2020 മാർച്ച് 25-ലെ ആദ്യത്തെ കോവിഡ്-19 അടച്ചുപൂട്ടൽ ദശലക്ഷക്കണക്കിന് സാധാരണ ഇന്ത്യക്കാർക്ക് ദുരിതങ്ങൾ വിതച്ചു.
“കൈപ്പിടിയിൽ ഒതുങ്ങുന്നതിൽനിന്ന് ഒന്നുമില്ലായ്മയിലേക്ക് ഞങ്ങൾ എത്തിപ്പെട്ടു. ജമ്മുവിലെ നിർമ്മാണത്തൊഴിലാളികളായ മോഹൻ ലാലിന്റെയും ഭാര്യ നർമ്മദാബായിയുടേയും നീക്കിയിരിപ്പ് ലോക്ക്ഡൌണിന്റെ ആരംഭത്തിൽ, 2,000 രൂപയായി കുറഞ്ഞു. റേഷനും മറ്റ് അത്യാവശ്യസാധനങ്ങളും വാങ്ങാൻ അവർക്ക് കരാറുകാരനിൽനിന്ന് കടമെടുക്കേണ്ടിവന്നു.
പൊതുവായി പറഞ്ഞാൽ, ഇന്ത്യയിലെ തൊഴിലില്ലായ്മ 2020 ഏപ്രിൽ - മേയ് മാസത്തിനിടയിൽ 23 ശതമാനമാണ് വർദ്ധിച്ചത്. സ്റ്റേറ്റ് ഓഫ് റൂറൽ ആൻഡ് അഗ്രേറിയൻ ഇന്ത്യ റിപ്പോർട്ട് 2020 സൂചിപ്പിച്ചപ്രകാരം, 2020 ഫെബ്രുവരിയിലെ നിരക്കിന്റെ (7.3 ശതമാനം) മൂന്നിരട്ടിയിലേറെയായിരുന്നു അത്. മഹാവ്യാധിക്കുമുമ്പ്, (2018-19) 8.8 ശതമാനത്തിനടുത്തായിരുന്നു തൊഴിലില്ലായ്മാനിരക്ക്.
ലോക്ക്ഡൌൺ മൂലം ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഒരു രാത്രികൊണ്ട് തൊഴിലുകൾ നഷ്ടമായി; കുടിയേറ്റത്തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങാൻ നിർബന്ധിതരായി.
“ലോക്ക്ഡൌൺ തുടങ്ങി ഒരുമാസത്തിനുശേഷമാണ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്”, മഹാരാഷ്ട്രയിലെ ബീഡിലെ അർച്ചന മാണ്ഡ്‌വേ ഓർത്തെടുത്തു. കരുതൽശേഖരത്തിൽ വന്ന കുറവും വരുമാനമില്ലായ്മയും കൂടിയായപ്പോൾ ഗ്രാമത്തിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു വഴിയും കുടുംബത്തിന്റെ മുന്നിലുണ്ടായിരുന്നില്ല. യാത്രയ്ക്ക് നിരോധനംകൂടി വന്നതോടെ, രാത്രി മാത്രമേ സഞ്ചരിക്കാൻ പറ്റൂ എന്ന സ്ഥിതിയിലായി. ഔറംഗബാദിൽനിന്ന് ഒരു മോട്ടോർസൈക്കിളിലാണ് 200 കിലോമീറ്റർ ദൂരം അവർ സഞ്ചരിച്ചത്.
ഇന്ത്യയിലെ തൊഴിലാളികളിൽ കോവിഡ്-19 ഉണ്ടാക്കിയ പ്രത്യാഘാതത്തെക്കുറിച്ച് 200-ലധികം കഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് പാരി ലൈബ്രറി . ഈ കഥകൾക്ക് അനുബന്ധമായി, ഇന്ത്യയിലെ തൊഴിലാളികളുടെ അവസ്ഥ, അവർ നേരിടുന്ന സംഘർഷങ്ങൾ എന്നിവയെക്കുറിച്ച് പാരി നടത്തിയ പഠനങ്ങളും റിപ്പോർട്ടുകളും പാരി ലൈബ്രറിയുടെ കോവിഡ്-19 , തൊഴിൽ എന്നീ വിഭാഗങ്ങളിൽ ലഭ്യമാണ്. അവയിൽ സർക്കാരിന്റെയും സ്വതന്ത്ര സംഘടനകളുടേയും ഐക്യരാഷ്ട്രസഭയുടേയും പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടുന്നു.
മുൻപൊരിക്കലും കണ്ടിട്ടില്ലാത്തവിധത്തിലുള്ള തൊഴിലില്ലായ്മാവർദ്ധനവാണ് ലോകവ്യാപകമായി സംഭവിച്ചതെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ.) 2020-21-ലെ ആഗോള വേതന റിപ്പോർട്ട് (ഗ്ലോബൽ വേജ് റിപ്പോർട്ട്) സൂചിപ്പിക്കുന്നു. കോവിഡ്-19 ഉളവാക്കിയ തൊഴിൽസമയത്തിലെ കുറവ് 345 മുഴുവൻസമയ തൊഴിലിന് തുല്യമായ ഭീമമായ ഒന്നായിരുന്നുവെന്ന് അത് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഫലമായി, ലോകവ്യാപകമായിത്തന്നെ തൊഴിൽ വരുമാനം 10.7 ശതമാനം കുറയുകയും ചെയ്തു.
അതേസമയം, ലോകമൊട്ടുക്കുമുള്ള ശതകോടീശ്വരന്മാരുടെ ജീവിതമാകട്ടെ പുഷ്ടി പ്രാപിക്കുകയുമായിരുന്നു. മാർച്ചിനും ഡിസംബറിനുമിടയ്ക്ക് അവരുടെ സമ്പാദ്യത്തിൽ 3.9 ലക്ഷം കോടി ഡോളറിന്റെ വർദ്ധനവാണുണ്ടായതെന്ന് 2021-ലെ ഒക്സ്ഫാമിന്റെ ദ് ഇനീക്വാലിറ്റി വൈറസ് എന്ന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ശ്രേണിയുടെ അങ്ങേയറ്റത്തുള്ള മനുഷ്യരുടെ – അനൌപചാരിക തൊഴിലാളികളുടെ – നീക്കിയിരിപ്പുകളാകട്ടെ, 2020-ൽ അഞ്ചിലൊന്നായി (22.6 ശതമാനം) ഇടിയുകയും ചെയ്തുവെന്ന് ഐ.എൽ.ഒ. റിപ്പോർട്ട് പറയുന്നു.
ഉത്സവകാലത്ത് കുടുംബത്തിന്റെ വരുമാനം 10,000 മുതൽ 20,000 രൂപവരെ ആയിരുന്നത്, മഹാവ്യാധിയുടെ കാലത്ത് 3,000 മുതൽ 4,000 രൂപവരെയായി ശോഷിച്ചുവെന്നാണ് ദില്ലിയിൽനിന്നുള്ള ഷീലാ ദേവി എന്ന മൺപാത്രനിർമ്മാതാവ് പറയുന്നത്. ഗുജറാത്തിലെ കച്ചിൽനിന്നുള്ള ഇസ്മായിൽ ഹുസ്സൈൻ എന്ന കുശവന് 2020 ഏപ്രിൽ-ജൂണിൽ ഒരുരൂപപോലും വിറ്റുവരവ് കിട്ടിയില്ല.
“ഇപ്പോൾ ഞാനും എന്റെ കുട്ടികളും ജീവിക്കുന്നത് ഇലവർഗ്ഗങ്ങളും റേഷനരിയും കഴിച്ചാണ്. ഈ വിധത്തിൽ എത്രകാലം തള്ളിനീക്കാൻ പറ്റുമെന്ന് എനിക്കറിയില്ല”, തമിഴ് നാട്ടിലെ മധുരൈയിൽനിന്നുള്ള കരകാട്ടം കലാകാരി എം. നല്ലുതായ് പറയുന്നു. മഹാവ്യാധികാലത്ത് അവരുടെ തൊഴിലും വരുമാനവും പൂർണ്ണമായും ഇല്ലാതായി.
ദില്ലിയിലെ സ്ത്രീ വീട്ടുജോലിക്കാരിൽ കോവിഡ് 19-ന്റെ ലോക്ക്ഡൌൺ ഉണ്ടാക്കിയ പ്രത്യാഘാതത്തെക്കുറിച്ചുള്ള റിപ്പോർട്ട് വെളിപ്പെടുത്തുന്നത്, 2020 മേയ് മാസം സർവേ ചെയ്ത വീട്ടുജോലിക്കാരിൽ 80 ശതമാനത്തിനും ലോക്ക്ഡൌൺ കാലത്ത് കടുത്ത സാമ്പത്തികപ്രയാസങ്ങൾ നേരിടേണ്ടിവന്നുവെന്നാണ്. 14 ശതമനത്തിന് അവരുടെ വീട്ടുചിലവുകൾ താങ്ങാൻ കഴിയാതെ വരികയും ബന്ധുക്കളിൽനിന്നും അയൽക്കാരിൽനിന്നും പണം കടം വാങ്ങേണ്ടിവരികയും ചെയ്തു.
പുണെയിലെ സ്ത്രീത്തൊഴിലാളികളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. “അന്നന്ന് കിട്ടുന്ന പണികൊണ്ട് വിശപ്പടക്കി ജീവിച്ചിരുന്നവരാണ് ഞങ്ങൾ. പണിയില്ലെങ്കിൽപ്പിന്നെ എവിടെനിന്ന് പണം കിട്ടും?”, അബോലി കാംബ്ലെ ചോദിക്കുന്നു.
കോവിഡ്-19-നുമുൻപ്, ഇന്ത്യയിലെ തൊഴിൽസേനയിലെ 20 ശതമാനവും, മഹാവ്യാധിമൂലമുണ്ടായ തൊഴിൽനഷ്ടമുണ്ടായവരിലെ 23 ശതമാനവും സ്ത്രീകളായിരുന്നുവെന്ന് അധികാരം, ലാഭം, മഹാവ്യാധി (പവർ, പ്രോഫിറ്റ്സ് ആൻഡ് ദ് പാൻഡമിക്ക്)എന്ന ഒക്സ്ഫാം റിപ്പോർട്ട് സൂചിപ്പിക്കുന്നു. മഹാവ്യാധികാലത്തെ അത്യാവശ്യവിഭാഗത്തിലെ തൊഴിലാളികളിലും അവർതന്നെയായിരുന്നു മഹാഭൂരിഭാഗവും.
പതിവ് ജോലികൾക്കുപുറമേ, കോവിഡ്-19 കേസുകൾ കണ്ടുപിടിക്കുക എന്ന പുതിയ ദൌത്യവുമായി, വീടുവീടാന്തരം കയറിയിറങ്ങിയ ആശാ പ്രവർത്തകയാണ് (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള ഷഹ്ബായി ഘരാത്ത്. കോവിഡ് പരിശോധനയിൽ സ്വന്തം കുടുംബാംഗങ്ങളും രോഗികളാണെന്ന് കണ്ടെത്തിയപ്പോൾ അവരുടെ ചികിത്സയ്ക്കായി കൃഷിഭൂമിയും ആഭരണങ്ങളും ഷഹ്ബായിക്ക് വിൽക്കേണ്ടിവന്നു. മാർച്ച് 2020-നും ഓഗസ്റ്റ് 2021-നുമിടയ്ക്ക് അവരുടെ കഠിനാദ്ധ്വാനത്തിന് ആകെ കിട്ടിയ പ്രതിഫലം 22 ഡിസ്പോസബിൾ മാസ്ക്കുകളും 5 N95-കളുമായിരുന്നു. “ജോലിയിലെ അപകടസാധ്യത കണക്കിലെടുക്കുമ്പോൾ ഞങ്ങൾക്ക് ഈ തൊഴിലിൽനിന്ന് കിട്ടുന്ന പ്രതിഫലം ന്യായമാണെന്ന് തോന്നുന്നുണ്ടോ?”
മഹാവ്യാധി തുടങ്ങി ഒരുവർഷം കഴിഞ്ഞപ്പോഴും തൊഴിലാളികളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല. മഹാവ്യാധിക്കുശേഷം, സ്ഥിരവും സുരക്ഷിതവുമായ ജോലി കണ്ടെത്തുന്നത് 73 ശതമാനം ആളുകൾക്കും ബുദ്ധിമുട്ടായിരിക്കുന്നുവെന്ന് അദൃശ്യരായ തൊഴിലാളികളുടെ ശബ്ദം ഭാഗം 2: കോവിഡിന്റെ ഒരുവർഷം സൂചിപ്പിക്കുന്നു
“സംഘടിതമേഖലയിലും അസംഘടിതമേഖലയിലുമുള്ള എല്ലാ തൊഴിലാളികളിലേക്കും ജോലിക്കാരിലേക്കും സാമൂഹികസുരക്ഷ എത്തിക്കുന്നതിനായി സാമൂഹികസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും അവയെ ഏകോപിപ്പിക്കുകയും ചെയ്യുക“ എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റ് സാമൂഹികസുരക്ഷാ നിയമാവലി 2020 പാസ്സാക്കിയത്. എന്നാൽ, ഇന്ത്യയൊട്ടാകെയുള്ള തൊഴിലാളികൾക്ക് അടിസ്ഥാന സൌകര്യങ്ങൾ ഇപ്പോഴും അപ്രാപ്യമാണെന്നതാന് വാസ്തവം.
നിലവിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും, സർക്കാർ നയങ്ങൾ നടപ്പാക്കുന്നതിലെ വിള്ളലുകൾ പരിശോധിക്കാനുമുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പാരി ലൈബ്രറി.
കവർ ഡിസൈൻ: സ്വദേശ് ശർമ്മ
പരിഭാഷ: രാജീവ് ചേലനാട്ട്