ഒരു പ്രഭാതത്തില്‍ ഒരുമരത്തിനടിയില്‍ പാതികീറിയ ഒരു പ്ലാസ്റ്റിക് പായയില്‍ മുടി ഒരു വശത്തേക്കിട്ട്, വിളറിയ മുഖവുമായി അനു ഇരിക്കുകയാണ്. അതുവഴി പോകുന്ന ആളുകള്‍ കുറച്ചകലെനിന്ന് അവരോട് സംസാരിക്കുന്നു. തൊട്ടടുത്തുതന്നെ കാലികള്‍ വിശ്രമിക്കുന്നു. കാലിത്തീറ്റകള്‍ വെയിലത്തുകിടന്ന് ഉണങ്ങുന്നു.

“മഴ പെയ്യുമ്പോള്‍പോലും ഞാനൊരു കുടയുംചൂടി മരച്ചുവട്ടില്‍ ഇരിക്കും, വീട്ടിലേക്ക് കയറില്ല. എന്‍റെ നിഴല്‍പോലും ആരുടെയുംമേല്‍ വീഴരുത്. ഞങ്ങളുടെ ദൈവത്തെ പ്രകോപിപ്പിക്കുന്നത് ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല”, അനു പറഞ്ഞു.

വീട്ടില്‍നിന്നും ഏകദേശം 100 മീറ്റര്‍ മാറി ഒരു തുറന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന മരമാണ് എല്ലാമാസവും ആര്‍ത്തവത്തിനുശേഷമുള്ള  മൂന്നുദിവസങ്ങളില്‍ അവരുടെ വീട്.

“എന്‍റെ മകള്‍ എനിക്ക് ഒരു പാത്രത്തില്‍ ഭക്ഷണം എത്തിക്കും”, അനു  (യഥാര്‍ത്ഥ പേരല്ല) കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ മാറിനില്‍ക്കുന്ന സമയത്ത് പ്രത്യേകിച്ചൊരുകൂട്ടം പാത്രങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. “ഒരിക്കലും ഉല്ലസിക്കാന്‍ പറ്റുന്നതുപോലെയല്ല ഞാനിവിടെ ഇരിക്കുന്നത്. എനിക്ക് [വീട്ടില്‍] പണിയെടുക്കണം. പക്ഷെ ഞങ്ങളുടെ സംസ്കാരത്തെ മാനിച്ചുകൊണ്ട് പുറത്തുതങ്ങും. ഞങ്ങളുടെ പാടത്ത് കൂടുതല്‍ പണിയുണ്ടെങ്കില്‍ ഇപ്പോഴും ഞാന്‍ പണിയെടുക്കും. അനുവിന്‍റെ കുടുംബം അവരുടെ ഒന്നരയേക്കറില്‍ പഞ്ഞപ്പുല്ല് കൃഷി ചെയ്യുന്നു.

മാറിനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ സ്വന്തമായിട്ടാണ് കാര്യങ്ങളൊക്കെ ചെയ്യുന്നതെങ്കിലും അനു ഒറ്റയ്ക്കല്ല ഈ ആചാരം പിന്തുടരുന്നത്. 19-ഉം 17-ഉം വയസ്സുള്ള അവരുടെ പെണ്‍മക്കളും ഇതുതന്നെയാണ് ചെയ്യുന്നത് (21-കാരിയായ മറ്റൊരുമകള്‍ വിവാഹിതയാണ്). കാഡുഗൊല്ല സമുദായത്തില്‍പെട്ട ഏകദേശം 25 കുടുംബങ്ങളുടെ വാസസ്ഥലത്തുള്ള (Hamlet എന്ന വാക്കിനെയാണ് ഈ ലേഖനത്തിലുടനീളം വാസസ്ഥലം എന്ന് ഉപയോഗിച്ചിരിക്കുന്നത്) എല്ലാസ്ത്രീകളും ഇതേരീതിയില്‍ മാറിനില്‍ക്കേണ്ടവരാണ്.

പ്രസവം കഴിഞ്ഞു തൊട്ടടുത്ത ദിവസങ്ങളിലുള്ള സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ അഭിമുഖീകരിക്കുന്നു. അനുവിന്‍റെ മര-വാസസ്ഥാനത്തിനടുത്ത് ചെറിയ അകലങ്ങളില്‍ സ്ഥിതിചെയ്യുന്ന ആറോളം കുടിലുകളാണ് അവര്‍ക്കും അവരുടെ ശിശുക്കള്‍ക്കുമുള്ള അഭയം. മറ്റുസമയങ്ങളില്‍ ഇത് ഒഴിഞ്ഞുകിടക്കും. ആര്‍ത്തവം ആകുന്നവര്‍ വെറുതെ മരത്തിനുകീഴില്‍ തങ്ങേണ്ടിവരും.

The tree and thatched hut in a secluded area in Aralalasandra where Anu stays during three days of her periods
PHOTO • Tamanna Naseer

മരച്ചുവട്ടിലുള്ള പായ എല്ലാമാസവും മൂന്നു ദിവസങ്ങള്‍ അനുവിന് അഭയം നല്‍കുന്നു. തൊട്ടടുത്തുള്ള കുടിലുകളാണ് നവജാത ശിശുക്കളുള്ള സ്ത്രീകളുടെ അഭയം.

വാസസ്ഥലത്തിന്‍റെ ‘പിന്നാമ്പുറം’ പോലെ കരുതാവുന്നിടത്താണ് കുടിലുകള്‍ സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടകയിലെ രാമനഗര ജില്ലയിലെ ചന്നപട്ട്ണ താലൂക്കില്‍ 1070 ജനങ്ങള്‍ വസിക്കുന്ന അരലലസാന്ദ്ര എന്ന ഗ്രാമത്തിന്‍റെ വടക്കുഭാഗമാണിത്.

ആര്‍ത്തവകാലത്ത് ‘ക്വാറന്‍റൈന്‍’ ചെയ്യപ്പെട്ടിരിക്കുന്ന സ്ത്രീകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കുറ്റിക്കാടുകളുടെ അല്ലെങ്കില്‍ ഒഴിഞ്ഞ കുടിലുകലുടെ സ്വകാര്യതയെയാണ് ആശ്രയിക്കുന്നത്. കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ അയല്‍വാസികള്‍ ടംബ്ലറുകളിലോ ബക്കറ്റുകളിലോ വെള്ളം നല്‍കുന്നു.

നവജാത ശിശുക്കളുള്ള സ്ത്രീകള്‍ കുറഞ്ഞത് ഒരുമാസമെങ്കിലും ഒറ്റപ്പെട്ട കുടിലുകളില്‍ താങ്ങണം. അവരിലൊരാളാണ് പൂജ (യഥാര്‍ത്ഥ പേരല്ല). 19-ാം വയസ്സില്‍ വിവാഹിതയായതിനു ശേഷമാണ് അവര്‍ ബി.കോം. ബിരുദധാരിണിയായത്. ഗ്രാമത്തില്‍നിന്നും 70 കിലോമീറ്റര്‍ മാറി, ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2021 ഫെബ്രുവരിയിലാണ് അവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചത്. “എനിക്ക് ഒരു ഓപ്പറേഷന്‍ വേണ്ടിവന്നു [സി-സെക്ഷന്‍]. എന്‍റെ ഭര്‍തൃമാതാപിതാക്കളും ഭര്‍ത്താവും ആശുപത്രിയില്‍ എത്തി. പക്ഷെ ഞങ്ങളുടെ ആചാരപ്രകാരം ആദ്യത്തെ ഒരുമാസം അവര്‍ക്ക് കുഞ്ഞിനെ തൊടാന്‍ പറ്റില്ല. എന്‍റെ മാതാപിതാക്കളുടെ ഗ്രാമത്തില്‍ തിരിച്ചെത്തിയശേഷം ഒരുകുടിലില്‍ ഞാന്‍ 15 ദിവസം തങ്ങി [അതേ ജില്ലയിലെ അരലലസാന്ദ്ര ഗ്രാമത്തിലെ കാഡുഗൊല്ല എന്ന മറ്റൊരു വാസസ്ഥലത്താണ് അവരും ഭര്‍ത്താവും വസിക്കുന്നത്]. പിന്നീട് ഞാന്‍ ഈ കുടിലിലെത്തി”, മാതാപിതാക്കളുടെ വീടിനുമുന്‍പിലുള്ള ഒരു കുടില്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പൂജ പറഞ്ഞു. 30 ദിവസങ്ങള്‍ പുറത്തു പൂര്‍ത്തിയാക്കിയത്തിനു ശേഷംമാത്രമാണ് കുഞ്ഞുമായി അവര്‍ പ്രധാന വീട്ടിലെത്തിയത്.

അവര്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ കുഞ്ഞ് കരയാന്‍ തുടങ്ങി. അമ്മയുടെ സാരി ഉപയോഗിച്ച് ഉണ്ടാക്കിയ തൊട്ടിലില്‍ അവര്‍ കുഞ്ഞിനെ കിടത്തി. “15 ദിവസം മാത്രമാണ് അവള്‍ ഒറ്റപ്പെട്ട കുടിലില്‍ കഴിഞ്ഞത്. ഞങ്ങളുടെ ഗ്രാമത്തിലെ ആളുകള്‍ കുറച്ച് മയപ്പെട്ടവരാണ്. മറ്റ് [കാഡുഗൊല്ല] ഗ്രാമങ്ങളില്‍ പ്രസവത്തിനുശേഷം അമ്മ കുഞ്ഞിനോടൊപ്പം 2 മാസത്തിലധികം കുടിലില്‍ താമസിക്കണം”, പൂജയുടെ അമ്മ നാല്‍പ്പതുകളിലുള്ള ഗംഗമ്മ പറഞ്ഞു. അവരുടെ കുടുംബം ചെമ്മരിയാടുകളെ വളര്‍ത്തുകയും സ്വന്തമായുള്ള ഒരേക്കര്‍ സ്ഥലത്ത് മാവും പഞ്ഞപ്പുല്ലും കൃഷി ചെയ്യുകയും ചെയ്യുന്നു.

പൂജ അവളുടെ അമ്മ സംസാരിക്കുന്നത് കേള്‍ക്കുകയായിരുന്നു. കുഞ്ഞ് തൊട്ടിലില്‍ കിടന്ന് ഉറങ്ങി. “ഞാനൊരു പ്രശ്നവും നേരിട്ടില്ല. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി എന്‍റെ അമ്മ ഇവിടുണ്ട്. പുറത്ത് നല്ല ചൂടാണ്”, അവര്‍ പറഞ്ഞു. ഇപ്പോള്‍ 22 വയസ്സുള്ള അവര്‍ക്ക് എം.കോം. ബിരുദം എടുക്കണമെന്നുണ്ട്. അവരുടെ ഭര്‍ത്താവ് ബെംഗളുരുവിലെ ഒരു സ്വകാര്യ കോളേജില്‍ അറ്റന്‍ഡറായി ജോലി നോക്കുന്നു. “അദ്ദേഹത്തിനും ഞാന്‍ ഈ ആചാരങ്ങള്‍ പിന്തുടരണമെന്നുണ്ട്”, അവര്‍ പറഞ്ഞു. “എല്ലാവര്‍ക്കും ഞാനിത് ചെയ്യണമെന്നുണ്ട്. എനിക്കവിടെ താമസിക്കണമെന്നില്ലായിരുന്നു. പക്ഷെ ഞാന്‍ പ്രശ്നമുണ്ടാക്കാന്‍ പോയില്ല. ഞങ്ങളെല്ലാവരും ഇത് ചെയ്യേണ്ടാവരാണ്.”

*****

മറ്റ് കാഡുഗൊല്ല വാസസ്ഥലങ്ങളിലും ഈ ആചാരം നിലനില്‍ക്കുന്നു - ഈ വാസയിടങ്ങളെ പ്രാദേശികമായി ഗൊല്ലറദൊഡ്ഡി അഥവാ ഗൊല്ലറഹട്ടി എന്നു വിളിക്കുന്നു. മുന്‍കാലങ്ങളില്‍ നാടോടി ആട്ടിടയന്‍മാരായിരുന്ന കാഡുഗൊല്ലകളെ കര്‍ണ്ണാടകയില്‍ ഓ.ബി.സി. പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് (പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അവര്‍ നോക്കുന്നുണ്ടെങ്കിലും). കര്‍ണ്ണാടകയില്‍ അവരുടെ ജനസംഖ്യ 300,000 (രാമനഗരത്തിലെ പിന്നോക്ക വിഭാഗ ക്ഷേമവകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്ടറായ പി. ബി. ബസവരാജുവിന്‍റെ കണക്ക്) മുതല്‍ ഒരുദശലക്ഷം (കര്‍ണ്ണാടക പിന്നോക്ക വിഭാഗ കമ്മീഷന്‍റെ, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മുന്‍അംഗത്തിന്‍റെ കണക്ക്‌) വരെയാകാനാണ് സാദ്ധ്യത. സംസ്ഥാനത്തിന്‍റെ ദക്ഷിണ-മദ്ധ്യ ഭാഗങ്ങളിലുള്ള 10 ജില്ലകളിലാണ് സമുദായം പ്രധാനമായും വസിക്കുന്നതെന്ന് ബസവരാജു പറഞ്ഞു.

Left: This shack right in front of Pooja’s house is her home for 15 days along with her newborn baby. Right: Gangamma says, 'In our village, we have become lenient. In other [Kadugolla] villages, after delivery, a mother has to stay in a hut with the baby for more than two months'
PHOTO • Tamanna Naseer
Left: This shack right in front of Pooja’s house is her home for 15 days along with her newborn baby. Right: Gangamma says, 'In our village, we have become lenient. In other [Kadugolla] villages, after delivery, a mother has to stay in a hut with the baby for more than two months'
PHOTO • Tamanna Naseer

ഇടത്: പൂജയുടെ വീടിന്‍റെ തൊട്ടുമുന്നില്‍ക്കാണുന്ന ഈ കുടിലിലായിരുന്നു നവജാത ശിശുവിനൊപ്പം പൂജ 15 ദിവസങ്ങള്‍ താമസിച്ചത്. വലത്: ‘ഞങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ കുറച്ച് മയപ്പെട്ടവരാണ്. മറ്റ് [കാഡുഗൊല്ല] ഗ്രാമങ്ങളില്‍ പ്രസവത്തിനുശേഷം അമ്മ കുഞ്ഞിനോടൊപ്പം 2 മാസത്തിലധികം കുടിലില്‍ താമസിക്കണം”, ഗംഗമ്മ പറയുന്നു.

പൂജയുടെ കുടിലില്‍നിന്നും ഏകദേശം 75 കിലോമീറ്റര്‍ മാറി, തുംകൂര്‍ ജില്ലയിലെ ഡി. ഹൊസഹള്ളി ഗ്രാമത്തിലെ കാഡുഗൊല്ല വാസസ്ഥലത്തെ ജയമ്മയും ഒരു ഉച്ചകഴിഞ്ഞ് അവരുടെ വീടിനുമുന്‍പിലെ റോഡിന് സമീപത്തുള്ള ഒരു മരത്തില്‍ചാരി വിശ്രമിക്കുകയായിരുന്നു. അവരുടെ മാസമുറയുടെ ആദ്യദിവസമായിരുന്നു അത്. തൊട്ടുപുറകിലൂടെ ഒരു ഇടുങ്ങിയ തുറന്ന ഓട ഒഴുകുന്നു. തൊട്ടടുത്ത് നിലത്ത് ഒരു സ്റ്റീല്‍ പാത്രവും ഗ്ലാസ്സും വച്ചിരിക്കുന്നു. എല്ലാമാസവും മൂന്ന് രാത്രികള്‍ അവര്‍ ഒരു മരച്ചുവട്ടില്‍ ഉറങ്ങുന്നു – മഴയാണെങ്കില്‍പ്പോലും ഇക്കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ട്. വീട്ടിലെ അടുക്കളജോലികള്‍ അവര്‍ നിര്‍ത്തിവയ്ക്കുന്നു. പക്ഷെ അടുത്തുള്ള തുറസ്സായ സ്ഥലത്ത് ചെമ്മരിയാടുകളെ മേയ്ക്കാന്‍ അപ്പോഴും പോകും.

“പുറത്ത് താമസിക്കാന്‍ ആരാണ് ഇഷ്ടപ്പെടുന്നത്?”, അവര്‍ ചോദിച്ചു. “പക്ഷെ എല്ലാവരും ചെയ്യുന്നു, കാരണം ദേവന് [കാഡുഗൊല്ലകള്‍ കൃഷ്ണ ഭക്തരാണ്] ഞങ്ങള്‍ അത് ചെയ്യണമെന്നാണ് ആഗ്രഹം”, അവര്‍ പറഞ്ഞു. ഇന്നലെ ഞാനൊരു കവര്‍ [ടാര്‍പോളിന്‍ ഷീറ്റ്] കൊണ്ടുവരികയും മഴ പെയ്തസമയത്ത് അതിലിരിക്കുകയും ചെയ്തു.

ജയമ്മയും അവരുടെ ഭര്‍ത്താവും ചെമ്മരിയാടുകളെ വളര്‍ത്തുന്നു. ഇരുപതുകളിലുള്ള അവരുടെ രണ്ട് പുത്രന്മാരും ബെംഗളുരുവിലെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നു. “അവര്‍ വിവാഹിതരാവുമ്പോള്‍ അവരുടെ ഭാര്യമാര്‍പോലും ഈ സമയത്ത് പുറത്ത് ഉറങ്ങണം, എന്തുകൊണ്ടെന്നാല്‍ ഈ ആചാരം ഞങ്ങള്‍ എല്ലാക്കാലവും പാലിച്ചിരുന്നു”, അവര്‍ പറഞ്ഞു. “എനിക്കിഷ്ടമില്ല എന്ന കാരണത്താല്‍ കാര്യങ്ങള്‍ മാറില്ല. എന്‍റെ ഭര്‍ത്താവും ഗ്രാമത്തിലെ മറ്റുള്ളവരും ഈ ആചാരം അവസാനിപ്പിക്കുന്നതിനോട്‌ യോജിച്ചാല്‍ ആ സമയങ്ങളില്‍ ഞാന്‍ വീട്ടിലിരിക്കാന്‍ തുടങ്ങാം.”

കുനിഗല്‍ താലൂക്കിലെ ഹൊസഹള്ളി ഗ്രാമത്തിലെ കാഡുഗൊല്ല വാസസ്ഥലത്തുള്ള മറ്റുസ്ത്രീകളും നിര്‍ബന്ധമായി ഇത് ചെയ്യണം. “എന്‍റെ ഗ്രാമത്തിലെ സ്ത്രീകള്‍ മാസമുറയായതിനുശേഷമുള്ള ആദ്യ മൂന്ന് ദിനങ്ങള്‍ പുറത്തു താമസിക്കുകയും നാലാം ദിവസം രാവിലെ വീട്ടില്‍ തിരികെയെത്തുകയും ചെയ്യുന്നു”, പ്രാദേശിക അംഗന്‍വാടി പ്രവര്‍ത്തക 35-കാരിയായ ലീല എം. എന്‍. (യഥാര്‍ത്ഥ പേരല്ല) പറഞ്ഞു. ആര്‍ത്തവ സമയത്ത് അവരും പുറത്ത് തങ്ങുന്നു. “ഇതൊരു ശീലമാണ്. ദൈവകോപം ഉണ്ടാകുമോയെന്ന ഭയത്താല്‍ ആര്‍ക്കും ഇത് അവസാനിപ്പിക്കണമെന്നില്ല”, അവര്‍ കൂട്ടിച്ചേര്‍ത്തു. “രാത്രിയില്‍ കുടുംബത്തില്‍ നിന്നുള്ള ഒരു പുരുഷന്‍ - സഹോദരന്‍, മുത്തശ്ശന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് – വീട്ടില്‍നിന്നുകൊണ്ട് ഇവരെ ശ്രദ്ധിക്കും, അല്ലെങ്കില്‍ അകലം പാലിച്ചുകൊണ്ട് പുറത്തുതങ്ങും”, ലീല കൂട്ടിച്ചേര്‍ത്തു. നാലാം ദിവസവും സ്തീക്ക് ആര്‍ത്തവം തുടരുകയാണെങ്കില്‍ വീടിനകത്തുള്ള കുടുംബാംഗങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്നു. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരോടൊപ്പം ഉറങ്ങില്ല. പക്ഷെ ഞങ്ങള്‍ വീട്ടില്‍ പണിയെടുക്കും.

എല്ലാമാസവും പുറത്തുതങ്ങുന്നത് ഈ വാസസ്ഥലത്തെയും മറ്റ് കാഡുഗൊല്ല വാസസ്ഥലങ്ങളിലെയും സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്ഥിരം ഏര്‍പ്പാടായിത്തീര്‍ന്നിട്ടുണ്ടെങ്കിലും ആര്‍ത്തവ സമയത്തോ പ്രസവാനന്തരമോ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു. മനുഷ്യത്വരഹിതമായ ദുരാചാരവും ദുര്‍മന്ത്രവാദവും തടയുന്നതിനും ഉച്ചാടനം ചെയ്യുന്നതിനുമുള്ള കര്‍ണ്ണാടകയിലെ നിയമം, 2017’ (The Karnataka Prevention and Eradication of Inhuman Evil Practices and Black Magic Act, 2017) (സര്‍ക്കാര്‍ 2020 ജനുവരി 4-ന് വിജ്ഞാപണം ചെയ്തത്) മൊത്തത്തില്‍ 16 ആചാരങ്ങളെ നിരോധിച്ചിരിക്കുന്നു. “ഒറ്റപ്പെട്ടുനില്‍ക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുക, ഗ്രാമത്തില്‍ പുനഃപ്രവേശിക്കുന്നത് നിരോധിക്കുക, അല്ലെങ്കില്‍ ആര്‍ത്തവ സമയത്തോ പ്രസവാനന്തരമോ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് സൗകര്യപ്പെടുത്തുക എന്നിങ്ങനെയുള്ള ദുരാചാരങ്ങള്‍” ഉള്‍പ്പെടെയുള്ളവയാണ് ഈ നിയമങ്ങള്‍. നിയമലംഘകര്‍ക്ക് 1 മുതല്‍ 7 വര്‍ഷംവരെ തടവും അതുപോലെതന്നെ പിഴയും ഈ നിയമം അനുശാസിക്കുന്നു.

പക്ഷെ കാഡുഗൊല്ല സമുദായത്തില്‍പ്പെടുന്ന, സാമൂഹ്യ ആരോഗ്യരക്ഷ കൈകാര്യം ചെയ്യുന്ന ആശ-അംഗന്‍വാടി പ്രവര്‍ത്തകരെപ്പോലും പ്രസ്തുത ആചാരങ്ങള്‍ പിന്തുടരുന്നതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ഈ നിയമത്തിനായിട്ടില്ല. ഡി. ഹൊസഹള്ളിയില്‍ ആശ പ്രവര്‍ത്തകയായ ഡി. ശാരദമ്മയും (യഥാര്‍ത്ഥ പേരല്ല) അവരുടെ എല്ലാ മാസമുറ സമയത്തും പുറത്തു തങ്ങുന്നു.

Jayamma (left) sits and sleeps under this tree in the Kadugolla hamlet of D. Hosahalli during her periods.  Right: D. Hosahalli grama panchayat president Dhanalakshmi K. M. says, ' I’m shocked to see that women are reduced to such a level'
PHOTO • Tamanna Naseer
Jayamma (left) sits and sleeps under this tree in the Kadugolla hamlet of D. Hosahalli during her periods.  Right: D. Hosahalli grama panchayat president Dhanalakshmi K. M. says, ' I’m shocked to see that women are reduced to such a level'
PHOTO • Tamanna Naseer

ഡി. ഹൊസഹള്ളിയിലെ കാഡുഗൊല്ല വാസസ്ഥലത്തുള്ള ജയമ്മ (ഇടത്) അവരുടെ മാസമുറ സമയത്ത് ഈ മരച്ചുവട്ടില്‍ ഇരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വലത്: ഡി. ഹൊസഹള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ ധനലക്ഷ്മി കെ. എം. പറയുന്നു, ‘ഇത്തരമൊരു അവസ്ഥയിലേക്ക് സ്ത്രീകള്‍ താഴ്ത്തപ്പെടുന്നതുകണ്ട് ഞാന്‍ ഞെട്ടിപ്പോയി’.

“ഗ്രാമത്തിലെ എല്ലാവരും ഇത് ചെയ്യുന്നു. ഞാന്‍ വളര്‍ന്ന ചിത്രദുര്‍ഗയില്‍ [അടുത്തുള്ള ഒരു ജില്ല] അവര്‍ ഇത് നിര്‍ത്തലാക്കി, എന്തുകൊണ്ടെന്നാല്‍ സ്ത്രീകള്‍ പുറത്ത് തങ്ങുന്നത് സുരക്ഷിതമല്ലെന്ന് അവര്‍ക്കുതോന്നി. ഈ പാരമ്പര്യം പിന്തുര്‍ന്നില്ലെങ്കില്‍ ദൈവം ശപിക്കുമെന്ന് ഇവിടെല്ലാവരും ഭയപ്പെടുന്നു. സമുദായത്തിന്‍റെ ഭാഗമെന്ന നിലയില്‍ ഞാനും ഇത് ചെയ്യുന്നു. ഒറ്റയ്ക്കുനിന്ന് എനിക്കൊന്നും മാറ്റാന്‍ കഴിയില്ല. പുറത്തു തങ്ങുന്നതില്‍ ഒരിക്കലും ഒരുപ്രശ്നവും ഞാന്‍ അഭിമുഖീകരിച്ചിട്ടുമില്ല”, ഏകദേശം 40 വയസ്സുള്ള ശാരദമ്മ പറഞ്ഞു.

കാഡുഗൊല്ല സമുദായത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകളിലും ഈ ആചാരം നിലനില്‍ക്കുന്നു – ഡി. ഹൊസഹള്ളി ഗ്രാമപഞ്ചായത്തില്‍ ജോലിചെയ്യുന്ന 43-കാരനായ മോഹന്‍ എസ്.ന്‍റെ (യഥാര്‍ത്ഥ പേരല്ല) കുടുംബത്തില്‍ ചെയ്യുന്നതുപോലെ. എം.എ., ബി.എഡ്. ബിരുദധാരിണിയായ അദ്ദേഹത്തിന്‍റെ സഹോദര ഭാര്യയ്ക്ക് കുഞ്ഞുണ്ടായപ്പോള്‍ അവര്‍ കുഞ്ഞിനോടൊപ്പം അവര്‍ക്കുവേണ്ടിമാത്രം പുറത്തുനിര്‍മ്മിച്ച കുടിലില്‍ തങ്ങി. “അനുശാസിക്കുന്ന കാലയളവ് പുറത്തുപൂര്‍ത്തിയാക്കിയത്തിനു ശേഷം മാത്രമാണ് അവര്‍ ഞങ്ങളുടെ വീട്ടില്‍ കയറിയത്”, മോഹന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ 32-കാരിയായ ഭാരതി (യഥാര്‍ത്ഥ പേരല്ല) യോജിച്ചുകൊണ്ട് തലയാട്ടി. “മാസമുറയാകുന്ന സമയത്ത് ഞാനും ഒന്നിലും തൊടില്ല. സര്‍ക്കാര്‍ ഈ സമ്പ്രദായം മാറ്റണമെന്നെനിക്കില്ല. മരച്ചുവട്ടിലുറങ്ങാതെ തങ്ങാന്‍പറ്റുന്ന ഒരു വീട് ഞങ്ങള്‍ക്ക് പണിതുതരികയാണ് അവര്‍ക്കു ചെയ്യാന്‍ പറ്റുന്നകാര്യം.”

*****

കാലങ്ങള്‍കൊണ്ട് അത്തരം മുറികള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു. എല്ലാ കാഡുഗൊല്ല വാസസ്ഥലങ്ങളുടെ പുറത്തും ആര്‍ത്തവസമയത്തുള്ള 10 സ്ത്രീകളെ ഒരേസമയത്ത് താമസിപ്പിക്കാന്‍ പറ്റുന്ന മഹിള ഭവനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരുത്തരവ് കര്‍ണ്ണാടക സര്‍ക്കാര്‍  2009 ജൂലൈ 10-ന് പാസ്സാക്കിയെന്ന് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ ഉത്തരവ് പാസ്സാക്കുന്നതിന് വളരെമുമ്പുതന്നെ സിമന്‍റ്  കൊണ്ടുള്ള ഒരു ഒറ്റമുറി ഡി. ഹൊസഹള്ളി ഗ്രാമത്തിലുള്ള ജയമ്മയുടെ വാസസ്ഥലത്ത് പ്രദേശത്തെ പഞ്ചായത്ത് നിര്‍മ്മിച്ചിരുന്നു. കുനിഗല്‍ താലൂക്ക് പഞ്ചായത്ത് അംഗമായ കൃഷ്ണപ്പ ജി. റ്റി. പറഞ്ഞത് അത് ഏകദേശം 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ കുട്ടിയായിരുന്നപ്പോള്‍ നിര്‍മ്മിച്ചതാണെന്നാണ്. മരുച്ചുവട്ടില്‍ ഉറങ്ങുന്നതിനുപകരം പ്രദേശത്തെ സ്ത്രീകള്‍ കുറച്ചുകാലം ഇതുപയോഗിച്ചു. ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം കളകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.

അതുപോലെതന്നെ അരലലസാന്ദ്രയിലെ കാഡുഗൊല്ല വാസസ്ഥലത്ത് ഈ ആവശ്യത്തിനായി നിര്‍മ്മിച്ച പാതിതകര്‍ന്ന കെട്ടിടം ഉപയോഗയോഗ്യമല്ല. “നാലഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ചില ജില്ല ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും ഞങ്ങളുടെ ഗ്രാമം സന്ദര്‍ശിച്ചു”, അനു ഓര്‍മ്മിച്ചു. “അവര്‍ പുറത്തുതങ്ങിയിരുന്ന [ആര്‍ത്തവ സമയത്തുള്ള] സ്ത്രീകളോട് വീട്ടിലേക്കുപോകാന്‍ പറഞ്ഞു. പുറത്തുതാമസിക്കുന്നത് നല്ലതല്ലെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ മുറിഒഴിഞ്ഞശേഷം അവര്‍ പോയി. പിന്നീട് എല്ലാവരും മുറിയിലേക്കു തിരിച്ചു. കുറച്ചുമാസങ്ങള്‍ക്കുശേഷം അവര്‍ വീണ്ടുംവന്ന് ഞങ്ങളോട് വീട്ടില്‍കഴിയാന്‍ ആവശ്യപ്പെടുകയും മുറി തകര്‍ക്കാന്‍ തുടങ്ങുകയും ചെയ്തു. പക്ഷെ മുറി യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് ഉപയോഗപ്രദമായിരുന്നു. ഏറ്റവുംകുറഞ്ഞത് ശൗചാലയമെങ്കിലും ഞങ്ങള്‍ക്ക് വലിയപ്രശ്നം കൂടാതെ ഉപയോഗിക്കാമായിരുന്നു.”

വനിത ശിശുക്ഷേമ വകുപ്പ് മുന്‍മന്ത്രിയായിരുന്ന ഉമശ്രീ 2014-ല്‍ കാഡുഗൊല്ല സമുദായത്തിന്‍റെ ഇത്തരം വിശ്വാസങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ശ്രമിച്ചു. ഒരു പ്രതീകാത്മക നടപടിയായി ഡി. ഹൊസഹള്ളിയിലെ കാഡുഗൊല്ല വാസസ്ഥലത്ത് സ്ത്രീകള്‍ക്കായി നിര്‍മ്മിച്ചിരുന്ന മുറിയുടെ ഭാഗങ്ങള്‍ അവര്‍ തകര്‍ത്തു. “ഉമശ്രീ മാഡം ഞങ്ങളുടെ സ്ത്രീകളോട് മാസമുറ സമയങ്ങളില്‍ വീട്ടില്‍തങ്ങാന്‍ ആവശ്യപ്പെട്ടു. അവര്‍ ഞങ്ങളുടെ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ കുറച്ചുപേര്‍ അതിനോട് യോജിച്ചു, പക്ഷെ ആരും ആചാരം പാലിക്കുന്നത് നിര്‍ത്തിയില്ല. അവര്‍ പോലീസ് അകമ്പടിയോടെ എത്തുകയും വില്ലേജ് അക്കൗണ്ടന്‍റ്  മുറിയുടെ വാതിലും മറ്റുഭാഗങ്ങളും തകര്‍ക്കുകയും ചെയ്തു. ഞങ്ങളുടെ പ്രദേശം വികസിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഒന്നും സംഭവിച്ചില്ല”, താലൂക്ക് പഞ്ചായത്തംഗമായ കൃഷ്ണപ്പ ജി. റ്റി. പറഞ്ഞു.

A now-dilapidated room constructed for menstruating women in D. Hosahalli. Right: A hut used by a postpartum Kadugolla woman in Sathanur village
PHOTO • Tamanna Naseer
A now-dilapidated room constructed for menstruating women in D. Hosahalli. Right: A hut used by a postpartum Kadugolla woman in Sathanur village
PHOTO • Tamanna Naseer

ഡി. ഹൊസഹള്ളിയില്‍ ആര്‍ത്തവസമയത്തുള്ള സ്ത്രീകള്‍ക്കായി നിര്‍മ്മിക്കുകയും ഇപ്പോള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു കെട്ടിടം. വലത്: സാത്തനൂര്‍ ഗ്രാമത്തിലെ കാഡുഗൊല്ല സ്ത്രീകള്‍ പ്രസവാനന്തരം ഉപയോഗിക്കുന്ന ഒരു കെട്ടിടം.

ഹൊസഹള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ ധനലക്ഷ്മി കെ. എം. (അവര്‍ കാഡുഗൊല്ല സമുദായത്തില്‍പെട്ടവരല്ല) ഇപ്പോഴും പ്രത്യേക മുറികള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിക്കുന്നു. “സ്ത്രീകള്‍ക്ക് ഏറ്റവുമധികം ശ്രദ്ധവേണ്ട പ്രസവാനന്തര, മാസമുറസമയങ്ങളില്‍ സ്വന്തം വീടിനു പുറത്തുതാമസിക്കേണ്ട അവസ്ഥയിലേക്ക് സ്ത്രീകള്‍ താഴ്ത്തപ്പെടുന്നതുകണ്ട് ഞാന്‍ ഞെട്ടിപ്പോയി, അവര്‍ പറഞ്ഞു. “ഏറ്റവുംകുറഞ്ഞത് അവര്‍ക്കുവേണ്ടി പ്രത്യേക അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവയ്ക്കും. ദുഃഖകരമായ കാര്യം വിദ്യാഭ്യാസമുള്ള യുവതികള്‍ക്കുപോലും ഇത് നിര്‍ത്തണമെന്നില്ല എന്നതാണ്. അവര്‍തന്നെ മാറ്റങ്ങളെ പ്രതിരോധിക്കുകയാണെങ്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എനിക്കെങ്ങനെകഴിയും?”

മുറികളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. “സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക മുറികള്‍ സഹായകരമാകാമെങ്കിലും അവര്‍ ആചാരം പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ക്കുള്ളത്”, ജില്ല പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പില്‍നിന്നുള്ള പി. ബി. ബസവരാജു പറഞ്ഞു. “ഞങ്ങള്‍ കാഡുഗൊല്ല സ്ത്രീകളോട് സംസാരിച്ച് അന്ധവിശ്വാസത്തിലധിഷ്ഠിതമായ ഈ ആചാരങ്ങള്‍ നിര്‍ത്തണമെന്ന് ഉപദേശിച്ചു. നേരത്തെ ഞങ്ങള്‍ ബോധവത്കരണ പ്രചരണങ്ങള്‍ വരെ നടത്തിയിട്ടുണ്ട്.”

ആര്‍ത്തവ സമയത്തുള്ള സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക മുറികള്‍ പണിയുക എന്നത് ഒരു പരിഹാരമല്ലെന്ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍നിന്നും ഇന്‍സ്പെക്ടര്‍ ജനറലായി വിരമിച്ച കെ. ആര്‍ക്കേഷ് പറഞ്ഞു. അരലലസാന്ദ്രയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍നിന്നുള്ളയാളാണ് അദ്ദേഹം. കൃഷ്ണകുടിലുകള്‍ [ഈ മുറികളെ ഇങ്ങനെയാണ് വിളിക്കുന്നത്] ഇത്തരം ആചാരങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നു. സ്ത്രീകള്‍ അശുദ്ധരാണെന്നുള്ള അടിസ്ഥാനപരമായ കാഴ്ചപ്പാട് ഏതുസമയത്തായാലും തള്ളിക്കളയണം, അതിന് സാധുത നല്‍കരുത്”, അദ്ദേഹം പറഞ്ഞു.

“ഇത്തരം കര്‍ക്കശമായ ആചാരങ്ങള്‍ ഏറ്റവും ക്രൂരമാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സ്ത്രീകള്‍ സംഘടിച്ച് പോരാടരുത് എന്നതരത്തിലാണ് സാമൂഹ്യ സമ്മര്‍ദ്ദം. ഒരു സാമൂഹ്യ വിപ്ലവത്തിന് ശേഷമാണ് സതി നിരോധിച്ചത്. മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഒരു ഇച്ഛ വേണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയംകാരണം നമ്മുടെ രാഷ്ട്രീയക്കാര്‍ ഈ വിഷയങ്ങളെ തൊടാന്‍പോലും തത്പരരല്ല. രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും സമുദായത്തില്‍ നിന്നുള്ള ആളുകളും ഉള്‍ക്കൊള്ളുന്ന ഒരു സംയുക്ത പരിശ്രമമാണ് ആവശ്യം.”

*****

അന്നുവരെ ദൈവശിക്ഷയെക്കുറിച്ചുള്ള ഭയവും സമൂഹത്തിലെ പേരുദോഷവും വളരെ ആഴത്തിലോടുകയും ആചാരത്തെ നയിക്കുകയും ചെയ്യും.

“ഞങ്ങള്‍ ഈ ആചാരം പിന്തുടര്‍ന്നില്ലെങ്കില്‍ മോശംകാര്യങ്ങള്‍ ഞങ്ങള്‍ക്ക് സംഭവിക്കും”, അരലലസാന്ദ്രയിലെ കാഡുഗൊല്ല വാസസ്ഥലത്തു നിന്നുള്ള അനു പറഞ്ഞു. “കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് തുംകൂറില്‍ ഒരുസ്ത്രീ മാസമുറസമയത്ത് പുറത്തുതങ്ങാന്‍ വിസമ്മതിക്കുകയും അവരുടെ വീട് അഗ്നിക്കിരയാവുകയും ചെയ്തു.”

Anganwadi worker Ratnamma (name changed at her request; centre) with Girigamma (left) in Sathanur village, standing beside the village temple. Right: Geeta Yadav says, 'If I go to work in bigger cities in the future, I’ll make sure I follow this tradition'
PHOTO • Tamanna Naseer
Anganwadi worker Ratnamma (name changed at her request; centre) with Girigamma (left) in Sathanur village, standing beside the village temple. Right: Geeta Yadav says, 'If I go to work in bigger cities in the future, I’ll make sure I follow this tradition'
PHOTO • Tamanna Naseer

അംഗന്‍വാടി പ്രവര്‍ത്തകയായ രത്നമ്മ (മദ്ധ്യത്തില്‍; അഭ്യര്‍ത്ഥന പ്രകാരം പേര്‍ മാറ്റിയിരിക്കുന്നു) ഗിരിജമ്മയോടൊപ്പം (ഇടത്) സാത്തനൂര്‍ ഗ്രാമത്തില്‍ ഗ്രാമക്ഷേത്രത്തിന് സമീപം നില്‍ക്കുന്നു. വലത്: ഗീത യാദവ് പറയുന്നു, ‘ഭാവിയില്‍ വലിയ നഗരത്തില്‍ ഞാന്‍ ജോലിക്കു പോവുകയാണെങ്കില്‍ ഈ പാരമ്പര്യം പിന്തുടരുന്ന കാര്യം ഞാന്‍ ഉറപ്പാക്കും’.

“ഞങ്ങള്‍ ഇങ്ങനെ ജീവിക്കണമെന്നാണ് ഞങ്ങളുടെ ദൈവത്തിനുള്ളത്, അനുസരിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അതിന്‍റെ പരിണതഫലം അനുഭവിക്കേണ്ടിവരും”, ഡി. ഹൊസഹള്ളി ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള എസ്. മോഹന്‍ പറഞ്ഞു. ഈ സമ്പ്രദായം നിര്‍ത്തുകയാണെങ്കില്‍ “അസുഖങ്ങള്‍ വര്‍ദ്ധിക്കും, ഞങ്ങളുടെ ആടുകളും ചെമ്മരിയാടുകളും ചാകും. ഞങ്ങള്‍ക്ക് ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാകും, ആളുകള്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കും. ഈ സമ്പ്രദായം നിര്‍ത്തരുത്. കാര്യങ്ങള്‍ മാറണമെന്ന് ഞങ്ങള്‍ക്കില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മാസമുറ സമയത്ത് വീടിനകത്തിരുന്ന മാണ്ഡ്യ ജില്ലയിലെ ഒരു സ്ത്രീയെ പാമ്പ്‌ കടിച്ചു”, രാമനഗര ജില്ലയിലെ സാത്തനൂര്‍ ഗ്രാമത്തിലെ കാഡുഗൊല്ല വാസസ്ഥലത്തു നിന്നുള്ള ഗിരിജമ്മ പറഞ്ഞു. ഇവിടെ സര്‍ക്കാര്‍ പണിത കുളിമുറിയോടുകൂടിയ മികച്ച ഒരുമുറി ഇപ്പോഴും ആര്‍ത്തവസമയത്തുള്ള സ്ത്രീകള്‍ക്ക് അഭയം വാഗ്ദാനം നല്‍കുന്നു. ഈ മുറിയിലേക്ക് ഗ്രാമത്തിലെ പ്രധാന റോഡില്‍നിന്നും ഒരു ഇടുങ്ങിയ വഴിയുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് തനിക്കാദ്യമായി മാസമുറയായ സമയത്ത് ഇവിടെ ഒറ്റയ്ക്ക് താമസിക്കേണ്ടിവന്നപ്പോള്‍ ഭയപ്പെട്ടതിനെക്കുറിച്ച് ഗീത യാദവ് ഓര്‍മ്മിക്കുന്നു. “ഞാന്‍ കരഞ്ഞ് എന്‍റെ അമ്മയോട് പറഞ്ഞു എന്നെ ഇവിടേക്ക് അയയ്ക്കരുതെന്ന്. പക്ഷെ അവര്‍ കേട്ടില്ല. ഇപ്പോള്‍ എല്ലായ്പ്പോഴും അവിടെ കുറച്ച് ആന്‍റിമാര്‍ [ആര്‍ത്തവ സമയത്തുള്ള മറ്റ് സ്ത്രീകള്‍] കൂട്ടിന് കാണും, അതുകൊണ്ട് എനിക്ക് സമാധാനമായി ഉറങ്ങാം. മാസമുറസമയത്ത് ഞാന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുകയും നേരിട്ട് മുറിയിലേക്ക് പോവുകയും ചെയ്യും. കിടക്കകള്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് തറയില്‍ കിടക്കേണ്ടിവരില്ലായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്”, 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 16-കാരി ഗീത പറഞ്ഞു. “ഭാവിയില്‍ വലിയ നഗരങ്ങളില്‍ ജോലിക്കു പോവുകയാണെങ്കില്‍ ഞാന്‍ പ്രത്യേക മുറിയില്‍ താമസിക്കും, ഒന്നിലും സ്പര്‍ശിക്കുകയുമില്ല. ഈ പാരമ്പര്യം ഞാന്‍ ഉറപ്പായും പിന്തുടരും. ഇതിന് ഞങ്ങളുടെ ഗ്രാമത്തില്‍ വളരെ പ്രാധാന്യമുണ്ട്”, അവള്‍ കൂട്ടിച്ചേര്‍ത്തു.

പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തിയായി ഗീത 16-ാം വയസ്സില്‍ സ്വയം അടയാളപ്പെടുത്തുമ്പോള്‍ 65-കാരിയായ ഗിരിജമ്മ പറയുന്നത് സമുദായം അനുശാസിക്കുന്നവിധം മാറിനില്‍ക്കുന്ന ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് വിശ്രമിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പരാതിപ്പെടാന്‍ ഒരുകാരണവുമില്ലെന്നാണ്. “ഞങ്ങളും മഴയത്തും വെയിലത്തും പുറത്ത് തങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ജാതിയില്‍പ്പെട്ട ആളുകളുടെ വീട്ടില്‍ കയറാന്‍ അനുവാദം ഇല്ലാത്തതുകൊണ്ട് കൊടുങ്കാറ്റിന്‍റെ സമയത്ത് മറ്റുജാതിക്കാരുടെ വീടുകളില്‍ അഭയം പ്രാപിക്കേണ്ടി വന്നിട്ടുള്ള സമയം എനിക്കുണ്ടായിട്ടുണ്ട്”, അവര്‍ പറഞ്ഞു. ചിലസമയത്ത് ഞങ്ങള്‍ മണ്ണില്‍ കിടന്ന ഇലകളില്‍ വിളമ്പിയ ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പാത്രങ്ങളുണ്ട്. ഞങ്ങള്‍ കൃഷ്ണഭകതരാണ്. ഇവിടെയുള്ള സ്ത്രീകള്‍ക്ക് എങ്ങനെ ഈ പാരമ്പര്യം പിന്തുടരാതിരിക്കാന്‍ കഴിയും?”

“ഈ മൂന്നാല് ദിവങ്ങളായി ഞങ്ങള്‍ ഇരിക്കുകയും ഭക്ഷണം കഴിക്കുകയും തിന്നുകയും മാത്രം ചെയ്യുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ ഭക്ഷണം പാകംചെയ്യുകയും വൃത്തിയാക്കുകയും ആടുകള്‍ക്കു പുറകെ ഓടുകയും ചെയ്യുന്ന തിരക്കിലായിരിക്കും. ആര്‍ത്തവ വീടുകളില്‍ താമസിക്കുമ്പോള്‍ ഇതെല്ലം ഞങ്ങള്‍ ചെയ്യണമെന്നില്ല. 29-കാരിയായ രത്നമ്മ (അവരുടെ യഥാര്‍ത്ഥ പേരല്ല) കൂട്ടിച്ചേര്‍ത്തു. കനകപുര താലൂക്കിലെ (സാത്തനൂര്‍ ഗ്രാമം അവിടെയാണ്) കബ്ബല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ഒരു അംഗന്‍വാടി പ്രവര്‍ത്തകയാണവര്‍.

A state-constructed room (left) for menstruating women in Sathanur: 'These Krishna Kuteers were legitimising this practice. The basic concept that women are impure at any point should be rubbished, not validated'. Right: Pallavi segregating with her newborn baby in a hut in D. Hosahalli
PHOTO • Tamanna Naseer
A state-constructed room (left) for menstruating women in Sathanur: 'These Krishna Kuteers were legitimising this practice. The basic concept that women are impure at any point should be rubbished, not validated'. Right: Pallavi segregating with her newborn baby in a hut in D. Hosahalli
PHOTO • Tamanna Naseer

ആര്‍ത്തവ സമയത്തുള്ള സ്ത്രീകള്‍ക്കായി സാത്തനൂരില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു സംസ്ഥാന നിര്‍മ്മിതമുറി (ഇടത്): ‘ഈ കൃഷ്ണ കുടിലുകള്‍ ഈ ആചാരത്തിന് നിയമസാധുത നല്‍കുകയായിരുന്നു. സ്ത്രീകള്‍ അശുദ്ധരാണെന്നുള്ള അടിസ്ഥാനപരമായ കാഴ്ചപ്പാട് ഏതുസമയത്തായാലും തള്ളിക്കളയണം, അതിന് സാധുത നല്‍കരുത്’. വലത്: തന്‍റെ നവജാത ശിശുവിനൊപ്പം ഡി. ഹൊസഹള്ളിയിലെ കുടിലില്‍ മാറിത്താമസിക്കുന്ന പല്ലവി.

മാറിനില്‍ക്കുന്നതില്‍ ഗിരിജമ്മയും രത്നമ്മയും പലനേട്ടങ്ങളും കാണുന്നുണ്ടെങ്കിലും ഈ ആചാരങ്ങള്‍ പല അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 2014 ഡിസംബറിലെ ഒരു പത്രറിപ്പോര്‍ട്ടനുസരിച്ച് തുംകൂറില്‍ ഒരുകുടിലില്‍ അമ്മയോടൊപ്പം കഴിഞ്ഞിരുന്ന ഒരു നവജാത കാഡുഗൊല്ലശിശു മഴയെത്തുടര്‍ന്നുള്ള തണുപ്പുമൂലം മരിച്ചു. മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച് 10 ദിവസം പ്രായമുള്ള ഒരുശിശുവിനെ 2010-ല്‍ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലെ കാഡുഗൊല്ല വാസസ്ഥലത്തുനിന്ന് ഒരു നായ കടിച്ചുവലിച്ചുകൊണ്ടുപോയി.

ഡി. ഹൊസഹള്ളി ഗ്രാമത്തിലെ കാഡുഗൊല്ല വാസസ്ഥലത്തെ 22-കാരിയായ വീട്ടമ്മ പല്ലവി ജി. ഇത്തരം അപകടങ്ങളുടെ സാദ്ധ്യതകള്‍ തള്ളിക്കളയുന്നു. അവര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒരു കുഞ്ഞിന്‍റെ അമ്മയായ സ്ത്രീയാണ്. “നിരവധി വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരം രണ്ടോമൂന്നോ കേസുകളാണ് ഉള്ളതെങ്കില്‍ അതെന്നെ ബാധിക്കില്ല. ഈ കുടില്‍ യഥാര്‍ത്ഥത്തില്‍ ആശ്വാസകരമാണ്. ഞാനെന്തിന് ഭയപ്പെടണം? എന്‍റെ മാസമുറ ദിനങ്ങളിലൊക്കെ ഞാന്‍ ഇരുട്ടത്ത് തങ്ങിയിട്ടുണ്ട്. ഇതെനിക്ക് പുതിയ കാര്യമല്ല”, കുഞ്ഞിനെ തൊട്ടിലാട്ടിക്കൊണ്ട് അവര്‍ പറഞ്ഞു.

പല്ലവിയുടെ ഭര്‍ത്താവ് തുംകൂറിലുള്ള ഒരു ഗ്യാസ് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. അവരുടെ അമ്മയോ മുത്തശ്ശനോ തങ്ങുന്ന ഒരുകുടിലിന് തൊട്ടടുത്തുള്ള കുടിലിലാണ് അവര്‍ കുഞ്ഞിനോടൊപ്പം ഉറങ്ങുന്നത്. ഈ രണ്ട് കുടിലുകള്‍ക്കിടയിലായി ഒരു സ്റ്റാന്‍ഡിംഗ് ഫാനും ബള്‍ബും ഉള്ളപ്പോള്‍ പുറത്തുള്ള സ്ഥലത്ത് വിറകടുപ്പിനുമുകളില്‍ വെള്ളം തിളപ്പിക്കുന്നതിനായി ഒരുപാത്രം വച്ചിട്ടുണ്ട്. പല്ലവിയുടെയും കുഞ്ഞിന്‍റെയും വസ്ത്രങ്ങള്‍ ഉണങ്ങാനായി കുടിലിനുമുകളില്‍ വിരിച്ചിരിക്കുന്നു. രണ്ടു മാസങ്ങള്‍ക്കും മൂന്ന് ദിവസങ്ങള്‍ക്കും ശേഷം അമ്മയെയും കുഞ്ഞിനെയും കുടിലില്‍നിന്നും 100 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന വീട്ടില്‍ പ്രവേശിപ്പിക്കും.

കുറച്ച് കാഡുഗൊല്ല കുടുംബങ്ങള്‍ നവജാതശിശുവിനെയും അമ്മയെയും വീട്ടിലെത്തിക്കുന്നതിനു മുന്‍പ് ചെമ്മരിയാടിനെ അനുഷ്ഠാനപരമായി ബലിയര്‍പ്പിക്കുന്നു. ഒരു ‘ശുദ്ധീകരണ’ ചടങ്ങ് കുറച്ചുകൂടി പൊതുവായി നടത്തപ്പെടുന്നു. അതിന്‍റെ ഭാഗമായി അമ്മയുടെയും കുഞ്ഞിന്‍റെയും എല്ലാ വസ്ത്രങ്ങളും മറ്റെല്ലാ വസ്തുവകകളും ശുചീകരിക്കുന്നു. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ അകലെനിന്ന് ഇരുവരെയും നയിക്കുന്നു. പിന്നീട് നാമകരണ ചടങ്ങിനായി അവരെ പ്രദേശത്തെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു. അവിടെ അവര്‍ പ്രാര്‍ത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു - പിന്നീടവരെ വീട്ടില്‍കയറാന്‍ അനുവദിക്കുന്നു.

*****

പക്ഷെ ചെറിയ ചെറുത്തുനില്‍പ്പുകളും ഉണ്ടാകാറുണ്ട്.

ആചാരം പാലിക്കണമെന്ന് സമുദായാംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും അരലലസാന്ദ്ര ഗ്രാമത്തിലെ കാഡുഗൊല്ല വാസസ്ഥലത്ത് ജീവിക്കുന്ന ഡി. ജയലക്ഷമ്മ ആര്‍ത്തവസമയത്ത് പുറത്ത് തങ്ങാറില്ല. നാലുതവണ പ്രസവിച്ച 45-കാരിയായ ഈ അംഗന്‍വാടി പ്രവര്‍ത്തക ഓരോ പ്രസവത്തിനുംശേഷം, ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് നേരിട്ടെത്തുകയായിരുന്നു. ഇത് അയല്‍വാസികളായ കാഡുഗൊല്ല കുടുംബങ്ങളെ പ്രകോപിപ്പിച്ചിരുന്നു.

Aralalasandra village's D. Jayalakshmma and her husband Kulla Kariyappa are among the few who have opposed this practice and stopped segeragating
PHOTO • Tamanna Naseer
Aralalasandra village's D. Jayalakshmma and her husband Kulla Kariyappa are among the few who have opposed this practice and stopped segeragating
PHOTO • Tamanna Naseer

അരലലസാന്ദ്ര ഗ്രാമത്തിലെ ഡി. ജയലക്ഷമ്മയും അവരുടെ ഭര്‍ത്താവ് കുല്ല കരിയപ്പയും ഈ ആചാരത്തെ എതിര്‍ക്കുകയും മാറ്റിനിര്‍ത്തല്‍ പാലിക്കാതിരിക്കുകയും ചെയ്യുന്ന ചിലരിലെ രണ്ടുപേരാണ്.

“ഞാന്‍ വിവാഹിതയാകുമ്പോള്‍ ഇവിടെയുള്ള എല്ലാസ്ത്രീകളും അവരുടെ മാസമുറ സമയത്ത് ഗ്രാമത്തിനു പുറത്തുപോയി ചെറിയ കുടിലുകളില്‍, ചിലപ്പോള്‍ വെറും മരത്തിന്‍റെ കീഴില്‍, തങ്ങുമായിരുന്നു. എന്‍റെ ഭര്‍ത്താവ് ഈ ആചാരത്തെ എതിര്‍ത്തു. വിവാഹത്തിനുമുന്‍പ് മാതാപിതാക്കളുടെ കൂടെയായിരുന്നപ്പോഴും ഈ ആചാരം പിന്തുടരാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അതുചെയ്യുന്നത് ഞാന്‍ അവസാനിപ്പിച്ചു. പക്ഷെ ഞങ്ങള്‍ ഇപ്പോഴും ഗ്രാമവാസികളില്‍നിന്നും ആക്ഷേപങ്ങള്‍ സഹിക്കുന്നു”, 10-ാം ക്ലാസ്സ് വരെ പഠിച്ച ജയലക്ഷമ്മ പറഞ്ഞു. അവരുടെ മൂന്ന് പെണ്മക്കളും - 19 മുതല്‍ 23 വയസ്സ് വരെ പ്രായമുള്ളവര്‍ - ആര്‍ത്തവസമയത്ത് പുറത്ത് തങ്ങാറില്ല.

“അവര്‍ [ഗ്രാമവാസികള്‍] ഞങ്ങളെ ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ക്കെന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോഴൊക്കെ അവര്‍ പറയുന്നത് ഞങ്ങള്‍ ആചാരങ്ങള്‍ പാലിക്കാത്തതുകൊണ്ടാണെന്നാണ്. മോശം കാര്യങ്ങള്‍ ഞങ്ങള്‍ക്ക് സംഭവിക്കുമെന്ന് അവര്‍ പറഞ്ഞു. അവര്‍ ചില സമയങ്ങളില്‍ ഞങ്ങളെ ഒഴിവാക്കുകപോലും ചെയ്തിട്ടുണ്ട്”, ജയലക്ഷമ്മയുടെ ഭര്‍ത്താവായ 60-കാരന്‍ കുല്ല കരിയപ്പ പറഞ്ഞു. എം. എ., ബി.എഡ്. ബിരുദങ്ങളുള്ള അദ്ദേഹം ഒരു മുന്‍ കോളേജ് അദ്ധ്യാപകനാണ്. “ഗ്രാമവാസികള്‍ എന്നെ ചോദ്യംചെയ്യുകയോ പാരമ്പര്യം പിന്തുടരണമെന്ന് പറയുകയോ ചെയ്യുമ്പോഴൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട് ഞാനൊരു അദ്ധ്യാപകനാണ് എനിക്കിതൊന്നും വിശ്വസിക്കാന്‍ പറ്റില്ലെന്ന്. എപ്പോഴും ത്യാഗം ചെയ്യണമെന്ന് വിശ്വസിക്കുന്ന രീതിയില്‍ ഞങ്ങളുടെ പെണ്‍കുട്ടികള്‍ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടിരിക്കുകയാണ്”, ദേഷ്യത്തോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയലക്ഷമ്മയെപ്പോലെ, രണ്ടുകുട്ടികളുടെ മാതാവായ അരലലസാന്ദ്രയില്‍നിന്നുള്ള 30-കാരി അമൃതയ്ക്കും (യഥാര്‍ത്ഥ പേരല്ല) നിര്‍ബന്ധപൂര്‍വ്വം സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന ഈ ആചാരം അവസാനിപ്പിക്കണമെന്നുണ്ട് – പക്ഷെ ചെയ്യാന്‍ പറ്റുന്നില്ല. “മുകളില്‍നിന്നുള്ള ആരെങ്കിലും (ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍) ഞങ്ങളുടെ ഗ്രാമത്തിലെ മുതിര്‍ന്നവരോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്. അന്നുവരെ എന്‍റെ അഞ്ചുവയസ്സുകാരി മകള്‍വരെ [അവള്‍ വളരുമ്പോള്‍] ഇത് ചെയ്യാന്‍ ഇടവരും. അവളോടിത് ചെയ്യാന്‍ എനിക്കുപറയേണ്ടിവരും. എനിക്കൊറ്റയ്ക്ക് ഈ ആചാരം നിര്‍ത്താന്‍ കഴിയില്ല.”

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് മേല്‍പ്പറഞ്ഞ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: റെന്നിമോന്‍ കെ. സി.

Tamanna Naseer

Tamanna Naseer is a freelance journalist based in Bengaluru.

Other stories by Tamanna Naseer
Illustration : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Editor and Series Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.