2023 ഡിസബർ 7-ന് ഞങ്ങളുടെ സഹ പരിഭാഷകനും, കവിയും, എഴുത്തുകാരനും, വിദ്യാഭ്യാസവിചക്ഷണനും, കോളമിസ്റ്റും രാഷ്ട്രീയപ്രവർത്തകനുമായ റെഫാത്ത് അൽ‌ആരീർ എന്ന ഫലസ്തീൻ സുഹൃത്ത് ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിൽ ഒരു ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എന്നാൽ, അദ്ദേഹത്തെ നിശ്ശബ്ദമാക്കിയ ആ ദിവസംതന്നെ, അദ്ദേഹത്തിന്റെ ഒരു കവിത, ലോകമൊട്ടുക്കുമുള്ള പന്ത്രണ്ടോളം ഭാഷകളിൽ പ്രതിധ്വനിച്ചു.

അത്തരമൊരു കാലത്ത്, അത്തരമൊരു ലോകത്തിരുന്നാണ്, പാരിയുടെ ഭാഷലോകത്തെക്കുറിച്ചും അതിന്റെ പങ്കിനെക്കുറിച്ചും ഞങ്ങളുടെ ജോലിയെക്കുറിച്ചും ഞങ്ങൾ ചിന്തിക്കുന്നത്. റെഫാത്തിന്റെ വാക്കുകൾ മനസ്സിലോർത്തുകൊണ്ട് ഞങ്ങൾ തുടങ്ങട്ടെ.

ഞങ്ങളുടെ പോരാട്ടങ്ങൾക്ക് ശബ്ദം നൽകാനും പ്രത്യാക്രമണം നടത്താനും ഞങ്ങൾക്കുള്ളത് ഭാഷ മാത്രമാണ്. സ്വയം പഠിക്കുന്നതിനും മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും വേണ്ടി ഞങ്ങൾക്ക് ഉപയോഗിക്കാനുള്ള ഏറ്റവും അമൂല്യമായ നിധിയാണ് വാക്കുകൾ. കഴിയുന്നത്ര ഭാഷകളിലൂടെ ഈ വാക്കുകൾ വിനിമയം ചെയ്യാൻ കഴിയണം. കഴിയുന്നത്ര ആളുകളുടെ ഹൃദയത്തേയും മനസ്സിനേയും സ്പർശിക്കാൻ കഴിയുന്ന ഒരു ഭാഷയെയാണ് ഞാൻ വിശ്വസിക്കുന്നത്. മനുഷ്യകുലത്തിന് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് പരിഭാഷയാണ്. തടസ്സങ്ങളെ തകർക്കുകയും പാലങ്ങൾ പണിയുകയും തിരിച്ചറിവിനെ സൃഷ്ടിക്കുകയും ചെയ്യുന്നു അത്. എന്നാൽ ‘മോശപ്പെട്ട’ പരിഭാഷകൾ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും ചെയ്യും.

ആളുകളെ ഒരുമിപ്പിക്കാനും പുതിയ അവബോധം സൃഷ്ടിക്കാനുമുള്ള പരിഭാഷയുടെ കഴിവിലുള്ള വിശ്വാസമാണ് പാരിഭാഷ ജോലിയുടെ കേന്ദ്രബിന്ദു.

2023 ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ഒരു വർഷമായിരുന്നു.

രണ്ട് ഭാഷകൾകൂടി – ചത്തീസ്ഗഢിയും ഭോജ്പുരിയും – ചേർത്തുകൊണ്ട്, 14 ഇന്ത്യൻ ഭാഷകളിലാണ് ഇന്ന് പാരി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക എന്നതിനുമപ്പുറത്തേക്ക്, ഗ്രാമീണ പത്രപ്രവർത്തനത്തിന്റെ ഒരു യഥാർത്ഥ ബഹുഭാഷാ പ്ലാറ്റ്ഫോം എന്ന തലത്തിലേക്കുള്ള ഞങ്ങളുടെ മാറ്റത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് പാരിഭാഷ എന്നൊരു വാക്ക് ഞങ്ങൾക്ക് സ്വായത്തമായ ഒരു വർഷംകൂടിയാണ് 2023.

നമ്മുടെ രാജ്യത്തെ സാധാരണക്കാരായ മനുഷ്യരുടെ നിത്യജീ‍വിതത്തിൽ ഭാഷകൾക്കും മാതൃഭാഷകൾക്കുമുള്ള പങ്കിനെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. പരിഭാഷകളേയും ഭാഷകളേയും ചുറ്റിപ്പറ്റിയുള്ള ഞങ്ങളുടെ കഥ കളിലൂടെയും സംഭാഷണ ങ്ങളിലൂടെയും പാരിയുടെ സ്ഥാനത്തെ ഞങ്ങൾ ഈ ഇടത്ത് സ്ഥാനപ്പെടുത്തുന്നു.

എണ്ണങ്ങളുടെ അടിസ്ഥാനത്തിൽ പാരിഭാഷയ്ക്ക് ചെയ്യാൻ കഴിഞ്ഞതിനെക്കുറിച്ചുള്ള ഒരു പിൻ‌നോട്ടം

പാരിക്കുള്ളിലെ വിവിധ വിഭാഗങ്ങളോടൊപ്പമുള്ള സഹകരണത്തിലൂടെയും മെച്ചപ്പെട്ട സംവിധാനങ്ങളിലൂടെയും വിവിധ ഭാഷകളിലെ ഞങ്ങളുടെ കഥകൾക്ക് കൂടുതൽ കൃത്യതയും വ്യക്തതയും കൈവരുത്താൻ ഞങ്ങൾക്ക് സാധിച്ചു. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള കൂടുതൽക്കൂടുതൽ കഥകൾ എല്ലാ ആഴ്ചയും കൈകാര്യം ചെയ്യാനും ഞങ്ങൾക്ക് സാധിച്ചു. ഇംഗ്ലീഷല്ലാത്ത വാക്കുകളുടെ ഓഡിയോ ഫയലുകളും, കൃത്യമായ ശീർഷകങ്ങൾ ലഭിക്കുന്നതിനായി ഫോട്ടോകൾ ഉൾപ്പെടുത്തിയ പി.ഡി.എഫ്. ഫയലുകളും എല്ലാ ആവശ്യമാവുകയും ചെയ്തു. ഭാഷകളുടെ ഉപയോഗത്തിലും പരിഭാഷയിലും അത് പുതിയ മാനങ്ങൾ തീർത്തു. ഒരു ലേഖനത്തെ അന്യഭാഷയിൽ അവതരിപ്പിക്കുമ്പോൾ, ആ കഥ നടന്ന യഥാർത്ഥ പശ്ചാത്തലവും ഭാ‍വുകത്വവും പുതിയ ഭാഷയിലും സൃഷ്ടിക്കാൻ കൂടുതൽ സംശോധനം ആവശ്യമായി വന്നു.

ആളുകൾ ഉപയോഗിക്കുന്ന വാക്കുകളെ അവരുടെതന്നെ ശബ്ദത്തിൽ ആവിഷ്കരിക്കാനായി പാരിഭാഷ കൃത്യമായ ഇംഗ്ലീഷ് പരിഭാഷ ഉപയോഗിക്കാനും ശ്രദ്ധിക്കാറുണ്ട്. വീഡിയോകളുടെ സബ്ടൈറ്റിലായാലും, ഒരു കഥയിലുപയോഗിക്കുന്ന സംഭാഷണങ്ങളായാലും ശരി, കഴിയുന്നത്ര ആധികാരികത വരുത്താനും കഥ നടന്ന നാടിന്റെ ശൈലികളും രുചികളും പ്രതിഫലിപ്പിക്കാനും തീവ്രശ്രമംതന്നെ ഞങ്ങൾ നടത്തുന്നു.

കൃത്യസമയത്തുള്ള ഭംഗിയായ പരിഭാഷ, നടന്ന നാട്ടിലെ ഭാഷയ്ക്ക് കൊടുക്കുന്ന മുൻ‌ഗണന, ഇംഗ്ലീഷിതര ഭാഷകളുടെ ഡിജിറ്റൽ ഉള്ളടക്കത്തിന് കിട്ടുന്ന വായനക്കാരുടെ എണ്ണം എന്നിവ നമ്മുടെ പരിഭാഷപ്പെടുത്തിയ കഥകൾക്ക് പുതിയൊരു ശക്തിയും പ്രയോജനപരതയും നൽകുന്നുണ്ട്.

ബീഡിത്തൊഴിലാളിസ്ത്രീകളുടെ ആരോഗ്യം നശിക്കുമ്പോൾ എന്ന കഥയ്ക്ക് സ്മിത ഖാതോർ നൽകിയ ബംഗാളി പരിഭാഷയ്ക്ക് ঔদাসীন্যের ধোঁয়াশায় মহিলা বিড়ি শ্রমিকদের স্বাস্থ্য വളരെയധികം പ്രചാരം ലഭിക്കുകയും തൊഴിലാളികൾക്ക് വർദ്ധിച്ച വേതനം ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. അതുപോലെ, പ്രീതി ഡേവിഡ് എഴുതിയ ജയ്‌സാൽമീറിൽ: കാറ്റാടിയോടൊപ്പം നഷ്ടപ്പെട്ടത് എന്ന കഥയും അതിൽ ഉപയോഗിച്ചിട്ടുള്ള ഊർജയുടെ വീഡിയോയും, അതിന് പ്രഭാഷ് മിലിന്ദ് നൽകിയ ഹിന്ദി പരിഭാഷ जैसलमेर : पवनचक्कियों की बलि चढ़ते ओरण - യും, നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ ഉപയോഗിക്കപ്പെടുകയും ഡെഗ്രെയിലെ പുറമ്പോക്ക് ഭൂമി (ഓറാൻ) ജനങ്ങൾക്ക് വിട്ടുകൊടുക്കാൻ സംസ്ഥാനത്തെ നിർബന്ധിതമാക്കുകയും ചെയ്തു.

നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയ പരിഭാഷാ-ഭാഷാ പ്രോഗ്രാമുകൾ ആഗോളതലത്തിൾ കടന്നുകയറിയിട്ടും, പാരി, അതിന്റെ പാരിഭാഷാ സംഘാടകസംവിധാനത്തിന്റെ ഓരോ ഘട്ടത്തിലും കൂടുതൽക്കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട്, അതിന്റെ പ്രതിബദ്ധത വെളിവാക്കി. സമൂഹത്തിലെ വ്യത്യസ്തമായ സാമൂഹികവിഭാഗങ്ങളിൽനിന്ന് വരുന്ന ധാരാളം മനുഷ്യർ പാരിഭാഷാ സംഘത്തോടൊപ്പം പ്രവർത്തിക്കുന്നതിന് 2023 സാക്ഷ്യം വഹിച്ചു

പാരിയുടെ എത്രയോ പരിഭാഷകൾ പ്രാദേശികമായ ഗ്രാമീണ പോർട്ടലുകളിലും ഭൂമിക, മാതൃക, ഗണശക്തി, ദേശ് ഹിതായ്ഷി, പ്രജാവാണി തുടങ്ങിയ അച്ചടി മാധ്യമങ്ങളിലും പുന:പ്രസിദ്ധീകരിക്കപ്പെട്ടു. സ്ത്രീവിഷയങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന മിലൂൻ സാര്യാജനി എന്ന പേരിലുള്ള ഒരു മറാത്തി മാസിക 2023 ജനുവരിയിൽ പാരിയെ അവതരിപ്പിക്കുന്ന ഒരു ലേഖനമെഴുതി. സ്ത്രീകളെ സംബന്ധിച്ച് പാരിയിൽ വരുന്ന ലേഖനങ്ങളുടെ മറാത്തി പരിഭാഷകൾ ഭാവിയിൽ അതിൽ പ്രസിദ്ധീകരിക്കാനും അവർ തീരുമാനിച്ചിരിക്കുന്നു.

പരിഭാഷ യുടെ മേഖലയിൽ സ്വന്തമായൊരു മേൽ‌വിലാസം സൃഷ്ടിക്കാൻ പാരിഭാഷയ്ക്ക് കഴിഞ്ഞത്, തൊഴിലിനോടുള്ള അതിന്റെ സുസ്ഥിരവും സംവേദനാത്മകവുമായ നിലപാടുകൾമൂലമാണ്. വ്യത്യസ്തമായ ഇന്ത്യ ഭാഷകൾ ഉപയോഗിച്ചുകൊണ്ടുള്ള ബഹുഭാഷാ ഇടങ്ങൾ സ്ഥാപിക്കാൻ വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പിന്തുണയും ഉൾക്കാഴ്ചയും നൽകിയിട്ടുണ്ട്.

‘പാരി പരിഭാഷ‘ മുതൽ ‘ പാരിഭാഷ ’വരെ

ഈ വർഷം മുതൽ ഞങ്ങൾ ഇന്ത്യൻ ഭാഷകളിൽ വരുന്ന ഉള്ളടക്കങ്ങളെ കണ്ടെത്താനും ഉപയോഗിക്കാനും, ഇംഗ്ലീഷിൽ അവയെ എഡിറ്റ് ചെയ്യുന്നതിനുമുമ്പ്, അതാത് ഭാഷകളിൽ‌വെച്ചുതന്നെ പ്രാഥമികമായി എഡിറ്റ് ചെയ്യാനും തുടങ്ങി. ഇന്ത്യൻ ഭാഷകളിൽ‌വെച്ചുതന്നെ അവയെ സംശോധനം ചെയ്യാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സംശോധനം ചെയ്ത് പണിക്കുറ്റം തീർത്ത ലേഖനമാണ് ഒടുവിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുപ്പെടുത്തുന്നത്. അങ്ങിനെ, ഞങ്ങളുടെ ദ്വിഭാഷാ എഡിറ്റർമാരും ഒരേസമയം‌തന്നെ ഇരുഭാഷകളിലും ഈ ജോലി ചെയ്യാനാ‍രംഭിച്ചു.

തങ്ങളുടെ കഥകൾ / സൃഷ്ടികൾ, സിനിമകൾ പാരിയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി ധാരാളം റിപ്പോർട്ടർമാർ പാരിഭാഷ യോടൊത്ത് പ്രവർത്തിക്കാൻ തുടങ്ങി. ജിതേന്ദ്ര വാസവ, ജിതേന്ദ്ര മേയ്ത്, ഉമേഷ് സോളങ്കി, ഉമേഷ് റേ, വജേസീംഗ് പാർഗി, കേശവ് വാഗ്‌മാരെ, ജയ്സിംഗ് ചവാൻ, തർപൺ സർക്കാർ, ഹിമാദ്രി മുഖർജി, സായൻ സർക്കാർ, ലബാനി ജംഗി, രാഹുൽ സിംഗ്, ശിശിർ അഗർവാൾ, പ്രകാശ് റാൻസിംഗ്, സാവിക അബ്ബാസ്, വഹിദുർ റഹ്മാൻ, ആർഷ്ദീപ് ആർഷി എന്നിവർ.

പാരി എഡ്യുക്കേഷൻ സംഘം, പാരിഭാഷ യോടൊപ്പം ചേർന്ന്, വിദ്യാർത്ഥികൾ എഴുതിയ ഇന്ത്യൻ ഭാഷകളിലെ കഥകൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് പഠനത്തിന്റെ പശ്ചാത്തലമില്ലാത്ത ചെറുപ്പക്കാരായ റിപ്പോർട്ടർമാരും അവരവർക്ക് താത്പര്യമുള്ള ഭാഷകളിൽ എഴുതുന്നുണ്ട്. റിപ്പോർട്ടിംഗിന്റേയും ഡോക്യുമെന്റേഷന്റേയും ശേഷികൾ അവർക്ക് നൽകാനും പാരിഭാഷ സവിശേഷശ്രദ്ധ പുലർത്തുന്നു. ഇത്തരം കഥകളുടെ പരിഭാഷകൾ അവർക്ക് കൂടുതൽ വലിയ ഒരു വായനാസമൂഹത്തെ നൽകുന്നുമുണ്ട്.

ആദിവാസി കുട്ടികൾ പാരിയെക്കുറിച്ച് ചെയ്ത സവിശേഷമായ പെയിന്റിംഗുകൾ ശേഖരിക്കുന്നതിലും പരിഭാഷപ്പെടുത്തുന്നതിലും പാരിഭാഷ യുടെ ഒഡിഷ വിഭാഗം എടുത്തുപറയത്തക്ക പങ്ക് വഹിക്കുകയുണ്ടായി.

മഹാരാഷ്ട്രയിൽനിന്നുള്ള ഗ്രൈൻഡ്മിൽ പാട്ടുകളും ഗുജറാത്തിൽനിന്നുള്ള കച്ചി പാട്ടുകളും പരിപാലിക്കുന്നതിലും അവതരിപ്പിക്കുന്നതിലും പാരി സ്വന്തമായൊരു സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പ്രാ‍ദേശിക ഭാഷകളിൽ സഹകരിക്കുന്നതിനും സംഭാവനകൾ നൽകുന്നതിനും നിരവധി വാർത്താ പോർട്ടലുകളും സർക്കാരിതര സംഘടനകളും (എൻ.ജി.ഒ.) പാരിയെ സമീപിച്ചിട്ടുണ്ട്.

പാരിയെ, ജനങ്ങളുടെ ഭാഷയിലുള്ള ജനങ്ങളുടെ ഒരു ശേഖരമാക്കാൻ പാരിഭാഷ പ്രതിജ്ഞാബദ്ധമാണ്. വരുംവർഷങ്ങളിൽ ഈ ലക്ഷ്യത്തിലേക്കുള്ള കൂടുതൽ ശ്രമങ്ങൾ കാണാൻ നിശ്ചയമായും കഴിഞ്ഞേക്കും.

കവർച്ചിത്രത്തിന്റെ രൂപകല്പന : റിക്കിൻ സൻക്ലേച

ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും പാരിയിലേക്ക് നിങ്ങളുടെ കൃതികൾ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ [email protected]. എന്ന മേൽ‌വിലാസത്തിൽ ബന്ധപ്പെടുക. ഫ്രീലാൻസായും സ്വതന്ത്രമായും പ്രവർത്തിക്കാൻ താത്പര്യമുള്ള എഴുത്തുകാർ, റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, സിനിമനിർമ്മാതാക്കൾ, പരിഭാഷകർ, എഡിറ്റർമാർ, ചിത്രകാരന്മാർ, ഗവേഷകന്മാർ എന്നിവരെ ഞങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുന്നു.

പാരി ഒരു ലാഭാധിഷ്ഠിത സംഘമല്ല. ഞങ്ങളുടെ ബഹുഭാഷാ ഓൺലൈൻ മാധ്യമവും സമാഹരണദൌത്യവും ഇഷ്ടപ്പെടുന്നവരിൽനിന്നുള്ള സംഭാവനകളെ മാത്രമാണ് ഞങ്ങൾ ആശ്രയിക്കുന്നത്. പാരിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡോണേറ്റ് എന്ന ലിങ്കിൽ അമർത്തുക.

പരിഭാഷ: രാജീവ് ചേലനാട്ട്

PARIBhasha Team

PARIBhasha is our unique Indian languages programme that supports reporting in and translation of PARI stories in many Indian languages. Translation plays a pivotal role in the journey of every single story in PARI. Our team of editors, translators and volunteers represent the diverse linguistic and cultural landscape of the country and also ensure that the stories return and belong to the people from whom they come.

Other stories by PARIBhasha Team
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat