"മറ്റെല്ലാവരെയുംപോലെ ഞങ്ങളും ഈ രാജ്യക്കാരാണെന്ന് സർക്കാരിനെയും സഹപൗരന്മാരെയും ബോധ്യപ്പെടുത്താനുള്ള രേഖകൾ ഹാജരാക്കാനാണ് ഞങ്ങൾ ഞങ്ങളുടെ ജീവിതകാലം മുഴുവനും ചിലവിട്ടിട്ടുള്ളത്."

ബഹറുൾ ഇസ്‌ലാം മാലിന്യം വേർതിരിക്കുന്ന ജോലിയിൽ വ്യാപൃതനാണ്. പ്ലാസ്റ്റിക് കുപ്പികൾ, അഴുകുന്ന മാലിന്യങ്ങൾ, കാർഡ്‌ബോർഡുകൾ, തെർമോക്കോളുകൾ എന്നിങ്ങനെ മാലിന്യങ്ങളെ വേർതിരിച്ച് പ്രത്യേകം കൂനകളാക്കി അവയോരോന്നും അദ്ദേഹം വെവ്വേറെ പ്ലാസ്റ്റിക്ക് ചാക്കുകളിൽ കുത്തിനിറയ്ക്കുന്നു. അസമിലെ ബാർപേട്ട, ബോൻഗായിഗാവോൻ, ഗോൽപാര എന്നീ ജില്ലകളിൽനിന്ന് കുടിയേറിയിട്ടുള്ള 13 കുടുംബങ്ങളിൽ ഒന്നിലെ അംഗമാണ് ഈ 35 വയസ്സുകാരൻ. ഹരിയാനയിലെ അസാവർപൂർ പട്ടണത്തിലുള്ള ഒരു തുണ്ടുഭൂമിയിൽ ഒരുമിച്ച് താമസിക്കുന്ന ഇക്കൂട്ടർ മാലിന്യം പെറുക്കി, വേർതിരിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്.

"ഇവിടെയായാലും അസമിലായാലും ആളുകൾ എല്ലായ്‌പ്പോഴും ഞങ്ങളുടെ പൗരത്വത്തിൽ സംശയം ഉന്നയിക്കും." ബഹറുൾ പറയുന്നത് ഉദ്യോഗസ്ഥർ താൻ താമസിക്കുന്ന ചേരിയിൽ എല്ലാവരുടെയും രേഖകൾ ആവശ്യപ്പെട്ട്  സ്ഥിരമായി എത്താറുണ്ടെന്നാണ്. "ഞങ്ങൾ മാലിന്യം പെറുക്കാൻ പോകുമ്പോൾ, ആളുകൾ ഞങ്ങളോട് സ്വദേശം എവിടെയാണെന്ന് ചോദിക്കും. അസം എന്ന് കേട്ടാലുടൻ അവർ ഞങ്ങൾ ബംഗ്ലാദേശികളാണെന്ന് അനുമാനിക്കും." തങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പ് വരുത്താൻ പോലീസ് സ്ഥിരമായി അസമിൽനിന്ന് പോലീസ് വെരിഫിക്കേഷൻ ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. "ഞങ്ങൾ എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല," ബഹറുൾ പറയുന്നു. അസമിൽ നാഷണൽ രജിസ്റ്റർ ഫോർ സിറ്റിസൺസ് (എൻ.ആർ.സി) നടപ്പിലാക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അവിടെ സ്വന്തമായുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ തന്റെ കയ്യിലുള്ളതിനാൽ ആശങ്കയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ബഹറുളിനൊപ്പം അതേ പുരയിടത്തിൽ താമസിക്കുന്ന സഹോദരങ്ങൾ റിയാസും നൂർ ഇസ്ലാമും പറയുന്നത് അവർക്ക് അസം വിട്ടു വരേണ്ടി വന്നത് ബ്രഹ്മപുത്രാ നദിയുടെ സമീപത്തായി അവർക്കുള്ള ഭൂമിയിൽ തുടർച്ചയായ വെള്ളപ്പൊക്കംമൂലം കൃഷി ചെയ്യാൻ കഴിയാതെ വന്നതോടെയാണെന്നാണ്. ബാർപേട്ടയിൽ അവരുടെ അച്ഛനമ്മമാർ 800 ചതുരശ്ര അടി നിലത്ത് പച്ചമുളക്, ഉരുളക്കിഴങ്ങ്, മറ്റു പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. "മഴക്കാലം കനക്കുമ്പോൾ, പുഴവെള്ളം ഞങ്ങളുടെ വീടുകളിൽ കയറി, ഞങ്ങൾക്ക് അവിടെനിന്ന് മാറിത്താമസിക്കേണ്ടി വരും. വാഴത്തണ്ടിന്റെ ചങ്ങാടം ഉണ്ടാക്കിയാണ് ഞങ്ങൾ ഒരിടത്തുനിന്ന് മറ്റിടത്തേയ്ക്ക് യാത്ര ചെയ്യുക," ആ സഹോദരങ്ങൾ പറയുന്നു. നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻ.ആർ.എസ്.സി) നൽകുന്ന വിവരമനുസരിച്ച്, 1998-നും 2015-നും ഇടയിൽ, അസം സംസ്ഥാനത്തെ ഭൂമിയുടെ ഏകദേശം 28.75 ശതമാനം പ്രളയത്താൽ ബാധിക്കപ്പെട്ടിട്ടുണ്ട്.

PHOTO • Harsh Choudhary
PHOTO • Najam Sakib

ഇടത്: ബഹറുൾ ഇസ്‌ലാം, താൻ ശേഖരിച്ച മാലിന്യം വേർതിരിക്കാനായി നിലത്തിടുന്നു. വലത്: ഹരിയാനയിലെ അസാവർപൂർ ഗ്രാമത്തിലുള്ള ബഹറുളിന്റെ വീടിന് സമീപത്തായി മാലിന്യച്ചാക്കുകൾ അട്ടിയിട്ടിരിക്കുന്നു

PHOTO • Najam Sakib
PHOTO • Harsh Choudhary

റിയാസ് ഇസ്ലാമിന്റെയും (ഇടത്) അദ്ദേഹത്തിന്റെ സഹോദരൻ നൂറിന്റെയും (വലത്) സ്വദേശമായ അസമിൽ അടിയ്ക്കടിയുണ്ടാകുന്ന പ്രളയംമൂലം കൃഷി തുടരാനാകാതെ വന്നതോടെയാണ് ഇരുവരും ഹരിയാനയിലെ സോനിപത്തിലേയ്ക്ക് താമസം മാറിയത്

ബഹറുളും റിയാസും നൂറും മറ്റ് 11 കുടിയേറ്റ കുടുംബങ്ങളും ഇന്ന് അസമിലുള്ള അവരുടെ വീടുകളിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയാണ് താമസിക്കുന്നത്. അസമിലെ ബാർപേട്ട, ബോൻഗായിഗാവോൻ, ഗോൽപാര എന്നീ ജില്ലകളിൽനിന്നുള്ളവരാണ് ഇവരെല്ലാവരും. ഒരുമിച്ച് ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നതിലൂടെ, അപരിചിതമായ ഒരു പരിതസ്ഥിതിയിൽ പരസ്പരം താങ്ങാകാനും കുടിയേറ്റക്കാരെന്ന നിലയിൽ നിത്യജീവിതത്തിൽ നേരിടേണ്ടിവരുന്ന അപമാനവുമായി പൊരുത്തപ്പെടാൻ പരസ്പരം സഹായിക്കാനും ഇവർക്ക് സാധിക്കുന്നു.

ബഹറുൾ പറയുന്നു, "ഇവിടെ ആർക്കെങ്കിലും പണത്തിന് ആവശ്യം വന്നാൽ, ഞങ്ങൾതന്നെ അങ്ങോട്ടുമിങ്ങോട്ടും കടം കൊടുക്കും. വളരെ കുറച്ച് പേർക്കുമാത്രമേ അസമിലുള്ള അവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോകാൻ സാധിക്കുകയുള്ളൂ (അതിനാവശ്യമായ ചിലവ് താങ്ങാൻ കഴിയുകയുള്ളൂ) എന്നത് കൊണ്ടുതന്നെ മീട്ടി ഈദ്, ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ ഞങ്ങൾ ഇവിടെ ഒരുമിച്ച് കൊണ്ടാടുകയാണ് പതിവ്. റമദാൻ മാസത്തിൽ, ഞങ്ങൾ ഇടയ്ക്ക് സെഹ്‌റി പങ്കുവയ്ക്കാറുമുണ്ട്."

ഇവിടെയുള്ള മിക്ക കുടുംബങ്ങളും മഹാമാരിയ്ക്ക് മുൻപ്, 2017-ൽ കുടിയേറിയതാണ്.; ബാക്കിയുള്ളവർ 2021-ലും. എല്ലാവരും ചേർന്ന് മാസം 17,000 രൂപയ്ക്കാണ് ഈ സ്ഥലം വാടകയ്ക്കെടുത്തിരിക്കുന്നത്; ഓരോ കുടുംബവും ആയിരം രൂപയേക്കാൾ ഒരല്പം കൂടുതൽ വരുന്ന തുക വാടകയിനത്തിൽ നൽകണം. ബഹറുളിന്റെ ഭാര്യ മൊഫീദയെപ്പോലെ കുറച്ച് സ്ത്രീകളും ഇവരെ സഹായിക്കുന്നുണ്ട്. ബോൻഗായിഗാവോനിൽ നിന്നുതന്നെയുള്ള മൊഫീദ പത്താം തരംവരെ പഠിച്ചിട്ടുള്ളതിനാൽ അസമീസിനു പുറമേ ഇംഗ്ളീഷും വായിക്കാനും എഴുതാനും സാധിക്കും. ഓരോ കുടുബവും ശേഖരിക്കുന്ന മാലിന്യങ്ങൾ അളന്ന്, കണക്കുകൾ ഒരു ചെറിയ നോട്ടുബുക്കിൽ രേഖപ്പെടുത്തുകയാണ് മൊഫീദയുടെ ജോലി.

എല്ലാ കുടുംബങ്ങളും മാലിന്യവുമായി ബന്ധപ്പെട്ടുള്ള ജോലികളാണ് ചെയ്യുന്നത്' ചിലർ ജനവാസ പ്രദേശങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കുമ്പോൾ ബഹറുൾ ഉൾപ്പെടെ മറ്റുള്ളവർ സമീപത്തുള്ള ഫാക്ടറികളിൽനിന്നും വ്യാവസായിക പ്രദേശങ്ങളിൽനിന്നും മാലിന്യം ശേഖരിക്കുന്നു. ഇവർക്കൊപ്പമുള്ള കുട്ടികൾ, ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന മാലിന്യം വേർതിരിക്കുന്നത് പോലെയുള്ള ജോലികളിൽ സഹായിക്കുന്നതിന് പുറമേ ചിലപ്പോഴെല്ലാം മുതിർന്നവർക്കൊപ്പം മാലിന്യം ശേഖരിക്കാനും പോകാറുണ്ട്.

PHOTO • Harsh Choudhary
PHOTO • Harsh Choudhary

ഇടത്: ബഹറുളും ഭാര്യ മൊഫീദയും ഡീലർമാർക്ക് വിൽക്കുന്നതിനായി മാലിന്യം വേർതിരിക്കുന്നു. കോമ്പൗണ്ടിൽ താമസിക്കുന്ന ഓരോ കുടുംബവും ശേഖരിക്കുന്ന മാലിന്യം അളക്കുകയും വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നതിൽ സഹായിക്കുകയാണ് മൊഫീദയുടെ ചുമതല. വലത്: ബഹറുൾ താമസിക്കുന്ന താത്കാലിക വീട് മുളങ്കാലുകളിൽ ടാർപ്പായ വലിച്ചുകെട്ടിയാണ് നിർമ്മിച്ചിരിക്കുന്നത്

PHOTO • Harsh Choudhary
PHOTO • Najam Sakib

ഇടത്: നൂർ രാവിലെ 9 മണി മുതൽ വൈകീട്ട് 3 മണി വരെ നഗരത്തിലുടനീളം നടന്ന് മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നു. വലത്: ഈ പ്രദേശത്തെ താമസക്കാർ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് ഡീലർമാർക്ക് വിൽക്കുന്നു

""രാവിലെ 7 മണിയോടെ ഞങ്ങളുടെ ദിവസം ആരംഭിക്കും. രാവിലെ നഗരത്തിലേയ്ക്ക് മാലിന്യം ശേഖരിക്കാൻ പോകുന്ന ഞങ്ങൾ വൈകീട്ട് ഏതാണ്ട് 3 മണിയോടെയാണ് മടങ്ങിയെത്തുക," നൂർ ഇസ്‌ലാം പറയുന്നു. എന്നാൽ ജോലി കൂടുതലുള്ള ദിവസങ്ങളിൽ തങ്ങൾ മടങ്ങിയെത്താൻ രാത്രി 9 മണി ആകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.  മാലിന്യം ശേഖരിച്ചാൽ, അടുത്ത പടി അവയെ ഏകദേശം 30-35 വിഭാഗങ്ങളായി തരം തിരിക്കുകയാണ്: ഉപയോഗിച്ച കുപ്പികൾ, പ്ലാസ്റ്റിക്ക് ചാക്കുകൾ, ചപാട്ടികൾ, തെർമോക്കോൾ, ഗ്ലാസ് ഉത്പന്നങ്ങൾ തുടങ്ങിയവയാണവ. "അതിനുശേഷം ഞങ്ങൾ മാലിന്യം പ്രാദേശിക ഡീലർമാർക്ക് വിൽക്കും," ബഹറുൾ പറയുന്നു. ഉത്പന്നങ്ങൾക്കുള്ള ആവശ്യക്കാരുടെ തോതനുസരിച്ച് ഡീലർമാർ നിശ്ചയിക്കുന്ന വില മാലിന്യം ശേഖരിക്കുന്നവർ അംഗീകരിക്കുകയേ വഴിയുള്ളൂ. "തെർമോക്കോളിന്റെ വില കിലോ ഒന്നിന് 15 രൂപ മുതൽ 30 രൂപവരെയാകാം," ബഹറുൾ പറയുന്നു.

ഒരു കുടുംബത്തിന് ഒരു മാസം 7,000-10,000 രൂപ സമ്പാദിക്കാനാകും -  പ്ലാസ്റ്റിക്ക് കുപ്പികളിൽ ലഭിക്കുന്ന കുടിവെള്ളത്തിന്റെ വില്പന കൂടുന്ന വേനൽമാസങ്ങളിലാണ് അവർക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്.

"ഞങ്ങളുടെ വരുമാനത്തിന്റെ പകുതിയോളം വാടക, വൈദ്യുതി, വെള്ളം എന്നിവയ്ക്ക് ചിലവാകും. വൈദ്യുതിക്കും വെള്ളത്തിനും പ്രത്യേകം തുക അടയ്ക്കണം. വൈദ്യുതി ബില്ല് ഏകദേശം 1,000 രൂപ ആകാറുണ്ട്," ബഹറുൾ പറയുന്നു. പുരയിടത്തിലുള്ള പൈപ്പിൽ ലഭിക്കുന്ന വെള്ളം കുടിക്കാൻ ഉപയോഗിക്കാനാകാത്തതിനാൽ, ഇവിടെയുള്ള കുടുംബങ്ങൾ ഒരു വിതരണക്കാരനിൽനിന്ന് കുടിവെള്ളം വാങ്ങുന്നുമുണ്ട്.

ഭക്ഷണത്തിന് പണം ചിലവാക്കേണ്ടിവരുന്നത് തങ്ങളുടെ ചിലവുകൾ വർദ്ധിക്കാൻ ഇടയാക്കുന്നുവെന്ന് ബഹറുൾ സൂചിപ്പിക്കുന്നു. "നാട്ടിൽ (അസം) ഞങ്ങൾക്ക് റേഷൻ ലഭിക്കും," പി.ഡി.എസിലൂടെ (പബ്ലിക്ക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ പരാമർശിച്ച് അദ്ദേഹം പറയുന്നു. "എന്നാൽ ഇവിടെ, ഹരിയാനയിലെ തിരിച്ചറിയൽ രേഖ ഉണ്ടെങ്കിൽ മാത്രമേ റേഷൻ ലഭിക്കുകയുള്ളൂ; അത് ഞങ്ങളുടെ കൈവശമില്ല."

ഓ.എൻ.ഓ.ആർ.സി (വൺ നേഷൻ, വൺ റേഷൻ കാർഡ്) പദ്ധതിയെ പറ്റി ബഹറുളിന് അറിവില്ല - ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റക്കാർ ഉൾപ്പെടെ എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2019 മുതൽ പ്രാബല്യത്തിലുള്ള ദേശവ്യാപക പോർട്ടബിലിറ്റി സ്‌കീമാണത്. "എനിക്ക് അതേപ്പറ്റി അറിയില്ല," അദ്ദേഹം ഈ ലേഖകനോട് പറഞ്ഞു.

PHOTO • Harsh Choudhary
PHOTO • Harsh Choudhary

പ്ലാസ്റ്റിക്ക് കുപ്പികളിൽനിന്ന് (ഇടത്) നല്ല വരുമാനം ലഭിക്കും. ഉപയോഗിച്ച കുപ്പികൾ, പ്ലാസ്റ്റിക്ക് ചാക്കുകൾ, ചപാട്ടികൾ, തെർമോക്കോൾ, ഗ്ലാസ് ഉത്പന്നങ്ങൾ, കാർഡ്ബോർഡ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി മാലിന്യത്തെ തരംതിരിക്കുന്നു (വലത്)

PHOTO • Najam Sakib
PHOTO • Harsh Choudhary

കുട്ടികൾ (ഇടത്) മിക്കപ്പോഴും മുതിർന്നവരെ സഹായിക്കുന്നു. എല്ലാവരുടെയും രേഖകൾ ചോദിച്ച് ഉദ്യോഗസ്ഥർ മിക്കപ്പോഴും തങ്ങളുടെ വീടുകളിൽ എത്താറുണ്ടെന്ന് ഈ കുടുംബങ്ങൾ പറയുന്നു

മുളങ്കാലുകളിൽ ടാർപ്പായ വലിച്ചുകെട്ടിയാണ് അവർ താത്കാലിക വീടുകൾ നിർമ്മിച്ചിരിക്കുന്നത്. വീടുകളും വേർതിരിച്ചതും വേർതിരിക്കാത്തതുമായ മാലിന്യക്കൂനകളും ഒന്നാകുന്നിടത്ത് അവരുടെ കുട്ടികൾ നാലുപാടും ഓടിക്കളിക്കുന്നു. ഈ റിപ്പോർട്ട് പ്രകാരം, രക്ഷിതാക്കൾക്കൊപ്പം നഗരങ്ങളിലേക്ക് കുടിയേറുന്ന കുട്ടികളിൽ 55 ശതമാനം പേർ മാത്രമാണ് സ്കൂളിൽ പോകുന്നത്. ഈ പ്രദേശത്ത് താമസിക്കുന്ന മിക്ക കുട്ടികളും വിദ്യാഭ്യാസം തുടരുന്നതിന് പകരം ജോലി ചെയ്യാനാണ് താല്പര്യപ്പെടുന്നത്. റിയാസിന്റെ 12 വയസ്സുകാരനായ മകൻ അൻവർ 3-ആം ക്ലാസ് പൂർത്തിയാക്കിയതിനുശേഷം പഠനം ഉപേക്ഷിച്ചു. അവൻ ഇപ്പോൾ മാലിന്യം പെറുക്കാനും അവ വേർതിരിക്കാനും റിയാസിനെ സഹായിക്കുകയാണ്. "കമ്പാഡിവാലയുടെ മകന്റെ അടുക്കൽ വരാൻ ആർക്കും ഇഷ്ടമില്ലായിരുന്നു. എനിക്ക് കൂട്ടുകാരാരും ഉണ്ടായിരുന്നില്ല. അച്ഛനെ സഹായിക്കാൻവേണ്ടിയാണ് ഞാൻ പഠിത്തം നിർത്തിയത്," അൻവർ പറയുന്നു.

സോനിപത്തിൽ താമസമാക്കുന്നതിന് മുൻപ് ബഹറുൾ മൂന്ന് വർഷം ചെന്നൈയിലെ ഒരു കോളേജിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നു. "എന്റെ ഗ്രാമത്തിൽനിന്നുതന്നെയുള്ള മറ്റൊരാളുടെ പാത പിന്തുടർന്നാണ് ഞാൻ ഇവിടെയെത്തിയത്," അദ്ദേഹം പറയുന്നു.

"ഈ ജോലിയാന് ചെയ്യുന്നതെന്ന് എന്റെ അച്ഛനമ്മമാരോടോ ഗ്രാമത്തിലുള്ളവരോടോ പറയേണ്ടിവന്നാൽ, അതെനിക്ക് നാണക്കേടാകും," ബഹറുൾ പറയുന്നു. "സ്കൂളുകളിൽ ചെറിയ ജോലികൾ ചെയ്യുകയാണ് എന്നാണ് ഞാൻ അവരോട് പറയാറുള്ളത്." കുടിയേറ്റത്തിന്റെ ഭാഗമായി മറ്റ് പല വെല്ലുവിളികളും അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. "അസമിൽ, മത്സ്യം ഞങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്നാൽ ഇവിടെ ഞങ്ങൾ മത്സ്യം കഴിച്ചാൽ ചില അയൽക്കാർ ഞങ്ങളെ അവജ്ഞയോടെ നോക്കും; അതുകൊണ്ട് വളരെ രഹസ്യമായി മാത്രമേ ഞങ്ങൾക്ക് മത്സ്യം പാകം ചെയ്ത് കഴിക്കാൻ സാധിക്കുകയുള്ളൂ."

അസമിൽ ഒരല്പം ഭൂമി വാങ്ങി തന്റെ ആളുകളുടെ അടുക്കലേക്ക് മടങ്ങാൻ ആവശ്യമായ പണം സമ്പാദിക്കണമെന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. "ആർക്കും സ്വന്തം കുടുംബാംഗങ്ങളോട് കളവ് പറയുന്നത് ഇഷ്ടമല്ല, ആത്മാഭിമാനത്തോടെ ജീവിക്കാൻ സാധിക്കണമെന്നാണ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത്."

പരിഭാഷ: പ്രതിഭ ആര്‍. കെ .

Student Reporter : Harsh Choudhary

Harsh Choudhary is a student at Ashoka University, Sonipat. He has grown up in Kukdeshwar, Madhya Pradesh.

Other stories by Harsh Choudhary
Editor : PARI Desk

PARI Desk is the nerve centre of our editorial work. The team works with reporters, researchers, photographers, filmmakers and translators located across the country. The Desk supports and manages the production and publication of text, video, audio and research reports published by PARI.

Other stories by PARI Desk
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.