“2018-ലെ ദീര്‍ഘദൂര ജാഥ യില്‍ ഞങ്ങള്‍ താര്‍പാ വായിച്ചു, ഇന്നും ഞങ്ങള്‍ വായിക്കാന്‍ പോകുന്നു. എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളിലും ഞങ്ങള്‍ ഇത് വായിക്കുന്നു”, കൈയിലുള്ള ഉപകരണത്തെ പരാമര്‍ശിച്ചുകൊണ്ട് രൂപേഷ് റോജ് പറഞ്ഞു. തലസ്ഥാന അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന മറ്റു കര്‍ഷകരെ (അവര്‍ പ്രധാനമായും പഞ്ചാബ്-ഹരിയാനയില്‍ നിന്നുള്ളവരാണ്) പിന്തുണക്കുന്നതിനായി മഹാരാഷ്ട്രയില്‍ നിന്നും ഈ ആഴ്ച ഡല്‍ഹിയിലേക്കു (വാന്‍, ടെമ്പോ, ജീപ്പ്, കാര്‍, എന്നീ വാഹനങ്ങളില്‍) പോകുന്ന കര്‍ഷകരില്‍പ്പെട്ട ഒരു വ്യക്തിയാണ് രൂപേഷ്.
ഈ വർഷം സെപ്തംബറിൽ പാർലമെന്‍റിൽ പുതിയ കാർഷിക നിയമങ്ങൾ പാസ്സാക്കിയ ശേഷം ലക്ഷക്കണക്കിനു കർഷകർ രാജ്യത്തങ്ങോളം ഇവ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തു കൊണ്ടിരിക്കുന്നു.
ഡിസംബര്‍ 21-ന് ഏകദേശം ഉച്ചയോടുകൂടി മഹാരാഷ്ട്രയിലെ 20 ജില്ലകളില്‍ നിന്നും - പ്രധാനമായും നാസിക്, നാന്ദേട്, പാല്‍ഘര്‍ ജില്ലകളില്‍ നിന്നും - ഏകദേശം 2,000 കര്‍ഷകര്‍ മദ്ധ്യ നാസികിലെ സെന്‍ട്രല്‍ ഗോള്‍ഫ് ക്ലബ്ബ് മൈതാനത്ത് ഒരു ജാഥയ്ക്കായി ഒത്തുകൂടി; ഡല്‍ഹിയിലേക്കുള്ള ഒരു വാഹന മോര്‍ച്ച ക്കു വേണ്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യോടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭയാണ് അവരെ കൂട്ടിവരുത്തിയിരിക്കുന്നത്. അവരില്‍ ഏകദേശം 1,000 പേര്‍ മദ്ധ്യപ്രദേശ് അതിര്‍ത്തി കഴിഞ്ഞ് രാജ്യത്തിന്‍റെ തലസ്ഥാന നഗരിയിലേക്കു യാത്ര തുടര്‍ന്നു.
പാല്‍ഘറിലെ വാടാ പട്ടണത്തില്‍ നിന്നുള്ള, വാര്‍ലി സമുദായത്തില്‍പ്പെട്ട, 40-കാരനായ രൂപേഷ് നാസികില്‍ കൂടിയിരിക്കുന്നവരില്‍ ഒരാളാണ്. “ഞങ്ങള്‍ ആദിവാസികള്‍ക്ക് താര്‍പായുടെ കാര്യത്തില്‍ വലിയ ശ്രദ്ധയുണ്ട്”, അദ്ദേഹം പറഞ്ഞു. “ഇപ്പോള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ വായിക്കുകയും നൃത്തം ചെയ്യുകയും ചെയ്യും.”


“എല്ലാദിവസവും രണ്ടു കിലോമീറ്ററോളം വെള്ളക്കുടങ്ങളും ചുമന്നു ഞാന്‍ ക്ഷീണിതയാണ്. ഞങ്ങളുടെ കുട്ടികള്‍ക്കും കൃഷിക്കും വെള്ളം വേണം”, മാഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍നിന്നുള്ള ആദിവാസി തൊഴിലാളിയായ ഗീതാ ഗാങ്കുര്‍ടെ പറഞ്ഞു. “ഞങ്ങള്‍ ഇന്നിവിടെ വെള്ളത്തിനുവേണ്ടി വന്നതാണ്. സര്‍ക്കാര്‍ ഞങ്ങള്‍ പറയുന്നതു കേട്ട് ഗ്രാമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു”, അറുപതുകളില്‍ എത്തി നില്‍ക്കുന്ന മോഹനഭായ് ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.

അഹമദ്നഗര്‍ ജില്ലയിലെ സംഗമനേര്‍ താലൂക്കിലെ ശിന്ദോടി ഗ്രാമത്തില്‍ നിന്നുള്ള രാധു ഗായക്വാടിന്‍റെ (ഏറ്റവും ഇടത്) കുടുംബം സ്വന്തമായുള്ള അഞ്ചേക്കര്‍ സ്ഥലത്ത് ചോളവും സോയാബീനും കൃഷി ചെയ്യുന്നു. “ഞങ്ങളുടെ അഹമദ്നഗര്‍ ജില്ല വരള്‍ച്ച ബാധിത പ്രദേശമാണ്. ഞങ്ങള്‍ക്ക് ധാരാളം ഭൂമിയുണ്ട്, പക്ഷേ കൃഷി ചെയ്യാന്‍ പറ്റില്ല. ഞങ്ങള്‍ [വിളകള്‍] വില്‍ക്കാനായി മണ്ഡികളില്‍ ചെല്ലുമ്പോള്‍ വേണ്ട വില ലഭിക്കുന്നില്ല. ഞങ്ങളുടെ ജില്ലയിലെ വലിയ നേതാക്കന്മാരൊക്കെ ഞങ്ങള്‍ ആദിവാസികള്‍ക്ക് ഒന്നും തരില്ല. അവര്‍ അവരെപ്പോലെയുള്ളവര്‍ക്കു മാത്രമെ നല്‍കൂ.”

“വിപ്ലവം ഉണ്ടാകുന്നിടം വരെ കര്‍ഷര്‍ക്ക് ഗതിയുണ്ടാകില്ല”, കൊല്‍ഹാപൂര്‍ ജില്ലയിലെ, ശിരോള്‍ താലൂക്കിലെ, ജംഭാലി ഗ്രാമത്തില്‍ നിന്നുള്ള 72-കാരനായ നാരായണ്‍ ഗായക്വാട് പറയുന്നു. കരിമ്പ് കൃഷി ചെയ്യുന്ന മൂന്നേക്കര്‍ അദ്ദേഹത്തിനു സ്വന്തമായുണ്ട്. “ഞങ്ങള്‍ ഡല്‍ഹിക്കു പോവുകയാണ്. പഞ്ചാബിലെ കര്‍ഷകര്‍ക്കുവേണ്ടി മാത്രമല്ല, പുതിയ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനുകൂടി”, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “കരിമ്പു കൃഷിക്കായി ഞങ്ങളുടെ ഗ്രാമത്തില്‍ ധാരാളം വെള്ളം ആവശ്യമുണ്ട്. പക്ഷെ 8 മണിക്കൂര്‍ മാത്രമേ വൈദ്യുതി ലഭിക്കൂ.” ആഴ്ചയില്‍ നാലു ദിവസം പകലും മൂന്നു ദിവസം രാത്രിയിലുമാണ് ഗ്രാമത്തില്‍ വൈദ്യുതി ലഭിക്കുന്നത്. “ശീതകാലത്ത് രാത്രിയില്‍ കരിമ്പു പാടങ്ങള്‍ നനയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃഷി ചെയ്യാന്‍ ഞങ്ങള്‍ക്കു പറ്റുന്നില്ല”, ഗായക്വാട് പറയുന്നു.

“ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി നമ്മളെ അടിമകളാക്കിയതുപോലെ മോദി സര്‍ക്കാരും സ്വന്തം കര്‍ഷകരെ അടിമകളെപ്പോലെ പരിഗണിക്കുന്നു. അവര്‍ക്ക് അദാനിയും അംബാനിയും മാത്രം ലാഭമുണ്ടാക്കിയാല്‍ മതി. ഞങ്ങള്‍ ആദിവാസികളുടെ അവസ്ഥ നോക്കൂ. ഇന്നു ഞാനെന്‍റെ മക്കളെ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തെ കര്‍ഷകരോട് എങ്ങനെ പെരുമാറുന്നുവെന്ന് അങ്ങനെ അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയും. ഇവിടെ വരികയെന്നത് അവര്‍ക്കു വളരെ പ്രധാനപ്പെട്ട ഒരു പാഠമാണ്”, ഭില്‍ സമുദായത്തില്‍പ്പെട്ട 60-കാരനായ ശാമസിങ് പടവി പറയുന്നു. അദ്ദേഹത്തിന്‍റെ മക്കളായ 16-കാരനായ ശങ്കറും 11-കാരനായ ഭഗത്തും നന്ദൂര്‍ബാര്‍ ജില്ലയിലെ ധന്‍പൂര്‍ ഗ്രാമത്തില്‍ നിന്നും വാഹന ജാഥയ്ക്കായി എത്തിയ 27 പേരില്‍ പെടുന്നു.

നാസിക് ജില്ലയിലെ സുര്‍ഗാണാ താലൂക്കിലെ തന്‍റെ ഗ്രാമത്തില്‍ നടന്ന ആദ്യത്തെ കര്‍ഷക സമരത്തില്‍ 10 വയസ്സുള്ളപ്പോള്‍ സംസ്കാര്‍ പഗാരിയ പങ്കെടുത്തതാണ്. അന്നുമുതല്‍ അദ്ദേഹം മഹാരാഷ്ട്രയില്‍ അങ്ങോളമുള്ള നിരവധി സമരങ്ങളില്‍, 2018 മാര്‍ച്ചില്‍ നാസികില്‍ നിന്നും മുംബയിലേക്കു സംഘടിപ്പിച്ച ദീര്‍ഘദൂര ജാഥയിലുള്‍പ്പെടെ, ഭാഗഭാക്കാണ്. 19 അംഗങ്ങളുള്ള ശങ്കറിന്‍റെ കൂട്ടുകുടുംബത്തിന് 13-14 ഏക്കര്‍ ഭൂമിയുണ്ട്. അത് അവര്‍ പാട്ടക്കാര്‍ക്കു കൊടുത്തിരിക്കുകയാണ്. “കര്‍ഷകര്‍ സമരം ചെയ്യുന്നിടത്തൊക്കെ ഞാനുണ്ടാവും. അതെന്നെ ജയിലിലാക്കിയാല്‍ ഞാന്‍ ജയിലില്‍ പോകും”, 19-കാരന്‍ പറയുന്നു. മഹാമാരിയും ലോക്ക്ഡൗണും കാരണം നീട്ടിവച്ച 12-ാം ക്ലാസ് പരീക്ഷകള്‍ പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണ് ശങ്കര്‍.

ഡിസംബര്‍ 21-ന് നാന്ദേട് ജില്ലയില്‍ നിന്നുള്ള ഏകദേശം 100 കര്‍ഷകര്‍ നാസികില്‍ നിന്നും ഡല്‍ഹിയിലേക്കു ജാഥ നയിക്കുന്ന സമരക്കാര്‍ക്കൊപ്പം ചേര്‍ന്നു. ജില്ലയിലെ ഭില്‍ഗാവ് ഗ്രാമത്തില്‍നിന്നുള്ള, ഗോണ്ട് ആദിവാസി വിഭാഗത്തില്‍പ്പെട്ട, നാംദേവ് ശേടമകെ അവരില്‍ ഒരാളാണ്. അദ്ദേഹത്തിന് അഞ്ചേക്കര്‍ ഭൂമിയുണ്ട്. അവിടെ പരുത്തിയും സോയാബീനും കൃഷി ചെയ്യുന്നു. “ഈ കര്‍ഷക വിരുദ്ധ സര്‍ക്കാരിനെതിരെയുള്ള യുദ്ധം വിജയിക്കാന്‍ ഞങ്ങള്‍ ഡല്‍ഹിക്കു പോകുന്നു. മലഞ്ചെരിവിലാണ് ഞങ്ങളുടെ ഗ്രാമം. അവിടെ ഞങ്ങളുടെ പാടങ്ങള്‍ക്കു വെള്ളമില്ല. വര്‍ഷങ്ങളായി കുഴല്‍കിണറുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി ഞങ്ങള്‍ അപേക്ഷിച്ചു കൊണ്ടിരിക്കുന്നു. വെള്ളമില്ലാതെ ഞങ്ങള്‍ക്ക് കൃഷി ചെയ്യാനാവില്ല. ഞങ്ങള്‍ ആദിവാസികള്‍ മുന്‍കൂര്‍ കടത്തിലാണ്.”

“ആശുപത്രി സൗകര്യങ്ങളൊക്കെ ഇവിടെ മോശമാണ്. ഒരിക്കല്‍ ഒരു സ്ത്രീക്ക് ഓട്ടോറിക്ഷയില്‍ പ്രസവിക്കേണ്ടി വന്നു. അടിയന്തിര സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് 40-50 കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ ഗ്രാമങ്ങള്‍ക്കടുത്തുള്ള ഒരു പിഎച്.സി.യില്‍ പോയാല്‍ ഒരു ഡോക്ടറേയും നിങ്ങളവിടെ കാണില്ല. അതുകൊണ്ടാണ് ധാരാളം കുഞ്ഞുങ്ങള്‍ ഇവിടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ മരിക്കുന്നത്”, പാല്‍ഘറിലെ ദട്ദേ ഗ്രാമത്തില്‍ നിന്നുള്ള കിരണ്‍ ഗഹാല പറയുന്നു. അഞ്ചേക്കര്‍ ഭൂമിയുള്ള അദ്ദേഹം നെല്ല്, ബജറ, ഗോതമ്പ്, ചോളം എന്നിവയൊക്കെ കൃഷി ചെയ്യുന്നു. നാസികില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വാഹന ജാഥയില്‍ പാല്‍ഘര്‍ ജില്ലയില്‍ നിന്നുള്ള ഏകദേശം 500 ആദിവാസി കര്‍ഷകര്‍ ചേര്‍ന്നിട്ടുണ്ട്.

പര്‍ഭണി ജില്ലയിലെ ഖവണി പിംപരി ഗ്രാമത്തില്‍ നിന്നുള്ള 63-കാരനായ വിഷ്ണു ചവാന്‍ മൂന്നര ഏക്കര്‍ സ്ഥലത്തിന് ഉടമയാണ്. 65-കാരനായ കാശിനാഥ് ചൗഹാനോടൊപ്പമാണ് (വലത്) അദ്ദേഹം ഇവിടെത്തിയിട്ടുള്ളത്. “ഞങ്ങള്‍ 2018-ലെ ദീര്‍ഘദൂര ജാഥയില്‍ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഈ സമരത്തിനു വേണ്ടിയും വന്നിരിക്കുന്നു”, വിഷ്ണു പറയുന്നു. അദ്ദേഹം പ്രധാനമായും പരുത്തിയും സോയാബീനും ആണ് കൃഷി ചെയ്യുന്നത്. “എന്നാണ് ഞങ്ങളുടെ ആശങ്കകള്‍ ഗൗരവതരമായി പരിഗണിക്കുന്നത്? ഞങ്ങളുടെ ഗ്രാമത്തിലെ ആളുകള്‍ക്ക് കുടിവെള്ളത്തിനായി എല്ലാ ദിവസവും അഞ്ചു കിലോമീറ്ററോളം നടക്കണം. അങ്ങനെ ഞങ്ങള്‍ എന്തെങ്കിലും കൃഷി ചെയ്യുമ്പോള്‍ പോലും കാട്ടുമൃഗങ്ങള്‍ അവ രാത്രിയില്‍ നശിപ്പിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടി ആരും ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ പറയുന്നതു കേള്‍ക്കണം.”

“സര്‍ക്കാര്‍ മൂന്നു നിയമങ്ങളും പിന്‍വലിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങള്‍ അവിടെ അനിശ്ചിതകാലം ഇരിക്കും. ഞങ്ങളുടെ താലൂക്കില്‍ ധാരാളം ചെറുകര്‍ഷകര്‍ ഉണ്ട്. അവര്‍ കരിമ്പുപാടങ്ങളില്‍ പണിയെടുക്കുകയും ദിവസ വേതനം കൊണ്ട് ജീവിക്കുകയും ചെയ്യുന്നു. അവരില്‍ ഭൂരിപക്ഷം പേര്‍ക്കും 1-2 ഏക്കര്‍ ഭൂമി മാത്രമെ സ്വന്തമായിട്ടുള്ളൂ. അവരില്‍ നിരവധി പേര്‍ക്ക് സമരത്തില്‍ പങ്കെടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ, വിളവെടുപ്പു കാലം ആയതിനാല്‍ അവര്‍ അവിടെത്തന്നെ തങ്ങി. സാംഗ്ലി ജില്ലയിലെ ശിരാഢോണ്‍ ഗ്രാമത്തില്‍ നിന്നുള്ള 38-കാരനായ ദിഗംബര്‍ കാംപ്ലെ (ചുവപ്പു ടിഷര്‍ട്ട്) പറയുന്നു.

എഴുപതു വയസ്സുള്ള തുക്കാറാം ശേടസണ്ടി ഡല്‍ഹിലേക്കു പോകുന്ന വാഹന ജാഥയിലെ പ്രായമുള്ള കര്‍ഷകരില്‍ ഒരാളാണ്. സോളാപൂരിലെ കന്ദല്‍ഗാവ് ഗ്രാമത്തിലുള്ള അദ്ദേഹത്തിന്‍റെ നാലേക്കര്‍ ഭൂമി തരിശു കിടക്കുകയാണ്. കരിമ്പു കൃഷി ചെയ്യുന്നതിനായി വലിയ കര്‍ഷകരില്‍ നിന്നും അദ്ദേഹം വായ്പ എടുത്ത തുക കഴിഞ്ഞ 10 വര്‍ഷങ്ങള്‍കൊണ്ട് 7 ലക്ഷം രൂപ കടമായി ഉയര്‍ന്നിരിക്കുന്നു. “മോശം വിളവാണ് എനിക്കുണ്ടായിരുന്നത്. പിന്നെ ഒന്നിനു പുറകെ ഒന്നായി വായ്പ തിരിച്ചടച്ചുകൊണ്ട് ഞാന്‍ കടക്കെണിയില്‍ പെട്ടു. 24 ശതമാനം പലിശയ്ക്കാണ് ഞാന്‍ വായ്പ തിരിച്ചടയ്ക്കുന്നത്. ഇതു ശരിയാണെന്നു താങ്കള്‍ക്കു തോന്നുന്നുണ്ടോ?എവിടെനിന്ന് എന്നെപോലെയുള്ള ഒരു പാവം കര്‍ഷകന്‍ പണം കണ്ടെത്തും?”
പരിഭാഷ - റെന്നിമോന്‍ കെ. സി.