"ഞങ്ങളൈ ഇവിടെയെത്തിച്ചവർക്കുള്ള ഭക്ഷണം പാകം ചെയ്യുകയാണ്‌ ഞാൻ. ഇഷ്‌ടികയുണ്ടാക്കാൻ അവരെ സഹായിക്കുകയാണ്‌ എന്റെ ഭർത്താവ്”, ഹൈദരാബാദിലെ ചൂളകൾ സന്ദൾശിക്കുന്നതിനിടെ ഞങ്ങൾ പരിചയപ്പെട്ട ഉർവശി പറയുന്നു.

61-കാരനായ ദേഗു ധരുവയെയും 58-കാരി ഉർവശി ധരുവയെയും ചൂളയിൽ കണ്ടപ്പോൾ ഞങ്ങൾ ആശ്ചര്യപ്പെട്ടു. പടിഞ്ഞാറൻ ഒഡീഷയിലെ ബൊലാംഗിർ ജില്ലയിലെ ബെൽപാറ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ പൻഡ്രിജോർ ഗ്രാമത്തിൽനിന്നുള്ള ദമ്പതികളാണ്‌ അവർ. രാജ്യത്തെതന്നെ ഏറ്റവും ദരിദ്രമായ മേഖലകളിലൊന്നാണിത്‌.

ഏകദേശം രണ്ട്‌ പതിറ്റാണ്ടിലധികമായി പടിഞ്ഞാറൻ ഒഡിഷയിൽനിന്ന് ഞാൻ വാർത്തകൾ സമഗ്രമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവിടുത്തെ ജനങ്ങൾ കഴിഞ്ഞ 50 വർഷത്തിലധികമായി മറ്റിടങ്ങളിലേക്ക്‌ കുടിയേറിക്കൊണ്ടിരിക്കുന്നു. ദാരിദ്ര്യത്തിന്റേയും ഭരണനയങ്ങളുടേയും ഫലമായി, പട്ടിണിക്കും  പട്ടിണി മരണത്തിനും  കുട്ടികളെ വിൽക്കലിനുമൊകെ കുപ്രസിദ്ധമായ പ്രദേശമായിരുന്നു അത്‌.

1966–-67കാലഘട്ടത്തിലുണ്ടായ, ക്ഷാമത്തിന് തുല്യമായ അവസ്ഥ കുടിയേറ്റത്തിന്‌ വഴിവച്ചു. തൊണ്ണൂറുകളിൽ കാലഹന്തി, നുവാപഡ, ബൊലാംഗീർ തുടങ്ങിയ ജില്ലകളിലുണ്ടായ കടുത്ത വരൾച്ച കുടിയേറ്റത്തെ കൂടുതൽ വർധിപ്പിച്ചു. അക്കാലത്ത്, കൂലിത്തൊഴിൽ ചെയ്തിരുന്നവർപോലും ജോലി തേടി അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നതും പ്രായമായവർ ഗ്രാമങ്ങളിൽ തങ്ങുന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

PHOTO • Purusottam Thakur

ദേഗു ധരുവയെയും ഉർവശി ധരുവയെയും അപേക്ഷിച്ച്‌ ഹൈദരാബാദിലെ ഇഷ്‌ടികചൂളയിൽ ജോലിയെടുക്കുന്ന കുടിയേറ്റത്തൊഴിലാളികൾ (ഇടത്‌) മിക്കവരും ചെറിയ പ്രായക്കാരാന്

"ഗ്രാമങ്ങളിൽ അവർ ഉപേക്ഷിക്കപ്പെടാൻ പല കാരണങ്ങളുണ്ട്‌. ഗ്രാമം വിട്ട്‌ ജോലിതേടി പോകുന്നവർക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇഷ്‌ടികച്ചൂളയിൽ (കൂടുതൽ കുടിയേറ്റത്തൊഴിലാളികളും ജോലി ചെയ്യുന്നത്‌ ഇവിടെയാണ്‌) രാവും പകലും ജോലിയെടുക്കണം. പ്രായമാവർക്ക്‌ ഇത്‌ സാധ്യമല്ല”, ഒഡിഷയിൽനിന്നുള്ള കുടിയേറ്റം സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്ന മനുഷ്യാകാശ പ്രവർത്തകനും അഭിഭാഷകനുമായ ബിഷാനു ശർമ പറയുന്നു. ബൊലാംഗീർ ജില്ലയിലെ കാന്തബഞ്ചി സ്വദേശിയാണ്‌ അദ്ദേഹം. തെലങ്കാനയിലെയും ആന്ധ്രപ്രദേശിലെയും ഇഷ്‌ടികച്ചൂളകളിലേക്കടക്കം ആളുകൾ കുടിയേറ്റത്തൊഴിലാളികളായി പോകുന്നത്‌ കാന്തബഞ്ചിയിലെ പ്രധാന റെയിൽവെ സ്‌റ്റേഷനിൽനിന്നാണ്‌. "അതുകൊണ്ട്‌ ഒരു ചൂള ഉടമയും പ്രായമായ ജോലിക്കാർക്കുവേണ്ടി പണം മുൻകൂറായി നൽകില്ല”, ശർമ കൂട്ടിച്ചേർത്തു. "ചിലർ വീട്‌ നോക്കാനും കുട്ടികളെ നോക്കാനും റേഷൻ വാങ്ങാനുമൊക്കെയായി ഗ്രാമങ്ങളിൽതന്നെ നിൽക്കും. ആരുമില്ലാത്ത വൃദ്ധർ കഷ്‌ടപ്പെടുകയും ചെയ്യും'.

എന്നാൽ ദശകങ്ങൾ പിന്നിട്ടതോടെ, 1966-2000 കാലഘട്ടത്തിലെ ദുരിതാവസ്ഥകൾക്ക്‌ ഒരുപരിധിവരെ വ്യത്യാസമുണ്ടായി. സാമൂഹ്യസുരക്ഷാ പദ്ധതിയിലൂടെ പ്രായമായവർക്കും വിധവകൾക്കും പെൻഷൻ ലഭിച്ചത്‌ ഇതിൽ പ്രധാനമായിരുന്നു. ഒരു പതിറ്റാണ്ടിലധികമായി അവിടെനിന്ന് പട്ടിണിമൂലമുള്ള മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായി കിലോയ്ക്ക് രണ്ടുരൂപ സബ്‌സിഡി നിരക്കിൽ അരി കൊടുക്കുന്ന ഒഡീഷ സംസ്ഥാനത്തിന്റെ 2008 ഓഗസ്റ്റ് മുതലുള്ള പദ്ധതിയാണ് ഇതിന് പ്രധാന കാരണം. 2013-ൽ ഈ നിരക്ക്‌ ഒരുരൂപയായി കുറയ്ക്കുകയും ചെയ്തു (ഒരു കുടുംബത്തിന് പ്രതിമാസം 25 കിലോ).

ദുരിതത്തിന്റെ പതിറ്റാണ്ടുകളിൽ‌പ്പോലും കഠിനജോലികൾക്കായി പ്രായമായവർ നാടുവിട്ട് പോയിരുന്നില്ല. അങ്ങിനെയെങ്കിൽ, ഉർവശിയേയും ദേഗു ധരുവയേയും ചൂളയിലെ ജോലി തേടി ഹൈദരാബാദിലെത്താൻ പ്രേരിപ്പിച്ചത് എന്തായിരിക്കും?

PHOTO • Purusottam Thakur

ഒഡീഷയിലെ ബൊലാംഗീറിൽനിന്ന്‌ ചൂളയിലെ കഠിനജോലിക്കായി കുടിയേറിയതിൽ പശ്ചാത്തപിക്കുകയാണ്‌ ധരുവകൾ

"ഞങ്ങൾക്ക്‌ രണ്ട്‌ പെൺമക്കളുണ്ട്‌. ഇരുവരും വിവാഹിതരാണ്‌. ഇപ്പോൾ ഞങ്ങൾ ഒറ്റയ്ക്കായി...ഞങ്ങൾ ചെറിയ രീതിയിൽ കൃഷി ചെയ്യുന്ന  കർഷകരാണ്‌ (നെല്ലും പരുത്തിയുമാണ്‌ കൃഷി, ഈ വർഷം വിളവ്‌ കുറവായിരുന്നു). ഞങ്ങളെ നോക്കാൻ ആരുമില്ല”, ഉർവശി പറയുന്നു.

"ഞങ്ങളുടെ ചെറുപ്പകാലത്ത് രണ്ടുതവണ ഈ ചൂളയിൽ ഞങ്ങൾ വന്നിട്ടുണ്ട്‌. ഇപ്പോൾ ഞങ്ങളുടെ ജീവിത സാഹചര്യങ്ങൾ കാരണം വീണ്ടും വരേണ്ടിവന്നു”, -ദേഗു പറയുന്നു. "പണ്ടൊക്കെ ചൂളയിൽ ജോലിക്കെത്തുമ്പോൾ 500 മുതൽ 1,000 രൂപവരെയായിരുന്നു അഡ്വാൻസ്‌ കിട്ടിയിരുന്നത്. ഇപ്പോൾ ഒരാൾക്ക്‌ 20,000 രൂപയിലധികം കിട്ടും”. തങ്ങളെ ചൂളയിലെത്തിച്ച ബന്ധുക്കൾ ഉടമയിൽനിന്ന്‌ 20,000 രൂപ വാങ്ങിയെങ്കിലും തങ്ങൾക്ക് തന്നത്‌ 10,000 രൂപ മാത്രമാണെന്ന്‌ ദേഗു പറഞ്ഞു.

സാധാരണയായി അഞ്ച് മുതൽ ആറുമാസത്തെ ജോലിക്കുള്ളതാണ്‌ ഈ അഡ്വാൻസ്‌ തുക – വിളവെടുപ്പ് കഴിഞ്ഞാണ്‌ (ജനുവരി - ഫെബ്രുവരി മാസത്താടെ) ഗ്രാമങ്ങളിൽനിന്നുള്ളവർ ചൂളകളിലേക്ക് വരാൻ തുടങ്ങുക.. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ജൂൺ മാസത്തോടെ മടങ്ങുകയും ചെയ്യും.

"പ്രായവും ആരോഗ്യക്കുറവും കാരണം ഇവിടെ വന്നശേഷം എന്റെ മനസ്സ് മാറി”, ദേഗു പറയുന്നു. "അമിതജോലി കാരണം അഡ്വാൻസ് പണം ലേബർ കോൺട്രാക്ടർക്ക്  തിരികെ നൽകി ഗ്രാമത്തിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ചൂള ഉടമ ഞങ്ങളുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറായില്ല. എനിക്കുപകരം ജോലിചെയ്യാൻ മറ്റൊരാളെ നൽകാനാണ്‌ ആവശ്യപ്പെട്ടത്‌. ഞങ്ങൾക്ക്‌ അങ്ങനെയൊരാളെ എവിടെനിന്ന് ലഭിക്കും? അതിനാൽ ഞങ്ങൾ ഇവിടെ കഷ്‌ടപ്പെടുകയാണ്”.

PHOTO • Purusottam Thakur

തൊഴിലാളികൾ താമസിക്കുന്ന താത്ക്കാലിക വാടകവീടുകൾ. വർഷത്തിൽ ആറ് മാസത്തേക്ക് ജോലിക്കായി അഡ്വാൻസ്‌ വാങ്ങുന്നതിനാൽ പലരും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്‌

സംസാരിക്കുന്നതിനൊപ്പം തന്റെ ഗ്രാമത്തിൽനിന്നുള്ള യുവാക്കളായ തൊഴിലാളികളെ ഇഷ്ടിക ഉണക്കാൻ സഹായിക്കുകയാണ്‌ ദേഗു. ഉർവശിയാകട്ടെ, അവർക്കുവേണ്ടി ചോറും പച്ചക്കറിയും പാകം ചെയ്യുന്നു. ചൂളയ്ക്ക് സമീപം തൊഴിലാളികൾ പണിത താത്ക്കാലിക വീടിനുള്ളിൽ ഒരു വിറകടുപ്പിലാണ്‌ പാചകം. നീണ്ട ഒരു സംഭാഷണത്തിനുശേഷമാണ് ധരുവകൾ അവരുടെ പ്രശ്‌നങ്ങൾ ഞങ്ങളോട് പങ്കുവെച്ചത്.

അതിനുശേഷം തെലങ്കാനയിലെ മറ്റുചില ചൂളകളും ഞങ്ങൾ സന്ദർശിച്ചു. പക്ഷേ അവിടെയൊന്നും ഇവരെപ്പോലെ പ്രായമായ ദമ്പതികൾ തൊഴിലെടുക്കുന്നത് ഞങ്ങൾ കണ്ടില്ല. "അവർ വളരെ ക്ഷീണിതരാണ്”, ധരുവ ദമ്പതികളെപ്പറ്റി ശർമ പറഞ്ഞു. "അഡ്വാൻസ്‌ വാങ്ങിയതിലൂടെ അവർ കെണിയിൽപ്പെട്ടുകഴിഞ്ഞു. ഇത് പ് കുടിയേറ്റത്തിന്റെ യാഥാർത്ഥ്യവുംകൂടിയാണ്.'

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

Purusottam Thakur

Purusottam Thakur is a 2015 PARI Fellow. He is a journalist and documentary filmmaker and is working with the Azim Premji Foundation, writing stories for social change.

Other stories by Purusottam Thakur
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup