“നടക്ക്, നടക്ക്, പ്രസവചാലിലേക്ക് വരുന്നതിന് ഗർഭസ്ഥശിശുവിനെ ഞാൻ സഹായിക്കുന്നു”.

ദായിയായി (വയറ്റാട്ടിയായി) നിന്ന്, കുട്ടികളെ ഈ ലോകത്തേക്ക് കൊണ്ടുവന്ന ആ ദിവസങ്ങൾ ഓർക്കുമ്പോൾ ഇന്നും ഗുണമയി മനോഹർ കാംബ്ലെയുടെ കണ്ണുകൾ തിളങ്ങുന്നു. അവരുടെ 86 വർഷങ്ങൾ കടന്നുപോയി. ഒരിക്കൽക്കൂടി, അവർ ആ പഴയ ജാഗ്രത്തായ വയറ്റാട്ടിയായി മാറുന്നു. പ്രസവചാലിൽനിന്ന് കുട്ടി പുറത്തേക്ക് വരുന്ന പ്രക്രിയയെ അവർ ലളിതമായി വിവരിച്ചു. “നമ്മൾ കയ്യിലേക്ക് വളകളിടുന്നില്ലേ, അതുതന്നെ”. അവരുടെ കൈകളിലെ ചുവന്ന വളകൾ അപ്പോൾ തിളങ്ങി.

ഏഴ് ദശാബ്ദങ്ങൾക്കുമുമ്പാണ് വാഗ്‌ദാരി ഗ്രാമത്തിലെ ഗുണമയി എന്ന ദളിതസ്ത്രീ ആദ്യത്തെ പ്രസവമെടുക്കാൻ സഹായിച്ചത്.അതിൽ‌പ്പിന്നെ, ഒസ്മാനാബാദിലെ നൂറുകണക്കിന് കുട്ടികളെ അവർ സുരക്ഷിതമായി അമ്മമാരുടെ ഗർഭപാത്രത്തിൽനിന്ന് പുറത്തെത്തിച്ചു. “കൈകളുടെ മാന്ത്രികശക്തിയാണത്”, നാലുവർഷം മുമ്പ്, 82-ആം വയസ്സിൽ അവസാനമായി പ്രസവത്തിന് സഹായിച്ച ആ മുത്തശ്ശി പറയുന്നു. അവർ അഭിമാനത്തോടെ കൈകൾ കാട്ടി പറയുന്നു. “എന്റെ കൈകൾ ഒരിക്കലും തോറ്റിട്ടില്ല. ദൈവം എന്റെ കൂടെയുണ്ട്”.

സോളാപ്പുർ സിവിൽ ആശുപത്രിയിൽ‌വെച്ചുണ്ടായ ഒരു സംഭവം, ഗുണമയിയുടെ മകൾ വന്ദന ഓർമ്മിക്കുന്നു. സിസേറിയനിലൂടെ മൂന്ന് കുട്ടികളെ പുറത്തെടുക്കാൻ തയ്യാറായ ഡോക്ടർമാരോട്, താൻ ചെയ്യുന്നത് നോക്കി മനസ്സിലാക്കാൻ ഗുണമയി ഉപദേശിച്ചുവത്രെ. “അവർ പറഞ്ഞു, ‘മുത്തശ്ശീ, നിങ്ങൾ ഞങ്ങളെക്കാൾ പരിചയമുള്ളവരാണ്’”. അവരുടെ അത്ഭുതവും മുഖഭാവവും ഓർമ്മിച്ച് ഗുണമയി ചിരിച്ചു.

കുട്ടികളെ ജനിപ്പിക്കുന്നതിനും അപ്പുറത്തേക്ക് നീളുന്നു അവരുടെ വൈദഗ്ദ്ധ്യം. അതിനാൽ, സോളാപ്പുർ, കോലാപ്പുർ, പുണെ തുടങ്ങി, മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിൽനിന്ന് അവരെ തേടി വിളികളെത്തുന്നു. “കുട്ടികളുടെ കണ്ണിലും, ചെവിയിലും മൂക്കിലുമൊക്കെ അബദ്ധത്തിൽ കുടുങ്ങിയ ചെറിയ സാധനങ്ങൾ - വിത്തും മുത്തും പോലെയുള്ളവർ - പുറത്തെടുക്കാൻ ആളുകൾ എന്റെ അമ്മൂമ്മയുടെയടുത്തേക്ക് കുട്ടികളെ കൊണ്ടുവരാറുണ്ടായിരുന്നു“, ഏതാനും മാസങ്ങൾക്കുമുമ്പ്, ഗുണമയിയുടെ ചെറുമകൾ ശ്രീദേവി അഭിമാനത്തോടെ പാരിയോട് പറഞ്ഞു. കുട്ടികളെ പുറത്തെടുക്കുന്നതുപോലെത്തന്നെ പ്രാധാന്യം ഗുണമയി ഈ ജോലികൾക്കും കൊടുത്തിരുന്നു. അതോടൊപ്പം,വയറുവേദന, മഞ്ഞപ്പിത്തം, പനി, ചുമ, എന്നിവയ്ക്കുള്ള പച്ചമരുന്നുകളെപ്പറ്റിയും അവർക്ക് നന്നായറിയാം.

Gunamay Kamble (in green saree) with her family in Wagdari village of Tuljapur taluka . From the left: granddaughter Shridevi (in yellow kurta); Shridevi's children; and Gunamay's daughter Vandana (in purple saree)
PHOTO • Medha Kale

തുൽജാപുർ താലൂക്കിലെ വാഗ്ദാരി ഗ്രാമത്തിൽ തന്റെ കുടുംബത്തോടൊപ്പം ഗുണമയി കാംബ്ലെ (പച്ചസാരിയിൽ). ഇടത്തുനിന്ന്: ചെറുമകൾ ശ്രീദേവി (മഞ്ഞ കുർത്ത), ശ്രീദേവിയുടെ മക്കൾ; ഗുണമയിയുടെ മകൾ വന്ദന (പർപ്പിൾ സാരിയിൽ)

ഗുണമയിയെപ്പോലെയുള്ളവർ വയറ്റാട്ടികളായി സേവനം ചെയ്യുന്ന പ്രസവസഹായികളാണ്. അവർക്ക് ആധുനികമായ പരിശീലനവും സർട്ടിഫിക്കറ്റുകളുമൊന്നുമില്ലെങ്കിലും, ദളിതസമൂഹത്തിൽനിന്ന് വരുന്ന ഇവർ, ഗ്രാമങ്ങളിലെയും താഴ്ന്ന വരുമാനക്കാരുടെ കോളനികളിലെയും ചേരികളിലേയും എത്രയോ അമ്മമാരുടെ തലമുറകളെ പ്രസവത്തിൽ സഹായിച്ചിരിക്കുന്നു. “നിങ്ങൾക്ക് ഇത് കടക്കാൻ സാധിക്കും. എല്ലാം ശുഭമാവും” എന്നാണ് അവർ അമ്മമാർക്ക് കാലാകാലമായി നൽകുന്ന ഉറപ്പ്.

എന്നാൽ കഴിഞ്ഞ 3-4 ദശകങ്ങളായി, പ്രസവകാര്യങ്ങൾക്കായി ആശുപത്രികൾക്ക് സർക്കാരിൽനിന്ന് കിട്ടുന്ന പ്രോത്സാഹനങ്ങൾ ഈ വയറ്റാട്ടികളെ നിശ്ശബ്ദരാക്കിയിരിക്കുന്നു. 1993-93-ലെ ആദ്യത്തെ ദേശീയ കുടുംബാരോഗ്യ സർവേപ്രകാരം (എൻ.എഫ്.എച്ച്.എസ്-1) മഹാരാഷ്ട്രയിലെ പ്രസവങ്ങളിൽ പകുതി മാത്രമേ ആരോഗ്യകേന്ദ്രങ്ങളിൽ നടന്നിരുന്നുള്ളു. എന്നാൽ മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറം 2019-21 ആയപ്പോഴേക്കും (എൻ.എഫ്.എച്ച്.എസ്-5) ഇത് 95 ശതമാനമായി ഉയർന്നു.

ഇരട്ടക്കുട്ടികളെ പുറത്തെടുക്കാനും, തലയ്ക്കുപകരം കാലോ പൃഷ്ഠമോ ആദ്യം പുറത്തേക്ക് വരുന്ന അവസ്ഥയെ കൈകാര്യം ചെയ്യാനും, ചാപിള്ളയാവുന്ന അവസ്ഥയിൽ സഹായിക്കാനും കഴിവുള്ള ഗുണമയിയെപ്പോലുള്ള വയറ്റാട്ടികളെ ഇപ്പോൾ ഉപയോഗിക്കുന്നത്, ആശുപത്രികളിലേക്ക് ഗർഭിണികളെ ശുപാർശചെയ്യാനും, അവരെ അനുഗമിക്കാനുമാണ്. ഗർഭിണികളെ അനുഗമിക്കുന്നതിന് ദായിക്ക് 80 രൂപ ലഭിക്കും.

പ്രസവങ്ങളിൽ തനിക്ക് അഭിനയിക്കേണ്ട റോൾ ശോഷിച്ചുപോയിട്ടും “ഗ്രാമത്തിലെ ആളുകൾക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണ്. അവർ ചായകുടിക്കാനും സമ്മാനങ്ങൾ തരാനും എന്നെ വിളിക്കാറുണ്ട്. എന്നാൽ കല്യാണങ്ങൾക്ക് ക്ഷണിക്കാറില്ല. കല്യാണം കഴിഞ്ഞുള്ള സദ്യ തരും”, എന്ന് ഗുണമയി പറയുന്നു.

*****

മാംഗ് സമുദായത്തിൽ‌പ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച ഗുണമയിയുടെ അച്ഛന് വിദ്യാഭ്യാസമുണ്ടായിരുന്നു. ഗുണമയിയുടെ സഹോദരങ്ങൾ സ്കൂളിൽ പോയിട്ടുമുണ്ട്. എങ്കിലും ഏഴാമത്തെ വയസ്സിൽ ഗുണമയിയുടെ വിവാഹം കഴിഞ്ഞു. ആർത്തവം കഴിഞ്ഞതിനുശേഷം അവർ ഭർത്താവിന്റെ വീട്ടിലേക്ക് താമസം മാറ്റി. “എനിക്ക് 10-ഓ, 12-ഓ വയസ്സേ ഉണ്ടായിരുന്നുള്ളു. അപ്പോഴും പാവാടയായിരുന്നു വേഷം. ഞാൻ വാഗ്ദരിയിലെത്തിയ വർഷമാണ് നൽദുർഗ് കോട്ട പിടിച്ചെടുത്തത്” എന്ന് അവർ ഓർത്തെടുക്കുന്നു. ഹൈദരാബാദിലെ നൈസാമിന്റെ ഭരണകാലത്ത് ഇന്ത്യൻ സൈന്യം കോട്ട പിടിച്ചെടുത്തതിനെയാണ് അവർ ഉദ്ദേശിച്ചത്.

ഒസ്മാനബാദ് ജില്ലയിലെ തുൽജാപുർ താലൂക്കിലെ വാഗ്ദാരി എന്ന ഗ്രാമത്തിൽ 265 വീടുകളാണുള്ളത് (സെൻസസ് 2011). ഗ്രാമാതിർത്തിക്ക് പുറത്തുള്ള ഒരു ദളിത് ചേരിയിലാണ് ഗുണമയി കഴിഞ്ഞത്. ഒറ്റമുറി വീടായിരുന്നു ഗുണമയിയുടേത്. 2019-ൽ ദളിതർക്കുവേണ്ടിയുള്ള ഭവനപദ്ധതിയായ രമായി ആവാസ് യോജനപ്രകാരം രണ്ട് മുറികൾകൂടി പണിതു.

Gunamay sitting on a metal cot in her courtyard
PHOTO • Medha Kale
Vandana and Shridevi with Gunamay inside her home. When she fell ill in 2018, Gunamay had to leave the village to go live with her daughters
PHOTO • Medha Kale

ഇടത്ത്: മുറ്റത്തെ ലോഹക്കട്ടിലിൽ ഇരിക്കുന്ന ഗുണമയി. വലത്ത്: വീടിനകത്ത്, ഗുണമയിയോടൊപ്പമിരിക്കുന്ന വന്ദനയും ശ്രീദേവിയും. 2018-ൽ അസുഖബാധിതയായതോടെ, ഗ്രാമം ഉപേക്ഷിച്ച് മക്കളുടെ കൂടെ പോയി താമസിക്കേണ്ടിവന്നു ഗുണമയിക്ക്

വിവാഹം കഴിഞ്ഞ് പുതുപെണ്ണായി ഗ്രാമത്തിലേക്ക് വന്ന ഗുണമയി, ഭർത്താവിന്റെ വീട്ടുകാരോടൊപ്പം, മൺചുമരുകളുള്ള വീട്ടിലാണ് കഴിഞ്ഞത്. കുടുംബത്തിന് സ്വന്തമായി സ്ഥലമൊന്നുമുണ്ടായിരുന്നില്ല. ഭർത്താവ് മനോഹർ കാംബ്ലെ ഗ്രാമത്തെയും അതിന്റെ മുഖ്യനേയും സേവിച്ച് കഴിയുകയായിരുന്നു. ചെയ്യുന്ന ജോലിക്ക് പകരമായി, വർഷത്തിലൊരിക്കൽ കാർഷികോത്പന്നങ്ങളായിരുന്നു കൂലിയായി കിട്ടിയിരുന്നത്. ബലുതെദാരി എന്ന ഒരു പരമ്പരാഗത കൈമാറ്റ സമ്പ്രദായമായിരുന്നു കൂലിക്കുള്ള ബദൽമാർഗ്ഗം.

പക്ഷേ അതുകൊണ്ട് മാത്രം കുടുംബത്തെ പോറ്റാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഗുണമയി ആടുകളേയും എരുമകളേയും വളർത്താൻ തുടങ്ങി. വീട്ടിലുണ്ടാക്കിയ നെയ്യ് അവർ വിൽക്കുകയും ചെയ്തു. പിന്നീട്, 1972-ലെ വരൾച്ചയ്ക്കുശേഷം പുതുതായി അവതരിപ്പിക്കപ്പെട്ട തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്ന് കൂലിപ്പണിക്ക് പോകാൻ തുടങ്ങി. പ്രസവസഹായത്തിലും പതുക്കെപ്പതുക്കെ ഏർപ്പെട്ടു.

“പ്രസവമെടുക്കുക അപകടം പിടിച്ച പണിയാണ്. ഒരാളുടെ കാലിൽനിന്ന് ഒരു മുള്ളെടുക്കുന്നതുപോലും ബുദ്ധിമുട്ടുള്ളതാണെന്നിരിക്കെ, ഇവിടെ ഒരു സ്ത്രീയിൽനിന്ന് ഒരു മുഴുവൻ ശരീരമാണ് പുറത്തേക്ക് വരുന്നത്”, അവർ പറയുന്നു. ഇത്ര പ്രധാനപ്പെട്ടതും ഗൌരവുമുള്ളതുമായ ജോലി ചെയ്തിട്ടും, “ആളുകൾ അവർക്ക് തോന്നിയതുമാത്രമേ തന്നിരുന്നുള്ളു“. “ചിലർ ഒരു പിടി ധാന്യം തരും. അല്ലെങ്കിൽ 10 രൂപ. എപ്പൊഴോ ഒരിക്കൽ ഗ്രാമത്തിൽനിന്ന് ദൂരെയുള്ള ആരെങ്കിലും നൂറ് രൂപയോ മറ്റോ തന്നിട്ടുണ്ടാവാം എന്നുമാത്രം”, അവർ കൂട്ടിച്ചേർക്കുന്നു.

രാത്രി മുഴുവൻ അവർ പ്രസവിച്ച സ്ത്രീയുടേയും കുഞ്ഞിന്റേയും കൂടെ കഴിയും. പിന്നെ അവരെ കുളിപ്പിച്ച് വീട്ടിലേക്ക് പോവും. “ഞാൻ ആരുടേയും വീട്ടിൽനിന്ന് ചായ കുടിക്കുകയോ കഴിക്കുകയോ ചെയ്തിട്ടില്ല. ഒരു പിടി ധാന്യമെടുത്ത്, സാരിത്തുമ്പിൽ കെട്ടി ഞാൻ പോവും”, അവർ ഓർമ്മിക്കുന്നു.

എട്ടുവർഷം മുമ്പ്, ഒരു അഭിഭാഷകന്റെ കുടുംബം 10 രൂപ കൊടുത്തത് അവർക്ക് ഓർമ്മയുണ്ട്. രാത്രിമുഴുവൻ അവർ ആ വീട്ടിലെ മരുമകളുടെ ബുദ്ധിമുട്ടുള്ള പ്രസവത്തിൽ സഹായിച്ചു. “രാവിലെ ആ പെണ്ണ് പ്രസവിച്ചു. ഒരാൺകുട്ടി. ഞാൻ പോകാൻ തുടങ്ങുമ്പോൾ അവളുടെ അമ്മായിയമ്മ വന്ന് 10 രൂപ തന്നു. ഞാൻ ആ പണം തിരിച്ചുകൊടുത്ത് അവരോട് പറഞ്ഞു, ‘ഞാൻ കൈയ്യിൽ ധരിച്ചിട്ടുള്ള ഈ വളയ്ക്ക് 200 രൂപയാണ് വില. ഈ 10 രൂപ നിങ്ങൾതന്നെ കൈയ്യിൽ‌വെച്ച് ഏതെങ്കിലും ഭിക്ഷക്കാരന് ബിസ്ക്കറ്റ് വാങ്ങിക്കൊടുക്ക്’“ എന്ന്.

Gunamay's daughter Vandana (in purple saree) says dais are paid poorly
PHOTO • Medha Kale
‘The bangles I am wearing cost 200 rupees,' Gunamay had once told a lawyer's family offering her Rs. 10 for attending a birth. ‘ Take these 10 rupees and buy a packet of biscuits for a beggar'
PHOTO • Medha Kale

ഇടത്ത്: വയറ്റാട്ടികൾക്ക് തുച്ഛമായ പണമാണ് കിട്ടുന്നതെന്ന് ഗുണമയിയുടെ മകൾ വന്ദന (പർപ്പിൾ സാരിയിൽ) പറയുന്നു. വലത്ത്: ‘ഞാൻ കൈയ്യിലിട്ടിരിക്കുന്ന ഈ വളകൾക്ക് 200 രൂപയാണ്’, പ്രസവത്തിൽ സഹായിച്ചതിന് 10 രൂപ വെച്ചുനീട്ടിയ ഒരു അഭിഭാഷക്ന്റെ കുടുംബത്തോട് ഗുണമയി ഒരിക്കൽ പറഞ്ഞു. 'ഈ 10 രൂപ തിരിച്ചെടുത്ത് ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി ഏതെങ്കിലും ഭിക്ഷക്കാരന് കൊടുക്കൂ’

വിലയില്ലായ്മയും, തുച്ഛമായ വേതനവുമാണ് ഗുണമയിയുടെ മൂത്ത മകൾ വന്ദനയെ ഈ പണി ചെയ്യുന്നതിൽനിന്ന് വിലക്കുന്നത്. “ആരും ഒന്നും തരില്ല. ആളുകളും സർക്കാരും. ഒരു വിലയുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ അദ്ധ്വാനിക്കുന്നത്? എനിക്ക് എന്റെ നാല് കുട്ടികളെ വളർത്തണം. അതുകൊണ്ട് ഞാനാ പണി നിർത്തി, കൂലിപ്പണിക്ക് പോയിത്തുടങ്ങി”, ഇപ്പോൾ പുനെയിൽ താമസമാക്കിയ വന്ദന പറയുന്നു. ഗുണമയിതന്നെയാണ് അവരെ പരിശീലിപ്പിച്ചതെങ്കിലും ഇപ്പൊൾ അവർ നവജാതശിശുവിനെയും അമ്മയേയും കുളിപ്പിക്കുന്നതിൽ മാത്രമേ സഹായിക്കുന്നുള്ളു.

വന്ദനയ്ക്കും മൂന്ന് സഹോദരിമാർക്കുംകൂടി 14 കുട്ടികളാണുള്ളത്. അതിൽ ഒരാളെയൊഴിച്ച് എല്ലാവരേയും പുറത്തെടുത്തത് ഗുണമയിയായിരുന്നു. മൂന്നാമത്തെ മകളെ അവരുടെ ഭർത്താവ് ഒരാശുപത്രിയിലേക്ക് കൊണ്ടുപോയി. “എന്റെ മരുമകൻ സ്കൂൾ ടീച്ചറായിരുന്നു (ഇപ്പോൾ വിരമിച്ചു). അയാൾക്ക് വീട്ടിലെ പ്രസവത്തിലും, അതിലുള്ള എന്റെ കഴിവിലുമൊന്നും വിശ്വാസമുണ്ടായിരുന്നില്ല”, ഗുണമയി വിശദീകരിച്ചു.

കഴിഞ്ഞ2 – 3 ദശാബ്ദങ്ങളായി കൂടുതൽക്കൂടുതൽ സ്ത്രീകൾ സിസേറിയന് താത്പര്യം പ്രകടിപ്പിക്കുകയോ അതിന് പ്രേരിപ്പിക്കപ്പെടുകയോ ചെയ്യുന്നത് ഗുണമയിയെ നിരാശയാക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ അത്തരം ശസ്ത്രക്രിയകൾ വർദ്ധിച്ചുവരികയാണ്.2019-21-ൽ സർക്കാർ ആശുപത്രികളിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ എണ്ണം 25 ശതമാനമായിരുന്നു എന്ന് എൻ.എഫ്.എച്ച്.എസ്-5 ചൂണ്ടിക്കാട്ടുന്നു. സ്വകാര്യാശുപത്രികളിൽ പോയി സീസേറിയൻ ചെയ്തവരുടെ എണ്ണം അതിലും കൂടുതലാണ്. 39 ശതമാനം.

“ഗർഭവും പ്രസവവുമൊക്കെ സ്വാഭാവികമായ പ്രക്രിയയാണ്”, ഗുണമയി പറയുന്നു. മുറിക്കുക, തുന്നുക എന്നൊക്കെ അവർ വിശേഷിപ്പിക്കുന്ന പ്രക്രിയകളോട് ഗുണമയിക്ക് ശക്തമായ അഭിപ്രായങ്ങളുണ്ട്. “ആദ്യം അവർ കീറുന്നു. പിന്നെ തുന്നും. അതിനുശേഷം ഒരു സ്ത്രീക്ക് എഴുന്നേൽക്കാനോ ഇരിക്കാനോ കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പ്രസവിക്കുന്ന ഒരു സ്ത്രീയുടെ ശരീരഭാഗങ്ങൾ വളരെ മൃദുവും നേർമ്മയുള്ളതുമാണ്”. വയറ്റാട്ടികൾക്കിടയിലുള്ള പൊതുവായ ഒരു ധാരണ അവരും പങ്കുവെച്ചു.”മറുപിള്ള വരുന്നതിനുമുൻപ് പൊക്കിൾക്കൊടി മുറിക്കരുത്. കാരണം, അങ്ങിനെ ചെയ്താൽ, മറുപിള്ള കരളിൽ ചെന്ന് ഒട്ടിപ്പിടിക്കും”.

പ്രസവത്തെക്കുറിച്ചുള്ള തന്റെ അറിവ് മുഴുവൻ, സ്വയം അമ്മയായിരുന്ന കാലത്തിൽനിന്ന് കിട്ടിയതാണെന്ന് അവർ പാരിയോട് സമ്മതിച്ചു. “എന്റെ സ്വന്തം കുട്ടികളെ പ്രസവിച്ചതിൽനിന്നാണ് ഞാൻ പലതും പഠിച്ചത്. സങ്കോചിക്കുമ്പോൾ ശക്തിയായി തള്ളണമെന്നും, അമ്മയുടെ വയർ ഉഴിയണമെന്നും, കുട്ടിയെ ഉന്തി പുറത്താക്കണമെന്നും ഞാൻ പഠിച്ചത് അങ്ങിനെയാണ്”, തന്റെ കൌമാരവർഷങ്ങൾ ഓർമ്മിച്ചുകൊണ്ട് അവർ പറഞ്ഞു. “ആരെയും അടുത്തുവരാൻ ഞാൻ സമ്മതിച്ചില്ല. എന്റെ സ്വന്തം അമ്മയെത്തന്നെ ഞാൻ പുറത്ത് നിർത്തി. എല്ലാം കഴിഞ്ഞിട്ട് വിളിച്ചുപറയും”.

Gunamay (left) practiced as a dai for most of her 86 years . A lot of her learning came from her experiences of giving birth to Vandana (right) and three more children
PHOTO • Medha Kale
Gunamay (left) practiced as a dai for most of her 86 years . A lot of her learning came from her experiences of giving birth to Vandana (right) and three more children
PHOTO • Medha Kale

ഗുണമയി (ഇടത്ത്) 86 വർഷത്തിൽ കൂടുതൽ ഭാഗവും വയറ്റാട്ടിയായി ജോലി ചെയ്തു. വന്ദനയേയും (ഇടത്ത്), പിന്നീട് മൂന്ന് കുട്ടികളേയും പ്രസവിച്ചതിൽനിന്ന് സ്വന്തമായി കിട്ടിയ അറിവാണ് അവർക്കുള്ളത്

ചാപിള്ളയാവുന്ന സംഭവങ്ങളിലും ഗുണമയിയുടെ കഴിവുകൾ തേടി ആളുകൾ വരാറുണ്ട്. പ്രസവവേദന അനുഭവിച്ചിരുന്ന ഒരു സ്ത്രീയുടെ കഥ ഓർത്തുകൊണ്ട് അവർ പറയുന്നു “കുട്ടി ഗർഭപാത്രത്തിൽത്തന്നെ മരിച്ചുവെന്ന് എനിക്ക് മനസ്സിലായി”. മരിച്ച കുട്ടിയെ പുറത്തെടുക്കാൻ അമ്മയെ സോളാപ്പൂരിൽ സിസേറിയന് വിധേയയാക്കണമെന്ന് അടുത്തുള്ള ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. “അവർക്കതിന്റെ ചിലവ് താങ്ങാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് കുറച്ച് സമയം തരാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. എന്നിട്ട്, അവരുടെ വയർ മെല്ലെമെല്ലെ ഉഴിഞ്ഞ് കുട്ടിയുടെ ശരീരം പുറത്തേക്കെടുത്തു. “ശരീരത്തിൽ സങ്കോചമൊന്നുമുണ്ടാവില്ലെന്നതിനാൽ ഇത് കൂടുതൽ ബുദ്ധിമുട്ടാണ്”, വന്ദന പറയുന്നു.

“ഗർഭപാത്രത്തിന് സ്ഥാനചലനം സംഭവിച്ച സ്ത്രീകളേയും ഞാൻ സഹായിക്കാറുണ്ട്. പക്ഷേ പ്രസവത്തിനുശേഷം ഉടനേ സംഭവിച്ചതാണെങ്കിൽ മാത്രം. പിന്നീട് എന്തായാലും ഡോക്ടറെ കാണിക്കുകതന്നെ വേണം”, എപ്പോഴാണ് കാര്യങ്ങൾ ഭിഷഗ്വരന്മാരെ ഏൽ‌പ്പിച്ച് പിന്മാറേണ്ടത് എന്ന് കൃത്യമായി അറിയുന്ന ഗുണമയി പറയുന്നു.

വയറ്റാട്ടികൾക്ക് പരിശീലനം കൊടുക്കുന്ന ഒരു പദ്ധതി 1977-ൽ ദേശീയതലത്തിൽ ആരംഭിക്കുകയുണ്ടായി. ഏതാണ്ട് അക്കാലത്തുതന്നെ, വിവിധ സന്നദ്ധസംഘടനകളും, അവരവരുടെ ആരോഗ്യപദ്ധതികളുടെ ഭാഗമായി വയറ്റാട്ടികൾക്ക് പരിശീലനം കൊടുക്കാൻ ആരംഭിച്ചു.

“ഞാൻ സോളാപ്പൂരിൽ പരിശീലനത്തിന് പോയിരുന്നു. എപ്പോഴായിരുന്നുവെന്ന് ഓർമ്മവരുന്നില്ല”, വീട്ടിൽനിന്ന് പതുക്കെ പുറത്തിറങ്ങി, മുറ്റത്തുള്ള പുളിമരത്തിന്റെ ചുവട്ടിലേക്ക് നടക്കുമ്പോൾ ഗുണമയി പറഞ്ഞു. “അവർ ഞങ്ങൾക്ക് വൃത്തിയെക്കുറിച്ച് പറഞ്ഞുതന്നു. വൃത്തിയുള്ള കൈകൾ, വൃത്തിയുള്ള കത്തി, പൊക്കിൾക്കൊടി മുറിക്കാനുള്ള നൂൽ തുടങ്ങിയവയെക്കുറിച്ച്. ഓരോ പ്രസവത്തിനും ഞാൻ പുതിയ കിറ്റ് ഉപയോഗിച്ചിരുന്നു. പക്ഷേ അവർ പറഞ്ഞുതന്നത് മുഴുവനും പിന്തുടർന്നതൊന്നുമില്ല”, സത്യസന്ധമായി അവർ പറയുന്നു. സ്വന്തം അറിവും, കഴിവും, അനുഭവങ്ങളും കൂടുതൽ വിലയേറിയതാണെന്ന് അവർക്കറിയാമായിരുന്നിരിക്കണം.

2018-ൽ, ബോധരഹിതയായി വീണതിനെത്തുടർന്ന്, ഗുണമയി പെണ്മക്കളുടെ കൂടെ താമസിക്കാൻ തുടങ്ങി. ചിലപ്പോൾ, തുൽജാപുർ ബ്ലോക്കിലെ കാസയിലും, അതല്ലെങ്കിൽ പുനെ നഗരത്തിലും. പക്ഷേ, ഗുണമയിതന്നെ പറഞ്ഞതുപോലെ “ഇന്ദിരാഗാന്ധി രാജ്യാധികാരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തതുപോലെ, (താൻ) പ്രസവമെടുക്കുന്ന തൊഴിലും ഏറ്റെടുത്ത” തന്റെ വാഗ്ദാരിയിൽ താമസിക്കാൻ‌തന്നെയാണ് അവർക്കേറ്റവും ഇഷ്ടം.

പിൻ‌കുറിപ്പ്: കഴിഞ്ഞ കുറച്ച് മാസങ്ങളായി അവരുടെ ആരോഗ്യനില മോശമായിരുന്നു. പ്രസിദ്ധീകരിക്കാനായി ഈ ലേഖനം തയ്യാറാക്കുന്ന സമയത്ത്, 2022, നവംബർ 11-ന് അവർ അന്തരിച്ചു.

ആസ് വി സീ ഇറ്റ്’ എന്ന, 2010- ലെ തതാപി-ഡബ്ല്യു.എച്ച്.ഒ. ഇന്ത്യാ പബ്ലിക്കേഷനിൽ ഈ ലേഖനം മറ്റൊരു രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Medha Kale

Medha Kale is based in Pune and has worked in the field of women and health. She is the Translations Editor, Marathi, at the People’s Archive of Rural India.

Other stories by Medha Kale
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat