“ഞങ്ങള്‍ എല്ലാവരും വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്, ഭക്ഷണം കഴിക്കുന്നത് വീട്ടുജോലി ചെയ്തും. പക്ഷെ ഇപ്പോള്‍ ജോലിയില്ല. എവിടെനിന്ന് ഞങ്ങള്‍ക്കു പണം ലഭിക്കും”, പൂനെ നഗരത്തിലെ കോഥ്‌റൂഡ്‌ പോലീസ് സ്റ്റേഷന് സമീപമുള്ള ലക്ഷ്മി നഗര്‍ കോളനിയില്‍ താമസിക്കുന്ന അബോലി കാംബ്ലെ പറഞ്ഞു. “ഒരു റേഷനും ഇല്ല, ഭക്ഷണം ലഭ്യമല്ലെങ്കില്‍ കുട്ടികള്‍ എങ്ങനെ ജീവിക്കും?”

അബോലിയുടെ ദേഷ്യവും നിരാശയും അവരുടെ ശബ്ദത്തില്‍ വ്യക്തമായിരുന്നു. കോവിഡ്-19 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 5 ദിവസങ്ങള്‍ക്കു ശേഷം മാര്‍ച്ച് 30-നാണ് അവര്‍ താമസിക്കുന്ന ചേരി കോളനി ഞാന്‍ സന്ദര്‍ശിച്ചത്. “ഏറ്റവും കുറഞ്ഞത് ഇത്തരം സമയത്തെങ്കിലും റേഷന്‍ കടയില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കണം”, ആ 23-കാരി പറഞ്ഞു. “എല്ലാ സ്ത്രീകളും വീട്ടിലാണ്. പോലീസുകാര്‍ ഞങ്ങളെ പുറത്തുപോകാന്‍ അനുവദിക്കുന്നില്ല. പുറത്തുപോയി ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെ ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങും? വീട്ടുകാര്യങ്ങള്‍ എങ്ങനെ നടത്തും എന്ന കാര്യത്തില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. ഇത്തരം ബുദ്ധിമുട്ട് നിറഞ്ഞ ഒരു സമയത്ത് ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ പിന്നെ അതുകൊണ്ട് എന്തു പ്രയോജനം? റേഷന്‍ ലഭിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?” അബോലിയുടെ കുടുംബം സോലാപൂരിലെ അകോലെകാട്ടി ഗ്രാമത്തില്‍ നിന്നും 1995-ലാണ് പൂനെ നഗരത്തില്‍ എത്തിയത്. അബോലി ഏപ്രില്‍ 16-ന് വിവാഹിതയാവേണ്ടതായിരുന്നു. പക്ഷെ അവരുടെ വിവാഹം നീട്ടിവച്ചിരിക്കുകയാണ്.

ഏഴ് ചാളകളിലായി (എന്‍.ജി.ഓ. സര്‍വ്വേകള്‍ പ്രകാരം) 850 ആളുകള്‍ താമസിക്കുന്ന പ്രസ്തുത കോളനി ഞാന്‍ സന്ദര്‍ശിച്ച സമയത്ത് ഭക്ഷണ-പണ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി  അവിടെയുള്ള സ്ത്രീകള്‍ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. അവരില്‍ ഭൂരിപക്ഷവും വീട്ടുജോലിക്കാര്‍ ആയിരുന്നു. ലക്ഷ്മി നഗറിലെ 190 കുടുംബങ്ങളില്‍ ഭൂരിപക്ഷവും അഹ്മദ്നഗര്‍, ബീഡ്, സോലാപൂര്‍, മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ല, തൊട്ടടുത്തുള്ള കര്‍ണ്ണാടകയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. അവരില്‍ ഭൂരിപക്ഷവും ദളിതരായ മാതംഗ് സമുദായത്തില്‍ പെട്ടവരുമാണ്.

മഹാരാഷ്ട്രിയന്‍ പുതുവര്‍ഷമായ ഗുഢി പാഡ്വയുടെ തലേദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അവശ്യ സാധനങ്ങള്‍ തൊട്ടടുത്ത ദിവസം കിട്ടുമോ എന്നുള്ള കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. അതിനാല്‍ അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്ന കടകളില്‍ നിന്നും കിട്ടുന്നതൊക്കെ വാങ്ങുന്നതിനായി ആളുകള്‍ തിക്കിത്തിരക്കി - പക്ഷെ വില നേരത്തെതന്നെ വര്‍ദ്ധിച്ചിരുന്നു.

ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുമെന്ന് പിന്നീട് സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് (ബി.പി.എല്‍.) പൊതു വിതരണ സംവിധാനത്തില്‍ നിന്നും (പി.ഡി.എസ്.) മൂന്നു മാസത്തേക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുമെന്നും അറിയിച്ചു.

വാഗ്ദാനം ചെയ്യപ്പെട്ട സൗജന്യ റേഷന്‍ ലഭിക്കുമെന്ന ഒരു പ്രതീക്ഷയും ലക്ഷ്മി നഗറിലെ കുടുംബങ്ങള്‍ക്കില്ല, എന്തുകൊണ്ടെന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ അവര്‍ക്ക് കൃത്യമായി റേഷന്‍ ലഭിച്ചിട്ടില്ല.

വീഡിയോ കാണുക: ‘ഭക്ഷണമൊന്നും ഇല്ലാത്തതിനാല്‍ ആളുകള്‍ തൂങ്ങി മരിക്കണോ?’

വാഗ്ദാനം ചെയ്യപ്പെട്ട സൗജന്യ റേഷന്‍ ലഭിക്കുമെന്ന ഒരു പ്രതീക്ഷയും ലക്ഷ്മി നഗറിലെ കുടുംബങ്ങള്‍ക്കില്ല, എന്തുകൊണ്ടെന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ അവര്‍ക്ക് കൃത്യമായി റേഷന്‍ ലഭിച്ചിട്ടില്ല. “മഞ്ഞ കാര്‍ഡുള്ള കുടുംബങ്ങള്‍ക്കും ഇത് ലഭിക്കില്ല”, ബി.പി.എല്‍. കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ കാര്‍ഡിന്‍റെ കാര്യം പരാമര്‍ശിച്ചുകൊണ്ട് സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു.

റേഷന്‍ കാര്‍ഡ് ഉണ്ടായിട്ടുപോലും പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്കു ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നതിന് നിരവധി തടസ്സങ്ങള്‍ പലരും അഭിമുഖീകരിക്കുന്നു. “എനിക്കൊരു കാര്‍ഡുണ്ട്. പക്ഷെ കടക്കാരന്‍ പറയുന്നു എന്‍റെ പേര് അതിലില്ലെന്ന്. ഇന്നുവരെ എനിക്ക് റേഷന്‍ കിട്ടിയിട്ടില്ല”, സുനിത ഷിന്‍ഡെ പറഞ്ഞു. ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ് അവര്‍ മുംബൈയില്‍ നിന്നും പൂനെയിലേക്ക് കുടിയേറിയത്.

സ്ത്രീകളില്‍ ഒരാള്‍ അവരുടെ റേഷന്‍ കാര്‍ഡ് എന്നെ കാണിച്ചു. കുറഞ്ഞ നിരക്കില്‍ അരിയും ഗോതമ്പും ലഭിക്കുന്നതിന് അവര്‍ അര്‍ഹയാണെന്നതിനു തെളിവായി അതില്‍ മുദ്ര ചെയ്തിരുന്നു. “പക്ഷെ റേഷന്‍ കടക്കാരന്‍ പറഞ്ഞത് എന്‍റെ കാര്‍ഡിനുള്ള റേഷന്‍ നിര്‍ത്തലാക്കി എന്നാണ്. രണ്ടു വര്‍ഷമായി എനിക്കു റേഷന്‍ കിട്ടിയിട്ടില്ല”, അവര്‍ പറഞ്ഞു. “എനിക്ക് റേഷന്‍ കിട്ടുന്നില്ല, എന്തുകൊണ്ടെന്നാല്‍ എന്‍റെ വിരലടയാളം അവരുടെ ഉപകരണത്തിലുള്ളതുമായി [അധാര്‍ ബയോമെട്രിക്സ്] യോജിക്കുന്നില്ല”, പ്രായമുള്ള മറ്റൊരു സ്ത്രീ പറഞ്ഞു.

റേഷനും ജോലിയും വേതനവുമൊന്നുമില്ലാതെ ലക്ഷ്മി നഗറിലെ സ്ത്രീകളും കുടുംബങ്ങളും ബുദ്ധിമുട്ടുന്നു. “ഞാന്‍ നേരത്തെ ജോലി ചെയ്തിരുന്നു, പക്ഷെ ഇപ്പോള്‍ കൊറോണ കാരണം ജോലിയൊന്നും ഇല്ല. അതുകൊണ്ട് ഭക്ഷണം കിട്ടുക വലിയ ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുന്നു. ഞാന്‍ കടയില്‍ ചെല്ലുമ്പോള്‍ കടക്കാരന്‍ റേഷന്‍ കാര്‍ഡ് എടുത്തെറിയുന്നു”, വിധവയായ നന്ദ ഷിന്‍ഡെ പറഞ്ഞു. “ഇപ്പോള്‍ ഞാന്‍ ഒന്നും ചെയ്യുന്നില്ല. ഞാന്‍ എന്‍റെ റേഷന്‍ കാര്‍ഡുമായി കടയില്‍ ചെല്ലുമ്പോള്‍ അവര്‍ എന്നെ ഓടിക്കും”, ഒരു റെസ്റ്റോറന്‍റില്‍ പാത്രങ്ങളും പ്ലേറ്റുകളും കഴുകുന്ന നന്ദ വാഘ്മാരെ പറഞ്ഞു.

Left: Laxmi Nagar colony in Kothurd. Right: A ration shop in the area, where subsidised food grains are purchased
PHOTO • Jitendra Maid
Left: Laxmi Nagar colony in Kothurd. Right: A ration shop in the area, where subsidised food grains are purchased
PHOTO • Jitendra Maid

ഇടത്: കോഥ്‌റൂഡിലെ ലക്ഷ്മി നഗര്‍ കോളനി. വലത്: കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങുന്ന പ്രദേശത്തെ ഒരു റേഷന്‍ കട.

കുടുംബത്തിന് ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലെങ്കില്‍ ഭക്ഷണത്തിനായുള്ള അന്വേഷണം കൂടുതല്‍ ബുദ്ധിമുട്ടാകും. അത്തരത്തിലുള്ള 12 കുടുംബങ്ങള്‍ കോളനിയിലുണ്ട്. അവര്‍ക്ക് റേഷന്‍ സംഭരിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. സര്‍ക്കാരിന്‍റെ സമാശ്വാസ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ പോലും അവര്‍ക്കു ലഭിക്കില്ല. “എല്ലാവര്‍ക്കും ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുമെന്ന് മോദി പറഞ്ഞു. പക്ഷെ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡില്ല. പിന്നെ എങ്ങനെ ഞങ്ങള്‍ക്കതു ലഭിക്കും?”, രാധ കാംബ്ലെ ചോദിച്ചു.

പി.ഡി.എസ്. കേന്ദ്രങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നവര്‍ക്കു പോലും അത് കുറഞ്ഞ അളവിലെ വാങ്ങാന്‍ പറ്റുകയുള്ളൂ. “അഞ്ചംഗങ്ങള്‍ ഉള്ള ഞങ്ങള്‍ക്കു ലഭിക്കുന്നത് 5 കിലോ ഗോതമ്പും 4 കിലോ അരിയുമാണ്. ഇത് ഞങ്ങള്‍ക്ക് തികയില്ല. ഞങ്ങള്‍ക്ക് 10 കിലോ ഗോതമ്പും 10 കിലോ അരിയും എല്ലാ മാസവും വേണം. റേഷന്‍ ആവശ്യത്തിന് ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ വിപണിയില്‍ നിന്നും ഉയര്‍ന്ന വിലയ്ക്കാണ്‌ വാങ്ങുന്നത്”, ലക്ഷ്മി ഭണ്ഡാരെ പറഞ്ഞു.

അടുത്തുള്ള ശാസ്ത്രി നഗര്‍ എന്ന സ്ഥലത്തെ യോഗേഷ് പാടോലെ എന്ന റേഷന്‍ കടയുടമ പറഞ്ഞത് ഇങ്ങനെയാണ്, “റേഷന്‍ കാര്‍ഡുടമകള്‍ക്ക് ആളൊന്നിന് മൂന്നു കിലോ ഗോതമ്പും മൂന്നു കിലോ അരിയും വീതം ഞാന്‍ നല്‍കിയതാണ്. സൗജന്യമായി വിതരണം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട ഭക്ഷ്യ ധാന്യങ്ങള്‍ പോലും മാസങ്ങളായി ഇപ്പോഴും ലഭിച്ചിട്ടില്ല. ഏപ്രില്‍ പത്തോടെ വാര്‍ഡില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന് ഒരു പ്രാദേശിക മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ എഴുത്ത് സന്ദേശത്തിലൂടെ വാഗ്ദാനം നല്‍കിയിരുന്നു. ഈ വാഗ്ദാനം കൊണ്ട് ലക്ഷ്മി നഗര്‍ നിവാസികള്‍ക്ക് പ്രയോജനമൊന്നും ഉണ്ടായിട്ടില്ല.  “ആ ദിവസം വരെ ആളുകള്‍ എങ്ങനെ കഴിയും? ആ സമയത്ത് സംസാരിക്കാനായി അവരുടെ മൊബൈല്‍ ഫോണില്‍ ബാലന്‍സെങ്കിലും ഉണ്ടായിരിക്കുമോ?” സന്ദേശം കാണിച്ചുകൊണ്ട് ഒരാള്‍ ആശ്ചര്യപ്പെട്ടു.

അവരുടെ വീടുകള്‍ ചെറുതും ഇടുങ്ങിയതുമാണ്‌. ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനായി അവിടെ ഇടമില്ല. ചിലര്‍ക്ക് നന്നായി പ്രവര്‍ത്തിക്കുന്ന അടുക്കളകള്‍ പോലുമില്ല.

വീഡിയോ കാണുക: ‘കഴിഞ്ഞ മൂന്നു മാസങ്ങളായി ഞങ്ങള്‍ക്കു വേതനമില്ല. അതുകൊണ്ട് ഞങ്ങള്‍ എന്തു കഴിക്കും?’

ലക്ഷ്മി നഗര്‍ കോളനിക്ക് അടുത്തുള്ള ലോകമാന്യ കോളനിയിലെ ആകെയുള്ള 810 കുടുംബങ്ങളിലെ 200-ല്‍ അധികം കുടുംബങ്ങളും പറഞ്ഞത് അവര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കിലും റേഷന്‍ ലഭിക്കുന്നില്ല എന്നാണ്. കോളനിയിലെ 3,000 ആളുകളില്‍ ഭൂരിപക്ഷവും ഉപജീവനത്തിനായി ശുചീകരണ ജോലി, അവശിഷ്ട സാധനങ്ങള്‍ ശേഖരിക്കല്‍, ദിവസ വേതന ജോലി, നിര്‍മ്മാണ ജോലി, വീട്ടുജോലി, സെക്യൂരിറ്റി ഗാര്‍ഡ് എന്നിവ പോലുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്.

അവരുടെ വീടുകള്‍ ചെറുതും ഇടുങ്ങിയതുമാണ്‌. ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനായി അവിടെ ഇടമില്ല. ചിലര്‍ക്ക് നന്നായി പ്രവര്‍ത്തിക്കുന്ന അടുക്കളകള്‍ പോലുമില്ല. അങ്ങനെയുള്ളവര്‍ ഭക്ഷണ ശാലകളില്‍ നിന്നും റെസ്റ്റോറന്‍റുകളില്‍ നിന്നും ബാക്കിയായവയും പ്രദേശത്തെ മറ്റു വീടുകളില്‍ നിന്നും അവര്‍ക്ക് നല്‍കുന്നവയുമാണ്‌ ഭക്ഷിക്കുന്നത്. എല്ലാ ദിവസവും പുറത്തു ജോലി ചെയ്യാന്‍ പോകുന്നവര്‍ തിരിച്ചു വന്നതിനു ശേഷം വീടിനു പുറത്തുള്ള തുറസ്സായ സ്ഥലത്ത് ഇരിക്കുന്നു. സുരക്ഷാ മുഖാവരണങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം വാങ്ങാന്‍ കഴിയാത്ത ആഡംബര വസ്തുക്കള്‍ ആണ്. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (പി.എം.സി.) കരാര്‍ തൊഴിലാളികളായി ജോലി ചെയ്യുന്ന അവരില്‍ കുറച്ചു പേര്‍ക്ക് ഒരു സര്‍ക്കാരേതര സംഘടന മുഖാവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അവര്‍ അത് കഴുകി വീണ്ടും ഉപയോഗിക്കുന്നു.

നഗരത്തിലെ വാര്‍ജെ, തിലക് റോഡ്‌, ഹഡപ്സര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പി.എം.സി. കരാര്‍ തൊഴിലാളികള്‍ക്ക് മൂന്നു മാസങ്ങളായി വേതനം നല്‍കിയിട്ടില്ലെന്ന് വൈജനാഥ്‌ ഗായക്വാഡ് പറഞ്ഞു. കോര്‍പ്പറേഷനില്‍ മുകാദം (സൂപ്പര്‍വൈസര്‍) ആയ അദ്ദേഹം മഹാപാലിക കാംഗാര്‍ യൂണിയനില്‍ (മുനിസിപ്പല്‍ തൊഴിലാളി യൂണിയന്‍) അംഗവുമാണ്. അവര്‍ക്ക് വേതനം ലഭിക്കാനുള്ള സാദ്ധ്യത ഇപ്പോള്‍ കുറവാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പി.എം.സി.യുടെ ആരോഗ്യ ശുചീകരണ വകുപ്പില്‍ കരാര്‍ തൊഴിലാളിയായ, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി തന്‍റെ കുടുംബത്തിന്‍റെ അടുക്കളയിലെ ഭക്ഷ്യ വസ്തുക്കള്‍ ഒഴിഞ്ഞ പാത്രങ്ങള്‍ കാട്ടിത്തന്നു (വീഡിയോ കാണുക). “ഞങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ചിലവഴിച്ചു. മുനിസിപ്പല്‍ കൊര്‍പ്പറേഷനില്‍ നിന്നും ലഭിക്കാനുള്ള വേതനം ലഭിക്കാതെ ഇനിയും ഞങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ പറ്റില്ല”, അദ്ദേഹം പറഞ്ഞു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Jitendra Maid

Jitendra Maid is a freelance journalist who studies oral traditions. He worked several years ago as a research coordinator with Guy Poitevin and Hema Rairkar at the Centre for Cooperative Research in Social Sciences, Pune.

Other stories by Jitendra Maid
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.