23-കാരിയായ രാനോ സിംഗിന് പ്രസവ വേദന തുടങ്ങിയപ്പോൾ ഭർത്താവിനോടും ഭർതൃമാതാവിനോടുമൊപ്പം അവർ പെട്ടെന്നു തന്നെ മലഞ്ചരിവിലെ ചെറിയ വീട്ടിൽ നിന്നുമിറങ്ങി. അപ്പോൾ രാവിലെ ഏകദേശം 5 മണിയായിരുന്നു. മലമ്പ്രദേശങ്ങളിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാല്‍ മാത്രമെ അവർ പ്രധാന റോഡിൽ എത്തുകയുള്ളൂ. തങ്ങളുടെ ഗ്രാമമായ സിവലിയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ ദൂരെ റാണിഖേതിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അവരെ കൊണ്ടു പോകാനായി ഒരു വാടക വാഹനം റോഡില്‍ കാത്തു കിടക്കുകയായിരുന്നു.

ഒരു ഡോലി അവർ ഏർപ്പാടാക്കിയിരുന്നു - താക്കൂർ സമുദായത്തിലെ ഗർഭിണികളായ സ്ത്രീകളെ കയറ്റം കയറ്റിക്കൊണ്ടു പോകുന്നത് ഒരു പല്ലക്കിൽ നാലു പുരുഷന്മാർ ചേർന്നാണ്. ഓരോരുത്തരും പല്ലക്കിന്‍റെ ഓരോ മൂലയ്ക്കു പിടിക്കും. ഈ ഡോലി ഗർഭിണിയായ സ്ത്രീയെ റോഡിലെത്തിക്കും. സാധാരണയായി അവിടൊരു വാഹനം കാത്തു കിടക്കുന്നുണ്ടാവും, അതിൽ അവർ ആശുപത്രിയിൽ എത്തും. പക്ഷെ അന്നുരാവിലെ ഡോലി ഇല്ലായിരുന്നു. അതിനാൽ അവർ നടക്കാൻ തുടങ്ങി.

രാനോ പകുതി നടന്നതേയുള്ളൂ. "വേദന കാരണം എനിക്കു നടക്കാൻ പറ്റുകയില്ലെന്നു മനസ്സിലാക്കിയപ്പോൾ ഞങ്ങൾ കഷ്ടി പകുതി ദൂരം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. നടപ്പു നിർത്തി ഞാൻ റോഡിലിരുന്നപ്പോൾ കാര്യം മനസ്സിലാക്കി ഭർത്താവ് തൊട്ടടുത്തുള്ള ഒരു വീട്ടിലേക്കോടി. അവരെ ഞങ്ങൾക്ക് അറിയാമായിരുന്നു. 10 മിനിറ്റിനകം ചാച്ചി വെള്ളവും ഒരു കിടക്കവിരിപ്പുമായെത്തി. ചാച്ചിയുടെയും ഭർതൃമാതാവിന്‍റെയും സഹായത്തോടെ ഞാൻ പ്രസവിച്ചു.” (34-കാരനായ രാനോയുടെ ഭർത്താവ് ഒരു റേഷൻ കടയിൽ സഹായിയായി മാസം 8,000 രൂപയ്ക്ക് ജോലി ചെയ്യുന്നു. മൂന്നു മുതിർന്നവർക്കും ഒരു കുഞ്ഞിനും കൂടിയുള്ള ഒരേയൊരു വരുമാന മാർഗ്ഗമാണത്; അവർക്കു കുഞ്ഞിന്‍റെ പേരു പറയണമെന്നില്ലായിരുന്നു.)

"പ്രധാന റോഡിലേക്കു ഞങ്ങൾ നടന്നു കൊണ്ടിരുന്ന വഴിയില്‍ എന്‍റെ മകൻ ജഗതിനെ ഞാൻ പ്രസവിച്ചത് ഈ കാട്ടിലാണ്”, മരങ്ങളാൽ ചുറ്റപ്പെട്ട ഇടുങ്ങിയ മലമ്പാതയില്‍ നടന്ന കടുത്ത വേദന നിറഞ്ഞ പ്രസവത്തെ ഓർമ്മിച്ചുകൊണ്ട് അവർ തുടർന്നു. "ഇതുപോലൊരു പ്രസവത്തെക്കുറിച്ച് ഞാനൊരിക്കലും സങ്കൽപ്പിച്ചിട്ടില്ലായിരുന്നു. അതോർക്കുമ്പോൾ ഇപ്പോഴും എന്‍റെ രോമം എഴുന്നു നിൽക്കുന്നു. പക്ഷെ എന്‍റെ കുട്ടി സുരക്ഷിതനായി പുറത്തെത്തി, ദൈവത്തിനു നന്ദി. അതാണ് ഏറ്റവും പ്രധാന കാര്യം.”

ജഗത് ഉണ്ടായ ഉടനെ തന്നെ 2020 ഫെബ്രുവരി 20-ലെ ആ പ്രഭാതത്തിൽ രാനോ തന്‍റെ 58-കാരിയായ ഭർതൃമാതാവ് പ്രതിമാ സിംഗിനൊപ്പം കുഞ്ഞിനേയും കൈകളിലേന്തി വീട്ടിലേക്കു തിരിച്ചു നടന്നു.

In February 2020, Rano Singh of Almora district gave birth on the way to the hospital, 13 kilometres from Siwali, her village in the mountains (right)
PHOTO • Jigyasa Mishra
In February 2020, Rano Singh of Almora district gave birth on the way to the hospital, 13 kilometres from Siwali, her village in the mountains (right)
PHOTO • Jigyasa Mishra

2020 ഫെബ്രുവരിയിൽ അൽമോഢ ജില്ലയിൽ നിന്നുള്ള രാനോ സിംഗ് മലനിരകളിലുള്ള തന്‍റെ ഗ്രാമമായ (വലത്) സിവലിയിൽ നിന്നും 13 കിലോ മീറ്റർ ദൂരം മാറി ആശുപത്രിയിലേക്കുള്ള വഴിയിൽ പ്രസവിച്ചു.

രാനോ തന്‍റെ ഗർഭകാലയളവിൽ ഒറ്റത്തവണ മാത്രമെ റാണിഖേതിലെ സ്വകാര്യ ക്ലിനിക്കിലുള്ള ഡോക്ടറെ സന്ദർശിച്ചിട്ടുള്ളൂ. വേദന കാരണം രണ്ടാം മാസം അൾട്രാ സൗണ്ട് പരിശോധന നടത്തുന്നതിനു വേണ്ടിയായിരുന്നു അത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മലഞ്ചരിവിൽ നടന്ന പ്രസവാനന്തരം 3 ദിവസത്തിനു ശേഷം അവരുടെ വീട്ടിൽ പ്രാദേശിക ആശാ പ്രവർത്തക (അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവർത്തക) എത്തി. "കുട്ടിയുടെ ഭാരം നോക്കാനും വേണ്ട പരിശോധനകൾ നടത്താനുമായി വന്ന ആശാ ദീദി കുട്ടിക്കു കുഴപ്പമൊന്നുമില്ല എന്നു ഞങ്ങളോടു പറഞ്ഞു. ഓരാഴ്ചത്തേക്ക് എന്‍റെ രക്ത സമർദ്ദത്തിൽ ഏറ്റക്കുറച്ചിലുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഞാനും ആരോഗ്യവതിയായി ഇരിക്കുന്നു. മലമ്പ്രദേശത്ത് ഇത്തരം പ്രശ്നങ്ങൾ സാധാരണയായി ഉണ്ടാകുന്നതാണ്”, രാനോ പറഞ്ഞു.

രാനോയുടെ ഗ്രാമമായ സിവലിയിലെ നിവാസികൾ പറയുന്നത് വഴിയിൽ നടന്ന ഇത്തരമൊരു പ്രസവം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നാണ്. ഉത്തരാഖണ്ഡിലെ അൽമോഢ ജില്ലയിലെ താരിഖേത് ബ്ലോക്കിലെ അവരുടെ ഗ്രാമത്തിൽ 318 അംഗങ്ങളും 68 വീടുകളുമുണ്ട്. ഈ ഉയർന്ന പ്രദേശത്തെ ധാരാളം പ്രസവങ്ങളും നടക്കുന്നത് വീട്ടിൽത്തന്നെയാണ്. ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേയനുസരിച്ച് ( എന്‍.എഫ്.എച്.എസ്.-4 2015-16) ഉത്തരാഖണ്ഡ് സംസ്ഥാനത്തെ 31 ശതമാനം പ്രസവങ്ങളും വീട്ടിലാണ് നടക്കുന്നത്. എന്നിരിക്കിലും ആരോഗ്യ കേന്ദ്രങ്ങളിലുള്ള (പ്രധാനമായും സംസ്ഥാന നടത്തിപ്പിലുള്ള സ്ഥാപനങ്ങൾ) പ്രസവങ്ങളുടെ എണ്ണം ഇരട്ടിയിലധികമായിട്ടുമുണ്ട് - എൻ.എഫ്.എച്.എസ്. – 3 (2005-06) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇത് 33 ശതമാനമായിരുന്നതിൽ നിന്നും 69 ശതമാനത്തിലേക്ക് (ഉത്തരാഖണ്ഡിലെ മുഴുവൻ ജനനങ്ങളിലെയും മൂന്നിൽ രണ്ടിലധികം) ഉയര്‍ന്നിട്ടുണ്ട്.

ഇപ്പോഴും മലമ്പ്രദേശമായ കുമാവിൽ സ്ത്രീകൾക്കും അവരുടെ കുടുംബത്തിനും ആശുപത്രിയിൽ പോവുക എന്നത് ഒരു വെല്ലുവിളിയായി നിൽക്കുന്നുവെന്ന് റാണിഖേതിൽ ജോലി ചെയ്യുന്ന ഒരു ഗൈനക്കോളജിസ്റ്റ് പറയുന്നു. വാഹനസഞ്ചാരമുള്ള ഏറ്റവുമടുത്ത റോഡ് അകലെയാണ്. ഗതാഗതം അപൂർവ്വമാണ്. വാഹനം വാടകയ്ക്കെടുക്കുക വലിയ പണച്ചിലവുള്ള കാര്യമാണ്.

കഴിഞ്ഞ വർഷം മഹാമാരി മൂലമുള്ള ലോക്ക്ഡൗൺ താരിഖേത് ബ്ലോക്കിലെ ഗ്രാമങ്ങളിലുള്ള ഗർഭിണികളായ സ്ത്രീകളുടെ ബുദ്ധിമുട്ട് വീണ്ടും വർദ്ധിപ്പിച്ചു. രാനോയുടെ ഗ്രാമത്തിൽ നിന്നും ഏതാണ്ട് 22 കിലോമീറ്റർ അകലെയുള്ള പാലി നാദോലി ഗ്രാമത്തിലെ മനീഷാ സിംഗ് റാവത് 2020 ഓഗസ്റ്റിൽ വീട്ടിൽ ഒരു പെൺകുഞ്ഞിനു ജന്മം നല്കി. പ്രസവ സഹായിയായി വന്നത് അവരുടെ കുടുംബത്തിനറിയാവുന്ന ഒരു ദായി അഥവാ പരമ്പാരാഗത പ്രസവ ശുശ്രൂഷകയാണ്. "ഞാൻ ആശുത്രിയിൽ പോയില്ല, എന്‍റെ മകൾ ഓഗസ്റ്റു 14-ന് ഇവിടെയാണു ജനിച്ചത്”, വീടിനോടു ചേർന്നുള്ള ഒരു മുറി ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ പറഞ്ഞു. ആ മുറിയിലെ കട്ടിലിന്‍റെ ഒരു കാല്‍ കുറച്ചു കട്ടകളുടെ മേല്‍ കയറ്റി വച്ചിരിക്കുകയായിരുന്നു. മനീഷയുടെയും അവരുടെ 31-കാരനായ ഭര്‍ത്താവ് ധീരജ് സിംഗ് റാവതിന്‍റെയും വിവാഹ ഫോട്ടോ ഭിത്തിയില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു.

സെപ്തംബർ മാസം രാവിലെ എട്ടര മണി കഴിഞ്ഞതേയുള്ളൂ. അതിനു കുറച്ചുമുമ്പ് മനീഷ ഒരു ചുമട് കാലിത്തീറ്റ വലതു കൈയിലും മറ്റൊരു ചുമട് തലയിലുമായി വീട്ടിലേക്കു വന്നു. ചുമടുകൾ മാറ്റിവച്ചതിനു ശേഷം പല തട്ടിലായി പണിത വീടിന്‍റെ നീല ചായം പൂശിയ പരമ്പരാഗത കുമാവനി തടി ജനലിലൂടെ അവർ റാണിയെ, തന്‍റെ ഒരു മാസം പ്രായമായ കുഞ്ഞിനെ, വിളിച്ചുകൊണ്ടു പറഞ്ഞു: ചേലി ! ദേഖോ കോന്‍ ആയ! [എന്‍റെ കൊച്ചു മോളേ! ആരാണു വന്നിരിക്കുന്നതെന്നു നോക്ക്!]”.

Manisha Singh Rawat gave birth to her daughter (in pram) at home, assisted by a dai or traditional birth attendant
PHOTO • Jigyasa Mishra
Manisha Singh Rawat gave birth to her daughter (in pram) at home, assisted by a dai or traditional birth attendant
PHOTO • Jigyasa Mishra

മനീഷാ സിംഗ് റാവത് അവരുടെ വീട്ടിൽ ഒരു ദായിയുടെ അല്ലെങ്കിൽ പരമ്പരാഗത പ്രസവ ശുശ്രൂഷകയുടെ സഹായത്തോടെ മകൾക്കു ജന്മം നല്കി

റാണിക്കു ജന്മം നൽകി കഷ്ടി രണ്ടാഴ്ചകൾക്കു ശേഷം മനീഷ തന്‍റെ മലകയറ്റം വീണ്ടും ആരംഭിച്ചു. കുടുംബത്തിലെ മൂന്ന് ആടുകൾക്കായി തീറ്റ ശേഖരിക്കുന്നതിന് പാലി നാദോലി ഗ്രാമത്തിലെ പുല്ലുകൾ നിറഞ്ഞ പ്രദേശങ്ങളില്‍ കുറഞ്ഞത് ഒന്നര കിലോമീറ്റര്‍ എങ്കിലും ഏതാണ്ട് മിനിറ്റുകൾ കൊണ്ട് അവര്‍ നടക്കുമായിരുന്നു. താരിഖേത് ബ്ലോക്കിലെ ഈ ഗ്രാമത്തിൽ 873 നിവാസികളാണുള്ളത്. ഈ പ്രദേശത്ത് സ്ത്രീകൾ വെള്ളവും വിറകും കാലിത്തീറ്റയും ശേഖരിക്കുന്നതിനായി എല്ലാ ദിവസവും കിലോമീറ്ററുകളോളം ഇവിടുത്തെ മലകൾ കയറിയിറങ്ങി നടക്കാറുണ്ട്. എന്നിരിക്കിലും മണ്ണുകൊണ്ടും സിമന്‍റ്  കൊണ്ടുമുണ്ടാക്കിയ തങ്ങളുടെ രണ്ടുമുറി വീടിന്‍റെ പുറത്ത് കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന പമ്പുള്ളതുകൊണ്ട് മനീഷ സമയവും അദ്ധ്വാനവും കുറയ്ക്കാൻ ശ്രമിക്കുന്നു.

നീല നിറത്തിലുള്ള തടി ജനലിലൂടെ പ്രഭാതത്തിൽ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശത്തിൽ സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന പിടികളുള്ള കുട്ടികള്‍ക്കുള്ള വണ്ടിയിൽ അവരുടെ മകൾ ഉറങ്ങുന്നു. "രാവിലെ അവളെ കുറച്ചു വെയിൽ കൊള്ളിക്കണമെന്നും അത് കുറച്ചു വൈറ്റമിനുകൾ പ്രദാനം ചെയ്യുമെന്നും ആശാ പ്രവർത്തക പറഞ്ഞു. ഏതു വൈറ്റമിനുകൾ എന്ന് എനിക്കറിയില്ല. മൂന്നു ദിവസങ്ങൾക്കു മുമ്പ് ആശാ പ്രവർത്തക കാണാനെത്തിയപ്പോൾ അവൾക്കു ഭാരം കുറവായിരുന്നു. ഒരാഴ്ച കഴിഞ്ഞോ അതിനു ശേഷമോ അവർ ഒന്നുകൂടി വരേണ്ടതുണ്ട്”, മനീഷ എന്നോടു പറഞ്ഞു. 41-കാരിയായ ആശാ പ്രവർത്തക മംമ്താ റാവത് പറഞ്ഞത് ഒരു മാസമായ കുഞ്ഞിനുണ്ടായിരിക്കേണ്ട ഏകദേശം 4.2 കിലോഗ്രാം തൂക്കത്തിനു പകരം 3 കിലോഗ്രാമേ മനീഷയുടെ കുഞ്ഞിനുണ്ടായിരുന്നുള്ളൂ എന്നാണ്.

മനീഷ എന്തുകൊണ്ട് ആരോഗ്യ കേന്ദ്രത്തിൽ പ്രസവിക്കാൻ ശ്രമിച്ചില്ല? "എനിക്ക് ആശുപത്രിയിൽ പ്രസവിക്കണമെന്നുണ്ടായിരുന്നു”, അവർ പറഞ്ഞു. "അവിടെ കുറച്ചു സൗകര്യങ്ങൾ ഉണ്ടാകുമായിരുന്നു. പക്ഷെ എന്‍റെ കുടുംബം എന്തു തീരുമാനിക്കുന്നോ അതെനിക്കു സമ്മതമാണ്.”

മനീഷയെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനു പകരം ദായിയെ വീട്ടിലേക്കു വിളിക്കാൻ അവരുടെ ഭർതൃ പിതാവ് പാൻ സിംഗ് റാവത് തീരുമാനിക്കുകയായിരുന്നു. “അദ്ദേഹം പറഞ്ഞത് ധാരാളം പണം [15,000 രൂപ] മകന്‍ ജനിച്ച സമയത്ത്, എന്‍റെ ആദ്യത്തെ പ്രസവത്തിന്, ചിലവായി എന്നാണ്”, അവർ പറഞ്ഞു. അവരുടെ മകൻ രണ്ടു വയസ്സുള്ള രോഹൻ പാലി നാദോലി ഗ്രാമത്തിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള റാണിഖേതിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ജനിച്ചത് (അതിനായി അവരെ ഒരു ഡോലിയിൽ അടുത്തുള്ള വാഹനം സഞ്ചരിക്കുന്ന റോഡിലെത്തിച്ചു). "കൊറോണയെക്കുറിച്ചുള്ള ഭയവും [പെൺകുഞ്ഞുണ്ടായ 2020 ഓഗസ്റ്റിൽ മഹാമാരി അതിന്‍റെ ഉച്ചാവസ്ഥയിൽ നിൽക്കുകയായിരുന്നു] ആശുപത്രിയിലേക്കു പോകുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുള്ള ഒരു കാരണമായിരുന്നു”, മനീഷ പറഞ്ഞു.

'We did not want to risk going all the way to Almora [for the delivery] in the pandemic,' says Pan Singh Rawat (left), Manisha’s father-in-law; they live in a joint family of nine
PHOTO • Jigyasa Mishra
'We did not want to risk going all the way to Almora [for the delivery] in the pandemic,' says Pan Singh Rawat (left), Manisha’s father-in-law; they live in a joint family of nine
PHOTO • Jigyasa Mishra

‘അൽമോഢയിൽ [പ്രസവത്തിന്] പോയി അപകട സാദ്ധ്യത ഉണ്ടാക്കണമെന്ന് ഞങ്ങൾക്കില്ലായിരുന്നു’, മനീഷയുടെ ഭർതൃ പിതാവായ പാൻ സിംഗ് റാവത് (ഇടത്) പറഞ്ഞു. 9 അംഗങ്ങളുള്ള കൂട്ടുകുടുംബത്തിലാണ് അവർ ജീവിക്കുന്നത്.

ഒൻപതംഗങ്ങളുള്ള ഒരു കൂട്ടു കുടുംബത്തിലാണ് മനീഷ ജീവിക്കുന്നത് – രണ്ടു മക്കളും ഭർത്താവും ഭർതൃ മാതാപിതാക്കളും ഭർതൃ സഹോദരനും അദ്ദേഹത്തിന്‍റെ ഭാര്യവും അവരുടെ ഒരു കുഞ്ഞും അടങ്ങിയ കൂട്ടു കുടുംബം. ഒൻപതാം ക്ലാസ്സു വരെ പഠിച്ച ശേഷം 18-ാം വയസ്സിലാണ് മനീഷ വിവാഹിതയായത്. പന്ത്രണ്ടാം ക്ലാസ്സുവരെ പഠിച്ച അവരുടെ ഭർത്താവ് ധീരജ് സിംഗ് റാവത് അടുത്തുള്ള ഒരു ട്രാവൽ ഏജൻസിയിൽ ഡ്രൈവറായി ജോലി നോക്കുന്നു. “അദ്ദേഹം അൽമോഢയിൽ നിന്നും വിനോദ സഞ്ചാരികളെ നൈനിറ്റാൽ, ഭീംതാൽ, റാണിഖേത് തുടങ്ങി അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു. മാസം ഏതാണ്ട് 20,000 രൂപ അദ്ദേഹം ഉണ്ടാക്കുന്നു”, അവൾ പറഞ്ഞു. ലോക്ക്ഡൗൺ കാരണം ജോലിയൊന്നും ഇല്ലാതിരുന്നതു കൊണ്ട് കുടുംബം മനീഷയുട ഭർതൃപിതാവ് പാൻ സിംഗിന്‍റെ സമ്പാദ്യങ്ങളിലാണ് മുന്നോട്ടു നീങ്ങിയത്.

"ഈ മഹാമാരിയുടെ സമയത്ത് അൽമോഢ [80 കിലോമീറ്റർ അകലെയുള്ള ജില്ലാ തലസ്ഥാനം] വരെ യാത്ര ചെയ്ത് ഞങ്ങൾക്ക് ജീവിതം അപകടത്തിലാക്കണമെന്നില്ലായിരുന്നു. അതുകൊണ്ട് വീട്ടിൽത്തന്നെ ഞങ്ങൾ പ്രസവം നടത്തി”, 67-കാരനായ പാൻ സിംഗ് വിശദീകരിക്കുന്നു. റാണിഖേതിലെ ഒരു നീല കോളർ ജോലിയിൽ നിന്നും കുറച്ചു വർഷങ്ങൾക്കു മുൻപാണ് പാൻ സിംഗ് വിരമിച്ചത്. “കൂടാതെ ഇവിടെനിന്നും രണ്ടു കിലോ മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ചന്തയിൽ നിന്നും ഒരു വാഹനം വാടകയ്ക്കു വിളിച്ച് അടുത്ത 80 കിലോ മീറ്റർ പോകണം ഞങ്ങൾക്ക് ആശുപത്രിയിൽ എത്താൻ.”

വീട്ടിൽ പ്രസവം നടക്കുമ്പോഴുള്ള അമ്മയുടെയും കുഞ്ഞിന്‍റെയും സുരക്ഷയെക്കുറിച്ച് അവർ ആശങ്കാകുലരായിരുന്നോ? "അവരുടെ അമ്മയ്ക്കും [അദ്ദേഹത്തിന്‍റെ ഭാര്യ] എനിക്കും പ്രായമുണ്ട്”, അദ്ദേഹം പ്രതികരിച്ചു. ആ സമയത്ത് കൊറോണ ഒരുപാട് വ്യാപിച്ചിരുന്നു. ആശുപത്രിയിൽ പോയി അപകടം വരുത്തി വയ്ക്കേണ്ട എന്നാണ് ഞങ്ങള്‍ കരുതിയത്. കൂടാതെ, വീട്ടിൽ വന്ന ഈ ദായിയെ ഞങ്ങൾക്കറിയാം. അതുകൊണ്ട് കോവിഡ് പിടിക്കാനുള്ള സാദ്ധ്യത കുറവാണ്. ഈ ഗ്രാമത്തിലും മറ്റു ഗ്രാമങ്ങളിലുമായി ധാരാളം പ്രസവങ്ങൾ അവർ എടുത്തിട്ടുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.എഫ്.എച്.എസ്. – 4 (2015-16) പ്രകാരം സർവ്വേക്കു മുമ്പുള്ള 5 വർഷത്തിൽ ഉത്തരാഖണ്ഡിൽ ഉണ്ടായ ആകെയുള്ള ജനനങ്ങളിൽ 71 ശതമാനവും നടന്നത് ഡോക്ടർമാർ, നഴ്സുമാർ, പ്രസവ ശുശ്രൂഷാ സഹായ നഴ്സുമാർ, വനിതാ ആരോഗ്യ സന്ദർശകർ എന്നിവർ ഉൾപ്പെടുന്ന വിദഗ്ദ ആരോഗ്യ സുരക്ഷാ പ്രവർത്തകരുടെ സഹായത്തോടെയാണ്. വീടുകളിൽ നടന്ന ജനനങ്ങളുടെ 4.6 ശതമാനത്തിനു മാത്രമേ വിദഗ്ദ ആരോഗ്യ സുരക്ഷാ ദായകരുടെ സേവനം ലഭിച്ചിട്ടുള്ളൂ. വീടുകളിൽ നടന്ന ജനനങ്ങളുടെ ഭൂരിഭാഗവും – 23 ശതമാനം – നടന്നത് പരമ്പരാഗത പ്രസവ ശുശ്രൂകരുടെ ( ദായ് ) സഹായത്താലാണ്.

Left: Manisha proudly discusses her husband Dheeraj’s cricket accomplishments. Right: Her two-year-old son Rohan was born in a private hospital
PHOTO • Jigyasa Mishra
Left: Manisha proudly discusses her husband Dheeraj’s cricket accomplishments. Right: Her two-year-old son Rohan was born in a private hospital
PHOTO • Jigyasa Mishra

ഇടത് : മനീഷ അഭിമാനപൂർവ്വം ഭർത്താവ് ധീരജിന്‍റെ ക്രിക്കറ്റ് കളിയിലെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നു. വലത്: അവരുടെ രണ്ടുവയസ്സുകാരനായ മകൻ ജനിച്ചത് സ്വകാര്യ ആശുപത്രിയിലാണ്

താരിഖേദ് ബ്ലോക്കിലെ പാലി നാദോലി, ഡോബാ, സിംഗോലി എന്നീ മൂന്നു ഗ്രാമങ്ങൾക്കു (ആകെ ജനസംഖ്യ 1273) വേണ്ടിയുള്ള ഒരേയൊരു ആശാ പ്രവർത്തകയാണ് മംമ്താ റാവത്. പ്രസവത്തിനു മുൻപും അതിനു ശേഷവുമുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതിനും കൗൺസലിംഗിനുമായി മനീഷയുടെ കുടുംബത്തോട് അവര്‍ ഫോണിൽ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടാണിരുന്നത്. “മനീഷയുടെ ഗർഭകാലത്തിന്‍റെ ആദ്യ മൂന്നു മാസം അവളെ ഞാൻ ആശുപത്രിയിൽ എത്തിച്ചു”, പാലി നാദോലിക്ക് ഏറ്റവും അടുത്തുള്ള താരിഖേത് പി.എച്.സി.യുടെ കാര്യം പരാമർശിച്ചുകൊണ്ട് മംമ്ത എന്നോടു പറഞ്ഞു. മംമ്തയുടെ സ്കൂട്ടിയുമായി അങ്ങോട്ട് രണ്ടുപേർ പോയിരിക്കുകയാണ്.

"ആവശ്യത്തിനു ശ്രദ്ധയോടെയും മുൻകരുതലെടുത്തും ആശുപത്രിയിൽ [പി.എച്.സി.യിൽ പ്രസവ വാർഡുണ്ട്] പോകണമെന്ന് അവളുടെ പ്രസവത്തിന് കഷ്ടിച്ച് 10 ദിവസം മുൻപ് ഓഗസ്റ്റ് ആദ്യവാരം ഞാനവളോടു പറഞ്ഞിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും അവളില്‍ നിന്നോ കുടുംബത്തിൽ നിന്നോ ഒന്നും കേൾക്കാഞ്ഞതിനാല്‍ കാര്യം അറിയുന്നതിനായി ഞാൻ വിളിച്ചു. എന്നെ അദ്ഭുതപ്പെടുത്തികൊണ്ട് മനീഷ വീട്ടിൽ പ്രസവിച്ചിരുന്നു. ആശുപത്രിയിൽ പോയി പ്രസവിക്കാൻ പറഞ്ഞ എന്‍റെ നിർദ്ദേശങ്ങൾ വെറുതെയായി.” തന്‍റെ ഉപദേശങ്ങൾ അവഗണിക്കപ്പെട്ടതിൽ പരിഭവിച്ചുകൊണ്ട് മംമ്ത പറഞ്ഞു.

അതേ സമയം മനീഷയുടെ വീട്ടിൽ ആ സെപ്തംബറിലെ ഒരു പ്രഭാതത്തിൽ സൂര്യപ്രകാശo ശക്തമായിരുന്നു. അപ്പോഴും ഉറക്കമായിരുന്ന മകൻ രോഹനെ കിടക്കയിൽ നിന്നും എടുത്തുകൊണ്ട് അവൾ പറഞ്ഞു, “എഴുന്നേൽക്കൂ! നോക്ക്, നിന്‍റെ സഹോദരി നേരത്തേ എഴുന്നേറ്റു.”

പിന്നീട് ഞങ്ങൾ പ്രസവവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിന്നും മാറി സംസാരിക്കാന്‍ തുടങ്ങി. അവർ അവരുടെ ഭർത്താവ് ധീരജിന്‍റെ ക്രിക്കറ്റിനോടുള്ള താത്പര്യത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിച്ചു. "ഞങ്ങളുടെ വിവാഹത്തിന്‍റെ ആദ്യ നാളുകളിൽ അദ്ദേഹം എല്ലാ ദിവസവും പരിശീലനം നടത്തുമായിരുന്നു. പക്ഷെ ക്രമേണ മറ്റ് ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചു. നിങ്ങൾ കാണുന്നില്ലേ ഭിത്തിയിലിരിക്കുന്ന അവാർഡുകളും ഫലകങ്ങളും? അതെല്ലാം അദ്ദേഹത്തിന്‍റേതാണ്”, ഒരറ്റം മുതൽ മറ്റേയറ്റം വരെ അവാർഡുകൾ നിറച്ചിരിക്കുന്ന നീല ഭിത്തിയിലെ ഷെൽഫ് ചൂണ്ടിക്കാട്ടിക്കൊണ്ടവർ പറഞ്ഞു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് മേല്‍പ്പറഞ്ഞ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

താക്കൂര്‍ ഫാമിലി ഫൗണ്ടേഷനില്‍ നിന്നുള്ള സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ ജിഗ്യാസ മിശ്ര പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Jigyasa Mishra

Jigyasa Mishra is an independent journalist based in Chitrakoot, Uttar Pradesh.

Other stories by Jigyasa Mishra
Illustration : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Editor and Series Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.