"ഞങ്ങൾ ഡൽഹിയിൽനിന്ന് തിരികെ വന്നിട്ട് രണ്ട് വർഷത്തിൽ കൂടുതലായി. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്, എന്നാൽ ആ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾ കർഷകരെ ആരും ഇക്കാലമത്രയും വിളിച്ചിട്ടില്ല," പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ താമസിക്കുന്ന 60 വയസ്സുകാരി ചരൺജീത്ത് കൗർ പറയുന്നു. ചരൺജീത്തും കുടുംബവും സ്വന്തമായുള്ള രണ്ടേക്കർ നിലത്ത് ഗോതമ്പും നെല്ലും വീട്ടാവശ്യത്തിനുള്ള കുറച്ച് പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. "എല്ലാ കർഷകരുടെയും അവകാശങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ പൊരുതുന്നത്," അവർ കൂട്ടിച്ചേർക്കുന്നു.

ചരൺജീത്തും സുഹൃത്തും അയൽവാസിയുമായ ഗുർമീത് കൗറും ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം പട്യാല ജില്ലയിലെ ശംഭു അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്. അസ്തമന സൂര്യന്റെ ഇളം ചൂടുള്ള രശ്മികൾ അവർക്ക് മേൽ പതിക്കുന്നു. "അവർ (സർക്കാർ) ഞങ്ങളെ ഡൽഹിയിലേക്ക് പോകാൻ പോലും സമ്മതിച്ചില്ല," ഗുർമീത് പറയുന്നു. പ്രതിഷേധിക്കുന്ന കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാനായി ഹരിയാന-പഞ്ചാബ് അതിർത്തികളിലെ റോഡുകളിലും പിന്നെ ഡൽഹി-ഹരിയാന അതിർത്തികളിലും പല നിരകളിലായി സ്ഥാപിച്ചിട്ടുള്ള, കോൺക്രീറ്റ് ചുവരുകൾ, ഇരുമ്പാണികൾ, കമ്പിവേലികൾ ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങളെയാണ് അവർ പരാമർശിക്കുന്നത്. വായിക്കുക : 'ശംഭു അതിർത്തിയിൽ തടവിലായപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത് .'

സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ പ്രകാരം വിളകൾക്കുള്ള താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകുക, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടം പൂർണ്ണമായും എഴുതിത്തള്ളുക, ലഖിംപൂർ ഖേരി കൂട്ടക്കൊലയിൽ ബാധിക്കപ്പെട്ട കർഷകർക്ക് നീതി ഉറപ്പാക്കുക, അതിനുത്തരവാദികളായ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഏർപ്പെടുത്തുക, 2020-21-ലെ കർഷകസമരത്തിൽ രക്തസാക്ഷികളായ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിങ്ങനെ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്രസർക്കാർ തീർത്തും പരാജയപ്പെട്ടുവെന്ന് ഇവിടെ ഒത്തുചേർന്നിരിക്കുന്ന കർഷകർ ആരോപിക്കുന്നു.

ഏതാനും ആഴ്ച്ചകൾക്ക് മുൻപ്, ഫെബ്രുവരി 13-നു, കർഷകർ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനായി ദേശീയ തലസ്ഥാനത്തേക്ക് സമാധാനപരമായി പ്രകടനം തുടങ്ങിയപ്പോൾ,  അവർ മുന്നോട്ട് പോകുന്നത് തടയാനായി ഹരിയാന പോലീസ് അവർക്കുനേരെ കണ്ണീർ വാതകം, ജലപീരങ്കി, പെല്ലറ്റ് ഗണ്ണിൽനിന്നുള്ള റബ്ബർ ബുള്ളറ്റുകൾ തുടങ്ങിയവ പ്രയോഗിക്കുകയുണ്ടായി.

Left: Neighbours and friends, Gurmeet Kaur (yellow dupatta) and Charanjit Kaur have come to Shambhu border from Khurana village in Punjab's Sangrur district.
PHOTO • Sanskriti Talwar
Right: Surinder Kaur says, ' We are protesting for our rights, we will not return until our rights are met'
PHOTO • Sanskriti Talwar

ഇടത്: അയൽക്കാരും സുഹൃത്തുക്കളുമായ ഗുർമീത് കൗറും (മഞ്ഞ ദുപ്പട്ട ധരിച്ചിരിക്കുന്നു) ചരൺജീത്ത് കൗറും പഞ്ചാബിലെ സംഗ്രൂർ ജില്ലയിലുള്ള ഖുറാന ഗ്രാമത്തിൽനിന്നാണ് ശംഭു അതിർത്തിയിൽ എത്തിയിരിക്കുന്നത്. വലത്: സുരിന്ദർ കൗർ പറയുന്നു, 'ഞങ്ങൾ ഞങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധിക്കുന്നത്, ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാതെ ഞങ്ങൾ ഇവിടെനിന്ന് മടങ്ങില്ല'

Left: Surinder Kaur, along with other women, praying for strength to carry on with the protest.
PHOTO • Sanskriti Talwar
Right: Women sit near the stage put up at Shambhu border
PHOTO • Sanskriti Talwar

ഇടത്: സുരിന്ദർ കൗറും മറ്റ് സ്ത്രീകളും പ്രതിഷേധം തുടരാനുള്ള കരുത്തിനായി പ്രാർത്ഥിക്കുന്നു. വലത്: ശംഭു അതിർത്തിയിൽ സജ്ജീകരിച്ചിട്ടുള്ള വേദിയ്ക്ക് സമീപം ഇരിക്കുന്ന സ്ത്രീകൾ

ഹരിയാനയ്ക്കും പഞ്ചാബിനും ഇടയിലെ ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കിടയിൽ സുരിന്ദർ കൗറിന്റെ മകനുമുണ്ട്. “ഞങ്ങളുടെ മൊബൈൽ ഫോണുകളും ടെലിവിഷനുകളും സദാസമയവും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ദിവസം മുഴുവൻ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതക ഷെല്ലുകൾ തൊടുക്കുന്നത് കാണുമ്പോൾ, ഞങ്ങളുടെ മക്കളുടെ സുരക്ഷിതത്വത്തെക്കുറിച്ചോർത്ത് ഞങ്ങൾക്ക് ആശങ്ക തോന്നും", അവർ പറയുന്നു.

ഖോജെ മാജ്ര സ്വദേശിനിയായ സുരിന്ദർ കൗർ, 2024 ഫെബ്രുവരി 24-ന് രാവിലെയാണ് ശംഭു അതിർത്തിയിൽ എത്തിയത്. നേരത്തെ, ഹരിയാനയ്ക്കും പഞ്ചാബിനും ഇടയിലെ മറ്റൊരു അതിർത്തിയായ ഖനോരിയിൽ, പ്രതിഷേധത്തിലേർപ്പെട്ടിരുന്ന കർഷകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘർഷത്തിൽ 22 വയസ്സുകാരൻ ശുഭ് കരൺ സിംഗ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ശംഭുവിൽ നടത്തിയ, മെഴുകുതിരി തെളിയിച്ചുള്ള പ്രകടനത്തിൽ പങ്കെടുക്കാനാണ് സുരിന്ദർ എത്തിയത്.

"ഞങ്ങൾ ഞങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് (ഹഖ്) പ്രതിഷേധിക്കുന്നത്, ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാതെ ഞങ്ങൾ ഇവിടെനിന്ന് മടങ്ങില്ല," അവർ തറപ്പിച്ച് പറയുന്നു. 64 വയസ്സുളള സുരിന്ദറിനൊപ്പം അവരുടെ മരുമകളും പേരക്കിടാങ്ങളും വന്നിട്ടുണ്ട്.

സുരിന്ദർ കൗറിന്റെ ആറംഗ കുടുംബം ഫത്തേഗഡ് സാഹിബ് ജില്ലയിൽ സ്വന്തമായുള്ള രണ്ടേക്കർ നിലത്ത് ഗോതമ്പും നെല്ലും കൃഷിചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്. വെറും അഞ്ച് വിളകൾക്ക് മാത്രം താങ്ങുവില ഏർപ്പെടുത്തുന്നത് അപര്യാപ്തമാണെന്ന് അവർ പറയുന്നു. "അവർ തുച്ഛമായ വില നൽകിയാണ് ഞങ്ങളുടെ വിളകൾ വാങ്ങിക്കുന്നത്," തന്റെ കൃഷിയിടത്തിലും പരിസരപ്രദേശത്തും വിൽക്കപ്പെടുന്ന കടുക് പോലെയുള്ള വിളകളെ പരാമർശിച്ച് സുരിന്ദർ പറയുന്നു.

"ഞങ്ങൾ സമാധാനപരമായി പ്രതിഷേധിച്ചിട്ടും, പോലീസ് എന്തിനാണ് ഇത്രയും അക്രമാസക്തരാകുന്നത്?" ദേവിന്ദർ കൗർ ആശങ്കയോടെ ചോദിക്കുന്നു; അവരുടെ രണ്ട് ആണ്മക്കളും തുടക്കം മുതൽ പ്രതിഷേധസ്ഥലത്തുണ്ട്. പഞ്ചാബിലെ സാഹിബ്‌സാദ അജിത് സിംഗ് നഗർ ജില്ലയിലെ ലാണ്ട്രാൻ ഗ്രാമവാസിയായ ദേവിന്ദറും കുടുംബസമേതമാണ് ശംഭുവിൽ എത്തിയിരിക്കുന്നത്- മരുമക്കളും 2-ഉം 7-ഉം 11-ഉം വയസ്സുള്ള പേരക്കിടാങ്ങളും അവർക്കൊപ്പമുണ്ട്.

"ഗോതമ്പ്, നെല്ല് എന്നീ രണ്ട് വിളകൾക്ക് മാത്രമാണ് സർക്കാർ താങ്ങുവില നൽകുന്നത്. എന്നിട്ട് അവർ ഞങ്ങളോട് മറ്റു വിളകൾ കൃഷി ചെയ്യാൻ ആവശ്യപ്പെടും. ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ എങ്ങനെയാണ് വിളകൾ വൈവിധ്യവത്ക്കരിക്കുക?" ദേവിന്ദർ ചോദിക്കുന്നു. "2022-2023-ൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചോളത്തിന് നിശ്ചയിച്ചിട്ടുള്ള താങ്ങുവില ഒരു ക്വിന്റലിന് 1,962 രൂപയാണ് എന്നിരിക്കെ, ഞങ്ങൾ വളർത്തുന്ന ചോളം ഒരു ക്വിന്റലിന് 800-900 രൂപയ്ക്കാണ് അവർ വാങ്ങുന്നത്."

Left: Devinder Kaur has come with her family from Landran village in Sahibzada Ajit Singh Nagar district. ' Everyone can see the injustice the government is committing against our children,' she says.
PHOTO • Sanskriti Talwar
Right: Farmers hold a candle light march for 22-year-old Shubhkaran Singh who died on February 21 at the Khanauri border during the clash between Haryana police and the farmers
PHOTO • Sanskriti Talwar

ഇടത്ത്: സാഹിബ്‌സാദ അജിത് സിംഗ് നഗർ ജില്ലയിലെ  ലാണ്ട്രാൻ ഗ്രാമവാസിയായ ദേവിന്ദർ കൗർ കുടുംബസമേതമാണ് പ്രതിഷേധത്തിനെത്തിയിരിക്കുന്നത്. 'ഞങ്ങളുടെ മക്കളോട് സർക്കാർ കാണിക്കുന്ന അനീതി എല്ലാവരും കാണുന്നുണ്ട്,' അവർ പറയുന്നു. വലത്ത്: ഫെബ്രുവരി 21-നു ഖനോരി അതിർത്തിയിൽ ഹരിയാന പോലീസും കർഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ മരണപ്പെട്ട 22 വയസ്സുകാരൻ ശുഭ് കരൺ സിംഗിന്റെ സ്മരണാർത്ഥം കർഷകർ മെഴുകുതിരി തെളിയിച്ച് പ്രകടനം നടത്തുന്നു

At the candle light march for Shubhkaran Singh. The farmers gathered here say that the Centre has failed them on many counts
PHOTO • Sanskriti Talwar
At the candle light march for Shubhkaran Singh. The farmers gathered here say that the Centre has failed them on many counts
PHOTO • Sanskriti Talwar

ശുഭ് കരൺ സിംഗിന്റെ സ്മരണാർത്ഥം നടത്തിയ, മെഴുകുതിരി തെളിയിച്ചുള്ള പ്രകടനത്തിൽനിന്ന്. കേന്ദ്രസർക്കാർ തങ്ങളെ എല്ലാ അർത്ഥത്തിലും വഞ്ചിച്ചുവെന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്ന കർഷകർ ആരോപിക്കുന്നു

ബാരിക്കേഡുകളിൽനിന്ന് കഷ്ടി 200 മീറ്റർ അകലെയായി, ഒരു ട്രോളിയുടെ മുകളിൽ സജ്ജീകരിച്ചിട്ടുള്ള താത്കാലിക വേദിയിൽ, കർഷകനേതാക്കൾ പ്രസംഗിക്കുകയും അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിട്ടുള്ള പരിപാടികളെക്കുറിച്ച്, പ്രതിഷേധരംഗത്തുള്ള കർഷകരെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ദേശീയപാതയിൽ നിരത്തിയിട്ടിരിക്കുന്ന ദുരികളിലാണ് ആളുകൾ ഇരിക്കുന്നത്; നാല് കിലോമീറ്റർ ദൂരത്തിൽ, ആയിരക്കണക്കിന് ട്രാക്ടർ ട്രോളികളുടെ നിര പഞ്ചാബിലേയ്ക്ക് നീളുന്നു.

പഞ്ചാബിലെ രാജ്‌പുരയിൽനിന്നുള്ള കർഷകയായ 44 വയസ്സുകാരി പരംപ്രീത് കൗർ ഫെബ്രുവരി 24 മുതൽ ശംഭുവിലുണ്ട്. അമൃത്‌സറിൽനിന്നും പത്താൻകോട്ടിൽനിന്നുമുള്ള ട്രാക്ടർ ട്രോളികൾ ഓരോന്നിലും ദിവസേന നാലും അഞ്ചും സ്ത്രീകൾ പ്രതിഷേധസ്ഥലത്തെത്തുന്നുണ്ട്. അവർ ഒരു പകൽ  മുഴുവൻ അതിർത്തിയിൽ തങ്ങി മടങ്ങുകയും അടുത്ത ദിവസം മറ്റൊരു കൂട്ടം സ്ത്രീകൾ ഇവിടെയെത്തുകയുമാണ് പതിവ്. പ്രതിഷേധസ്ഥലത്ത് വേണ്ടത്ര ശൗചാലയങ്ങൾ ഇല്ലാത്തതിനാലാണ് തങ്ങൾ രാത്രി തങ്ങാത്തതെന്ന് അവർ പറയുന്നു. "ഞങ്ങളുടെ കുടുംബത്തിൽനിന്ന് ആരെങ്കിലും പ്രതിഷേധത്തിന് പിന്തുണ അറിയിക്കാൻ എത്തണമെന്ന് എനിക്ക് തോന്നി," പരംപ്രീത് പറയുന്നു. അവരുടെ 21 വയസ്സുകാരനായ മകന് സുഖമില്ലാത്തത് മൂലം ഇവിടെയെത്താൻ കഴിയാത്തതുകൊണ്ട് അവർ ബന്ധുക്കളോടൊത്ത് വരികയായിരുന്നു. പരംപ്രീതിന്റെ കുടുംബത്തിന് സ്വന്തമായുള്ള 20 ഏക്കർ നിലത്ത് ഗോതമ്പും നെല്ലും കൃഷി ചെയ്യുന്നുണ്ടെങ്കിലും, 2021-ൽ അവരുടെ ഭർത്താവിന് പക്ഷാഘാതം ഉണ്ടായശേഷം, ആ ഭൂമിയിൽനിന്ന് അവർക്ക് വരുമാനം ഒന്നുംതന്നെ ലഭിച്ചിട്ടില്ല.

"ഞങ്ങളുടെ നിലത്തിന് സമീപത്തുള്ള ഫാക്ടറിയിൽനിന്ന് പുറന്തള്ളുന്ന രാസമാലിന്യം മൂലം ആ പ്രദേശത്തെ ഭൂഗർഭജലം മലിനപ്പെട്ടിരിക്കുന്നകയാണ്. അതിനാൽ, അവിടെ പാട്ടത്തിന് കൃഷി നടത്താൻപോലും ആർക്കും താത്പര്യമില്ല," അവർ കൂട്ടിച്ചേർക്കുന്നു.

അമൻദീപ് കൗറിനും കുടുംബത്തിനും പട്യാല ജില്ലയിലെ ബത്തേഡി ഗ്രാമത്തിൽ സ്വന്തമായി 21 ഏക്കർ കൃഷിഭൂമിയുണ്ട്. പ്രധാനമായും ഗോതമ്പും നെല്ലുമാണ് അവിടെ അവർ കൃഷി ചെയ്യുന്നത്. "ഞങ്ങളുടെ പാടത്ത് നിൽക്കുമ്പോൾ, ഞങ്ങളുടെ വിളകൾക്ക് തുച്ഛവിലയാണ്. എന്നാൽ, ഞങ്ങളുടെ അടുക്കൽനിന്ന് കൊണ്ടുപോയതിനു ശേഷം, ഇരട്ടിവിലയ്ക്കാണ് അവ വിപണിയിൽ വിൽക്കുന്നത്."

പ്രതിഷേധത്തെക്കുറിച്ച് അവർ പറയുന്നു, "പ്രതിഷേധക്കാർ നിരായുധരായിട്ടുകൂടി, സർക്കാർ സ്വന്തം പൗരന്മാർക്കെതിരെ ആയുധമെടുക്കുകയാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ തുടരാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ ഒന്നുംതന്നെയില്ല എന്നതാണ് സത്യം. ഇപ്പോഴത്തെ ചെറുപ്പക്കാർ രാജ്യം വിട്ടുപോകുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. ഇവിടെ ജോലിലഭ്യത പരിമിതമാണെന്ന് മാത്രമല്ല, നമ്മൾ സ്വന്തം അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ, ഇത്തരം പ്രതികരണമാണ് നമുക്കുനേരെ ഉണ്ടാകുന്നത്."

പരിഭാഷ: പ്രതിഭ ആര്‍. കെ .

Sanskriti Talwar

Sanskriti Talwar is an independent journalist based in New Delhi, and a PARI MMF Fellow for 2023.

Other stories by Sanskriti Talwar
Editor : PARI Desk

PARI Desk is the nerve centre of our editorial work. The team works with reporters, researchers, photographers, filmmakers and translators located across the country. The Desk supports and manages the production and publication of text, video, audio and research reports published by PARI.

Other stories by PARI Desk
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.