മൈലാപ്പൂരിലെ ഒരു ചെറിയ തെരുവിൽ നീല പെയിന്‍റ് ചെയ്ത ഒരു മുറിയിൽ റേഡിയോയിൽ നിന്നുള്ള കർണ്ണാടക സംഗീതത്തിന്‍റെ ശബ്ദം നിറയുകയാണ്. ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങൾ ഭിത്തികളെ അലങ്കരിക്കുന്നു. പ്ലാവിൻ തടിയുടെയും തുകലിന്‍റെയും കഷണങ്ങൾ തറയിൽ ചിതറിക്കിടക്കുന്നു. ചുറ്റികകൾ, ആണികൾ, ശ്രുതി നോക്കുന്നതിനുള്ള ചെറിയൊരു മരക്കഷണം, പോളിഷ് ചെയ്യുന്നതിനുള്ള ആവണക്കെണ്ണ എന്നിവകൾക്കിടയിൽ ഈ മുറിയിലിരുന്നാണ് യേശുദാസ് അന്തോനിയും മകൻ എഡ്വിൻ യേശുദാസും പണിയെടുക്കുന്നത്. പുറത്ത്, മദ്ധ്യചെന്നൈയിലെ ഈ പഴയ താമസസ്ഥലത്ത്, അമ്പലമണികൾ മാറ്റൊലി കൊള്ളുന്നു.

ഈ രണ്ട് മഹാശിൽപികൾ കർണ്ണാടക (ദക്ഷിണേന്ത്യൻ ക്ലാസ്സിക്കൽ) സംഗീതത്തിൽ ഉപയോഗിക്കുന്ന മേളവാദ്യമായ മൃദംഗം നിർമ്മിക്കുന്നു. "എന്‍റെ മുതുമുത്തശ്ശൻ തഞ്ചാവൂരിൽ നിന്നും മൃദംഗം ഉണ്ടാക്കാൻ തുടങ്ങിയതാണ്”, ചെന്നൈയിൽ നിന്നും 350 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന പഴയ പട്ടണത്തിന്‍റെ കാര്യം പരാമർശിച്ചുകൊണ്ട് എഡ്വിൻ പറഞ്ഞു. എഡ്വിന്‍റെ അച്ഛൻ ഞങ്ങളെ നോക്കി ചിരിച്ചു, പിന്നെ വൃത്താകൃതിയില്‍ മുറിച്ചെടുത്ത രണ്ട് തുകൽ കഷണങ്ങൾക്കു ചുറ്റും അവയുടെ അരികുകളിലൂടെ ദ്വാരം ഇടുന്നത് തുടർന്നു. പിന്നീടദ്ദേഹം രണ്ട് കഷണങ്ങളും വലിച്ചുനീട്ടി അവയെ അകം പൊള്ളയായ ഒരു തുറന്ന ചട്ടക്കൂടിന്‍റെ ഇരുവശങ്ങളിലും നേര്‍ത്ത തുകല്‍കഷണങ്ങള്‍ കൊണ്ട് ബന്ധിപ്പിക്കുന്നു. കട്ടിയുള്ള തോല്‍പ്പട്ടകള്‍ ഉപകരണത്തിന്‍റെ ‘ശരീര’ത്തിന് അല്ലെങ്കില്‍ അനുനാദകത്തിന് (resonator) കുറുകെ വലിച്ചുനീട്ടി ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് ബന്ധിപ്പിക്കാനും അദ്ദേഹം നോക്കുന്നുണ്ട്. മൃദംഗ നിര്‍മ്മാണത്തിന്‍റെ മുഴുവന്‍ പ്രക്രിയകളും (ഒരേസമയം അവര്‍ ഒന്നിലധികം ഉപകരണങ്ങളാണ് ഉണ്ടാക്കുന്നത്) പൂര്‍ത്തിയാക്കാന്‍ 7 ദിവസങ്ങള്‍ വേണം.

PHOTO • Ashna Butani
PHOTO • Ashna Butani

ഇടത്: വൃത്താകൃതിയില്‍ മുറിച്ചെടുത്ത തുകല്‍ കഷണങ്ങളില്‍ യേശുദാസ് അന്തോനി സുഷിരങ്ങള്‍ ഉണ്ടാക്കിയശേഷം ഒരു നേര്‍ത്ത കഷണമുപയോഗിച്ച് അവ മൃദംഗത്തിന്‍റെ ഒരറ്റത്ത് മുറുക്കുന്നു. വലത്: ഉപകരണത്തിന്‍റെ സ്വരം ശരിയാക്കിയെടുക്കാന്‍ ഒരു വടിയും കല്ലും ഉപയോഗിക്കുന്നു

520 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കമുതി പട്ടണത്തിലെ ഒരു മരപ്പണിക്കാരനില്‍ നിന്നാണ് ഈ കുടുംബം മൃദംഗ നിര്‍മ്മാണത്തിനുള്ള ചട്ടങ്ങള്‍ വാങ്ങുന്നത്. ഉണങ്ങിയ പ്ലാവിന്‍തടിയാണ് ഇതിനുപയോഗിക്കുന്നത്. അതിന്‍റെ നാരിന്‍റെ പ്രത്യേകതകളും സൂക്ഷ്മരന്ധ്രങ്ങളും കാലാവസ്ഥ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉപകരണത്തിന്‍റെ ശബ്ദം മാറില്ലെന്ന് ഉറപ്പുവരുത്തുന്നു. വെല്ലൂര്‍ ജില്ലയിലെ ആമ്പൂര്‍ പട്ടണത്തില്‍ നിന്നാണ് പശുവിന്‍തോല്‍ വാങ്ങുന്നത്.

ഞങ്ങള്‍ എഡ്വിനെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം തഞ്ചാവൂര്‍ ജില്ലയിലെ കാവേരി നദീതടത്തില്‍ നിന്നും ലഭിച്ച കല്ല്‌ പൊടിക്കുകയായിരുന്നു. പൊടിച്ച കല്ല്‌ ചോറ് അരച്ചതും വെള്ളവും ചേര്‍ത്ത് കപ്പി മൃദംഗത്തിന്‍റെ ഇരുവശത്തുമുള്ള തോലുകളില്‍ തേക്കുന്നു. ഇത് തബല പോലെയുള്ള ശബ്ദം ഉണ്ടാക്കുന്നു. എഡ്വിന്‍റെ കുടുംബം ചെന്നൈയിലെ കര്‍ണ്ണാടക സംഗീത മണ്ഡലങ്ങളില്‍ കപ്പി നിര്‍മ്മാണ വൈദഗ്ദ്ധ്യത്തിന്‍റെ പേരില്‍ അറിയപ്പെടുന്നു. (നീണ്ടുനില്‍ക്കുന്ന ശബ്ദം ലഭിക്കുന്നതിനായി വലന്തലയോട് ചേര്‍ന്ന് ചെറിയൊരു മുളംകഷണങ്ങള്‍ പിടിപ്പിച്ച കട്ടിയുള്ള തടിച്ചട്ടമാണ് കുച്ചി മൃദംഗത്തിനുള്ളത്.)

PHOTO • Ashna Butani
PHOTO • Ashna Butani
PHOTO • Ashna Butani

ഇടത്: യേശുദാസ് ചെറുപ്പമായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ജോലിയെയും പാരമ്പര്യത്തെയും കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒരു പത്രലേഖനം. മദ്ധ്യത്തില്‍: കുടുംബത്തിന്‍റെ വൈദഗ്ദ്ധ്യത്തെക്കുറിച്ച് തമിഴില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്നു. വലത്: അതീവശ്രദ്ധ വേണ്ട ഈ വൈദഗ്ദ്ധ്യത്തിന് അവര്‍ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

ഉപകരണത്തിന്‍റെ വലന്തല, ‘കരനൈ’ എന്നറിയപ്പെടുന്ന വശം, വിവിധ തരത്തിലുള്ള തോലുകള്‍കൊണ്ട് മൂന്ന് പാളികളായാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പുറംവളയം, ഒരു അകം വളയം, മദ്ധ്യത്തിലെ കറുത്ത വൃത്തം ഉള്‍പ്പെടുന്ന ഭാഗം എന്നിവയാണ് 3 പാളികള്‍. തൊപ്പി എന്നറിയപ്പെടുന്ന ഇടന്തലയ്ക്ക് എല്ലായ്പോഴും വലതുവശത്തേക്കാള്‍ അരയിഞ്ച് വലിപ്പക്കൂടുതല്‍ കാണും.

യേശുദാസും (64) എഡ്വിനും (31) ജനുവരി-ഡിസംബര്‍ മാസങ്ങളിലെ വാര്‍ഷിക മാര്‍ഗഴി സംഗീതോത്സവത്തിലെ എല്ലാ ആഴ്ചയിലും 3 മുതല്‍ 7 വരെ മൃദംഗങ്ങള്‍, മറ്റുള്ളവ നന്നാക്കുന്നതു കൂടാതെ, ഉണ്ടാക്കുന്നു. വര്‍ഷത്തിലെ ബാക്കി സമയത്ത് ആഴ്ചയില്‍ ഏകദേശം 3-4 എണ്ണം ഉണ്ടാക്കും. ഓരോ മൃദംഗത്തിനും അവര്‍ക്ക് 7,000 മുതല്‍ 10,000 രൂപവരെ ലഭിക്കും. രണ്ടുപേരും ആഴ്ചയില്‍ 7 ദിവസവും ജോലി ചെയ്യും - യേശുദാസ് രാവിലെ 8 മണിമുതല്‍ രാത്രി 9 മണിവരെയും എഡ്വിന്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയതിനുശേഷം വൈകുന്നേരങ്ങളിലും (തന്‍റെ ജോലിയെപ്പറ്റി ഞങ്ങള്‍ കൂടുതല്‍ പറയരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു). വീട്ടില്‍നിന്നും 15 മിനിറ്റ് നടക്കാനുണ്ട് അവരുടെ പണിശാലയിലേക്ക്.

PHOTO • Ashna Butani
PHOTO • Ashna Butani

ഇടത്: എഡ്വിന് പകല്‍ ജോലിയുണ്ട്. പക്ഷെ വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലും അദ്ദേഹം അച്ഛനോടൊപ്പം പണിശാലയില്‍ പണിയെടുക്കുന്നു. വലത്: എഡ്വിന്‍റെ ഭാര്യ വീട്ടമ്മയായ നാന്‍സിക്ക് (29) മൃദംഗം നിര്‍മ്മിക്കുന്നതെങ്ങനെയെന്ന പൊതുവായ ധാരണയുണ്ട്. പക്ഷെ കുടുംബത്തിലെ പുരുഷന്‍മാരാണ് ഈ ജോലി ചെയ്യുന്നത്

“ദളിത്‌ ക്രിസ്ത്യാനികളാണെങ്കിലും ഈ പാരമ്പര്യം ഞങ്ങള്‍ തുടരുന്നു”, എഡ്വിന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ മുത്തശ്ശനും അറിയപ്പെടുന്ന മൃദംഗം നിര്‍മ്മാതാവുമായിരുന്ന ആന്‍റണി സെബാസ്റ്റ്യന്‍റെ നിര്‍മ്മാണ വൈദഗ്ദ്ധ്യത്തെ കര്‍ണ്ണാടക സംഗീതജ്ഞര്‍ വാഴ്ത്തിയിട്ടുണ്ട്. പക്ഷെ ഒരു വ്യക്തിയെന്ന നിലയില്‍ വേണ്ട ബഹുമാനം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്ന് എഡ്വിന്‍ ഓര്‍മ്മിക്കുന്നു. “എന്‍റെ മുത്തശ്ശന്‍ മൃദംഗങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഉപകരണം നല്‍കാനായി അദ്ദേഹം ഇടപാടുകാരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവര്‍ അദ്ദേഹത്തെ സ്പര്‍ശിക്കാന്‍ വിസമ്മതിച്ചുകൊണ്ട് പണം തറയില്‍ വയ്ക്കുമായിരുന്നു.” ജാതി പ്രശ്നത്തെ എഡ്വിന്‍ മനസ്സിലാക്കുന്നത് “50 വര്‍ഷം മുന്‍പുണ്ടായിരുന്നത്രയും അവസ്ഥ മോശമല്ല ഇപ്പോള്‍” എന്നാണ്. പക്ഷെ, കൂടുതല്‍ വിശദീകരിക്കാതെ, വിവേചനം നിലനില്‍ക്കുന്നുണ്ടെന്നു തന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അച്ഛനുമായി ചേര്‍ന്നുണ്ടാക്കിയ മൃദംഗങ്ങളിലൊന്നില്‍ താളം പിടിച്ചുനോക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ ശബ്ദബോധം പ്രകടമാണ്. പക്ഷെ, തന്‍റെ ജാതിയും മതവും മൂലം ഉപകരണം വായിക്കാനുള്ള പരിശീലനം തനിക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് എഡ്വിന്‍ പറഞ്ഞു. “ഗുരുക്കന്മാര്‍ എപ്പോഴും എന്നോടു പറയുമായിരുന്നു എനിക്ക് സംഗീത ബോധമുണ്ടെന്ന്. എന്‍റെ കരങ്ങള്‍ താളം പിടിക്കാന്‍ പറ്റിയതാണെന്ന് അവര്‍ പറഞ്ഞു. പക്ഷെ, എന്നെ പഠിപ്പിക്കാമോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിസമ്മതിച്ചു. ചില സാമൂഹ്യ പ്രതിബന്ധങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു...”

PHOTO • Ashna Butani
PHOTO • Ashna Butani

ഇടത്: കര്‍ണ്ണാടക സംഗീതത്തില് പ്രധാനമായും ഉയര്‍ന്നജാതി ഹിന്ദുക്കള്‍ക്കാണ് സ്ഥാനം ലഭിക്കുക. യേശുദാസും എഡ്വിനും ദളിത്‌ ക്രിസ്ത്യാനികള്‍ ആണെങ്കിലും അവരുടെ പണിശാലയുടെ ഭിത്തികളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ കാണാം. വലത്: അവരുടെ വീടിന്‍റെ പ്രവേശനകവാടം സ്വന്തം സമുദായത്തിന്‍റെ രൂപങ്ങളും ചിഹ്നങ്ങളുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു

കര്‍ണ്ണാടക സംഗീതത്തില്‍ വിശിഷ്ടരായ, പ്രധാനമായും ഉയര്‍ന്നജാതി ഹിന്ദുക്കളായ, ഇടപാടുകാര്‍ക്കു വേണ്ടിയാണ് എഡ്വിന്‍റെ കുടുംബം പ്രവര്‍ത്തിക്കുന്നതെന്ന് കുടുംബത്തിന്‍റെ പണിശാലയുടെ ഭിത്തികളില്‍ നിന്നും മനസ്സിലാകും. മൃദംഗ നിര്‍മ്മാതാക്കളായ ഇവര്‍ മൈലാപ്പൂരിലെ പകാശമാതാ ലസ് ദേവാലയത്തിലെ (Luz Church of Our Lady of Light) അംഗങ്ങളാണെങ്കിലും ഹിന്ദു ദൈവങ്ങളെക്കൊണ്ട് പണിശാലയുടെ ഭിത്തികള്‍ അലങ്കരിച്ചിട്ടുണ്ട്. “എന്‍റെ മുത്തശ്ശനും അദ്ദേഹത്തിന്‍റെ അച്ഛനും ക്രിസ്ത്യാനികളായിരുന്നു എന്ന് എനിക്കറിയാം. അതിനുമുന്‍പ് കുടുംബം ഹിന്ദുക്കള്‍ ആയിരുന്നു”, എഡ്വിന്‍ പറഞ്ഞു.

മൃദംഗം വായിക്കാനുള്ള പരിശീലനം നല്‍കാന്‍ ആചാര്യന്മാര്‍ വിസമ്മതിച്ചെങ്കിലും ഭാവിയില്‍ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. “ഉപകരണം വായിക്കാന്‍ എനിക്ക് പറ്റില്ലായിരിക്കാം. പക്ഷെ, എനിക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്കത് പഠിക്കാന്‍ പറ്റുമെന്ന് ഞാന്‍ ഉറപ്പാക്കും.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Ashna Butani

Ashna Butani is a recent graduate of the Asian College of Journalism, Chennai. She is based in Kolkata and interested in writing stories on gender, culture, caste and the environment.

Other stories by Ashna Butani
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.