ഗോദാവരി നദിയിലെ പുണ്യപുരാതന സ്നാനഘട്ടമായ രാംകുണ്ഡയ്ക്ക്‌ സമീപം പ്രാർത്ഥനിരതമായ ഭാവത്തിൽ അദ്ദേഹം നിന്നു. പിന്നീട്‌, തന്റെ അരയ്‌ക്കൊപ്പമുള്ള വെള്ളത്തിൽ ഇറങ്ങി കുളിച്ചു. പക്ഷേ അത്‌ ഒരു ടാങ്കറിലെ വിശുദ്ധ ജലമായിരുന്നു.

മഹാരാഷ്‌ട്രയുടെ ജലദൗർലഭ്യത്തിലേക്ക്‌ സ്വാഗതം – അതേ, ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്തുതന്നെ.

139 വർഷത്തിൽ ആദ്യമായി ചരിത്രപ്രസിദ്ധമായ രാംകുണ്ഡ സ്നാനഘട്ടം ഏപ്രിലിൽ വരൾച്ച നേരിട്ടു. അന്നുമുതൽ ഏകദേശം രണ്ടുമാസമായി പ്രതിദിനം 60 മുതൽ 90 ടാങ്കറുകളിൽ‌വരെ വെള്ളമെത്തിച്ചാണ്‌ ഈ സ്നാനഘട്ടത്തെ ജീവനോടെ സൂക്ഷിച്ചത്‌. ചുരുക്കിപ്പറഞ്ഞാൽ തങ്ങളുടെ നദികളിലേക്ക്‌ ടാങ്കർ വെള്ളം ഒഴിക്കുകയാണ്‌ മഹാരാഷ്‌ട്ര. ഗോദാവരി പൂർണമായും ദുരവസ്ഥയിലാണ്‌. ജീവിച്ചിരിക്കുന്നവരുടെ സ്മൃതിയിൽ ഇല്ലാത്തവിധം നദിയുടെ പല മേഖലകളും വരണ്ടു. നാസിക്കിലെ ത്രയംബക് നഗരത്തിന്‌ മുകളിലെ ബ്രഹ്മഗിരി പർവതത്തിൽനിന്നുള്ള നദിയുടെ ഉത്ഭവസ്ഥാനംപോലും മേയ് മാസത്തോടെ ദുർബലമായി. (നദിയുടെ ഉത്ഭവസ്ഥാനത്തെ വിശുദ്ധമാക്കുന്ന ക്ഷേത്രമുള്ളതിനാൽ ത്രയംബകേശ്വർ എന്ന് വിളിക്കപ്പെടുന്നു). മൺസൂൺ ആശ്വാസമെത്തിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇവിടെയുള്ളവർ.

PHOTO • P. Sainath

ഇടത്‌ : ടാങ്കറിൽ നിന്ന്‌ നദിയിലേക്ക്‌ ജലം പകരുന്നു . വലത്‌ : നദിയിലെ ജലത്തിന്‌ പകരം ടാങ്കർ ജലത്തിൽ കുളിക്കുന്ന ഒരു തീർത്ഥാടകൻ

"നദിയുടെ ഉത്ഭവസ്ഥാനത്തുള്ള നഗരത്തിൽപോലും വരൾച്ചാകാലത്ത്‌ മൂന്ന് ദിവസത്തിലൊരിക്കലേ വെള്ളം ലഭിക്കുന്നുള്ളു”, മതതീർത്ഥാടനത്തെ ആശ്രയിച്ചുനിൽക്കുന്ന ത്ര്യയംബകിൽ ഒരേസമയം പ്രസ് ഫോട്ടോഗ്രാഫറും പുരോഹിതനുമായി പ്രവർത്തിക്കുന്ന കംലാകർ അകോൽക്കർ ചിരിച്ചുകൊണ്ട്‌ പറയുന്നു. "20 വർഷമായി വനനശീകരണം നടക്കുന്നു”, അകോൽക്കർ പറയുന്നു. "നമ്മുടെ പച്ചപ്പ്‌ ഇല്ലാതായി. ഇപ്പോൾ എണ്ണമറ്റ റോഡുകളും, ഹോട്ടലുകളും, ബോർഡിങ്‌ ഹൗസുകളും, നിർമ്മാണങ്ങളും ഒക്കെയുണ്ട്‌. നഗരത്തിൽ മാത്രം ഏകദേശം 10,000 പേരുണ്ട്‌. എന്നാൽ തീർഥാടകരും കച്ചവടക്കാരും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരും ഒക്കെയാകുമ്പോൾ ജനസംഖ്യ ഏകദേശം 50,000 ആകും. ഇത് ജലദൗർലഭ്യം വർധിപ്പിക്കുന്നു. രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് നാല് മാസംവരെ മഴ ലഭിച്ചിരുന്നു. ഇപ്പോളത്‌ ഒന്നര മാസം മാത്രമാണ്‌'.

"മുൻസിപ്പൽ കോർപ്പറേഷനാണ്‌ ഞങ്ങളെ നശിപ്പിച്ചത്”, കുറച്ച്‌ കിലോമീറ്ററുകൾ താഴെയുള്ള രാംകുണ്ഡയിലെ മുഖ്യപുരോഹിതൻ സതീഷ്‌ ശുക്ല പറഞ്ഞു. കുറച്ചുവർഷങ്ങൾക്കുമുമ്പ്‌ ഭാരതീയ ജനതാ പാർട്ടി കോർപറേറ്ററായിരുന്ന സതീഷ്‌ ഇപ്പോൾ ഗോദാവരി പഞ്ച്‌ഘോട്ടി പുരോഹിത്‌ സംഘിന്റെ പ്രസിഡന്റാണ്‌. നദിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പുരോഹിതരുടെ എഴുപത്‌ വർഷം പഴക്കമുള്ള കൂട്ടായ്മയാണിത്‌. "വർഷങ്ങളുടെ പഴക്കമുള്ള കല്ലുകൊണ്ടുള്ള സ്നാനഘട്ടം പൊളിച്ച് കോർപ്പറേഷൻ കോൺക്രീറ്റ് ചെയ്തു. അങ്ങനെ അവർ ചെയ്തില്ലായിരുന്നെങ്കിലെന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. ഒരു ദശാബ്ദത്തിൽ നടക്കാത്ത പല നാശങ്ങളും കഴിഞ്ഞ രണ്ടുവർഷങ്ങളിലുണ്ടായി”, ശുക്ല പറഞ്ഞു. എല്ലാം വൻതോതിൽ കോൺക്രീറ്റ്‌ ചെയ്യുന്നത്‌ നദിയെ കൊല്ലുന്നതിന്‌ സമാനമാണ്‌. പഴയ ജലസ്രോതസ്സുകളും മരിച്ചു, നീരുറവകൾ ഇല്ലാതായി. ഒരിക്കൽപ്പോലും അവർ ഞങ്ങൾ പുരോഹിതൻമരുമായി കൂടിയാലോചിച്ചിട്ടില്ല. അവരുടെ ഇഷ്ടമനുസരിച്ച്‌ മാറ്റം വരുത്തി. അങ്ങനെ നദിയുടെ സ്വാഭാവിക ഒഴുക്ക് ഇല്ലാതായി. മഴയ്ക്കുവേണ്ടിയുള്ള പുരോഹിതരുടെ പ്രാർത്ഥനകൾക്ക് വരുണ ഭഗവാൻ എപ്പോഴും ഉത്തരം നൽകിയിരുന്നു. പക്ഷേ, ഇപ്പോൾ അത് കിട്ടുന്നില്ല”.

PHOTO • P. Sainath

ഇടത്‌: രാംകുണ്ഡ തീരത്ത്‌ ഒന്നിച്ചുകൂടിയ തീർത്ഥാടകർ. വലത്‌: ഗോദാവരി പുരോഹിത അസോസിയേഷൻ പ്രസിഡന്റ്‌ സതീഷ്‌ ശുക്ല

വരുണഭഗവാൻ ഒരുപക്ഷേ പുരോഹിതർക്ക്‌ ഇപ്പോൾ ചെവി കൊടുക്കുന്നില്ലായിരിക്കാം. എന്നാൽ, കുംഭമേളയ്ക്ക് സർക്കാർ ദൈവത്തിന്റെ വേഷം കെട്ടാൻ തീരുമാനിച്ചു. നാസിക്കിൽ നടന്ന കുംഭമേളയ്ക്കായി ഗോദാവരിയിലെ പ്രധാന അണക്കെട്ടായ ഗംഗാപൂരിൽനിന്നും ചെറു അണക്കെട്ടുകളായ ഗൗതമി, കശ്യപി എന്നിവിടങ്ങളിൽനിന്നും 1.3 ടി.എം.സി (ആയിരം ദശലക്ഷം ക്യുബിക്) അടി വെള്ളമാണ്‌ ഉപയോഗിച്ചതെന്ന്‌ സർക്കാർ ഉദ്യോഗസ്ഥർതന്നെ പറയുന്നു. 2015 ഓഗസ്റ്റിൽ മൂന്നുദിവസത്തെ ‘പുണ്യസ്നാന’ത്തിനായി പുറത്തുവിട്ട വെള്ളം ഇതിന്റെ ഒരുഭാഗം മാത്രമായിരുന്നു. ഈവർഷത്തെ സമാപനപരിപാടിയിലും ഒരുപാട്‌ ജലം ആവശ്യമായിവന്നു. പുണ്യസ്നാനങ്ങൾക്കുശേഷം നദിയിലുണ്ടായ മാലിന്യം ഒഴിവാക്കാൻ ഇനിയും വെള്ളം തുറന്നുവിടേണ്ടതുണ്ട്.

ഈവിധത്തിൽ, മേളയ്ക്കും അനുബന്ധ പരിപാടികൾക്കുമായി മാസങ്ങൾക്കുമുന്നേ, പതിമൂവായിരം ദശലക്ഷം ക്യുബിക് അടി ജലമാണ്‌ വിട്ടുകൊടുത്തത്‌. 2015-16-ൽ നാസിക് നഗരത്തിന് മുഴുവനായി അനുവദിച്ച മുപ്പത്തിയേഴായിരം ദശലക്ഷം ക്യുബിക് അടി ജലത്തിന്റെ പകുതിയോളം വരുമിത്‌. ഇതുസംബന്ധിച്ച പരാതികൾ ഇതിനോടകം കോടതികളിൽ എത്തിയിട്ടുണ്ട്. കുംഭമേളയിലെത്തിയ ഭക്തരുടെ പ്രാർത്ഥനകൾക്ക് ഉത്തരം ഒരുപക്ഷേ കിട്ടിക്കാണും, എന്നാൽ, കർഷകരുടെ പ്രാർത്ഥന ആരും കേട്ടില്ല. ആവശ്യാനുസരണം മാത്രം ഗംഗാപൂരിൽനിന്ന് തുറന്നുവിടുന്ന ജലത്തെ മാത്രം ആശ്രയിക്കുകയാണ്‌ അവർ.

PHOTO • P. Sainath

കുംഭമേളയ്ക്കായി വെള്ളം തിരിച്ചുവിട്ടപ്പോൾ, അത്‌ തന്റെ കൃഷിക്ക് വരുത്തിയ നാശത്തെക്കുറിച്ച് പ്രശാന്ത് നിംസെ വിശദീകരിക്കുന്നു

"മൂന്നുതവണ വെള്ളം ആവശ്യമുള്ളപ്പോൾ ഞങ്ങൾക്ക്‌ ലഭിക്കുന്നത്‌ ഒറ്റത്തവണയാണ്‌. ഒന്നര എന്നുവേണമെങ്കിൽ പറയാം. അതിൽ ആദ്യതവണ വെള്ളമെത്തുന്നത്‌ വളരെ നേരത്തെയും മുന്നറിയിപ്പ്‌ കൂടാതെയുമാണ്”, പ്രശാന്ത്‌ നിംസെ പറയുന്നു. ഗംഗാപൂർ അണക്കെട്ടിന്റെ ഇടതുകരയിലെ ഗ്രാമമായ നന്ദുർഗാവിലെ കർഷകനാണ് അദ്ദേഹം. മുന്തിരിയും അത്തിപ്പഴവും മറ്റ് ഹോർട്ടികൾച്ചറൽ വിളകളുമാണ്‌ കൃഷി. പക്ഷേ, താൻ നിർമിച്ച കല്യാണമണ്ഡപത്തിൽനിന്ന് ലഭിക്കുന്ന മാന്യമായ വരുമാനം മാത്രമാണ് സ്ഥിരമായി ലഭിക്കുന്നതെന്ന്‌ നിംസെ പറയുന്നു. അദ്ദേഹത്തിന്റെ ഗ്രാമം ഇപ്പോൾ ഏറെക്കുറെ നാസിക് നഗരത്തിന്റെ അതിർത്തിയോട് ചേർന്നിരിക്കുന്നതിനാൽ അത്യാവശ്യം ഉപഭോക്താക്കളെ ലഭിക്കുന്നുണ്ട്‌ നിംസെയ്ക്ക്‌. "ഞാൻ എങ്ങനെയൊ അതിജീവിച്ചു, പക്ഷേ കൃഷിയെമാത്രം ആശ്രയിച്ച്‌ ജീവിച്ചവരുടെ അവസ്ഥ വളരെ മോശമാണ്”.

"മുന്തിരികൃഷിക്കുണ്ടായ നഷ്‌ടം ഇപ്പോളും തുടരുകയാണ്”, അണക്കെട്ടിന്‌ താഴെയുള്ള മറ്റൊരു കർഷകൻ വസുദേവ്‌ ഖാട്ടെ ഞങ്ങളോട്‌ പറഞ്ഞു. "വരൾച്ചാസമയത്തെ ജലദൗർലഭ്യത വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്”, ഇനി എങ്ങിനീയെങ്കിലും മുന്തിരി വിളവെടുത്താലും ഗുണം കുറവായിരിക്കും. ഒരു വർഷം ഒരേക്കറിന്‌ 100 തൊഴിൽദിനങ്ങളാണുള്ളതെന്ന്‌ ഓർക്കണം. ഇപ്പോൾ 40,000 ഏക്കർ ഭൂമിയിലെ കൃഷിയും പ്രതിസന്ധി നേരിടുകയാണ്‌. അതിനർത്ഥം തൊഴിലാളികളും ദുരിതത്തിലാണ്. ഏകദേശം 30 ലക്ഷം തൊഴിൽദിനങ്ങളാണ്‌ നഷ്ടപ്പെടുന്നത്‌. ലാത്തൂർ, ബീഡ്, ഔറംഗബാദ്, ഒസ്മാനാബാദ് എന്നിങ്ങനെ മറാത്ത്‌വാഡയിൽനിന്നുള്ള തൊഴിലാളികളും ഇവിടെയെത്തുന്നു. എന്നാൽ, തൊഴിലില്ലാതായതോടെ ആയിരക്കണക്കിന്‌ തൊഴിലാളികൾ മറാത്ത്‌വാഡയിലെ വീടുകളിലേക്ക് തിരികെപ്പോയി.

സംസ്ഥാനത്ത് മഴ പെയ്തുതുടങ്ങിയിട്ടുണ്ട്. എന്നാൽ, കാലവർഷംകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് കർഷകർക്കും തൊഴിലാളികൾക്കും മറ്റുള്ളവർക്കും അറിയാം. "അത് ആശ്വാസം നൽകുമായിരിക്കും”, ഫോട്ടോഗ്രാഫർ പുരോഹിത് അകോൽക്കർ പറയുന്നു. "എന്നാൽ പ്രതിസന്ധി വളരുകയാണ്, അത് മാറുന്നില്ല”.

എന്നാൽ നാസിക്‌ ജില്ലാ ജലവിഭ വകുപ്പ്‌ സൂപ്രണ്ടിങ്‌ എൻജിനീയർ പി.ബി. മിസാലിന്‌ ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടാണുള്ളത്‌. "മഹാരാഷ്‌ട്രയിൽ ഞങ്ങൾക്ക്‌ ഒരിക്കലും വറ്റാത്ത നദികൾ ഉണ്ടായിരുന്നില്ല”, മിസാൽ പറയുന്നു. "കഴിഞ്ഞ 20 വർഷമായി ഭൂഗർഭ ജലസ്രോതസുകളിൽ വലിയ ശോഷണമാണ്‌ കാണുന്നത്‌. കൃഷിക്കുവേണ്ടി വെള്ളം അമിതമായി പമ്പ്‌ ചെയ്യുന്നു. നാസിക് നഗരത്തിലെ ജനസംഖ്യ ഏകദേശം 20 ലക്ഷമായി വർധിച്ചു. വന്നുപോകുന്നവരുടെ ജനസംഖ്യയായ മൂന്നുലക്ഷം ഉൾപ്പെടെയാണിത്‌. ഭൂവിനിയോഗ രീതികളിലും മാറ്റം വന്നു”. മഴയുടെ കാര്യത്തിൽ ക്രമരാഹിത്യമുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുവെങ്കിലും സ്ഥിതിവിവരക്കണക്കുകളിൽ മഴയിൽ സ്ഥിരമായ കുറവ് കാണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ പ്രൊഫ. മാധവ് ഗാഡ്ഗിലിനെപ്പോലുള്ള പരിസ്ഥിതി വിദഗ്ധരുടെ അഭിപ്രായത്തിൽ മഹാരാഷ്ട്രയിൽ ഒരുകാലത്ത് വറ്റാത്ത നദികളുണ്ടായിരുന്നു. എന്നാൽ കാലക്രമത്തിൽ അവ മഴക്കാലത്തുമാത്രം ഒഴുക്കുള്ള നദികളായി മാറി”.

ഇതെല്ലാം തിരിഞ്ഞെത്തുന്നത്‌ മഹാരാഷ്ട്രയിലെ വലിയ ജലപ്രതിസന്ധിയിൽ മനുഷ്യർക്ക്‌ പങ്കുണ്ടെന്ന സൂചനയിലേക്കാണ്‌. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പഴയ മഹാബലേശ്വറിൽ കൃഷ്ണാ നദിയുടെ ഉത്ഭവസ്ഥാനത്ത് ഞങ്ങൾ കണ്ടെത്തിയ ജലദൗർലഭ്യവുമായി സാമ്യമുള്ളതാണ്‌ ത്രയംബകേശ്വരിലെയും പ്രശ്നങ്ങൾ. (ഞാനും എന്റെ സഹപ്രവർത്തകരും മെയ് മാസത്തിൽ ഇവിടങ്ങളിൽ യാത്ര ചെയ്തിരുന്നു: Sources of the rivers, scams of the rulers നോക്കുക).

"നാസിക്‌ ഒരു പ്രധാന വ്യാവസായികമേഖലയായി മാറിയെന്ന കാര്യം ഓർക്കണം. അതുപോലെ പ്രദേശത്തെ ജലവൈവിധ്യത്തിലും മാറ്റമുണ്ടായി”, അകോൽകർ പറയുന്നു. "എല്ലാ പ്രദേശങ്ങളിലും ജലസംഭരണ സാധ്യതയുണ്ട്‌. എന്നാൽ ശക്തമായ മഴപോലും ഇതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. വിനോദസഞ്ചാരത്തിന്റെ പേരിൽ നഗരത്തിന്റെ ഓരോ മൂലയും കോൺക്രീറ്റ് ചെയ്തിരിക്കുന്നു. വെള്ളത്തിന് ഒഴുകാനോ ശ്വസിക്കാനോ ഇടമില്ല”.

PHOTO • P. Sainath

ഗോദാവരി നദിയുടെ ആദ്യത്തെ വൃഷ്ടി പ്രദേശമായിട്ടുകൂടി ത്രയംബകേശ്വര ക്ഷേത്രത്തിലെ ഗംഗാസാഗറിലെ ജലനിരപ്പ് പതിവിലും താഴെയാണ്

ബ്രഹ്മഗിരിയിൽനിന്ന് ത്രയംബകേശ്വറിലെ ഗംഗാസാഗർ ടാങ്കിലേക്ക് ഒഴുകുന്ന നിരവധി ചെറിയ അരുവികൾ ഇപ്പോൾ പർവതത്തിന്റെ വശങ്ങളിൽ കാണുന്ന വെളുത്ത വരകൾ മാത്രമായി കാണപ്പെടുന്നു. ഞങ്ങൾക്ക് കാണാൻ കഴിഞ്ഞ അരുവികളെല്ലാം വരണ്ട നിലയിലായിരുന്നു. സംസ്ഥാനത്ത് മഴ പെയ്തതിനാൽ ഒരുപക്ഷേ ഇപ്പോൾ അവയ്ക്ക്‌ വീണ്ടും ജീവൻ വെച്ചുകാണും.

വ്യാപകമായ വനനശീകരണം, നദികളിലെ അണക്കെട്ടുകളുടെ വ്യാപകമായ നിർമ്മാണം, വ്യാവസായികപദ്ധതികൾക്കും വൻകിട റിസോർട്ടുകൾക്കുമായി ജലത്തിന്റെ വഴിതിരിച്ചുവിടൽ എന്നിവയൊക്കെ സംസ്ഥാനത്തുടനീളം കാണാൻ കഴിയും. അതിനും പുറമേ, നദികളുടെ ഉറവിടപ്രദേശങ്ങളിലെ കോൺക്രീറ്റിംഗും അനിയന്ത്രിതമായ ഭൂഗർഭജല ഊറ്റലും  പണുള്ളവർക്കും ഇല്ലാത്തവർക്കുമിടയിലെ ജലവിതരണത്തിലെ അസമത്വവുമെല്ലാം പരക്കെ ദൃശ്യമാണ്‌.  മഹാരാഷ്ട്രയുടെ ജലപ്രതിസന്ധിക്ക് ഇവയെല്ലാം കാരണമാകുന്നുണ്ട്. കാലവർഷംകൊണ്ടോ, മഴ പെയ്യുന്നതോടെ വരളുന്ന മാധ്യമശ്രദ്ധകൊണ്ടോ ഇല്ലാതാകുന്നതല്ല മഹാരാഷ്‌ട്രയുടെ ഈ പ്രതിസന്ധി.

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup