ആദ്യം അയാളുടെ അച്ഛനായിരുന്നു. അടുത്ത ദിവസം അമ്മ. 2021 മെയ് മാസത്തിലെ കോവിഡ് രണ്ടാം തരംഗത്തിൽ തന്‍റെ മാതാപിതാക്കളെ തൊട്ടടുത്ത ദിവസങ്ങളിലായി ബാധിച്ച ആ പനി പുരുഷോത്തം മസാലിനെ പരിഭ്രാന്തനാക്കിയിരുന്നു. “ഗ്രാമത്തിൽ നിരവധി പേർക്ക് അപ്പോഴേക്കും രോഗം ബാധിച്ചിരുന്നു. ഭയാനകമായ ദിവസങ്ങളായിരുന്നു അവ.” പുരുഷോത്തമിന്‍റെ ഭാര്യ വിജയമാല പറയുന്നു.

മഹാരാഷ്ട്രയിൽ, താൻ വസിക്കുന്ന ബീഡ് ജില്ലയിലെ സർക്കാർ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുന്നു എന്ന വാർത്ത പുരുഷോത്തം അറിഞ്ഞിരുന്നു. “സ്വകാര്യ ആശുപത്രിയിൽ മാതാപിതാക്കളെ പ്രവേശിപ്പിക്കേണ്ടി വരുമെന്നും അവിടത്തെ ചികിത്സ ചെലവേറിയതാവുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.” വിജയമാല പറയുന്നു. “ഒരു വ്യക്തി ഒരാഴ്ച അവിടെ ചെലവിട്ടാൽ തന്നെ ആശുപത്രി ചെലവ് ലക്ഷങ്ങളായിരിക്കും.” പുരുഷോത്തമിന്‍റെ വാർഷിക വരുമാനത്തേക്കാൾ എത്രയോ അധികം.

ദാരിദ്ര്യമായിരുന്നെങ്കിലും, കടങ്ങളൊന്നും കൂടാതെ ജീവിച്ചു പോകാൻ കുടുംബത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ആശുപത്രി ചെലവുകൾക്കായി എടുക്കേണ്ടി വന്നേക്കാവുന്ന കടങ്ങളെ ഓർത്ത് 40-കാരനായ പുരുഷോത്തം പരവശനായി. പർലി താലൂക്കിലെ തന്‍റെ ഗ്രാമമായ ഹിവാര ഗോവർധനിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള സിർസാലയിൽ ഒരു ചായക്കട നടത്തിയിരുന്നു അയാൾ. 2020 മാർച്ചിൽ കോവിഡ് തുടങ്ങിയതുമുതൽ കട പൂർണമായും നിശ്ചലമായിരുന്നു.

അമ്മയ്ക്ക് പനി ബാധിച്ച രാത്രി അയാൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുലർച്ചെ 4 മണിക്ക് ഭാര്യയോട് പറഞ്ഞു: “ഇത് കോവിഡ് ആണെങ്കിൽ എന്തു ചെയ്യും?” അയാൾ ഉറക്കമില്ലാതെ മുറിയുടെ ഉത്തരത്തിൽ നോക്കി മിഴിച്ചു കിടക്കുന്നത് 37കാരിയായ വിജയമാല ഇപ്പോഴും ഓർക്കുന്നു. അയാളോട് ബുദ്ധിമുട്ടരുത് എന്നു പറഞ്ഞപ്പോൾ "’കുഴപ്പമില്ല’ എന്നു പറഞ്ഞ് എന്നോട് ഉറങ്ങിക്കോളാൻ പറഞ്ഞു.”

Left: A photo of the band in which Purushottam Misal (seen extreme left) played the trumpet. Right: Baburao Misal with his musical instruments at home
PHOTO • Parth M.N.
Left: A photo of the band in which Purushottam Misal (seen extreme left) played the trumpet. Right: Baburao Misal with his musical instruments at home
PHOTO • Parth M.N.

ഇടത് : പുരുഷോത്തം മിസാൽ ( ഇടത്തു നിന്ന് ഒന്നാമത് ) ട്രമ്പേറ്റ് വായിച്ചിരുന്ന ബാന്‍ഡ് . വലത് : ബാബുറാവു മിസാൽ തന്‍റെ സംഗീതോപകരണങ്ങളുമായി വീട്ടിൽ

ശേഷം അല്പസമയത്തിനുള്ളിൽ പുരുഷോത്തം വീടു വിട്ട് ചായക്കടയിലേക്ക് നടക്കുകയും അവിടെ അടുത്തുള്ള ഒരു കാലി ഷെഡിൽ തൂങ്ങി മരിക്കുകയുമാണുണ്ടായത്.

മഹാരാഷ്ട്രയിലെ പാർശ്വവത്കൃത ദളിത് വിഭാഗത്തിലെ മാതംഗ് ജാതിയിൽപെട്ട അയാളുടെ കുടുംബത്തിന് സ്വന്തമായി ഒരു ഭൂമിവകകളും കൈവശമുണ്ടായിരുന്നില്ല. ചായയും ബിസ്ക്കറ്റും വിറ്റു കിട്ടുന്നതായിരുന്നു പുരുഷോത്തമിന്‍റെ പ്രധാന വരുമാന മാർഗം. വിവാഹങ്ങൾക്ക് അകമ്പടി കൊള്ളുന്ന ഒരു ബാൻഡിലും അയാൾ പ്രവർത്തിച്ചിരുന്നു. ഏഴംഗ കുടുംബത്തിന്‍റെ അത്താണി ആയിരുന്നു അയാൾ. “5,000 മുതൽ 8,000 രൂപ വരെ അദ്ദേഹം ഓരോ മാസവും ചായക്കടയിൽ നിന്നുണ്ടാക്കുമായിരുന്നു,” വിജയമാല പറയുന്നു. അതോടൊപ്പം ബാൻഡിലെ വരുമാനം കൂടെ കൂട്ടിയാൽ ഒന്നരലക്ഷത്തോളമായിരുന്നു അയാളുടെ വാർഷിക വരുമാനം.

“എന്‍റെ മകൻ നല്ലൊരു സംഗീതജ്ഞനായിരുന്നു,” 70 വയസ്സുള്ള അമ്മ ഗംഗുബായി സ്വരം ഇടറിക്കൊണ്ട് പറഞ്ഞു. ട്രമ്പേറ്റും, ചില സമയങ്ങളിൽ കീബോർഡും ഡ്രംസും വായിച്ചിരുന്നു പുരുഷോത്തം. “ഞാൻ അവനെ ഷഹനായിയും പഠിപ്പിച്ചിരുന്നു,” 72-കാരനായ അച്ഛൻ ബാബുറാവു പറഞ്ഞു. ഗ്രാമത്തിലെ മുപ്പതോളം പേരെ സംഗീതോപകരണങ്ങൾ അഭ്യസിപ്പിച്ച ബാബുറാവു, ‘ഉസ്താദ്’ എന്നാണ് അവിടെ അറിയപ്പെടുന്നത്.

പക്ഷെ കോവിഡ് വന്നതോടെ ബാന്‍ഡ് പ്രവർത്തനരഹിതമായി. “ജനങ്ങൾ വൈറസിനെ പേടിച്ചിരിക്കുകയാണ്, ഒരു ചായ വാങ്ങി കുടിക്കാനോ, കല്യാണത്തിന് ബാൻഡിനെ വെക്കാനോ അവരുടെ കയ്യിൽ കാശില്ല”, വിജയമാല പറയുന്നു.

Left: Gangubai Misal says her son, Purushottam, was a good musician. Right: Vijaymala Misal remembers her husband getting into a panic when his parents fell ill
PHOTO • Parth M.N.
Left: Gangubai Misal says her son, Purushottam, was a good musician. Right: Vijaymala Misal remembers her husband getting into a panic when his parents fell ill
PHOTO • Parth M.N.

ഇടത് : പുരുഷോത്തം നല്ലൊരു സംഗീതജ്ഞനായിരുന്നു എന്ന് അമ്മ ഗംഗുബായി മിസാൽ . വലത് : മാതാപിതാക്കൾ രോഗികളായപ്പോൾ പരിഭ്രമിച്ച തന്‍റെ ഭർത്താവിനെ ഓർക്കുന്ന വിജയമാല മിസാൽ

യു.എസിലെ പ്യു റീസേർച്ച് സെന്‍റർ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് "ഇന്ത്യയിലെ ദരിദ്രരുടെ (പ്രതിദിനം വരുമാനം രണ്ട് ഡോളറോ അതിൽ കുറവോ ഉള്ളവർ) എണ്ണം കോവിഡ് 19 അനുബന്ധ സാമ്പത്തിക മാന്ദ്യം മൂലം 75 ദശലക്ഷത്തോളം“ എന്നാണ്. 2020ൽ ഏകദേശം 32 ദശലക്ഷത്തോളമായി ചുരുങ്ങിയ ഇന്ത്യയിലെ മധ്യവർഗ്ഗവും മുകളിൽ പറഞ്ഞ ദരിദ്രരുടെ വർധനവും ആഗോള ദാരിദ്ര്യ ശരാശരിയിൽ 60 ശതമാനം വർധനവുണ്ടാക്കിയെന്നും 2021 മാർച്ചിൽ പുറത്തിറങ്ങിയ ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമായും കാർഷികവൃത്തിയെ ആശ്രയിക്കുന്ന ബീഡ് ജില്ലയിലെ ജനങ്ങളുടെ ക്രയശേഷിയിൽ വന്ന കുറവ് പ്രകടമാണ്. ഒരു ദശകത്തിലേറെയായി ഇവിടത്തെ കർഷകർ വരൾച്ച മൂലമുള്ള ദുരിതം പേറുകയാണ്, കൂടെ കടബാധ്യതകളും. കോവിഡ്-19 അവരുടെ അതിജീവനമാർഗങ്ങൾക്ക് വലിയ ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്.

പുരുഷോത്തം കൃഷിയെ നേരിട്ട് ആശ്രയിച്ചിരുന്നില്ലെങ്കിലും അയാളുടെ ഉപഭോക്താക്കളിൽ അധികവും കർഷകരായിരുന്നു. അവരുടെ വരുമാനം നിലച്ചപ്പോൾ ആശാരിമാരും, ക്ഷുരകരും, കുശവരും, ചെരുപ്പുകുത്തികളും, ചായക്കടക്കാരും എല്ലാം അടങ്ങുന്ന കാർഷിക സമൂഹത്തിന്‍റെ ബാഹ്യവലയത്തെ അത് സാരമായി ബാധിച്ചു. പലരും ജീവനോപാധി നിലനിർത്താനുള്ള നെട്ടോട്ടത്തിലാണിപ്പോൾ.

ബീഡ് താലൂക്കിലെ കാംഖേഡ ഗ്രാമത്തിലെ തന്‍റെ കടയിലിരുന്ന് ഒരു പ്രവൃത്തിദിവസത്തിൽ 55-കാരിയായ ലക്ഷ്മി വാഘ്മാരെ കോവിഡിന് മുൻപുള്ള നാളുകളെക്കുറിച്ച് ചിന്താവിഷ്ടയാവുകയാണ്. “സ്ഥിതി ഇത്രയും മോശമാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല,” വ്യജോക്തിയോടു കൂടെ അവർ പറയുന്നു.

Lakshmi and Nivrutti Waghmare make a variety of ropes, which they sell at their shop in Beed's Kamkheda village. They are waiting for the village bazaars to reopen
PHOTO • Parth M.N.
Lakshmi and Nivrutti Waghmare make a variety of ropes, which they sell at their shop in Beed's Kamkheda village. They are waiting for the village bazaars to reopen
PHOTO • Parth M.N.

ലക്ഷ്മിയും നിവൃത്തി വാഘ്മാരെയും ബീഡിലെ കാംഖേഡ ഗ്രാമത്തിലെ തങ്ങളുടെ കടയിലിരുന്ന് കയറുകൾ വിൽക്കുന്നു . അങ്ങാടികൾ പുനരാരംഭിക്കാൻ കാത്തിരിക്കുകയാണവർ

ലക്ഷ്മിയും അവരുടെ 55 വയസ്സുള്ള പങ്കാളി നിവൃത്തി വാഘ്മാരെയും വൈവിധ്യമാർന്ന കയറുകൾ നിർമിക്കും. ഭൂരഹിതരായ ഈ നവബുദ്ധ ദമ്പതികൾ (മുൻപ് ദളിതരും ഇപ്പോൾ നവ ബൗദ്ധരുമായവർ) പാരമ്പര്യമായി കൈമാറിപ്പോരുന്ന കരകൗശലവിദ്യയെയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെടും വരെ അവർ ഗ്രാമത്തിലെ പ്രതിവാര-അങ്ങാടികളിൽ കയർ വിൽക്കുമായിരുന്നു.

“നിങ്ങൾക്ക് ഒരു അങ്ങാടിയിൽ എല്ലാവരെയും കാണാം. പല കാര്യങ്ങളായി അവിടമാകെ തിരക്കിലായിരിക്കും,” നിവൃത്തി പറഞ്ഞു. “കന്നുകാലി വ്യാപാരം, കർഷകരുടെ പച്ചക്കറി വിൽപ്പന, കുശവരുടെ മണ്‍പാത്ര വിൽപ്പന. ഞങ്ങൾ കയർ വിറ്റിരുന്നു. കന്നുകാലിയെ വാങ്ങിയശേഷം, കർഷകർ അവയെ കെട്ടാനായി ഞങ്ങളെപ്പോലുള്ളവരുടെ കയ്യിൽ നിന്നും കയർ വാങ്ങിക്കും.”

പുതിയ കൊറോണ വൈറസ് പടരും വരെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായിരുന്നു അങ്ങാടികൾ. “ഒരാഴ്ചയിൽ ഞങ്ങൾ നാല് അങ്ങാടികളിലായി 20,000 രൂപയോളം വില വരുന്ന കയറുകൾ വിൽക്കുമായിരുന്നു,” ലക്ഷ്മി പറഞ്ഞു. “ആഴ്ചയിൽ ഞങ്ങൾക്ക് ശരാശരി 4,000 രൂപയോളം ലാഭം കിട്ടുമായിരുന്നു. കോവിഡ് വന്നതിനു ശേഷം വെറും 400 രൂപക്കൊക്കെയേ ആഴ്ചയിൽ കയർ വിറ്റു പോകുന്നുള്ളൂ. അപ്പോൾ പിന്നെ ലാഭത്തെപ്പറ്റി പറയേണ്ടതില്ലല്ലോ.” കയർ കയറ്റാൻ ഉപയോഗിച്ചിരുന്ന ടെമ്പോ വാഹനം ഈ വർഷം ഏപ്രിൽ മാസത്തിൽ ലക്ഷ്മിയും നിവൃത്തിയും 50,000 രൂപക്ക് വിറ്റു. “ഞങ്ങൾക്ക് അതിന്‍റെ കൂടെ ചെലവ് വഹിക്കാനുള്ള ശേഷിയില്ലായിരുന്നു,” ലക്ഷ്മി പറഞ്ഞു.

മികച്ച വൈദഗ്ദ്ധ്യം ആവശ്യമുള്ള പ്രയാസകരമായ തൊഴിലാണ് കയർ നിർമ്മാണം. കോവിഡിനു മുൻപ് ലക്ഷ്മിയും നിവൃത്തിയും തൊഴിലാളികളെ വെക്കുമായിരുന്നു. ഇപ്പോൾ അവരുടെ മകൻ ഒരു നിർമാണ തൊഴിലാളിയാണ്. “അവന്‍റെ മാസവരുമാനത്തിൽ (3,500 രൂപ) ഞങ്ങളിപ്പോൾ കഴിഞ്ഞു കൂടുന്നു,” ലക്ഷ്മി പറഞ്ഞു. “വീട്ടിലിരിപ്പുള്ള കയറുകളെല്ലാം ഇപ്പോൾ പഴകി നശിക്കുകയാണ്.”

Left: Lakshmi outside her house in Kamkheda. Right: Their unsold stock of ropes is deteriorating and almost going to waste
PHOTO • Parth M.N.
Left: Lakshmi outside her house in Kamkheda. Right: Their unsold stock of ropes is deteriorating and almost going to waste
PHOTO • Parth M.N.

ഇടത് : കാംഖേഡയിലെ തന്‍റെ വീടിനു പുറത്ത് ലക്ഷ്മി . വലത് : അവരുടെ വിൽക്കാൻ കഴിയാതെ പോയ കയറുകൾ നശിച്ചു പാഴായി പോകുന്നു

കാംഖേഡയിൽ നിന്നും 10 കിലോമീറ്ററോളം അകലെ പഡൽസിംഗി ഗ്രാമത്തിൽ കാന്താബായ് ഭുത്ഡമൽ അങ്ങാടികൾ തുറക്കാത്തതിന്‍റെ വിഷമത്തിലായിരുന്നു. താനുണ്ടാക്കുന്ന ചൂലുകൾ ഇനി എവിടെ വിൽക്കും എന്ന ആശങ്കയിൽ ആയിരുന്നു ആ സ്‌ത്രീ. “ഞാൻ എന്‍റെ ചൂലുകൾ അങ്ങാടികളിൽ കൊണ്ടു പോയാണ് വിറ്റിരുന്നത്. അതോടൊപ്പം ഗ്രാമങ്ങൾ തോറും നടന്നും വിൽക്കും,” അവർ പറഞ്ഞു. “അങ്ങാടികൾ തുറന്നിട്ടില്ല. ലോക്ക്ഡൗൺ കാരണം പോലീസ് ഞങ്ങളെ യാത്രചെയ്യാനും അനുവദിക്കുന്നില്ല. ആരെങ്കിലും ഇവിടെ ഗ്രാമത്തിൽ വന്ന് വാങ്ങിയാൽ മാത്രമേ ഇപ്പോൾ എന്‍റെ ചൂലുകൾ വിറ്റു പോകുന്നുള്ളൂ. പക്ഷേ അതിൽ നിന്നും എനിക്കെത്ര രൂപ ഉണ്ടാക്കാൻ കഴിയും?”

മഹാമാരിക്കാലത്തിനു മുമ്പ് പ്രതിവാരം 40-50 രൂപ വില വരുമായിരുന്ന 100 ചൂലുകൾ കാന്താബായ് വിറ്റിരുന്നു. “ഇപ്പോൾ എപ്പോഴെങ്കിലും ഒരു വേള ഏതെങ്കിലും ഒരു കച്ചവടക്കാരൻ വന്നാലായി. അതു തന്നെ 20-30 രൂപയാണ് ഒരു ചൂലിന് കിട്ടുന്നത്,” അവർ പറയുന്നു. “പണ്ട് വിറ്റിരുന്നതിന്‍റെ പകുതി പോലും ഇപ്പോൾ വിൽക്കാൻ കഴിയുന്നില്ല. ഇതാണ് എല്ലാ വീടുകളിലെയും അവസ്ഥ. ഇവിടെ ഗ്രാമത്തിൽ ഞങ്ങൾ 30-40 പേർ ചൂലുണ്ടാക്കുന്നു.”

നിലവിൽ 60 വയസ്സുള്ള കാന്താബായിക്ക് പ്രായസഹജമായി കാഴ്ച മങ്ങുന്നുണ്ട്. എങ്കിലും വരുമാനം കണ്ടെത്തുന്നതിനായി അവർക്ക് ചൂൽ ഉണ്ടാക്കിയെ മതിയാകൂ. “എനിക്ക് നിങ്ങളെ വ്യക്തമായി കാണാൻ കഴിയുന്നില്ല,” സ്വയം പ്രവർത്തിക്കുന്ന ഒരു യന്ത്രം പോലെ, ചെയ്യുന്ന ജോലി തുടർന്നുകൊണ്ട് അവർ എന്നോട് പറഞ്ഞു. “എന്‍റെ രണ്ട് ആൺമക്കളും തൊഴിൽരഹിതരാണ്. ഭർത്താവ് കുറച്ച് ആടുകളെ വളർത്തുന്നു എന്നേ ഉള്ളു. പ്രധാന വരുമാന സ്രോതസ്സ് ഈ ചൂലുകൾ തന്നെയാണ്.”

കാഴ്ചപരിമിതികൾക്കിടയിലും എങ്ങനെ ഈ ചൂലുകൾ ഉണ്ടാക്കുന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു, “ഞാൻ ഇത് എന്‍റെ ജീവിതത്തിലുടനീളം ചെയ്തുകൊണ്ടിരുന്ന തൊഴിലാണ്. പൂർണ അന്ധയായാലും എനിക്കിത് തുടരാനാകും.”

Kantabai Bhutadmal (in pink saree) binds brooms despite her weak eyesight. Her family depends on the income she earns from selling them
PHOTO • Parth M.N.

കാഴ്ച പരിമിതികളെ വകവെക്കാതെ ചൂലുണ്ടാക്കുന്ന കാന്താബായ് ഭുത്ഡമൽ ( പിങ്ക് സാരിയിൽ ). അവരുടെ കുടുംബം ഈ ചൂലിൽ നിന്നു കിട്ടുന്ന വരുമാനത്തിലാണ് ജീവിക്കുന്നത്

അങ്ങാടികൾ തുറക്കാനായി കാത്തിരിക്കുകയാണ് കാന്താബായ്. അങ്ങനെയെങ്കിൽ അവർക്ക് തന്‍റെ ചൂലുകൾ അവിടെ വിൽക്കാം. മരണശേഷം ചായക്കട ഏറ്റെടുത്ത് നടത്താനായി തയ്യാറായി വന്ന അച്ഛൻ ബാബു റാവുവിനും അങ്ങാടികൾ ഒരു സഹായമായിരിക്കും. “അങ്ങാടിയിൽ പോയി വരുന്ന ആളുകൾ ഒരു ചായ കുടിക്കാനായി കടയിൽ കേറുന്നത് പതിവാണ്,” അയാൾ പറയുന്നു. “ഇനിയങ്ങോട്ട് കുടുംബം എന്‍റെ ഉത്തരവാദിത്വമാണ്, ഞാൻ വേണം അവരെ പോറ്റാൻ.”

പുരുഷോത്തമിന്‍റെയും വിജയമാലയുടെയും കൗമാരപ്രായക്കാരായ മക്കൾ പ്രിയങ്കയെയും, വിനായകിനെയും, വൈഷ്ണവിയെയും ഓർത്താണ് ബാബുറാവുവിന്‍റെ വലിയ ആശങ്ക. “അവർക്ക് രണ്ടു നേരവും ആഹാരം ലഭിക്കുന്നു എന്ന് ഞങ്ങൾ എങ്ങനെ ഉറപ്പു വരുത്തും?” അയാൾ ചോദിക്കുന്നു. “അവരുടെ തുടർപഠനത്തിൽ ഞങ്ങൾക്ക് എന്തുറപ്പാണുള്ളത്? എന്തിനാണ് അവൻ (പുരുഷോത്തം) അത്രയും പരിഭ്രാന്തനായത്?”

പുരുഷോത്തം മരിച്ച് ഒരാഴ്ചക്കുള്ളിൽ ബാബുറാവുവും ഗംഗുബായിയും പനി മാറി സുഖം പ്രാപിച്ചു. അവരുടെ മകൻ ഭയപ്പെട്ട പോലെ ആശുപത്രിയിലൊന്നും പോകേണ്ടി വന്നില്ല അവർക്ക്. ആശങ്കയകറ്റാൻ  അവർ നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു.

പുലിറ്റ്സർ സെന്‍റർ നൽകുന്ന സ്വതന്ത്ര മാധ്യമപ്രവർത്തന ഗ്രാന്‍റിന്‍റെ സഹായത്തിൽ ലേഖകൻ തയ്യാറാക്കിയ ഒരു പരമ്പരയുടെ ഭാഗമാണിത് .

പരിഭാഷ: അഭിരാമി ലക്ഷ്​മി

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Abhirami Lakshmi

Abhirami Lakshmi is a graduate in Journalism (Hons) from Delhi University. She is trained in Carnatic Music and interested in media researches on Art and Culture.

Other stories by Abhirami Lakshmi