എല്ലാ തവണത്തെയുംപോലെ ഏറെ കഷ്‌ടപ്പെട്ടാണ്‌ അനിൽ നർകണ്ഡെ വിവാഹവേദി ഒരുക്കാനായി കഷ്‌ടപ്പെട്ടത്‌. പക്ഷേ കഥയിൽ സംഭവിക്കാനിരിക്കുന്ന ട്വിസ്റ്റ്‌ മുൻകൂട്ടി കാണാൻ അനിലിനായില്ല!

ഭണ്ഡാരയിലെ  അലെസുർ ഗ്രാമത്തിൽ വിവാഹത്തിനടക്കം അലങ്കാരപ്പണിയും സംഗീത പരിപാടികളും ഏർപ്പാട് ചെയ്യുന്നത് 36- കാരനായ ഈ കർഷകന്റെ മറ്റൊരു ജോലിയാണ്‌. അയൽഗ്രാമത്തിലെ ഒരു വിവാഹത്തിനായി അദ്ദേഹം മഞ്ഞ ഷാമിയാനകൊണ്ടുള്ള വേദിയും അതിൽ പ്ലാസ്റ്റിക് പൂക്കളുകളുപയോഗിച്ചുള്ള അലങ്കാരവും ചെയ്തിരുന്നു. അതിഥികൾക്കായി ഇരിപ്പിടങ്ങൾ ഒരുക്കി. വധുവിനും വരനുമായി കടുംചുവപ്പ്‌ നിറമുള്ള സോഫയും ഡിജെ സൗകര്യവും ഇല്ല്യുമിനേഷൻ ലൈറ്റുകളും വിവാഹവേദിയിൽ സജ്ജീകരിച്ചു.

മണ്ണും ഇഷ്ടികയുംകൊണ്ടുള്ള വരന്റെ വീടിനെ ഒന്ന് പുതുക്കി.- മധ്യപ്രദേശിലെ സത്‌പുര കുന്നുകളുടെ ഭാഗമായ സിയോനിയിൽനിന്നാണ്‌ വധു വരുന്നത്‌.

വിവാഹത്തലേന്ന്‌ വൈകിട്ടോടെയാണ്‌ കാര്യങ്ങൾ തകിടം മറിഞ്ഞതെന്ന്, വേനൽകാലത്തെ വിവാഹസീസണിൽ തന്റെ ബിസിനസ്‌ ഇയരങ്ങളിലെത്തുമെന്ന്‌ പ്രതീക്ഷിച്ച അനിൽ പറഞ്ഞു. ജോലിക്കായി ഇതരസംസ്ഥാനങ്ങളിലേക്ക്‌ പോകാറുണ്ടായിരുന്ന 27-കാരൻ വരൻ കല്യാണത്തലേന്ന്‌ നാടുവിട്ടു.

“വിവാഹം നിർത്തിവച്ചില്ലെങ്കിൽ വിഷം കഴിക്കുമെന്ന്‌ മാതാപിതാക്കളോട്‌ വിളിച്ചുപറയുകയും ചെയ്തിരുന്നു,” അനിൽ ഓർത്തെടുത്തു, “അവന്‌ മറ്റാരെയോ ഇഷ്‌ടമായിരുന്നു.”

വിവാഹം നിർത്തിവെക്കാൻ തീരുമാനിച്ചപ്പോഴേക്കും വധുവും കല്ല്യാണപ്പാർടിയും എത്തികഴിഞ്ഞിരുന്നു. സന്തോഷത്തിന്റേതാകേണ്ടിയിരുന്ന ആ അവസരം വരന്റെ കുടുംബത്തിനും ഗ്രാമത്തിനൊന്നാകെയും നാണക്കേടിന്റേതായി മാറി.

സംഭവത്തിൽ തകർന്ന വരന്റെ പിതാവ്‌, അലങ്കാരത്തിനുള്ള പണം നൽകാൻ തനിക്കാവില്ലെന്ന് അനിലിനെ അറിയിച്ചു.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ഇടത്: ഭണ്ഡാരയിലെ അലെസുരിലൈ തുംസാർ തെഹ്‌സിലിൽ അനിൽ നാർക്കണ്ടെ അലങ്കരിച്ച വിവാഹവേദി. എന്നാൽ വിവാഹത്തലേന്ന്‌ വരൻ ഓടിപ്പോയതോടെ വിവാഹം മുടങ്ങി. ഇതോടെ അനിലിന്‌ പണം നൽകാൻ വരന്റെ പിതാവിനായില്ല. വലത്: കൃഷി സ്ഥിരമായ ഒരു വരുമാനസ്രോതസ്സില്ലാത്തതിനാൽ, അനിലിനെപ്പോലുള്ള പലരും ഉപജീവനത്തിനായി ചെറുകിട ബിസിനസുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. തന്റെ അലങ്കാര ബിസിനസിൽ 12 ലക്ഷം രൂപയാണ്‌ അനിൽ നിക്ഷേപിച്ചിരിക്കുന്നത്‌

“അവരോട്‌ പണം ചോദിക്കാനുള്ള മനസ്സ് എനിക്കുമില്ലായിരുന്നു,” അലെസുറിലെ വീട്ടിലിരുന്ന്‌ അനിൽ പറയുന്നു. ഭണ്ഡാരയിലെ ആ ഗാമത്തിൽ കൂടുതൽപേരും കർഷകരും കർഷകത്തൊഴിലാളികളുമാണ്‌. “സ്വന്തമായി ഭൂമി പോലുമില്ലാത്ത ധിവാർ (മത്സ്യത്തൊഴിലാളി) വിഭാഗത്തിൽപ്പെട്ടവരാണ്‌ അവർ; ബന്ധുക്കളിൽനിന്ന്‌ വരന്റെ അച്ഛൻ കടം വാങ്ങുകയായിരുന്നു,” അയാൾ പറഞ്ഞു. തനിക്ക്‌ ലഭിക്കാനുള്ളത്‌ മറന്നിട്ട്‌, തൊഴിലാളികൾക്ക്‌ കൊടുക്കാനുള്ള പണം മാത്രം നൽകാൻ അനിൽ ആവശ്യപ്പെട്ടു.

ഈ ഒറ്റ സംഭവത്തോടെ 15,000 രൂപയാണ്‌ നഷ്‌ടമായത്‌, തന്റെ ഗോഡൗണിലെ മുളങ്കമ്പുകളും സ്‌റ്റേജ്‌ ഫ്രയ്‌മുകളും സ്‌പീക്കറും ഡിജെ ഉപകരണങ്ങളും പന്തലിടാനുള്ള വർണാഭമായ തുണികളും വധൂവരൻമാർക്കിരിക്കാനുള്ള സോഫയുമൊക്കെ കാണിച്ചുകൊണ്ട്‌ അനിൽ പറഞ്ഞു. ഇവയൊക്കെ സൂക്ഷിക്കാനായി തന്റെ കോൺക്രീറ്റ്‌ വീടിന്‌ അടുത്തായി വലിയ ഹാൾതന്നെ നിർമിച്ചിട്ടുണ്ടായിരുന്നു അനിൽ.

തുംസാർ തെഹ്‌സിൽ വനമേഖലയിലെ സത്‌പുര കുന്നുകളുടെ അടിവാരത്തിലാണ്‌ അലെസുർ ഗ്രാമം. ഒറ്റവിള മാത്രമുണ്ടാകുന്ന അവിടെ കർഷകർ നെല്ലാണ്‌ കൃഷി ചെയ്യുന്നത്‌.വിളവെടുപ്പിനുശേഷം മറ്റ്‌ ജോലികൾ തേടി അവർ നാട്‌ വിടും. തൊഴിൽ നൽകാൻ വ്യവസായങ്ങളോ മറ്റ്‌ സേവനങ്ങളോ ഇല്ലാത്തതിനാൽ വേനൽക്കാലത്ത്‌ വനത്തെയാണ്‌ ഇവിടുത്തെ ആദിവാസി, പിന്നോക്കവിഭാഗക്കാർ ആശ്രയിക്കുന്നത്‌. മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതിയുടെ കാര്യത്തിൽ തുംസാറിന്റെ അവസ്ഥ മോശമാണ്‌.

അനിലിനെപ്പോലെ നിരവധിപേർ ഉപജീവനത്തിനായി ചെറുകിട വ്യവസായങ്ങൾ നടത്തുന്നുണ്ട്‌. കാർഷിക വരുമാനം മുരടിക്കുന്നതും കുറയുന്നതും അവരെയും ബാധിക്കുന്നു.

ഡിജെകളും അലങ്കാരങ്ങളുമൊക്കെ ഗ്രാമപ്രദേശങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്‌. പക്ഷേ ഇതുപോലുള്ള ദുരിതകാലങ്ങളിൽ ഒരു വ്യവസായം നടത്തുന്നത് എളുപ്പമല്ല,  അനിൽ പറയുന്നു. "ഗ്രാമവാസികളുടെ സാമ്പത്തികസ്ഥിതി അത്ര മോശമാണ്‌'.

അനിൽ എക്കാലവും ഒരു ബിജെപി വോട്ടറാണ്‌ - പ്രാദേശിക ബിജെപി നേതാക്കൾക്ക്‌ അനിലടക്കമുള്ള ഗവോലി സമൂഹവുമായി അടുത്ത ബന്ധമാണ്‌. എന്നാൽ അടുത്തിടെ ഗ്രാമത്തിന്റെ രാഷ്‌ട്രീയത്തിൽ ചില മാറ്റങ്ങൾ അനിൽ കാണുന്നുണ്ട്‌ (ഭണ്ഡാര-ഗോണ്ടിയ ലോക്‌സഭാ മണ്ഡലം ആദ്യഘട്ട വോട്ടെടുപ്പ്‌ ദിനമായ ഏപ്രിൽ 19-നാണ്‌ വോട്ട്‌ ചെയ്തത്). “ആളുകൾക്ക്‌ ജോലിയില്ല; അവർ വിഷമത്തിലാണ്‌,” അനിൽ പറയുന്നു. അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ ബിജെപി സിറ്റിങ്ങ്‌ എംപി സുനിൽ മൻ‌ധെ ഒരിക്കൽപ്പോലും ഈ മേഖല സന്ദർശിക്കാത്തത്‌ ഭരണവിരുദ്ധ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ പാരിയോട്‌ സംസാരിച്ച ജനങ്ങൾ വ്യക്തമാക്കുന്നു.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

വീട്ടിലെ പുതിയ ഗോഡൗണിൽ സാധനങ്ങൾ അടുക്കിവെക്കുന്ന അനിൽ–-വധൂവരൻമാർക്കുള്ള സോഫ, ഡിജെ ഉപകരണങ്ങൾ, സ്പീക്കർ, ഷാമിയാന, ഫ്രെയ്മുകൾ എന്നിവയും കാണാം

ഇവിടുത്തെ സ്‌ത്രീകൾ വലിയ കൃഷിയിടങ്ങളിൽ ദിവസവും ജോലിക്ക്‌ പോകും. രാവിലെ ഇവിടെയെത്തിയാൽ മോട്ടോർവണ്ടികളിൽ ജോലിക്ക്‌ പോകുന്നവരെയും വൈകിട്ട്‌ തിരിച്ചുവരുന്നതും കാണാം. “യുവാക്കൾ മറ്റ്‌ സംസ്ഥാനങ്ങളിലെ വ്യവസായമേഖലകളിലും റോഡ്‌, കനാൽ നിർമാണത്തിനും മറ്റ്‌ ആയാസമേറിയ ജോലികൾക്കും പോകും,” അനിൽ പറയുന്നു.

ആരോഗ്യം അനുവദിച്ചിരുന്നെങ്കിൽ താനും കുടിയേറിയേനെ എന്ന്‌ രണ്ട്‌ കുട്ടികളുള്ള അനിൽ പറയുന്നു. അവരിൽ ഒരാൾക്ക്‌ ഡൗൺ സിൺഡ്രോമുമുണ്ട്‌. “പത്താം ക്ലാസ്‌ തോറ്റതോടെ ഞാൻ നാഗ്‌പൂരിലേക്ക്‌ പോയി അവിടെ ഒരു വെയിറ്ററായി ജോലി ചെയ്തു.” പക്ഷേ പിന്നീട്‌ വീട്ടിലേക്ക്‌ മടങ്ങി. ലോണെടുത്ത്‌ ഫെറിയിലേക്കുള്ള സ്‌ത്രീ തൊഴിലാളികൾക്കായി ഒരു ടെംബോ വാങ്ങി. എന്നാൽ അതിൽനിന്ന്‌ വരുമാനം ലഭിക്കാതായതോടെ അഞ്ചുവർഷം മുമ്പ്‌ വണ്ടി വിറ്റ്‌ അലങ്കാര ബിസിനസ്‌ ആരംഭിക്കാൻ തീരുമാനിച്ചു. പല തവണയും കടമായാണ്‌ അനിൽ പണി ചെയ്തുകൊടുത്തത്‌. “എന്റെ സേവനം സ്വീകരിച്ചശേഷം പണം പിന്നീട്‌ നൽകാമെന്ന്‌ ഉറപ്പുനൽകുകയാണ്‌ കൂടുതൽപേരും,” അനിൽ പറയുന്നു.

“മരണാനന്തര ചടങ്ങുകൾക്കായി പന്തലിടുമ്പോൾ ഞാൻ പണം വാങ്ങാറില്ല,” അദ്ദേഹം തുടർന്നു. “വിവാഹങ്ങൾക്ക്‌ 15,000 - 20,000 രൂപവരെ മാത്രമെ വാങ്ങാറുള്ളൂ, കാരണം അതിലപ്പുറം, ആളുകൾക്ക്‌ താങ്ങാനാവില്ല.”

തന്റെ ബിസിനസിൽ ഏകദേശം 12 ലക്ഷം രൂപയാണ്‌ അനിൽ നിക്ഷേപിച്ചത്‌. തന്റെ ഏഴേക്കർ ഭൂമി ഈടുവച്ച്‌ ബാങ്കിൽനിന്ന്‌ ലോണെടുത്തിട്ടുണ്ട്‌. അതിന്‌ മാസ അടവുമുണ്ട്‌.

“കൃഷിയിൽനിന്നും പാൽക്കച്ചവടത്തിൽനിന്നും വലിയ വരുമാനമൊന്നുമില്ല,” അനിൽ പറയുന്നു. “അതുകൊണ്ട്‌ അലങ്കാര ബിസിനസിൽ എന്റെ ഭാഗ്യം പരീക്ഷിക്കുകയാണ്‌, പക്ഷേ ഇപ്പോൾ കൂടുതൽ പേർ ഈ ബിസിനസിലേക്ക്‌ കടന്നുവരുന്നു.”

*****

ഇവിടുത്തെ ജനരോഷത്തിന്‌ പിന്നിൽ മറ്റൊരു കാരണവുമുണ്ട്‌: ഗ്രാമങ്ങളിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികളായ യുവാക്കളുടെ ജോലിസ്ഥലങ്ങളിലെ ആകസ്മിക മരണങ്ങൾ. അവയെക്കുറിച്ചുള്ള കേസുകൾ, കൃത്യമായ അന്വേഷണത്തിന്റെ അഭാവത്തിൽ പൂർത്തിയാകാതെ കിടക്കുകയാണ്‌.

ഉദാഹരണത്തിന്‌ ഏപ്രിൽ ആദ്യം പാരി രണ്ട്‌ വീടുകൾ സന്ദർശിച്ചിരുന്നു: അവിടെ 27കാരനും അവിവാഹിതനുമായ ഗൊവാരി സമൂഹത്തിൽപ്പെട്ട (ആദിവാസി വിഭാഗം) വിജേഷ്‌ കൊവാലെ ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ സൊന്നെഗൗനിപല്ലെ ഗ്രാമത്തിൽ ഡാമിലെ കനാൽ നിർമാണകേന്ദ്രത്തിൽ ജോലിക്കിടെ മരണപ്പെട്ടിരുന്നു. 2023 മേയ്‌ 30-നായിരുന്നു ഈ സംഭവം.

PHOTO • Jaideep Hardikar

ഭണ്ഡാരെയിലെ അലെസുറിൽ മകൻ വിജേഷിന്റെ അപകടമരണത്തിന്റെ ദുഃഖം മറക്കാനാകാതെ രമേഷ്‌ കൊവാലെയും ഭാര്യ ജനാബായിയും. എല്ലാ വർഷവും ജോലിക്കായി ആന്ധ്രപ്രദേശിലേക്ക്‌ പോകുമായിരുന്നു വിജേഷ്‌. മൂത്ത മകൻ രാജേഷിന്റെ വിവാഹത്തിനായി കുടുംബം തയ്യാറെടുക്കുമ്പോൾത്തന്നെ രമേഷിന്റെ ഒന്നാം ചരമവാർഷികവും അടുത്തെത്തിക്കഴിഞ്ഞു. രാജേഷ്‌ ട്രക്ക്‌ ഡ്രൈവറായി ജോലി നോക്കുകയാണ്‌. നിർമാണമേഖലയിലും ആയാസമേറിയ ജോലികൾക്കും മക്കളെ പുറത്തേക്ക്‌ വിടാൻ ഇപ്പോൾ ആ കുടുംബം തയ്യാറല്ല

“അവന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ അന്തിമസംസ്കാരം ചെയ്യാൻ ഞങ്ങൾ 1,5 ലക്ഷം രൂപയോളം ചെലവാക്കി,” അവന്റെ അച്ഛൻ രമേഷ്‌ കൊവാലെ പറഞ്ഞു. "വൈദ്യുതാഘാതം' മൂലമുള്ള മരണം എന്നായിരുന്നു പോസ്റ്റോർട്ടം റിപ്പോർട്ട്.

മദ്യപിച്ചശേഷം അബോധാവസ്ഥയിൽ വിജേഷ്‌ വൈദ്യുതിലൈനിൽ പിടിച്ചുവെന്നാണ്‌ പ്രാഥമിക അന്വേഷണവിവരത്തിലുള്ളത്‌. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

“അവനെ ജോലിക്കെടുത്ത കമ്പനിയിൽനിന്ന്‌ യാതൊരു നഷ്‌ടപതിഹാരവും കിട്ടിയിട്ടില്ല,” കൊവാലെ പറഞ്ഞു. “കഴിഞ്ഞ വർഷം ബന്ധുക്കളിൽനിന്ന്‌ വാങ്ങിയ കടം ഇനിയും വീട്ടാനുണ്ട്‌.” വിജേഷിന്റെ വിവാഹിതനാകുന്ന സഹോദരൻ രാജേഷ്‌ ട്രക്ക്‌ ഡ്രൈവറാണ്‌. ഇളയ സഹോദരൻ സതീഷ്‌ പ്രാദേശിക കൃഷയിടങ്ങളിൽ ജോലി ചെയ്യുകയാണ്‌.

“റോഡുമാർഗം ആംബുലൻസിൽ അവന്റെ മൃതദേഹം ഇവിടെയെത്തിക്കാൻ ഞങ്ങൾക്ക്‌ രണ്ടുദിവസം വേണ്ടിവന്നു,” രമേഷ്‌ പറഞ്ഞു.

കഴിഞ്ഞ വർഷം മാത്രം നാലഞ്ച് ഗ്രാമീണരാണ് ഇത്തരത്തിൽ മറ്റ്‌ സംസ്ഥാനങ്ങളിലെ ജോലിസ്ഥലങ്ങളിൽ വിജേഷിനെപൊലെ മരണപ്പട്ടത്‌ അവ മറ്റൊരു കഥയാണ്.

ചിക്കലി ഗ്രാമത്തിലെ സുഖ്‌ദേവ്‌ ഉയിക്കിക്കിന്റെ മകൻ അതുലിന്റെ മരണം സംബന്ധിച്ച കേസന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല.

“അവന്റെ കൂട്ടത്തിലുള്ളവർതന്നെ ചെയ്ത കൊലപാതകമാണോ അതോ അപകടമാണോ എന്ന്, ഞങ്ങൾക്കറിയില്ല,” ഗ്രാമത്തിൽ തൊഴിലാളിയായി ജീവിക്കുന്ന ഉയിക്കി പറയുന്നു. “ഞങ്ങളെ വിവരം അറിയിക്കാതെ ആന്ധ്രപ്രദേശ്‌ പൊലീസ്‌ അവന്റെ മൃതദേഹം ദഹിപ്പിച്ചുകളഞ്ഞതിനാൽ അവസാനമായി ഒന്ന്‌ കാണാൻപോലുമായില്ല.”

PHOTO • Jaideep Hardikar

2023 മേയ്‌ മാസം ആന്ധ്രപ്രദേശിലെ രാജാമുണ്ട്രിയിൽ ജോലിക്ക്‌ പോയ അതുൽ അവിടെവെച്ച് മരണപ്പെടുകയായിരുന്നു. അവന്റെ അച്ഛൻ സുഖ്‌ദേവും അമ്മയും സഹോദരി ശാലു മാധവിയും ഇപ്പോളും ഉത്തരം തേടി അലയുകയാണ്‌. ഇത്തവണത്തെ തിരഞ്ഞെടുപ്പും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യവുമൊന്നും അവരുടെ മനസ്സിലേ ഇല്ല

2022 ഡിസംബറിലാണ്‌ അതുൽ ഒരുകൂട്ടം കുടിയേറ്റ തൊഴിലാളികൾക്കൊപ്പം ആന്ധ്രയിലെ രാജമുണ്ട്രിയിലെ നെൽപ്പാടങ്ങളിൽ ട്രാക്ടർ ഓപ്പറേറ്ററായി ജോലിയിൽ കയറിയത്‌. 2023 മേയ്‌ 22-ന്‌ മാതാപിതാക്കെളെ വിളിച്ച അതുൽ തങ്ങൾ തിരികെ വരികയാണെന്ന്‌ പറയുകയും ചെയ്തു.

“അതായിരുന്നു അവന്റെ അവസാനത്തെ ഫോൺ,” ഉയിക്കി ഓർത്തു. അതുലിന്റെ ഫോൺ സ്വിച്ചായശേഷം അവൻ വീട്ടിൽ മടങ്ങിയെത്തിയിട്ടില്ലെന്ന്‌ സഹോദരു ശാലു മാധവി പറഞ്ഞു. “അവനെപ്പറ്റി അന്വേഷിക്കുകയും ജോലിസ്ഥലത്തേക്ക്‌ പോകുകയും ചെയ്ത്‌ ഒരാഴ്ചയ്ക്ക്‌ ശേഷമാണ്‌ അതുലിന്റെ മരണം ഞങ്ങൾ അറിയുന്നത്‌.”

സംഭവത്തെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്ന ചില വീഡിയോ ക്ലിപ്പുകളും കുടുംബത്തെ പൊലീസ്‌ കാണിച്ചിട്ടുണ്ട്‌. വൈൻ ബാറിന് സമീപം വഴിയരികിൽ അതുൽ കിടക്കുന്നതായിരുന്നു ആ ദൃശ്യം. “അവൻ മദ്യപിച്ച്‌ കിടക്കുകയാണെന്നാണ്‌ ആളുകൾ വിചാരിച്ചിരിക്കുക, പക്ഷേ, അവൻ വാഹനമിടിച്ച്‌ കിടക്കുകയായിരുന്നിരിക്കണം,” അച്ഛൻ പറയുന്നു. തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്‌. “അവനെ സംസ്കരിച്ച സ്ഥലം പൊലീസ് ഞങ്ങളെ കാണിച്ചു,” എഫ്ഐആറും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പാരിയെ കാണിക്കുമ്പോൾ അസ്വസ്ഥതയോടെ ഉയിക്കി പറയുന്നു. “ഞങ്ങളുടെ മകന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നത് ഇന്നും നിഗൂഢമാണ്‌.” അവനൊപ്പം ജോലിക്ക്‌ പോയ ആളുകൾ മരണത്തെപ്പറ്റി കൂടുതൽ സംസാരിക്കാറില്ല. ഇവരിൽ ഭൂരിഭാഗവും ജോലിക്കായി ഈ സീസണിൽ ഗ്രാമം വിട്ടുപോയവരാണ്, അദ്ദേഹം പാരിയോട്‌ പറഞ്ഞു.

“കുടിയേറ്റത്തൊഴിലാളികളുടെ കാര്യത്തിൽ ഇത്തരം അപകടമരണങ്ങൾ സാധാരണമാണ്‌, ഇക്കാര്യത്തിൽ ഞങ്ങൾക്ക്‌ ചെയ്യാനാവുന്ന കാര്യങ്ങൾക്കും പരിമിതിയുണ്ട്,” ചിക്കലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലോചന മെഹർ പറഞ്ഞു. കേസിന്റെ തുടർനടപടികൾക്കായി നിരന്തരം ഭണ്ഡാര പൊലീസുമായി അവർ ബന്ധപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യുന്നതിനേക്കാൾ ഉയിക്കിക്കും കുടുംബത്തിനും പ്രധാനം, മകന്റെ മരണകാരണം അറിയുക എന്നതാണ്. “അവരെക്കൊണ്ട്‌ ഒരു ഉപയോഗവുമില്ല,” സുഖ്‌ദേവ്‌ പറയുന്നു. ജനപ്രതിനിധികളായ എംപിമാർക്കും എംൽഎമാർക്കും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ദുഃഖിതരായ കൊവാലെ, ഉയിക്കി കുടുംബങ്ങൾ തനിക്ക്‌ പരിചിതരാണെന്ന് അനിൽ പറഞ്ഞു. മരണാനന്തരചടങ്ങുകൾക്കായി അവിടെ രണ്ടിടത്തും സൗജന്യമായി പന്തലിട്ടത്‌ അനിലായിരുന്നു. “വരുമാനം കൂടുതലില്ലെങ്കിലും ബിസിനസിലും കൃഷിയിലും ഞാൻ സന്തുഷ്‌ടനാണ്‌,” അദ്ദേഹം പറയുന്നു. “കുറഞ്ഞത്, എനിക്ക്‌ ജീവനെങ്കിലും ഉണ്ടല്ലോ?.”

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

Jaideep Hardikar

Jaideep Hardikar is a Nagpur-based journalist and writer, and a PARI core team member.

Other stories by Jaideep Hardikar
Editor : Sarbajaya Bhattacharya

Sarbajaya Bhattacharya is a Senior Assistant Editor at PARI. She is an experienced Bangla translator. Based in Kolkata, she is interested in the history of the city and travel literature.

Other stories by Sarbajaya Bhattacharya
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup