ധര്‍മ്മേന്ദ്ര റാമിനെ ഉഷാ ദേവി അവസാനമായി കാണുമ്പോൾ അയാൾ തന്‍റെ സ്വതേ ശുഷ്‌ക്കിച്ച രൂപത്തിന്‍റെ കുറേക്കൂടി ചുരുങ്ങിപ്പോയൊരു അവശിഷ്ടം മാത്രമായിരുന്നു.  “ഒരു കരച്ചിൽ പുറത്തുവന്നു,  ദീര്‍ഘമായൊന്ന് ശ്വാസം വിട്ടു, പിന്നെ എല്ലാം കഴിഞ്ഞു. അദ്ദേഹത്തിന് അവസാനമായി ഒരു കപ്പ് ചായ കൊടുക്കാൻ‌പോലും എനിക്ക് കഴിഞ്ഞില്ല”,  അവര്‍ പറയുന്നു.

അങ്ങനെയാണ് ഉഷയുടെ 28‌-കാരനായ ഭര്‍ത്താവിന്‍റെ ജീവിതം അവസാനിച്ചത്. ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലാതെ പട്ടിണിയും രോഗവും ബാധിച്ചാണ് അയാൾ മരിക്കുന്നത്. ധര്‍മ്മേന്ദ്ര റാമിന്‍റെ  കയ്യിൽ റേഷൻ കടയിൽ തന്‍റെ സ്വത്വം തെളിയിക്കാനുതകുന്ന സുപ്രധാനമായ ആധാർ  രേഖയുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ഥമായ റേഷൻ കാര്‍ഡ് കൈവശമില്ലെങ്കില്‍ അതുകൊണ്ടൊരു പ്രയോജനവുമുണ്ടായിരുന്നില്ല.

2016 ഓഗസ്റ്റിൽ ധര്‍മ്മേന്ദ്രയുടെ മരണം അലഹബാദിലെ മൗഐമ ബ്ലോക്കിലെ ധരൗത് എന്ന അയാളുടെ ഗ്രാമത്തിലേക്ക് ഒരുപാടുപേരുടെ ശ്രദ്ധ ആകര്‍ഷിച്ചു. ജില്ലാ ഉദ്യോഗസ്ഥർ അവിടം പ്രാദേശിക മാധ്യമങ്ങൾ ആവശ്യപ്പെട്ടു. ഗ്രാമവികസന ഉദ്യോഗസ്ഥനും റവന്യൂ ഉദ്യോഗസ്ഥനും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ദുരിതാശ്വാസ പ്രഖ്യാപനങ്ങളുടെ ഒരു പെരുമഴ തന്നെ ഉണ്ടായി. ദേശീയ കുടുംബസഹായപദ്ധതിപ്രകാരം 30,000 രൂപയും 5 ബിസ്വ (570 ചതുരശ്രമീറ്റർ) ഭൂമിയും ഇതില്‍പ്പെടുന്നു. 5,00 കുടുംബങ്ങൾ മാത്രമുള്ള ഈ ഗ്രാമത്തിലേക്ക് പ്രാദേശിക നേതാക്കൾ ഇരച്ചെത്തി. അയാളുടെ ഭാര്യ പൊടുന്നനെ സംസ്ഥാന സര്‍ക്കാരിന്‍റെ 500 രൂപ അവശതാ പെന്‍ഷന് അര്‍ഹയായി.

കേള്‍വിത്തകരാറും,  ഭാഗികമായി അന്ധതയും,  ഇടതുകാലിനെ അപേക്ഷിച്ച് കുറിയ വലതുകാലുമുള്ള ഉഷയ്ക്ക് നടന്ന സംഭവങ്ങളെല്ലാം നേരിയ തോതില്‍ ഓര്‍മ്മയുണ്ട്. ഒരു വലിയ ഉദ്യോഗസ്ഥന്റെ കാൽക്കൽ വീഴേണ്ടിവന്നതും അവർ മറന്നിട്ടില്ല. “എന്തെങ്കിലും സഹായം ചെയ്യണേ”,  എന്ന് അയാളോട് പറഞ്ഞതവര്‍ക്ക് ഓര്‍മ്മയുണ്ട്.

Usha Devi sitting on a cot outdoors
PHOTO • Puja Awasthi
Bhootani Devi (Dharmendra’s sister-in-law) in front of the locked door of Dharmendra’s house in the village of Dharauta
PHOTO • Puja Awasthi

റേഷൻ കാർഡ് കിട്ടാതെ പട്ടിണികിടന്ന് ഉഷാ ദേവിയുടെ ( ഇടത്ത് ) ഭർത്താവ് മരിച്ചു . ഒരു കാർഡ് സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അവരുടെ നാത്തൂൻ ഭൂതാനി ദേവി ( വലത്ത് ) പറയുന്നു

അവരുടെ വീട്ടിൽ പരിശോധനയ്ക്ക് വന്നത് തഹസില്‍ദാർ രാംകുമാർ വര്‍മ്മയായിരുന്നു ഉഷയുടെ ദയനീയമായ അപേക്ഷ കേട്ട് തന്‍റെ പോക്കറ്റിൽനിന്ന് ഒരു 1,000 രൂപ നോട്ട് തപ്പിയെടുത്ത് അവരുടെ കൈകളിൽ അദ്ദേഹം ഏല്‍പ്പിച്ചു. തൊട്ടുപിന്നാലെ,  പട്ടിണിയും തളര്‍ച്ചയും കാരണം ഉഷ ബോധംകെട്ട് വീഴുകയുമുണ്ടായി. ആ വീട്ടില്‍നിന്ന് ഒരു തരി ധാന്യംപോലും കണ്ടെത്താനായില്ലെന്ന് അദേഹത്തെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക പത്രങ്ങളെഴുതി.

സരോണ്‍ തഹ്സിലിലെ (ധരൗത സ്ഥിതി ചെയ്യുന്നിടം) ഇപ്പോഴത്തെ റവന്യൂ ഉദ്യോഗസ്ഥൻ പഞ്ചം ലാലിനെ സംബന്ധിച്ചിടത്തോളം ഈ സംഭവം ഭരണകൂടത്തിന്‍റെ ദ്രുതഗതിയിലുള്ള നടപടികളുടെ തെളിവാണ്. “ദൗര്‍ഭാഗ്യകരമായൊരു സംഭവമായിരുന്നു അത്”, അയാള്‍ പറയുന്നു. ഒരു റേഷന്‍ കാര്‍ഡ് ആധാർ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് വളരെ ലളിതമായ ഒരു പ്രക്രിയയാണെന്നാണ് അയാള്‍ വിശ്വസിക്കുന്നത്. “ആളുകള്‍ക്കിതെല്ലാം ഓണ്‍ലൈനിൽ ചെയ്യാൻ പറ്റും. 50 രൂപയ്ക്ക് ഗ്രാമത്തിലെ കടകളിൽ ഇത് ചെയ്തുകൊടുക്കാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യാൻ ഇച്ഛാശക്തിയും വേണമെന്നുമാത്രം.  15 ദിവസംകൊണ്ട് അയാളുടെ ഭാര്യയ്ക്ക് ഞങ്ങൾ അന്ത്യോദയ കാര്‍ഡ് അനുവദിച്ചില്ലേ?”,  അയാള്‍ ചോദിക്കുന്നു.

ആധാര്‍ കാര്‍ഡ് വഴിയുള്ള റേഷൻ കാര്‍ഡ് പരിശോധന തിരിച്ചറിയൽ പ്രക്രിയയിലെ വലിയ മുന്നേറ്റമായാണ് എടുത്തുകാണിക്കപ്പെടുന്നത്. സര്‍ക്കാരിന്‍റെതന്നെ കണക്കുകൾ പരിശോധിച്ചാൽ അഞ്ചിൽ നാല് റേഷൻ കാര്‍ഡുകളും ദേശീയ ഭക്ഷ്യസുരക്ഷാനിയമപ്രകാരം ആധാർ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്.

ആധാര്‍ കാര്‍ഡ് കൈവശമുള്ളതിനാൽ, തത്ത്വത്തിൽ, ധര്‍മ്മേന്ദ്രയ്ക്ക് റേഷൻ കാര്‍ഡ് കിട്ടാൻ എളുപ്പമായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യത്തിൽ, ധര്‍മ്മേന്ദ്ര റാം ഉള്‍പ്പെടുന്ന സമൂഹത്തിന് ഈ രേഖകൾ കിട്ടാനായി സമര്‍പ്പിക്കേണ്ട അപേക്ഷകൾ പൂരിപ്പിക്കുന്നതുപോലും സങ്കീര്‍ണ്ണമായൊരു പ്രക്രിയയാണ്. ഇതിനൊക്കെ സഹായം നേടുകയെന്നത് അത്ര എളുപ്പമല്ല. “ഇത് ഞങ്ങളുടെ വകുപ്പല്ല' എന്ന ഔദ്യോഗികമായ മറുപടിയാണ് അവർക്ക് ലഭിക്കുന്നത്.

Usha makes cow dung cakes at her brother Lalji Ram's home in Dandopur
PHOTO • Puja Awasthi
Usha Devi (Dharmendra’s wife, in centre) with her brother Lalji Ram and mother Chutki Devi in the village of Dandopur
PHOTO • Puja Awasthi

ചാണകവരളികൾ ഉണ്ടാക്കുന്ന ഉഷാ ദേവി (ഇടത്ത്); തന്റെ സഹോദരൻ ലാൽജി റാമിന്റെ (വലത്ത്) ദന്‍ഡൂപൂരിലെ വീട്ടിലാണ് അവര്‍ അധിക സമയവും  കഴിയുന്നത്

“എന്‍റെ ഭര്‍ത്താവ് അവനെ എൻറോൾ ചെയ്യിക്കാൻ മോട്ടോർ സൈക്കിളിൽ കൊണ്ടുപോയതാണ്. റേഷന്‍ കാര്‍ഡിന്‍റെ ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ്, പഞ്ചായത്ത് പ്രസിഡന്റിനല്ല”, ധരൗത ഗ്രാമത്തിലെ പഞ്ചായത്ത് മേധാവിയായ തീജ ദേവി പറയുന്നു.

നാട്ടുകാര്‍ അലസനെന്നും ആശ്രദ്ധാലുവെന്നും വിളിക്കുന്ന നിരക്ഷരനായ ധര്‍മ്മേന്ദ്രയ്ക്ക് ഈ നൂലാമാലകൾ അഴിച്ചെടുക്കാൻ കഴിയുമായിരുന്നില്ല. ആദ്യമായി അവതരിപ്പിക്കപ്പെട്ട 2009 മുതലിങ്ങോട്ട്, ഒട്ടനവധി സര്‍ക്കാർ സേവനങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ആധാർ കാർഡിനെപ്പറ്റി, ആ കാർഡ് കൈവശമുള്ളവർക്കുപോലും പൂർണ്ണധാരണയില്ല.

അങ്ങിനെയൊരാളാണ് ധര്‍മ്മേന്ദ്രയുടെ മൂത്ത സഹോദരൻ നാനെയുടെ ഭാര്യ ഭൂതാനി. അവർ പറയുന്നു,  “സര്‍ക്കാർ കാര്‍ഡ് ഒരു നല്ല കാര്യമാണ്. എന്റെ കൈയ്യിലും ഉണ്ട് ആ കാർഡ്. പക്ഷേ അതേപ്പറ്റി എനിക്ക് അധികമൊന്നും അറിയില്ല. ഒരുപാട് പേപ്പറുകള്‍ അതിനൊക്കെ ആവശ്യമാണ്. ഞങ്ങളുടെ പരിധിയ്ക്കനുസരിച്ച് ധര്‍മ്മേന്ദ്രയെ സഹായിക്കാൻ ഞങ്ങളും ശ്രമിച്ചിട്ടുണ്ട്.”

കല്യാണാഘോഷങ്ങളിൽ നൃത്തം ചെയ്യുന്നതാണ് ധര്‍മ്മേന്ദ്രയുടെ ഏക വരുമാനമാര്‍ഗം. വല്ലപ്പോഴുമൊരിക്കൽ കിട്ടുന്ന ആ ജോലിയിൽനിന്നും കൂടിയാല്‍ 500 രൂപ മാത്രമേ ഒരു രാത്രിയിലെ നൃത്തത്തിന് അയാള്‍ക്ക് കിട്ടിയിരുന്നുള്ളൂ,  പിതൃസ്വത്തായ ഒരു തുണ്ട് ഭൂമി സഹോദരൻ നാനെയ്ക്കും അയാള്‍ക്കുമായി വീതം കിട്ടിയിരുന്നു. അതില്‍ ധര്‍മ്മേന്ദ്രയ്ക്ക് ഭാഗമായി കിട്ടിയത്, വിളവൊന്നും അധികം കിട്ടാത്ത ഒരു പാറ പ്രദേശമായിരുന്നു. അയാള്‍ വഴിപോക്കരോട് സഹായം അഭ്യര്‍ത്ഥിച്ച് കഴിഞ്ഞു. ഉഷയാകട്ടെ, ഭക്ഷണത്തിനായി വീടുകളിൽ യാചിക്കുകയും ചെയ്യും. ചിലപ്പോള്‍ ചിലർ ബാക്കി വന്ന ഭക്ഷണം അവളെ വിളിച്ച് കൊടുക്കും. “എനിക്കു നാണക്കേട് തോന്നിയിട്ടില്ല” , തന്‍റെ 12 വര്‍ഷത്തെ ദാമ്പത്യത്തിലൊരിക്കലും സ‌മൃദ്ധമായി ഭക്ഷണം കഴിച്ചതായി അവളുടെ ഓർമ്മയിലില്ല. “ചിലപ്പോൾ കൈയ്യിൽ എന്തെങ്കിലും കാശ് തടയുമ്പോൾ, ഞങ്ങള്‍ തക്കാളിയും കിഴങ്ങും വാങ്ങാറുണ്ടായിരുന്നു',  അവര്‍ പറയുന്നു.

Sunita Raj, neighbour of Dharmendra in front of her home in the village of Dharauta (Allahabad)
PHOTO • Puja Awasthi
Ram Asrey Gautam (Dharmendra’s neighbour) at a tea shop in the village of Dharauta
PHOTO • Puja Awasthi

ബാക്കിവന്ന ആഹാരം ഉഷയുടെ കുടുംബത്തിന് കൊടുക്കാറുണ്ടായിരുന്നു സുനിത രാജ് (ഇടത്ത്). അത്രമാത്രമേ അവർക്ക് കഴിയുമായിരുന്നുള്ളൂ. ധർമ്മേന്ദ്രയുടെ മരണത്തിന് ഗ്രാമത്തിലേക്ക് സര്‍ക്കാർ ഉദ്യോഗസ്ഥരെ കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് റാം ഗൌതം (വലത്ത്) പറയുന്നു

ഒരു മനുഷ്യന്‍ തങ്ങൾക്കിടയിൽ പട്ടിണി കിടന്ന് മരിച്ചു എന്ന യാഥാര്‍ഥ്യം ഇപ്പൊഴും സമ്മിശ്രമായ വികാരങ്ങളാണ് ധരൗതയിലെ ജനങ്ങളില്‍ ഉണ്ടാക്കുന്നത്. ധര്‍മ്മേന്ദ്രയുടെ വീടിന് കുറുകെ റോഡിനപ്പുറത്താണ് 50 വയസ്സുള്ള സുനിത രാജിന്‍റെ വീട്. ഉഷയ്ക്ക് ഇടയ്ക്കിടയ്ക്ക് ഭക്ഷണം നൽകിയിരുന്നവരിൽ ഒരാളാണ് അവര്‍. എപ്പോഴും അത് സാധിക്കില്ല എന്നവര്‍ പറയുന്നു. '”നിങ്ങൾ ഞങ്ങളുടെ വീട് നോക്കൂ. ഇവിടെ ഒന്നുമില്ല. ഈ കാണുന്ന നാല് പുറംചുമരുകൾ മാത്രം. അസുഖബാധിതനായി അഞ്ചുവർഷം കിടന്നാണ് എന്‍റെ ഭർത്താവ് മരിച്ചുപോയത്. ആ അഞ്ചുവർഷത്തിനുള്ളിൽ ഞങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടമായി. ഇപ്പോള്‍ എന്‍റെ ഒരേയൊരു മകന് തൊഴിലൊന്നും ആയിട്ടുമില്ല. ആര്‍ക്കറിയാം ചിലപ്പോള്‍ ഞാനും പട്ടിണി കിടന്നായിരിക്കും മരിക്കുക” , അവര്‍ പറയുന്നു. അധാര്‍ കാര്‍ഡിൽ നാട്ടിലെ മേൽവിലാസം ഇല്ലാത്തതിനാൽ കുടുംബത്തിന്റെ റേഷൻ കാര്‍ഡിൽ തന്‍റെ പേർ ചേര്‍ക്കാൻ കഴിഞ്ഞില്ല. അതായിരുന്നു അവരുടെ ഭയത്തിന്‍റെ ആധാരം.  “ഭര്‍ത്താവ് പുണെയിൽ കൂലിവേല ചെയ്തിരുന്നപ്പോൾ അവിടുത്തെ മേൽ‌വിലാസമാണ് ഞങ്ങളുടെ ആധാറിലുണ്ടായിരുന്നത്. മരുന്നൊക്കെ കിട്ടാന്‍ എളുപ്പമായിരിക്കും എന്ന് കേട്ടാണ് അങ്ങനെ ചെയ്തത്,  എല്ലാം വെറുതെയായി”,  ദേഷ്യത്തോടെ അവർ തോള്‍ വെട്ടിച്ചു.

ഇത്രയുംകാലം നടക്കാത്തത് ധർമ്മേന്ദ്രയുടെ മരണംകൊണ്ട് നടന്നുവെന്നാണ് 66 വയസ്സുള്ള റാം ആശ്രയ് ഗൗതം  എന്ന അയല്‍ക്കാരൻ പറയുന്നത്. “ഇന്നേവരെ ഒരു ഉദ്യോഗസ്ഥനും ഞങ്ങളുടെ ഗ്രാമത്തിൽ താല്പര്യം കാണിച്ചിരുന്നില്ല. ഇതാ ഇപ്പോൾ പെട്ടെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടും, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും  തഹസില്‍ദാറുമൊക്കെ ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഗ്രാമം അനുഗ്രഹിക്കപ്പെട്ടുവെന്ന് പറഞ്ഞാല്‍ മതിയല്ലോ“.

ധര്‍മ്മേന്ദ്രയുടെ മരണശേഷം ഭൂരിഭാഗം സമയവും തന്‍റെ സഹോദരൻ ലാല്‍ജി റാമിന്‍റെ ദന്‍ഡൂപൂരിലെ (ധരൗതയില്‍ നിന്നും 19 കി മീ അകലെ) വീട്ടിലാണ് ഉഷ സമയം ചെലവഴിക്കുന്നത്. “ജീവിച്ചിരുന്നപ്പോൾ ധര്‍മ്മേന്ദ്രയെ ഗ്രാമീണരാരും സഹായിച്ചിട്ടില്ല. ഇപ്പോള്‍ ഇവള്‍ക്ക് ഫലഭൂയിഷ്ഠമായ  570 ചതുരശ്ര ഭൂമി കിട്ടിയതിൽ അവര്‍ക്കൊക്കെ അസൂയയാണ്. അവള്‍ മാനസികമായി ദുർബ്ബലയായതിനാൽ ഞാനാണ് അവളുടെ കാര്യമൊക്കെ നോക്കിനടത്തുന്നത് “, നാല് കുട്ടികളുടെ അച്ഛനായ ലാല്‍ജി റാം പറയുന്നു.

ഉഷയെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയും സാമ്പത്തിക സഹായങ്ങളുമൊക്കെ കേവലം വിശദാംശങ്ങള്‍ മാത്രമാണ്. ”ഒരു റേഷൻ കാർഡ് കിട്ടാത്തതുമൂലമാണ് എന്‍റെ ഭര്‍ത്താവിന് പട്ടിണി കിടന്ന് മരിക്കേണ്ടിവന്നത്.  ഈ പണവും ഭൂമിയുമൊന്നും അദ്ദേഹത്തിന്റെ ജീവനേക്കാൾ വിലപ്പെട്ടതല്ലല്ലോ” , അവര്‍ പറയുന്നു.

പരിഭാഷ: ശ്രീജിത് സുഗതന്‍

Puja Awasthi

Puja Awasthi is a freelance print and online journalist, and an aspiring photographer based in Lucknow. She loves yoga, travelling and all things handmade.

Other stories by Puja Awasthi
Translator : Sreejith Sugathan

Sreejith Sugathan is a post graduate in Mass communication and journalism from Thunchathezhuthachan Malayalam University, Tirur, Kerala. Currently he is working as the Head of the Content Creation Team of an edTech platform called Wise Talkies.

Other stories by Sreejith Sugathan