1962-ലെ ആ ദിവസം വ്യക്തമായി ഓർക്കുന്നുണ്ട് 82 വയസ്സുള്ള ബാപ്പു സുതർ. താനുണ്ടാക്കിയ, കാൽകൊണ്ട് പ്രവർത്തിപ്പിക്കുന്ന മരത്തിന്റെ ഒരു കൈത്തറി അപ്പോൾ വിറ്റിട്ടേ ഉണ്ടായിരുന്നുള്ളു അദ്ദേഹം. ഏഴടി ഉയരവും തന്റെ പണിശാലയിൽ കൈകൊണ്ട് നിർമ്മിച്ചതുമായ അത് കോലാപ്പുരിലെ സംഗാവോൻ കസബ ഗ്രാമത്തിലെ ഒരു നെയ്ത്തുകാരന് കൊടുത്തപ്പോൾ കിട്ടിയത്, നല്ല വിലയായിരുന്നു. 415 രൂപ.

അത് താനുണ്ടാക്കുന്ന അവസാനത്തെ കൈത്തറിയായിരുന്നില്ലെങ്കിൽ, സന്തോഷകരമായ ഒരോർമ്മയായേനേ. അതിനുശേഷം പിന്നെ ആവശ്യക്കാരാരും വന്നില്ല. കൈകൊണ്ട് താൻ നിർമ്മിക്കുന്ന മരകൈത്തറി വാങ്ങാൻ പിന്നെയാരും ഉണ്ടായില്ല. “എലാം അതോടെ അവസാനിച്ചു”, അദ്ദേഹം പറയുന്നു.

ആറ് വർഷങ്ങൾക്കിപ്പുറം, മഹാരാഷ്ട്രയിൽ കോലാപുർ ജില്ലയിലെ രെണ്ടാൽ ഗ്രാമത്തിലെ ആർക്കും അറിയില്ല, ആ ഗ്രാമത്തിലെ അവശേഷിക്കുന്ന ഒരേയൊരു മരകൈത്തറി നിർമ്മാതാവാണ് ആ മനുഷ്യനെന്ന്. ധാരാളം ആവശ്യക്കാരുണ്ടായിരുന്ന ഒരു കരകൌശലവിദഗ്ദ്ധനായിരുന്നു അദ്ദേഹമെന്നും ആർക്കും ഇന്നറിയില്ല. “രെണ്ടാലിലെയും സമീപത്തുള്ള ഗ്രാമങ്ങളിലേയും കൈത്തറി നിർമ്മാതാക്കളൊക്കെ മരിച്ചുപോയി”, ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന നെയ്ത്തുകാരനായ വസന്ത് തംബെ പറയുന്നു.

മരത്തിൽനിന്ന് കൈത്തറികൾ നിർമ്മിക്കുന്ന പാരമ്പര്യം‌തന്നെ രെണ്ടാലിന് നഷ്ടമായിരിക്കുന്നു. “ആ അവസാനത്തെ കൈത്തറിപോലും ഇപ്പോൾ ബാക്കിയില്ല്”, തന്റെ ചെറിയ വീടിന്റെ ചുറ്റുമുള്ള പണിശാലകളിൽനിന്ന് ഉയരുന്ന യന്ത്രത്തറികളുടെ ബഹളങ്ങൾക്കിടയിൽ തീരെ ദുർബ്ബലമായ ശബ്ദത്തിൽ ബാപ്പു പറയുന്നു.

ബാപ്പുവിന്റെ വീടിന്റെ ഉള്ളിൽ സ്ഥിതി ചെയ്തിരുന്ന ഒറ്റമുറി പണിശാല ഒരു കാലഘട്ടം കടന്നുപോയതിന് സാക്ഷിയാണ്. പണിശാലയിലെ തവിട്ടുനിറത്തിന്റെ വിവിധ വകഭേദങ്ങൾ – കടുംതവിട്ടും, ഇളം‌തവിട്ടും, മഹാഗണിയും, കുതിരലാടത്തവിട്ടും, മഞ്ഞ കലർന്ന തവിട്ടും, ചുവപ്പ് കലർന്ന തവിട്ടും നിറവുമൊക്കെ കാലം കടന്നുപോവുന്നതിനനുസരിച്ച് മെല്ലെമെല്ലെ മാഞ്ഞ് നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു.

Bapu's workshop is replete with different tools of his trade, such as try squares  (used to mark 90-degree angles on wood), wires, and motor rewinding instruments.
PHOTO • Sanket Jain
Among the array of traditional equipment and everyday objects at the workshop is a kerosene lamp from his childhood days
PHOTO • Sanket Jain

ഇടത്ത്: മരത്തിൽ 90 ഡിഗ്രി അടയാളപ്പെടുത്താനുള്ള ട്രൈ സ്ക്വയറുകൾ, വയറുകൾ, മോട്ടോർ റീവൈൻഡിംഗിനുള്ള സാമഗ്രികൾ തുടങ്ങി, തന്റെ തൊഴിലിൽ ആവശ്യമായ നിരവധി ഉപകരണങ്ങളാൽ നിറഞ്ഞുകിടക്കുകയാണ് ബാപ്പുവിന്റെ പണിശാല. വലത്ത്: പരമ്പരാഗത ഉപകരണങ്ങൾക്കും നിത്യോപയോഗസാധനങ്ങൾക്കും പുറമേ, തന്റെ കുട്ടിക്കാലത്ത് ഉപയോഗിച്ചിരുന്ന ഒരു മണ്ണെണ്ണവിളക്കും ബാപ്പുവിന്റെ പണിശാലയിൽ കാണാം

The humble workshop is almost a museum of the traditional craft of handmade wooden treadle looms, preserving the memories of a glorious chapter in Rendal's history
PHOTO • Sanket Jain

രെണ്ടലിന്റെ സുവർണ്ണകാലത്തിന്റെ ഓർമ്മകൾ സൂക്ഷിച്ചുവെച്ചിട്ടുള്ള ഈ പണിശാല, പരമ്പരാഗതരീതിയിൽ, കാൽകൊണ്ട് പ്രവർത്തിക്കുന്ന മരം കൊണ്ട് നിർമ്മിച്ച കൈത്തറികളുടെ മ്യൂസിയമാണെന്നുതന്നെ പറയാം

*****

മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലെ വസ്ത്രവ്യാപാര പട്ടണമായ ഇചൽകരഞ്ചിയിൽനിന്ന് 13 കിലോമീറ്റർ ദൂരെയാണ് രെണ്ടൽ ഗ്രാമം. 20-ആം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിരവധി കൈത്തറികൾ ഇചൽകരഞ്ചിയിലേക്ക് എത്തുകയും, കാലക്രമത്തിൽ, സംസ്ഥാനത്തിലെയും, ഇന്ത്യയിലെത്തന്നെയും പ്രസിദ്ധമായ വസ്ത്രനിർമ്മാണകേന്ദ്രമായി അതിനെ പരിവർത്തിപ്പിക്കുകയും ചെയ്തു. ഇചൽകരഞ്ചിയുടെ സാമീപ്യത്താൽ, രെണ്ടലും ഒരു ചെറിയ വസ്ത്രനിർമ്മാണകേന്ദ്രമായി മാറുകയുണ്ടായി.

1928-ലാണ് ബാപ്പുവിന്റെ പിതാവ്, മരിച്ചുപോയ കൃഷ്ണ സുതർ ആദ്യമായി വലിയ തറികളുണ്ടാക്കാൻ പഠിച്ചത്. 200 കിലോഗ്രാമിലും അധികം ഭാരമുള്ളവ. അദ്ദേഹത്തെ അത് പഠിപ്പിച്ചത്, ഇചൽകരഞ്ചിയിലുണ്ടായിരുന്ന ദത്തെ ധൂലപ്പ സുതർ എന്ന മുതിർന്ന കരകൌശലവിദഗ്ദ്ധനായിരുന്നുവെന്ന് ബാപ്പു പറയുന്നു.

“1930-കളുടെ ആദ്യകാലത്ത്, ഇചൽകരഞ്ചിയിൽ ഇത്തരം കൈത്തറികളുണ്ടാക്കിയിരുന്ന മൂന്ന് കുടുംബങ്ങളുണ്ടായിരുന്നു”, ബാപ്പു ഓർമ്മിക്കുന്നു. ഭംഗിയായി നെയ്ത നൂലിന്റേതുപോലെ മൂർച്ചയുള്ള ഓർമ്മയാണ് ഇപ്പോഴും അദ്ദേഹത്തിന്. “കൈത്തറികൾ പ്രചാരത്തിൽ വരുന്ന കാലമായിരുന്നു. അതുകൊണ്ട് അത് പഠിക്കാൻ അച്ഛൻ തീരുമാനിച്ചു”. ബാപ്പുവിന്റെ മുത്തച്ഛൻ, അന്തരിച്ച കല്ലപ്പ സുതർ, ജലസേചനത്തിനുള്ള പരമ്പരാഗത കപ്പികൾക്കുപുറമേ, കൃഷിയുപകരണങ്ങളായ അരിവാളും, കലപ്പയും, മൺ‌വെട്ടിയുമൊക്കെ ഉണ്ടാക്കാറുണ്ടായിരുന്നു.

കുട്ടിയായിരുന്നപ്പോൾ, അച്ഛന്റെ പണിശാലയിൽ സമയം ചിലവഴിക്കാൻ ബാപ്പു ഇഷ്ടപ്പെട്ടു. പതിനഞ്ചാമത്തെ വയസ്സിൽ, 1954-ലാണ് ബാപ്പു ആദ്യമായി തറി ഉണ്ടാക്കിയത്. “ആറ് ദിവസത്തോളം, ഞങ്ങൾ മൂന്നുപേർ, 72 മണിക്കൂർ ചിലവഴിച്ചാണ് അതുണ്ടാക്കിയത്. രെണ്ടലിലെ ഒരു നെയ്ത്തുകാരന് 115 രൂപയ്ക്ക് അത് വിട്ടു. അന്നത്, വലിയൊരു സംഖ്യയാണ്. ഒരു കിലോഗ്രാം അരിക്ക്, 50 പൈസയാണ് അന്ന് വില”, ബാപ്പു ചിരിക്കുന്നു.

60-കളുടെ തുടക്കത്തിൽ, കൈകൊണ്ടുണ്ടാക്കിയ ഒരു തറിയുടെ വില 415 രൂപയായി വർദ്ധിച്ചിരുന്നു. “മാസത്തിൽ ചുരുങ്ങിയത് നാല് കൈത്തറികളെങ്കിലും ഞങ്ങൾ ഉണ്ടാക്കും” ഒറ്റ യൂണിറ്റായല്ല അത് വിറ്റിരുന്നത്. “തറിയുടെ വിവിധ ഭാഗങ്ങൾ കാളവണ്ടിയിൽ കൊണ്ടുപോയി, നെയ്ത്തുകാരന്റെ പണിശാലയിൽ കൊണ്ടുപോയി സംയോജിപ്പിക്കും”, അദ്ദേഹം വിശദീകരിക്കുന്നു.

താമസിയാതെ, ഡോബി ഉണ്ടാക്കാൻ ബാപ്പു പഠിച്ചു. മറാത്തിയിൽ ഡാബി എന്നും വിളിക്കും. തറിയുടെ മുകളിൽ പ്രത്യേകമായി വെച്ചുപിടിപ്പിക്കുന്ന ഒരു ഭാഗമാണത്. തുണി നെയ്യുമ്പോൾത്തന്നെ അതിൽ സങ്കീർണ്ണമായ അലങ്കാരങ്ങളും ചിത്രപ്പണികളും ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഭാഗമാണത്. തേക്കുകൊണ്ട് ആദ്യത്തെ ഡാബി ഉണ്ടാക്കാൻ മൂ‍ന്ന് ദിവസങ്ങളിലായി 30 മണിക്കൂർ എടുത്തു. “ഗുണം പരിശോധിക്കുന്നതിനായി, ഞാൻ അത് രെണ്ടലിലെ ഒരു നെയ്ത്തുകാരനായ ലിംഗപ്പ മഹാജന് സൌജന്യമായി കൊടുത്തു”, അദ്ദേഹം പറയുന്നു.

Sometime in the 1950s, Bapu made his first teakwood ‘dabi’ (dobby), a contraption that was used to create intricate patterns on cloth as it was being woven. He went on to make 800 dobbies within a decade
PHOTO • Sanket Jain
Sometime in the 1950s, Bapu made his first teakwood ‘dabi’ (dobby), a contraption that was used to create intricate patterns on cloth as it was being woven. He went on to make 800 dobbies within a decade
PHOTO • Sanket Jain

1950- കളിലാണ് ബാപ്പു ആദ്യമായി, തേക്കുകൊണ്ടുള്ള ഡാബി (തുണി നെയ്യുമ്പോൾത്തന്നെ അലങ്കാരങ്ങളും ചിത്രപ്പണികളുമൊക്കെ ചേർക്കുന്ന, ബാഹ്യമായി വെച്ചുപിടിപ്പിച്ച ഭാഗം. ഡോബിയെന്നും വിളിക്കുന്നു) നിർമ്മിക്കുന്നത്. ഒരു പതിറ്റാണ്ടിനിടയിൽ അത്തരം 800 ഡോബികൾ ബാപ്പു നിർമ്മിച്ചു

Bapu proudly shows off his collection of tools, a large part of which he inherited from his father, Krishna Sutar
PHOTO • Sanket Jain

ബാപ്പു തന്റെ ഉപകരണങ്ങളുടെ ശേഖരം അഭിമാനത്തോടെ പ്രദർശിപ്പിക്കുന്നു. അച്ഛൻ കൃഷ്ണ സുതരിൽനിന്ന് പാരമ്പര്യമായി കിട്ടിയ ഉപകരണങ്ങളാണ് അവയിൽ അധികവും

ഒരടിപ്പൊക്കവും 10 കിലോഗ്രാം ഭാരവുമുള്ള ഒരു ഡോബിയുണ്ടാക്കാൻ രണ്ട് കൈത്തൊഴിലുകാർ രണ്ട് ദിവസം പണിയെടുക്കണം. ഒരു പതിറ്റാണ്ടിനുള്ളിൽ ബാപ്പു അത്തരം 800 ഡാബികൾ നിർമ്മിച്ചു. 1950-കളിൽ ഒരു ഡാബി വിറ്റിരുന്നത് 18 രൂപയ്ക്കായിരുന്നു. 1960-കൾ ആവുമ്പോഴേക്കും 35 രൂപയായി അത് വർദ്ധിച്ചു”, ബാപ്പു ഓർത്തെടുക്കുന്നു.

1950-കളുടെ അവസാനമാവുമ്പോഴേക്കും രെണ്ടലിൽ 5,000-ത്തോളം കൈത്തറികൾ ഉണ്ടായിരുന്നുവെന്ന് വസന്ത് എന്ന നെയ്ത്തുകാരൻ പറയുന്നു. “ഈ തറികളുപയോഗിച്ച് നവ്വരി സാരികൾ (ഒമ്പത് മുഴം നീളമുള്ളത്) ഉണ്ടാക്കിയിരുന്നു”, ആഴ്ചയിൽ 15 സാരികൾ ഉണ്ടാക്കിയിരുന്ന 1960-കളിലെ ആ കാലം ഓർത്തെടുത്ത് അദ്ദേഹം പറയുന്നു.

കൈത്തറികൾ പ്രധാനമായും നിർമ്മിച്ചിരുന്നത് തേക്കുമരം ഉപയോഗിച്ചായിരുന്നു. ഇടനിലക്കാർ കർണ്ണാടകയിൽ ദണ്ടേലി പട്ടണത്തിൽനിന്ന് മരം കൊണ്ടുവന്ന് ഇചൽകരഞ്ചിയിൽ വിൽക്കും. “മാസത്തിൽ രണ്ടുതവണ, ഞങ്ങൾ കാളവണ്ടികളിൽ ആ മരം അവിടെനിന്ന് രെണ്ടലിലേക്ക് കൊണ്ടുവരും”, ബാപ്പു പറയുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്ക് ആറ് മണിക്കൂർ വേണ്ടിവന്നിരുന്നുവെന്നും ബാപ്പു കൂട്ടിച്ചേർത്തു.

ഏഴ് രൂപ കൊടുത്ത് ബാപ്പു ഒരു ക്യൂബിക്ക് അടി തേക്ക് വാങ്ങും. 1960-കളോടെ അതിന് 18 രൂപയായി. ഇന്നതിന് 3,000 രൂപയാണ് വില. ഇതിനുപുറമേ, ഇരുമ്പുകമ്പിയും, മരപ്പലകകളും നട്ടും ബോൾട്ടും സ്ക്രൂവും ഒക്കെ ഉപയോഗിക്കും. “ഓരോ കൈത്തറിക്കും ഏകദേശം ആറ് കിലോഗ്രാം ഇരുമ്പും ഏഴ് ക്യൂബിക്കടി തേക്കും ആവശ്യമാണ്”, അദ്ദേഹം പറയുന്നു. 1940-കളിൽ, ഒരു കിലോഗ്രാം ഇരുമ്പിന് 75 പൈസയായിരുന്നു വില.

ബാപ്പുവിന്റെ കുടുംബം ഈ കൈത്തറികൾ കോലാപ്പുരിലെ ഹട്കണംഗളെ താലൂക്കിലും, കർണ്ണാടകയിലെ ബെലഗാവി ജില്ലയുടെ അതിർത്തിഗ്രാമങ്ങളായ കരഡഗയിലും, കൊഗനോളിയിലും, ബോറഗാംവ് ഗ്രാമത്തിലും വിറ്റിരുന്നു. മൂന്നേ മൂന്ന് കരകൌശലത്തൊഴിലാളികൾ മാത്രമാണ് വളരെയധികം വൈദഗ്ദ്ധ്യം ആവശ്യമുള്ള ഈ പണി, 1940-കളുടെ തുടക്കത്തിൽ രെണ്ടലിൽ ചെയ്തിരുന്നത്. രാമു സുതർ, ബാപ്പു ബാലിസോ സുതർ, കൃഷ്ണ സുതർ എന്നിവർ. മൂവരും ബന്ധുക്കളുമായിരുന്നു.

തറികളുണ്ടാക്കുന്ന പണി ജാത്യാധിഷ്ഠിതമായ ഒന്നായിരുന്നു. കൂടുതലും സുതർ എന്ന വിഭാഗക്കാർ. മഹാരാഷ്ട്രയിൽ ഇവർ മറ്റ് പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുന്നു. “പഞ്ചാൾ സുതർ (ഒരു ഉപജാതി) മാത്രമാണ് ഇത് ചെയ്തിരുന്നത്”, ബാപ്പു പറയുന്നു.

Bapu and his wife, Lalita, a homemaker, go down the memory lane at his workshop. The women of  Rendal remember the handloom craft as a male-dominated space
PHOTO • Sanket Jain

പണിശാലയിലിരുന്നു ബാപ്പുവും, വീട്ടമ്മയായ ഭാര്യ ലളിതയും ഓർമ്മകളിലൂടെ സഞ്ചരിക്കുന്നു. തറിനിർമ്മാണം പുരുഷന്മാരുടെ മേഖലയായിരുന്നുവെന്ന് രെണ്ടലിന്റെ സ്ത്രീകൾ ഓർക്കുന്നു

During the Covid-19 lockdown, Vasant sold this handloom to raise money to make ends meet
PHOTO • Sanket Jain

ബാപ്പു സുതരുടെ സമകാലികനും, രെണ്ടലിലെ ഏറ്റവു പഴയ നെയ്ത്തുകാരനുമായ വസന്ത് ടംബെ ഉപയോഗിച്ചിരുന്ന ഒരു തറി ചട്ടക്കൂട്. കോവിഡ്-19 കാലത്ത്, പണം ആവശ്യമായി വന്നപ്പോൾ വസന്ത് ഈ കൈത്തറി വിറ്റു

മാത്രമല്ല, പുരുഷന്മാർക്ക് ആധിപത്യമുള്ള ഒരു തൊഴിലായിരുന്നു ഇത്. ബാപ്പുവിന്റെ അമ്മ, മരിച്ചുപോയ സോനാബായി കർഷകയും വീട്ടമ്മയുമായിരുന്നു. 60-കളുടെ മധ്യത്തിലെത്തിയ ഭാര്യ ലളിത സുതരും ഒരു വീട്ടമ്മയാണ്. “രെണ്ടലിലെ സ്ത്രീകൾ ചർക്കയിൽ നൂൽ നൂറ്റ് നീളത്തിലുള്ള ഒരു വടിയിൽ കെട്ടിവെക്കും. പിന്നീട് പുരുഷന്മാർ അതെടുത്ത് നെയ്യും”, വസന്തിന്റെ ഭാര്യ,77 വയസ്സുള്ള വിമൽ പറയുന്നു. എന്നാൽ, നാലാമത് അഖിലേന്ത്യാ കൈത്തറി സെൻസസ് (2019-20) പ്രകാരം, ഇന്ത്യയിലെ കൈത്തറി തൊഴിലാളികളിൽ സ്ത്രീകളുടെ എണ്ണം 2,546,285 ആണ്. 72.3 ശതമാനത്തോളം.

1950-കളിലെ തറി ആശാന്മാരെക്കുറിച്ചോർക്കുമ്പോൾ ഇപ്പൊഴും ബാപ്പുവിന് വലിയ ആദരമാണുള്ളത്. “കോലാപ്പുർ ജില്ലയിലെ കബനൂർ ഗ്രാമത്തിലെ കല്ലപ്പ സുതരുടെ തറികൾ വാങ്ങാൻ ഹൈദരബാദ്, സോലാപ്പുർ എന്നിവിടങ്ങളിൽനിന്നുപോലും ആവശ്യക്കാർ വന്നിരുന്നു. മാത്രമല്ല, ഒമ്പത് തൊഴിലാളികളുമുണ്ടായിരുന്നു”, അദ്ദേഹം പറയുന്നു. കുടുംബാംഗങ്ങൾ മാത്രം തറിയുണ്ടാക്കുന്നതിൽ സഹായിക്കുകയും, പുറമേനിന്നുള്ള സഹായികളെ കൂലിക്കെടുക്കുന്നത് താങ്ങാൻ കഴിയാത്തതുമായ ആ കാലത്ത്, ഒമ്പത് തൊഴിലാളികളുണ്ടായിരുന്നുവെന്നത് വലിയൊരു കാര്യമായിരുന്നിരിക്കണം.

തനിക്കേറെ പ്രിയങ്കരവും, പണിശാലയിൽ ശ്രദ്ധയോടെ പൂട്ടിവെച്ചിട്ടുള്ളതുമായ 2 x 2.5 അടി വലിപ്പമുള്ള തേക്കിന്റെ ഒരു പെട്ടി ബാപ്പു ചൂണ്ടിക്കാണിച്ചുതന്നു. “30-ലധികം തരം സ്പാനറുകളും ലോഹ ഉപകരണങ്ങളും അതിലുണ്ട്. മറ്റുള്ളവർക്ക് അത് സാധാരണ ഉപകരണങ്ങളായി തോന്നിയേക്കാം. എനിക്കത്, എന്റെ കലയുടെ ഓർമ്മയാണ്”, വികാരാധീനനായി അദ്ദേഹം പറയുന്നു. അച്ഛനിൽനിന്ന് ബാപ്പുവിനും, മൂത്ത സഹോദരൻ വസന്ത് സുതറിന് 90 വീതം സ്പാനറുകൾ കിട്ടിയിരുന്നു.

ബാപ്പുവിനോളം പഴക്കമുള്ള രണ്ട് മരത്തിന്റെ റാക്കുകളിൽ, നിരവധി കല്ലുളികളും, ചിറ്റുളികളും, കൈകൊണ്ട് തിരിക്കുന്ന ഡ്രില്ലുകളും, അരിവാളുകളും, ക്ലാമ്പുകളും, അളക്കുന്ന ഉപകരണങ്ങളും, കൊടിലുകളും, പരമ്പരാഗതമായ വടക്കുനോക്കിയന്ത്രങ്ങളും, കത്തികളും, മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നു. “മുത്തച്ഛനിൽനിന്നും അച്ഛനിൽനിന്നും കിട്ടിയ സാധനങ്ങളാണ്”, അഭിമാനത്തോടെ ബാപ്പു പറയുന്നു.

തന്റെ കരകൌശലവിദ്യയുടെ ഓർമ്മകൾ സൂക്ഷിച്ചുവെക്കുന്നതിനായി, കോലാപ്പുരിൽനിന്ന് ഫോട്ടോഗ്രാഫർമാരെ ക്ഷണിച്ചുവരുത്താറുണ്ടായിരുന്ന കാലം ബാപ്പുവിന്റെ ഓർമ്മയിലുണ്ട്. 1950-കളിൽ രെണ്ടലിൽ ഫോട്ടോഗ്രാഫർമാർ ഉണ്ടായിരുന്നില്ല. യാത്രാച്ചിലവിനും ആറ് ഫോട്ടോകൾക്കുമായി ശ്യാം പാട്ടിൽ വാങ്ങിയിരുന്നത് 10 രൂപയായിരുന്നു. “ഇന്ന്, രെണ്ടലിൽ ധാരാളം ഫോട്ടോഗ്രാഫർമാരുണ്ടെങ്കിലും, ഫോട്ടോ എടുപ്പിക്കാൻ പരമ്പരാഗത കരകൌശലക്കാർ ആരും ബാക്കിയില്ല”, അദ്ദേഹം പറയുന്നു.

The pictures hung on the walls of Bapu's workshop date back to the 1950s when the Sutar family had a thriving handloom making business. Bapu is seen wearing a Nehru cap in both the photos
PHOTO • Sanket Jain
Bapu and his elder brother, the late Vasant Sutar, inherited 90 spanners each from their father
PHOTO • Sanket Jain

ഇടത്ത്: സുതർ കുടുംബം തറിനിർമ്മാണം നല്ല രീതിയിൽ നടത്തിയിരുന്ന 1950-കളിലെ ചിത്രങ്ങൾ ബാപ്പുവിന്റെ പണിശാലയിലെ ചുവരുകളെ അലങ്കരിക്കുന്നു. രണ്ട് ചിത്രങ്ങളിലും ബാപ്പു നെഹ്രു തൊപ്പി ധരിച്ചിരിക്കുന്നത് കാണാം. വലത്ത്: ബാപ്പുവിനും, ജ്യേഷ്ഠൻ വസന്ത് സുതർക്കും, അവരുടെ അച്ഛനിൽനിന്ന് 90 വീതം സ്പാനറുകൾ പാരമ്പര്യമായി കിട്ടി

Bapu now earns a small income rewinding motors, for which he uses these wooden frames.
PHOTO • Sanket Jain
A traditional wooden switchboard that serves as a reminder of Bapu's carpentry days
PHOTO • Sanket Jain

ഇടത്ത്: ഈ മരത്തിന്റെ ചട്ടക്കൂടുകൾ ഉപയോഗിച്ചാണ്, ഇന്ന് ബാപ്പു, മോട്ടോറുകൾ റീവൈൻഡിംഗ് ചെയ്ത് ഉപജീവനം നിവർത്തിക്കുന്നത്. ബാപ്പുവിന്റെ ആശാരിപ്പണിയുടെ കാലത്തെ ഓർമ്മിപ്പിക്കുന്ന പഴയകാല രീതിയിലുള്ള മരത്തിന്റെ ഒരു സ്വിച്ച് ബോർഡ്

*****

തന്റെ അവസാനത്തെ കൈത്തറി ബാപ്പു 1962-ൽ വിറ്റു. പിന്നീടുള്ള വർഷങ്ങൾ വെല്ലുവിളിയായിരുന്നു. അദ്ദേഹത്തിന് മാത്രമല്ല.

ആ ദശാബ്ദത്തിൽ രെണ്ടലിൽത്തന്നെ വലിയ മാറ്റങ്ങളുണ്ടായി. കോട്ടൺ സാരിക്കുള്ള ആവശ്യം കുത്തനെ കുറഞ്ഞത്, ഷർട്ടുകൾക്കുള്ള തുണി നെയ്യാൻ നെയ്ത്തുകാരെ നിർബന്ധിതരാക്കി. “ഞങ്ങളുണ്ടാക്കിയിരുന്ന സാരികൾ വളരെ ലളിതമായവയായിരുന്നു. എന്നാൽ കാലം മാറുന്നതിനനുസരിച്ച് ഈ സാരികളിൽ ഒരു മാറ്റവുമുണ്ടായില്ല. തത്ഫലമായി അവയ്ക്കുള്ള ആവശ്യം കുറഞ്ഞു”, വസന്ത് താംബെ പറയുന്നു.

അത് മാത്രമല്ല. കൈത്തറികൾക്കുപകരം, കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിവുള്ളതും കൂടുതൽ ലാഭവും അദ്ധ്വാനക്കുറവുള്ളതുമായ യന്ത്രത്തറികൾ രംഗം കൈയ്യടക്കി. രെണ്ടലിലെ മിക്കവാറും എല്ലാ കൈത്തറികളും പ്രവർത്തനം അവസാനിപ്പിച്ചു . ഇന്ന് രണ്ട് നെയ്ത്തുകാർ മാത്രം, 75 വയസ്സുള്ള സിരാജ് മോമിനും, 73 വയസ്സുള്ള ബാബുലാൽ മോമിനും മാത്രമേ കൈത്തറി ഉപയോഗിക്കുന്നുള്ളു. അവരും അത് അടുത്തുതന്നെ ഉപേക്ഷിക്കാൻ ആലോചിക്കുന്നു.

“കൈത്തറികൾ നിർമ്മിക്കാൻ എനിക്കിഷ്ടമാണ്”, സന്തോഷത്തോടെ ബാപ്പു ഓർക്കുന്നു. ഒരു പതിറ്റാണ്ടിനിടയിൽ 400-ഓളം തറികളുടെ ചട്ടക്കൂട് ഉണ്ടാക്കിയിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു. എല്ലാം കൈകൊണ്ടുതന്നെ. എഴുതിവെച്ചത് നോക്കിയിട്ടല്ല. ബാപ്പുവോ അദ്ദേഹത്തിന്റെ അച്ഛനോ ഒരിക്കലും തറികളുടെ രൂപകല്പനയ്ക്കുള്ള അളവുകൾ എഴുതിവെച്ചിട്ടില്ല. “എല്ലാ അളവുകളും എന്റെ തലയിലുണ്ട്. എനിക്കതെല്ലാം ഹൃദിസ്ഥമാണ്”. അദ്ദേഹം പറയുന്നു.

യന്ത്രത്തറികൾ വിപണി കൈയ്യടക്കിയപ്പോൾ, അത് വാങ്ങാനുള്ള കഴിവില്ലാതിരുന്ന ചില നെയ്ത്തുകാർ ഉപയോഗിച്ച കൈത്തറികൾ വാങ്ങാൻ തുടങ്ങി. 1970-കളിൽ, ഉപയോഗിച്ച കൈത്തറികളുടെ വില ഒന്നിന് 800 രൂപയോളമായിരുന്നു.

Bapu demonstrates how a manual hand drill was used; making wooden treadle handlooms by hand was an intense, laborious process
PHOTO • Sanket Jain

കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു ഡ്രില്ലിന്റെ പ്രവർത്തനം ബാപ്പു കാണിച്ചുതരുന്നു; കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന മരത്തിന്റെ കൈത്തറിനിർമാണം, ഏറെ അദ്ധ്വാനം ആവശ്യമുള്ള ഒന്നാണ്

The workshop is a treasure trove of traditional tools and implements. The randa, block plane (left), served multiple purposes, including smoothing and trimming end grain, while the favdi was used for drawing parallel lines.
PHOTO • Sanket Jain
Old models of a manual hand drill with a drill bit
PHOTO • Sanket Jain

ഇടത്ത്: പരമ്പരാഗത പണിയായുധങ്ങളുടേയും ഉപകരണങ്ങളുടേയും നിധിയാണ് ഈ പണിശാല. രണ്ട, അഥവാ ബ്ലോക്ക് പ്ലെയ്ൻ (ഇടത്ത്) മരക്കഷ്ണങ്ങളും അറ്റങ്ങളും നിരപ്പാക്കാനും തരികൾ കളയാനും ഉപയോഗിക്കുന്നു. സമാന്തരരേഖകൾ വരയ്ക്കാനാണ് ഫാവ്ദി ഉപയോഗിക്കുന്നത്. വലത്ത്: കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഡ്രില്ലിന്റെയും ഡ്രിൽ ബിറ്റിന്റേയും പഴയ മാതൃകകൾ

“അന്ന്, കൈത്തറികൾ ഉണ്ടാക്കാൻ ആരുമുണ്ടായിരുന്നില്ല. അസംസ്കൃതവസ്തുക്കളുടെ വില കൂടിയതിനാൽ, കൈത്തറിനിർമ്മാണത്തിന്റെ ചിലവും വർദ്ധിച്ചു”, ബാപ്പു വിശദീകരിക്കുന്നു. “മാത്രമല്ല, പല നെയ്ത്തുകാരും അവരുടെ കൈത്തറികൾ സോലാപ്പുർ ജില്ലയിലെ (മറ്റൊരു വസ്ത്രനിർമ്മാണ കേന്ദ്രം) നെയ്ത്തുകാർക്ക് വിറ്റു”. സാമഗ്രികളുടേയും ഗതാഗതത്തിന്റേയും ചിലവ് വർദ്ധിച്ചതോടെ, കൈത്തറികൾ ഉണ്ടാക്കുന്നത് ലാഭകരമല്ലാതായി.

ഇന്ന് ഒരു കൈത്തറിയുണ്ടാക്കാൻ എന്ത് ചിലവ് വരുമെന്ന് ചോദിച്ചപ്പോൾ ബാപ്പു ചിരിക്കുന്നു. “ഇപ്പോൾ എന്തിനാണ് ആളുകൾക്ക് കൈത്തറി?”, പിന്നെ, മനസ്സിൽ ഒന്ന് കണക്കുകൂട്ടിയിട്ട് പറയുന്നു. “ചുരുങ്ങിയത്, 50,000 രൂപയെങ്കിലും ആവും”.

1960-കൾവരെ, ഉപജീവനത്തിനായി, കൈത്തറി നിർമ്മാണത്തിന് പുറമേ, കൈത്തറികൾ നന്നാക്കുന്ന പണിയും ചെയ്തിരുന്നു ബാപ്പു. ഒരുതവണ ചെന്ന് നോക്കാൻ 5 രൂപയാണ് ബാപ്പു വാങ്ങിയിരുന്നത്. “കേടുപാടുകൾക്കനുസരിച്ച് ഞങ്ങൾ കൂടുതൽ ചാർജ്ജ് ചെയ്തിരുന്നു” അദ്ദേഹം ഓർക്കുന്നു. പുതിയ കൈത്തറികൾക്കുള്ള ആവശ്യക്കാർ ഇല്ലാതായപ്പോൾ, ബാപ്പുവും സഹോദരൻ വസന്തും ഉപജീവനത്തിന് പുതിയ വഴികൾ തേടാൻ ആരംഭിച്ചു.

“ഞങ്ങൾ കോലാപ്പുരിലേക്ക് പോയി. അവിടെയുള്ള മെക്കാനിക്കായ ഒരു സുഹൃത്ത്, നാല് ദിവസത്തിനുള്ളിൽ എങ്ങിനെ മോട്ടോറുകൾ റീവൈൻഡ് ചെയ്യാമെന്നും അറ്റകുറ്റപ്പണികൾ ചെയ്യാമെന്നും പഠിപ്പിച്ചു”. യന്ത്രത്തറികൾ നന്നാക്കാനും അവർ പഠിച്ചു. മോട്ടോറുകൾ കത്തിപ്പോയാൽ അതിന്റെ കറങ്ങുന്ന ഭാഗം ശരിയാക്കുന്ന പണിയാണ് റീവൈൻഡിംഗ്. 1970-കളിൽ മോട്ടോറുകളും, മുങ്ങിക്കിടക്കുന്ന പമ്പുകളും മറ്റ് യന്ത്രങ്ങളും റീവൈൻഡ് ചെയ്യാനും, ബാപ്പു, കർണ്ണാടകയിലെ ബെലഗാവ് ജില്ലയിലെ മാംഗൂർ, ജംഗംവാഡി, ബോറഗാംവ് തുടങ്ങിയ ഗ്രാമങ്ങളിലേക്കും, മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലെ രംഗോലി, ഇചൽകരഞ്ചി, ഹുപാരി തുടങ്ങിയ ഗ്രാമങ്ങളിലേക്കും നിരന്തരം യാത്ര ചെയ്തു. “രെണ്ടാലിൽ, എനിക്കും സഹോദരനും മാത്രമേ ഈ തൊഴിൽ അറിയാമായിരുന്നുള്ളു. അതിനാൽ ധാരാളം പണിയുണ്ടായിരുന്നു”.

60 വർഷങ്ങൾക്കിപ്പുറം, തൊഴിൽ‌സാധ്യതകൾ കുറഞ്ഞതിനാൽ,, അവശനായ ബാപ്പു ഇപ്പോൾ സൈക്കിളിൽ ഇചൽകരഞ്ചിയിലേക്കും രംഗോലി ഗ്രാമത്തിലേക്കും (രെണ്ടലിൽനിന്ന് 5.2 കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്) പോയി മോട്ടോറുകൾ ശരിയാക്കിക്കൊടുക്കുന്നു. ഒരു മോട്ടോർ ശരിയാക്കാൻ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലുമെടുക്കും. മാസത്തിൽ ഏകദേശം 5,000 രൂപ അങ്ങിനെ ഉണ്ടാക്കുന്നു. “ഞാൻ ഐ.ടി.ഐ.ക്കാരനൊന്നുമല്ല (ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഇൻസ്റ്റിട്യൂറ്റ് ബിരുദധാരി), പക്ഷേ മോട്ടോർ റീവൈൻഡ് ചെയ്യാൻ അറിയാം”, ബാപ്പു ചിരിക്കുന്നു.

Once a handloom maker of repute, Bapu now makes a living repairing and rewinding motors
PHOTO • Sanket Jain

ഒരുകാലത്ത് പേരുകേട്ട മരത്തറി നിർമ്മാതാവായ ബാപ്പു ഇപ്പോൾ പഴയ മോട്ടോറുകൾ അറ്റകുറ്റപ്പണി നടത്തിയും റീവൈൻഡിംഗ് ചെയ്തും ഉപജീവനം കഴിക്കുന്നു

Bapu setting up the winding machine before rewinding it.
PHOTO • Sanket Jain
The 82-year-old's hands at work, holding a wire while rewinding a motor
PHOTO • Sanket Jain

ഇടത്ത്: റീവൈൻഡിംഗിന് മുൻപ്, അതിനുള്ള യന്ത്രം തയ്യാറാക്കുന്ന ബാപ്പു. വലത്ത്: ഒരു മോട്ടോറ് റീവൈൻഡ് ചെയ്യാനുള്ള കമ്പി പിടിക്കുന്ന ജോലിയിലേർപ്പെട്ട, 82 വയസ്സുള്ള അദ്ദേഹത്തിന്റെ കൈകൾ

ഇതിനുപുറമേ, 0.5 ഏക്കർ വരുന്ന തന്റെ ഭൂമിയിൽ കരിമ്പും, നിലക്കടലയും, അരിച്ചോളവും കൃഷി ചെയ്ത്, കുറച്ചധികം പണവും ബാപ്പു സമ്പാദിക്കുന്നുണ്ട്. പക്ഷേ പ്രായക്കൂടുതൽ കാരണം, കൂടുതൽ അദ്ധ്വാനിക്കാനൊന്നും അദ്ദേഹത്തിനാവുന്നില്ല. ഇടയ്ക്കിടെ ഉണ്ടാവുന്ന വെള്ളപ്പൊക്കം കാരണം, ഭൂമിയിൽനിന്നുള്ള വിളവും വരുമാനവും തുച്ഛമാണ്.

കോവിഡ്-190ഉം ലോക്ക്ഡൌണും കാരണം കഴിഞ്ഞ രണ്ട് വർഷങ്ങൾ കൂടുതൽ ബുദ്ധിമുട്ടായിരുന്നു. ജോലിയേയും വരുമാനത്തേയും അത് ബാധിച്ചു. “മാസങ്ങളോളം ഒരു പണിയും വന്നില്ല”, അദ്ദേഹം പറയുന്നു. പോരാത്തതിന്, ഗ്രാമത്തിൽത്തന്നെ ധാരാളം മെക്കാനിക്കുകളും ഐ.ടി.ഐ.ക്കാരുമുള്ളതിനാൽ, കടുത്ത മത്സരവും നേരിടേണ്ടിവരുന്നു. “മാത്രമല്ല, ഇപ്പോൾ നിർമ്മിക്കുന്ന മോട്ടോറുകളൊക്കെ ഗുണമേന്മയുള്ളവ ആയതിനാൽ, അധികം റീവൈൻഡിംഗിന്റെ ആവശ്യവും വരുന്നില്ല”.

കൈത്തറിമേഖലയിലും കാര്യങ്ങൾ അത്ര സുഖകരമല്ല. 2019-20-ലെ ഹാൻഡ്‌ലൂം സെൻസസ് പ്രകാരം, മഹാരാഷ്ട്രയിൽ ഇപ്പോൾ 3,509 കൈത്തറി തൊഴിലാളികളേ ഉള്ളൂ. 1987-88-ൽ ആദ്യത്തെ ഹാൻഡ്‌ലൂം സെൻസസ് നടത്തിയപ്പോൾ ഇന്ത്യയിൽ 67.39 ലക്ഷം കൈത്തറിത്തൊഴിലാളികളുണ്ടായിരുന്നു. 2019-20-ഓടെ, അത് 35.22 ലക്ഷം തൊഴിലാളികളായി കുറഞ്ഞു. ഓരോവർഷവും ഇന്ത്യയിൽ 100,000 കൈത്തറി തൊഴിലാളികൾ കുറഞ്ഞുവരികയാണ്.

നെയ്ത്തുകാർക്ക് വളരെ കുറഞ്ഞ കൂലിയേ കിട്ടുന്നുള്ളു. സെൻസസ് പ്രകാരം, ഇന്ത്യയിലെ 31.44 ലക്ഷം കൈത്തറിത്തൊഴിലാളി കുടുംബങ്ങളിൽ, 94,201 കുടുംബങ്ങളും കടത്തിലാണ്. കൈത്തറി തൊഴിലാളികൾ വർഷത്തിൽ ശരാശരി 206 ദിവസവും പണിയെടുക്കുന്നു.

യന്ത്രത്തറികളുടെ കടന്നുവരവും കൈത്തറി മേഖല സ്ഥിരമായി നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയും ചേർന്ന് കൈത്തറിനെയ്ത്തിനെയും തറിനിർമ്മാണത്തേയും ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. അതിന്റെ ഇന്നത്തെ അവസ്ഥയിൽ ബാപ്പു അതീവ ദു:ഖിതനാണ്.

“കൈകൊണ്ടുള്ള നെയ്ത്ത് പഠിക്കാൻ ആർക്കും താത്പര്യമില്ല. പിന്നെ എങ്ങിനെയാണ് ആ തൊഴിൽ നിലനിൽക്കുക?” അദ്ദേഹം ചോദിക്കുന്നു. “ചെറുപ്പക്കാർക്കുവേണ്ടി സർക്കാർ കൈത്തറി നെയ്ത്ത് പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കണം”, അദ്ദേഹം സൂചിപ്പിക്കുന്നു. മരത്തറികൾ ഉണ്ടാക്കുന്ന വിദ്യ ബാപ്പുവിൽനിന്ന് അഭ്യസിക്കാൻ, നിർഭാഗ്യവശാൽ രണ്ടലിലെ ആരും വന്നതുമില്ല. ആറ് പതിറ്റാണ്ടുമുമ്പ് അവസാനിച്ച ആ കലയുടെ എല്ലാ വശങ്ങളും അറിയുന്ന ഒരേയൊരാൽ 82 വയസ്സായ ബാപ്പു മാത്രമാണ്.

എന്നെങ്കിലുമൊരിക്കൽ വീണ്ടും മറ്റൊരു കൈത്തറി ഉണ്ടാക്കാൻ താത്പര്യമുണ്ടാവുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. “ആ കൈത്തറികൾ ഇന്ന് നിശ്ശബ്ദമായിട്ടുണ്ടെങ്കിലും പരമ്പരാഗതമായ ആ മരസാമഗ്രികൾക്കും എന്റെ കൈയ്യിനും ഇപ്പോഴും ജീവനുണ്ട്”, വാൽനട്ടിന്റെ നിറമുള്ള ആ മരപ്പെട്ടിയിലേക്ക് പ്രതീക്ഷയോടെ നോക്കുമ്പോൾ, അദ്ദേഹത്തിന്റെ നോട്ടവും ഓർമ്മകളും തവിട്ടുനിറത്തിന്റെ വകഭേദങ്ങളിൽ മാഞ്ഞുപോവുന്നു.

Bapu's five-decade-old workshop carefully preserves woodworking and metallic tools that hark back to a time when Rendal was known for its handloom makers and weavers
PHOTO • Sanket Jain

കൈത്തറി നിർമ്മാതാക്കൾക്കും നെയ്ത്തുകാർക്കും പ്രശസ്തമായ രെണ്ടാലിന്റെ ആ സുവർണ്ണകാലത്തെ മര-ലോഹനിർമ്മാണ സാമഗ്രികൾ ബാപ്പുവിന്റെ അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള പണിശാലയിൽ ശ്രദ്ധയോടെ സൂക്ഷിച്ചുവെച്ചിരിക്കുന്നു

Metallic tools, such as dividers and compasses, that Bapu once used to craft his sought-after treadle looms
PHOTO • Sanket Jain

ധാരാളം ആവശ്യക്കാരുണ്ടായിരുന്ന ചവിട്ടുതറികൾ നിർമ്മിക്കാൻ ഒരുകാലത്ത് ബാപ്പു ഉപയോഗിച്ചിരുന്ന ഡിവൈഡറുകളും കോമ്പാസ്സുകളും

Bapu stores the various materials used for his rewinding work in meticulously labelled plastic jars
PHOTO • Sanket Jain

റീവൈൻഡിംഗിനാവശ്യമായ വിവിധ വസ്തുക്കൾ ബാപ്പു, പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ കൃത്യമായി ലേബലൊട്ടിച്ച് സൂക്ഷിക്കുന്നു

Old dobbies and other handloom parts owned by Babalal Momin, one of Rendal's last two weavers to still use handloom, now lie in ruins near his house
PHOTO • Sanket Jain

രെണ്ടലിലെ അവസാനത്തെ രണ്ട് നെയ്ത്തുകാരിൽ ഒരാളായ ബാബാലാൽ മോമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പഴയ ഡോബികളും കൈത്തറി ഭാഗങ്ങളും, വീടിനടുത്ത് ജീർണ്ണിച്ച അവസ്ഥയിൽ കൂട്ടിയിട്ടിരിക്കുന്നു

At 82, Bapu is the sole keeper of all knowledge related to a craft that Rendal stopped practising six decades ago
PHOTO • Sanket Jain

ആറ് പതിറ്റാണ്ട് മുമ്പ് രെണ്ടൽ പരിശീലനം അവസാനിപ്പിച്ച ഒരു കരകൌശലവിദ്യയെക്കുറിച്ചുള്ള എല്ലാ അറിവുകളുടേയും ഇന്നത്തെ ഒരേയൊരു സൂക്ഷിപ്പുകാരനാണ് 82 വയസ്സുള്ള ബാപ്പു

ഗ്രാമീണ കരകൌശലവിദഗ്ദ്ധരെക്കുറിച്ച് സങ്കേത് ജെയിൻ ചെയ്യുന്ന പരമ്പരയിലെ ഒരു ഭാഗമാണ് കഥ . മൃണാളിനി മുഖർജി ഫൌണ്ടേഷനാണ് ഇതിനാവശ്യമായ പിന്തുണ നൽകുന്നത് .

പരിഭാഷ: രാജീവ് ചേലനാട്ട്

Sanket Jain

Sanket Jain is a journalist based in Kolhapur, Maharashtra. He is a 2022 PARI Senior Fellow and a 2019 PARI Fellow.

Other stories by Sanket Jain
Editor : Sangeeta Menon

Sangeeta Menon is a Mumbai-based writer, editor and communications consultant.

Other stories by Sangeeta Menon
Photo Editor : Binaifer Bharucha

Binaifer Bharucha is a freelance photographer based in Mumbai, and Photo Editor at the People's Archive of Rural India.

Other stories by Binaifer Bharucha
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat