“രാത്രി പെട്ടെന്ന് തീരാനാണ് എന്‍റെ പാര്‍ത്ഥന. ഗ്രാമത്തിലിപ്പോള്‍ അധികം ആള്‍പ്പെരുമാറ്റമില്ലാത്തതിനാൽ പാമ്പുകൾ ചുറ്റിനടക്കുകയാണ്,” കവള ശ്രീദേവി പറയുന്നു. 2016 മേയിൽ ഗ്രാമത്തിലേക്കുള്ള വൈദ്യുതിബന്ധം സർക്കാർ വിച്ഛേദിച്ചതിൽ‌പ്പിന്നെ അവളും കുടുംബവും കൂരിരുട്ടിലാണ് രാത്രികള്‍ തള്ളിനീക്കുന്നത്.

പശ്ചിമ ഗോദാവരി ജില്ലയിലെ പോളവാരം മണ്ഡലത്തിലെ ഗോദാവരി നദിയോട് ചേർന്നുകിടക്കുന്ന പൈഡിപാകയിൽ താമസം തുടരാൻ തീരുമാനിച്ച 10 കുടുംബങ്ങളിലൊന്നാണ് ശ്രീദേവിയുടേത്. 2016 ജൂണിൽ ജലസേചനപദ്ധതിയ്ക്കായി ഭൂമി സർക്കാർ ഏറ്റെടുത്തതോടെ 429 കുടുംബങ്ങള്‍ ഒഴിഞ്ഞുപോകാൻ നിര്‍ബന്ധിതരായി. 2004-ൽ, ജലയജ്ഞം എന്ന പേരില്‍ ഉദ്ഘാടനം ചെയ്ത പദ്ധതി 2018-ൽ പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ 60 ശതമാനം മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

“വൈദ്യുതിബന്ധം വിച്ഛേദിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ അവർ ഞങ്ങളുടെ കുടിവെള്ളവും നിര്‍ത്തലാക്കി,” തന്‍റെ ഭര്‍ത്താവ് സൂര്യചന്ദ്രത്തിനൊപ്പം, ഓട്ടോറിക്ഷയില്‍, 8 കി.മീ അപ്പുറമുള്ള പോളവാരം ടൌണില്‍നിന്ന് 20 രൂപയ്ക്ക് 20 ലിറ്റർ വെള്ളം വാങ്ങുകയാണ് ഇപ്പോൾ ശ്രീദേവി.

ഒഴിഞ്ഞുപോയ മറ്റ് കുടുംബങ്ങള്‍ക്കൊപ്പം, ഗോപാലപുരം മണ്ഡലത്തിലെ ഹുക്കുംപേട്ട പുനരധിവാസ കോളനിയിലേക്ക് കുറച്ചുകാലം ഈ ദമ്പതികളും മാറിത്താമസിച്ചിരുന്നു. പക്ഷേ ഒരു മാസത്തിനുള്ളില്‍ അവർ പൈഡിപാകയിലേക്ക് തിരികെയെത്തി. “ഞങ്ങള്‍ ഉദ്യോഗസ്ഥരെ വിശ്വസിച്ചു. സര്‍ക്കാർ അവരുടെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന പ്രതീക്ഷ നശിച്ചപ്പോഴാണ് ഞങ്ങള്‍ക്ക് തിരികെ വരേണ്ടിവന്നത്,” കണ്ണുനീർ കടിച്ചമര്‍ത്തി ശ്രീദേവി പറയുന്നു.

Houses demolished in Pydipaka in May – June 2016
PHOTO • Rahul Maganti

2016 ല്‍ പൈഡിപാകയിലെ ഭൂരിഭാഗം കുടുംബങ്ങളെയും അപര്യാപത്മായ പുനരിധിവാസ കോളനികളിലേക്ക് നിർബന്ധിതമായി മാറ്റിപ്പാർപ്പിച്ചു; അവർ തിരികെ വരാതിരിക്കാനായി അവരുടെ വീടുകൾ പൊളിച്ചുമാറ്റുകയും ചെയ്തു

എല്ലാ കുടുംബങ്ങളെയും നാല് കോളനികളിലേക്കായാണ് മാറ്റിയത് – പോളവാരം, ഹുക്കുംപേട്ട ഗ്രാമങ്ങളിലുള്ള ഓരോ കോളണികളിലേക്കും പൈഡിപാകയില്‍നിന്നും 10 - 65 കി.മീ അകലെയുള്ള ജങ്കറെഡ്ഡിഗുഡം മണ്ഡലത്തിലെ രണ്ടെണ്ണത്തിലേക്കും. സര്‍ക്കാർ അവര്‍ക്ക് പല ഉറപ്പുകളും നല്‍കിയിരുന്നു– പൈഡിപാകയിൽ അവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നതിന് തത്തുല്യമായ ഭൂമി, ഭൂമിയില്ലാതിരുന്ന കുടുംബങ്ങള്‍ക്ക് 2 ഏക്കർവരെ ഭൂമി, കുടുംബത്തിലൊരാള്‍ക്ക് ജോലി, പണി തീർത്ത നല്ല വീട്, ഒറ്റത്തവണ തീര്‍പ്പാക്കൽ പദ്ധതിപ്രകാരം 6.8 ലക്ഷം രൂപ, കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണങ്ങള്‍ക്കും മരങ്ങള്‍ക്കും കന്നുകാലികള്‍ക്കും നഷ്ടപരിഹാരം തുടങ്ങിയ വാഗ്ദാനങ്ങൾ. ഈ നടപടികളൊക്കെത്തന്നെ 2013-ലെ ലാന്‍ഡ് അക്വിസിഷൻ റീസെറ്റില്‍മെന്‍റ് & റീഹാബിലിറ്റേഷൻ (LARR) നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷേ രണ്ടുവര്‍ഷത്തിന് ശേഷവും സര്‍ക്കാർ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. (ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ഈ പരമ്പരയിലെ അടുത്ത ലേഖനത്തില്‍ പ്രസിദ്ധീകരിക്കും)

ശ്രീദേവിയും സൂര്യചന്ദ്രവും ദളിതരാണ്. പൈഡിപാകയില്‍ 100 - 300 രൂപ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന കര്‍ഷകത്തൊഴിലാളികളായ അവര്‍ക്ക് സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല. “എനിക്കിപ്പോള്‍ പണിയില്ല. പോളവാരം ടൌണില്‍ ഓട്ടോ ഓടിച്ച് ഭര്‍ത്താവ് ദിവസവും സമ്പാദിക്കുന്ന 300 രൂപയിലാണ് കുടുംബം പുലരുന്നത്,” ശ്രീദേവി പറയുന്നു. ലോണെടുത്തും സ്വകാര്യ പണമിടപാടുകാരിൽനിന്ന് 36 ശതമാനം പലിശയ്ക്ക് കടമെടുത്തുമാണ് ഒരു ലക്ഷം രൂപയ്ക്ക് സൂര്യചന്ദ്രം ഓട്ടോറിക്ഷ വാങ്ങിച്ചത്.

ഒരു ദിവസം ഉച്ചതിരിഞ്ഞ് അവരുടെ വീട് സന്ദര്‍ശിച്ചപ്പോൾ, വളര്‍ത്തുപട്ടി സ്നൂപ്പിയുമായി കളിക്കുകയായിരുന്നു അവരുടെ മൂന്ന് മക്കള്‍ - 6 വയസ്സുള്ള സ്മൈലിയും 8 വയസ്സുള്ള പ്രശാന്തും 10 വയസ്സുള്ള ഭരതും. പോളവാരം പദ്ധതി തങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്ന ചിന്തകളേതുമില്ലാതെ. “രണ്ടുവര്‍ഷം മുമ്പുവരെ എനിക്ക് ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു,” ഭരത് പറയുന്നു. “അവരെല്ലാം പുതിയ കോളനികളിലേക്ക് പോയി.” അവനും സഹോദരങ്ങളും മാത്രമാണ് ഇപ്പോള്‍ ഗ്രാമത്തിൽ അവശേഷിക്കുന്ന കുട്ടികൾ. രണ്ടുവര്‍ഷം മുന്‍പ് പദ്ധതി അധികൃതർ സ്കൂൾ അടച്ചുപൂട്ടുകയും പൊളിച്ചുമാറ്റുകയും ചെയ്തപ്പോള്‍ ഇവരുടെ വിദ്യാഭ്യാസം മുടങ്ങി. പോളവാരം ടൌണിലെ സ്കൂളിലയച്ച് പഠിപ്പിക്കാനുള്ള ശേഷി അവരുടെ മാതാപിതാക്കൾക്കില്ല.

ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളും പൊളിച്ചുമാറ്റിയത്, പുനരധിവാസ കോളനിയിലെ ജീവിതം മടുത്ത് തിരികെ വരാൻ താത്പര്യപ്പെട്ട കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കി. ഗ്രാമത്തിന്‍റെ അങ്ങേയറ്റത്ത്, ദളിത് ബസ്തിയിലായതുകൊണ്ട് മാത്രമാണ് ശ്രീദേവിയുടെ വീട് ഭാഗ്യത്തിന് രക്ഷപ്പെട്ടത്.

Prashanth, Smiley and Bharath (Left to Right) in front of their house along with their pet, Snoopy
PHOTO • Rahul Maganti
The demolished school in Pydipaka
PHOTO • Rahul Maganti

പ്രശാന്ത്. സ്മൈലി, ഭരത് എന്നിവർ അവരുടെ വളർത്തുപട്ടി സ്നൂപ്പിയ്ക്കൊപ്പം. 2016-ൽ സ്കൂൾ കെട്ടിടം പൊളിച്ചതോടെ (വലത്ത്) അവര്‍ക്ക് പഠനം നിര്‍ത്തേണ്ടിവന്നു

ഏകദേശം 5,500-ഓളം ആളുകൾ താമസിക്കുന്ന ഗ്രാമമാണ് പൈഡിപാക. പദ്ധതിപ്രദേശത്തിനോട് ചേർന്നതായതിനാൽ, 2016-ൽ ആളുകൾക്ക് ഒഴിയേണ്ടിവന്ന ഏഴ് ഗ്രാമങ്ങളിലൊന്ന്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി അധികാരികള്‍ക്ക് ഈ പ്രദേശം ആവശ്യമായിരുന്നു. പോളവാരം മണ്ഡലത്തിലെ വടക്കു-പടിഞ്ഞാറ് ഭാഗത്തായി, ഗോദാവരി നദിയുടെ മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന 22 ഗ്രാമങ്ങളിലെയും ഊരുകളിലേയും 15,000-ത്തോളം ജനങ്ങളെയും അടുത്തുതന്നെ ഒഴിപ്പിക്കും. അവരുടെ വീടുകൾ വെള്ളത്തിനടിയിലാവുകയും ചെയ്യും.

ഇന്ദിര സാഗര്‍ മള്‍ട്ടിപര്‍പ്പസ് പ്രോജക്ട് എന്നറിയപ്പെടുന്ന പോളവാരം പദ്ധതി 3 ലക്ഷം ഹെക്ടറിൽ ജലസേചനം സാധ്യമാക്കുകയും 960 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും, 540 ഗ്രാമങ്ങൾക്ക് കുടിവെള്ളവും വ്യവസായങ്ങൾക്കാവശ്യമായ ജലവും നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക ആഘാതപഠനത്തിൽനിന്നുള്ള ഈ കണക്കുകൾ പക്ഷേ 2005 മേയിലെ സംസ്ഥാന സര്‍ക്കാറിന്‍റെതന്നെ ഉത്തരവ് നമ്പര്‍ 93-ൽനിന്നും, 2005 ഡിസംബറിൽ ഹൈദരാബാദിൽ നടന്ന സർവ്വകക്ഷിയോഗത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽനിന്നും വ്യത്യസ്തമാണ്.

പോളവാരം പദ്ധതി പൂര്‍ത്തിയാവുന്നതോടെ, ആന്ധ്രപ്രദേശിലെ 9 മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, ഗോദാവരിതീരത്തെ 462 ഗ്രാമങ്ങൾ അപ്രത്യക്ഷമാകും. ഭരണഘടനയുടെ അഞ്ചാം അനുബന്ധപ്രകാരം തങ്ങളുടെ ഭൂമിയും കാടുകളും സംസ്കാരവും കാത്തുസൂക്ഷിക്കാൻ പ്രത്യേക അവകാശമുള്ള കോയ, കൊണ്ടറെഡ്ഡി ആദിവാസി സമൂഹങ്ങൾക്ക് ഭൂരിപക്ഷമുള്ള ഗ്രാമങ്ങളാണിവ.

1.5 ലക്ഷം ആദിവാസികളും 50,000 ദളിതരും ഉള്‍പ്പടെ 3 ലക്ഷത്തിലധികം ആളുകള്‍ 10000 ഏക്കർ വനഭൂമിയിൽനിന്നും 121,975 ഏക്കർ വനേതരഭൂമിയിൽനിന്നും കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും എനിക്ക് വിവരാവകാശനിയമപ്രകാരം (RTI) ലഭിച്ച രേഖകള്‍ പറയുന്നത്. കനാലുകള്‍, കൈവഴികൾ, ടൌണ്‍ഷിപ്പുകൾ, ഹരിത ബെല്‍റ്റ് എന്നിവയ്ക്കായി 75,000 ഏക്കർ ഭൂമിയും ഏറ്റെടുക്കുന്നുണ്ട്.

A view of River Godavari from the verandah of Sridevi’s house
PHOTO • Rahul Maganti
Houses demolished in Pydipaka in May – June 2016
PHOTO • Rahul Maganti

പൈഡിപാകയിലെ ഭൂരിഭാഗം വീടുകളും പൊളിച്ചുമാറ്റിയപ്പോഴും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട  ദളിത് ബസ്തിയിലെ കവള  ശ്രീദേവിയുടെ വീടിന് (വലത്ത്) മുന്നിലൂടെയാണ് ഗോദാവരി ഒഴുകുന്നത്

ഇത്ര വലിയ കുടിയൊഴിക്കലായിട്ടുകൂടി, LIRR ആക്ട് നടപ്പിലാക്കിയിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. അതിനാലാണ് ശ്രീദേവിയുടേതടക്കം 10 കുടുംബങ്ങള്‍ പൈഡിപാകയിൽനിന്നും ഒഴിയാന്‍ വിസമ്മതിക്കുന്നത്. ദളിതരെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുകയാണെങ്കിൽ അവര്‍ക്ക് ഭൂമി നല്‍കണമെന്ന ആക്ടിലെ പ്രത്യേക വ്യവസ്ഥകൂടി ബാധകമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

നിലവില്‍ ഏതാനും കുടുംബങ്ങൾ മാത്രമേ  ഇവിടെ സമരവുമായി മുന്നോട്ട് പോകുന്നുള്ളൂവെങ്കിലും പലായനം ചെയ്ത പലരും ശക്തമായി പ്രതിഷേധിച്ചവരാണ്. എന്നാല്‍ പ്രതിഷേധിച്ചവർക്കുനേരെ സര്‍ക്കാരിന്‍റെ റെവന്യൂ – പോലീസ് സംവിധാനങ്ങൾ പ്രയോഗിച്ച സമ്മര്‍ദ്ദം ഭീകരമായിരുന്നു. വെള്ളവും വൈദ്യുതിയും മുടക്കിയത് പോരാഞ്ഞിട്ട് 2016-ലെ മഴക്കാലത്ത്, ഗ്രാമീണറോഡിലേക്കുള്ള പ്രവേശനത്തിന് തടസ്സമാകുന്ന തരത്തില്‍ തൊഴിലാളികളെക്കൊണ്ട് മണ്ണും ചെളിയും ഇടുവിച്ച് അധികൃതർ ഒരു ചതുപ്പുറോഡ് സൃഷ്ടിച്ചു. “മുട്ടറ്റം ചെളിയിലൂടെയാണ് ഞങ്ങൾ ഗ്രാമത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിച്ചിരുന്നത്,” ശ്രീദേവി പറയുന്നു.

കൊടിയ പീഡനങ്ങൾ സഹിക്കേണ്ടിവന്നുവെന്നാണ് സമരത്തിൽ പങ്കെടുത്തിരുന്ന ഗ്രാമവാസിയായ 42-കാരൻ ത്രിമൂര്‍ത്തലു ബോട്ട പറയുന്നത്. 2016 ജൂൺ 30-ന്, പദ്ധതി അധികാരികൾ തൊഴിലാളികളെക്കൊണ്ട് അയാളുടെ 2.5 ഏക്കർ വാഴത്തോട്ടത്തിൽ കല്ലും മണ്ണും ചെളിയും നിറച്ചു. “വിളവെടുപ്പിന് സമയമായിരുന്നതാണ്. ഒരു മാസം ഒന്ന് ക്ഷമിക്കാന്‍ ഞാൻ മണ്ഡല്‍ റെവന്യൂ ഓഫീസറോട് താണുകേണപേക്ഷിച്ചു...4 ലക്ഷം രൂപയുടെ വിളകളാണ് എനിക്കു നഷ്ടമായത്. ഗ്രാമത്തില്‍ മൊത്തത്തിൽ 75 ഏക്കർ വിളകൾ ആ ഒരൊറ്റ ദിവസം നശിപ്പിക്കപ്പെട്ടിട്ടുണ്ട്,” ത്രിമൂര്‍ത്തലു പറയുന്നു. അന്നുമുതല്‍ അയാൾ അകലെയുള്ള തെല്ലവാരം എന്ന കുഗ്രാമത്തില്‍ 250 രൂപ ദിവസക്കൂലിയ്ക്ക് കര്‍ഷകത്തൊഴിലാളിയായി പണിയെടുക്കുകയാണ്. പദ്ധതി വ്യാപിക്കുന്നതോടുകൂടി കുടിയൊഴിപ്പിക്കപ്പെടുന്ന 22 കുഗ്രാമങ്ങളിലൊന്നാണ് തെല്ലവാരം.

ത്രിമൂത്തലുവിന്‍റെ വീട്ടിലുണ്ടായിരുന്ന 10 എരുമകൾ, 20 ആടുകൾ, 40 ചെമ്മരിയാടുകള്‍, 100 കോഴികൾ എന്നിവയെ പരിപാലിച്ചിരുന്നത് അയാളുടെ 39-കാരി ഭാര്യ ബോട്ട ഭാനുവായിരുന്നു. അതിൽ ചില മൃഗങ്ങൾ മണ്ണിന്‍റെയും ചരലിന്‍റെയും കൂനകള്‍ക്കിടയിൽ‌പ്പെട്ട് ചതഞ്ഞരഞ്ഞു. അതിനൊന്നുമുള്ള നഷ്ടപരിഹാരം ഈ കുടുംബത്തിന് ലഭിച്ചിട്ടുമില്ല. പരിപാലിക്കാന്‍ ജോലിക്കാരാരും ബാക്കിയില്ലാത്തതിനാൽ മറ്റ് മൃഗങ്ങളെയൊക്കെയവർക്ക് വിൽക്കേണ്ടിയും വന്നു. “തൊഴുത്തിലെയും വീട്ടിലെയും പണികള്‍ക്കായി ഞങ്ങൾ 10 പേരെ ജോലിക്ക് നിര്‍ത്തിയിരുന്നു. എന്നാലിപ്പോൾ ഉപജീവനത്തിനായി മറ്റൊരാളുടെ പറമ്പിൽ പണിയെടുക്കുകയാണ് ഞങ്ങൾ,” ഭാനു പറയുന്നു.

Botta Trimurthulu showing the dump in his fields
PHOTO • Rahul Maganti
Botta Bhanu (right) and her daughter Sowjanya, who dropped out of Intermediate in 2016 when all the chaos was happening, in front of their house in Pydipaka
PHOTO • Rahul Maganti

ബോട്ട ത്രിമൂര്‍ത്തലു തന്‍റെ തോട്ടം നശിപ്പിച്ച ചരൽക്കൂനകൾ ചൂണ്ടികാണിക്കുന്നു. വലത്ത്: അയാളുടെ ഭാര്യ ബോട്ട ഭാനു (വലത്ത്), സ്കൂള്‍ പഠനം മുടങ്ങിയ, മകൾ സൌജന്യയ്ക്കൊപ്പം

2016 ഏപ്രിൽ - ജൂലൈ മാസങ്ങളിലെ സംഘർഷം നിറഞ്ഞ ആ ദിവസങ്ങളില്‍ തങ്ങളനുഭവിച്ച ഭീകരതയെപ്പറ്റി അവര്‍ വിവരിക്കുന്നു:  “എല്ലാ ദിവസവും ഒരു 40-50 പോലീസുകാർ വരും. കയ്യും കാലും കെട്ടി ജീപ്പിന്‍റെ പുറകിലിട്ട് കൊണ്ടുപോകുമെന്ന് അവർ നിരന്തരം ഭീഷണിപ്പെടുത്തും. ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ഇവിടം വിട്ടുപോകാൻ ആഗ്രഹമില്ലായിരുന്നു. പക്ഷേ, അവര്‍ക്ക് ഈ സമ്മര്‍ദ്ദം അധികകാലം താങ്ങാൻ കഴിഞ്ഞില്ല,” ഭാനു പറയുന്നു.

ഈ വിഷയങ്ങളെപ്പറ്റിയുള്ള എന്‍റെ ചോദ്യങ്ങള്‍ക്ക് പോളവാരം സര്‍ക്കിൾ ഇന്‍സ്പെക്ടർ, ബാലരാജു തന്ന മറുപടി “താങ്കള്‍ പറയുന്നത് തീർത്തും തെറ്റാണ്. ഞങ്ങള്‍ യഥാര്‍ഥത്തിൽ ഗ്രാമീണര്‍ക്ക് ഗതാഗത സംവിധാനം ഒരുക്കുകയായിരുന്നു” എന്നായിരുന്നു.

മണ്ഡൽ റെവന്യൂ ഓഫീസർ മുഖന്തിയും എല്ലാ ആരോപണങ്ങളും നിഷേധിച്ചു. “ജനങ്ങളെ മാറ്റാന്‍ ഒരു സമ്മര്‍ദ്ദവും ഉപയോഗിച്ചിട്ടില്ല,” അയാൾ പറയുന്നു. “വാസ്തവത്തില്‍ ജനങ്ങൾ പാക്കേജിൽ സംതൃപ്തരായി വളരെ സന്തോഷത്തോടുകൂടിയാണ് ആര്‍ & ആര്‍ കോളനികളിലെ തങ്ങളുടെ പുതിയ വീടുകളിലേക്ക് മാറിയത്.” ത്രിമൂര്‍ത്തലുവിന്‍റെ തോട്ടത്തിൽ കല്ലും മണ്ണും നിറച്ചതിനെപ്പറ്റിയുള്ള ആരോപണവും അദ്ദേഹം നിഷേധിച്ചു. “അങ്ങനെയൊന്നും നടന്നിട്ടില്ല ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്,” എന്നായിരുന്നു അയാളുടെ ന്യായം.

അതേസമയം LARR നിയമം സര്‍ക്കാർ പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൈഡിപാകയിലെ കുടുംബങ്ങള്‍ പ്രതിഷേധം തുടരുകയാണ്. “ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദതന്ത്രവും ഇനി ഫലിക്കില്ല. രണ്ടുകൊല്ലം ഇരുട്ടിൽ കിടന്ന് ഞങ്ങള്‍ക്കത് ശീലമായി. നിയമപരമായി  അവകാശപ്പെട്ടവ ലഭിക്കാതെ ഞങ്ങൾ ഗ്രാമത്തിൽനിന്നും മാറില്ല,” ത്രിമൂര്‍ത്തലു പറയുന്നു. “ഇവിടെ കിടന്ന് മരിക്കേണ്ടിവന്നാലും നിയമപരമായി കിട്ടേണ്ടത് കിട്ടാതെ ഞങ്ങൾ ഇവിടെനിന്നും മാറില്ല,” ശ്രീദേവി കൂട്ടിച്ചേര്‍ക്കുന്നു.

ഗോദാവരി നദീതീരത്തുള്ള ശ്രീദേവിയുടെ നിയമാനുസൃതമായി പണിത വീട് എപ്പോള്‍ വേണമെങ്കിലും നിലംപറ്റാമെന്നിരിക്കെ, 174 കി.മീ അകലെ കൃഷ്ണനദിയുടെ വെള്ളപ്പൊക്കപ്രദേശത്ത് സ്ഥിതിചെയ്യുന്നതും അനധികൃതമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമായ തന്‍റെ വസതിയിലിരുന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എല്ലാ തിങ്കളാഴ്ചയും പോളവാരം പദ്ധതി അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്.

പരിഭാഷ: ശ്രീജിത് സുഗതന്‍

Rahul Maganti

Rahul Maganti is an independent journalist and 2017 PARI Fellow based in Vijayawada, Andhra Pradesh.

Other stories by Rahul Maganti
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Sreejith Sugathan

Sreejith Sugathan is a post graduate in Mass communication and journalism from Thunchathezhuthachan Malayalam University, Tirur, Kerala. Currently he is working as the Head of the Content Creation Team of an edTech platform called Wise Talkies.

Other stories by Sreejith Sugathan