2019 മാര്‍ച്ചില്‍ പ്രോജക്റ്റ് മാനേജരായി ബെംഗളൂരുവില്‍ ജോലി ലഭിച്ചപ്പോള്‍ ഈരപ്പ ബാവ്ഗെക്ക് ഒരുതരത്തിലും അറിയില്ലായിരുന്നു ഒരു വര്‍ഷത്തിനു ശേഷം ലോക്ക്ഡൗണ്‍ മൂലം തനിക്ക് പ്രസ്തുത ജോലി നഷ്ടപ്പെടുമെന്ന്. കൂടാതെ, വടക്ക്-കിഴക്കന്‍ കര്‍ണ്ണാടകയിലെ ബീദര്‍ ജില്ലയിലെ തന്‍റെ ഗ്രാമമായ കമതാനയിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എ. പണിയിടങ്ങളില്‍ പണിയെടുക്കേണ്ടി വരുമെന്നും.

“ഒരുമാസം വീട്ടില്‍ ജോലിയൊന്നുമില്ലാതിരുന്നതിനു ശേഷം, വരുമാനം നേടാനും കുടുംബം കഴിഞ്ഞുകൂടാനും സഹായിക്കുന്ന എന്‍.ആര്‍.ഇ.ജി.എ. പ്രക്രിയയെക്കുറിച്ച് ഏപ്രില്‍ മാസത്തില്‍ ഞാന്‍ മനസ്സിലാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കഷ്ടിച്ചേ ഞങ്ങളുടെ പക്കല്‍ പണമുണ്ടായിരുന്നുള്ളൂ. തോട്ടമുടമകള്‍ക്ക് തൊഴിലാളികളെ ആവശ്യമില്ലാതിരുന്നതിനാല്‍ എന്‍റെ അമ്മയ്ക്ക് പോലും പണി കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു”, അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ മൂലം നഷ്ടപ്പെട്ട പ്രസ്തുത ജോലി അദ്ദേഹത്തിന് ലഭിച്ചത് കഠിനാദ്ധ്വാനത്തിനും വലിയ കടങ്ങള്‍ വരുത്തിവച്ചതിനും ശേഷമായിരുന്നു. കൂടാതെ, കുടുംബാംഗങ്ങളുടെ പിന്തുണയും ഉപജീവനമാത്രമായ വരുമാനത്തില്‍ നിന്നും വിദ്യാഭ്യാസത്തിലൂടെ ഉയരണമെന്നുള്ള അവരുടെ നിശ്ചയദാര്‍ഢ്യവും കൊണ്ടും.

ഈരപ്പ തന്‍റെ ബി.ടെക്. ബിരുദം 2017-ല്‍ ഒരു സ്വകാര്യ കോളേജില്‍ നിന്നും പൂര്‍ത്തിയാക്കിയതാണ്. അതിനുമുന്‍പ് ഒരു സര്‍ക്കാര്‍ പോളിടെക്നിക്കില്‍ നിന്നും 2013-ല്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും നേടി. രണ്ട് സ്ഥാപനങ്ങളും ബീദര്‍ പട്ടണത്തില്‍ തന്നെയാണ്. ബിരുദത്തിന് ചേരുന്നതിനു മുന്‍പ്, കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പൂനെയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ എട്ട് മാസക്കാലം അദ്ദേഹം ടെക്നിക്കല്‍ ട്രെയ്നിയായി ജോലി ചെയ്തു. പ്രതിമാസം 12,000 രൂപയായിരുന്നു വേതനം. “ഞാനൊരു നല്ല വിദ്യാര്‍ത്ഥിയായിരുന്നു. അതിനാല്‍ ഞാന്‍ കരുതി വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനും കൂടുതല്‍ സമ്പാദിക്കാനും എനിക്ക് പറ്റുമെന്ന്. എന്നെയും ഒരുദിവസം എഞ്ചിനീയര്‍ എന്നു വിളിക്കുമെന്ന് ഞാന്‍ കരുതി”, 27-കാരനായ ഈരപ്പ പറഞ്ഞു.

വിദ്യാഭ്യാസത്തിനുവേണ്ടി അദ്ദേഹത്തിന്‍റെ കുടുംബം നിരവധി വായ്പകള്‍ എടുത്തു. “മൂന്ന് വര്‍ഷത്തിനുള്ളില്‍ [ബി.ടെക്കിന്‍റെ] എനിക്ക് ഏകദേശം 1.5 ലക്ഷം രൂപ വേണമായിരുന്നു”, അദ്ദേഹം പറഞ്ഞു. “പ്രാദേശിക സ്വയംസഹായ സംഘങ്ങളില്‍നിന്നും (Self-Help Groups - SHGs) എന്‍റെ മാതാപിതാക്കള്‍ ചിലപ്പോള്‍ 20,000 എടുത്തു, ചിപ്പോള്‍ 30,000.” 2015 ഡിസംബറില്‍ അദ്ദേഹം അഞ്ചാം സെമസ്റ്ററില്‍ ആയിരിക്കുമ്പോള്‍ 48-കാരനായ പിതാവ് മഞ്ഞപ്പിത്തം മൂലം മരിച്ചു. പിതാവിന്‍റെ ചികിത്സയ്ക്കായി ഒന്നര ലക്ഷത്തോളം രൂപ അദ്ദേഹത്തിന്‍റെ കുടുംബം ബന്ധുക്കളില്‍ നിന്നും എസ്.എച്.ജി.കളില്‍ നിന്നുമായി വായ്പ എടുത്തിരുന്നു. “ഞാന്‍ ബിരുദം പൂര്‍ത്തിയാക്കിയപ്പോഴേക്കും എന്‍റെ ചുമലുകളില്‍ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു”, ഈരപ്പ പറഞ്ഞു.

അങ്ങനെ ഒരു ചെറുകിട പ്ലാസ്റ്റിക് മോള്‍ഡിംഗ് മെഷീന്‍ നിര്‍മ്മാണ യൂണിറ്റില്‍ പ്രോജക്റ്റ് മാനേജരായി 20,000 രൂപ ശമ്പളത്തില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചപ്പോള്‍ കുടുംബത്തിന് സന്തോഷമായി. അത് 2019 മാര്‍ച്ചില്‍ ആയിരുന്നു. “ഞാനെന്‍റെ അമ്മയ്ക്ക് എല്ലാ മാസവും 8,000-10,000 രൂപ അയച്ചുകൊടുത്തിരുന്നു. പക്ഷെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ എല്ലാം മാറി”, അദ്ദേഹം പറഞ്ഞു.

Earappa Bawge (left) with his mother Lalita and brother Rahul in Kamthana village (right) of Karnataka's Bidar district, where many sought work at MGNREGA sites during the lockdown
PHOTO • Courtesy: Earappa Bawge
Earappa Bawge (left) with his mother Lalita and brother Rahul in Kamthana village (right) of Karnataka's Bidar district, where many sought work at MGNREGA sites during the lockdown
PHOTO • Courtesy: Sharath Kumar Abhiman

ഈരപ്പ ബാവ്ഗെ (ഇടത്) തന്‍റെ അമ്മ ലളിതയ്ക്കും സഹോദരന്‍ രാഹുലിനുമൊപ്പം കര്‍ണ്ണാടകയിലെ ബീദര്‍ ജില്ലയിലെ കമതാന ഗ്രാമത്തില്‍ (വലത്). അവിടുത്തെ എം.ജി.എന്‍.ആര്‍.ഇ.ജി.എ. പണിയിടങ്ങളില്‍ ലോക്ക്ഡൗണ്‍ സമയത്ത് ഒരുപാടുപേര്‍ പണി തേടിയെത്തിയിരുന്നു

അമ്മ ലളിത പരവശയായി ഈരപ്പയെ വിളിക്കാന്‍ തുടങ്ങി. തന്‍റെ മകന്‍ ഗ്രാമത്തില്‍ സുരക്ഷിതനായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. “ഞാന്‍ മാര്‍ച്ച് 22 വരെ ജോലി ചെയ്തു. അത് ഏകദേശം മാസാവസാനം ആയിരുന്നതിനാല്‍ വീട്ടില്‍ തിരിച്ചെത്താനുള്ള പണം എന്‍റെ പക്കല്‍ ഇല്ലായിരുന്നു. ഒരു ബന്ധുവില്‍ നിന്നും എനിക്ക് 4,000 രൂപ വായ്പ വാങ്ങേണ്ടിവന്നു”, അദ്ദേഹം പറഞ്ഞു. അവസാനം ഒരു സ്വകാര്യ ടാക്സി കാറില്‍ അദ്ദേഹം വീട്ടിലേക്ക് തിരിച്ചു.

അടുത്തമാസം ആ നാല്‍വര്‍ കുടുംബം (പട്ടികവര്‍ഗ്ഗത്തിലെ ഗോണ്ഡ് സമുദായത്തില്‍ പെടുന്നവരാണവര്‍) അവരുടെ അമ്മ സൂക്ഷിച്ചുവച്ച പണത്തെയാണ് ആശ്രയിച്ചത്. തോട്ടങ്ങളില്‍ പുല്ല് പറിക്കുന്ന പണി, അവ കിട്ടുമ്പോഴൊക്കെ ചെയ്ത് പ്രതിദിനം 100-150 രൂപ അവര്‍ ഉണ്ടാക്കുമായിരുന്നു. അത്തരം ജോലികള്‍ക്ക് തോട്ടമുടമകള്‍ നിയമിക്കുന്നത് പരിചയ സമ്പന്നരായ സ്ത്രീകളെയാണെന്നും തന്നെപ്പോലുള്ള ചെറുപ്പക്കാരെയല്ലെന്നും ഈരപ്പ പറഞ്ഞു. ബി.പി.എല്‍. (ദാരിദ്ര്യ രേഖക്ക് താഴെ) കാര്‍ഡ്‌ ഉപയോഗിച്ച് അവര്‍ പി.ഡി.എസ്. റേഷന്‍ സാധനങ്ങള്‍ വാങ്ങുമായിരുന്നു. ഈരപ്പയ്ക്ക് ഇളയ രണ്ട് സഹോദരന്‍മാരുണ്ട്. 23 വയസ്സുകാരനായ രാഹുല്‍ കര്‍ണ്ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജോലിക്കായി നടത്തുന്ന മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. ഒന്നാം വര്‍ഷ ബി.എ. ബിരുദ വിദ്യാര്‍ത്ഥിയായ 19 വയസ്സുകാരന്‍ വിലാസ് സൈന്യത്തില്‍ ചേരുന്നതിനായി അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നു. മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന അവരുടെ ഒരേക്കര്‍ ഭൂമിയില്‍ പരിപ്പ്, ചെറുപയര്‍, മണിച്ചോളം എന്നിവയൊക്കെ കൃഷി ചെയ്യുന്നു. മിക്കവാറും സ്വന്തം ഉപഭോഗത്തിനാണ് അവരത് ഉപയോഗിക്കുന്നത്. വീട്ടിലൊരു എരുമയുള്ളതിനെ സഹോദരങ്ങളാണ് നോക്കുന്നത്. പാല്‍ വിറ്റ് അവര്‍ ഏതാണ്ട് 5,000 രൂപ പ്രതിമാസം ഉണ്ടാക്കും

ഈരപ്പ 33 ദിവസങ്ങള്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ. പണിയിടങ്ങളില്‍ പണിയെടുത്ത് (മിക്കപ്പോഴും കനാലില്‍ നിന്നും ചെളി നീക്കുന്ന പണിയായിരുന്നു) മൊത്തത്തില്‍ 9,000 രൂപയ്ക്ക് മുകളില്‍ ഉണ്ടാക്കി. അദ്ദേഹത്തിന്‍റെ സഹോദരന്മാര്‍ ജൂലൈയില്‍ 14 ദിവസങ്ങള്‍ വീതവും അവരുടെ അമ്മ 35 ദിവസങ്ങളും പണിയെടുത്തു. 2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (Mahatma Gandhi National Rural Employment Guarantee Act 2005) അനുസരിച്ച് ഒരു കുടുംബത്തിന് ഒരുവര്‍ഷം മൊത്തത്തില്‍ 100 ദിവസങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. സെപ്റ്റംബര്‍ മുതല്‍ അദ്ദേഹത്തിന്‍റെ അമ്മയ്ക്ക് പാടങ്ങളിലെ കളപറിക്കല്‍ ജോലിയാണ് കൂടുതലായി ലഭിക്കുന്നത്. അതിനുള്ള ദിവസക്കൂലി സാധാരണയായി 100-150 രൂപയാണ്.

ബീദറിലേക്ക് ഈരപ്പ തിരിച്ചുവന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ബെംഗളൂരുവില്‍ അദ്ദേഹം ജോലി ചെയ്യുകയായിരുന്ന നിര്‍മ്മാണ യൂണിറ്റ് മൂന്ന് മാസത്തേക്ക് പൂട്ടി. “എല്ലാവര്‍ക്കും വേണ്ട ജോലിയില്ലെന്ന് എന്‍റെ ബോസ് പറഞ്ഞു”, ഹതാശനായി ഈരപ്പ പറഞ്ഞു. “ഞാനെന്‍റെ സി.വി. ബാംഗളൂരും പൂനെയിലും ബോംബെയിലുമുള്ള 3-4 എഞ്ചിനീയറിംഗ് കോളേജ് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഞാന്‍ സ്ഥിരമായി ജോലിസംബന്ധമായ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ട്. ഏതെങ്കിലും തരത്തില്‍ ഒരു ജോലി [വീണ്ടും] ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”

*****

അതേ ഗ്രാമത്തില്‍ മറ്റൊരു ചെറുപ്പക്കാരന്‍റെ സ്വപ്‌നങ്ങളും ഏതാണ്ടില്ലാതായി. 25-കാരനായ അതീഷ് മെത്രെ 2019 സെപ്തംബറില്‍ തന്‍റെ എം.ബി.എ. കോഴ്സ് വര്‍ക്ക് പൂര്‍ത്തിയാക്കുകയും (ബെംഗളൂരുവിലെ ഓക്സ്ഫോര്‍ഡ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും) അവസാന കുറച്ചു മാസങ്ങളില്‍ ഈരപ്പയോടൊപ്പം കമതാന ഗ്രാമത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എ. പണിയിടങ്ങളില്‍ പണിയെടുക്കുകയും ചെയ്തു.

 Atish Metre (right), who has completed his MBA coursework, also went to work at MGNREGA sites in Kamthana village in Karnataka
PHOTO • Courtesy: Earappa Bawge
 Atish Metre (right), who has completed his MBA coursework, also went to work at MGNREGA sites in Kamthana village in Karnataka
PHOTO • Courtesy: Atish Metre

2019 സെപ്തംബറില്‍ എം.ബി.എ. കോഴ്സ് വര്‍ക്ക് പൂര്‍ത്തിയാക്കിയ അതീഷ് മെത്രെയും (വലത്) കര്‍ണ്ണാടകയിലെ കമതാന ഗ്രാമത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എ. പണിയിടങ്ങളില്‍ പണിയെടുത്തിരുന്നു

എച്.ഡി.എഫ്.സി. ബാങ്കിന്‍റെ വില്‍പന വിഭാഗത്തില്‍ അദ്ദേഹം ചെയ്തിരുന്ന ജോലി ലോക്ക്ഡൗണ്‍ മൂലം ഈ വര്‍ഷം ഏപ്രിലില്‍ വിടേണ്ടിവന്നു. “ഞങ്ങള്‍ക്ക് ടാര്‍ജറ്റ് നേടണമായിരുന്നു, പക്ഷെ വീട്ടില്‍നിന്നും പുറത്ത് വരുന്നത് ഒരിക്കലും അനുവദനീയവും സുരക്ഷിതവുമല്ലായിരുന്നു. എന്‍റെ സംഘത്തിലുണ്ടായിരുന്ന ഭൂരിപക്ഷംപേര്‍ക്കും ജോലി വിടേണ്ടിവന്നു. മറ്റൊരു മാര്‍ഗ്ഗവും എനിക്കില്ലായിരുന്നു”, അദ്ദേഹം പറഞ്ഞു.

അദ്ദേഹം കമതാനയിലേക്ക് തിരിച്ചുവന്നത് തന്‍റെ നവവധുവായ 22-കാരി സത്യവതി ലാഡ്ഗേരിയോടൊപ്പമാണ്. ബി.കോം. ബിരുദധാരിണിയായ അവരും, ബുദ്ധിമുട്ട് താങ്ങാന്‍ പറ്റാതാവുന്നിടം വരെ, അതീഷിനോപ്പം കുറച്ചുദിവസം എം.ജി.എന്‍.ആര്‍.ഇ.ജി.എ. പണിയിടങ്ങളില്‍ പണിയെടുത്തു. നവംബര്‍ 21-ന് ഈ പണിയിടങ്ങളില്‍ (കിടങ്ങുകള്‍ കുഴിച്ചും ചെറുഡാമുകള്‍ വൃത്തിയാക്കിയും തടാകങ്ങളിലെ ചെളികള്‍ നീക്കിയും) 100 ദിവസത്തെ പണി പൂര്‍ത്തിയാകുന്നിടംവരെ അതീഷ് തുടരുകയും ഏതാണ്ട് 27,000 രൂപ ഉണ്ടാക്കുകയും ചെയ്തു.

ഏപ്രിലില്‍ അതീഷിന്‍റെ മൂത്ത രണ്ട് സഹോദരന്മാര്‍ ചെറിയൊരു ചടങ്ങില്‍വച്ച് വിവാഹിതരായി (ഈ കുടുംബം പട്ടികജാതിയില്‍ പെടുന്ന ഹോലേയ സമുദായക്കാരാണ്). അതിനായി അവരുടെ അമ്മയ്ക്ക് എസ്.എച്.ജികളില്‍ നിന്നും 75,000 രൂപ വായ്പ എടുക്കേണ്ടിവന്നു. വായ്പ ഗഡുക്കള്‍ എല്ലാ ആഴ്ചയിലും അടയ്ക്കണം. അതുകൂടാതെ 2019 നവംബറില്‍ ബൈക്കെടുക്കാനായി വായ്പഎടുത്ത വകയില്‍ പ്രതിമാസം 3,700 രൂപവീതം അതീഷിന് തിരിച്ചടയ്ക്കാനുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹത്തിന്‍റെ മൂത്ത സഹോദരന്‍ പ്രദീപിന്‍റെ വരുമാനത്തെയാണ് കുടുംബം പ്രധാനമായും ആശ്രയിക്കുന്നത്. ബെംഗളൂരുവിലെ ഒരു കമ്പനിയില്‍ അദ്ദേഹം എ.സി. ടെക്നീഷ്യനായി ജോലി നോക്കുകയാണ്. ഇവരുടെ മാതാപിതാക്കളും, എട്ടംഗ കുടുംബത്തിലെ മറ്റൊരു സഹോദരനെപ്പോലെ, തൊഴിലാളികളാണ്.

“ലോക്ക്ഡൗണിനു ശേഷം സഹോദരന്‍ പ്രദീപും എന്നോടൊപ്പം കമതാനയിലേക്ക് തിരിച്ചു. പക്ഷെ അദ്ദേഹം ഓഗസ്റ്റില്‍ ബെംഗളൂരുവിലേക്ക് തിരികെപ്പോയി പഴയ കമ്പനിയില്‍ ചേര്‍ന്നു”, അതീഷ് പറഞ്ഞു. “ഞാനും തിങ്കളാഴ്ച [നവംബര്‍ 23] ബാംഗളൂരിന് പോവുകയാണ്. ഞാനൊരു സുഹൃത്തിന്‍റെ കൂടെ താമസിച്ച് ജോലി അന്വേഷിക്കും. ഏതു മേഖലയില്‍ ജോലി ചെയ്യാനും ഞാന്‍ തയ്യാറാണ്.”

*****

അതീഷില്‍ നിന്നും ഈരപ്പയില്‍ നിന്നും വ്യത്യസ്തമായി 2017-ല്‍ ബിരുദധാരിയായതിനു ശേഷവും പ്രീതം കെമ്പെ കമതാനയില്‍ തന്നെ തങ്ങി. ഒരു കുടിവെള്ള പ്ലാന്‍റില്‍ ഗുണമേന്മ പരിശോധകനായി (quality tester) പ്രതിമാസം 6,000 രൂപയ്ക്ക് ഒരു ഭാഗികസമയ ജോലി അദ്ദേഹം കണ്ടെത്തി. പിന്നീടദ്ദേഹം 2019 ഡിസംബറില്‍ ബി.എഡ്. കോഴ്സ് പൂര്‍ത്തിയാക്കി. “കുടുംബത്തിന് താങ്ങാവാന്‍ ബിരുദധാരിയായ ഉടന്‍തന്നെ എനിക്ക് ജോലി ചെയ്യേണ്ടിവന്നു. നഗരത്തിലേക്ക് പോവുക എന്നെ സംബന്ധിച്ച് ഒരുപാധി ആയിരുന്നില്ല”, അദ്ദേഹം പറഞ്ഞു. “ഏതെങ്കിലും ഒരു നഗരത്തിലേക്ക് പോകാമെന്ന് ഇപ്പോഴും ഞാന്‍ കരുതുന്നില്ല, കാരണം അമ്മയ്ക്ക് എന്നെ ആവശ്യമുണ്ട്”, അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്‍റെ അമ്മ (ഈ കുടുംബവും ഹോലേയ എസ്.സി. സമുദായത്തില്‍ പെടുന്നു) തുണി തയ്ച്ച് വരുമാനമുണ്ടാക്കുന്നു. പക്ഷെ ജോലി കാരണം കാഴ്ചയ്ക്ക് പ്രശ്നവും കാലുകള്‍ക്ക് വേദനയുമുണ്ട്. അദ്ദേഹത്തിന്‍റെ സഹോദരിയും ബി.എഡ്. ചെയ്യുന്നു. മുതിര്‍ന്ന രണ്ട് സഹോദരങ്ങള്‍ വിവാഹിതരായി വേറെ താമസിക്കുന്നു. കര്‍ഷകനായിരുന്ന അവരുടെ അച്ഛന്‍ 2006-ല്‍ മരിച്ചു.

Left: Pritam Kempe with his mother Laxmi Kempe and sister Pooja in Kamthana. Right: Mallamma Madankar of Taj Sultanpur village in Gulbarga district. Both put their career plans on hold and tried their hand at daily wage labour
PHOTO • Courtesy: Pritam Kempe
Left: Pritam Kempe with his mother Laxmi Kempe and sister Pooja in Kamthana. Right: Mallamma Madankar of Taj Sultanpur village in Gulbarga district. Both put their career plans on hold and tried their hand at daily wage labour
PHOTO • Courtesy: Mallamma Madankar

ഇടത്: പ്രീതം കെമ്പെ മാതാവ് ലക്ഷ്മി കെമ്പെക്കും സഹോദരി പൂജയ്ക്കുമൊപ്പം കമതാനയില്‍. വലത്: ഗുല്‍ബര്‍ഗ ജില്ലയിലെ താജ് സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള മല്ലമ്മ മദന്‍കര്‍. രണ്ടുപേരും അവരുടെ തൊഴില്‍ പദ്ധതികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് ദിവസവേതന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്

പ്രീതം തന്‍റെ മൂത്ത സഹോദരിയുടെ വിവാഹത്തിനായി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഒരുലക്ഷം രൂപ കടംവാങ്ങി. വായ്പ തിരിച്ചടയ്ക്കുന്നതിനായി പ്രതിമാസം 5,500 രൂപയാണ് അദ്ദേഹം നിക്ഷേപിക്കേണ്ടത്. ഇതിലേക്കുള്ള പലിശ അടയ്ക്കുന്നതിനായി ലോക്ക്ഡൗണ്‍ സമയത്ത് അമ്മയുടെ സ്വര്‍ണ്ണം പണയംവച്ച് ഒരു ഗ്രാമീണനില്‍ നിന്നും അദ്ദേഹത്തിന് വീണ്ടും പണം കടം വാങ്ങേണ്ടിവന്നു.

മെയ് ആദ്യവാരം അദ്ദേഹവും ഈരപ്പയോടും അതീഷിനോടുമൊപ്പം എം.ജി.എന്‍.ആര്‍.ഇ.ജി.എ. പണിയിടങ്ങളിൽ പണിയെടുക്കാനാരംഭിച്ചു. "ഇതുപോലുള്ള സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുക എനിക്ക് വളരെ ബുദ്ധിമുട്ടാണ്. മഴ പെയ്യുമ്പോൾ ഞങ്ങൾക്ക് എന്‍.ആര്‍.ഇ.ജി.എ. ജോലിപോലും ലഭിക്കില്ല”, കുറച്ചുസമയം മുമ്പ് അദ്ദേഹം എന്നോടു പറഞ്ഞു. പ്രീതം നവംബർ 21 വരെ 96 ദിവസങ്ങളിൽ വ്യത്യസ്ത ഇടങ്ങളിൽ ജോലി ചെയ്യുകയും മൊത്തത്തിൽ ഏതാണ്ട് 26,000 രൂപ ഉണ്ടാക്കുകയും ചെയ്തു.

"ഞാൻ ജോലി ചെയ്യുന്ന കുടിവെള്ള കമ്പനിയിൽ അധികം ജോലിയൊന്നുമില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. "ആഴ്ചയിൽ 3-4 തവണ ഏതാനും മണിക്കൂറുകൾ ഞാൻ ആ സ്ഥലം സന്ദർശിക്കും. ഒക്ടോബറിൽ [ഒരു തവണ] എനിക്ക് 5,000 രൂപ നൽകി. കുറച്ചു നാളുകളായി എന്‍റെ ശമ്പളം കുടിശ്ശികയാണ്. ഇപ്പോഴും പണം കൃത്യമായി കിട്ടും എന്നതിന് ഒരുറപ്പുമില്ല. അതുകൊണ്ട് ഞാൻ ബീദറിലെ വ്യാവസായിക മേഖലയിൽ ജോലി നോക്കുകയാണ്.”

*****

പ്രീതം തന്‍റെ മൂത്ത സഹോദരിയുടെ വിവാഹത്തിനായി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഒരുലക്ഷം രൂപ കടംവാങ്ങി. വായ്പ തിരിച്ചടയ്ക്കുന്നതിനായി പ്രതിമാസം 5,500 രൂപയാണ് അദ്ദേഹം നിക്ഷേപിക്കേണ്ടത്. ഇതിലേക്കുള്ള പലിശ അടയ്ക്കുന്നതിനായി ലോക്ക്ഡൗണ്‍ സമയത്ത് അമ്മയുടെ സ്വര്‍ണ്ണം പണയംവച്ച് ഒരു ഗ്രാമീണനില്‍ നിന്നും അദ്ദേഹത്തിന് വീണ്ടും പണം കടം വാങ്ങേണ്ടിവന്നു.

മെയ് ആദ്യവാരം അദ്ദേഹവും ഈരപ്പയോടും അതീഷിനോടുമൊപ്പം എം.ജി.എന്‍.ആര്‍.ഇ.ജി.എ. പണിയിടങ്ങളിൽ പണിയെടുക്കാനാരംഭിച്ചു. "ഇതുപോലുള്ള സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുക എനിക്ക് വളരെ ബുദ്ധിമുട്ടാണ്. മഴ പെയ്യുമ്പോൾ ഞങ്ങൾക്ക് എന്‍.ആര്‍.ഇ.ജി.എ. ജോലിപോലും ലഭിക്കില്ല”, കുറച്ചുസമയം മുമ്പ് അദ്ദേഹം എന്നോടു പറഞ്ഞു. പ്രീതം നവംബർ 21 വരെ 96 ദിവസങ്ങളിൽ വ്യത്യസ്ത ഇടങ്ങളിൽ ജോലി ചെയ്യുകയും മൊത്തത്തിൽ ഏതാണ്ട് 26,000 രൂപ ഉണ്ടാക്കുകയും ചെയ്തു.

"ഞാൻ ജോലി ചെയ്യുന്ന കുടിവെള്ള കമ്പനിയിൽ അധികം ജോലിയൊന്നുമില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. "ആഴ്ചയിൽ 3-4 തവണ ഏതാനും മണിക്കൂറുകൾ ഞാൻ ആ സ്ഥലം സന്ദർശിക്കും. ഒക്ടോബറിൽ [ഒരു തവണ] എനിക്ക് 5,000 രൂപ നൽകി. കുറച്ചു നാളുകളായി എന്‍റെ ശമ്പളം കുടിശ്ശികയാണ്. ഇപ്പോഴും പണം കൃത്യമായി കിട്ടും എന്നതിന് ഒരുറപ്പുമില്ല. അതുകൊണ്ട് ഞാൻ ബീദറിലെ വ്യാവസായിക മേഖലയിൽ ജോലി നോക്കുകയാണ്.”

At MGNREGA trenches in Kamthana. The village's young people are desperate for work where they can use their education
PHOTO • Courtesy: Sharath Kumar Abhiman
At MGNREGA trenches in Kamthana. The village's young people are desperate for work where they can use their education
PHOTO • Courtesy: Sharath Kumar Abhiman

കമതാനയിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എ. കിടങ്ങുകളിൽ . ഗ്രാമത്തിലെ ചെറുപ്പക്കാർ അവരുടെ വിദ്യാഭ്യാസം ഉപയോഗപ്പെടുത്താൻ പറ്റുന്നിടത്ത് ജോലി ചെയ്യാൻ വളരെയധികം ആഗ്രഹിക്കുന്നു

2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ കമതാനയിൽ 494 എം.ജി.എന്‍.ആര്‍.ഇ.ജി.എ. തൊഴിൽ കാർഡുകൾ മൊത്തത്തിൽ വിതരണം ചെയ്തെന്ന് ബീദർ താലൂക്ക് പഞ്ചായത്തിലെ അസിസ്റ്റന്‍റ് ഡയറക്ടറായ ശരത് കുമാർ അഭിമാൻ പറയുന്നു. "വലിയ നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും ബീദറിലേക്ക് കുടിയേറ്റ തൊഴിലാളികളുടെ വലിയ ഒഴുക്കുണ്ടെന്ന് ജില്ലാ ഭരണകൂടം മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെ ഞങ്ങൾ അവർക്ക് തൊഴിൽ കാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങുകയും അവരെ ചെറു സംഘങ്ങൾ ആക്കുകയും എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ തൊഴിൽ വിഭജിച്ചു നൽകുകയും ചെയ്തു”, അഭിമാൻ എന്നോട് ഫോണിൽ പറഞ്ഞു.

*****

കമതാനയിൽ നിന്നും ഏതാണ്ട് 100 കിലോമീറ്റർ മാറി ഗുൽബർഗ ജില്ലയിലെ താജ് സുൽത്താൻപൂർ ഗ്രാമത്തിൽ 28-കാരിയായ മല്ലമ്മ മദൻകർ വിദ്യാർത്ഥിനിയായിരുന്നപ്പോൾ തന്നെ എം.ജി.എന്‍.ആര്‍.ഇ.ജി.എ. തൊഴിലടങ്ങളിൽ 2017 മുതൽ പണിയെടുക്കാൻ തുടങ്ങിയിരുന്നു - തടാകങ്ങളിൽ നിന്നും ചെളി നീക്കുകയും, തോട്ടങ്ങളിലെ കുളങ്ങൾ, ഓടകൾ, റോഡുകൾ എന്നിവയൊക്കെ നിർമ്മിക്കുകയും ചെയ്യുന്ന തൊഴിലുകൾ. "ഞാൻ വീട്ടിൽ നിന്നും നേരത്തെയിറങ്ങും, 9 മണിവരെ പണിയെടുക്കും, പിന്നെ പണിസ്ഥലത്തു നിന്നും കോളേജിലേക്ക് ബസ് കയറും”, അവർ പറഞ്ഞു.

2018 മാർച്ചിൽ ഗുൽബർഗയിലെ ഡോ. ബി.ആർ. അംബേദ്കർ കോളേജിൽ നിന്നും അവർ നിയമബിരുദം പൂർത്തിയാക്കി. പിന്നീട് 9 മാസക്കാലം പ്രതിമാസം 6,000 രൂപ വേതനത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ കരാർ അടിസ്ഥാനത്തിൽ ക്ലർക്കായി ജോലിനോക്കി. "ഗുൽബർഗയിലെ ജില്ല കോടതിയിൽ ഒരു മുതിർന്ന വക്കീലിന് കീഴിൽ നിയമം പ്രാക്ടീസ് ചെയ്ത് തുടങ്ങണമെന്നെനിക്കുണ്ടായിരുന്നു. കോളേജ് പ്രോജക്റ്റ് ചെയ്യാൻ എന്നെ സഹായിച്ച ഒരാളോട് ഇക്കാര്യം ഞാൻ സംസാരിക്കുക പോലും ചെയ്തതാണ്. ഈ വർഷം കോടതിയിൽ പ്രവർത്തിച്ചു തുടങ്ങാനായിരുന്നു എന്‍റെ പദ്ധതി, പക്ഷെ [കോവിഡ് മൂലം]എനിക്ക് സാധിച്ചില്ല.”

അങ്ങനെ മല്ലമ്മ (അവർ ഹോലേയ എസ്.സി. സമുദായത്തിൽ പെടുന്നു) ഏപ്രിൽ-മെയ് മാസങ്ങളിലെ കുറച്ച് ദിവസങ്ങളില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ. തൊഴിലിടങ്ങളിലെത്തി. "പക്ഷെ മഴയും സാമൂഹ്യ അകലം പാലിക്കലും കാരണം ഞങ്ങളുടെ ഗ്രാമത്തിലെ ഉദ്യേഗസ്ഥർ ഈ വർഷം എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ കൂടുതൽ ജോലി ചെയ്യാൻ പോലും ഞങ്ങളെ അനുവദിച്ചില്ല”, അവർ പറഞ്ഞു. "കോവിഡ് ഇല്ലായിരുന്നെങ്കിൽ ഞാൻ കോടതിയിൽ പ്രവർത്തിക്കാൻ തുടങ്ങുമായിരുന്നു.”

വിദ്യാഭ്യാസനിലയിൽ മുന്നോട്ടു പോകാൻ മല്ലമ്മയുടെ ഏഴംഗ കുടുംബം കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. ഒരു സഹോദരിക്ക് എം.എ., ബി.എഡ്. ബിരുദങ്ങളുണ്ട് (അവർ ബെംഗളൂരുവിലെ ഒരു എൻ.ജി.ഓ.യിൽ സർവേയറായി ജോലി ചെയ്യുന്നു). മറ്റൊരാൾക്ക് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദമുണ്ട് (അവർ ബീദറിലെ ഒരു എൻ.ജി.ഓ.യിൽ ജോലി ചെയ്യുന്നു). ഒരു സഹോദരന് എം.കോം. ബിരുദധാരിയാണ്.

അവരുടെ അമ്മ 62-കാരിയായ ഭീംബായ് കുടുംബവക മൂന്നേക്കർ കൃഷിസ്ഥലത്തെ കാര്യങ്ങൾ നോക്കുന്നു. അവിടെ അവർ മണിച്ചോളവും ചോളവും മറ്റു വിളകളും കൃഷി ചെയ്യുന്നു. ഉൽപന്നങ്ങൾ പ്രധാനമായും സ്വന്തം ഉപഭോഗത്തിനാണവർ എടുക്കുന്നത്. അവരുടെ അച്ഛൻ ഗുൽബർഗ ജില്ലയിലെ ജെവർഗ താലൂക്കിൽ ഒരു ഹൈസ്ക്കൂൾ അദ്ധ്യാപകനായിരുന്നു. 2002-ൽ വിരമിച്ച ശേഷം അദ്ദേഹം മരിച്ചു. കുടുംബത്തിന് 9,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്നുണ്ട്.

"എന്‍റെ സഹോദരിമാർ ലോക്ക്ഡൗൺ മൂലം വീട്ടിൽ തിരിച്ചെത്തി”, മല്ലമ്മ പറഞ്ഞു. "ഞങ്ങളെല്ലാവരും ഇപ്പോൾ തൊഴിൽ രഹിതരാണ്.”

മൈലമ്മയും കമതാന ഗ്രാമത്തിലെ മറ്റ് ചെറുപ്പക്കാരും അവരുടെ വിദ്യാഭ്യാസം ഉപയോഗപ്പെടുത്താൻ പറ്റുന്നിടത്ത് ജോലി ചെയ്യാൻ വളരെയധികം ആഗ്രഹിക്കുന്നു. "ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്ന എന്തെങ്കിലുമാണ് എനിക്ക് വേണ്ടത്”, ഈരപ്പ പറഞ്ഞു. "എനിക്കെന്‍റെ വിദ്യാഭ്യാസം ഉപയോഗിക്കണം. ഞാനൊരു എഞ്ചിനീയറാണ്. എന്‍റെ ബിരുദത്തിന് എന്തെങ്കിലും മൂല്യം ലഭിക്കുന്നിടത്ത് എനിക്ക് ജോലി ചെയ്യണം.”

ഓഗസ്റ്റ് 27 മുതൽ നവംബർ 21 വരെയുള്ള സമയത്ത് ഫോൺ വഴിയാണ് ഈ ലേഖനത്തിനു വേണ്ട സംഭാഷണങ്ങളും നടത്തിയത് .

പരിഭാഷ: റെന്നിമോന്‍ കെ. സി.

Tamanna Naseer

Tamanna Naseer is a freelance journalist based in Bengaluru.

Other stories by Tamanna Naseer
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.