ദിലീപ് കോലിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങൾ വളരെ പ്രക്ഷുബ്ധങ്ങളാണ് - ചുഴലിക്കാറ്റുകൾ, കുറഞ്ഞു വരുന്ന മീൻപിടിത്തം, കുറഞ്ഞ കച്ചവടം എന്നിങ്ങനെ പലതരത്തിൽ. ഏറ്റവും കടുത്തത് 2020 മാർച്ചിൽ തുടങ്ങിയ ലോക്ക്ഡൗണുകളുടെ ആഘാതങ്ങളാണെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

“പണ്ട് ഞങ്ങൾ നേരിട്ടതൊന്നും കഴിഞ്ഞ വർഷത്തേതിന്‍റെ പകുതിയോളം വരില്ല”, ദക്ഷിണ മുംബൈയിലെ കോളാബ പ്രദേശത്തെ കോലിവാഡയിൽ നിന്നുള്ള 50-കാരനായ മത്സ്യബന്ധനക്കാരൻ ദിലീപ് പറഞ്ഞു. "മീൻ പിടിക്കാൻ താൽപര്യമുള്ളവരും ഉണ്ടായിരുന്നു, മീൻ കഴിക്കാൻ തയ്യാറായിട്ടുള്ളവരും ഉണ്ടായിരുന്നു. പക്ഷേ മീൻ വിൽപ്പന ഉണ്ടായിരുന്നില്ല [ലോക്ക്ഡൗൺ മൂലം 2020 സെപ്റ്റംബർ വരെ]. വിപണികൾ പൂട്ടിയിരുന്നു. പിടിച്ച മീൻ ഞങ്ങൾക്ക് കടലിലേക്ക് തിരിച്ചിടേണ്ടിവന്നു.”

കഴിഞ്ഞ ഏതാണ്ട് 35 വർഷങ്ങളായി ദിലീപ് ദക്ഷിണ മുംബൈയിലെ സസൂൻ ഡോക്കിൽ പ്രവർത്തിച്ചു വരികയാണ്. മൂന്ന് ബോട്ടുകൾ സ്വന്തമായുള്ള അദ്ദേഹം 8-10 മീന്‍പിടിത്തക്കാരെ ജോലിക്ക് വച്ചിട്ടുണ്ട്. "ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഞങ്ങൾക്ക് റേഷനെങ്കിലും ഒപ്പിക്കാൻ സാധിച്ചു. പക്ഷെ മറ്റ് പാവപ്പെട്ട കോലി മീന്‍പിടിത്തക്കാർക്ക് ഭക്ഷണമോ പണമോ ഇല്ലായിരുന്നു”, അദ്ദേഹം പറഞ്ഞു.

കാലവർഷ മാസങ്ങളിൽ രാവിലെ 4 മണിക്ക് ജോലി ആരംഭിക്കുന്ന മീന്‍പിടിത്തക്കാർ പലതവണ കടലില്‍ പോയി വരുന്നു. കരയിൽ നിന്നും വളരെയകലെയല്ലാതെ ഒരു തവണ കടലിൽ പോയി വരാനുള്ള ട്രിപ്പിന് ഏകദേശം 40 മിനിറ്റുകൾ എടുക്കും. വേലിയേറ്റത്തിൽ വരുന്ന വ്യതിയാനത്തിനനുസരിച്ച് അവർ ഒരു മണിക്കൂറോളം വിശ്രമിച്ചിട്ട് കടലിലേക്ക് തിരിച്ചു പോകും. "ഞങ്ങൾ അതിരാവിലെ തുടങ്ങി ഉച്ചകഴിഞ്ഞ് 2-3 മണിയോടെ പൂർത്തിയാക്കുo. ചന്ദ്രനിലൂടെയാണ് ഞങ്ങൾ വേലിയേറ്റം മനസ്സിലാക്കുന്നത്. കടുത്ത വേലിയേറ്റമോ വേലിയിറക്കമോ ഉള്ള സമയത്ത് ഞങ്ങൾ മീൻ പിടിക്കാൻ പോകില്ല”, ദിലീപ് പറഞ്ഞു.

അദ്ദേഹത്തിന്‍റെ ബോട്ടിൽ ജോലി ചെയ്യുന്നവരെല്ലാം കോലി സമുദായത്തിൽ പെട്ടവരാണ്. അവരിൽ ചിലർ റായ്ഗഢ് ജില്ലയിലെ തല താലൂക്കിലെ വാശി ഹവേലിയിൽ നിന്നും തീവണ്ടിയിലോ കൂലിക്ക് വിളിക്കുന്ന വണ്ടികളിലോ 150 കിലോമീറ്ററോളം യാത്ര ചെയ്താണ് ദക്ഷിണ മുംബൈയിലെ സസൂൻ ഡോക്കിൽ എത്തുന്നത്. അവിടെയവർ ഗണപതിയുത്സവം ആരംഭിക്കുന്നതിനു മുൻപ്, ഏകദേശം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് പണിയെടുക്കുന്നു. വർഷത്തിലെ ബാക്കിയുള്ള സമയത്ത് മഹാരാഷ്ട്രയുടെ മറ്റ് തീര ദേശങ്ങളിലേക്ക് യാത്ര ചെയ്ത് (പ്രധാനമായും രത്നഗിരി, റായ്ഗഢ് ജില്ലകളിൽ) പ്രതിമാസം 10,000-12,000 രൂപയ്ക്ക് മറ്റുള്ളവരുടെ ബോട്ടുകളിൽ അവർ പണിയെടുക്കുന്നു.

PHOTO • Shraddha Agarwal

റായ് ഗഢ് ജില്ലയിലെ ഒരു മത്സ്യബന്ധന ഗ്രാമമായ വാശി ഹവേലിയിൽ നിന്നുള്ള കോലി മത്സ്യബന്ധന തൊഴിലാളികൾ കാലവർഷ മാസങ്ങളിൽ സസൂൻ ഡോക്കിൽ പണിയെടുക്കുന്നു. നിരവധി പേരും അവിടെ വരുന്നത് കാലികമായി ലഭിക്കുന്ന ബോംബിൽ മത്സ്യങ്ങൾക്കു ( ബോംബെ ഡക്ക് ) വേണ്ടിയാണ് . രാവിലെ ഏകദേശം 4 മണിയോടെ തുടങ്ങുന്ന അവരുടെ തൊഴിൽ ദിവസം ഉച്ച കഴിഞ്ഞ് 2-3 മണിയോടെ അവസാനിക്കുന്നു

മെയ് അവസാനം മുതൽ ഓഗസ്റ്റ് ആദ്യം വരെ ആഴക്കടൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ടെങ്കിലും, "ഇവിടെ ചെറുഉൾക്കടൽ മത്സ്യബന്ധനം [ഡോൾ നെറ്റ് ഉപയോഗിച്ചുള്ളത്] അനുവദനീയമാണ്. വർഷങ്ങളായി ഞങ്ങൾ ഇത് ചെയ്യുന്നു. ഞങ്ങളുടെ കോളാബ ചെറു ഉൾക്കടൽ ബോംബിൽ മത്സ്യങ്ങൾക്ക് പ്രസിദ്ധമാണ്. പ്രസ്തുത മത്സ്യങ്ങൾ ഇവിടെത്തുന്നത് ജൂൺ ജൂലൈ മാസങ്ങളിലാണ്. മഹാരാഷ്ട്രയിലെ ചെറു ഗ്രാമങ്ങളിൽ നിന്നുള്ള മീന്‍പിടിത്തക്കാർ ഞങ്ങളുടെ ബോംബെ ഡക്കിനു വേണ്ടി ഇവിടെ എത്തുന്നു. 2-3 മാസങ്ങൾ അവർ കോളാബയിൽ താമസിക്കും. ഇത് നല്ലൊരു ബിസിനസ് ആണ്”, ദിലീപ് പറഞ്ഞു.

സസൂൻ ഡോക്കിലെ ആ മാസങ്ങളിൽ താനും മറ്റ് മീന്‍പിടിത്തക്കാരും ശതമാനാടിസ്ഥാനത്തിലാണ് പണിയെടുക്കുന്നതെന്ന് വാശി ഹവേലി ഗ്രാമത്തിൽ നിന്നുള്ള പ്രിയൽ ദൂരി പറഞ്ഞു. "ഒരു ദിവസം പിടിക്കുന്ന മീനുകളിൽ നിന്നുള്ള ലാഭത്തിന്‍റെ പകുതി ബോട്ടുടമയ്ക്കുള്ളതാണ്. ബാക്കി ഞങ്ങൾ വീതിച്ചെടുക്കുന്നു”, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 3 മാസ കാലയളവിനുള്ളിൽ പ്രിയലിന് കോവിഡ് മൂലം അച്ഛനേയും ലൂക്കീമിയ മൂലം അമ്മയേയും നഷ്ടപ്പെട്ടു. "ഞങ്ങളുടെ അമ്മയ്ക്ക് ചികിത്സയ്ക്ക് പണം വേണമായിരുന്നു.” അതിനാൽ 12-ാം ക്ലാസ്സ് പൂർത്തിയാക്കാൻ സാധിക്കാതെ കഴിഞ്ഞ 10 വർഷമായി ഈ 27-കാരൻ മത്സ്യബന്ധനം നടത്തുന്നു.

"കാലവർഷ സമയത്ത് ഞങ്ങൾ പ്രതിദിനം ഏകദേശം 700 രൂപ ഉണ്ടാക്കുന്നു. പക്ഷെ കഴിഞ്ഞ വർഷം പ്രതിദിനം കഷ്ടിച്ച് 50 രൂപയാണ് ഞങ്ങൾക്ക് ഉണ്ടാക്കാൻ പറ്റിയത്. ഒരു വർഷം മുഴുവൻ കോവിഡ് കാരണം ഞങ്ങൾ വീട്ടിൽ ഇരിക്കുകയായിരുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലില്ലാഞ്ഞതിനാൽ വാശി ഹവേലിയിലെ മീന്‍പിടിത്തക്കാർക്കും കുടുംബങ്ങൾക്കും 2020 മെയ് മാസത്തോടെ അവരുടെ റേഷൻ തീർന്നു തുടങ്ങി. "അടുത്തുള്ള ചെറുഉൾക്കടലിൽ നിന്നും പിടിക്കാൻ കഴിയുന്ന എന്തു മീനും ഞങ്ങൾ തിന്നു. പക്ഷെ ചുഴലിക്കാറ്റിനു [നിസർഗ] ശേഷം കഷ്ടിച്ചാണ് ഞങ്ങൾ ഭക്ഷണവും വെള്ളവുമൊക്കെ ഒപ്പിച്ചത്. ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം വർഷമായിരുന്നു അത് [2020]”, പ്രിയൽ കൂട്ടിച്ചേർത്തു.

2020 ജൂൺ 3-ന് നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ തീരദേശ ജില്ലകളെ ബാധിച്ചു. "ഒരു മാസത്തോളം ഞങ്ങൾക്ക് വൈദ്യുതിയോ ഫോൺ ബന്ധങ്ങളോ ഒന്നും ഇല്ലായിരുന്നു. ഞങ്ങളുടെ വീടുകൾ മുഴുവൻ പൂർണ്ണമായും തകർന്നു. ഞങ്ങൾക്ക് സർക്കാരിൽ നിന്നും നഷ്ടപരിഹാരമൊന്നും കിട്ടിയില്ല”, പ്രിയൽ പറഞ്ഞു. അദ്ദേഹത്തിന് താനും മൂത്ത സഹോദരൻ [മീന്‍പിടിത്തക്കാരൻ തന്നെയായ] ചന്ദ്രകാന്തും താമസിക്കുന്ന വീട് പുനർനിർമ്മിക്കുന്നതിനായി 40,000 രൂപ സുഹൃത്തുക്കളിൽ നിന്നും വായ്പ വാങ്ങേണ്ടി വന്നു.

Dilip Koli holding a crab: “During a crisis, farmers at least get some compensation from the government. But fishermen don’t get anything even though farmers and fishermen are both like brothers.”
PHOTO • Shraddha Agarwal
Dilip Koli holding a crab: “During a crisis, farmers at least get some compensation from the government. But fishermen don’t get anything even though farmers and fishermen are both like brothers.”
PHOTO • Shraddha Agarwal

ദിലീപ് കോലി ഒരു ഞണ്ടിനെയും പിടിച്ചുകൊണ്ട് : ' ഒരു പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്ക് കുറച്ച് നഷ്ടപരിഹാരമെങ്കിലും സർക്കാരിൽ നിന്നും ലഭിക്കുന്നു. പക്ഷെ മത്സ്യബന്ധനം നടത്തുന്നവർക്ക് ഒന്നും ലഭിക്കുന്നില്ല , കർഷകരും മത്സ്യബന്ധനം നടത്തുന്നവരും സഹോദരന്മാരെപ്പോലെയാണെങ്കിലും'

പിന്നീട് 2021 മെയ് 14-ന് തൗക്തെ ചുഴലിക്കാറ്റ് (Cyclone Tauktae) വന്നു. “വേലിയേറ്റത്താൽ ഞങ്ങളുടെ ബോട്ടുകളൊക്കെ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഞങ്ങൾക്ക് സംഭവിച്ചു. ഏതാനും ആയിരം രൂപ തന്ന് മറ്റുള്ളവരുടെ കണ്ണിൽ നല്ലവരാകാൻ സർക്കാരിന് കഴിയില്ല. മീന്‍പിടിത്തക്കാർക്ക് [ഇതിൽ] നല്ല ദേഷ്യമുണ്ട്”, ദിലീപ് പറഞ്ഞു. അദ്ദേഹത്തിന്‍റെ മൂന്ന് പുത്രന്മാരും മത്സ്യബന്ധനം നടത്തുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ 49-കാരിയായ ഭാരതി സസൂൻ ഡോക്കിൽ മൊത്തം വാങ്ങുന്ന കച്ചവടക്കാർക്ക് മത്സ്യം വിൽക്കുന്നു (കാണുക: സൗഹൃദവും പ്രതിസന്ധികളും പങ്കിട്ട് മീന്‍ വില്‍പ്പനക്കാരികളായകോലി സ്ത്രീകള്‍ ). “എന്തായാലും ഞങ്ങൾ കോലി മത്സ്യബന്ധനക്കാർക്ക് അവർ ഒരിക്കലും ഒന്നും ചെയ്യില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. "പക്ഷെ അത്തരം ചുഴലിക്കാറ്റുകൾ ഉണ്ടാകുമ്പോൾ ഞങ്ങൾക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകേണ്ടതാണ്.”

ഇതേ തുടർന്നുണ്ടായ തിരിച്ചടികളിലൊന്ന് മീൻപിടിത്തത്തിൽ കുത്തനെയുണ്ടായ കുറവാണ്. "ഞാൻ ചെറുപ്പമായിരുന്നപ്പോൾ മീനിന്‍റെ വില കുറവായിരുന്നു, പക്ഷെ [ബോട്ടിനുള്ള] ഡീസലിന്‍റെ വിലയും ലിറ്ററിന് 20 രൂപ ആയിരുന്നു. ഇപ്പോൾ ഡീസലിന്‍റെ വില ലിറ്ററിന് ഏതാണ്ട് 100 രൂപയാണ്. മീന്‍പിടിത്തവും കുറഞ്ഞിരിക്കുന്നു”, ദിലീപ് പറഞ്ഞു.

പൊതുവെ പ്രിയപ്പെട്ട മീനുകളായ സുരമയി , ആവോലി, മത്തി എന്നിവയൊക്കെ കുറഞ്ഞ അളവിലാണ് മീന്‍പിടിത്തക്കാരുടെ വലകളിൽ  കിട്ടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2019-ൽ മഹാരാഷ്ട്രയുടെ തീരത്ത് ഫിഷ് ലാൻഡിംഗിൽ (തുറമുഖത്തെത്തിച്ചേരുന്ന മീനുകൾ) 32 ശതമാനം വർദ്ധനവുണ്ടായെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് പറയുന്നത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ചുഴലി കൊടുങ്കാറ്റുകളാണ് ഈ കുറവിന് കാരണം എന്നാണ്. ഇവയിൽ ആറെണ്ണം കടുത്ത ചുഴലിക്കാറ്റുകൾ ആയിരുന്നു.

"ഞങ്ങളുടെ ഉപജീവന മാർഗ്ഗം തികച്ചും പ്രകൃതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്”, ദിലീപ് പറഞ്ഞു. "പ്രകൃതി ഞങ്ങൾക്ക് നല്ലതല്ലെങ്കിൽ തൊഴിലും ജീവിതവും ഞങ്ങൾക്ക് നഷ്ടമാകും.”

പിന്നീട്, കോവിഡ്-19 മഹാമാരിയോടു കൂടെ, സസൂൻ ഡോക്കിലെ മീന്‍പിടിത്തക്കാർ ആ കൊടുങ്കാറ്റിനെയും നേരിടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

PHOTO • Shraddha Agarwal

അങ്ങോട്ടുമിങ്ങോടും പോയി വരുന്ന 40 മിനിറ്റുള്ള ഒരു ട്രിപ്പിൽ മീന്‍പിടിത്തക്കാർ 400-500 കിലോഗ്രാം മീനുകൾ കാലവർഷ മാസങ്ങളിൽ പിടിക്കുന്നു . 10-12 മണിക്കൂറുകൾക്കുള്ളിൽ പല തവണ അത്തരം ട്രിപ്പുകൾ അവർ നടത്തുന്നു

PHOTO • Shraddha Agarwal

ജെല്ലി ഫിഷുകളെ ( മലയാളത്തിൽ കടൽച്ചൊറി എന്നും പറയുന്നു ) തിരികെ കടലിലേക്ക് എറിയുമെന്ന് മീന്‍പിടിത്തക്കാർ പറയുന്നു. കാരണം ഇത് നാറ്റമുള്ളതാണ്. ഇന്ത്യയിലാരും തന്നെ ഈ ജീവികളെ കഴിക്കാറില്ല

PHOTO • Shraddha Agarwal

പത്തുവർഷത്തിലധികമായി മത്സ്യബന്ധനം നടത്തുന്ന 34- കാരനായ രാംനാഥ് കോലി വലയിൽ കുടുങ്ങിയ ഒരു കടൽ പാമ്പുമായി. " ഞങ്ങൾ രാത്രിയും പകലും അദ്ധ്വാനിക്കണം. നിശ്ചിതമായ മണിക്കൂറുകൾ ഇല്ല. വരുമാന വും അസ്ഥിരമാണ് ”, അദ്ദേഹം പറയുന്നു

PHOTO • Shraddha Agarwal

49- കാരനായ നാരായൺ പാട്ടീലിന് മൂന്ന് പെൺമക്കളും വാശി ഹവേലിയിലെ ജില്ല പരിഷത് സ്ക്കൂളിൽ പഠിക്കുന്ന ഒരു മകനു മു ണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യ വീട്ടമ്മയാണ്. 20 വർഷത്തോളമായി മത്സ്യബന്ധനം നടത്തുന്ന അദ്ദേഹം പറയുന്നു , " എന്‍റെ മക്കളൊ രിക്കലും ഈ ഇടപാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്ന് എനിക്കില്ല

PHOTO • Shraddha Agarwal

വലിയൊരു മീൻപിടിത്തത്തിനുള്ള സാദ്ധ്യത തേടി ക്കൊണ്ട് മീൻപിടിത്തക്കാർ അടുത്ത സ്ഥലത്തേക്ക് നീങ്ങുന്നു

PHOTO • Shraddha Agarwal

വലയിൽ മീനുകളുടെ ഭാരം തുല്യമായി വിഭജിക്കുന്നതിനായി രാംനാഥ് കോലി വെള്ളത്തിനടിയിലേക്ക് മുങ്ങി വല പകുതിയായി വിഭജിക്കുന്നു. അപ്പോൾ വല ബോട്ടിലേക്ക് വലിച്ച് കയറ്റുന്നത് എളുപ്പമായി തീരുന്നു

PHOTO • Shraddha Agarwal

വെള്ളത്തിൽ നിന്ന് ബോട്ടിലേക്ക് മീൻ വല വലിച്ചു കയറ്റുന്നതിന് എല്ലാവരുടെയും പ്രയത്ന o ആവശ്യമാണ്

PHOTO • Shraddha Agarwal

വലയിൽ നിന്നുള്ള മീൻ അവർ ബോട്ടിന്‍റെ മൂലയിലേക്ക് നിക്ഷേപിക്കുന്നു

PHOTO • Shraddha Agarwal

ചെറിയ ആൺകുട്ടികൾ മീന്‍പിടിത്തക്കാരെ കൈവീശിക്കാണിച്ചുകൊണ്ട് മറ്റൊരു ബോട്ടിൽ കടന്നു പോകുന്നു

PHOTO • Shraddha Agarwal

കരയിൽ നിന്നും വളരെയകലെയല്ലാതെ ഒരു തവണ കടലിൽ പോയി വരാനുള്ള ട്രിപ്പിന് ഏകദേശം 40 മിനിറ്റുകൾ എടുക്കും . ബോട്ട് ജെട്ടിയിലേക്ക് തിരിച്ചെത്തിയാൽ കുറച്ചു മീന്‍പിടിത്തക്കാർ ലാൻഡിംഗ് ഇടത്തിലേക്ക് ചാടുന്നു. അവിടെ മീൻ വാങ്ങുന്നവർ കാത്തുനിൽപ്പുണ്ടാവും. ചാടിയ മീൻപിടിത്തക്കാർ വലിയ പ്ലാസ്റ്റിക് കുട്ടകൾ ബോട്ടിലുള്ള മീൻപിടിത്തക്കാർക്ക് കൈമാറാൻ തുടങ്ങും

PHOTO • Shraddha Agarwal

26- കാരനായ ഗൗരവ് കോലി പറയുന്നത് മത്സ്യബന്ധനം നടത്തുന്ന ഒരാളാവണമെന്ന് തനിക്ക് എല്ലായ്പ്പോഴും ആഗ്രഹം ഉണ്ടായിരുന്നു എന്നാണ്. 12-ാം ക്ലാസ്സ് വരെ പഠിച്ച അദ്ദേഹം അതിനുശേഷം പിതാവായ ദിലീപ് കോലിയോടൊപ്പം പ്രവർത്തിക്കുകയാണ്

PHOTO • Shraddha Agarwal

19- കാരനായ ഹർഷദ് കോലി ( മഞ്ഞ റ്റി - ഷർട്ടിട്ട് മുന്നിൽ കാണുന്നത് ) മൂന്ന് വർഷങ്ങൾക്കു മുമ്പ് 10-ാം ക്ലാസ്സ് പൂർത്തിയാക്കിയതിനു ശേഷം മത്സ്യബന്ധനത്തിലേർപ്പെടാൻ തുടങ്ങിയതാണ്. ഹർഷദിന്‍റെ കുടുംബത്തിന് വാശി ഹവേലിയിൽ ഒരു ബോട്ടുണ്ട്. പക്ഷെ , " അവിടെ വാങ്ങാനാരുമില്ല , അതുകൊണ്ട് ജോലി ചെയ്യാൻ ഞാനിവിടെ വന്നു [ മുംബൈയിൽ ]”

PHOTO • Shraddha Agarwal

വാങ്ങാനുള്ളവരും ലേലത്തിൽ പിടിക്കാനുള്ളവരും മീനുമായെത്തുന്ന ബോട്ടുകൾ ജട്ടിയിൽ എത്തുന്നതിനായി വ്യഗ്രതയോടെ കാത്തു നിൽക്കുന്നു

PHOTO • Shraddha Agarwal

മീൻ വിൽപ്പനക്കാർ ഐസിൽ സൂക്ഷിച്ചിരിക്കുന്ന വ്യത്യസ്ത തരത്തിലുള്ള മത്സ്യങ്ങൾ

PHOTO • Shraddha Agarwal

മൊത്തം വാങ്ങുന്ന കച്ചവടക്കാരെ അന്വേഷിച്ചുകൊണ്ട് ചില മീൻ വിൽപ്പനക്കാർ പാൽഘർ ജില്ലയിൽ നിന്നു വരുന്നു

PHOTO • Shraddha Agarwal

മത്സ്യബന്ധനം നടത്തുന്ന സ്ത്രീകൾ സസൂൻ ഡോക്കിലെ ഒരു തുറന്ന സ്ഥലത്ത് പുതിയ ചെറുചെമ്മീനുകൾ വെയിലത്ത് ഉണങ്ങാനായി നിരത്തിയിടുന്നു

PHOTO • Shraddha Agarwal

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികൾ മുംബൈയിലെ സസൂൻ ഡോക്കിലേക്ക് ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിൽ വല കൾ നന്നാക്കാനായി എത്തുകയും പ്രതിദിനം 500-600 രൂപ ഉണ്ടാക്കുകയും ചെയ്യുന്നു

PHOTO • Shraddha Agarwal

കോവിഡ് -19 മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് രാവിലെ 4 മണിക്ക് മീന്‍പിടിത്തക്കാർ , മീൻ വിൽപ്പനക്കാർ , ബോട്ടുടമകൾ , മറ്റ് തൊഴിലാളികൾ എന്നിവരെക്കൊണ്ട് സസൂൻ ഡോക്ക് നിറഞ്ഞു കവിയും . 2020 മാർച്ചിൽ ആരംഭിച്ച ലോക്ക്ഡൗൺ മുതൽ കഷ്ടിച്ചേ അത്തരം ആൾക്കൂട്ട o ഇവിടെ ഉണ്ടാകാറുള്ളൂ

പരിഭാഷ: റെന്നിമോന്‍ കെ. സി.

Shraddha Agarwal

Shraddha Agarwal is a Reporter and Content Editor at the People’s Archive of Rural India.

Other stories by Shraddha Agarwal
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.