തന്റെ 20–ആം വയസുവരെ അംഗദ് സലുംഖെ പ്രതീക്ഷയോടെയാണ്‌ ജീവിച്ചത്‌. പിന്നീടത്‌ ആശങ്കയിലേക്ക്‌ വഴിമാറി. കാലക്രമേണ ഇനി ജോലിയേ ലഭിക്കില്ലെന്ന നിരാശയിലേക്ക്‌ പതിച്ച അംഗദ്, ഒടുവിൽ പരാജയം സമ്മതിച്ചു.

2003ൽ ബീഡ്‌ ജില്ലയിലെ നാഗപൂർ ഗ്രാമത്തിലെ വീടുവിട്ട അംഗദ് പതിനെട്ടാം വയസിലാണ്‌ 14 കിലോമീറ്റർ അകലെയുള്ള ബീഡ്‌ നഗരത്തിലെ കോളേജിലേക്ക്‌ പഠനത്തിനായി പോയത്‌. "ബീഡിൽ നിൽക്കുന്നതിനുള്ള വാടകയ്ക്കായി എന്റെ മാതാപിതാക്കൾ അധികപണം സ്വരൂപിച്ചു'–-അയാൾ പറഞ്ഞു. അധികസമയം ജോലി ചെയ്തു, പലിശക്കാരനിൽനിന്ന്‌ പണം കടം വാങ്ങി. "കോളേജ്‌ ഫീസും മറ്റ്‌ ചിലവുകളും ഉൾപ്പെടെ മൂന്നുവർഷത്തിൽ ഏകദേശം 20,000 രൂപയെങ്കിലും അവർക്ക്‌ ചെലവാക്കേണ്ടിവന്നിട്ടുണ്ട്‌'.

ബിഎ ഡിഗ്രി കരസ്ഥമാക്കിയ ശേഷം അംഗദ് മധ്യപ്രദേശ്‌ പബ്ലിക്‌ സർവീസ്‌ കമീഷൻ (എംപിഎസ്‌സി) പരീക്ഷയ്ക്കായി തയാറെടുപ്പ്‌ തുടങ്ങി. വിജയിച്ചിരുന്നുവെങ്കിൽ സംസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ്, സിവിൽ ഗസറ്റഡ് തസ്തികകളായ ഡെപ്യൂട്ടി കലക്ടർ, ഡെപ്യൂട്ടി സൂപ്രണ്ട്‌ ഓഫ് പൊലീസ്, സെയിൽസ്‌ ടാക്സ്‌ ഇൻസ്‌പെക്ടർ തുടങ്ങിയ തസ്‌തികകളിലേക്ക്‌ അപേക്ഷിക്കാൻ അവന് കഴിഞ്ഞേനേ. എന്നാൽ ഉദ്യേഗാർഥികളുടെ എണ്ണം ലഭ്യമായ ജോലിയുടെ എണ്ണത്തേക്കാൾ വളരെ കൂടുതലായിരുന്നു. "എംപിഎസ്‌സിയുടെ വിവിധ പരീക്ഷകളിൽ ഓരോ വർഷവും 12 മുതൽ 14 ലക്ഷം ഉദ്യേഗാർഥികൾ പങ്കെടുക്കുന്നു. നിയമനം നൽകേണ്ട തസ്‌തികകളുടെ എണ്ണം 4,000 മുതൽ 5,000 വരെയാണ്‌. ആകെ ഉദ്യേഗാർഥികളിൽ രണ്ടുമുതൽ 2.5 ലക്ഷം പേർ സിവിൽ സർവീസ്‌ പരീക്ഷയിലും പങ്കെടുക്കും. അതിൽ ശരാശരി ഒഴിവ്‌ 300 - 400 മാത്രമാണ്‌. 2017 - 18ൽ ഒഴിവുകൾ വെറും 140 ആയിരുന്നു.'–- എംപിഎസ്‌സി ചെയർമാനായ വി.എൻ. മോറെ പറഞ്ഞു.

"ഞാൻ വളരെ കഷ്‌ടപ്പെട്ടു. രാത്രിയും പകലും പഠിച്ചു'– തന്റെ കൃഷിയിടത്തിലുള്ള കാളവണ്ടിയിലിരുന്ന്‌ 34-കാരനായ അംഗദ് പറഞ്ഞു. "2007-ൽ ബീഡ്‌ സർക്കാർ ആശുപത്രിയിൽ ക്ലർക്ക്‌ തസ്‌തികയിലേക്കുള്ള ചുരുക്കപ്പട്ടികയിൽ എന്റെ പേരുമുണ്ടായിരുന്നു. പക്ഷേ ശുപാർശ ചെയ്യാൻ എനിക്കാരും ഉണ്ടായില്ല'–-അത്തരം ശുപാർശ ഔദ്യോഗിക പ്രക്രിയയുടെ ഭാഗമല്ലെങ്കിലും സ്വാധീനത്തിന്റെയും പരിചയത്തിന്റെയും ഭാഗമായി നടക്കുന്ന ഒരു ഏർപ്പാടാണ്.

PHOTO • Parth M.N.

എംപിഎസ്‌സി പരീക്ഷ വിജയത്തിനായി വർഷങ്ങളുടെ പരിശ്രമത്തിനുശേഷം മറ്റുള്ളവരെപ്പോലെ അംഗദും ഒടുവിൽ കൃഷിയിലേക്കെത്തി

"ഉപജീവനത്തിനായി ഞാൻ കൃഷിയിലേക്ക്‌ ഇറങ്ങില്ലെന്നും മറ്റെന്തെങ്കിലും ജോലിയിൽ കയറിക്കൂടുമെന്നും എന്റെ മാതാപിതാക്കൾ പ്രതീക്ഷിച്ചു“,  അംഗദ്‌ തുടർന്നു. 2000 മുതൽ കൃഷി കൂടുതൽ കൂടുതൽ അനിശ്ചിതത്വത്തിലേക്ക്‌ നീങ്ങിത്തുടങ്ങിയെന്നാണ് അംഗദിന്റെ 60-കാരിയായ അമ്മ സുധാമതി പറയുന്നത്‌. "അത്‌ കൂടുതൽ മോശമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു”, –അവർ പറഞ്ഞു. "അതുകൊണ്ട്‌ ഞങ്ങൾ കൂടുതൽ പണിയെടുക്കാൻ തുടങ്ങി. ഞങ്ങളുടെ ചെലവുകൾ പരമാവധി കുറച്ച്‌ മകന്റെ പഠനത്തിനായി പണം സ്വരൂപിച്ചു“, അവരുടെ ഒരേയൊരു മകനാണ്‌ അംഗദ്.

തങ്ങളുടെ മക്കൾ കർഷകരാണമെന്ന്‌ ആഗ്രഹിക്കുന്ന മാതാപിതാക്കളെയൊന്നും മറാത്ത്‌വാഠയുടെ ഗ്രാമീണ മേഖലകളിൽ മാസങ്ങളോളം യാത്ര ചെയ്തിട്ടും എനിക്ക്‌ കാണാൻ കഴിഞ്ഞില്ല. ദൂരനഗരങ്ങളിൽ ആൺമക്കളുടെ വിദ്യാഭ്യാസം ഉറപ്പിക്കാൻ പല കുടുംബങ്ങളും കടം വാങ്ങാറുണ്ട്‌. തിരികെനൽകാൻ കഴിയില്ലെന്ന ഉറപ്പോടെയാണ്‌ ഇത്‌. ചില കുടുംബങ്ങളിൽ മാത്രം പെൺകുട്ടികൾക്കും അവസരം കിട്ടാറുണ്ട്‌. യുവാക്കൾ ബിരുദദാരികളാൽപ്പിന്നെ, തൊഴിലന്വേഷണം തുടങ്ങുകയായി. കാലങ്ങളോളം നീളുന്നതും വിഫലവുമായ ഈ അന്വേഷണം അവരുടെ പ്രതീക്ഷയെയും ആത്മാഭിമാനത്തെയും തകർക്കുകയും ചെയ്യുന്നു.

"ഞങ്ങളുടെ ജീവിതം കൃഷിയിടങ്ങളിൽ നഷ്‌ടപ്പെട്ടു. പക്ഷേ മകൻ ഗണേശിന്‌ ഇത്തരമൊരു ജീവിതം ഞങ്ങളാഗ്രഹിക്കുന്നില്ല'–-നാംദേവ്‌ കൊലെ പറയുന്നു. ബീഡിലെ ദേവ്‌താഹിപാൽ ഗ്രാമത്തിൽ കർഷകത്തൊഴിലാളിയായ നാംദേവ്‌ ദിവസം 250 മുതൽ 300 രൂപവരെയാണ്‌ സമ്പാദിക്കുന്നത്‌. ശരാശരി മാസവരുമാനം 5000 രൂപയും. ഏകദേശം അഞ്ചുവർഷങ്ങൾക്ക്‌ മുമ്പ്‌ സ്വകാര്യ പണമിടപാടുകാരനിൽനിന്ന്‌ മാസം നാല്‌ ശതമാനം പലിശയിൽ മൂന്നുലക്ഷം രൂപ കടം വാങ്ങിയിരുന്നു. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ബാങ്കിനെ സമീപിക്കാൻ പറ്റുമായിരുന്നില്ല. "മോഷണം നടത്തിയിട്ടാണെങ്കിലും മറ്റെന്ത് ചെയ്തിട്ടായാലും ശരി, ഞങ്ങളുടെ മകനെ ഈ ഗ്രാമത്തിൽനിന്ന് എങ്ങിനെയെങ്കിലും ഞങ്ങൾക്ക് രക്ഷിക്കണം”, 60-കാരനായ നാംദേവ്‌ പറയുന്നു. "ഇതുവരെ ഏകദേശം രണ്ടുലക്ഷത്തോളം രൂപ അവന്റെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചുകഴിഞ്ഞു'.

2017ൽ ഗണേശ്‌ സയൻസിൽ ബിരുദമെടുത്തു.. അന്നുമുതൽ 70 കിലോമീറ്റർ അകലെയുള്ള ബീഡ്‌ നഗരത്തിലെ 700 രൂപ മാസവാടകയുള്ള അപ്പാർട്ട്‌മെന്റ് സുഹൃത്തുക്കൾക്കൊപ്പം പങ്കിട്ടാണ്‌ അവന്റെ താമസം. എംപിഎസ്‌സി പരീക്ഷയ്ക്കായി തയാറെടുക്കുകയാണ്‌ അവൻ. "എന്റെ മാതാപിതാക്കൾക്ക്‌ പ്രായമായി. എത്രയും വേഗം ഒരു ജോലി കണ്ടെത്തി അവരെ നോക്കണം. ഇനിയും അവർ എനിക്ക്‌ പണമയക്കുമെന്ന്‌ പ്രതീക്ഷിച്ചിരിക്കാനാകില്ല.'–-ഗണേശ്‌ പറഞ്ഞു.

എന്തുകൊണ്ടാണ്‌ ഇത്രയധികം പണം ചിലവഴിച്ച് ഗണേശ്‌ കാത്തിരിക്കാൻ തീരുമാനിച്ചത്‌? 'കൃഷിയിൽനിന്ന്‌ എന്ത്‌ കിട്ടാനാണ്‌. കൃത്യമായ ഒരു വരുമാനം ഉറപ്പാക്കാൻ നിങ്ങൾക്കാകുമോ?'

വീഡിയോ കാണുക: ജോലിക്കുവേണ്ടിയുള്ള തന്റെ നീണ്ട കാത്തിരിപ്പിനെക്കുറിച്ച് ഗണേശ് കോലെയും തന്റെ തോൽ‌വിയെക്കുറിച്ച് അംഗദ് സാലുംഖെയും സംസാരിച്ചു

എന്തുകൊണ്ടാണ്‌ ഇത്രയധികം പണം ചിലവഴിച്ച് ഗണേശ്‌ കാത്തിരിക്കാൻ തീരുമാനിച്ചത്‌? ഞാൻ ചോദിച്ചു. "കൃഷിയിൽനിന്ന്‌ എന്ത്‌ കിട്ടാനാണ്‌. കൃത്യമായ ഒരു വരുമാനം ഉറപ്പാക്കാൻ നിങ്ങൾക്കാകുമോ?” ഗണേശിന്റെ മറുപടി ഇങ്ങനെ. "കാലാവസ്ഥ അസ്ഥിരമായി തുടരുകയാണ്‌. പലപ്പോഴും ഉത്പാദനച്ചെലവുപോലും തിരിച്ചുകിട്ടാറില്ല. കർഷകരുടെ ജീവിതം നശിച്ചു. കർഷകർ ബുദ്ധിമുട്ടുമ്പോൾ കർഷകത്തൊഴിലാളികളും കൂടിയാണ്‌ ബുദ്ധിമുട്ടുന്നത്‌'

അംഗദിനെപോലെ ഗണേശും എംപിഎസ്‌സി പരീക്ഷയ്ക്ക്‌ തയാറെടുക്കുകയാണ്‌. "ഈ പരീക്ഷ ബുദ്ധിമുട്ടുള്ള ഒന്നായതിനാൽ, പഠനത്തിനൊപ്പം പാർട്ട്‌ടൈംജോലി കൂടി ചെയ്യാൻ കഴിയില്ല”, അവൻ പറയുന്നു. "ഈ വർഷം പരീക്ഷ എഴുതിക്കഴിഞ്ഞാൽ സ്ഥിരം ജോലിക്ക്‌ മുമ്പുതന്നെ ഞാൻ മറ്റെന്തെങ്കിലുമൊരു ജോലി കണ്ടെത്തും.'

ഒരു സ്വതന്ത്ര സ്ഥാപനം നടത്തുന്ന എം‌പി‌എസ്‌സി പരീക്ഷയുടെ സമയക്രമത്തിലെ പൊരുത്തക്കേട് ഉദ്യോഗാർഥികളെ അനിശ്ചിതത്വത്തിലാക്കുന്നു. ഉദാഹരണത്തിന്‌ 2016-ലും 2017-ലും പൊലീസ്‌ സബ്‌ ഇൻസ്‌പെക്ടർ നിയമനത്തിനുള്ള പരീക്ഷ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയില്ല. വില്ലേജ് അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള അപേക്ഷകളും സംസ്ഥാനം പുറത്തുവിട്ടിട്ടില്ല.

എന്നിട്ടും, സ്ഥിരമായ ഒരു ജോലിയെന്ന പ്രതീക്ഷയോടെ നിരവധി യുവ വിദ്യാർഥികൾ ശ്രമം തുടരുകയാണ്‌. ഇതിന്റെ ഭാഗമായി ബീഡ് നഗരത്തിൽ നിരവധി പരിശീലന കേന്ദ്രങ്ങളും മുളച്ചുപൊന്തിയിട്ടുണ്ട്.

മാർച്ചിൽ ബീഡിലെ പൊലീസ്‌ മൈതാനത്ത്‌ നൂറുകണക്കിന്‌ ആൺകുട്ടികളും പെൺകുട്ടികളുമാണ്‌ പോലീസ് സേനയിലെ ജോലികൾക്കായുള്ള ട്രയൽ പരിശീലനം നടത്തുന്നത്  - ഓട്ടം, ചാട്ടം, , ലോങ് ജമ്പ്‌ തുടങ്ങിയവയ്ക്ക്. അക്കാഡമി പരിശീലകരുടെ മേൽനോട്ടത്തിലാണിത്‌ നടക്കുന്നത്. കൃഷ്‌ണ പാഠക്കിന്റെ ഉടമസ്ഥതയിലുള്ള യോദ്ധ അക്കാഡമിയിൽ മാത്രം 900 വിദ്യാർഥികളാണുള്ളത്‌. അവരുടെ കണക്കിൽ ബീഡിൽ മാത്രം 20 പരിശീലന അക്കാദമികളുണ്ട്‌. "2018-ൽ 53 തസ്‌തികകളാണ്‌ (ബീഡിലെ പൊലീസ് സേനയിലെ വിവിധ തസ്തികകളിലേക്ക്) ഉണ്ടായിരുന്നത്‌.'– പാഠക്‌ പറയുന്നു. "വർഷങ്ങളായി ശ്രമിക്കുകയും, നേരിയ വ്യത്യാസത്തിൽ ജോലി നഷ്‌ടമാകുകയും ചെയ്യുന്ന ധാരാളം കുട്ടികൾ ഇവിടെയുണ്ട്. കഠിനമായ ശാരീരിക പരിശീലനം ആവശ്യമാണ്‌. യുവാക്കൾ നന്നായി ശ്രമിക്കുന്നുണ്ട്. ഇത് വളരെ നിരാശാജനകമാണ്”.

PHOTO • Parth M.N.

ബീഡിലെ പൊലീസ്‌ മൈതാനത്ത്‌ നൂറുകണക്കിന്‌ ആൺകുട്ടികളും പെൺകുട്ടികളുമാണ്‌ പോലീസ് സേനാ ജോലികൾക്കായുള്ള ട്രയൽ പരിശീലനം നടത്തുന്നത്. ഇത്‌ തീർത്തും മനസ്സ് മടുപ്പിക്കുന്നതാണ്‌ - പരിശീലകൻ പറയുന്നു

പാഠക്കിന്റെ വിദ്യാർഥികളിലൊരാളായ 19-കാരി പൂജ ആച്‌റെ ബീഡ്‌ നഗരത്തിൽനിന്ന്‌ 80 കിലോമീറ്റർ അകലെനിന്നാണ്‌ വരുന്നത്‌. "800 രൂപ വാടക നൽകി ഹോസ്റ്റലിലാണ്‌ ഞാൻ താമസിക്കുന്നത്‌. മെസ്‌ ഫീ 1500 രൂപയാണ്”, പൂജ പറയുന്നു. "മൂന്നുമാസത്തേക്കാണ്‌ പരിശീലനം. അതിനുശേഷം പൊലീസ്‌ സേനയിൽ ജോലി കിട്ടുമോയെന്ന്‌ നോക്കാം'.

പൂജയുടെ മാതാപിതാക്കൾ കർഷകരാണ്‌. തങ്ങളുടെ എട്ടേക്കർ ഭൂമിയിൽ അരിച്ചോളവും മറ്റുമാണ്‌ അവർ കൃഷിചെയ്യുന്നത്‌. പിന്തുണയുമായി അവർ കൂടെയുണ്ട്‌. പക്ഷേ പെൺകുട്ടികൾക്ക്‌ ഒരു അവസരം മാത്രമാണ്‌ ലഭിക്കുന്നതെന്ന് അവൾ പറയുന്നു. "ഈ വർഷം ജോലി ലഭിച്ചില്ലെങ്കിൽ എനിക്ക്‌ തിരിച്ചുപോയി വിവാഹിതയാകേണ്ടിവരും. അതുകൊണ്ടാണ്‌ ഇവിടെത്തെ  തൊഴിൽരഹിതരിൽ കൂടുതലും ആൺകുട്ടികളായത്”, പൂജ പറയുന്നു.

ഈ വർഷം ആദ്യം ബീഡിലെ പ്രാദേശിക സാമൂഹ്യപ്രവർത്തകൻ വശിഷ്‌ട ബാധെ ‘സുശിക്ഷിത് ബേരോസ്‌ഗാർ' എന്ന പേരിൽ തൊഴിൽരഹിതരായ വിദ്യാസമ്പന്നരുടെ ഒരു കൂട്ടായ്മയ്ക്ക്‌ രൂപം നൽകി. "ബീഡിലെ ട്യൂഷൻ ക്ലാസുകളിലും കോളേജുകളിലും ഞാൻ അന്വേഷിച്ചു. തുടർന്ന്‌ അവരുടെ കാഴചപ്പാടുകൾ പങ്കുവയ്ക്കാനും സാഹചര്യം സർക്കാരിന്‌ മുന്നിലെത്തിക്കാനും കഴിയുന്ന തരത്തിൽ ഒരു പദ്ധതിക്ക്‌ രൂപം നൽകി”.

ഫെബ്രുവരി അവസാനവാരം ബാധെ സംഘടിപ്പിച്ച ചടങ്ങിൽ 12-ആം ക്ലാസുവരെയും അതിന്‌ മുകളിലും പഠനം പൂർത്തിയാക്കിയ 1000-ഓളം പേർ പങ്കെടുത്തു. "ബീഡ്‌ നഗരത്തിൽനിന്നും സമീപപ്രദേശങ്ങളിൽ നിന്നും വന്നവരായിരുന്നു അവരൊക്കെ. ബീഡിലെ 11 താലൂക്കുകളിലുള്ള ഇത്തരം യുവാക്കളുടെ എണ്ണമൊന്ന്‌ എടുത്തുനോക്കൂ...മറാത്തവാഠയിലെ മൊത്തത്തിലുള്ള സാഹചര്യവും ഇതുതന്നെയാണ്”'

PHOTO • Parth M.N.
Portrait of girl
PHOTO • Parth M.N.

'ഈ വർഷം ജോലി ലഭിച്ചില്ലെങ്കിൽ എനിക്ക്‌ തിരിച്ചുപോയി വിവാഹിതയാകേണ്ടിവരും' – -പൂജ പറയുന്നു (വലത്‌). അതുകൊണ്ടാണ്‌ ഇവിടെ കൂടുതൽ തൊഴിൽരഹിതരും ആൺകുട്ടികളായത്‌'

ഇന്ത്യയിലൊട്ടാകെയുള്ള സാഹചര്യവും മറ്റൊന്നല്ല. രാജ്യത്ത്‌ മൂന്നുകോടി ആളുകൾ തൊഴിലന്വേഷകരണാണെന്നാണ്‌ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ എക്കോണമിയുടെ കണക്ക്. എന്നാൽ ലഭ്യമായ ജോലികളുടെ എണ്ണം കുറയുകയും ഇല്ലാതാവുകയുമാണ്‌ ചെയ്യുന്നത്. "വിവിധ സ്രോതസ്സുകളിൽനിന്ന്‌ ലഭ്യമാവുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്‌ ഇന്ത്യയിലെ തൊഴിലവസരങ്ങൾ പൂർണമായി തകരുന്നുവെന്നും  തൊഴിൽ വളർച്ച കുത്തനെ ഇടിയുന്നുവെന്നുമാണ്”,  ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌‌ലിയിലെ തന്റെ ലേഖനത്തിൽ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ധൻ വിനോജ് എബ്രഹാം പറയുന്നു.

ഒരുവശത്ത്, ഉയർന്നുവരുന്ന കാർഷികപ്രതിസന്ധി മൂലം കർഷകർ തങ്ങളുടെ കുട്ടികളെ കൃഷിയിൽനിന്ന് വഴിതിരിക്കാൻ ശ്രമിക്കുമ്പോൾ, മറുവശത്ത് അവർക്ക്‌ ജോലി ലഭിക്കാത്ത സാഹചര്യമാണ്‌. "ജോലി കിട്ടാതെയാകുമ്പോൾ ഒന്നുകിൽ അവർ കൃഷിയിലേക്കോ, അല്ലെങ്കിൽ മറ്റ്‌ നഗരങ്ങളിലേക്കോ കുടിയേറുകയാണ്‌ പതിവ്‌. അവിടെ അവർ നിർമാണത്തൊഴിലാളി, ഡ്രൈവർ, വാച്ച്‌മാൻ തുടങ്ങിയ തൊഴിലുകൾ ചെയ്യം”, ബാധെ പറയുന്നു. "നഗരങ്ങളിലെ സമ്പന്നർക്കായി കുറഞ്ഞ കൂലിയിൽ തൊഴിലാളികളെ സൃഷ്ടിക്കുക മാത്രമാണ് ഇത്‌ ചെയ്യുന്നത്.'

ഇത്തരം സമയങ്ങളിൽ ദുർബലരായ യുവാക്കളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാരും നിരവധിയാണ്‌. 2013-ൽ സർക്കാർ ജോലി പ്രതീക്ഷിച്ചുനിന്ന അംഗദ് ഒരാളെ പരിചയപ്പെടുകയും, വില്ലേജ്‌ അക്കൗണ്ടന്റായി ജോലി വാഗ്ദാനം ചെയ്ത്‌ അയാൾ അഞ്ചുലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും ചെയ്തു. "ഞങ്ങൾ അഞ്ചേക്കർ ഭൂമി വിറ്റ്‌ തുക അയാൾക്കുനൽകി. എന്നാൽ പണവുമായി അയാൾ അപ്രത്യക്ഷ്യനായി'–-അംഗദ് പറയുന്നു. "ആ സംഭവത്തിനുശേഷം, ഒരു ജോലിയെന്ന സ്വപ്നം ഒരിക്കലും നടക്കില്ലെന്ന്‌ ഞാൻ സ്വയം അംഗീകരിക്കാൻ പഠിച്ചു'. ചെയ്യുന്ന സ്ഥിരമായ ഒരു സർക്കാർ ജോലിയെന്ന പ്രതീക്ഷയുമായി അര പതിറ്റാണ്ട് ചിലവഴിച്ച അംഗദ് ഇപ്പോൾ ഉപജീവനത്തിനായി ചില്ലറ ജോലികൾ ചെയ്ത് കഴിയുന്നു.

തൊട്ടടുത്തവർഷം തന്റെ മാതാപിതാക്കളെപ്പൊലെ അംഗദ് പരുത്തി, അരിച്ചോളം, ബജ്‌റ എന്നിവ കൃഷിചെയ്യാൻ ആരംഭിച്ചു. "എന്റെ അച്ഛന് പ്രായം അറുപത് കഴിഞ്ഞു. ഇപ്പോഴും മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ തൊഴിലെടുക്കുന്നു. ഞാനാണ് അതിന് കാരണമാണ് എനിക്ക് തോന്നുന്നു” അംഗദ് പറഞ്ഞു. "എന്റെ പഠനത്തിനും ജോലിക്കുമായി അവർ അധികപണം ചെലവാക്കിയിരുന്നില്ലെങ്കിൽ സ്ഥിതി കുറച്ചുകൂടെ മെച്ചപ്പെട്ടതായേനേ”.

പത്തും എട്ടും വയസുള്ള രണ്ടാൺമക്കളും മൂന്ന് വയസുള്ള പെൺകുഞ്ഞുമുണ്ട്‌ അംഗദിന്‌. ഒരിക്കൽ തന്റെ മാതാപിതാക്കൾ തനിക്കുവേണ്ടി കണ്ട അതേ സ്വപ്നങ്ങളാണ് ഇപ്പോൾ അംഗദ് തന്റെ മക്കൾക്കുവേണ്ടി കാണുന്നത്.

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup