“എന്നെ ജോലിക്കെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഞാൻ എല്ലാ മുൻ‌കരുതലുകളും എടുത്തിരുന്നു. എന്നിട്ടും അവരെന്നെ വീടിനകത്ത് കയറാൻ അനുവദിക്കുന്നില്ല“. മഹാരാഷ്ട്രയിലെ ലത്തൂർ പട്ടണത്തിലെ വീട്ടുജോലിക്കാരിയായ 68 വയസ്സുള്ള ജെഹെദാബി സയദ് പറയുന്നു. “ഞാൻ ഈ തുണി (മുഖാവരണം) മാറ്റാറേയില്ല. സാമൂഹികാകലം പാലിക്കാറുമുണ്ട്”.

ജോലിചെയ്തിരുന്ന അഞ്ച് കുടുംബങ്ങളിൽ നാലുപേരും, 2020 ഏപ്രിലിലെ കോവിഡ്-19 അടച്ചുപൂട്ടൽ കാലത്ത് അവരോട് ജോലിക്ക് വരേണ്ടെന്ന് പറഞ്ഞു. “ഒരു കുടുംബത്തിൽ മാത്രമായിരുന്നു ജോലി. അവരാണെങ്കിൽ എല്ലുമുറിയെ പണിയെടുപ്പിക്കുകയും ചെയ്തു”.

മുപ്പത് വർഷമായി പാത്രം കഴുകലും, നിലം തുടയ്ക്കലുമൊക്കെയായി വീട്ടുവേല ചെയ്യുന്ന വീടുകളിൽനിന്നാണ് കഴിഞ്ഞ വർഷം അവരെ പുറത്താക്കിയത്. കഴിഞ്ഞ വർഷം ദില്ലിയിലെ ഒരു പള്ളിയിൽ നടന്ന തബ്‌ലീഗി ജമാ‍‌അത്ത് സമ്മേളനം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന വാർത്ത ആ വീട്ടുകാരെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നാണ് അവർ വിശ്വസിക്കുന്നത്. “മുസ്ലിമുകളിൽനിന്ന് അകന്നുനിൽക്കണമെന്ന സ്വകാര്യമായ പറച്ചിൽ കാട്ടുതീപോലെ പടർന്നു” എന്ന് അവർ ഓർക്കുന്നു. “ജമാ‌അത്ത് കാരണമാണ് എനിക്ക് ജോലി നഷ്ടപ്പെട്ടതെന്ന് എന്‍റെ മകളുടെ ഭർത്താവ് പറഞ്ഞു. ഞാനും അതുമായിട്ട് എന്താണ് ബന്ധം?”

മാസം 5,000 രൂപ കിട്ടിയിരുന്നത് 1,000 രൂപയായി കുറഞ്ഞു. “എന്നെ പുറത്താക്കിയ വീട്ടുകാർ എന്നെ തിരിച്ച് വിളിക്കുമോ?” അവർ ചോദിക്കുന്നു. “എത്ര വർഷങ്ങൾ ഞാൻ അവർക്കുവേണ്ടി ജോലി ചെയ്തു. എന്നിട്ട് പെട്ടെന്നൊരു ദിവസം എന്നെ പുറത്താക്കി, മറ്റൊരാളെ ജോലിക്കെടുത്തു”.

കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ അവരുടെ സ്ഥിതിക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. “കൂടുതൽ ദുരിതമായി സ്ഥിതി”, ജെഹെദാബി പറയുന്നു. 2021 മാർച്ചിൽ മൂന്ന് വീടുകളിൽ അവർ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഏപ്രിൽ മാസത്തിൽ കോവിഡ്-19-ന്‍റെ രണ്ടാം തരംഗം മഹാരാഷ്ട്രയിൽ വ്യാപിച്ചപ്പോൾ രണ്ട് വീട്ടുകാർ അവരെ പറഞ്ഞുവിട്ടു. “ഞങ്ങൾ ചേരിയിൽ താ‍മസിക്കുന്നവരായതുകൊണ്ട്, കോവിഡ് നിയമങ്ങളൊന്നും അനുസരിക്കുന്നുണ്ടാവില്ല എന്നാണ് അവർ പറയുന്നത്”.

വേറെ ജോലി കണ്ടെത്തുന്നതുവരെ 700 രൂപ ശമ്പളത്തിൽ ജീവിക്കാൻ നിർബന്ധിതയായിരിക്കുകയാണ് ഇപ്പോളവർ.

Jehedabi Sayed has been a domestic worker for over 30 years
PHOTO • Ira Deulgaonkar

കഴിഞ്ഞ മുപ്പത് കൊല്ലമായി വീട്ടുവേല ചെയ്യുകയാണ് ജെഹെദാബി സയദ്

കഴിഞ്ഞ ഒരുവർഷമായി, സ്ഥിരമായ ഒരു വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണ് ലത്തൂരിനടുത്തുള്ള വിത്തൽ നഗറിൽ ഒറ്റയ്ക്ക് താമസിക്കുന്ന ജെഹെദാബി എന്ന ഈ വിധവ. ഭർത്താവിന്‍റെ പേരിലുള്ള വീട് ഒരു മുറിയും അടുക്കളയും മാത്രം അടങ്ങുന്നതാണ്. വൈദ്യുതിയോ കുളിമുറിയോ ഒന്നുമില്ല. പതിനഞ്ച് വർഷം മുമ്പാണ് അസുഖം ബാധിച്ച് അവരുടെ ഭർത്താവ് മരിച്ചത്. “മൂന്ന് ആൺ‌മക്കളും ഒരു പെണ്ണുമായിരുന്നു എനിക്ക്. രണ്ടാൺ‌മക്കൾ കുറച്ചുകാലം മുമ്പ് മരിച്ചു. ഏറ്റവും ഇളയവൻ നിർമ്മാണത്തൊഴിലാളിയാണ്. 2012-ൽ വിവാഹം കഴിച്ച് മുംബൈയിലേക്ക് പോയതിൽ‌പ്പിന്നെ അവനെ ഞാൻ കണ്ടിട്ടില്ല”. മകൾ സുൽത്താന വിവാഹം കഴിച്ച് ഭർത്താവും മക്കളുമൊക്കെയായി വിത്തൽനഗറിനടുത്ത് ജീവിക്കുന്നു.

“ഞങ്ങളുടെ താമസസ്ഥലവും, ഞങ്ങളുടെ സമുദായവും ഒക്കെ ഇപ്പോൾ ആളുകൾക്ക് പ്രശ്നമായിരിക്കുന്നു. എങ്ങിനെ പൈസ കിട്ടും? എന്ത് തിന്ന് ജീവിക്കും? ഈ മഹാവ്യാധി ആളുകളെ രണ്ട് തട്ടിലാക്കിയിരിക്കുന്നു” ജെഹെദാബി പറഞ്ഞു.

ജെഹെദാബിയെപ്പോലെയുള്ള പ്രായമുള്ള സ്ത്രീകളുടെ ജീവിതത്തെ ഈ മഹാവ്യാധി ദുരിതത്തിലാക്കിയിട്ടുണ്ടെങ്കിൽ, അതിനേക്കാൾ ദുരിതത്തിലാണ്, ഗൗസിയ ഇനാം‌‌ദാറിനെപ്പോലെയുള്ള വിധവകൾ. ആറ് വയസ്സിനും പതിമൂന്ന് വയസ്സിനുമിടയിലുള്ള അഞ്ച് കുട്ടികളാണ് അവരെ ആശ്രയിച്ച് ജീവിക്കുന്നത്.

കോവിഡ് 19-ന്‍റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ മാർച്ചുമാസം മുതൽ നടപ്പാക്കിയ വിലക്കുകളിൽ‌പ്പെട്ട് ജോലി ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് ഒസ്മാനാബാദ് ജില്ലയിലെ ചിവാരി ഗ്രാമത്തിലെ കർഷകത്തൊഴിലാളിയായ ഗൗസിയ എന്ന മുപ്പതുകാരി.

2020 മാർച്ചിന് മുമ്പ്, കൃഷിപ്പണി ചെയ്ത് ദിവസവും 150 രൂപ സമ്പാദിച്ചിരുന്നു ഗൗസിയ. എന്നാൽ അടച്ചുപൂട്ടൽ തുടങ്ങിയതിനുശേഷം, ചിവാരിയിലെയും ഉമർഗയിലെയും കൃഷിയുടമസ്ഥർ ആഴ്ചയിലൊരിക്കലോ മറ്റോ മാത്രമേ അവരെ ജോലിക്ക് വിളിക്കുന്നുള്ളു. “ദിവസങ്ങളോളം ഞങ്ങളെ പട്ടിണിയിലാക്കി ഈ രോഗം. കുട്ടികളെ ഓർത്താണ് എനിക്ക് സങ്കടം. ആഴ്ചയിൽ 150 രൂപകൊണ്ട് എങ്ങിനെ ജീവിക്കാനാണ്?” നാട്ടിലുള്ള ഒരു എൻ.ജി.ഒ. തന്ന റേഷൻ‌കൊണ്ടാണ് അവർ ആ ദിവസങ്ങളിൽ ജീവൻ നിലനിർത്തിയത്.

അടച്ചുപൂട്ടലിൽ ഇളവുകൾ വന്നതിനുശേഷവും ആഴ്ചയിൽ 200 രൂപയാണ് ഗൗസിയയ്ക്ക് സമ്പാദിക്കാൻ കഴിഞ്ഞത്. ഗ്രാമത്തിലെ മറ്റുള്ളവർക്ക് കൂടുതൽ ജോലി കിട്ടുന്നുണ്ടെന്ന് അവർ പറയുന്നു. “എന്‍റെ കുടുംബത്തിലെ സ്ത്രീകൾക്ക് പണി കിട്ടാൻ ബുദ്ധിമുട്ടുകയാണ്. പക്ഷേ 2020 ജൂൺ-ജൂലായ് മാസം തൊട്ട്, എന്‍റെ അമ്മയുടെ വീടിനടുത്തുള്ള ചില സ്ത്രീകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം ജോലി കിട്ടുന്നുണ്ട്. ഒരേ പോലെ അദ്ധ്വാനിച്ചിട്ടും ഞങ്ങൾക്കെന്തുകൊണ്ടാണ് ജോലി കിട്ടാത്തത്?” ഒരു തയ്യൽ മെഷീൻ വാടകയ്ക്കെടുത്ത് ബ്ലൗസുകൾ തുന്നിക്കൊടുത്തും സാരിയുടെ വക്കടിച്ചുകൊടുത്തുമാണ് ഗൗസിയ ഉപജീവനം കണ്ടെത്തുന്നത്.

പതിനാറ് വയസ്സുള്ളപ്പോഴായിരുന്നു ഗൗസിയയുടെ വിവാഹം. അഞ്ച് വർഷം മുമ്പ് ഭർത്താവ് അസുഖം വന്ന് മരിച്ചു. ഭർത്താവിന്‍റെ വീട്ടുകാർ അതിന് അവളെ പഴി പറഞ്ഞ്, കുട്ടികളോടൊപ്പം വീട്ടിൽനിന്ന് ഇറക്കിവിട്ടു. കുടുംബസ്വത്തിൽ ഭർത്താവിനുണ്ടായിരുന്ന ഓഹരിപോലും അവർക്ക് നിഷേധിക്കപ്പെട്ടു. അങ്ങിനെ, മക്കളെയും കൂട്ടി ചിവാരിയിൽത്തന്നെയുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് അവൾ പോന്നു. പക്ഷേ അവിടെ അവളുടെ സഹോദരനും കുടുംബവും താമസിക്കുന്നുണ്ടായിരുന്നു. ആറുപേരുടെ അധികച്ചിലവ് കൂടി വഹിക്കാൻ അയാൾ തയ്യാറായിരുന്നില്ല. അതുകൊണ്ട്, ആ വീടുവിട്ട് ഗ്രാ‍മത്തിന്‍റെ പുറമ്പോക്കിൽ മാതാപിതാക്കള്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഒരു ചെറിയ തുണ്ട് സ്ഥലത്ത് താത്ക്കാലികമായ ഒരു കൂര കെട്ടി മക്കളോടൊപ്പം താമസിക്കുകയാണ് അവൾ ഇപ്പോൾ.

“വളരെക്കുറച്ച് വീടുകളേയുള്ളു ഇവിടെ”, ഗൗസിയ പറയുന്നു. “വീടിനടുത്തുള്ള ഒരു ബാറിൽനിന്ന് മദ്യപിച്ച് വരുന്നവർ രാത്രി ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് വന്ന് ശാരീരികമായി പീഡിപ്പിക്കുമായിരുന്നു. ആദ്യത്തെ കുറച്ച് മാസങ്ങൾ അസഹനീയമായിത്തോന്നി. പക്ഷേ വേറെ വഴിയില്ലായിരുന്നു“. ഗ്രാമത്തിലെ ആരോഗ്യപ്രവർത്തകർ ഇടപെട്ടതിനുശേഷമാണ് അത് അവസാനിച്ചത്.

Gausiya Inamdar and her children in Chivari. She works as a farm labourer and stitches saree blouses
PHOTO • Javed Sheikh

ഗൗസിയ ഇനാം‌‌ദാറും അവരുടെ കുട്ടികളും . കർഷകത്തൊഴിലാളിയായ അവർ സാരിയും ബ്ലൗസുമൊക്കെ തുന്നിയാണ് ഉപജീവനം നടത്തുന്നത്.

രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഗൗസിയ ഇപ്പോഴും പ്രയാസപ്പെടുന്നു. “തയ്യൽ‌പ്പണിയും അധികമൊന്നും ഇപ്പോൾ കിട്ടുന്നില്ല. രണ്ടാഴ്ച കൂടുമ്പോൾ എന്തെങ്കിലുമൊന്ന് കിട്ടിയാലായി. കോവിഡ് കാരണം സ്ത്രീകളൊന്നും ഇപ്പോൾ വരുന്നില്ല. ഇതൊരു പേടിസ്വപ്നം‌പോലെ ആയിത്തുടങ്ങി” അവർ പറയുന്നു. “ജീവിതകാലം മുഴുവൻ ഈ കൊറോണയുടേയും തൊഴിലില്ലായ്മയുടേയും പിടിയിൽ കഴിയേണ്ടിവരുമോ ഞങ്ങൾക്ക്?”

അസുബി ലഡാഫിന്‍റെ ഭർത്താവ് ഇമാം ലഡാഫ് മരിച്ചതിന്‍റെ പിറ്റേന്നുതന്നെ അവരെയും നാല് മക്കളേയും ഭർത്താവിന്‍റെ വീട്ടുകാർ ഇറക്കിവിട്ടു. ഭർത്താവിന്‍റെ അച്ഛനമ്മമാരുടേയും മൂത്ത സഹോദരന്‍റെയുമൊക്കെ ഒപ്പം കൂട്ടുകുടുംബമായിട്ടാണ് ഞങ്ങൾ ഉമർഗയിൽ താമസിച്ചിരുന്നത്”, അവര്‍ പറഞ്ഞു.

മരിക്കുന്നതിന് കുറച്ചുകാലം മുമ്പ് മുതൽ അസുഖബാധിതനായിരുന്നു അവരുടെ ഭർത്താവ് ഇമാം. ദിവസവേതനക്കാരനായിരുന്ന അയാളുടെ വൃക്കകൾ അമിതമായ മദ്യപാനത്താൽ തകരാറിലായിരുന്നു. അങ്ങിനെയാണ് 38 വയസ്സുള്ള അസൂബി, ഉപജീവനാർത്ഥം, കഴിഞ്ഞ ഫെബ്രുവരിയിൽ ഭർത്താവിനെ ഉമർഗയിലാക്കി മക്കളോടൊപ്പം പുണെയിലേക്ക് പോന്നത്.

വീട്ടുജോലിക്കാരിയായി തൊഴിൽ കണ്ടെത്തി, മാസം 5,000 രൂപ സമ്പാദിച്ചുവരികയായിരുന്നു അവർ. അപ്പോഴാണ് കോവിഡ്-19-ന്‍റെ അടച്ചുപൂട്ടൽ തുടങ്ങിയത്. നാല് മക്കളേയും കൂട്ടി അവർ പുണെ വിട്ട്, അച്ഛനമ്മമാർ താമസിക്കുന്ന നൽദുർഗ് ഗ്രാമത്തിലെത്തി. തുൽ‌ജാപുർ താലൂക്കിലെ ഒരു ഗ്രാമമാണ് നൽദുർഗ്. എന്തെങ്കിലും ജോലി തരപ്പെടുമെന്നായിരുന്നു പ്രതീക്ഷ. “കഴിഞ്ഞ വർഷം മാർച്ച് 27-ന് ഞങ്ങൾ പുണെയിൽനിന്ന് നടക്കാൻ തുടങ്ങി. 300 കിലോമീറ്റർ അകലെയുള്ള നൽദുർഗിലെത്താൻ 12 ദിവസമെടുത്തു”, അസുബി പറഞ്ഞു. “യാത്രയ്ക്കിടയിൽ നേരാം‌വണ്ണം ഭക്ഷണം‌പോലും കഴിക്കാൻ പറ്റിയില്ല”

നൽദുർഗിലെത്തിയപ്പോഴാണ് ഇമാമിന്‍റെ നില ഗുരുതരമാണെന്ന് അറിഞ്ഞത്. ഉടൻ മക്കളെയും കൂട്ടി അസുബി ഉമർഗയിലേക്ക് നടക്കാൻ തുടങ്ങി. നൽദുർഗിൽനിന്ന് 40 കിലോമീറ്റർ അകലെയായിരുന്നു ഉമർഗ. “ഞങ്ങളവിടെ എത്തിയതിനുശേഷം വൈകീട്ട് ഇമാം മരിച്ചു“.

പിറ്റേന്ന്, ഏപ്രിൽ 12-ന് അയൽക്കാരുടെ സഹായത്തോടെ, ഇമാമിന്‍റെ അച്ഛനമ്മമാരും സഹോദരനും ചേർന്ന് അസുബിയെയും മക്കളെയും വീട്ടിൽനിന്ന് ഇറക്കിവിട്ടു. പുണെയിൽനിന്ന് വന്നവരായതുകൊണ്ട് രോഗം പരത്താനിടയുണ്ട് എന്നതായിരുന്നു ഭർത്താവിന്‍റെ വീട്ടുകാർ അതിന് പറഞ്ഞ ന്യായം. “അന്ന് രാത്രി നാട്ടിലെ ഒരു ദർഗ്ഗയിൽ കഴിഞ്ഞുകൂടി, പിറ്റേന്ന് വീണ്ടും നൽദുർഗിലെത്തി”.

പക്ഷേ അസുബിയെയും കുട്ടികളെയും സംരക്ഷിക്കാനുള്ള സ്ഥിതിയിലായിരുന്നില്ല അവളുടെ അച്ഛനമ്മമാർ. “എന്‍റെ ഭർത്താവും ഞാനും ദിവസക്കൂലിക്കാരാണ്. ജോലിയൊന്നും ഉണ്ടായിരുന്നില്ല. കിട്ടുന്ന പണം ഞങ്ങൾ രണ്ടാൾക്കുപോലും തികഞ്ഞിരുന്നില്ല. ഞങ്ങളെന്ത് ചെയ്യാനാണ്?” അസുബിയുടെ അമ്മ നസ്ബുനാബി ദവൽ‌സാബ് പറയുന്നു.

Azubi Ladaph with two of her four children, in front of their rented room in Umarga
PHOTO • Narayan Goswami

അസുബി ലഡാഫും നാല് മക്കളിലെ രണ്ടുപേരും , ഉമർഗയിലെ അവരുടെ വാടകമുറിയുടെ മുന്നിൽ.

“ഞങ്ങൾ അഞ്ചുപേരുടെ ഭാരം അവരുടെ തലയിൽവെച്ച് ബുദ്ധിമുട്ടിക്കാൻ ഞാനാഗ്രഹിച്ചില്ല”, അസുബി പറയുന്നു. അങ്ങിനെയാണ് നവംബറിൽ ഉമർഗ പട്ടണത്തിലേക്ക് അവർ പോയത്. മാസം 700 രൂപ വിലവരുന്ന ഒരു മുറി വാടകയ്ക്കെടുത്തു. പാത്രം കഴുകിയും അടിച്ചുവാരിയും മാസം 3,000 രൂപയോളം ഉണ്ടാക്കും.

ഭർത്തൃവീട്ടുകാർ പുറത്താക്കിയതിനുശേഷം നാട്ടിലെ ഒരു പത്രം അവരുടെ കഥ പ്രസിദ്ധീകരിച്ചു. “സംസാരിക്കാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല ഞാൻ. എത്ര വലിയ ആഘാതമായിരുന്നു അതെന്ന് പറയാനാവില്ല” അസുബി പറഞ്ഞു. “സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമൊക്കെ നൽദുർഗയിലെ അവരുടെ അമ്മയുടെ വീട്ടിൽ വന്ന് സഹായങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും ഇന്നുവരെ ഒരു സഹായവും കിട്ടിയിട്ടില്ല”.

അസുബിക്കും ഗൗസിയയ്ക്കും ജെഹെദാബിക്കും ഒന്നും റേഷൻ കാർഡില്ല. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തികസഹായപദ്ധതിയായ ജൻ‌ധൻ പദ്ധതിയിൽ പങ്കെടുക്കാനുള്ള ബാങ്ക് അക്കൗണ്ടും അവർക്കാർക്കുമില്ല. ജൻ‌ധൻ അക്കൗണ്ടിലൂടെ അടച്ചുപൂട്ടലിന്‍റെ ആദ്യത്തെ മൂന്ന് മാസം (2020 ഏപ്രിൽ മുതൽ ജൂൺ‌വരെ) 500 രൂപവരെ കിട്ടിയേനേ. “ബാങ്കിൽ പോയി അത്രയും സമയം ചിലവഴിക്കാൻ എനിക്കാവില്ല” എന്നാണ് ജെഹെദാബി പറയുന്നത്. എന്തെങ്കിലും സഹായം കിട്ടുമെന്ന വിശ്വാസവും അവർക്കില്ല. വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരെയാണ് ബാങ്ക്.

വിധവകൾക്കും, ഒറ്റപ്പെട്ട സ്ത്രീകൾക്കും അനാഥക്കുട്ടികൾക്കും സാമ്പത്തികസഹായം ലഭ്യമാക്കുന്ന മഹാരാഷ്ട്ര സർക്കാരിന്‍റെ സഞ്ജയ് ഗാന്ധി നിരാധാർ പെൻഷൻ പദ്ധതിക്ക് അർഹയാണ് ഗൗസിയ. 900 രൂപ പെൻഷൻ എന്ന നിലയ്ക്ക് അവർക്ക് കിട്ടുന്നുണ്ട്. പക്ഷേ പണം കിട്ടിയാലായി എന്നുമാത്രം. 2020 ജനുവരി മുതൽ ഓഗസ്റ്റ് വരെ അവർക്ക് ഒന്നും കിട്ടിയില്ല. പിന്നീട് 2020 സെപ്റ്റംബറിലും നവംബറിലും കിട്ടി. പിന്നെ ഈ വർഷം ഫെബ്രുവരിയിലും.

സാമ്പത്തികസഹായത്തിന്‍റെ അഭാവവും സാമൂഹികമാ‍യ ബഹിഷ്കരണവും ജെഹെദാബിയെപ്പോലെയുള്ള ഒറ്റപ്പെട്ട സ്ത്രീകളുടെ ജീവിതത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വീടോ ഭൂമിയോ അവർക്കില്ല. കുട്ടികളുടെ വിദ്യാഭ്യാസച്ചിലവുകൾ മറ്റൊരു ഭാരമാണ്. നീക്കിയിരുപ്പുകളൊന്നുമില്ല. അടച്ചുപൂട്ടൽ കാലത്തെ തൊഴിലില്ലായ്മ ഇത്തരം കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ടു”. ഒസ്മാനബാദ് ജില്ലയിലെ ആന്തൂർ ആസ്ഥാനമായ ഹാലോ മെഡിക്കൽ ഫൌണ്ടേഷന്‍റെ അദ്ധ്യക്ഷയായ ഡോ. ശശികാന്ത് അഹങ്കാരി പറയുന്നു. മറാത്ത്‌വാഡയിലെ ഒറ്റപ്പെട്ട സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകാനും, ഗ്രാമീണ ആരോഗ്യപരിരക്ഷണത്തെ ശാക്തീകരിക്കാനും ശ്രമിക്കുന്ന സംഘടനയാണ് ഹാലോ മെഡിക്കൽ ഫൗണ്ടേഷൻ.

കോവിഡ് 19-ന്‍റെ പുതിയ തരംഗം സ്ത്രീകളുടെ ദുരിതങ്ങൾ മൂർച്ഛിപ്പിക്കുന്നുണ്ട്. “വിവാഹം കഴിഞ്ഞതുമുതൽ, കുട്ടികളെ പോറ്റാനും വരുമാനം നേടാനുമുള്ള പോരാട്ടമായിരുന്നു ഓരോ ദിവസവും. മഹാവ്യാധിയാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിന് കാരണം”, ജെഹദാബി പറയുന്നു. അടച്ചുപൂട്ടൽ അത് കൂടുതൽ ദുഷ്കരമാക്കി എന്ന് ഗൗസിയയുടെ സാക്ഷ്യം. “ഞങ്ങളെ കൊല്ലാൻ പോകുന്നത് ഈ ദൈനംദിന പ്രാരാബ്ദങ്ങളായിരിക്കും, രോഗമായിരിക്കില്ല”.

പരിഭാഷ: രാജീവ് ചേലനാട്ട്

Ira Deulgaonkar

Ira Deulgaonkar is a 2020 PARI intern. She is a Bachelor of Economics student at Symbiosis School of Economics, Pune.

Other stories by Ira Deulgaonkar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat