കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.

വൈകിട്ടു 4 മണിയാവുമ്പോഴേക്കും ചൂടിനായി ഞങ്ങൾക്ക് തീ കൂട്ടേണ്ടി വന്നിരുന്നു. പക്ഷെ, അത് 30 കൊല്ലങ്ങൾക്ക് മുമ്പായിരുന്നു. വായനാട് ഇപ്പോൾ അന്നത്തെപ്പോലെ മഞ്ഞണിഞ്ഞ ശീതളഭൂമിയല്ല. കേരളത്തിൽ വയനാട് മലഞ്ചേരിവുകൾക്കിടയിലുള്ള തന്റെ കൃഷിത്തോട്ടം സംരക്ഷിക്കാനുഴറുന്ന അഗസ്റ്റിൻ വടക്കിലിന്റെ വാക്കുകളാണിത്. മാർച്ച് മാസത്തെ ആദ്യനാളുകളിൽ ചൂട് 25 ഡിഗ്രി സെൽഷ്യസിനപ്പുറം കടക്കാറില്ലായിരുന്നു. ഇപ്പോൾ തുടക്കത്തിൽ തന്നെ 30 ഡിഗ്രി കടന്നുപോകുന്ന സ്ഥിതിയായി.

വടക്കിലിന്റെ ജീവിതകാലത്തിനിടയ്‌ക്കുതന്നെ ഉഷ്ണദിനങ്ങൾ ഇരട്ടിയായി. അയാൾ ജനിച്ച 1960ൽ ഒരു കൊല്ലം ചൂട് 32 ഡിഗ്രിയാവുന്നതു 29 ദിവസത്തേക്കായിരുന്നെന്നു ന്യൂയോർക്ക് ടൈംസ് ഇക്കൊല്ലം ജൂലൈ മാസം ഓൺലൈനായി പ്രസിദ്ധീകരിച്ച കാലാവസ്ഥാ-ആഗോളതാപന രേഖ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇപ്പോഴാകട്ടെ വയനാട് പ്രദേശത്തു 59 ദിനങ്ങളിൽ 32 ഡിഗ്രിക്കുമേൽ ചൂട് പ്രതീക്ഷിക്കാമെന്നായിരിക്കുന്നു.

ഡെക്കൻ പീഠഭൂമിയോട് തൊട്ടുകിടക്കുന്ന പശ്ചിമഘട്ടത്തിലുൾപ്പെട്ട വയനാട് ജില്ലയിൽ അതിതാപനം താങ്ങാനാവാത്ത കുരുമുളകും ഓറഞ്ചും പോലുള്ള കൃഷി സുലഭമായിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഇവയെ ദോഷകരമായി ബാധിച്ചുകഴിഞ്ഞു.

മാനന്തവാടി താലൂക്കിലെ ചെറുകോട്ടൂർ വില്ലേജിൽ വടക്കിലിനും ഭാര്യ വത്സയ്‌ക്കും കൂടി നാലേക്കർ കൃഷിത്തോട്ടമുണ്ട്. 80 കൊല്ലങ്ങൾക്കു മുമ്പാണ് ഇവരുടെ കുടുംബം നാണ്യവിളകൾ കൃഷിചെയ്തു സാമ്പത്തികനേട്ടമുണ്ടാക്കാൻ കോട്ടയത്തുനിന്ന് വയനാട്ടിലെത്തിയത്. അക്കാലത്തു മധ്യകേരളത്തിൽനിന്നു ആയിരക്കണക്കിന് ചെറുകിട കർഷകകുടുംബങ്ങൾ വടക്കു-കിഴക്കൻ കേരളത്തിലെ കൃഷിത്തോട്ടങ്ങളിലേക്കു ചേക്കേറിയിരുന്നു.

കാലം കടന്നുപോയപ്പോൾ ഈ വരവ്  നിലച്ചു. കഴിഞ്ഞകൊല്ലത്തെപോലെ മഴ കാലംതെറ്റിയാണ് വരുന്നതെങ്കിൽ ഞങ്ങളുടെ ജൈവ റോബസ്റ്റാ കാപ്പികൃഷി നശിക്കുമെന്നുറപ്പാണ് - വടക്കിൽ പറയുന്നു. കാപ്പിക്കൃഷി ലാഭകരമാണെങ്കിലും പ്രതികൂല കാലാവസ്ഥ വളർച്ച മുരടിപ്പിക്കുന്നു. റോബസ്റ്റായ്ക്ക് വളരാൻ 23 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് വേണ്ടത് എന്നാണ് ഇവിടെയുള്ള മറ്റു തൊഴിലാളികളും പറയുന്നത്.

PHOTO • Noel Benno ,  Vishaka George

മുകളിലെ വരിയിൽ: ഫെബ്രുവരി ഒടുവിലോ മാർച്ച് ആദ്യമോ കന്നിമഴകിട്ടിയാൽ ഒരാഴ്ച കഴിഞ്ഞു ചെടി പൂവിടാൻ തുടങ്ങും. താഴെ വരിയിൽ: ചൂട് കൂടിയാലോ കാലം തെറ്റി മഴ വീണാലോ കാപ്പിക്കുരുവാകാൻ (വലത്ത്) നിൽക്കുന്ന ബാക്കിപൂക്കളും (ഇടത്ത്) കൊഴിഞ്ഞുപോകും.

മലഞ്ചരിവിലെ നിത്യഹരിതാവസ്ഥയിൽ തഴച്ചുവളരുന്ന റോബസ്റ്റാകുടുംബത്തിലെ വയനാടൻ കാപ്പിച്ചെടി ഡിസംബറിനും മാർച്ചിനുമിടയ്ക്കാണ് നടുന്നത്. ഫെബ്രുവരി അവസാനത്തോടെയോ മാർച്ച് ആദ്യമോ ആദ്യമഴ കിട്ടിക്കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ പൂക്കളുണ്ടായിത്തുടങ്ങും. കന്നിമഴ കഴിഞ്ഞു ഒരാഴ്ചയ്ക്കുള്ളിൽ മഴ ആവർത്തിച്ചാൽ പൂക്കൾ തുടങ്ങിയവഎല്ലാം കൊഴിഞ്ഞുപോകും. ഒരാഴ്ച കഴിഞ്ഞു രണ്ടാംമഴ കിട്ടുന്നതോടെയാണ് പൂക്കൾ ഫലങ്ങളായി മാറുന്നത്. ഇവ മരച്ചുവട്ടിലേക്കു അടർന്നു വീണുകഴിഞ്ഞു ഉള്ളിലെ പഴങ്ങളിൽ കുരു വിളഞ്ഞു പാകമാകാൻ തുടങ്ങുന്നു.

മഴയുടെ ഈ സമയക്രമം 85 ശതമാനം വരെ വിള ഉറപ്പാക്കുമെന്ന് വടക്കിൽ പറയുന്നു. മാർച്ച് ആദ്യം ഞങ്ങൾ കാണുമ്പോൾ അയാൾ വലിയ പ്രതീക്ഷയിലായിരുന്നെങ്കിലും പ്രതീക്ഷ സഫലമാകുമോ എന്ന ആശങ്കയും പ്രകടിപ്പിച്ചിരുന്നു. പ്രതീക്ഷ തെറ്റുക തന്നെ ചെയ്തു.

മാർച്ചിൽ കേരളത്തിലെ ഉഷ്ണകാലം തുടങ്ങിയപ്പോൾ തന്നെ ചൂട് 37 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. പോരാഞ്ഞു രണ്ടാംമഴ നേരത്തെ എത്തി  എല്ലാം തുലച്ചുവെന്നു മാർച്ച് ഒടുവിൽ വടക്കിൽ അറിയിച്ചു.

രണ്ടേക്കർ കൃഷിചെയ്യുന്ന വടക്കിലിനു ഇക്കൊല്ലം 70,000 രൂപ നഷ്ടം വന്നു. അസംസ്‌കൃത ജൈവ കാപ്പിക്കുരുവിനു വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (WSSS) കിലോയ്ക്ക് 85 രൂപയും ജൈവകൃഷിയില്ലെങ്കിൽ കിലോയ്ക്ക് 65 രൂപയുമാണ് കർഷകർക്ക് നൽകുന്നത്.

2017-18ൽ 55,525 ടൺ കാപ്പിക്കുരു ഉൽപ്പാദിപ്പിച്ചിരുന്ന വയനാട്ടിൽ ഇപ്പോളാണ് 40 ശതമാനം കുറഞ്ഞെന്നാണ് സൊസൈറ്റിയുടെ ഡയറക്ടർമാരിലൊരാളായ ഫാദർ ജോൺ ചോരപ്പുഴയിൽ എന്നോട് ഫോണിൽ പറഞ്ഞത്. ഗ്രാമീണകർഷകരിൽനിന്ന് കാപ്പിക്കുരു വാങ്ങുന്ന ഒരു സഹകരണസ്ഥാപനമാണ് WSSS. സംഭരണത്തിന്റെ ഔദ്യോഗിക കണക്ക് തയ്യാറായിട്ടില്ല. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഈ ഉത്പാദനതകർച്ച വയനാട് കാപ്പിക്കൃഷി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് ഫാദർ ജോൺ പറയുന്നു. കഴിഞ്ഞ കോല്ലങ്ങളിൽ മഴയുടെ ആധിക്യം മൂലവും ലഭ്യതക്കുറവ് മൂലവും ഉത്പാദനത്തിലുണ്ടായ വലിയ അന്തരത്തെപ്പറ്റി ജില്ലയിൽ പലയിടങ്ങളിലും ഞങ്ങൾ കണ്ട കർഷകർ പറയുന്നുണ്ടായിരുന്നു.

PHOTO • Vishaka George
PHOTO • Noel Benno

അഗസ്റ്റിൻ വടക്കിലും ഭാര്യ വത്സയും (ഇടത്ത്)  കാപ്പിക്ക് പുറമെ റബർ, കുരുമുളക്, വാഴ, നെല്ല്, അടയ്ക്ക എന്നീ കൃഷികളും ചെയ്യുന്നുണ്ട്. അന്തരീക്ഷതാപം വർധിച്ചത് നേരിട്ട് കാപ്പിയെ (വലത്ത്) മാത്രമല്ല, മറ്റു വിളകളെയും ബാധിച്ചു തുടങ്ങി എന്നതാണ് അവരുടെ അനുഭവം.

കാലം തെറ്റിയെത്തുന്ന മഴ കൃഷിപ്പാടങ്ങളെ വരൾച്ചയിലാക്കുമ്പോൾ വയനാട് കർഷകരിൽ 10 ശതമാനത്തിനു മാത്രമേ വരൾച്ചയെയും ക്രമം തെറ്റിയ മഴയെയും അതിജീവിച്ചു കൃഷിയിലേർപ്പെടാൻ കഴിയുന്നുള്ളുവെന്നാണ് ഫാ ജോൺ വിലയിരുത്തുന്നത്.

ഇത്തരം ഭാഗ്യശാലികളിൽ വടക്കിൽ ഉൾപ്പെടുന്നില്ല. 2018 ഓഗസ്റ്റിൽ കേരളത്തിലെ മറ്റു ജില്ലകളോടൊപ്പം വായനാടിനെയും തകർത്ത വെള്ളപ്പൊക്കത്തിൽ അയാളുടെ ജലസേചന പമ്പ് അപ്പാടെ തകർന്നുപോയി. പമ്പ്‌ നന്നാക്കാൻ 15,000 രൂപ കൂടി ഈ ഘട്ടത്തിൽ കണ്ടെത്താൻ അയാൾക്ക് കഴിയുമായിരുന്നില്ല.

ബാക്കിയുള്ള രണ്ടേക്കറിലാണ് വടക്കിലും വത്സയും റബ്ബറും കുരുമുളകും വാഴയും നെല്ലും അടയ്ക്കയും കൃഷി ചെയ്യുന്നത്. വർദ്ധിച്ചുവന്ന ചൂട് ഈ വിളകളെയും കാര്യമായി ബാധിച്ചുകഴിഞ്ഞു. 15 കൊല്ലം മുമ്പ് ഞങ്ങൾക്ക് ജീവിക്കാൻ കുരുമുളക് മാത്രം മതിയായിരുന്നു. പക്ഷ ഈയിടെയായി വള്ളികളുടെ ദ്രുതവാട്ടം പോലുള്ള രോഗങ്ങൾ ജില്ലയിൽ ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു. ദീർഘവിളയായ കുരുമുളകിന്റെ തകർച്ച കർഷകരെ നട്ടം തിരിപ്പിക്കുന്നതായി.

കാലം കഴിയുന്നതോടെ കൃഷി ഒരു കൗതുകവൃത്തിയായി മാറുകയാണ്. 'ഇത്രയും കൃഷി ഭൂമിയുണ്ടായിട്ടും എന്റെ ഇന്നത്തെ അവസ്ഥ നോക്കൂ. ഇപ്പോൾ കുറെ മുളക്പൊടിപ്പിക്കുന്ന ജോലി മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്. അതാകട്ടെ ചോറിനോടൊപ്പം കൂട്ടിത്തിന്നാനെങ്കിലും ഗുണപ്പെടും', നിസ്സഹായനായി ചിരിച്ചുകൊണ്ട് വടക്കിൽ പറയുന്നു.

15 കൊല്ലം മുമ്പാണ് ഇതൊക്കെ ആരംഭിച്ചത്. എന്തുകൊണ്ടാണ് കാലാവസ്ഥ ഇങ്ങനെ മാറിമറിയുന്നത്, അയാൾ അഭുതപ്പെടുന്നു. കാലാവസ്ഥ എന്നതിന് ഉഷ്ണ-ശൈത്യങ്ങൾക്കപ്പുറമുള്ള പൊതു അന്തരീക്ഷാവസ്ഥയെന്നാണ് മലയാളത്തിലെ അർത്ഥം. വയനാട്ടിലെ നിരവധി കർഷകർ ഈ ചോദ്യം ഞങ്ങളോട് ചോദിക്കുന്നുണ്ട്.

നിർഭാഗ്യകരമെന്നു പറയട്ടെ, കർഷകർ ദശാബ്ദങ്ങളായി തുടർന്നുവന്ന കൃഷി സംബ്രദായങ്ങളിലാണ് ഏറെക്കുറെ ഈ ചോദ്യത്തിന്റെ മറുപടി കണ്ടെത്താൻ കഴിയുക.

PHOTO • Vishaka George
PHOTO • Noel Benno

മാന്തവാടിയിലെ കാപ്പിത്തോട്ടത്തിന് (ഇടത്ത്/) മറ്റു വലിയ തോട്ടങ്ങളിലെപ്പോലെ കൃത്രിമകുളം കുഴിക്കാനോ വലിയ പമ്പ് വയ്ക്കാനോ കഴിയും. പക്ഷെ വടക്കിലിന്റെ പോലുള്ള ചെറിയ തോട്ടങ്ങൾക്കു (വലത്ത്) മഴയെയോ വെള്ളം കുറഞ്ഞ കിണറുകളെയോ ആശ്രയിക്കാതെ കഴിയില്ലല്ലോ.

വയനാട്ടിലെ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷനിൽ കഴിഞ്ഞ 10 വർഷത്തിലധികമായി കൃഷിരീതി വ്യതിയാനങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞയായ ശ്രീമതി ടി ആർ സുമയുടെ അഭിപ്രായത്തിൽ ഇപ്പോഴുള്ള ഏകവിള കൃഷിക്കുപകരം ഓരോ തട്ടിലും ഇടവിട്ട് സമ്മിശ്രകൃഷി ചെയ്യുന്ന രീതിയാണ് ആരോഗ്യകരം. ഏകമുഖ കൃഷിരീതി കീടങ്ങളെയും തജ്ജന്യരോഗങ്ങളെയെയും ക്ഷണിച്ചു വരുത്തുകയും രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്ന പ്രവണത വളർത്തുകയും ചെയ്തു. ഇവ മണ്ണിലും അന്തരീക്ഷത്തിലും കലർന്ന് മലിനീകരണത്തിനിടവരുതുന്നതോടൊപ്പം കാലക്രമേണ പാരിസ്ഥിതികപ്രശ്നങ്ങളും സൃഷ്ടിക്കുന്നു.

ബ്രിടീഷുകാരുടെ കാലത്താരംഭിച്ച വനനശീകരണത്തോടെയാണ് ഇതൊക്കെ ആരംഭിച്ചതെന്നാണ് ശ്രീമതി സുമയുടെ അഭിപ്രായം. അവർ തടി ശേഖരിക്കാൻ കാട് വെട്ടിത്തെളിക്കുകയും കിഴക്കാംതൂക്കായ കുന്നുകളെ ഇടിച്ചുനിരത്തി കൃഷിയിടങ്ങളാക്കുകയും ചെയ്തു. 1940കളിലാരംഭിച്ച വൻതോതിലുള്ള കുടിയേറ്റങ്ങൾ നിമിത്തം താമസസൗകര്യങ്ങൾക്കായി കുന്നുകൾ ഇടിച്ചു നിരപ്പാക്കിയതും കാലാവസ്‌ഥാവ്യതിയാനത്തിന് കാരണമായെന്ന് അവർ കൂട്ടിചേർക്കുന്നു. ഇതിനൊക്കെ മുമ്പ് വയനാട്ടിലെ കർഷകർക്കിടയിൽ സമ്മിശ്രകൃഷിരീതിയാണ് പ്രമുഖമായി നിലനിന്നിരുന്നത്.

ആ ദശാബ്ദങ്ങളിൽ കാപ്പിക്കും കുരുമുളകിനുമല്ല വയൽ നെൽകൃഷിക്കായിരുന്നു പ്രമുഖസ്ഥാനം. നിലം അഥവാ വയൽനാട് എന്ന വാക്കിൽ നിന്നാണ് വയനാട് എന്ന പേര് തന്നെ ഉണ്ടായത്. ഇവിടുത്തെ ചതുപ്പ്‌ നിലങ്ങൾ ഈ പ്രദേശത്തിന്റെ മാത്രമല്ല കേരളത്തിന്റെയാകെ അന്തരീക്ഷഘടനയെയും പരിസ്ഥിതിയെയും സ്വാധീനിച്ചിരുന്നു. പക്ഷെ 1960ൽ 40,000 ഹെക്ടറായിരുന്ന നെൽവയലുകൾ ഇപ്പോൾ 8000 ഹെക്ടറായി ചുരുങ്ങിക്കഴിഞ്ഞു. ജില്ലയിൽ തന്നെ മൊത്തം കൃഷിയിടത്തിന്റെ അഞ്ചു ശതമാനത്തിൽ താഴെയാണിത്. കൃഷിത്തോട്ടങ്ങളാകട്ടെ വയനാട്ടിൽ 68,000 ഹെക്ടറിലേക്കു വ്യാപിച്ചു. കേരളത്തിലെ മൊത്തം കാപ്പിത്തോട്ടങ്ങളുടെ 79 ശതമാനമാണിത്. വടക്കിൽ ജനിച്ച 1960ൽ റോബസ്റ്റാ കാപ്പിവിളയുടെ സ്ഥലവിനിയോഗം രാജ്യത്തെ മൊത്തശരാശരിയേക്കാൾ 36 ശതമാനം അധികമായിരുന്നു.

അന്നൊക്ക കുന്നിൻചരിവുകൾ നിരത്തി നാണ്യവിളക്കൃഷി ചെയ്യുന്ന രീതിക്കുപകരം കുന്നുകളിൽ റാഗി പോലുള്ള ഭക്ഷ്യവിളകളുടെ കൃഷിയിലാണ് കർഷകർ ഏർപ്പെട്ടിരുന്നത്. പക്ഷെ കൂടുതൽ ജനങ്ങളെത്തിയതോടെ ഭക്ഷ്യവിളകളേക്കാൾ നാണ്യവിളകൾ മേൽക്കൈ നേടുന്നതാണ് കണ്ടത്. 1960ൽ ആഗോളവൽക്കരണമാരംഭിച്ചത് കുരുമുളകുപോലുള്ള നാണ്യവിളകളുടെ ഉത്പാദനത്തിന് ആക്കം കൂട്ടുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനം വയനാട്ടിലെ കാപ്പിക്കൃഷിക്ക് വലിയ ഭീഷണിയായി മാറിയതിന്റെ ഫലമാണ് ഉത്പാദനത്തിലുണ്ടായ  തകർച്ച

വീഡിയോയിൽ - 'കൃഷി എന്നാൽ ഇപ്പോൾ കൗതുകവൃത്തിയായി തീർന്നിരിക്കുന്നു'

കർഷകർക്ക് ഇപ്പോൾ ഒരു കിലോ നെല്ലിന് 12 രൂപയും കാപ്പിക്ക് 67 രൂപയും കിട്ടുന്നു. എന്നാൽ കുരുമുളക് ഒരു കിലോയ്ക്ക് 360-365 രൂപ ലഭിക്കുന്നുണ്ട്. മാനന്തവാടി പട്ടണത്തിലെ ജൈവകൃഷിക്കാരനും WSSSന്റെ മുൻ പ്രൊജക്റ്റ് ഓഫീസറുമായ ഇ ജെ ജോസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. ഈ വിലവ്യത്യാസം അനേകം കർഷകരെ ഇപ്പോഴും നെൽകൃഷി ഉപേക്ഷിച്ചു കുരുമുളകും കാപ്പിയും കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. ആവശ്യങ്ങൾക്കനുസരിച്ചല്ല, ലാഭത്തിനനുസരിച്ചാണ്‌ ഇപ്പോൾ ഉത്പാദനം. മഴപെയ്യുമ്പോൾ മണ്ണിൽ ജലം സംഭരിച്ചുവയ്ക്കാനും, ഭൂമിയുടെ ജലസാന്ദ്രത നിലനിർത്താനും ഉപകരിക്കുന്ന നെൽകൃഷി നമുക്ക് അന്യമാവുകയാണ്.

സംസ്ഥാനത്തു ഭൂമി കച്ചവടത്തിനായി നിരവധി വയലുകൾ നികത്തുന്നതിലൂടെ കൃഷിവിജ്ഞാനം നേടിയ കർഷകരുടെ തൊഴിൽ ദിനങ്ങൾ കുറഞ്ഞുവരികയാണ്.

ഈ മാറ്റങ്ങളെല്ലാം വയനാടിന്റെ ഭൂമിവിതാനത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സുമ പറയുന്നു. മണ്ണിൻറെ ഫലഭൂയിഷ്ടതയുടെ അമിതചൂഷണമാണ് ഏകവിളകൃഷിരീതിയിലൂടെ നടക്കുന്നത്. 1931ലെ സെൻസസ് പ്രകാരം ഇവിടെ ഒരു ലക്ഷത്തിൽ താഴെ മാത്രമായിരുന്ന ജനസംഖ്യ 2011ലെ കാനേഷുമാരി കണക്കുപ്രകാരം 8,17,420 ആയി വളർന്നു. ഇതോടൊപ്പം ഭൂമി തുണ്ടുതുണ്ടാക്കുന്ന വിഭജനക്രിയകളും അനിവാര്യമായിത്തീർന്നു. വയനാട് ചൂട് കൂടുതലുള്ള പ്രദേശമായതിൽ അത്ഭുതപ്പെടാനില്ല.

കൃഷിരീതികളിൽ വന്ന മാറ്റം തന്നെയാണ് താപനിലയുടെ വ്യതിയാനത്തിന് കാരണമെന്ന് ജോസും വിശ്വസിക്കുന്നു. കൂടാതെ മഴയുടെ ലഭ്യതയിലും ഇത് സ്വാധീനം ചെലുത്തിയെന്നുറപ്പാണ്.

തവിഞ്ഞാൽ പഞ്ചായത്തിലെ തന്റെ 12 ഏക്കർ കൃഷിയിടത്തിലൂടെ ഞങ്ങളോടൊപ്പം നടക്കവേ 70 വയസ്സ് കഴിഞ്ഞ ജോസ് പറയുന്നത്, 'ഈ പാടങ്ങൾ ഒരു കാലത്തു കുരുമുളക് നിറഞ്ഞുകിടന്നവയാണ്. മരങ്ങൾക്കിടയിലൂടെ വെയിൽ വരാൻ തന്നെ പ്രയാസമായിരുന്നു. പക്ഷെ കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾക്ക് ടൺ കണക്കിന് കുരുമുളകാണ് നഷ്ടപ്പെട്ടത്. കാലാവസ്ഥാമാറ്റം മൂലമുണ്ടായ ദ്രുതവാട്ടം തന്നെയാണ് മുഖ്യകാരണം.

ഫൈറ്റോഫ്തോറ ഫംഗസ് പിടിച്ചു ദ്രുതവാട്ടം ഈ ജില്ലയിലെ ആയിരങ്ങളുടെ നിത്യജീവിതത്തെയാണ് ബാധിച്ചത്. വയനാട്ടിൽ കഴിഞ്ഞ 10 വർഷത്തിനിടെ അന്തരീക്ഷത്തിലെ ഉയർന്ന ജലാംശത്തോത് ഈ ഫംഗസിനു വളരാനുള്ള സാഹചര്യമൊരുക്കിയെന്നു ജോസ് പറയുന്നു. ക്രമം തെറ്റി വരുന്ന മഴയും പ്രോത്സാഹനമായി. രാസവളപ്രയോഗം മിത്രകീടമായ ട്രൈക്കോടർമയെ നശിപ്പിച്ചു ഫംഗസ് രോഗം പരക്കാൻ സഹായകമായി.

PHOTO • Noel Benno ,  Vishaka George

മുകളിൽ ഇടത്ത്- ഞങ്ങളുടെ മഴ ലഭ്യത പ്രസിദ്ധമായിരുന്നുവെന്നു എം ജെ ജോർജ് പറയുന്നു. മുകളിൽ വലത്ത്- ഞങ്ങൾക്ക് ഇക്കൊല്ലം കാപ്പി ഉത്പാദനം ഏറ്റവും കുറവായിരുന്നുവെന്നാണ് സുഭദ്ര ബാലകൃഷ്ണൻ പറയുന്നത്. താഴെ ഇടത്ത്- ബ്രിട്ടീഷുകാരുടെ കാടുവെട്ടിത്തെളിക്കലോടെയാണ് കാലാവസ്ഥാ വ്യതിയാനം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞ സുമ ടി ആർ പറയുന്നു. താഴെ വലത്ത്- ഇപ്പോൾ ആവശ്യാനുസൃതമായല്ല, ലാഭാനുസൃതമായാണ് എല്ലാവരും കൃഷി ചെയ്യുന്നതെന്ന് ഇ ജെ ജോസ് പറയുന്നു.

വയനാട്ടിൽ ഞങ്ങൾക്ക് ക്രമീകരിച്ച ശൈത്യകാലാവസ്ഥയുണ്ടായിരുന്നു, പക്ഷെ ഇപ്പോഴില്ല, ജോർജ് പറയുന്നു. എല്ലാ ഋതുക്കളിലും മഴ സ്ഥിരതയോടെ ലഭിക്കുമായിരുന്നു. കഴിഞ്ഞ 15 വർഷം കൊണ്ട് മഴ കാര്യമായി കുറഞ്ഞു. മഴ ലഭ്യതയിൽ ഞങ്ങൾ അറിയപ്പെടുന്നവരായിരുന്നു.

തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത് 2019 ജൂൺ 1നും ജൂലൈ 28നുമിടയ്ക്കു ശരാശരിയേക്കാൾ 54 ശതമാനം മഴ കുറച്ചു ലഭിച്ചു എന്നാണ്.

വയനാടിന്റെ മഴലഭ്യതയേറിയ ഭാഗങ്ങളിൽ ചില വർഷങ്ങളിൽ 4000 മില്ലിമീറ്റർ മഴ ലഭിക്കാറുണ്ട്. പക്ഷെ ഈയിടെയായി ജിലാ ശരാശരിയിൽ വലിയ മാറ്റം കണ്ടുതുടങ്ങി. 2014ൽ ഇത് 3260 മി മീ ആയിരുന്നെങ്കിൽ അടുത്ത രണ്ടു വർഷം 2283 മി മീ ആയും 1328 മി മീ ആയും കുത്തനെ കുറഞ്ഞു. 2017ൽ 2125 മി മീ ആയപ്പോൾ 2018ൽ കേരളത്തിന്റെ പ്രളയവർഷത്തിൽ അത് കുതിച്ചുയർന്ന് 3832 മി മീ ആയി.

കഴിഞ്ഞ ദശാബ്ദങ്ങളിൽ മഴയുടെ വാർഷികലഭ്യത വളരെ വ്യത്യസ്തമായിരുന്നു. 1980കളിലും 90കളിലും വ്യത്യാസം അധികരിച്ചുവെന്നു തൃശൂർ കേരള കാർഷിക സർവകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന-ഗവേഷണ അക്കാദമിയിലെ സയന്റിഫിക് ഓഫീസറായ ഡോ ഗോപകുമാർ ചോളയിൽ അഭിപ്രായപ്പെടുന്നു. മൺസൂൺ കാലത്തും അത് കഴിഞ്ഞും കടുത്ത കാലവർഷം കേരളത്തിലെമ്പാടും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വയനാടിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

വടക്കിലിനെയും ജോർജിനെയും പോലെ മറ്റു കർഷകരുടെയും നിഗമനങ്ങൾ ശരിവെക്കുന്നതാണ് ഈ വിവരണം. ദീർഘകാല ശരാശരി സൂചിപ്പിക്കുന്ന ഈ മഴ വ്യതിയാനത്തിൽ പരിതപിക്കുമ്പോഴും മഴദിനങ്ങളിലും ഋതുക്കളിലുണ്ടാകുന്ന കുറവ് പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ഇവർ വച്ചുപുലർത്തുന്നുണ്ട്. അതിവർഷമുള്ളപ്പോഴും മഴ കുറയുമ്പോഴുമൊക്കെ മാറ്റം വരാമെന്ന പ്രതീക്ഷ നിലനിൽക്കുന്നു. മഴ ലഭിക്കുന്ന ദിനങ്ങളുടെ എണ്ണം കുറഞ്ഞാലും ലഭിക്കുന്ന മഴയുടെ സാന്ദ്രത വർദ്ധിക്കുന്നുണ്ട്. മൺസൂൺ മഴ കിട്ടുന്ന പ്രധാന മാസം ജൂലൈ ആണെങ്കിലും ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും വയനാട്ടിൽ നല്ല മഴ പ്രതീക്ഷിക്കാനാവുന്നു. കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ജൂലൈ 29ന് വയനാട്ടിലും തൊട്ടടുത്ത രണ്ട് ജില്ലകളിലും കനത്ത മഴയോ അതികഠിനമഴയോ സൂചിപ്പിക്കുന്ന ‘ഓറഞ്ച് അലെർട്’ പ്രഖ്യാപിച്ചിരുന്നു.

PHOTO • Vishaka George
PHOTO • Vishaka George

വടക്കിലിന്റെ വയനാട്ടിലെ തെങ്ങുകളും വാഴകളും ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം മൂലം സമതലത്തിലേക്ക് ഇറങ്ങിത്തുടങ്ങി.

കൃഷിരീതികളിലെ മാറ്റം, വനസംരക്ഷണമില്ലാതാകൽ, ഭൂവിനിയോഗത്തിലെ അനിയന്ത്രിതത്വം തുടങ്ങിയവയൊക്കെ മറ്റു ഘടകങ്ങളോടൊപ്പം സന്തുലിത കാലാവസ്ഥയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ഡോ ചോളയിൽ പറയുന്നു.

'കഴിഞ്ഞകൊല്ലത്തെ വെള്ളപ്പൊക്കത്തിൽ എന്റെ കാപ്പിച്ചെടിയെല്ലാം നഷ്ടപ്പെട്ടു. വയനാട്ടിൽ ഞങ്ങൾക്ക് ഏറ്റവും കുറഞ്ഞ കാപ്പി ഉൽപാദനമാണുണ്ടായത്', മാനന്തവാടിയിൽ ടീച്ചറെന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന സുഭദ്ര പറയുന്നു. സുഭദ്ര ബാലകൃഷ്ണനെന്ന 75 വയസ്സുകാരിയായ ഈ വൃദ്ധകർഷക എടവക പഞ്ചായത്തിൽ തന്റെ കുടുംബവക ഏക്കറിലെ കൃഷിയുടെ മേൽനോട്ടം നടത്തുകയാണ്. കാപ്പി, നെല്ല്, തെങ്ങ് കൃഷികളും ചെയ്തു വരുന്നു. ഉപജീവനത്തിനായി വയനാട്ടിലെ കാപ്പിക്കർഷകർ ഇപ്പോൾ കന്നുകാലിവളർത്തലിനെ ആശ്രയിക്കുന്ന സ്ഥിതിയിലാണ്.

കാലാവസ്ഥാ വ്യതിയാനം എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും ഞങ്ങൾ കണ്ട കൃഷിക്കാരെല്ലാം ഇതിന്റെ തിക്തഫലങ്ങളെ പറ്റി ബോധവാന്മാരാണ്.

ഞങ്ങൾ അവസാനം സന്ദർശിച്ച സുൽത്താൻ ബത്തേരി താലൂക്കിലെ പൂതാടി പഞ്ചായത്തിലെ 80 ഏക്കർ തോട്ടമായ ഏദൻവാലിയിൽ വെച്ച് 40 വയസ്സുള്ള ഗിരിജൻ ഗോപിയെ കാണാനായി. തന്റെ ജോലി പകുതി ഷിഫ്റ്റ് തീർത്തു വരികയാണയാൾ. ‘രാത്രി കൊടും തണുപ്പും പകൽ കൊടും ചൂടുമാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് ആർക്കറിയാം’, തന്നത്താൻ പിറുപിറുത്തുകൊണ്ട് ഉച്ചയൂണ് കഴിക്കാനായി നടന്നു നീങ്ങുമ്പോൾ അയാൾ പറഞ്ഞു. ‘ദൈവത്തിന്റെ കളിയായിരിക്കും. അല്ലാതെ ഇതൊക്കെ എങ്ങനെ ഉൾക്കൊള്ളാനാണ്.’

കവർ ഫോട്ടോ - വിശാഖ ജോർജ്

ഈ കഥ രചിക്കാൻ അകമഴിഞ്ഞ് സമയം തന്ന് സഹായിച്ച ഗവേഷകൻ നോയൽ ബെന്നോയ്ക്ക് നന്ദി അറിയിക്കുന്നു.

സാധാരണക്കാരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് കാലാവസ്ഥാ വ്യതിയാനത്തെ അറിയാനുള്ള (PARI) 'പാരി'യുടെ രാജ്യവ്യാപകമായ ഈ പഠനപദ്ധതി UNDPയുടെ സഹായത്തോടെയുള്ള ഒരു സംരംഭമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടോ? [email protected] എന്ന വിലാസത്തിലേക്ക് എഴുതുക. ഇമെയിലിന്റെ പകർപ്പ് [email protected] എന്ന വിലാസത്തിലേക്കും അയയ്ക്കണം.

വിവർത്തനം - എ സോളമൻ

Reporter : Vishaka George

Vishaka George is Senior Editor at PARI. She reports on livelihoods and environmental issues. Vishaka heads PARI's Social Media functions and works in the Education team to take PARI's stories into the classroom and get students to document issues around them.

Other stories by Vishaka George

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Series Editors : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : A Solomon

Solomon A. is the patron of Farmers Club Federation in Thiruvananthapuram and conducts awareness classes on conservation of nature, environment, energy and water.

Other stories by A Solomon