പണിശാലയ്ക്ക് മുകളില്‍ പേരെഴുതിയിട്ടില്ല. “യെ തൊ ഏക്‌ ഗുംനാം ദൂകാന്‍ ഹേ [ഇത് അജ്ഞാതമായ ഒരു കടയാണ്]”, മൊഹമ്മദ്‌ അസീം പറഞ്ഞു. 8x8 അടി വലിപ്പമുള്ള ഷെഡിന്‍റെ ആസ്ബറ്റോസ് ഭിത്തികളില്‍ അഴുക്കും ചിലന്തിവലകളുമുണ്ടായിരുന്നു. മൂലയില്‍ ഒരു ചെറിയ ഇരുമ്പുചൂള ഉണ്ടായിരുന്നു. ചുട്ടെടുത്ത കറുത്ത മണ്ണിന്‍റെ ഒരുകൂന ഷെഡിന്‍റെ മദ്ധ്യത്തില്‍ നീല ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടിരുന്നു.

അസീം എല്ലാദിവസവും രാവിലെ ഏകദേശം 7 മണിക്ക് പടിഞ്ഞാറന്‍ ഹൈദരാബാദിലെ ദൂധ് ബൗലിയിലുള്ള ഇടുങ്ങിയ തെരുവിലൂടെ സൈക്കിള്‍ സവാരി നടത്തി ഈ പണിശാലയ്ക്കടുത്ത് സൈക്കിള്‍ വയ്ക്കുന്നു. ഇതിന്‍റെ പിന്നിലെ ഭിത്തി ഹക്കീം മിര്‍ വസീര്‍ അലി ശ്മശാനത്തിന്‍റെ വളപ്പ് മതില്‍ തന്നെയാണ്.

ഇവിടെ, പൊടിപിടിച്ച പ്ലാസ്റ്റിക് പാത്രങ്ങൾ, തുരുമ്പിച്ച ലോഹമൂശകൾ, പൊട്ടിയ ബക്കറ്റുകൾ, തറയിൽ ചിതറിക്കിടക്കുന്ന ഉപകരണങ്ങൾ എന്നിവയ്ക്കിടയിൽ (ജോലിചെയ്യാൻ കഷ്ടിച്ച് ലഭിക്കുന്ന സ്ഥലത്ത്) സാൻഡ്-കാസ്റ്റ് ലോഹനാണയങ്ങൾ നിർമ്മിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ജോലിദിവസം ആരംഭിക്കുന്നു.

ഹൈദരാബാദിലെ ചില പഴയ ചായക്കടകളും ഭക്ഷണശാലകളും ഇപ്പോഴും 28-കാരനായ അസീം നിർമ്മിക്കുന്ന ഈ ടോക്കണുകൾ (അഥവാ നാണയങ്ങൾ) ഉപയോഗിക്കുന്നു. മില്ലുകൾ, മിലിറ്ററി ഔട്ട്‌ലെറ്റുകൾ, റെയിൽവേ, ബാങ്കുകൾ, ക്ലബ്ബുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയും മറ്റ് പല സ്ഥാപനങ്ങളും മുൻപ് സമാനമായ കാന്‍റീൻ ടോക്കണുകൾ ഉപയോഗിച്ചിരുന്നു. പക്ഷെ കാലം കടന്നപ്പോൾ പ്ലാസ്റ്റിക് ടോക്കണുകളുടെയും കടലാസ് രസീതുകളുടെയും വരവോടെ ഇത്തരം ടോക്കണുകൾക്കുള്ള ആവശ്യം കുത്തനെ കുറഞ്ഞു. ഇപ്പോഴും ലോഹ നിർമ്മിത ടോക്കണുകളെ ആശ്രയിക്കുന്ന ഹൈദരാബാദിലെ ചില റസ്റ്റോറന്‍റുകൾ ദിവസവരുമാനം കണക്ക് കൂട്ടാൻ അവ ഉപയോഗിക്കുന്നു. ഉപഭോക്താക്കൾ ഭക്ഷണത്തിന് ഓർഡർ നൽകിക്കഴിഞ്ഞാൽ ആ ഭക്ഷണത്തിന് വേണ്ട ടോക്കൺ അവർക്ക് നൽകുന്നു.

കുടുംബാംഗങ്ങളും മറ്റ് കടയുടമകളും അജ്ജു എന്ന് വിളിക്കുന്ന അസീമിന്‍റെ കണക്കുകൂട്ടൽ പ്രകാരം ഈ നാണയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഇപ്പോഴും വിദഗ്ദ്ധരായ അവസാനത്തെ ചുരുക്കം ചില (10-ൽ താഴെ ആളുകളാണ് ഹൈദരാബാദിൽ ഉള്ളത്) കൈപ്പണിക്കാരിൽ ഒരാളാണദ്ദേഹം.

Every morning, Azeem parks his bicycle near the shop and begins his workday, moulding tokens with inscriptions or shapes of the dishes sold in eateries
PHOTO • Sreelakshmi Prakash
Every morning, Azeem parks his bicycle near the shop and begins his workday, moulding tokens with inscriptions or shapes of the dishes sold in eateries
PHOTO • Sreelakshmi Prakash

എല്ലാ പ്രഭാതങ്ങളിലും തന്‍റെ കടയുടെ അടുത്ത് സൈക്കിൾ വച്ചശേഷം എഴുത്തുകളോടു കൂടിയ ടോക്കണുകൾ വാർത്തെടുക്കുകയോ അല്ലെങ്കിൽ ഭക്ഷണശാലകളിലെ വിഭവങ്ങളുമായി ബന്ധപ്പെട്ട രീതിയിൽ രൂപങ്ങൾ നിർമ്മിക്കുകയോ ചെയ്തുകൊണ്ട് അസീം തന്‍റെ തൊഴിൽദിനം ആരംഭിക്കുന്നു

നിരയായി വച്ചിരിക്കുന്ന മൂശകളിൽ നിന്നും അദ്ദേഹം ഒരുപിടി കൈയിലെടുത്ത് തറയിൽ വച്ചു. അവൻമേൽ ഇംഗ്ലീഷിലുള്ള എഴുത്തുകൾ ഉണ്ടായിരുന്നു - ടീ, റൈസ്, ഇഡലി, പായ, ഫിഷ്, സി.ബി.എസ്. (ചിക്കൻ ബിരിയാണി സിംഗിൾ), സി.ബി.ജെ. (ചിക്കൻ ബിരിയാണി ജംബോ), എം.ബി.എസ്. (മട്ടൻ ബിരിയാണി സിംഗിൾ), എം.ബി.ജെ. (മട്ടൻ ബിരിയാണി ജംബോ), എന്നിങ്ങനെ. വിഭവങ്ങളുമായി ബന്ധപ്പെട്ട രൂപങ്ങൾ (ചായ പാത്രം, മീൻ, കോഴി, ആട്, ദോശ എന്നിങ്ങനെ) കൊത്തിയെടുത്താണ് ടോക്കണുകൾ നിർമ്മിച്ചിരിക്കുന്നത്.

"ഞങ്ങൾ ഇത്തരം നാണയങ്ങൾ ഉണ്ടാക്കുന്നതിൽ വിദഗ്ദ്ധരാണ്. ഹൈദരാബാദിൽ എല്ലായിടത്തുമുള്ള കടയുടമകൾ ഇവിടെത്തി അവ വാങ്ങിയിരുന്നു. പക്ഷെ ഇപ്പോൾ കച്ചവടം കുറവാണ്”, അസീമിന്‍റെ അമ്മാവനായ മൊഹമ്മദ് റഹീം പറഞ്ഞു. പ്രായം 60-കളിൽ എത്തിനിൽക്കുന്ന അദ്ദേഹം ഒരു പരമ്പരാഗത കാസ്റ്റിംഗ് ജോലിക്കാരൻ കൂടിയാണ്.

അസീമിന്‍റെ മുത്തശ്ശനും മുത്തശ്ശിയും കാസ്റ്റിംഗ് ജോലി ചെയ്തിട്ടുണ്ടെന്നും ഹൈദരാബാദിലെ അവസാന നിസാമിന്‍റെ ഭരണകാലത്ത് (1911-1948) കൊട്ടാരത്തിനുവേണ്ടി അവർ ടോക്കണുകളും ആഭരണങ്ങളും നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ ഉപയോഗിക്കുന്ന കാഴ്ചവസ്തുക്കളും അവർ ലോഹംകൊണ്ട് നിർമ്മിച്ചിരുന്നു. സൈക്കിൾ ഉടമകളുടെ പേരുള്ള നാണയങ്ങളും താൻ നിർമ്മിക്കുമായിരുന്നെന്ന് റഹീം പറഞ്ഞു. അതവർ സൈക്കിളിൽ പതിക്കുമായിരുന്നു. വർഷങ്ങൾക്ക് മുൻപ് തന്‍റെ പിതാവ് സൈക്കിളിനുവേണ്ടി നിർമ്മിച്ച ഒരു ലോഹ ഫലകം അസീം ഞങ്ങൾക്ക് കാണിച്ചു തന്നു.

അസീമിന്‍റെ പിതാവ് മൊഹമ്മദ് മുർതുസ പ്രദേശത്തെ എല്ലാവരും അന്വേഷിച്ചു വരുമായിരുന്ന മഹാവിദഗ്ദ്ധനായ ഒരു നാണയ നിർമ്മാതാവായിരുന്നു. പക്ഷെ ദശകങ്ങൾക്കു മുൻപ്, അജ്ജു പോലും ജനിക്കുന്നതിന് മുൻപ്, ലോഹങ്ങൾ ഉരുക്കുന്നതിനുള്ള ചൂളയിൽപെട്ട് മുർതുസയുടെ വലത് കൈക്ക് പരിക്ക് പറ്റുകയും അത് മുറിച്ചു മാറ്റുകയും ചെയ്തു.

അപ്പോഴും മുർതുസയും റഹീമും മാതാപിതാക്കളുടെ പാരമ്പര്യം തുടർന്നു. ആദ്യമായി കാസ്റ്റിംഗ് ആരംഭിച്ച സമയത്ത് തനിക്കെത്ര വയസ്സായിരുന്നുവെന്ന് അസീമിന് ഒർമ്മയില്ല. 4-ാം ക്ലാസ്സ് വരെമാത്രം പഠിച്ചിട്ടുള്ള  അസീം പറയുന്നത് ഒരു സുഹൃത്തുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് പിതാവ് അദ്ദേഹത്തെ സ്ക്കൂളിൽ നിന്നും വിളിച്ചുകൊണ്ടു വരികയായിരുന്നു എന്നാണ്. തനിക്കറിയാവുന്ന ഒരേയൊരു ജോലി നാണയ നിർമ്മാണമാണെന്നും അദ്ദേഹം പറഞ്ഞു.

Moulding tokens is a family tradition: Azeem's wife Nazima (centre) would pitch in when they had a furnace at home. His father (right) was a master craftsman
PHOTO • Sreelakshmi Prakash
Moulding tokens is a family tradition: Azeem's wife Nazima (centre) would pitch in when they had a furnace at home. His father (right) was a master craftsman
PHOTO • Sreelakshmi Prakash
Moulding tokens is a family tradition: Azeem's wife Nazima (centre) would pitch in when they had a furnace at home. His father (right) was a master craftsman
PHOTO • Sreelakshmi Prakash

ടോക്കണുകൾ വാർത്തെടുക്കുന്നത് കുടുംബ പാരമ്പര്യമാണ് : വീട്ടിൽ ചൂളയുണ്ടായിരുന്ന സമയത്ത് അസീമിന്‍റെ ഭാര്യ നാസിമ ( മദ്ധ്യത്തിൽ ) വരുമാനമുണ്ടാക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് ( വലത് ) മഹാവിദഗ്ദ്ധനായ ഒരു കൈപ്പണിക്കാരൻ ആയിരുന്നു

ദശകങ്ങൾക്കുള്ളിൽ ഈ കുടുംബം നിരവധി തവണ കട മാറ്റിയിട്ടുണ്ട് – കെട്ടിടം തകർക്കപ്പെടുക, ചൂളയിൽ നിന്നുള്ള പൊടിയെക്കുറിച്ചുള്ള പരാതിയുണ്ടാവുക, സ്ഥലപരിമിതി എന്നിങ്ങനെ പല കാരണങ്ങൾ മൂലം. ചാർമിനാറിനടുത്തുള്ള ഒരു ഷെഡ്, ചാർമിനാർ പ്രദേശത്തെ ഒരു ചെറു മസ്ജിദിനടുത്തുള്ള മറ്റൊരു ചെറിയ കട, ചില സമയങ്ങളിൽ കുടുംബത്തിന്‍റെ മൂന്ന് മുറികളുള്ള വീടിന്‍റെ ഒരു മുറിയിൽ സ്ഥാപിച്ചിട്ടുള്ള ചൂള എന്നിങ്ങനെ പലയിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. അടുത്തുള്ള നിലത്തുനിന്നും മണ്ണ് ശേഖരിക്കുക, അത് അരിച്ചെടുക്കുക, മൂശകളിൽ അത് നിറയ്ക്കുക എന്നിങ്ങനെയുള്ള എല്ലാ ജോലികളും ഇവിടെവച്ച് അസീമിന്‍റെ ഭാര്യ നാസിമ ചെയ്യുമായിരുന്നു.

2020 മാർച്ചിൽ തുടങ്ങിയ ലോക്ക്ഡൗൺ കാലത്ത് പ്രതിമാസം 2,000 രൂപ വീതം തനിക്ക് ഭിന്നശേഷി പെൻഷനായി ലഭിക്കുമായിരുന്നതിൽ നിന്നും മുർതുസ തേടിയ സമ്പാദ്യത്തെ ആശ്രയിച്ചാണ് കുടുംബം കഴിഞ്ഞു കൂടിയത്. അസീമിന്‍റെ മൂന്ന് സഹോദരിമാർ വിവാഹിതരും വീട്ടമ്മമാരുമാണ്. ഇളയ സഹോദരൻ ഒരു ഇരുചക്ര വാഹന ഷോറൂമിൽ വെൽസിംഗ് ജോലി ചെയ്യുന്നു.

2020 ഏപ്രിലിൽ മുർതുസ മരിച്ചതിനെ തുടർന്ന് പെൻഷൻ നിലച്ചിരുന്നു (അസീമിന്‍റെ അമ്മ ഖാജ 2007-ൽ മരിച്ചു). അങ്ങനെ കൂടുതൽ ഉപഭോക്താക്കൾ എത്തുമെന്നും വരുമാനം നേടാമെന്നുമുള്ള പ്രതീക്ഷയിൽ 2020 നവംബറിൽ അസീം സെമിത്തേരിക്കടുത്ത്, അതായത് ഇപ്പോൾ അദ്ദേഹം പ്രവർത്തിക്കുന്നിടത്ത്, കട വാടകയ്ക്കെടുത്തു. പക്ഷെ പാതയിലാണ് ഷെഡ് സ്ഥിതി ചെയ്യുന്നത്. അതിനാൽ നഗരത്തിന്‍റെ അധികാരികൾ എപ്പോൾ വേണമെങ്കിലും അത് പൊളിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടേക്കുള്ള എന്‍റെ ഒരു സന്ദർശനസമയത്ത് ബീഗംപേട്ടിലെ ഒരു ഭക്ഷണശാലയിൽ നിന്നും തലേദിവസം അദ്ദേഹത്തിന് ഒരു ഓർഡർ ലഭിച്ചിരുന്നു.

ആദ്യത്തെ നടപടിയെന്തെന്നാൽ ഭക്ഷണശാലയുടെ പ്രത്യേക ഓർഡർ അനുസരിച്ച് അനുയോജ്യമായ ഒരു രൂപം (അതായത് ഒരു ചായകപ്പിന്‍റെയോ മീനിന്‍റെയോ രൂപം) തിരഞ്ഞെടുക്കുക എന്നുള്ളതാണ്. വളരെക്കാലം മുൻപുതന്നെ വെളുത്ത ലോഹത്തിൽ ചെയ്തെടുത്ത മാറ്റമൊന്നുമില്ലാത്ത ഒരു മാസ്റ്റർ ടോക്കൺ ഈ രൂപങ്ങൾ ഉണ്ടാക്കാനായി സൂക്ഷിച്ചിട്ടുണ്ടാവും. തുടർന്ന് കൃത്യമായ പല പാളികളിലായി പകർപ്പുകൾ സൃഷ്ടിക്കാനുള്ള പ്രക്രിയ ആരംഭിക്കുന്നു.

Left: Placing master tokens inside the mould. Centre: Stepping on the peti to compress the soil. Right: Refining the impressions, making way for the molten liquid
PHOTO • Sreelakshmi Prakash
PHOTO • Sreelakshmi Prakash
PHOTO • Sreelakshmi Prakash

ഇടത് : മൂശയ്ക്കകത്ത് മാസ്റ്റർ ടോക്കണുകൾ സ്ഥാപിക്കുന്നു. മദ്ധ്യത്തിൽ: മണ്ണ് അമർത്തുന്നതിനായി മൂശയുടെ മുകളിൽ കയറുന്നു. വലത് : മുദ്ര തെളിച്ചെടുക്കുന്നതിനായി ഉരുകിയ ദ്രാവകത്തിനുള്ള വഴിയൊരുക്കുന്നു

അസീം തടികൊണ്ടുള്ള ഒരു ബോർഡിൽ മൂശ വച്ചശേഷം അതിന്മേൽ സഞ്ജീര (കാസ്റ്റിംഗ് പൊടി) വിതറി. "മണലിന്‍റെ [മണ്ണിന്‍റെ] കണികകളിൽ ഒട്ടിപ്പിടിക്കുന്നതിൽ നിന്നും നാണയത്തെ പൊടി തടയുന്നു”, അദ്ദേഹം പറഞ്ഞു. ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ടോക്കണുകൾ പിന്നീടദ്ദേഹം ഒന്നൊന്നായി ബോർഡിൽ വച്ചു.

മൂശയുടെ നാലിലൊന്ന് ഭാഗം വീണ്ടുമദ്ദേഹം പശ (ശർക്കര കൊണ്ടുണ്ടാക്കിയ തവിട്ട് നിറമുള്ള ദ്രാവകം) കലർത്തിയ മികച്ച മണ്ണ് കൊണ്ട് നിറച്ചു. വലിയ കണികകൾ നീക്കം ചെയ്യുന്നിടത്തോളം ഏത് മണ്ണ്, അല്ലെങ്കിൽ മണൽ, വേണമെങ്കിലും ഉപയോഗിക്കാൻ പറ്റുമെന്ന് അദ്ദേഹം പറയുന്നു. പിന്നീട് പശിമയുള്ള മിശ്രിതം അസ്ഥർ മിട്ടിയോട് (അടിസ്ഥാന മണ്ണ്) കൂട്ടിച്ചേർത്തു. നേരത്തെ ചെയ്ത കാസ്റ്റിംഗ് ജോലിയുടെ ശേഷിപ്പായ, നീല ടാർപ്പോളിന്‍റെ അടിയിൽ സൂക്ഷിച്ചിരുന്ന, കറുത്ത മണ്ണ് മുകളിൽ അദ്ദേഹം ചേർത്തു.

മൂശ ഏതാണ്ട് മുഴുവനായി നിറഞ്ഞപ്പോൾ അതിലെ മണ്ണ് അമർത്തി ചേർക്കാനായി അസീം അതിനു മുകളിൽ കാലുകൾ കൊണ്ടമർത്തി. പിന്നീടദ്ദേഹം ആ ചട്ടക്കൂട് പെട്ടെന്ന് കീഴ്മേൽ മറിച്ചു. നാണയങ്ങളുടെ രൂപം ഇപ്പോൾ മിശ്രിതത്തിൽ പതിഞ്ഞു. മൂശയിപ്പോൾ ഒരു മൂടികൊണ്ട് അടച്ചിരിക്കുകയാണ്. അദ്ദേഹം കുറച്ചുകൂടി സഞ്ജീര പൊടി അതിന്മേൽ ഇട്ടു. തുടർന്ന് അസ്ഥർ മിട്ടിയും കറുത്ത മണ്ണും ചേർത്ത് കൂടുതൽ പാളികളുണ്ടാക്കി. വീണ്ടും അദ്ദേഹമതിന്മേൽ കാൽകൊണ്ട് ശക്തിയായി മർദ്ദിച്ചു. ഇത്തവണ അദ്ദേഹത്തിന്‍റെ പാദങ്ങൾ മണ്ണിലും ചെളിയിലും പുതഞ്ഞു.

മിച്ചംവന്ന മണ്ണ് പിന്നീട് വടിച്ചു കളയുകയും മൂശ തുറക്കുകയും ചെയ്തു. ശേഷം ശ്രദ്ധയോടെ മാസ്റ്റർ രൂപങ്ങൾ നീക്കി. കൊത്തിയെടുക്കപ്പെട്ട രീതിയിൽ മണ്ണിന്‍റെ മിശ്രിതത്തിൽ ശൂന്യത അവശേഷിപ്പിച്ചുകൊണ്ട് രൂപങ്ങൾ പതിഞ്ഞിരുന്നു.

ഉരുകിയ അലൂമിനിയം കടന്നു പോകുന്നതിനായി അസീം ചെറിയ വടികൊണ്ട് ദ്വാരങ്ങൾ ഉണ്ടാക്കി. മുൻ ഓർഡറുകളിലെ കൊത്തിയെടുക്കപ്പെട്ട ഭാഗം (ഉദാഹരണത്തിന് മറ്റൊരു ഭക്ഷണശാലയുടെ പേര്) നീക്കം ചെയ്യുന്നതിനായി വടികൊണ്ട് അദ്ദേഹം പൊള്ളയായ ഭാഗത്തെ മണ്ണ് നിരപ്പാക്കി. മൂശ അടച്ചശേഷം അതിന് നന്നായി തഴുതിട്ടു. അതിന്‍റെ പുറത്ത് തടി കൊണ്ടുള്ള ഒരു ബോർഡ് വയ്ക്കുകയും ചെയ്തു. ഇത് കാസ്റ്റിംഗിനുള്ള സമയമാണ്.

Left: After he has put sanjeera powder over the cavities before pouring in the molten metal. Centre: Operating the hand blower. Right: The metal pieces kept inside the bhatti for melting
PHOTO • Sreelakshmi Prakash
PHOTO • Sreelakshmi Prakash
Left: After he has put sanjeera powder over the cavities before pouring in the molten metal. Centre: Operating the hand blower. Right: The metal pieces kept inside the bhatti for melting
PHOTO • Sreelakshmi Prakash

ഇടത് : ഉരുകിയ ലോഹം പൊള്ളയായ ഭാഗങ്ങളിൽ ഒഴിക്കുന്നതിനു മുമ്പ് സഞ്ജീര പൊടി ഇട്ടതിനുശേഷം . മദ്ധ്യത്തിൽ : ഉല പ്രവർത്തിപ്പിക്കുന്നു . വലത് : മൂശയ്ക്കകത്ത് ഉരുക്കാനായി വച്ചിരിക്കുന്ന ലോഹക്കഷണങ്ങൾ

കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഉല ഉപയോഗിച്ചു കൊണ്ട് കൽക്കരി ചൂളയിലേക്ക് നിറയ്ക്കുന്നു. കൽക്കരി ചൂടായി തിളങ്ങിയാൽ ഉപയോഗശൂന്യമായ പഴയ അലൂമിനിയം നാണയങ്ങളോ കട്ടിയുള്ള കഷണങ്ങളോ ഉപയോഗിച്ച് അസീം ഒരു ലോഹപാത്രം അകത്ത് വയ്ക്കുന്നു. ഇവ ഉരുകുമ്പോൾ കൈയിൽ പിടിക്കാവുന്ന ഒരു ഉപകരണം ഉപയോഗിച്ച് അദ്ദേഹം ചൂടുള്ള ദ്രാവകം മൂശയിലേക്ക് ഒഴിക്കുന്നു. ഒരു സുരക്ഷാ കവചവുമില്ലാതെയാണ് അദ്ദേഹമിത് ചെയ്യുന്നത്. "ഈ രീതിയിൽ ജോലി ചെയ്യാൻ ഞാൻ പരിചിതനാണ്, എല്ലാ ഉപകരണങ്ങളും വില പിടിച്ചതാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ദ്രവീകൃത ലോഹം പെട്ടെന്ന് ഖരരൂപം പ്രാപിക്കുന്നു. അകത്ത് പുതുതായി രൂപപ്പെട്ട ടോക്കണുകൾ പുറത്തെടുക്കാനായി മിനിറ്റുകൾക്കകം മൂശ തുറക്കുന്നു. അത് പുറത്തെടുത്ത് ഒരു അരം ഉപയോഗിച്ച് അദ്ദേഹം അതിന്‍റെ അരികുകൾ കൂർപ്പിക്കുന്നു. " യേ രഹാ ഹമാരാ കോയിൻ “, ചെറിയ ലോഹവസ്തു കൈയിൽ പിടിച്ചുകൊണ്ട് അദ്ദേഹം അദ്ദേഹം പറഞ്ഞു.

അടുത്ത പടി ഭക്ഷണ സാധനങ്ങളുടെയും ഭക്ഷണശാലകളുടെയും പേര് ടോക്കണിനുമേൽ ഇംഗ്ലീഷിൽ കൊത്തിയെടുക്കുക എന്നതാണ്. ഇതിനായി അക്ഷരങ്ങളും അക്കങ്ങളും തുളച്ചുണ്ടാക്കുന്ന ഉപകരണം പുതുതായുണ്ടാക്കിയെടുത്ത അലൂമിനിയം നാണയങ്ങളിൽ ശക്തമായി പതിപ്പിക്കേണ്ടതുണ്ട്. ഒരുകൂട്ടം ടോക്കണുകൾ തയ്യാറായി കഴിഞ്ഞാൽ ആ പുതിയ ടോക്കണുകൾ, പുതിയ കൊത്തിയെടുക്കലിനുശേഷം, കാസ്റ്റിംഗ് പ്രക്രിയ ആവർത്തിക്കാനായി അദ്ദേഹം ഉപയോഗിക്കുന്നു.

"നാണയങ്ങളുടെ എണ്ണം [ഓരോ കൂട്ടത്തിലെയും] മൂശയെ ആശ്രയിക്കുന്നു. എനിക്ക് 12 വിവിധ വലിപ്പങ്ങളിലുള്ളവയുണ്ട്”, ഒരു കൂട്ടം ചട്ടക്കൂടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇടത്തരം വലിപ്പമുള്ള 15x9 ഇഞ്ച് മൂശയിൽ ഒറ്റത്തവണകൊണ്ട് അദ്ദേഹത്തിന് ഏകദേശം 40 ടോക്കണുകൾ ഉണ്ടാക്കാൻ കഴിയും. ഓർഡറുകൾ കൂടുതലുണ്ടെങ്കിൽ 10 മണിക്കൂർ ജോലി ചെയ്താൽ 600 നാണയങ്ങൾ ഒരു ദിവസംകൊണ്ട് അദ്ദേഹത്തിന് ഉണ്ടാക്കാൻ കഴിയും.

Left and centre: Taking out the newly minted tokens. Right: Separating and refining the tokens and shaping them using a file
PHOTO • Sreelakshmi Prakash
PHOTO • Sreelakshmi Prakash
PHOTO • Sreelakshmi Prakash

ഇടതും മദ്ധ്യത്തിലും: പുതുതായി നിർമ്മിച്ചെടുത്ത ടോക്കണുകൾ പുറത്തെടുക്കുന്നു . വലത്: ടോക്കണുകൾ വേർപെടുത്തിയെടുത്ത് തെളിച്ചെടുക്കുകയും അരം ഉപയോഗിച്ച് രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു

വെള്ള ലോഹത്തിൽ നിർമ്മിച്ചെടുത്ത മാസ്റ്റർ കോയിൻ പ്രകാരമല്ലാത്ത രൂപത്തിലുള്ള ഒരു മാതൃക അപൂർവ്വം ചില സന്ദർഭങ്ങളിൽ സൃഷ്ടിക്കേണ്ടി വന്നാൽ അസീം ആവശ്യക്കാരോട് ത്രിമാന രൂപത്തിലുള്ള ഒരു പ്ലാസ്റ്റിക് പകർപ്പ് കൊണ്ടുവരാൻ ആവശ്യപ്പെടും. പക്ഷെ ഇത് ചിലവേറിയതാണ്. മിക്ക ആവശ്യക്കാരും പഴയ മാതൃകകൾ ആവർത്തിക്കാനാണ് താൽപര്യപ്പെടുന്നത്. (അസീമിന്‍റെ പിതാവ് മുർതുസ കാസ്റ്റിംഗ് ജോലി ചെയ്തിരുന്ന സമയത്ത് പുതിയ രൂപങ്ങളും മാതൃകകളും അദ്ദേഹം കൈകൾകൊണ്ട് ഉണ്ടാക്കിയെടുക്കുമായിരുന്നു.)

ലോഹ നാണയങ്ങൾ പ്ലാസ്റ്റിക് നാണയങ്ങളേക്കാൾ ഈട് നിൽക്കുന്നവയാണെന്നും നിർമ്മാണ ചിലവ് കുറഞ്ഞവയാണെന്നും ഹോട്ടൽ വെയ്റ്ററായി ജോലി നോക്കുന്ന മുഹമ്മദ് മൊഹീൻ പറയുന്നു. അസീമിന്‍റെ പണിശാലയിൽ നിന്നും ഏകദേശം 13 കിലോമീറ്റർ അകലെ ബീഗംപേട്ടിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. അദ്ദേഹം ഒരു ഓർഡർ നൽകാനായി വന്നതാണ്. "സാധാരണ രീതിയിൽ എണ്ണുന്നതിനുള്ള ഒരു സംവിധാനമാണിത്. ഞങ്ങളുടെ ഉപഭോക്താക്കളും ഇതിഷ്ടപ്പടുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു. "ഓരോ വിഭവങ്ങൾക്കും 100 നാണയങ്ങൾ വീതം ഞങ്ങൾ സൂക്ഷിക്കുന്നു. അവയെല്ലാം ഉപയോഗിച്ചു കഴിഞ്ഞാൽ ആ വിഭവം 100 എണ്ണം വിറ്റുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഒരു ദിവസത്തെ വരുമാനം ഞങ്ങൾ കണക്കു കൂട്ടുന്നത് അങ്ങനെയാണ്. ഞങ്ങൾ വിദ്യാഭ്യാസമില്ലാത്ത ആളുകളാണ്. അതിനാൽ ഈ സമ്പ്രദായത്തിൽ പെട്ടുപോയിരിക്കുന്നു.”

ഒരു നാണയം നിർമ്മിക്കാൻ 3 രൂപയാണ് അസീം ഈടാക്കുന്നത്. പക്ഷെ ആവശ്യം 1,000 എണ്ണത്തിൽ താഴെയാണെങ്കിൽ ഓരോന്നിനും 4 രൂപ ഈടാക്കും. "എനിക്ക് എല്ലാ ദിവസവും ഓർഡർ ലഭിക്കുന്നില്ല, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കുറച്ച് ഉപഭോക്താക്കൾ ഇവിടെ വരുന്നു”, അദ്ദേഹം പറഞ്ഞു. "അവർക്ക് എന്നെയറിയാം, എന്‍റെ കടയുടെ സ്ഥാനവും അറിയാം. അല്ലെങ്കിൽ അവർക്കെന്‍റെ മൊബൈൽ നമ്പർ ഉണ്ട്. അങ്ങനെ അവർ വിളിക്കുകയും ഓർഡർ നൽകുകയും ചെയ്യുന്നു. ചിലർക്ക് 300 കോയിനുകൾ വേണം, ചിലർക്ക് 1,000. എനിക്ക് സ്ഥിരമായ ഒരു വരുമാനമില്ല. ഒരാഴ്ചയിൽ ചിലപ്പോൾ 1,000 രൂപ മാത്രമാണ് കിട്ടുന്നത്, ചിലപ്പോൾ 2,500 രൂപ.”

ചിലപ്പോൾ ആളുകൾ ഓർഡർ നൽകിയിട്ട് ടോക്കണുകൾ വാങ്ങാൻ തിരിച്ചു വരില്ല. ഉയർന്ന ഒരു ഷെൽഫിൽ വച്ചിരിക്കുന്ന ഒരുകൂട്ടം ടോക്കണുകൾ അസീം ഞങ്ങൾക്ക് കാണിച്ചുതന്നു. "ഞാൻ 1,000 കോയിനുകൾ ഉണ്ടാക്കി. പക്ഷെ ആവശ്യക്കാരൻ ഒരിക്കലും തിരിച്ചുവന്നില്ല”, അദ്ദേഹം പറഞ്ഞു. കുറച്ചു നാളുകൾ കഴിയുമ്പോൾ ആവശ്യപ്പെടാനാളില്ലാത്ത ഈ ടോക്കണുകൾ അദ്ദേഹം ഉരുക്കുകയും മറ്റ് നാണയങ്ങൾ ഉണ്ടാക്കാനായി വീണ്ടും ഉപയോഗിക്കുകയും ചെയ്യും.

Left: Punching the letters on the token. Centre: One set of an order of 1,000 tokens that was not picked by a customer. Right: Azeem shows us how a batch of the tokens will be arranged inside the peti
PHOTO • Sreelakshmi Prakash
Left: Punching the letters on the token. Centre: One set of an order of 1,000 tokens that was not picked by a customer. Right: Azeem shows us how a batch of the tokens will be arranged inside the peti
PHOTO • Sreelakshmi Prakash
Left: Punching the letters on the token. Centre: One set of an order of 1,000 tokens that was not picked by a customer. Right: Azeem shows us how a batch of the tokens will be arranged inside the peti
PHOTO • Sreelakshmi Prakash

ഇടത്: ടോക്കണുകളിൽ അക്ഷരങ്ങൾ പതിപ്പിക്കുന്നു. വലത്: ഓർഡർ നൽകിയശേഷം ആവശ്യക്കാരൻ കൊണ്ടുപോകാതെ അവശേഷിപ്പിച്ചിരിക്കുന്ന 1,000 ടോക്കണുകളുടെ ഒരു കൂട്ടം

അദ്ദേഹത്തിന്‍റെ വരുമാനത്തിന്‍റെ വലിയൊരു ഭാഗവും രണ്ട് കടകൾക്കുള്ള വാടക നൽകാനായി ചിലവാകുന്നു. മസ്ജിദിനടുത്തുള്ള പഴയ കടയ്ക്ക് (ഇപ്പോഴും അദ്ദേഹമത് നിലനിർത്തുന്നു, കാരണം ഇത് ഉപഭോക്താക്കളെ കൊണ്ടുവരാനുള്ള ഒരു മാർഗ്ഗവും ചെറിയ വാടകയ്ക്ക് പ്രധാന പ്രദേശത്ത് ലഭിക്കുന്ന ഒരിടവുമാണ്) 800 രൂപയും ശ്മശാനത്തിനടുത്തുള്ള ആസ്ബറ്റോസ് പണിശാലയ്ക്ക് 2,000 രൂപയും. എല്ലാ മാസവും 6,000-7,000 രൂപ വീതം സ്ക്കൂൾ ഫീസിനത്തിലും പലവ്യഞ്ജനങ്ങൾ വാങ്ങാനും മറ്റ് വീട്ടവശ്യങ്ങൾക്കുമായി ഞാൻ ചിലവഴിക്കുന്നു”, അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇളയ സഹോദരൻ കുടുംബത്തിന്‍റെ ചിലവുകൾ വഹിക്കുന്നു.

സാധാരണനിലയിൽ അസീം ഉച്ച കഴിയുന്നതോടെ, തന്‍റെ കടയിൽ നിന്നും ഒരു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന മോയിൻപുരയിലെ വീട്ടിലേക്ക് മടങ്ങുന്നു. വീട്ടിൽ കാര്യമായി ഫർണിച്ചറുകളൊന്നും ഇല്ല. സിമന്റ് തറയിൽ പ്ലാസ്റ്റിക് വിരിപ്പുകളാണ് ഉപയോഗിച്ചിട്ടുള്ളത്. "എന്‍റെ മക്കൾ ഈ ജോലി ചെയ്യണമെന്നെനിക്കില്ല. ചൂളയും ചൂടായ ലോഹങ്ങളും അപകടകാരികളാണ്”, അദ്ദേഹം പറഞ്ഞു.

"എന്‍റെ മക്കൾക്ക് സുരക്ഷിതമായ ഒരു ഭാവി വേണമെന്നെനിക്കുണ്ട്. സാദ്ധ്യമാകുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം എനിക്കവർക്ക് നൽകണം”, അദ്ദേഹത്തിന്‍റെ ഭാര്യ നാസിമ പറഞ്ഞു. 3 വയസ്സുകാരിയായ മകൾ സമീര അവരോട് പറ്റിനിന്നപ്പോൾ 6 വയസ്സുകാരനായ മകൻ താഹിർ ഒരു മൂലയിൽ കളിക്കുകയായിരുന്നു. അവന്‍റെ കൈയിൽ ധാരാളം നാണയങ്ങളും ഒരു ചെറിയ ഇരുമ്പ് ചുറ്റികയും ഉണ്ടായിരുന്നു. അവനുവേണ്ടി മുത്തശ്ശൻ ഉണ്ടാക്കിയതാണതൊക്കെ.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Sreelakshmi Prakash

Sreelakshmi Prakash likes to do stories on vanishing crafts, communities and practices. She is from Kerala, and works from Hyderabad.

Other stories by Sreelakshmi Prakash
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.