“ഞങ്ങളുടെ മുതിര്‍ന്നവര്‍ വളരെ പണ്ട് മുതലേ ബാന്‍സ് ഗീതങ്ങള്‍ പാടുന്നു”, മധ്യ ഛത്തീസ്‌ഗഢിലെ ഭിലായി നഗരത്തില് നടക്കുന്ന നാടോടി ഗായകരുടെ വാര്‍ഷിക മേളയില്‍വെച്ചു കണ്ടപ്പോള് പഞ്ച്റാം യാദവ് പറഞ്ഞു.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെയ് മാസത്തില് ഇത്തരത്തിലൊരു മേളപ്പറമ്പിലൂടെ അലഞ്ഞു നടക്കുമ്പോഴാണ് ആഴത്തിൽ മാറ്റൊലി കൊളളുന്ന ഗീതിന്‍റെ  ശബ്ദങ്ങള് എന്നിലേക്ക് ആദ്യമായെത്തിയത്. മൂന്ന് പേര്‍ ചേര്‍ന്ന്  ബാന്‍സ് ബാജാ എന്ന നീളമേറിയ, വര്‍ണ്ണാഭമായ, കുഴൽ ആകൃതിയിൽ തടികൊണ്ടുള്ള സുഷിര വാദ്യം വായിക്കുകയായിരുന്നു. ഛത്തീസ്‌ഗഢിലെ ദുര്‍ഗ് (ഭിലായി അവിടെ സ്ഥിതിചെയ്യുന്നു), ബാലോദ്, ധംതരി, ഗരിയാബന്ദ്, കാങ്കേര്‍, മഹാസമുന്ദ് എന്നീ ജില്ലകളില് കണ്ടു വരുന്ന യാദവരിലെ ഒ.ബി.സി. ഉപജാതിയായ റാഉത് പുരുഷന്മാരായിരുന്നു ആ കലാകാരന്മാര്‍.

അറുപതുകളുടെയും അൻപതുകളുടെയും അവസാനത്തിലെത്തിയ ആ മൂന്ന് കലാകാരന്മാര് വാദ്യം വായിക്കുമ്പോള് അതിന് അകമ്പടിയായി, അതിനു തുല്യമായ രീതിയില്‍, ഒപ്പമുള്ള ഗായകര് കൃഷ്ണന്‍റെയും മറ്റ് ഐതിഹാസികരായ ഗോപാലകരുടെയും കീര്‍ത്തനങ്ങള്‍ ആഖ്യാനിക്കുകയും ആലപിക്കുകയും ചെയ്തു.

ഗോപാലകരുടെ പരമ്പരാഗത ബാന്‍സ് ബാജാ ഉപകരണത്തിന് 4 മുതല് 5 അടിവരെ നീളമുണ്ട്. പ്രദേശത്തെ ആശാരിമാരുടെ സഹായത്തോടെ യോജിച്ച മുള കണ്ടെത്തി, അതിന് നാല് സുഷിരങ്ങളിട്ട ശേഷം കമ്പിളി പൂക്കളും വര്‍ണ്ണാഭമായ തുണിക്കഷണങ്ങളും കൊണ്ട് അലങ്കരിച്ചാണ് കലാകാരന്മാര്‍ (ഗോത്രത്തിലെ ആണുങ്ങള്‍ക്ക് മാത്രമെ വാദ്യമുപയോഗിക്കാന് അനുവാദമുള്ളൂ) ഈ വാദ്യോപകരണം നിര്‍മ്മിക്കുന്നത്.

വീഡിയോ കാണുക – ബാന്‍സ് ഗീതവും ബാജയും: ഛത്തീസ്‌ഗഢിലെ ഗോപാലകരുടെ ഈണത്തില്‍

സാമ്പ്രദായിക രീതിയിലുള്ള അവതരണത്തില് രണ്ട് ബാന്‍സ് ബാജാ വാദകരോടൊപ്പം ഒരു കഥാകാരന് അല്ലെങ്കില് ആഖ്യായകനും ഒരു രാഗിയുമുണ്ടാവും. ആഖ്യാതാവ് ഗീതങ്ങള് പറയുകയും പാടുകയും ചെയ്യുമ്പോള്, രാഗി വാക്കുകളും ചൊല്ലുകളും കൊണ്ട് സംഗീതജ്ഞർക്കും ആഖ്യാതാവിനും പ്രോത്സാഹനം നല്കുന്നു. സരസ്വതി, ഭൈരവന്, മഹാമായ, ഗണേശന് തുടങ്ങിയ ദേവി ദേവന്മാരെ സ്തുതിച്ചതിന് ശേഷമാണ് കഥപറച്ചിലിലേക്കും അവതരണത്തിലെക്കും കടക്കുന്നത്. തിരഞ്ഞെടുത്തിരിക്കുന്ന കഥയെ ആശ്രയിച്ച് അവതരണം അരമണിക്കൂര് മുതല് മൂന്ന് മണിക്കൂര് വരെ നീളാറുണ്ട്. പരമ്പരാഗത പ്രകടനങ്ങളാണെങ്കില്‍ രാത്രി മുഴുവനും കാണാനും മതി.

ബാലോദ് ജില്ലയിലെ ഗുണ്ഡര്‍ദേഹി ബ്ലോക്കിലെ സിര്രി ഗ്രാമത്തില് നിന്നുള്ള പഞ്ച്റാം യാദവ് ബാന്‍സ് ബാജാ സംഘത്തിനൊപ്പം വളരെക്കാലമായി സഞ്ചരിക്കുന്നു. “ഞങ്ങൾക്ക് പാരമ്പര്യത്തെ സംരക്ഷിക്കുകയും പുത്തന് തലമുറയ്ക്ക് അത് പരിചയപ്പെടുത്തുകയും വേണം”, അദ്ദേഹം പറയുന്നു. എന്നാല് തന്‍റെ വിഭാഗത്തിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക്  ഇത്തരം പുരാവൃത്തങ്ങളില് താല്പര്യമില്ലെന്നും കുറെ പ്രായം ചെന്നവര്‍ ചേര്‍ന്നാണ് ഈ സംഗീതത്തെ ഇന്ന് ജീവനോടെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കിതൊന്നും ഇഷ്ടമല്ല”, അയല് ഗ്രാമമായ കനകോടിലെ സഹദേവ് യാദവ് പറഞ്ഞു. “ഈ പുരാതന ഛത്തീസ്‌ഗഢി ഗാനങ്ങളെക്കാള് അവര്‍ക്കിഷ്ടം സിനിമ പാട്ടുകളാണ്. പണ്ട് കാലത്ത് ബാന്‍സ ഗീതത്തില് സന്ദര്‍ഭത്തിനനുസരിച്ച് ദാദരിയയും കര്‍മ്മയും മറ്റ് പലതരം പാട്ടുകളും ഞങ്ങള്‍ പാടുമായിരുന്നു. അതുപോലെ, പാടാനുള്ള ക്ഷണം കിട്ടി ഞങ്ങള് പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. പുത്തന് തലമുറയ്ക്ക് ഇതിലൊന്നും വല്യ താല്‍പര്യമില്ലാത്തതുകൊണ്ട് ഇപ്പോള് ക്ഷണം കുറവാണ്. ഈ സംഗീതം ടെലിവിഷന് വഴിയൊക്കെ പ്രചരിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കാന്‍ കാരണമിതാണ്.

ചിലപ്പോഴൊക്കെ തുച്ഛമായ പ്രതിഫലത്തിന് സാംസ്കാരിക ഉത്സവങ്ങള്‍ക്കോ  യാദവ സമാജത്തിന്‍റെ പരിപാടികള്‍ക്കോ  പങ്കെടുക്കാനായി സര്‍ക്കാര്‍ ഈ ട്രൂപ്പിനെ സമീപിക്കാറുണ്ട്. ഒരു ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ ബാജയെയോ ഗീതത്തേയോ ആശ്രയിക്കാന് കഴിയില്ല. സംഗീതജ്ഞരില് ചിലര്‍ക്ക്  സ്വന്തമായ ചെറിയ നിലങ്ങളുണ്ടെങ്കിലും ഭൂരിഭാഗം പേരും കാലികളെ മേയ്ച്ചാണ് ജീവിക്കുന്നത്. ”ആരെങ്കിലും ക്ഷണിച്ചാല്‍ ഞങ്ങള് അവിടെ പോകും, കാരണം ബാന്‍സ ഗീതം ഞങ്ങളുടെ പൈതൃകമാണ്. ഞങ്ങള് ഒരിക്കലും ഈ പാട്ട് നിര്‍ത്തില്ല,” പഞ്ച്റാം പറഞ്ഞുനിര്‍ത്തി.

Left: Baans vaadak Babulal Yadav. Right: Babulal Yadav (middle) and Sahadev Yadav (right), who says, 'Now we get rarely any invitations'
PHOTO • Purusottam Thakur
Left: Baans vaadak Babulal Yadav. Right: Babulal Yadav (middle) and Sahadev Yadav (right), who says, 'Now we get rarely any invitations'
PHOTO • Purusottam Thakur

ഇടത്: ബാന്‍സ് വാദകനായ ബാബുലാല്‍ യാദവ്. വലത്: ബാബുലാല്‍ യാദവും (മധ്യത്തില്‍) സഹദേവ് യാദവും (വലത്). ‘ഇപ്പോള്‍ അപൂര്‍വമായേ ഞങ്ങള്‍ക്ക് ക്ഷണം ലഭിക്കാറുള്ളൂ’, അവര്‍ പറയുന്നു

പരിഭാഷ: ശ്രീജിത് സുഗതന്‍

Purusottam Thakur

Purusottam Thakur is a 2015 PARI Fellow. He is a journalist and documentary filmmaker and is working with the Azim Premji Foundation, writing stories for social change.

Other stories by Purusottam Thakur
Translator : Sreejith Sugathan

Sreejith Sugathan is a post graduate in Mass communication and journalism from Thunchathezhuthachan Malayalam University, Tirur, Kerala. Currently he is working as the Head of the Content Creation Team of an edTech platform called Wise Talkies.

Other stories by Sreejith Sugathan