കം വരും

PHOTO • M. Palani Kumar

ഈ സ്ത്രീകൾ ഒരേ സമയം 10-12 കെട്ടുകൾ തലയിലേറ്റി കത്തുന്ന സൂര്യന് കീഴെ അര കിലോമീറ്ററോളം നടന്ന് ശേഖരണ കേന്ദ്രത്തിൽ എത്തിക്കും . മഗേശ്വരി പറയുന്നു , ‘ ഇവിടെ പണിയെടുക്കുന്ന സ്ത്രീകളിൽ പലരും ബന്ധുക്കളാണെന്നതിനാൽ തന്നെ എനിക്ക് ഈ തൊഴിൽ സുരക്ഷിതമായി തോന്നുന്നു

PHOTO • M. Palani Kumar

മാരിയായി ഭാരമുള്ള ഒരു കൂന തലയിലേറ്റിയിരിക്കുന്നു . ‘ ഉറക്കമുണരുന്നു , ഇവിടെ പാടത്തേക്ക് ഓടിയെത്തുന്നു , ദിവസം മുഴുവൻ പണിയെടുക്കുന്നു എനിക്കൊരു വിശ്രമവും ലഭിക്കാറില്ല . വയ്യാണ്ടായിരിക്കുമ്പോൾ പോലും എനിക്ക് വീട്ടിൽ കിടക്കാൻ പറ്റില്ല . ഞാൻ ഇവിടെ വന്ന് പണിക്കിടയിൽ ഇടക്കൊന്ന് വിശ്രമിക്കും

PHOTO • M. Palani Kumar

ശേഖരണ സ്ഥലത്തേക്കെത്തിക്കുന്ന കെട്ടുകൾ ലോറിയിൽ കയറ്റി സംസ്കരണത്തിനയയ്ക്കുന്നു

PHOTO • M. Palani Kumar

ഒരു ദിവസത്തെ അദ്ധ്വാനം അവസാനിപ്പിച്ച് തൊഴിലാളികൾ 2 മണിക്ക് ഉച്ചഭക്ഷണം കഴിക്കുന്നു . ‘ അടുത്തുള്ള സ്ഥലങ്ങളിൽ തന്നെ ജോലി കിട്ടുമ്പോൾ , ഞങ്ങൾ ഒരു മണിയാവുമ്പോഴേക്കും വീടെത്തും . അല്ലാത്ത പക്ഷം വൈകുന്നേരമാകും, ചിലപ്പോൾ രാത്രി തന്നെയാകും തിരിച്ചെത്തുമ്പോൾ,’ പറയുന്നു

എഴുതാന്‍ സഹായിച്ചത്: അപർണ കാർത്തികേയന്‍

പരിഭാഷ: അഭിരാമി ലക്ഷ്​മി

M. Palani Kumar

M. Palani Kumar is Staff Photographer at People's Archive of Rural India. He is interested in documenting the lives of working-class women and marginalised people. Palani has received the Amplify grant in 2021, and Samyak Drishti and Photo South Asia Grant in 2020. He received the first Dayanita Singh-PARI Documentary Photography Award in 2022. Palani was also the cinematographer of ‘Kakoos' (Toilet), a Tamil-language documentary exposing the practice of manual scavenging in Tamil Nadu.

Other stories by M. Palani Kumar
Translator : Abhirami Lakshmi

Abhirami Lakshmi is a graduate in Journalism (Hons) from Delhi University. She is trained in Carnatic Music and interested in media researches on Art and Culture.

Other stories by Abhirami Lakshmi