വലിയൊരു അലൂമിനിയ പാത്രത്തിനു മീതെ കുനിഞ്ഞു നിന്നുകൊണ്ട് പ്രകാശ് ഭഗത് ഒരു തവികൊണ്ട് ആലു-മട്ടറിന്‍റെ (കിഴങ്ങും പട്ടാണിയും) ചാർ ഇളക്കുന്നു. വലതുകാൽ അന്തരീക്ഷത്തിൽ തൂക്കിയിട്ട്, ഒരു മരവടിയുപയോഗിച്ച് സ്വയം വീഴാതെ ശ്രദ്ധിച്ച്, ഇടതു കാലിൽ ഭാരം മുഴുവൻ താങ്ങി അദ്ദേഹം നിൽക്കുന്നു.

"10 വയസ്സുള്ളപ്പോൾ മുതൽ വടിയുപയോഗിച്ചാണ് നടക്കുന്നതെന്ന് എനിക്കു തോന്നുന്നു”, 52-കാരനായ ഭഗത് പറഞ്ഞു. "കുഞ്ഞായിരുന്നപ്പോൾ മുതൽ കാലില്‍ പിടിച്ചാണ്‌ ഞാൻ നടന്നത്. ഞാനൊരു ഞരമ്പു പിടിച്ചുവലിച്ചതാണെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു.”

വൈകല്യം ഭഗതിന്‍റെ തീരുമാനത്തെ ബാധിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ പൻവേൽ താലൂക്കിലെ തന്‍റെ ഗ്രാമമായ പാര്‍ഗാവിൽ നിന്നും ഒരുപാടുപേർ ഡൽഹിയിലേക്കു പോകുന്ന വാഹന ജാഥയിൽ ചേരാൻ തീരുമാനിച്ചപ്പോൾ, ഒപ്പം കൂടുന്നതിനായി രണ്ടു തവണ അദ്ദേഹം ചിന്തിച്ചു നിന്നില്ല. "ഞാൻ ഇവിടെ ഒരു കാരണത്തിനു വേണ്ടിയാണ് വന്നിട്ടുള്ളത്”, ചാർ രുചിച്ചു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ വർഷം സെപ്തംബറിൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ ദേശീയ തലസ്ഥാനത്തിന്‍റെ അതിർത്തികളിലായി മൂന്നു സ്ഥലങ്ങളിൽ പതിനായിരക്കണക്കിനു കർഷകർ സമരം ചെയ്തു കൊണ്ടിരിക്കുന്നു. സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി ഡിസംബർ 21-ന് മഹാരാഷ്ടയിൽ നിന്നുള്ള ഏകദേശം 2,000 കർഷകർ ഏകദേശം 1,400 കിലോമീറ്ററുകൾ അകലെ ഡൽഹിയിലേക്കു പോകുന്ന ജാഥയിൽ പങ്കെടുക്കുന്നതിനായി നാസികിൽ ഒത്തുകൂടി.

പാര്‍ഗാവ് ഗ്രാമത്തിൽ നിന്നും 39 പേർ ചേരാനും തീരുമാനിച്ചു. "ഈ രാജ്യത്തെ കർഷകർ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു”, ഭഗത് പറഞ്ഞു. “അവരിൽ കൂടുതൽ പേർക്കും ഉത്പന്നങ്ങൾക്ക് ഉറപ്പുള്ള വില ലഭിക്കണം. ഈ കാർഷിക നിയമങ്ങൾ അവരെ കൂടുതൽ കടത്തിലേക്കു തള്ളിവിടും. കർഷകർ വലിയ കമ്പനികളുടെ തുവിലായിത്തീരും, അവ അവരെ ചൂഷണം ചെയ്യുകയും ചെയ്യും. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകരെയാണ് കാർഷിക നിയമങ്ങൾ വളരെപ്പെട്ടെന്ന് ബാധിക്കുക. അതുകൊണ്ടാണ് പ്രക്ഷോഭത്തിൽ അവർ മുന്നിട്ടു നില്‍ക്കുന്നത്. പക്ഷേ രാജ്യത്തുടനീളുള്ള കർഷകരെ അവ ബാധിക്കില്ലെന്ന് ഇതിനർത്ഥമില്ല.”

Bhagat and his colleagues get to work
PHOTO • Shraddha Agarwal
The bus is stacked with onions, potatoes and rice, among other items. When activists leading the march stop, Bhagat and his colleagues get to work
PHOTO • Shraddha Agarwal

മറ്റു സാധനങ്ങൾ കൂടാതെ ഉള്ളി, ഉരുളക്കിഴങ്ങ് , അരി എന്നിവകൊണ്ട് ബസ് നിറഞ്ഞിരുന്നു. ജാഥ നയിക്കുന്ന പ്രവർത്തകർ നിർത്തുമ്പോൾ ഭഗതും സഹപ്രവർത്തകരും ജോലി ആരംഭിക്കുന്നു.

ഭഗത് ഒരു മീന്‍പിടുത്തക്കാരനാണ്. "കർഷകരെ പിന്തുണക്കുന്നതിന് ഞാനെന്തിനു കർഷകനാവണം?”, അദ്ദേഹം ചോദിച്ചു. "കൃഷിയാണ് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ നയിക്കുന്നതെന്ന് കൂടുതൽ പേർക്കും അറിയില്ല. കർഷകർ ബുദ്ധിമുട്ടിലായാൽ ആർ എന്‍റെ മത്സ്യങ്ങൾ വാങ്ങും?"

ഭഗത് ഞണ്ട്, കൊഞ്ച്, എന്നിവയൊക്കെ പിടിച്ച് പൻവേലിലെ വിപണിയിൽ വിറ്റ് മാസം 5,000 രൂപ സമ്പാദിക്കുന്നു. "എനിക്ക് സ്വയം പ്രവർത്തന ശേഷിയുള്ള വലിയ ബോട്ടുകൾ ഇല്ല”, അദ്ദേഹം പറഞ്ഞു. "മത്സ്യം പിടിക്കാൻ പോകുമ്പോൾ ഞാൻ എല്ലാം കൈകൊണ്ടു ചെയ്യുന്നു. മറ്റു മീൻപിടുത്തക്കാർ നിന്നിട്ട് ചൂണ്ട എറിയുന്നു. എന്‍റെ പ്രശ്നം കാരണം എനിക്ക് ബോട്ടിൽ വീഴാതെ നിൽക്കാൻ പറ്റില്ല. അതുകൊണ്ട് എനിക്ക് ഇരുന്നേ മീൻ പിടിക്കാൻ പറ്റൂ.”

മീൻപിടുത്തക്കാരനാണെങ്കിലും ആട്ടിറച്ചി പാചകം ചെയ്യാനാണ് ഭഗതിന് താൽപര്യം. "ഗ്രാമീണ രീതിയിൽ പാചകം ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നു”, അദ്ദേഹം വ്യക്തമാക്കി. “ഗ്രാമത്തിലെ വിവാഹങ്ങൾക്കായി വ്യത്യസ്ത വിഭവങ്ങൾ ഞാൻ ഉണ്ടാക്കുന്നു. അതിന് ഞാൻ പൈസയൊന്നും വാങ്ങില്ല. ഇഷ്ടംകൊണ്ടാണ് ഞാനത് ചെയ്യുന്നത്. ഉത്സവത്തിനോ മറ്റു പരിപാടികള്‍ക്കോ വേണ്ടി ഗ്രാമത്തിനു പുറത്തു നിന്നും ആരെങ്കിലും വിളിക്കുകയാണെങ്കിൽ യാത്ര ക്രമീകരിക്കാൻ ഞാൻ ആവശ്യപ്പെടും. അങ്ങനെ ജാഥയിൽ പങ്കെടുക്കുന്ന കാര്യം എന്‍റെ ഗ്രാമത്തിലുളളവർ അന്തിമമായി തീരുമാനിച്ചപ്പോൾ അവർക്കു വേണ്ടി ഭക്ഷണം പാകം ചെയ്യാമെന്ന് ഞാൻ വാഗ്ദാനം ചെയ്തു.” ഈ പ്രതിഷേധ ജാഥയിൽ ഏകദേശം 40 പേർക്ക് അദ്ദേഹം ഭക്ഷണം ഉണ്ടാക്കുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) യോടു ചേർന്നു പ്രവർത്തിക്കുന്ന അഖിലേന്ത്യാ കിസാൻ സഭ സംഘടിപ്പിച്ചിരിക്കുന്ന ജാഥയിൽ പങ്കെടുക്കാൻ പാര്‍ഗാവ് നിവാസികൾ ഒരു ബസ് വാടകയ്ക് എടുത്തു. പ്രധാനമായും ടെമ്പോകളും നാൽചക്ര വാഹനങ്ങളും നിറഞ്ഞ ഒരു സംഘത്തിനിടയിൽ ഓറഞ്ച് നിറമുള്ള വലിയ ബസ് വേറിട്ടു നിൽക്കുന്നു. ബസിൽ സാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് 6 കിലോ ഉള്ളിയും, 10 കിലോ ഉരുളക്കിഴങ്ങും, 5 കിലോ തക്കാളിയും, 50 കിലോ അരിയും മറ്റു സാധനങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്നു. ജാഥ നയിക്കുന്ന പ്രവർത്തകർ റാലിക്കുവേണ്ടി നിർത്തുന്ന നിമിഷം ഭഗതും സഹപ്രവർത്തരും പണി ആരംഭിക്കുന്നു.

Bhagat cutting onion
PHOTO • Shraddha Agarwal
Bhagat cooking for the farmer brothers
PHOTO • Shraddha Agarwal

‘എല്ലാ സമയത്തും പാചകം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു..... അങ്ങനെ എന്‍റെ ഗ്രാമത്തിലെ ജനങ്ങൾ ജാഥയിൽ പങ്കെടുക്കാൻ അന്തിമമായി തീരുമാനിച്ചപ്പോൾ അവർക്കു വേണ്ടി ഭക്ഷണം പാചകം ചെയ്യാമെന്ന് ഞാൻ വാഗ്ദാനം ചെയ്തു.’

ഭഗത് തന്‍റെ മരവടിയുമെടുത്ത് ബസിനുള്ളിലെ ‘സ്റ്റോർമുറി’യിലേക്ക് കയറിപ്പോയി. ഭക്ഷണം ഉണ്ടാക്കുന്നതിനു വേണ്ട സാധനങ്ങളൊക്കെ, വലിയ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ, അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരിൽ ഒരാൾ പുറത്തേക്കെടുത്തു. ഡിസംബർ 22-ന് മാലേഗാവ് പട്ടണത്തില്‍ നിശ്ചയിച്ചിരുന്ന ഉച്ചഭക്ഷണം ചോറും ആലൂ-മട്ടറും (ഉരുളക്കിഴങ്ങും പട്ടാണിയും) ആയിരുന്നു. “മൂന്നു ദിവസത്തേക്ക് ഞങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഉണ്ടായിരുന്നു”, ബസിനു തൊട്ടടുത്തു വിരിച്ച ഷീറ്റിൽ സ്വസ്ഥമായിരുന്ന് വിദഗ്ദമായി ഉള്ളി അരിഞ്ഞു കൊണ്ടു ഞങ്ങളോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഭഗത് പറഞ്ഞു. “ഞങ്ങളിൽ ഭൂരിപക്ഷം പേരും മദ്ധ്യപ്രദേശ് അതിർത്തിയിൽ നിന്നും തിരിച്ചു നാട്ടിലേക്കു പോകും. കുറച്ചുപേർ ഡൽഹിയിലേക്കു പോകും. ജോലിയിൽ നിന്നും ഞങ്ങൾക്ക് ദീർഘ കാലത്തേക്ക് മാറി നിൽക്കാനാവില്ല.”

തന്‍റെ ഗ്രാമമായ പാര്‍ഗാവിലെ ഭൂരിപക്ഷം നിവാസികളും കോലി സമുദായത്തിൽ ഉൾപ്പെടുന്നു. ഉപജീവനത്തിനായി അവർ മത്സ്യം പിടിക്കുന്നു. "മാസത്തിൽ 15 ദിവസം ഞങ്ങൾ കടലിൽ പോകുന്നു. വേലിയിറക്ക സമയത്ത് ഞങ്ങൾക്കു മീൻ പിടിക്കാൻ കഴിയില്ല”, ഭഗത് പറഞ്ഞു. ഈ ആഴ്ച വെള്ളിയോ ശനിയോ, വേലിയേറ്റ സമയത്ത്, അദ്ദേഹത്തിനു പാര്‍ഗാവിലേക്കു തിരിച്ചു പോകണം”, അദ്ദേഹം കൂട്ടിച്ചേർത്തു. “ലോക്ക്ഡൗൺ മുതൽ ഞങ്ങൾ ഒരുപാടു സഹിക്കുന്നു. സ്വന്തം സുരക്ഷയ്ക്കായി ഞങ്ങൾക്കു മീൻപിടുത്തം നിര്‍ത്തേണ്ടി വന്നു. കൊറോണ വൈറസ് പിടിപ്പിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ലായിരുന്നു. വിപണിയിൽ മത്സ്യം വിൽക്കാനും പോലീസ് ഞങ്ങളെ അനുവദിക്കുമായിരുന്നില്ല. മറ്റൊരു അവധി കൂടി ഞങ്ങൾക്കു താങ്ങാൻ കഴിയില്ല.”

ലോക്ക്ഡൗണിന്‍റെ ആദ്യ ഘട്ടങ്ങളിൽ പാര്‍ഗാവ് നിവാസികൾ തങ്ങളുടെ ഗ്രാമത്തിലേക്കുള്ള പ്രവേശനം പൂർണ്ണമായും അടച്ചിരുന്നു. "സംസ്ഥാനം ചില നിയന്ത്രണങ്ങൾ എടുത്തു മാറ്റിയിട്ടും ഞങ്ങൾ അത് തുറന്നില്ല”, ഭഗത് പറഞ്ഞു. “വൈറസിൽ നിന്നുള്ള സുരക്ഷയ്ക്കായി ആരും തങ്ങളുടെ ബന്ധുക്കളെപ്പോലും ഗ്രാമത്തിലേക്കു പ്രവേശിപ്പിച്ചില്ല.”

ലോക്ക്ഡൗൺ സമയത്ത് ഒരാളെപ്പോലും അതിർത്തികൾ ലംഘിക്കാൻ അനുവദിക്കാതിരുന്ന ഒരു ഗ്രാമത്തിൽ നിന്നും 39 പേർ, ആയിരങ്ങൾ പങ്കെടുത്ത ഒരു ജാഥയിൽ, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരോടൊപ്പം അണി നിരന്നു. "കർഷകരെ പിന്തുണയ്ക്കുന്നതിനായി രണ്ടു തവണ നിങ്ങൾ ചിന്തിക്കാന്‍ നില്‍ക്കരുത്", ഭഗത് പറയുന്നു.

എഴുതിയത്: പാർത്ഥ് എം. എൻ., ഫോട്ടോ : ശ്രദ്ധ അഗർവാൾ

പരിഭാഷ - റെന്നിമോന്‍ കെ. സി.

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Shraddha Agarwal

Shraddha Agarwal is a Reporter and Content Editor at the People’s Archive of Rural India.

Other stories by Shraddha Agarwal
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.