സ്വർണ്ണം കാണുമ്പോൾ അദ്ദേഹത്തിന് അറിയാം. “നിങ്ങൾ എന്റെ കയ്യിൽ ഒരു ആഭരണം തന്നാൽ എത്ര കാരറ്റ് തൂക്കമുണ്ടാകുമെന്ന് എനിക്ക് പറയാൻ കഴിയും”, റഫീഖ് പാപ്പാഭായി ഷെയ്ഖ് പറഞ്ഞു. “ഞാനൊരു സ്വർണപ്പണിക്കാരനാണ്. ഷിരൂർ - സതാര ഹൈവേയിലെ പദ്‌വി ഗ്രാമത്തിൽ‌വെച്ച് ഞങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെ ഒരുപക്ഷേ അദ്ദേഹം വീണ്ടും സ്വർണ്ണം കണ്ടെത്തിയിരിക്കാം; പക്ഷേ ഇത്തവണ അത് തുറക്കാൻ പോകുന്ന ഒരു റെസ്റ്റോറിന്റെ രൂപത്തിലാണെന്നുമാത്രം.

പുണെ ജില്ലയോട് ചേർന്നുള്ള ദൗണ്ട് തഹസിൽ വഴി വാഹനമോടിക്കുമ്പോഴാന് ഞങ്ങളത് കണ്ടത്. കടുംനിറത്തിലുള്ള ഒരു ഷെഡ്ഡ്, മുകളിൽ പച്ചയിലും ചുവപ്പിലും എഴുതിവെച്ചിരിക്കുന്നു; 'ഹോട്ടൽ സെൽഫി’, ഞങ്ങൾ ഉടൻ വണ്ടി നിർത്തി. ഇത് ഞങ്ങൾക്ക് കണ്ടേ തീരൂ.

''യഥാർത്ഥത്തിൽ എന്റെ മകനുവേണ്ടിയാണ് ഈ റെസ്റ്റോറന്റ് നിർമ്മിച്ചത്,'' റഫീഖ് പറഞ്ഞു. ''ഞാൻ ഒരു സ്വർണവ്യാപാരിയായ് ഇപ്പോഴും ജോലി ചെയ്യുന്നു. പക്ഷെ മകനോടൊപ്പം എന്തുകൊണ്ട് ഈ തൊഴിലിൽ നിന്നുകൂടാ എന്ന് ഞാൻ ആലോചിച്ചു. ഈ ഹൈവേയിലാണെങ്കിൽ നല്ല തിരക്കുണ്ട്. ആളുകൾ ചായയ്ക്കും ഭക്ഷണത്തിനുംവേണ്ടി ഇവിടെ വരുന്നു”. എന്നാൽ മറ്റുള്ളവരെപ്പോലെ അദ്ദേഹം തന്റെ റെസ്റ്റൊറന്റ് ഹൈവേയുടെ തൊട്ടരികിലല്ല സ്ഥാപിച്ചത്. പകരം മുന്നിൽ കുറച്ച് സ്ഥലമിട്ടുകൊണ്ട് പുറകോട്ടിറക്കി പണിതു. അതിനാൽ ആളുകൾക്ക് അവരുടെ വാഹനങ്ങൾ അകത്ത് പാർക്ക് ചെയ്യാൻ സാധിക്കും. ഞങ്ങൾ ചെയ്തതുപോലെ.

PHOTO • P. Sainath

ഹോട്ടലിന്റെ ഉടമയും ജ്വല്ലറി വിദഗ്ധനുമായ റഫീഖ് ഷെയ്ഖ് – അല്ല, ഇതൊരു സെൽഫിയല്ല

സത്താറയിലെ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് തിടുക്കത്തിൽ പോയിരുന്ന ഞങ്ങളെ പിന്നോട്ട് ആകർഷിച്ചത് ഹോട്ടലിന്റെ പേരായ സെൽഫിയാണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ റഫീഖിന് വലിയ സന്തോഷമായി. ഉച്ചത്തിൽ ചിരിച്ചുകൊണ്ട് അയാൾ തന്റെ മകന്റെ നേർക്ക്, ‘ഞാൻ പറഞ്ഞില്ലേ’ എന്ന മട്ടിൽ ഒന്ന് നോക്കി. അദ്ദേഹം തന്നെയായിരുന്നു ആ പേര് തിരഞ്ഞെടുത്തതും.

ഇല്ല, റഫീഖ് തന്റെ ചെറിയ റസ്റ്റോറന്റിന് മുന്നിൽനിൽക്കുന്ന സെൽ‌‌ഫി ഞങ്ങളെടുത്തില്ല. അത് സർവ്വസാധാരണമായ ഒരു കാര്യമാത്രം ആവുമായിരുന്നു. മാത്രമല്ല, അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തിന്റെ ആ ആശയത്തിൽനിന്ന് ശ്രദ്ധ തിരിക്കനേ സഹായിക്കൂ. ആരോ, എവിടെയോ, ഒരു ഹോട്ടലിന് 'സെൽഫി' എന്ന് പേരിടേണ്ടതായിരുന്നു. എന്നാൽ, മറ്റുള്ളവർക്ക് മുമ്പ് അദ്ദേഹം അത് ചെയ്തു. എന്തായാലും ഞങ്ങൾ ആദ്യമായാണ് ഇത്തരമൊന്ന് കാണുന്നത്. (ഇന്ത്യയിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും, റെസ്റ്റോറന്റുകൾ, ഭക്ഷണസ്ഥലങ്ങൾ, ചായക്കടകൾ എന്നിവയെ 'ഹോട്ടലുകൾ' എന്നുമാത്രമാണ് വിളിക്കാറുള്ളത്).

എന്തായാലും, ഹോട്ടൽ തുറന്നുകഴിഞ്ഞാൽ സെൽഫി എടുക്കുന്നതിനായി ധാരാളം യാത്രക്കാരും വിനോദസഞ്ചാരികളും ഇവിടെ വണ്ടി നിർത്തിയേക്കുമെന്നത് തീർച്ചയാണ്. ലഘുഭക്ഷണത്തേക്കാൾ കൂടുതൽ സെൽഫിക്ക് വേണ്ടിയായിരിക്കുമത്. ചായയുടെ രുചി മറന്നുപോയേക്കാം, എന്നാൽ ഹോട്ടൽ സെൽഫിയെ നിങ്ങൾ എപ്പോഴും കൂടെക്കൊണ്ടുപോകും. പ്രശസ്തമായ ഈഗിൾസ് ഗാനത്തിലെ വരികൾ അല്പം മാറ്റിപ്പറഞ്ഞാൽ: നിങ്ങൾക്കെപ്പോൾ വേണമെങ്കിലും ഇവിടെനിന്ന് പോകാൻ സാധിക്കും. എന്നാൽ നിങ്ങൾക്കതിനെ ഒരിക്കലും വിട്ടുപിരിയാനാവില്ല.

സംശയിക്കേണ്ട, റഫീഖ് ഷെയ്ഖിന്റെ ഹോട്ടൽ സെൽഫി ജനക്കൂട്ടത്തെ ആകർഷിക്കും. റഫീഖിനും അത് മനസിലായി. സ്വർണ്ണം കാണുമ്പോൾ അദ്ദേഹത്തിന് മനസ്സിലാവും.

പരിഭാഷ: അനിറ്റ് ജോസഫ്

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph