മറ്റേതൊരു ദിവസവുംപോലെയായിരുന്നു രമയ്ക്ക് 2022 ഏപിൽ 1. രാവിലെ 4.30-ന് എഴുന്നേറ്റ് അടുത്തുള്ള ഗ്രാമക്കിണറിൽ പോയി വെള്ളം പിടിച്ച്, തുണിയലക്കി, വീട് വൃത്തിയാക്കി അമ്മയുടെ കൂടെ കഞ്ഞി കുടിച്ചു. ശേഷം, ഗ്രാമത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ദിണ്ടിഗൽ ജില്ലയിലെ വേദസുന്ദർ താലൂക്കിലുള്ള നാച്ചി അപ്പാരലിലേക്ക് ജോലിക്ക് പോയി. എന്നാൽ അ ദിവസം ഉച്ചയോടെ, 27 വയസ്സുള്ള അവരും കൂടെയുള്ള സ്ത്രീത്തൊഴിലാളികളും ചേർന്ന് ചരിത്രം സൃഷ്ടിച്ചു. തുണിഫാക്ടറിയിലെ ലൈംഗികോപദ്രവങ്ങൾ അവസാനിപ്പിക്കാനുള്ള ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിൽ.

“സത്യസന്ധമായി പറഞ്ഞാൽ, അസാധ്യമായത് ചെയ്തതുപോലെ ഒരു തോന്നലുണ്ടായി എനിക്ക്”, തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്മാൻ എക്സ്പോർട്ട്സിന്റെ കീഴിലുള്ള ഫാക്ടറികളിൽ നടക്കുന്ന ലിംഗാധിഷ്ഠിത അക്രമവും ഉപദ്രവങ്ങളും അവസാനിപ്പിക്കുന്നതിനുവേണ്ടി ഈസ്റ്റ്മാൻ എക്സ്പോർട്ട്സ് ഗ്ലോബൽ ക്ലോത്തിംഗും (നാച്ചി അപ്പാരലിന്റെ തിരുപ്പൂർ ആസ്ഥാനമായ മാതൃ കമ്പനി) തമിഴ്നാട് ടെക്സ്റ്റൈൽ ആൻഡ് കോമൺ ലേബർ യൂണിയനും (ടി.ടി.സി.യു.) തമ്മിൽ ഒപ്പിട്ട ദിണ്ടിഗൽ ധാരണയെക്കുറിച്ച് രമ പറയുന്നു.

നാഴികക്കല്ലായ ഈ ധാരണയുടെ ഭാഗമെന്ന നിലയ്ക്ക്, ടി.ടി.സി.യു – ഈസ്റ്റ്മാൻ എക്സ്പോർട്ട്സ് ധാരണ പ്രാബല്യത്തിൽ വരുത്തുന്നതിനായി എച്ച് & എം എന്ന ബഹുരാഷ്ട്ര ഫാഷൻ ബ്രാൻഡ് ഒരു ‘നടപ്പാക്കാവുന്ന ബ്രാൻഡ് എഗ്രീമെന്റ്’ (എൻഫോഴ്സ്ഡ് ബ്രാൻഡ് എഗ്രീമെന്റ് അഥവാ ഇ.ബി.എ) ഒപ്പിട്ടു. സ്വീഡനിൽ മുഖ്യ ഓഫീസുള്ള തുണിക്കമ്പനിയ്ക്കുവേണ്ടി വസ്ത്രങ്ങൾ ഉണ്ടാക്കുകയാണ് ഈസ്റ്റമാൻ എക്സ്പോർട്ട്സിന്റെ കീഴിലുള്ള നാച്ചി അപ്പാരൽ ചെയ്യുന്നത്. ഫാഷൻ മേഖലയിലെ ലിംഗാധിഷ്ഠിത അക്രമങ്ങൾ തടയുന്നതിന് എച്ച് & എം ഒപ്പിട്ട ഈ കരാർ ആ മേഖലയിലെ ആഗോളതലത്തിലുള്ള രണ്ടാമത്തെ കരാറാണ്.

ദളിത് സ്ത്രീകൾ നയിക്കുന്ന ടെക്സ്റ്റൈൽ തൊഴിലാളികളുടെ തൊഴിലാളി സംഘടനയായ ടി.ടി.സി.യുവിലെ അംഗമായ രമ, നാലുവർഷമായി നാച്ചി അപ്പാരലിലെ തൊഴിലാളിയാണ്. “മാനേജുമെന്റും എച്ച് & എമ്മും ദളിത് തൊഴിലാളി യൂണിയനുമായി ഒരു കരാറിൽ ഒപ്പിടുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. ഗുരുതരമായ ചില തെറ്റുകൾ ചെയ്തതിനുശേഷം ഇപ്പോളവർ ശരിയായ ഒരു ചുവട് വെച്ചിരിക്കുകയാണ്”, രമ പറയുന്നു. യൂണിയനുമായി എച്ച് & എം, ഒപ്പിട്ട കരാർ ഇന്ത്യയിലെ ആദ്യത്തെ ഇ.ബി.എ (എൻഫോഴ്സ്ഡ് ബ്രാൻഡ് എഗ്രീമെന്റ്) ആണ്. ടി.ടി.സി.യുമായി ഒപ്പിട്ട കരാർ വിതരണക്കാർ ലംഘിച്ചാൽ ഈസ്റ്റ്മാൻ എക്സ്പോർട്ടിനെതിരേ നടപടി എടുക്കാൻ എച്ച് & എമ്മിനെ നിയമപരമായി ചുമതലപ്പെടുത്തുന്ന ഒരു കരാറാണത്.

ജെയശ്രീ കതിർവേൽ എന്ന നാച്ചി അപ്പാരലിലെ 20 വയസ്സുള്ള ഒരു ദളിത് വസ്ത്രത്തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊന്ന്, ഒരുവർഷത്തിനുശേഷമാണ് ഈസ്റ്റ്മാൻ ഇത്തരമൊരു കരാർ ഒപ്പിടാൻ തയ്യാറായത്. 2021 ജനുവരിയിൽ കൊല്ലപ്പെടുന്നതിനുമുൻപ്, ഫാക്ടറി സൂപ്പർവൈസറിൽനിന്ന് മാസങ്ങളോളം ലൈംഗികപീഡനം ജെയശ്രീക്ക് അനുഭവിക്കേണ്ടിവന്നിരുന്നു. സൂപ്പർവൈസർക്കെതിരേ കുറ്റം ചുമത്തുകയും ചെയ്തു.

ജെയശ്രീയുടെ കൊലപാതകത്തെത്തുടർന്ന് തുണിഫാക്ടറിക്കും അതിന്റെ മാതൃകമ്പനിയായ ഈസ്റ്റ്മാൻ എക്സ്പോർട്ടേഴ്സിനുമെതിരേ വലിയ രോഷം പൊട്ടിപ്പുറപ്പെട്ടു. ബഹുരാഷ്ട്രക്കുത്തകക്കമ്പനികളായ എച്ച്& എം, ഗാപ്, പി.വി.എച്ച്. എന്നിവയ്ക്ക് തുണികൾ വിതരണം ചെയ്യുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വസ്ത്രനിർമ്മാണ-കയറ്റുമതി കമ്പനിയാണ് ഈസ്റ്റ്മാൻ എക്സ്പോർട്ട്സ്. മിസ്. കതിർ‌വേലിന്റെ കുടുംബത്തിനുമേൽ സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുന്ന ഈസ്റ്റ്മാൻ എക്സ്പോർട്ടേഴ്സിനെതിരേ നടപടിയെടുക്കണമെന്ന്, യൂണിയനുകളുടേയും തൊഴിലാളിസംഘടനകളുടേയും സ്ത്രീസംഘടനകളുടേയും ആഗോളമുന്നണി ആവശ്യപ്പെട്ടു. ജെയശ്രീക്ക് നീതി ലഭ്യമാക്കുക എന്ന പ്രചാരണവും അതിന്റെ ഭാഗമായി ഉയർന്നുവന്നു.

A protest by workers of Natchi Apparel in Dindigul, demanding justice for Jeyasre Kathiravel (file photo). More than 200 workers struggled for over a year to get the management to address gender- and caste-based harassment at the factory
PHOTO • Asia Floor Wage Alliance

ജെയശ്രീ കതിർവേലിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദിണ്ടിഗലിൽ നാച്ചി അപ്പാരിലെ തൊഴിലാളികൾ നടത്തിയ പ്രതിഷേധം (ഫയൽ ഫോട്ടോ). ഫാക്ടറിയിലെ ലിംഗ-ജാത്യാധിഷ്ഠിത പീഡനത്തെ മാനേജുമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി 200-ഓളം തൊഴിലാളികൾ ഒരുവർഷത്തിലധികം പോരാടുകയുണ്ടായി

ജെയശ്രീക്ക് സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ലായിരുന്നു. നാച്ചി അപ്പാരലിൽ ജോലി ചെയ്തിരുന്ന പല സ്ത്രീകളും സ്വന്തം പീഡനാനുഭവങ്ങളുമായി പരസ്യമായി രംഗത്തുവന്നു. നേരിട്ട് പുറത്ത് വരാൻ മടിച്ച പല സ്ത്രീകളും പാരിയുമായി ഫോണിലൂടെ സംസാരിച്ചു.

“പുരുഷ സൂപ്പർവൈസർമാർ ഞങ്ങളെ നിത്യവും വാക്കുകൾകൊണ്ട് അപമാനിക്കാറുണ്ട്. വൈകി വരുകയോ ഉത്പ്പാദനത്തിന്റെ അളവ് കുറയുകയോ ചെയ്താൽ ഞങ്ങൾക്കുനേരെ അലറുകയും, ദ്വയാർത്ഥമുള്ള അശ്ലീലപദങ്ങൾ ഉപയോഗിക്കുകയും ചെയ്യാറുണ്ട്”, 31 വയസ്സുള്ള കോസല എന്ന വസ്ത്രത്തൊഴിലാളി പറയുന്നു.12-ആം ക്ലാസ് പാസ്സായതിനുശേഷം കോസല എന്ന ദളിത് പെൺകുട്ടി, പത്തുവർഷം മുമ്പാണ് വസ്ത്രവ്യവസായത്തിൽ പണിയെടുക്കാൻ തുടങ്ങിയത്. “ദളിത് സ്ത്രീത്തൊഴിലാളികളാണ് ഏറ്റവും കൂടുതൽ അധിക്ഷേപിക്കപ്പെടാറുള്ളത്. ‘പോത്ത്’, ‘വ്യഭിചാരി’, ‘കുരങ്ങ്’ എന്നുതുടങ്ങി വായിൽ വരുന്ന എല്ലാം വിളിക്കും. ശരീരത്ത് തൊടാനും, ഉടുത്തിരിക്കുന്ന വസ്ത്രത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ദ്വയാർത്ഥമുള്ള വർത്തമാനം പറയാനും ശ്രമിക്കുന്ന മേലധികാരികളും ഉണ്ട്”, അവൾ കൂട്ടിച്ചേർക്കുന്നു.

കൂടുതൽ പഠിക്കാനുള്ള പൈസ സമ്പാദിക്കാമല്ലോ എന്നോർത്താണ് ബിരുദധാരിയായ ലത ഫാക്ടറിയിൽ ജോലിക്ക് ചേർന്നത് (എട്ട് മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ ജോലി ചെയ്താൽ പ്രതിദിനം 310 രൂപയാണ് അവർക്കും മറ്റ് തൊഴിലാളികൾക്കും കിട്ടുന്നത്). എന്നാൽ ഫാക്ടറിയിലെ അവസ്ഥ കണ്ട് അവൾ ഞെട്ടിപ്പോയി. “പുരുഷന്മാരായ മാനേജർമാരും, സൂപ്പർവൈസർമാരും മെക്കാനിക്കുകളും ഞങ്ങളെ തൊടാനും മറ്റും ശ്രമിക്കും. ഞങ്ങൾക്ക് പരാതി പറയാനും ആരുമില്ല”, കരഞ്ഞുകൊണ്ട് ലത പറയുന്നു.

“തയ്യൽ മെഷീൻ നന്നാക്കാൻ വരുന്ന മെക്കാനിക്കുകൾ നമ്മളെ തൊടാനും നമ്മളോട് ലൈംഗികമായ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാനും ശ്രമിക്കും. നമ്മൾ വിസമ്മതിച്ചാൽ മെഷീൻ ശരിയാക്കാൻ അയാൾ കൂട്ടാക്കില്ല. അപ്പോൾ സമയത്തിന് തയ്ച്ചുകൊടുക്കാനും കഴിയില്ല. അപ്പോൾ നിങ്ങളുടെ മേലധികാരികളും മാനേജർമാരും വാക്കുകൾകൊണ്ട് അപമാനിക്കും. ചില സൂപ്പർവൈസർമാർ അടുത്തുനിന്ന് അവരുടെ ശരീരം ഉരുമ്മും”, ഗ്രാമത്തിൽനിന്ന് 30 കിലോമീറ്ററുകൾ സഞ്ചരിച്ച് ജോലി ചെയ്യാനെത്തുന്ന ലത പറയുന്നു.

പരാതി പറയാൻ ഒരിടവുമിലെന്ന് ലത വിശദീകരിച്ചു. “ആരോട് പരാതി പറയാൻ? ഉപരിജാതിയിലുള്ള പുരുഷന്മാരായ മാനേജർമാർക്കെതിരേ ഒരു ദളിത് സ്ത്രീ പരാതി പറഞ്ഞാൽ ആര് വിശ്വസിക്കും?”.

“ആരോടാണ് പരാതി പറയുക?” 41 വയസ്സുള്ള തിവ്യ രാകിണിയും ഇതേ ചോദ്യം ചോദിക്കുന്നു. നാച്ചി അപ്പാരലിനെ ലിംഗാധിഷ്ഠിത പീഡനങ്ങളിൽനിന്ന് വിമുക്തമാക്കാൻ നീണ്ട പ്രചാരണം നടത്തിയ ടി.ടി.സി.യു.വിന്റെ സംസ്ഥാന പ്രസിഡന്റാണ് അവർ. ജെയശ്രീയുടെ മരണത്തിന് മുമ്പുതന്നെ, തമിഴ്നാട്ടിലെ ലിംഗാധിഷ്ഠിത പീഡനങ്ങൾ അവസാനിപ്പിക്കുന്നതിനായി തൊഴിലാളികളെ സംഘടിപ്പിച്ച സ്വതന്ത്ര ദളിത് സ്ത്രീത്തൊഴിലാളി സംഘടനയാണ് 2013-ൽ സ്ഥാപിതമായ ടി.ടി.സി.യു. കോയമ്പത്തൂർ, ദിണ്ടിഗൽ, ഈറോഡ്, തിരുപ്പൂർ അടക്കം, 12 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 11,000 തൊഴിലാളികളെ - തുണിനിർമ്മാണ-വസ്ത്രവ്യാപാര വ്യവസായത്തിലെ 80 ശതമാനത്തോളം തൊഴിലാളികളെ – പ്രതിനിധീകരിക്കുന്ന സംഘടനയാണ് ടി.ടി.യു.സി. ഗാർമെന്റ് ഫാക്ടറികളിലെ വേതനമോഷണം, ജാത്യാധിഷ്ഠിത അക്രമം എന്നിവക്കെതിരേയും അത് പോരാടുന്നു.

Thivya Rakini, state president of the Dalit women-led Tamil Nadu Textile and Common Labour Union.
PHOTO • Asia Floor Wage Alliance
Thivya signing the Dindigul Agreement with Eastman Exports Global Clothing on behalf of TTCU
PHOTO • Asia Floor Wage Alliance

ഇടത്ത്: ദളിത് സ്ത്രീകൾ നയിക്കുന്ന തമിഴ്നാട് ടെക്സ്റ്റൈൽ ആൻഡ് കോമൺ ലേബർ യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് തിവ്യ രാകിണി. വലത്ത്: ടി.ടി.സി.യുവിനുവേണ്ടി ഈസ്റ്റ്മാൻ എക്സ്പോർട്ട്സ് ഗ്ലോബൽ ക്ലോത്തിംഗുമായി ദിണ്ടിഗൽ ധാരണ ഒപ്പുവെക്കുന്ന തിവ്യ

“കരാറിന് മുമ്പ്, നാച്ചിയിൽ കൃത്യമായ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റികളൊന്നും (ഐ.സി.സി. – ഇന്റേണൽ കം‌പ്ലെയിന്റ് കമ്മിറ്റി) ഉണ്ടായിരുന്നില്ല” തിവ്യ പറയുന്നു. നിലവിലുണ്ടായിരുന്ന കമ്മിറ്റി സ്ത്രീകളുടെ സ്വഭാവത്തെ നിരീക്ഷിക്കുന്ന ഒന്നായിരുന്നുവെന്ന്, മിനി എന്ന 26 വയസ്സുള്ള ദളിത് തൊഴിലാളി സൂചിപ്പിക്കുന്നു. 28 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമത്തിൽനിന്നാണ് മിനി ജോലിക്ക് വരുന്നത്. “ഞങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനുപകരം, ഞങ്ങൾ എങ്ങിനെ ഇരിക്കണം, വസ്ത്രം ധരിക്കണമെന്നൊക്കെയായിരുന്നു അവർ അന്വേഷിച്ചിരുന്നത്” അവർ പറയുന്നു. “ഞങ്ങൾക്ക് അർഹമായ അവധികളെടുക്കാനും, ശുചിമുറിയിൽ പോവാനും ഒന്നും അനുവാദമുണ്ടായിരുന്നില്ല. നിർബന്ധിതമായി ഓവർടൈം എടുപ്പിക്കുകയും ചെയ്യുമായിരുന്നു”, അവർ സൂചിപ്പിക്കുന്നു.

ജെയശ്രീയുടെ മരണത്തിനുശേഷം, ലൈംഗികപീഡനങ്ങൾ മാത്രമല്ല, ശുചിമുറിയിൽ പോകാനുള്ള ഇടവേള, നിർബന്ധിതമായ ഓവർടൈം തുടങ്ങിയ പ്രശ്നങ്ങളിലും ടി.ടി.സി.യു. ഇടപെടാൻ തുടങ്ങി.

“കമ്പനി യൂണിയനുകൾക്കെതിരെയായിരുന്നതിനാൽ മിക്ക തൊഴിലാളികളും അവരുടെ അംഗത്വവിവരങ്ങൾ ഒരു രഹസ്യമായി വെച്ചിരുന്നു”, തിവ്യ പറയുന്നു. പക്ഷേ ജെയശ്രീയുടെ മരണം ഒരു തിളനിലയായി മാറി. ഫാക്ടറിയിൽനിന്നുള്ള ഭീഷണിയെ വകവെക്കാതെ, രമയേയും ലതയേയും മിനിയേയുംപോലുള്ള തൊഴിലാളികൾ തങ്ങളുടെ പോരാട്ടം തുടർന്നു. ഒരുവർഷം നീണ്ടുനിന്ന പ്രതിഷേധ റാലികളിൽ 200-ഓളം സ്ത്രീകൾ പങ്കെടുത്തു. ജെയശ്രീക്ക് നീതി ലഭിക്കാനുള്ള പ്രചാരണത്തിന് ശ്രദ്ധ ലഭിക്കാനായി നിരവധി സ്ത്രീകൾ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ മുന്നിൽ തങ്ങളുടെ മൊഴികൾ കൊടുത്തു.

ഒടുവിൽ, ടി.ടി.സി.യു.വും, രണ്ട് സംഘടനകളും - അന്താരാഷ്ട്ര ഫാഷൻ വിതരണശൃംഖലയിലെ അക്രമങ്ങളും പീഡനങ്ങളും അഭിസംബോധന ചെയ്യുന്ന ഏഷ്യാ ഫ്ലോർ വേജ് അലയൻസ് (എ.എഫ്.ഡബ്ല്യു.എ), ഗ്ലോബൽ ലേബർ ജസ്റ്റീസ്-ഇന്റർനാഷണൽ ലേബർ റൈറ്റ്സ് ഫോറം (ജി.എൽ.ജെ-ഐ.ആർ.എൽ.എഫ് എന്നിവർ) തമ്മിൽ ഈ വർഷം ഏപ്രിലിൽ എച്ച് & എമ്മുമായി ഇ.ബി.എ. ഒപ്പുവെച്ചു.

ഈ മൂന്ന് സംഘടനകളും ചേർന്നിറക്കിയ സംയുക്ത പത്രപ്രസ്താവനപ്രകാരം , ഇന്ത്യയിലെ ആദ്യത്തെ എൻഫോഴ്സബിൾ ബ്രാൻഡ് എഗ്രീമെന്റാണ് ദിണ്ടിഗൽ കരാർ. ‘തുണിയുത്പാദന ഫാക്ടറികളേയും വസ്ത്രധാരണത്തിനാവശ്യമായ തുണികളും വസ്ത്രങ്ങളും ഉത്പാദിപ്പിക്കുന്ന ഫാക്ടറികളേയും ഒരുപോലെ ഉൾപ്പെടുത്തുന്ന’ ലോകത്തിലെ ആദ്യത്തെ ഇ.ബി.എ. കൂടിയാണ് ഈ കരാർ.

“ലിംഗം, ജാതി, കുടിയേറ്റം എന്നിവയെ ആധാരമാക്കിയുള്ള എല്ലാ വിവേചനങ്ങളും ഉന്മൂലനം ചെയ്യാനും വസ്ത്രവ്യാപാരമേഖലയിൽ പരസ്പരബഹുമാനത്തിന്റെ ഒരു സംസ്കാരം വളർത്താനും“ ഈ കരാറിൽ ഒപ്പിട്ട മൂന്നുപേരും സംയുക്തമായി പ്രതിജ്ഞാബദ്ധരായി.

The Dindigul Agreement pledges to end gender-based violence and harassment at the factories operated by Eastman Exports in Dindigul. ‘It is a testimony to what organised Dalit women workers can achieve,’ Thivya Rakini says
PHOTO • Antara Raman
The Dindigul Agreement pledges to end gender-based violence and harassment at the factories operated by Eastman Exports in Dindigul. ‘It is a testimony to what organised Dalit women workers can achieve,’ Thivya Rakini says
PHOTO • Antara Raman

ദിണ്ടിഗലിലെ ഈസ്റ്റ്മാൻ എക്സ്പോർട്ട്സ് നടത്തുന്ന എല്ലാ ഫാക്ടറികളിലും ലിംഗാധിഷ്ഠിത അക്രമവും പീഡനവും അവസാനിപ്പിക്കുമെന്ന് ദിണ്ടിഗൽ കരാർ പ്രതിജ്ഞയെടുക്കുന്നു. 'ദളിത് സ്ത്രീത്തൊഴിലാളികൾക്ക് എന്ത് നേടാനാവുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ കരാർ’ എന്ന് തിവ്യ രാകിണി പറയുന്നു

ആഗോള തൊഴിൽ നിലവാരങ്ങളെ സ്വീകരിക്കുകയും, അന്താരാഷ്ട്ര തൊഴിലാളിസംഘടനയുടെ (ഐ.എൽ.ഒ.) വയലൻസ് ആൻഡ് ഹരാസ്മെന്റ് കൺ‌വെൻഷ നിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്ന ഒന്നാണ് കരാർ. ദളിത് സ്ത്രീത്തൊഴിലാളികളുടെ അവകാശങ്ങൾ, ഒരുമിക്കാനുള്ള സ്വാതന്ത്ര്യം, യൂണിയനുകൾ ഉണ്ടാക്കാനും അംഗമാവാനുമുള്ള അവകാശം എന്നിവയെ ഈ കരാർ സംരക്ഷിക്കുന്നു. പരാതികൾ സ്വീകരിക്കാനും അന്വേഷിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും പാകത്തിൽ ആഭ്യന്തര പരാതി കമ്മിറ്റികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഇത്. ഇതെല്ലാം നടപ്പാക്കാൻ സ്വതന്ത്ര അന്വേഷകർ ഉണ്ടാവണം. നടപ്പാക്കാത്തപക്ഷം, എച്ച് & എമ്മിൽനിന്ന് ഈസ്റ്റ്മാൻ എക്സ്പോർട്ട്സിന് കച്ചവടസംബന്ധിയായ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യും.

നാച്ചി അപ്പാരലിലെയും (ദിണ്ടിഗലിലെ) ഈസ്റ്റ്മാൻ സ്പിന്നിംഗ് മില്ലിലെയും 5,000-ത്തിലധികം വരുന്ന തൊഴിലാളികൾക്ക് ബാധകമായ ഒന്നാണ് ദിണ്ടിഗൽ എഗ്രീമെന്റ്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അവരിൽത്തന്നെ ദളിതരും. “വസ്ത്രവ്യാപാരമേഖലയിലെ സ്ത്രീകളുടെ തൊഴിലന്തരീക്ഷത്തെ മെച്ചപ്പെടുത്താൻ ഈ കരാർ വളരെയധികം സഹായിക്കും. ദളിത് സ്ത്രീത്തൊഴിലാളികൾക്ക് എന്തെല്ലാം നേടാൻ കഴിയും എന്നതിന്റെ ദൃഷ്ടാന്തമാണ് ഈ കരാർ”, തിവ്യ പറയുന്നു.

“എനിക്കും ജെയശ്രീയെപ്പോലെയുള്ള എന്റെ സഹോദരിമാർക്കും സംഭവിച്ചതോർത്ത് ഇനിയും ദു:ഖിക്കാൻ എനിക്കാഗ്രഹമില്ല. ജെയശ്രീക്കും മറ്റുള്ളവർക്കും സംഭവിച്ചത് ഭാവിയിൽ മറ്റുള്ളവർക്ക് സംഭവിക്കില്ലെന്ന് ഉറപ്പുവരുത്താൻ എങ്ങിനെ ഈ കരാർ ഉപയോഗിക്കാം എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്”, 31 വയസ്സുള്ള മല്ലി പറയുന്നു.

അതിന്റെ ഫലം കാണുന്നുമുണ്ട്. “കരാറിനുശേഷം തൊഴിലന്തരീക്ഷത്തിൽ മാറ്റം വന്നിട്ടുണ്ട്. ശുചിമുറിയിൽ പോവാനും ഭക്ഷണം കഴിക്കാനും കൃത്യമായ ഇടവേളകളുണ്ട്. ഞങ്ങൾക്ക് അവധികൾ നിഷേധിക്കാറില്ല – പ്രത്യേകിച്ചും അസുഖമുള്ളപ്പോൾ. നിർബന്ധിതമായ ഓവർടൈമും ഇല്ല. സൂപ്പർവൈസർമാർ സ്ത്രീകളോട് മോശമായി പെരുമാറാറില്ല. വനിതാദിനത്തിനും പൊങ്കലിനും അവർ തൊഴിലാളികൾക്ക് മധുരം നൽകുകപോലും ചെയ്യുന്നു”, ലത പറയുന്നു.

രമ സന്തോഷവതിയാണ്. “സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. ഇപ്പോൾ സൂപ്പർവൈസർമാർ ഞങ്ങളോട് ബഹുമാനത്തോടെയാണ് പെരുമാറുന്നത്”, അവർ പറയുന്നു. സ്ത്രീകളുടെ പ്രചാരണകാലത്ത് മുഴുവൻ സമയവും അവർ ജോലി ചെയ്തിരുന്നു. മണിക്കൂറിൽ 90 അടിവസ്ത്രങ്ങളാണ് അവർ തയ്ച്ചിരുന്നത്. ജോലി ചെയ്യുമ്പോഴുള്ള കഠിനമായ പുറം‌വേദന സഹിക്കുകമാത്രമേ നിവൃത്തിയുള്ളു എന്ന് അവർ പറയുന്നു. “അത് ഈ തൊഴിലിൽ പറഞ്ഞിട്ടുള്ളതാണ്”.

വൈകീട്ട് വീട്ടിൽ പോകാൻ കമ്പനി ബസ് കാത്തുനിൽക്കുമ്പോൾ രമ പറയുന്നു, “തൊഴിലാളികൾക്കുവേണ്ടി ധാരാളം കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാനാവും”.

ഈ കഥയ്ക്കുവേണ്ടി അഭിമുഖം ചെയ്ത തൊഴിലാളികളുടെ യഥാർത്ഥ പേരുകൾ, അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.

പരിഭാഷ: രാജീവ് ചേലനാട്ട്

Gokul G.K.

Gokul G.K. is a freelance journalist based in Thiruvananthapuram, Kerala.

Other stories by Gokul G.K.
Illustrations : Antara Raman

Antara Raman is an illustrator and website designer with an interest in social processes and mythological imagery. A graduate of the Srishti Institute of Art, Design and Technology, Bengaluru, she believes that the world of storytelling and illustration are symbiotic.

Other stories by Antara Raman
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat