“വാങ്ങുന്തോറും ഞങ്ങൾ കടക്കാരാവുകയാണ്”. ഇത് പറയുന്നത് 40 വയസ്സുള്ള കുനാരി ശബരി എന്ന കർഷകസ്ത്രീ. സവോര ആദിവാസി സമൂഹക്കാർ താമസിക്കുന്ന ഖൈര എന്ന ഗ്രാമത്തിൽ‌വെച്ചാണ് അവർ ഞങ്ങളോട് ഇത് പറഞ്ഞത്.

“കലപ്പയും ചാണകവുമുപയോഗിച്ചുള്ള കൃഷിയായിരുന്നു ഞങ്ങളുടേത്. ഇപ്പോൾ ആരും അത് ചെയ്യുന്നില്ല” അവർ പറഞ്ഞു. ഇപ്പോൾ എന്തിനും ഏതിനും അങ്ങാടിയിലേക്ക് പോകണം. വിത്തിനും, കീടനാശിനിക്കും, വളത്തിനും എല്ലാം. കഴിക്കുന്ന ഭക്ഷണം പോലും വാങ്ങേണ്ടിവരുന്നു. പണ്ട് ഇങ്ങനെയായിരുന്നില്ല”

പരുത്തിക്കൃഷിമൂലം ഒഡിഷയിലെ ഫലഭൂയിഷ്ഠവും പാരിസ്ഥിതികക്ഷമതയുമുള്ള വിശാലമായ ഭൂഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന ആശ്രിതത്വത്തെയാണ് അവരുടെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്. ആ പ്രദേശത്തിന് ഭക്ഷണത്തിലുണ്ടായിരുന്ന സ്വയം പര്യാപ്തതയേയും, അതിന്‍റെ സമ്പന്നമായ ജൈവവൈവിധ്യത്തെയും ബാധിക്കുന്നതാണ് അത്. ( ഒഡീഷയിൽ കാലാവസ്ഥാ പ്രതിസന്ധിയുടെ വിത്തുകൾ വിതയ്ക്കുന്നു എന്ന ലേഖനം നോക്കുക). ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന റായ്ഗഢിലെ ഗുണുപുർ ബ്ലോക്കിലേക്ക്, വടക്കു-കിഴക്ക് ഭാഗത്തുള്ള സമതലത്തിലൂടെ എത്തുമ്പോൾ ഇത് കൂടുതൽ പ്രത്യക്ഷമാവും. പരുത്തി ആദ്യമായെത്തിയത് ഈ ഭാഗങ്ങളിലാണ്.

“10-12 വർഷങ്ങൾക്കുമുൻപാണ് ഞങ്ങൾ പരുത്തിയിലേക്ക് തിരിഞ്ഞത്. ഇന്ന് ഞങ്ങൾ അതിനെ ആശ്രയിക്കുന്നത് മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ്” ഗുണുപുർ ബ്ലോക്കിലുള്ള ഖൈര ഗ്രാമത്തിലെ ആളുകൾ പറയുന്നു. മൂലധനം ആവശ്യമുള്ള പരുത്തിയിലേക്ക് മാറിയപ്പോൾ, സ്വന്തമായുണ്ടായിരുന്ന വിത്തുകളും പാരമ്പര്യരീതിയിൽ ചെയ്തുവന്നിരുന്ന വൈവിധ്യകൃഷിയും നഷ്ടപ്പെട്ടുവെന്ന് പ്രദേശത്തെ ധാരാളം കർഷകർ അഭിപ്രായപ്പെട്ടു.

“ഞങ്ങൾക്ക് സ്വന്തമായ വിളകളും കൃഷിയുമുണ്ടായിരുന്നു”വെന്ന് ഖേത്ര സബാര എന്ന ചെറുപ്പക്കാരനായ സവോര കർഷകൻ പറഞ്ഞു. “അന്ധ്രക്കാർ വന്ന് ഞങ്ങളോട് പരുത്തി കൃഷിചെയ്യാൻ പറയുകയും പലതും പഠിപ്പിക്കുകയും ചെയ്തു”. ലാഭമുണ്ടാക്കാമെന്ന ചിന്ത ഗ്രാമത്തിലെ കർഷകരെ പരുത്തിയിലേക്ക് നയിച്ചുവെന്ന് തുറന്ന് സമ്മതിച്ചു സന്തോഷ് കുമാർ ദണ്ഡസേന എന്ന മറ്റൊരു കർഷകൻ. “ആദ്യമൊക്കെ അത് സന്തോഷകരമായിരുന്നു. ഞങ്ങൾക്ക് ലാഭവും കിട്ടി. “ഇപ്പോൾ നഷ്ടവും ദുരിതവും മാത്രമാണ് ഞങ്ങൾക്ക്. ഞങ്ങൾ തകർന്നതോടെ, സന്തോഷമുണ്ടായത്, വട്ടിപ്പലിശക്കാർക്കാണ്”. അയാൾ പറഞ്ഞു.

ഞങ്ങൾ സംസാരിക്കുമ്പോൾ ജോൺ ഡീർ ട്രാക്ടറുകൾ ഗ്രാമത്തിന്‍റെ വഴികളിലൂടെ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ ഒഡിഷ ഭാഷയിലെഴുതിയ പരസ്യങ്ങൾ ഗ്രാമത്തിലെ ക്ഷേത്രത്തിന്‍റെ ചുവരുകളിൽ ഒട്ടിച്ചുവെച്ചിരുന്നു. ഗ്രാമത്തിന്‍റെ കവലയിലെമ്പാടും വിതയ്ക്കാനും കൊയ്യാനുമുള്ള യന്ത്രസാമഗ്രികൾ കിടപ്പുണ്ടായിരുന്നു.

PHOTO • Chitrangada Choudhury

മുകളിൽ ഇടത്ത് : ഗുണുപുർ ബ്ലോക്കിൽ, ജനിതകവ്യതിയാനം വരുത്തിയ പരുത്തിയുടെ ഏകകൃഷി ചക്രവാളത്തോളം നീണ്ടുകിടക്കുന്നു. മുകളിൽ വലത്ത്: 10-15 വർഷങ്ങൾക്കുമുൻപ് പരുത്തിയിലേക്ക് മാറിയതുമുതൽ കടക്കെണിയിലാണെന്നും, പരുത്തി നടാത്തപക്ഷം പണമിടപാടുകാരിൽനിന്ന് വീണ്ടും കടമെടുക്കാൻ കഴിയുന്നില്ലെന്നും ഖൈര ഗ്രാമവാസികൾ പറയുന്നു. താഴെ: വൃക്ഷങ്ങളിലും ക്ഷേത്രച്ചുവരുകളിലും പരുത്തിവിത്തുകളുടെ പരസ്യങ്ങൾ പതിച്ചുവെച്ചിരിക്കുന്നു

“വിത്തിന്‍റെ വിലയും മറ്റ് ഉത്പാദനച്ചിലവുകളും വർദ്ധിക്കുകയും ഉത്പന്നത്തിന്‍റെ വിലയിൽ വ്യത്യാസം വരികയും ചെയ്യുന്നതുമൂലം മിക്ക പരുത്തിക്കർഷകരും കടക്കെണിയിലാവുകയും ഇടനിലക്കാർ ലാഭം കൊണ്ടുപോവുകയും ചെയ്യുന്നു”വെന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ ദേബാൽ ദേബ് പറഞ്ഞു. “ഉത്പന്നത്തിന്‍റെ കമ്പോളവിലയുടെ 20% മാത്രമാണ് റായ്ഗഢിലെ പല കർഷകർക്കും ലഭിക്കുന്നത്”

ഇത്രയധികം നഷ്ടം സഹിച്ചുകൊണ്ട് എന്തിനാണ് പരുത്തിയെ ആശ്രയിക്കുന്നത്? “ഞങ്ങൾ വട്ടിപ്പലിശക്കാരന്‍റെ കെണിയിലാണ്”, സബാര പറഞ്ഞു. “പരുത്തി കൃഷി ചെയ്തില്ലെങ്കിൽ അയാൾ കടം തരില്ല”, ദണ്ഡസേന പറഞ്ഞു. “നെല്ല് കൃഷി ചെയ്യാൻ വായ്പ കിട്ടില്ല. പരുത്തിക്ക് മാത്രമേ കടം തരൂ”, അവർ കൂട്ടിച്ചേർത്തു.

“തങ്ങൾ കൃഷി ചെയ്യുന്ന ഈ വിളവിനെക്കുറിച്ച് കർഷകർക്ക് അറിയില്ല” ദേബിന്‍റെ സഹപ്രവർത്തകനായ ദേബ്‌ദുലാൽ ഭട്ടാചാര്യ ഞങ്ങളോട് പറഞ്ഞു. “വിതയ്ക്കുന്നതുമുതൽ വിളവെടുക്കുന്നതുവരെ എല്ലാ കാര്യത്തിലും അവർക്ക് കമ്പോളത്തിനെ ആശ്രയിക്കേണ്ടിവരുന്നു. ഭൂമി സ്വന്തമാണെങ്കിലും സ്വന്തമായി തീരുമാ‍നമെടുക്കാൻ അവർക്ക് സാധിക്കുന്നില്ല. കർഷകരെന്നാണോ, സ്വന്തം ഭൂമിയിൽ പണിയെടുക്കുന്ന കൂലിക്കാരെന്നാണോ അവരെ വിളിക്കേണ്ടത്?”

പ്രാദേശികമായ ജൈവവൈവിധ്യത്തിന്‍റെയും, അതോടൊപ്പം, ഈ സമ്പന്നമായ മണ്ണിൽ പണിയെടുക്കുകയും അതിനെ നിലനിർത്തുകയും ചെയ്യുന്ന സമൂഹങ്ങളുടേയും ശോഷണമാണ് പരുത്തിയുടെ ഈ വ്യാപനംകൊണ്ട് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തം. കാലാവസ്ഥയുടെ തീവ്രതയേയും അനിശ്ചിതത്വത്തെയും പ്രതിരോധിക്കാനുള്ള ശേഷിയും കാലാവസ്ഥയെ ആശ്രയിക്കുകയും ചെയ്യുന്ന കൃഷി വിജയിക്കണമെങ്കിൽ ഈ രണ്ടും നിർണ്ണായകവുമാണ്.

“പരിസ്ഥിതിയിൽ വരുന്ന മാറ്റം പ്രാദേശികമായ കാലഭേദങ്ങളെ അപ്പാടെ തകിടം മറിക്കുന്നു. നീണ്ടുനിൽക്കുന്ന വരൾച്ച, അകാലത്തിലുള്ള മഴ, ഇടയ്ക്കിടെ അനുഭവപ്പെടുന്ന വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ ഒഡിഷയിലെ കർഷകർ അനുഭവിക്കുന്നു.” തനത് വിളവിനങ്ങൾക്കുപകരം കൃഷിചെയ്യുന്ന പരുത്തിക്കും ആധുനിക നെല്ലിന്‍റെയും പച്ചക്കറികളുടെയും പുതിയ ഇനങ്ങൾക്കും “പ്രാദേശികമായ കാലാവസ്ഥകളെ അതിജീവിക്കാനുള്ള നൈസർഗ്ഗികമായ ശേഷിയില്ല. തന്മൂലം, വിളകളുടെ അതിജീവനവും, പരാഗണവും, ഉത്പാദനക്ഷമതയും, ആത്യന്തികമായി ഭക്ഷ്യസുരക്ഷയും അനിശ്ചിതാവസ്ഥയിലാവുന്നു”, ദേബ് പറഞ്ഞു.

പ്രദേശത്തെ മഴയുടെ അളവും, കർഷകർ നൽകുന്ന വിവരങ്ങളും എല്ലാം സൂചിപ്പിക്കുന്നത് കാലാവസ്ഥയുടെ ഈ കീഴ്മേൽമറിയൽ കൂടുന്നുവെന്നുതന്നെയാണ്. 2014-18-ൽ ജില്ലയിലെ ശരാശരി വാർഷിക മഴയുടെ അളവ് 1,385 മില്ലീമീറ്റർ ആയിരുന്നു. 1,034 മില്ലിമീറ്റർ മഴ കിട്ടിയ 1996-2000 വർഷത്തേക്കാൾ 34 ശതമാനം കൂടുതലാണ് അത് (ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെയും, കേന്ദ്ര പരിസ്ഥിതി- വനം- കാലാവസ്ഥാമാറ്റ വകുപ്പിന്‍റെയും കണക്കിനെ അടിസ്ഥാനപ്പെടുത്തിയത്). മാത്രമല്ല, ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ടെക്നോളജിയിലെ ഗവേഷകർ 2019-ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്: “ഒഡിഷയിൽ, ശക്തവും അതിതീവ്രവുമായ മഴദിനങ്ങളും വരണ്ട ദിനങ്ങളും കൂടുകയും, ചെറുതും മിതവുമായ മഴദിനങ്ങളും ഈർപ്പമുള്ള ദിവസങ്ങളും കുറയുന്നു”വെന്നുമാണ്.

PHOTO • Chitrangada Choudhury
PHOTO • Chitrangada Choudhury
PHOTO • Chitrangada Choudhury

ജനിതകമാറ്റം വരുത്തിയ പരുത്തിയും അനുബന്ധ കാർഷിക രാസവസ്തുക്കളും തങ്ങളുടെ തനത് വിത്തിനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് കുനുജി കുലുസികയെ (നടുക്ക്) അലട്ടുന്നത്; മണ്ണിനെയും മറ്റ് കാർഷികരൂപങ്ങളെയും (വലത്ത്) അത് ബാധിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു

“കഴിഞ്ഞ മൂന്ന് വർഷമായി വളരെ വൈകിയാണ് മഴ വരുന്നത്”, അയൽജില്ലയായ കോരാപുട്ടിലെ കൃഷിക്കാരനും സജീവപ്രവർത്തകനുമായ ശരണ്യ നായക് ഞങ്ങളോട് പറഞ്ഞു. “കാലവർഷത്തിന്‍റെ ആദ്യഘട്ടത്തിൽ വളരെ കുറഞ്ഞ മഴയും, പകുതിക്കുവെച്ച് അതിശക്തമായ മഴയും, അവസാനഘട്ടമാവുമ്പോഴേക്കും നല്ല മഴയുമാണ് ഉണ്ടാവുന്നത്”. തന്മൂലം, നടീൽ വൈകുകയും, നിർണ്ണായകമായ മധ്യഘട്ടത്തിൽ തീരെ സൂര്യപ്രകാശമില്ലാതാവുകയും, വിളവെടുക്കുമ്പോഴുണ്ടാകുന്ന കനത്ത മഴയിൽ വിളവുകൾ നശിച്ചുപോവുകയും ചെയ്യുന്നു എന്നർത്ഥം.

പ്രദേശത്തെ ഭക്ഷ്യ-കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന ലിവിംഗ് ഫാംസ് എന്ന സർക്കാരിതര സംഘടനയിലെ ദേബജീത്ത് സാരംഗി പറയുന്നു: ജൂൺ പകുതി മുതൽ ഒക്ടോബർവരെയാണ് ഈ പ്രദേശത്തെ കാലവർഷക്കാലം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷമായി ഇത് തെറ്റുകയാണ്”. പരുത്തിയേക്കാൾ, ഈ കാലാവസ്ഥാമാറ്റവുമായി കൂടുതൽ പൊരുത്തപ്പെടാൻ ശേഷിയുള്ളത്, തനത് ഭക്ഷ്യവിളകളിൽ അടിസ്ഥാനപ്പെടുത്തിയ ഒഡിഷയുടെ വൈവിധ്യകൃഷി രീതികൾക്കാണെന്ന് സാരംഗിയും നായകും സമർത്ഥിക്കുന്നു. “ഒന്നിലധികം വിളകൾ കൃഷിചെയ്യുന്ന കർഷകർക്ക് അസ്ഥാനത്തുള്ള ഈ കാലാവസ്ഥാക്രമത്തെ ചെറുക്കാൻ കഴിയുമെന്നത് ഞങ്ങൾക്ക് അനുഭവമുള്ളതാണ്”, സാരംഗി പറയുന്നു. ജനിതകമാറ്റം വരുത്തിയ പരുത്തി ഒറ്റക്കൃഷിയായി ചെയ്യുന്നതിലൂടെ കമ്പോളവുമായി ബന്ധപ്പെടുന്ന കർഷകർ ഒരു ടൈം ബോംബിന്‍റെ മുകളിലാണ് ഇരിക്കുന്നത്”

*****

ജനിതകമാറ്റം വരുത്തിയ ഏകകൃഷിയിൽ ഏർപ്പെടുമ്പോഴും, അവയുടെ വ്യാപനം ഭക്ഷ്യസുരക്ഷയ്ക്കും കൃഷിയുടെ സ്വാശ്രയത്വത്തിനും വരുത്തുന്ന അപകടങ്ങളെക്കുറിച്ച് പല കർഷകർക്കും അറിയാം. അതേസമയം, തങ്ങളുടെ പരമ്പരാഗത കൃഷി ഉപേക്ഷിക്കരുതെന്ന് നിർബന്ധമുള്ള മറ്റ് പലരുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. നിയം‌ഗിരിയുടെ പശ്ചാത്തലത്തിലുള്ള കേരണ്ടിഗുഡ എന്ന ഗ്രാമത്തിലെ കുനുജി കുലുസിക എന്ന കോന്ധ് ആദിവാസി സ്ത്രീ അവരുടെ മകൻ സുരേന്ദ്രയെ പരുത്തിക്കൃഷിയിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ കാണുകയുണ്ടായി.

മലയടിവാരത്ത്, ഒന്നിലധികം കൃഷികൾ ചെയ്യുന്ന ഒരു ചെറിയ സ്ഥലത്ത്, നഗ്നപാദയായി, പണിയിൽ മുഴുകിനിൽക്കുകയായിരുന്നു ഞങ്ങൾ കാണുമ്പോൾ അവർ. ബ്ലൗസില്ലാതെ, മുട്ടറ്റമുള്ള സാരി മാത്രം ധരിച്ച്, തലമുടി വശത്തേക്ക് കെട്ടിവെച്ച് പണിയെടുക്കുന്ന കുനുജിയെ കണ്ടാൽ, ‘പിന്നാക്കാവസ്ഥയിൽനിന്ന്’ രക്ഷപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് സർക്കാരും കോർപ്പറേറ്റുകളും സർക്കാരിതര സംഘടനകളും അവരുടെ പരസ്യങ്ങളിൽ ചിത്രീകരിക്കുന്ന മാതൃകാ ആദിവാസി സ്ത്രീയുടെ അതേ രൂപമായിരുന്നു. എന്നാൽ, ശേഷിയും ഏറെ വികസിച്ച കൃഷിയറിവുകളുമുള്ള കുനുജിയെപ്പോലെയുള്ളവർ ക്രമേണ അപ്രത്യക്ഷരാവുന്നത്, കാലാവസ്ഥാമാറ്റവുമായി മല്ലിടുന്ന ലോകത്തെ സംബന്ധിച്ചിടത്തോളം ദുരന്തമായിരിക്കും.

പരുത്തിയിലേക്ക് മാറാൻ എന്തുകൊണ്ട് ഭയപ്പെടുന്നു എന്ന് വിശദീകരിച്ചുകൊണ്ട് കുനുജി പറഞ്ഞു: “സ്വന്തം കൃഷി ഒരുവർഷത്തേക്കുപോലും ഉപേക്ഷിച്ചാൽ, എങ്ങിനെയാണ് വിത്തുകൾ മുളപ്പിക്കുക? അവ നമുക്ക് നഷ്ടമാവും. സാധാരണയായി ചോളം കൃഷി ചെയ്യുന്ന സ്ഥലത്ത്, കഴിഞ്ഞ വർഷം സുരേന്ദ്ര കുറച്ച് പരുത്തി വളർത്തി. ഇത് തുടർന്നുപോയാൽ, ഭാവിയിൽ കൃഷി ചെയ്യാൻ ചോളത്തിന്‍റെ വിത്തുകൾ തീരെ കിട്ടാതാവും”.

പരുത്തിയിലേക്ക് മാറാൻ എന്തുകൊണ്ട് ഭയപ്പെടുന്നു എന്ന് വിശദീകരിച്ചുകൊണ്ട് കുനുജി പറഞ്ഞു: 'സ്വന്തം കൃഷി ഒരുവർഷത്തേക്കുപോലും ഉപേക്ഷിച്ചാൽ, എങ്ങിനെയാണ് വിത്തുകൾ മുളപ്പിക്കുക? അവ നമുക്ക് നഷ്ടമാവും'

വീഡിയോ നോക്കുക : ‘പരുത്തിവിത്തുകൾ എനിക്കുള്ളതല്ല’ എന്ന് പറഞ്ഞുകൊണ്ട് കുനുജി കുലുസിക എന്ന കോന്ധ് കർഷക തന്‍റെ തനത് ഭക്ഷ്യവിളകൾ ഞങ്ങൾക്ക് കാണിച്ചുതരുന്നു”

പാരമ്പര്യവിത്തുകളെക്കുറിച്ച് ഞങ്ങൾ സൂചിപ്പിച്ചപ്പോൾ കുനുജിക്ക് വലിയ ആവേശമായി. വീട്ടിലേക്ക് ഓടിപ്പോയി മുളങ്കൊട്ടകളിലും പ്ലാസ്റ്റിക്ക് പാത്രങ്ങളിലും തുണിസഞ്ചികളിലും സൂക്ഷിച്ചിരുന്നതും കുടുംബം വളർത്തിയെടുത്തതുമായ വിവിധയിനം കാർഷികവിളകളുമായി അവർ പുറത്ത് വന്നു. ആദ്യത്തേത്: രണ്ട് ഇനം തുവരപ്പരിപ്പുകൾ “ഭൂമിയുടെ ചെരിവിനെ ആശ്രയിച്ച് വിതയ്ക്കേണ്ടവ. അടുത്തത്: നെല്ല്, കടുക്, നിലക്കടല, ഉഴുന്ന്, രണ്ടിനം പയർ എന്നിവ. പിന്നെ, രണ്ടിനം ധാന്യങ്ങളുടെ വിത്തുകൾ, ഒന്ന് ചോളത്തിന്‍റെയും കരിഞ്ചീരകത്തിന്‍റെയും. ഒടുവിലായി, ഒരു ചാക്ക് സിയാലി വിത്തുകൾ (ഒരു വനവിഭവം). “മഴ കൂടുതലാണെങ്കിൽ, ഞങ്ങൾക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ല. അപ്പോൾ ഞങ്ങളിത് വറുത്ത് തിന്നും”, അവർ പറഞ്ഞു. ഞങ്ങൾക്ക് കുറച്ച് സിയാലി വിത്തുകൾ വറുത്ത് തരികയും ചെയ്തു അവർ.

ഒരൊറ്റ സ്ഥലത്തുമാത്രം, വർഷത്തിൽ 70-ഉം 80-ഉം വിളകൾ കൃഷിചെയ്യാൻ മാത്രം വളരെ വിപുലമായ കാർഷിക-പാരിസ്ഥിതിക വിജ്ഞാനമുള്ളവരായിരുന്നു കോന്ധുകളടക്കമുള്ള  ആദിവാസിഗോത്രങ്ങൾ. പയർവർഗ്ഗങ്ങളും ധാന്യങ്ങളും വേരുകളും, കിഴങ്ങുകളും ചാമയുമൊക്കെ അവർ കൃഷിചെയ്യാറുണ്ടെന്ന് ലിവിംഗ് ഫാമിലെ പ്രദീപ് പാത്ര പറഞ്ഞു. “ഇപ്പോഴും ചില ഭാ‍ഗങ്ങളിലൊക്കെ അവ കൃഷി ചെയ്യുന്നുണ്ടെങ്കിലും, പൊതുവെ, കഴിഞ്ഞ 20 വർഷക്കാലമായി, പരുത്തിയുടെ വരവോടെ, ഇത്തരം വിത്തുകളുടെ വൈവിധ്യമൊക്കെ നശിച്ചുപോയി.

രാസപ്രയോഗങ്ങളുടെ പ്രത്യാഘാതത്തെയും കുനുജി ഭയപ്പെടുന്നു. പാരമ്പര്യകൃഷിക്ക് ആദിവാസികൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഈ രാസവളങ്ങൾ പരുത്തിക്കൃഷിക്ക് അത്യന്താപേക്ഷിതമാണ്. “ആ കീടനാശിനികളും രാസവളങ്ങളുമെല്ലാം സുരേന്ദ്ര പരുത്തിച്ചെടികളിൽ ഇടുന്നുണ്ട്. അത് നമ്മുടെ മണ്ണിനെ നശിപ്പിച്ച് അവയിലെ എല്ലാ ജീവികളേയും കൊന്നുകളയില്ലേ? എന്‍റെ തൊട്ടടുത്തുള്ള കൃഷിഭൂമിയിൽ ഇത് ഞാനെന്‍റെ കണ്ണുകൊണ്ട് കണ്ടതാണ് - അവർ റാഗി നടാൻ പോയപ്പോൾ. അത് വിളഞ്ഞില്ല. മുരടിച്ചുപോയി”.

കളനാശിനിയെ ആശ്രയിക്കുന്ന പരുത്തിവിത്തുകൾക്ക് ഇന്ത്യയിൽ അനുമതിയില്ലെങ്കിലും, റായ്ഗഢിൽ അത്, ഗ്ലൈഫോസേറ്റ് പോലെയുള്ള- ഒരുപക്ഷേ കാൻസറുണ്ടാക്കാവുന്ന – കളനാശിനികളോടൊപ്പം കാട്ടുതീപോലെ വ്യാപിക്കുകയാണ്. “കളനാശിനികളുടെ നിരന്തരമായ ഉപയോഗം മൂലം, കുറ്റിച്ചെടികളടക്കമുള്ള മറ്റ് ചെടികളും പുൽ‌വർഗ്ഗങ്ങളുമൊക്കെ പാടങ്ങളിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിനാൽ, കൃഷിയിതര സസ്യങ്ങളെ ആശ്രയിക്കുന്ന പൂമ്പാറ്റകളും പുഴുക്കളുമൊക്കെ ഇല്ലാതായിവരുന്നു”.

“ഈ പ്രദേശത്തിന്‍റെ പാരിസ്ഥിതിക വിജ്ഞാനവും, ജൈവവൈവിധ്യവും വലിയ തോതിൽ ശോഷിച്ചിരിക്കുന്നു. കൂടുതൽക്കൂടുതൽ കർഷകർ അവരുടെ പരമ്പരാഗതമായ വൈവിധ്യകൃഷിരീതികളും വനവത്ക്കരണവുമൊക്കെ ഉപേക്ഷിച്ച്, കീടനാശിനികളെ ആശ്രയിക്കുന്ന ഏകകൃഷിരീതികളിലേക്ക് ചുവട് മാറ്റിയിട്ടുണ്ട്. പരുത്തി കർഷകരും കളനാശിനികൾ ഉപയോഗിക്കുന്നുണ്ട്. ഏതെല്ലാം പ്രാണികളാണ് യഥാർത്ഥത്തിൽ കളകൾ, ഏതൊക്കെയാണ് അല്ലാത്തത് എന്നൊന്നും അവരിൽ മിക്കവർക്കുമറിയില്ല. അതിനാൽ, എല്ലാ പ്രാണികളേയും അവർ കളനാശിനി തളിച്ച് കൊല്ലുന്നു”.

“പരുത്തിയിലേക്ക് ചുവട് മാറ്റിയതോടെ, എല്ലാ പ്രാണികളേയും പക്ഷികളേയും മൃഗങ്ങളേയും ഒരൊറ്റ കണ്ണിലൂടെ മാത്രം – വിളകളുടെ ശത്രു എന്ന നിലയിൽ മാത്രം – വീക്ഷിക്കാൻ തുടങ്ങി. അപ്പോൾപ്പിന്നെ, എല്ലാ കീടനാശിനികളും സുലഭമായി ഉപയോഗിക്കാനുള്ള ന്യായമായല്ലോ”, ശരണ്യ നായക് പറഞ്ഞു.

ആളുകൾ അതിന്‍റെ ദൂഷ്യഫലങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും പരുത്തി കൃഷി ചെയ്യുകയാണെന്ന് കുനുജി തിരിച്ചറിയുന്നുണ്ട്. “ഒറ്റയടിക്ക് കുറച്ചധികം പൈസ കിട്ടുന്നതിനാൽ അവർ അതിലേക്ക് ആകർഷിക്കപ്പെടുന്നു” അവർ പറഞ്ഞു.

PHOTO • Chitrangada Choudhury

ജനിതകവ്യത്യാസം വരുത്തിയ പരുത്തിയുടെ ഏകകൃഷിയും (മുകളിൽ), അനുബന്ധ കീടനാശിനികളും (താഴെ) വ്യാപിച്ച്, റായ്ഗഢിന്‍റെ സമ്പന്നമായ ജൈവവൈവിധ്യത്തിന് പരിഹാരമില്ലാത്ത ഭീഷണിയുയർത്തുന്നു

“വിത്തുകൾ, കന്നുകാലികൾ, തൊഴിലാളികൾ എന്നിവയൊക്കെ കർഷകർ പൊതുവെ സാമൂഹികമായി പങ്കിട്ടായിരുന്നു പരമ്പരാഗത കൃഷിയിൽ ഉപയോഗിച്ചുവന്നിരുന്നത്. പരമ്പരാഗത കൃഷിക്ക് പകരം, പരുത്തിക്കൃഷി രംഗം കൈയ്യടക്കിയതോടെ ആ രീതിയും പതുക്കെ ഇല്ലാതായി” എന്ന് പാത്ര പറഞ്ഞു. “ഇന്ന് കർഷകർ പലിശപ്പണക്കാരെയും വ്യാപാരികളെയുമാണ് ആശ്രയിക്കുന്നത്”

ജില്ലയിലെ, പേർ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കാർഷികോദ്യോഗസ്ഥനും പാത്രയുടെ അഭിപ്രായത്തെ പിന്താങ്ങി. 1990-കളിൽ, ഇവിടുത്തെ ഗ്രാമങ്ങളിൽ പരുത്തിയെ പരിചയപ്പെടുത്തിയതും പ്രചരിപ്പിച്ചതും സംസ്ഥാനമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. അതിനുശേഷം, സമീപത്തുള്ള ആന്ധ്രപ്രദേശിൽനിന്ന് സ്വകാര്യ വിത്ത് ഇടപാടുകാരും കാർഷിക-രാസവളക്കാരും സജീവമായി. വ്യാജവും‍ അനധികൃതവുമായ വിത്തുകളുടെ വ്യാപനവും വർദ്ധിച്ചുവരുന്ന രാസവളങ്ങളുടെ ഉപയോഗവും സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും അതിനെതിരായി ഒരു നടപടിയുമുണ്ടാവുന്നില്ലെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചു. “പരുത്തി ഇപ്പോൾ വലിയ തലവേദനയായിരിക്കുന്നു”, അയാൾ അഭിപ്രായപ്പെട്ടു.

പക്ഷേ, പണത്തിന്‍റെ പ്രലോഭനമാണ് കൂടുതൽ ശക്തം. പ്രത്യേകിച്ചും ചെറുപ്പക്കാരായ കർഷകർക്ക്. കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസവും ആധുനിക ഫോണുകളും, മോട്ടോർബൈക്കുകളും ഒക്കെ അവരെ അതിലേക്ക് ആകർഷിക്കുന്നു. കൂട്ടത്തിൽ, അച്ഛനമ്മമ്മാരുടെ പഴയ കൃഷിരീതികളോടുള്ള അസഹിഷ്ണുതയും. ഇക്കൊല്ലം കമ്പോളം മോശമായാലും അടുത്തകൊല്ലം സ്ഥിതി മറിച്ചാവും എന്നാണവരുടെ പ്രതീക്ഷ.

പക്ഷേ, അത്ര വേഗത്തിൽ ക്ഷമിക്കുന്ന ഒന്നല്ല, പരിസ്ഥിതി.

“രോഗങ്ങളെക്കുറിച്ചും ആശുപത്രിചികിത്സകൾ പതിവാകുന്നതിനെക്കുറിച്ചും അധികം വിവരങ്ങൾ പുറത്ത് ലഭ്യമല്ല. നാഡീ-വൃക്കാ സംബന്ധമായ രോഗങ്ങളാൽ ധാരാളം പേർ ബുദ്ധിമുട്ടുന്നുണ്ട്” ദേബ് പറഞ്ഞു. “ഓർഗാനോ ഫോസ്ഫേറ്റ്, ഗ്ലൈഫോസേറ്റ് രാസവളങ്ങളുടെ ഉപയോഗമാവണം ഇതിന് പിന്നിലെന്ന് എനിക്ക് തോന്നുന്നു. ജില്ലയിൽ അവയുടെ ഉപയോഗം വ്യാപകമാണ്”.

കൃത്യമായ അന്വേഷണം നടത്താതെ, അത്തരം നിഗമനങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്ന് ഡോ. ജോൺ ഉമ്മൻ പറയുന്നു. ബിസ്സംകട്ടക്കിലെ 54 വർഷം പഴക്കമുള്ള ക്രിസ്ത്യൻ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ആളാണ് അദ്ദേഹം. “മലേറിയ പോലുള്ള സാംക്രമിക രോഗങ്ങളിലാണ് ഇപ്പോഴും സർക്കാരിന്‍റെ ശ്രദ്ധ. പക്ഷേ ഗോത്രജനതയിൽ ഇപ്പോൾ ഏറ്റവുമധികം പടർന്നുപിടിക്കുന്നത്, ഹൃദയ- വൃക്കസംബന്ധമായ രോഗങ്ങളാണ്”.

“എല്ലാ സ്വകാര്യാശുപത്രികളും ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. ലാഭമുള്ള കച്ചവടമാണത്. ഇത്രവലിയ അളവിൽ വൃക്കരോഗങ്ങൾ ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്നുള്ള അന്വേഷണമാണ് വേണ്ടത്. നൂറുകണക്കിന് വർഷങ്ങളായി നിലനിന്നുപോരുന്ന സമുദായങ്ങൾ, തീരെ നിനച്ചിരിക്കാതെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചേർന്നതിനെക്കുറിച്ച് ഉമ്മൻ ആശങ്ക പ്രകടിപ്പിച്ചു.

*****

ആ ആഴ്ച, ഇളംചൂടുള്ള ഒരു പ്രഭാതത്തിൽ നിയംഗിരി മലകളിൽ‌വെച്ച് ഒബി നാഗ് എന്ന് പേരായ മദ്ധ്യവയസ്കനായ ഒരു കോന്ധ് ആദിവാസി കർഷകനെ ഞങ്ങൾ കണ്ടുമുട്ടി. ഒരു ലോഹപ്പാത്രവും ഗ്ലൈസലിന്‍റെ (മഹാരാഷ്ട്രയിലെ എക്സൽ ക്രോപ്പ് കേർ ലിമിറ്റഡ് എന്ന സ്ഥാപനം നിർമ്മിക്കുന്ന ഗ്ലൈഫോസേറ്റ് ഉപയോഗിച്ചുള്ള ഒരു ലായനി) ഒരു ലിറ്റർ കുപ്പിയുമായി സ്വന്തം കൃഷിയിടത്തേക്ക് പോവുകയായിരുന്നു അയാൾ.

കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു തളിക്കൽ യന്ത്രം അയാൾ തന്‍റെ മുതുകത്ത് കെട്ടിവെച്ചിരുന്നു. തന്‍റെ കൃഷിയിടത്തിന്‍റെ അടുത്തുള്ള ഒരു കാട്ടരുവിയുടെ അടുത്തെത്തിയപ്പോൾ അയാൾ നടത്തം നിർത്തി, തോളിൽനിന്ന് ആ യന്ത്രമിറക്കിവെച്ച്, കൈയ്യിലുള്ള പാത്രം കൊണ്ട് അതിൽ വെള്ളം നിറച്ചു. കടക്കാരന്‍റെ നിർദ്ദേശമനുസരിച്ച് ആ വെള്ളത്തിൽ രണ്ട് കപ്പ് ഗ്ലൈഫോസേറ്റ് കലക്കി, നന്നായി ഇളക്കി, വീണ്ടും യന്ത്രം തോളത്തേന്തി കൃഷിസ്ഥലത്തെത്തി, തളിക്കാൻ തുടങ്ങി. “മൂന്ന് ദിവസത്തിനകം ഈ പുല്ലൊക്കെ നശിക്കും. അപ്പോൾ പരുത്തി നടാൻ പാകമാകും ഭൂമി”, അയാൾ പറഞ്ഞു.

PHOTO • Chitrangada Choudhury

ഒരു ജൂലായ് മാസം രാവിലെ , നിയംഗിരി മലകളിൽ വെച്ച് , ഒബി നാഗ് എന്ന അർദ്ധനഗ്നനായ മനുഷ്യൻ ഒരു കുപ്പി ഗ്ലൈഫോസേറ്റ് തുറന്ന് , സമീപത്തുള്ള കാട്ടരുവിയിൽനിന്ന് അല്പം വെള്ളം അതിൽ കലക്കി , തളിയന്ത്രത്തിൽ നിറച്ച് , ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷി ചെയ്യാൻ പാകത്തിൽ തന്‍റെ കൃഷിയിടത്തിൽ തളിക്കുന്നു ( ഇടത്തും നടുവിലും ); മൂന്ന് ദിവസത്തിനുശേഷം , അയാളുടെ കൃഷിയിടത്തിലെ സസ്യങ്ങൾ ചീഞ്ഞ്നിൽക്കുന്നു ( വലത്ത് )

ഗ്ലൈഫോസേറ്റിന്‍റെ കുപ്പിയിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ഗുജറാത്തിയിലും മുന്നറിയിപ്പുകൾ എഴുതിയിട്ടുണ്ട്. ഭക്ഷണപദാർത്ഥങ്ങളുടെയും ഒഴിഞ്ഞ ഭക്ഷണപാത്രങ്ങളുടേയും മൃഗങ്ങൾക്കുള്ള ഭക്ഷണങ്ങളുടേയും സമീപത്ത് വെക്കരുത്; മുഖം, കണ്ണ്, ചർമ്മം എന്നിവിടങ്ങളിൽ ആവാതെ നോക്കുക; തളിക്കുമ്പോൾ ശ്വസിക്കാതെ ശ്രദ്ധിക്കുക; കാറ്റിന്റെ ഗതി നോക്കി തളിക്കുക, രാസപദാർത്ഥം വസ്ത്രത്തിലോ ശരീരത്തിലോ ആയിട്ടുണ്ടെങ്കിൽ വൃത്തിയായി കഴുകുക; വെള്ളത്തിൽ കലർത്തുമ്പോഴും തളിക്കുമ്പോഴും സുരക്ഷാഉപകരണങ്ങൾ (കൈയ്യുറ, മുഖാവരണം എന്നിവ) ധരിക്കുക എന്നിങ്ങനെയാണ് മുന്നറിയിപ്പുകൾ.

അരയിലൊരു തുണി ഒഴിച്ച് മറ്റ് വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല നാഗിന്‍റെ ദേഹത്ത്. അയാൾ തളിക്കുന്ന ലായനി കാറ്റത്ത് ഞങ്ങളുടെ ദേഹത്തും അയാളുടെ കൃഷിയിടത്തിന് മധ്യത്തിലുള്ള മരത്തിലും, സമീപത്തെ കൃഷിയിടത്തിലും സമീപത്തുകൂടി ഒഴുകി അടുത്തുള്ള പാടങ്ങളിലേക്കെത്തുന്ന അരുവിയിലും വീഴുന്നുണ്ടായിരുന്നു. ആ അരുവിയുടെ സമീപഭാഗങ്ങളിലായി ഏതാണ്ട് പത്തോളം വീടുകളും കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു പമ്പും സ്ഥിതി ചെയ്തിരുന്നു.

മൂന്ന് ദിവസത്തിനുശേഷം ഞങ്ങൾ നാഗിന്‍റെ കൃഷിയിടത്തിൽ വീണ്ടും എത്തി. ഒരു ചെറിയ ആൺകുട്ടി പശുക്കളെ പുല്ല് മേയ്ച്ചുകൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഗ്ലൈഫോസേറ്റ് പശുക്കളെ ബാധിക്കില്ലേ എന്ന് ചോദിച്ചപ്പോൾ, “ഇല്ല. ഇന്നേക്ക് മൂന്ന് ദിവസമായില്ലേ, തളിച്ച ദിവസംതന്നെ പുല്ല് തിന്നിരുന്നെങ്കിൽ ഒരുപക്ഷേ അസുഖങ്ങൾ വരികയോ ചാവുകയോ ചെയ്തേനേ” എന്നായിരുന്നു അയാളുടെ മറുപടി.

പുതുതായി ഒരു കൃഷിയിടത്തിൽ ഗ്ലൈഫോസേറ്റ് തളിച്ചിട്ടുണ്ടോ എന്ന് എങ്ങിനെയറിയാം എന്ന ഞങ്ങളുടെ ചോദ്യത്തിന് “പുതുതായി തളിച്ചതാണെങ്കിൽ കർഷകർ ഞങ്ങളോട് പറയും” എന്നായിരുന്നു അവൻ മറുപടി പറഞ്ഞത്. കഴിഞ്ഞ വർഷം അടുത്തുള്ള ഗ്രാമത്തിൽ ചില കന്നുകാലികൾ ആ വിധത്തിൽ ചത്തുപോയിരുന്നുവെന്ന് ആ കുട്ടിയുടെ അച്ഛൻ ഞങ്ങളോട് പറഞ്ഞു.

നാഗിന്‍റെ കൃഷിയിടത്തിലെ പുല്ലുകളൊക്കെ വാടിക്കരിഞ്ഞിരുന്നു. പരുത്തിക്കൃഷിക്ക് തയ്യാറെടുത്ത് നിൽക്കുകയായിരുന്നു ആ ഭൂമി.

കുറച്ചുകാലം മുമ്പുവരെ ഭക്ഷ്യവിളകൾ കൃഷി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ജനിതകമാറ്റം വരുത്തിയ പരുത്തിയാണ് വളർത്തുന്നതെന്ന് , റായ്ഗഢിലെ ഗുണുപുർ ബ്ലോക്കിലെ സവോര ആദിവാസി പാട്ടക്കൃഷിക്കാരിയായ മോഹിനി സബാര പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: രാജീവ് ചേലനാട്ട്

Reporting : Aniket Aga

Aniket Aga is an anthropologist. He teaches Environmental Studies at Ashoka University, Sonipat.

Other stories by Aniket Aga
Reporting : Chitrangada Choudhury

Chitrangada Choudhury is an independent journalist.

Other stories by Chitrangada Choudhury

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Series Editors : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat