ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രിയായിരുന്ന ഡോക്ടർ ബി.ആർ അംബേദ്‌കർ പുതിയ പാർലമെന്റ് മന്ദിരത്തിൽ നടന്ന നടപടിക്രമങ്ങൾ സംശയദൃഷ്ടിയോടെ മാത്രം വീക്ഷിച്ചിരിക്കാനേ സാധ്യതയുള്ളൂ. "ആരെങ്കിലും ഭരണഘടന ദുരുപയോഗം ചെയ്യുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടാൽ അത് ആദ്യം കത്തിക്കുക ഞാനായിരിക്കും" എന്ന് പറഞ്ഞത് അദ്ദേഹം തന്നെയാണല്ലോ.

പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഭീഷണിയുയർത്തി 2023-ൽ പാർലമെന്റിൽ പാസ്സായ പ്രധാനപ്പെട്ട പുതിയ നിയമങ്ങൾ പാരി ലൈബ്രറി ആഴത്തിൽ പരിശോധിക്കുന്നു.

2023-ലെ വന (സംരക്ഷണം) ഭേദഗതി നിയമത്തിന്റെ കാര്യമെടുക്കാം. ഇന്ത്യയിലെ വനങ്ങൾ, അവ അതിർത്തികളോട് അടുത്തുകിടക്കുന്നവയെങ്കിൽ, ഇനി മുതൽ അപ്രാപ്യമല്ല.  ഒന്നിലധികം രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിർത്തികൾ പങ്കിടുന്ന, ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ ഉദാഹരണമായെടുക്കാം. നിയമഭേദഗതിയ്ക്കുശേഷം, സൈനികവും സൈനികേതരവുമായ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാവുന്ന, രേഖപ്പെടുത്തിയിട്ടുള്ള വനപ്രദേശങ്ങളുടെ 50 ശതമാനത്തോളവും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലുള്ള 'അൺക്ലാസ്സ്‌ഡ് ഫോറസ്റ്റ്സ്' ആണ്.

ഡിജിറ്റൽ സ്വകാര്യതാ മേഖലയിൽ നടപ്പിലാക്കപ്പെട്ട പുതിയ നിയമം - ഭാരതീയ നാഗരിക് സുരക്ഷാ (രണ്ട്) സംഹിതാ ആക്ട് - പ്രകാരം, അന്വേഷണ ഏജൻസികൾക്ക് നടപടിക്രമങ്ങളുടെ ഭാഗമായി ഫോണുകൾ, ലാപ്‌ടോപ്പുകൾപോലെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുക ഇനി മുതൽ എളുപ്പമാകും; പൗരന്റെ സ്വകാര്യത എന്ന മൌലികാവകാശത്തിന് ഭീഷണി ഉയർത്തുന്ന സ്ഥിതിവിശേഷമാണിത്. അതുപോലെതന്നെ, പുതിയ ടെലിക്കമ്യൂണിക്കേഷൻസ് നിയമം, ടെലിക്കമ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്ന അംഗീകൃത സ്ഥാപനത്തിന്, പരിശോധിച്ച് ഉറപ്പ് വരുത്താവുന്ന, ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കാൻ അധികാരം നൽകുന്നു. ഇതിന്റെ ഭാഗമായി ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നത്, സ്വകാര്യതയും സൈബർ സുരക്ഷയും സംബന്ധിച്ച് കാതലായ ചില ആശങ്കകൾ ഉയർത്തുന്നുണ്ട്.

ഇന്ത്യൻ പാർലമെന്റിന്റെ 2023-ലെ സമ്മേളനങ്ങളിലാണ് ഇത്തരത്തിലുള്ള തന്ത്രപ്രധാനമായ നിയമനിർമ്മാണ നടപടികൾ  സ്വീകരിക്കപ്പെട്ടത്. പാർലമെന്റിന്റെ 72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, 2023 ഡിസംബറിൽ നടന്ന ശീതകാല സമ്മേളനത്തിൽ 146 പ്രതിപക്ഷ പാർലമെന്റംഗങ്ങളെ (മെമ്പർ ഓഫ് പാർലമെന്റ്) സഭയിൽനിന്ന് പുറത്താക്കി. ഒരൊറ്റ സമ്മേളനത്തിനിടെ ഏറ്റവും കൂടുതൽ അംഗങ്ങൾ സസ്‌പെൻഡ് ചെയ്യപ്പെട്ട സംഭവമായി അത് മാറി.

രാജ്യസഭയിൽനിന്ന് 46 അംഗങ്ങളും ലോക്‌സഭയിൽനിന്ന് 100 അംഗങ്ങളും സസ്‌പെൻഡ് ചെയ്യപ്പെട്ടതോടെ, ക്രിമിനൽ നിയമ ഭേദഗതിയുടെ ചർച്ച നടക്കുമ്പോൾ പ്രതിപക്ഷ ബെഞ്ചുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ചർച്ചയ്ക്ക് മുന്നോടിയായി, ഇന്ത്യയിൽ നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ-1860-ലെ ഇന്ത്യൻ പീനൽ കോഡ്, 1973-ലെ കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ, 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ട് - പരിഷ്‌ക്കരിക്കുകയും അപകോളനീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മൂന്ന് ബില്ലുകൾ ലോക്‌സഭയിൽ  അവതരിപ്പിക്കപ്പെട്ടു. യഥാക്രമം, ഭാരതീയ (രണ്ടാം) ന്യായസംഹിത, 2023 (ബി.എൻ.എസ്); ഭാരതീയ നാഗരിക് സുരക്ഷാസംഹിത (രണ്ട്) 2023 (ബി.എൻ.എസ്.എസ്); ഭാരതീയ സാക്ഷ്യ ബില്ല് (രണ്ട്), 2023  (ബി.എസ്.ബി) എന്നീ നിയമങ്ങൾ തന്ത്രപ്രധാനമായ ഈ നിയമങ്ങൾക്ക് പകരമായി മുന്നോട്ട് വയ്ക്കപ്പെട്ടു.  വെറും 13 ദിവസത്തിനകം, ഡിസംബർ 25-നു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഈ നിയമങ്ങൾ 2024 ജൂലൈ 1-ന് പ്രാബല്യത്തിൽ വരും.

ഭാരതീയ ന്യായസംഹിത (രണ്ട്) 2023 ( ബി.എൻ.എസ് ) നിയമം പ്രധാനമായും നിലവിലുള്ള ചട്ടങ്ങളെ പുനർനിർമ്മിക്കുമ്പോൾ, ബി.എൻ.എസ് ബില്ലിന്റെ രണ്ടാം പതിപ്പിൽ അതിന്റെ മുൻഗാമിയായ 1860-ലെ ഇന്ത്യൻ പീനൽ കോഡിൽനിന്ന് ( ഐ.പി.സി ) വഴിമാറി കാതലായ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ നിയമത്തിനുകീഴിൽ രാജ്യദ്രോഹം ഒരു കുറ്റമായി നിലനിർത്തിയിട്ടുണ്ടെന്ന് (പുതിയൊരു പേരിലാണ് ഈ കുറ്റം വിശേഷിപ്പിക്കുന്നത്) മാത്രമല്ല, 'രാജ്യത്തിൻറെ അഖണ്ഡതയും ഐക്യവും പരമാധികാരവും അപകടത്തിലാക്കുന്ന പ്രവൃത്തികൾ' എന്ന നിർവചനത്തെ കൂടുതൽ വിശാലമാക്കിയിട്ടുമുണ്ട്.  പുതിയ നിയമത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള 152-ആം വകുപ്പ് അനുസരിച്ച്, രാജ്യദ്രോഹക്കുറ്റം ചാർത്താൻ ആവശ്യമായ മാനദണ്ഡങ്ങൾ മുൻകാലങ്ങളിലേതുപോലെ  'ആക്രമണത്തിന് പ്രേരിപ്പിക്കുക' അല്ലെങ്കിൽ 'പൊതുസമാധാനം തകർക്കുക' എന്നിവയിൽ ഒതുങ്ങുന്നില്ല. അതിനുപകരം, "വിഭാഗീയതയോ സായുധകലാപമോ വിധ്വംസക പ്രവർത്തനങ്ങളോ നടത്താൻ പ്രേരിപ്പിക്കുകയോ പ്രേരിപ്പിക്കാൻ ശ്രമിക്കുകയോ" ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും നിയമം കുറ്റകരമാക്കുന്നു.

ബി.എൻ.എസ് നിയമത്തിന്റെ രണ്ടാം പതിപ്പിൽ വന്ന മറ്റൊരു ശ്രദ്ധേയ ഭേദഗതി ഐ.പി.സിയിലെ 377-ആം വകുപ്പ് ഒഴിവാക്കിയതാണ്. "പ്രകൃതിവിരുദ്ധമായി ഏതെങ്കിലും ഒരു പുരുഷനോടോ സ്ത്രീയോടോ മൃഗത്തോടോ സ്വേച്ഛയാൽ ശാരീരിക ബന്ധം പുലർത്തുന്ന വ്യക്തിക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെടും [..]" എന്നാണ് ഈ വകുപ്പ് അനുശാസിക്കുന്നത്. എന്നാൽ, പുതിയ നിയമത്തിൽ ഇതിനുപകരം ആവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്താത്തതിനാൽ, മറ്റ് ലൈംഗിക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് ലൈംഗിക പീഡനത്തിൽനിന്നുള്ള സംരക്ഷണം നഷ്ടമാകുന്നു.

ബി.എൻ.എസ്.എസ് ആക്ട് എന്നറിയപ്പെടുന്ന ഭാരതീയ നാഗരിക് സുരക്ഷാസംഹിത (രണ്ട്) സംഹിത 2023, 1973-ലെ കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ എന്ന നിയമത്തെ പുനഃസ്ഥാപിക്കുന്നതാണ്. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആദ്യഘട്ടത്തിൽ പോലീസ് കസ്റ്റഡിയിൽ വെക്കാവുന്ന കാലയളവ് 15 ദിവസത്തിൽനിന്ന് പരമാവധി 90 ദിവസം ആക്കുകവഴി കാതലായ മാറ്റമാണ് ഈ നിയമം കൊണ്ടുവരുന്നത്. വധശിക്ഷ, ജീവപര്യന്തം, കുറഞ്ഞത് 10 വർഷം തടവ് തുടങ്ങിയ ശിക്ഷകൾ ലഭിച്ചേക്കാവുന്ന കടുത്ത കുറ്റങ്ങൾക്കാണ് അറസ്റ്റ് കാലയളവിലെ ഈ നീട്ടൽ പ്രത്യേകിച്ചും ബാധകമാകുന്നത്.

ഇതുകൂടാതെ, ഈ നിയമം, അന്വേഷണ ഏജൻസികൾക്ക് നടപടിക്രമങ്ങളുടെ ഭാഗമായി ഫോണുകളും ലാപ്ടോപ്പുകളുംപോലെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ അനുവാദവും നൽകുന്നു എന്നത് സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെടാനുള്ള സാദ്ധ്യതകൾ ഉയർത്തുന്നുണ്ട്.

1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാതെ, അതിന്റെ ഘടന ഏറെക്കുറെ നിലനിർത്തിയാണ് ഭാരതീയ സാക്ഷ്യ (രണ്ട്) ആക്ട് , 2023 എന്ന നിയമത്തിന് രൂപം നൽകിയിരിക്കുന്നത്.

1980-ലെ വന (സംരക്ഷണം) നിയമത്തിന് പകരമായാണ് 2023-ലെ വന (സംരക്ഷണം) ഭേദഗതി നിയമം വിഭാവനം ചെയ്തിട്ടുള്ളത്. ഭേദഗതി നിയമത്തിലെ വകുപ്പുകൾപ്രകാരം ചില തരത്തിലുള്ള ഭൂമിയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. താഴെപ്പറയുന്നവ അതിൽ ഉൾപ്പെടുന്നു:

(a) ജനവാസ പ്രദേശത്തേയ്‌ക്കോ പരമാവധി 0.10 ഹെക്ടർ വരെ വലിപ്പമുള്ള, റെയിലിനോ റോഡിനോ അരികിലുള്ള സൗകര്യങ്ങളിലേയ്ക്കോ എത്താൻ സഹായകമായ, സർക്കാർ സംരക്ഷിക്കുന്ന റെയിൽപ്പാതയ്‌ക്കോ പൊതു റോഡിനോ സമീപത്തുള്ള വനഭൂമി

(ബി) സബ്‌സെക്ഷൻ (1)-ലെ ക്ലോസ് (എ) അല്ലെങ്കിൽ ക്ലോസ് (ബി)യിൽ എടുത്തുപറഞ്ഞിട്ടില്ലാത്ത ഭൂമിയിൽ വളർത്തിയിട്ടുള്ള മരം, മരത്തോട്ടങ്ങൾ, വനവത്ക്കരണങ്ങൾ

(c) താഴെപ്പറയുന്ന വനഭൂമി

(i) ദേശീയ പ്രാധാന്യമുള്ളതും ദേശസുരക്ഷ സംബന്ധിച്ചുള്ളതുമായ തന്ത്രപ്രധാനമായ ലീനിയർ പ്രോജക്ടുകൾ നിർമ്മിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള, അന്താരാഷ്ട്ര അതിർത്തികളിൽനിന്നോ നിയന്ത്രണ രേഖയിൽനിന്നോ യഥാർത്ഥ നിയന്ത്രണ രേഖയിൽനിന്നോ നൂറ് കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന വനഭൂമി; അല്ലെങ്കിൽ

(ii)  സുരക്ഷാസംബന്ധിയായ അടിസ്ഥാന സൗകര്യനിർമ്മാണത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള, പത്ത് ഹെക്ടർവരെയുള്ള വനഭൂമി; അല്ലെങ്കിൽ

(iii) പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്റ്റോ പാരാമിലിട്ടറി സൈന്യങ്ങളുടെ ക്യാമ്പോ പൊതുജനോപകാരപ്രദ പ്രോജക്ടുകളോ നിർമ്മിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വനഭൂമി [...]

കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതികനാശവും ഉയർത്തുന്ന പരിസ്ഥിതിസംബന്ധിയായ ആശങ്കകൾ ഈ ഭേദഗതി പരിഗണിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

ടെലിക്കമ്യൂണിക്കേഷൻസ് ആക്ട്, 2023 , ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, 2023 ( ഡി.പി.ഡി.പി ആക്ട് ), ബ്രോഡ്‌കാസ്റ്റിംഗ്‌ സർവീസസ് (റെഗുലേഷൻ) ബിൽ , 2023 എന്നീ നിയമങ്ങൾ പാസ്സാക്കിയതിലൂടെ ഇന്ത്യയിലെ ഡിജിറ്റൽ മേഖലയെ ആഴത്തിൽ ബാധിക്കുന്ന ചില നിയമനിർമ്മാണ നടപടികൾകൂടി പാർലമെന്റ് സ്വീകരിക്കുകയുണ്ടായി. പൗരന്മാരുടെ ഡിജിറ്റൽ അവകാശങ്ങളെയും ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്വകാര്യതാ അവകാശങ്ങളെയും നേരിട്ട് ബാധിക്കുന്ന ഈ നടപടികൾ ഓൺലൈനിൽ ലഭ്യമാകുന്ന വിവരങ്ങൾ നിയന്ത്രിക്കുകയും ടെലിക്കമ്യൂണിക്കേഷൻ ശൃംഖല നിർബന്ധപൂർവം സ്തംഭിപ്പിക്കുക എന്ന നടപടി ഒരു നിയന്ത്രണസംവിധാനമായി ഉപയോഗിക്കുകയും ചെയ്യുന്നു.

പ്രതിപക്ഷ ശബ്ദങ്ങളുടെ അഭാവത്തിൽ, ടെലിക്കമ്യൂണിക്കേഷൻസ് ബില്ല് ദ്രുതഗതിയിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് എത്തുകയും ലോക്‌സഭയിൽ അത് പാസ്സായി വെറും നാല് ദിവസത്തിനകം, ഡിസംബർ 25-നു, രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തു. 1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് , 1933-ലെ ഇന്ത്യൻ വയർലെസ്സ് ടെലിഗ്രാഫി ആക്ട് എന്നീ നിയമങ്ങൾ പരിഷ്കരിക്കാൻ ലക്ഷ്യമിടുന്ന ഈ നിയമം , നിയന്ത്രണ ചട്ടക്കൂടുകൾ താഴെപ്പറയുന്ന രീതികളിൽ ആധുനികവത്ക്കരിക്കാൻ വിഭാവനം ചെയ്യുന്നു:

" (a) [...] ചില പ്രത്യേക സന്ദേശങ്ങളോ ചില വിഭാഗങ്ങളിൽപ്പെടുന്ന പ്രത്യേക സന്ദേശങ്ങളോ ലഭിക്കാൻ ഉപഭോക്താക്കളുടെ മുൻ‌കൂർ സമ്മതം നേടുക;

(b) ഉപഭോക്താക്കളുടെ മുൻ‌കൂർ സമ്മതമില്ലാതെ ചില പ്രത്യേക സന്ദേശങ്ങളോ ചില വിഭാഗങ്ങളിൽപ്പെടുന്ന പ്രത്യേക സന്ദേശങ്ങളോ ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായി 'ഡു നോട്ട് ഡിസ്റ്റർബ്' എന്ന പേരിൽ ഒന്നോ ഒന്നിലധികമോ രജിസ്റ്ററുകൾ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുക' അല്ലെങ്കിൽ

(c) ഈ വകുപ്പിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപഭോക്താക്കൾക്ക് പ്രത്യേക സന്ദേശങ്ങളോ മാൽവെയറോ ലഭിച്ചതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തുക

പൊതുജനങ്ങളുമായി ബന്ധപ്പെട്ടുള്ള അടിയന്തിരസാഹചര്യങ്ങളിൽ, ക്രിമിനൽ പ്രവർത്തനത്തിനുള്ള പ്രേരണ തടയാനായി 'അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ടെലിക്കമ്യൂണിക്കേഷൻ സേവനങ്ങളുടെയോ ടെലിക്കമ്യൂണിക്കേഷൻ ശൃംഖലയുടെയോ താത്കാലിക നിയന്ത്രണം ഏറ്റെടുക്കാൻ" ഉള്ള അധികാരംകൂടി ഈ നിയമം സർക്കാരിന് നൽകുന്നു.

പൊതുസുരക്ഷയുടെ പേരിൽ ടെലികോം ശൃംഖലകളിലൂടെ നടക്കുന്ന ആശയവിനിമയങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ബൃഹത്തായ അധികാരമാണ് ഈ വ്യവസ്ഥകൾ അധികാരികൾക്ക് നൽകുന്നത്.

നേരത്തെയുള്ള നിയമങ്ങളിൽ വരുത്തുന്ന ഈ മാറ്റങ്ങൾ 'പൗരകേന്ദ്രീകൃതം' ആണെന്നാണ് രാജ്യത്തിൻറെ ആഭ്യന്തര മന്ത്രി പ്രസ്താവിച്ചത്. 'അൺക്ലാസ്സ്‌ഡ് ഫോറസ്റ്റുകൾക്ക് ' സമീപം താമസിക്കുന്ന, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ്ഗക്കാർക്ക് - നമ്മുടെ രാജ്യത്തിലെ പൗരന്മാർക്ക് - അവരുടെ ജീവനോപാധിയും സംസ്കാരവും ചരിത്രവുംപോലും നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. പുതിയ വന (സംരക്ഷണം) ഭേദഗതി നിയമത്തിന് കീഴിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയില്ല.

ക്രിമിനൽ നിയമങ്ങളിൽ കൊണ്ടുവന്നിട്ടുള്ള ഭേദഗതികൾ പൗരന്മാരുടെ ഡിജിറ്റൽ അവകാശങ്ങളിലും ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്വകാര്യതാ അവകാശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പൗരന്മാരുടെ അവകാശങ്ങൾക്കും ക്രിമിനൽ നിയമ നടപടിക്രമങ്ങൾക്കുമിടയിൽ സന്തുലനം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഈ നിയമങ്ങൾ വെല്ലുവിളി ഉയർത്തുന്നത് കൊണ്ടുതന്നെ, ഈ ഭേദഗതികൾ അതിസൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാരിനെ സംബന്ധിച്ച്, 'പൗരകേന്ദ്രീകൃതം' എന്നതിന്റെ നിർവചനം എന്തായിരിക്കുമെന്നത് അറിയാൻ ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശിൽപിക്ക് താല്പര്യം ഉണ്ടായിരിക്കുമെന്നത് നിശ്ചയമാണ്.

കവർ ഡിസൈൻ: സ്വദേശാ ശർമ്മ

പരിഭാഷ: പ്രതിഭ ആര്‍. കെ .

PARI Library

The PARI Library team of Dipanjali Singh, Swadesha Sharma and Siddhita Sonavane curate documents relevant to PARI's mandate of creating a people's resource archive of everyday lives.

Other stories by PARI Library
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.