മഞ്ഞുകാലത്തെ തണുത്ത കാറ്റ് വീശുന്നു. റോഡിലെ പൊടിയൊക്കെ മഴമൂലം ചെളിയായിരിക്കുന്നു.  സിംഘുവിലെ സമരസ്ഥലത്തേക്കുള്ള ഇടുങ്ങിയ വഴിയുടെ ചില ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നു. ഇതുവഴി നടക്കുന്നവർക്ക് ചെളിയിൽ ചവിട്ടുന്നത് ഒഴിവാക്കാനാകില്ല. അവരുടെ ഷൂവും ചെരുപ്പുമൊക്കെ ചെളിയിൽ പുതയുന്നു.

ഹരിയാന-ഡൽഹി അതിർത്തിയിലുള്ള സിംഘു സമര സ്ഥലത്തെ വിവിധ കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്‌ത കിസാൻ മോർച്ചയുടെ വേദി കടന്നുപോകുമ്പോൾ അവർക്ക് അല്പം ആശ്വാസം ലഭിക്കുന്നു. ഏകദേശം 100  മീറ്റർ മുന്നോട്ടുമാറി ജസ്വിന്ദർ സിംഗ് സൈനിയും പ്രകാശ് കൗറും അവരുടെ പാദരക്ഷകൾ വൃത്തിയാക്കി പോളിഷ് ചെയ്തു നല്‍കുന്നതിനായി ഇരിക്കുന്നു.

“1986-ൽ ഒരു കുഞ്ഞുണ്ടായി ഞങ്ങൾ അനുഗ്രഹിക്കപ്പെട്ട ദിവസം ഞാൻ സ്വയം മാനവികതയ്ക്കുവേണ്ടി സമർപ്പിക്കാൻ തീരുമാനിച്ചു”, കരകൗശലവസ്തുക്കള്‍ കയറ്റുമതി ചെയ്യുന്ന ബിസിനസ്സുകാരനായ 62-കാരന്‍ ജസ്വിന്ദർ പറഞ്ഞു.

അങ്ങനെ ഏകദേശം 35 വർഷങ്ങളായി ആരാധനക്കെത്തുന്നവരുടെ പാദരക്ഷകൾ വൃത്തിയാക്കുന്നതിനായി ഈ ദമ്പതികൾ ഗുരുദ്വാരകളിൽ പോയിവരുന്നു. ഇപ്പോൾ ഡൽഹിയിൽ വസിക്കുന്ന ഇവരുടെ നാലംഗ കുടുംബത്തിന് ഹരിയാനയിലെ അംബാലാ ജില്ലയിലെ നാരായണ്‍ഗഢിൽ  20 ഏക്കർ ഭൂമിയുണ്ട്.

“എന്‍റെ ഭാര്യ, എന്‍റെ പങ്കാളി, ഒരാൾക്കു സങ്കൽപ്പിക്കാൻ കഴിക്കുന്നതിനപ്പുറം സേവനമനുഷ്ടിച്ചിട്ടുണ്ട്”, ‘സേവാദാറു’കളായി (ഗുരുദ്വാരകളിലും മറ്റു സാമൂഹികപരിപാടികളിലും സന്നദ്ധസേവനമനുഷ്ഠിക്കുന്നവർ) സമര്‍പ്പിക്കപ്പെട്ട ദശകങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് ജസ്വിന്ദർ പറഞ്ഞു. അമ്പതുകളിൽ എത്തിനില്‍ക്കുന്ന പ്രകാശ് അദ്ദേഹം സംസാരിക്കുമ്പോള്‍ ഒരു ജോഡി പാദരക്ഷകള്‍ തുടച്ചു വൃത്തിയാക്കുകയായിരുന്നു.

സിംഘുവിലെ സൗജന്യ പാദരക്ഷ വൃത്തിയാക്കല്‍ സേവനം : വീഡിയോ കാണുക

ഡൽഹിയുടെ കവാടങ്ങളിൽ നിലവില്‍ ലഭ്യമായ എണ്ണമറ്റ സൗജന്യ ‘സേവ’കളിൽ - മാനവികതയുടെ സേവനം - ഒന്നാണ് ഇവരുടെ സഹായങ്ങളും. കർഷകരിൽ നിന്നും സൈനിയെ പോലെയുള്ള സന്നദ്ധപ്രവർത്തകരിൽ നിന്നുമുള്ള ഈ സേവനങ്ങൾ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ളവകൂടിയാണ്.

സിംഘുവിലും ഡൽഹിയുടെ പരിസരങ്ങളിലുള്ള പല സമരസ്‌ഥലങ്ങളിലും ലക്ഷക്കണക്കിനു കർഷകർ മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തി വരുന്നു. 2020 ജൂണ്‍ അഞ്ചിന് ഈ നിയമങ്ങൾ ആദ്യം ഓർഡിനൻസുകളായാണ് പാസ്സാക്കപ്പെട്ടത്. പിന്നീട് അവ കാർഷികബില്ലുകളായി സെപ്തംബർ പതിനാലിനു പാർലമെന്‍റിൽ അവതരിപ്പിക്കുകയും അതേ മാസം ഇരുപതിനു തന്നെ ധൃതി പിടിച്ചു നിയമങ്ങള്‍ ആക്കുകയുമായിരുന്നു. വില ഉറപ്പാക്കുന്നതും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ചകാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ നിയമം, 2020 ; കാര്‍ഷിക വിള വിപണനവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതുംസുഗമമാക്കുന്നതും) സംബന്ധിച്ച നിയമം 2020 ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നിവയാണ് പാസാക്കിയ പുതിയ നിയമങ്ങൾ.

ഈ മൂന്നു നിയമങ്ങളെയും കർഷകര്‍ കാണുന്നത് തങ്ങളുടെ ഉപജീവനമാർഗം നശിപ്പിക്കുന്നവയായിട്ടാണ്. എന്തുകൊണ്ടെന്നാല്‍ ഈ നിയമങ്ങള്‍ വൻകിട കോർപറേറ്റുകളുടെ  വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ട് അവയ്ക്ക് കൃഷിയുടെമേൽ വലിയ അധികാരം നൽകുമെന്ന് അവര്‍ വിശ്വസിക്കുന്നു. മാത്രമല്ല, കർഷകരുടെ സംരക്ഷണത്തിനുതകുന്ന പ്രധാനപ്പെട്ട വ്യവസ്ഥകളായ മിനിമം താങ്ങു വില (എം.എസ്.പി.), കാർഷിക ഉത്പന്ന വിപണന സമിതികൾ (എ.പി.എം.സി.കൾ), ഭക്ഷ്യധാന്യങ്ങളുടെ സംസ്‌ഥാന സംഭരണം, എന്നിങ്ങനെ പലതിനെയും ഈ മൂന്നു നിയമങ്ങൾ അട്ടിമറിക്കുന്നു. ഭരണഘടനയുടെ 32-ാം വകുപ്പിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് പൗരന്മാരുടെ നിയമപരമായ സഹായം തേടാനുള്ള അവകാശം അസാധുവാക്കുന്നതിനാല്‍ എല്ലാ ഭാരതീയരെയും ബാധിക്കുന്നവയാണ് ഈ നിയമങ്ങൾ എന്നും വിമർശനമുണ്ട്.

രണ്ടുമാസത്തോളമായി തലസ്‌ഥാ നനഗരിയുടെ കവാടങ്ങളിൽ തമ്പടിക്കുന്ന കർഷകരില്‍ ഈ നിയമങ്ങളോടുള്ള ദേഷ്യം പ്രകടമാണ്. കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും തണുപ്പേറിയ ഈ സമയം, ഭരണകൂടത്തിന്‍റെ സഹായ വാഗ്ദാനങ്ങള്‍ നിരസിച്ച്, സ്വയം ഭക്ഷണം പാകം ചെയ്തും പരിപാലിച്ചും ഇവർ ഉണ്ടാക്കിയിരിക്കുന്ന സ്വയം ക്രമീകരണം അത്ഭുതകരമാണ്. ഇത്തരമൊരു സമയത്ത്  ഇവിടെ ലഭിക്കുന്ന പലതരം സേവനങ്ങളും വിലമതിക്കാനാവാത്തതാണ്.

'I cannot usually sit for one hour straight. But once we come here, I clean shoes for six hours and feel no pain while doing so,' says Jaswinder, who suffers from chronic back pain. 'I am a daughter of farmers. I cannot see them in pain. I polish their shoes', says Prakash
PHOTO • Amir Malik
'I cannot usually sit for one hour straight. But once we come here, I clean shoes for six hours and feel no pain while doing so,' says Jaswinder, who suffers from chronic back pain. 'I am a daughter of farmers. I cannot see them in pain. I polish their shoes', says Prakash
PHOTO • Amir Malik

'എനിക്ക് സാധാരണ ഒരു മണിക്കൂർ തുടര്‍ച്ചായി ഇരിക്കുക ബുദ്ധിമുട്ടാണ്, എന്നാൽ ഇവിടെ വന്നു കഴിഞ്ഞാൽ ആറു മണിക്കൂറുകളോളം പാദരക്ഷകൾ വൃത്തിയാക്കാറുണ്ട്, വേദന തോന്നാറുമില്ല,’ വിട്ടുമാറാത്ത പുറംവേദനയനുഭവിക്കുന്ന ജസ്‌വിന്ദർ പറയുന്നു. 'കൃഷിക്കാരുടെ മകളാണ് ഞാൻ. അവർ വേദനിക്കുന്നതു കാണാൻ എനിക്കാവില്ല. ഞാനവരുടെ പാദരക്ഷകള്‍ പോളിഷ് ചെയ്തു നല്‍കുന്നു’, പ്രകാശ് പറഞ്ഞു.

“എല്ലാവരും ജനങ്ങളെ ഏതെങ്കിലുമൊരു രീതിയിൽ സേവിക്കുന്നുണ്ട് - ലങ്കറുകൾ, ആരോഗ്യപരിചരണം, ടെന്‍റുകൾ, റെയിൻകോട്ടുകൾ എന്നിങ്ങനെയുള്ള സേവനങ്ങള്‍ കൊണ്ട്. ഞങ്ങൾ കഴിഞ്ഞ മൂന്നു ദശകങ്ങളിലേറെയായി ചെയ്തുവരുന്നതും ഞങ്ങൾക്ക് ഏറ്റവും നന്നായി ചെയ്യാനാകുന്നതുമായ സേവനം ചെയ്യുന്നു,” ജസ്‌വിന്ദർ പറഞ്ഞു.

“കൃഷിക്കാരുടെ മകളാണ് ഞാൻ. അവർ വേദനിക്കുന്നതു കാണാൻ എനിക്കാവില്ല, ഞാനവരുടെ പാദരക്ഷകള്‍ പോളിഷ് ചെയ്യുന്നു”,   പ്രകാശ് പറഞ്ഞു. അവരുടെ മാതാപിതാക്കളുടെ കുടുംബം ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നാണ്.

“എനിക്ക് സാധാരണ ഒരു മണിക്കൂർ തുടര്‍ച്ചയായി ഇരിക്കുവാൻ സാധ്യമല്ല”, വിട്ടുമാറാത്ത പുറംവേദനയനുഭവിക്കുന്ന ജസ്‌വിന്ദർ കൂട്ടിച്ചേർത്തു. “എന്നാൽ ഇവിടെ വന്നു കഴിഞ്ഞാൽ ആറു മണിക്കൂറിരുന്നു പാദരക്ഷകൾ വൃത്തിയാക്കാറുണ്ട്, വേദന തോന്നാറുമില്ല.”

തന്നെ കടന്നു പോകുന്നവരോടൊക്കെ പാദരക്ഷകള്‍ പോളിഷ് ചെയ്തു നല്‍കാമെന്നു ജസ്വിന്ദർ പറയുന്നു, അവരിൽ പലരും ആദ്യം ലജ്ജിച്ചു മടിച്ചു നിൽക്കുന്നു – “ഓ, അവയിങ്ങു തരൂ. അവ തിളക്കി നല്‍കാം. ഓ, അവയെനിക്ക് തരൂ!”

ശങ്കിച്ചു നിന്ന പ്രായം ചെന്ന ഒരു കർഷകനോട് അദ്ദേഹം വിളിച്ചു പറഞ്ഞു: “ ബാബാജി , ലാവോ ജീ ലാവോ, കോയി ഗാൽ നഹി ജീ , (ബാബാജി, അതു കൊണ്ടുവരൂ, കുഴപ്പമൊന്നുമില്ല).” ആ മുതിര്‍ന്ന മനുഷ്യന്‍ അവിടെനിന്നു പോളിഷ് ചെയ്തു തിളങ്ങുന്ന പാദരക്ഷകളുമായി പോകുന്നു.

“നിങ്ങളൊരു മനുഷ്യൻ, ഞാനുമൊരു മനുഷ്യൻ. നിങ്ങളെന്തിന് ചെളി പുരണ്ട പാദരക്ഷകള്‍ ധരിക്കുന്നു?” ജസ്‌വിന്ദർ അതുവഴി പോകുന്നവരോട് ചോദിക്കുന്നു. അത് ബോധ്യപ്പെട്ട് അവിടെത്തുന്നവര്‍ പാദരക്ഷകൾ അഴിച്ച് അദ്ദേഹത്തിനു കൊടുക്കുമ്പോൾ തങ്ങളുടെ ചെറിയ വിജയത്തിൽ ആഹ്ളാദിച്ചു  ജസ്‌വിന്ദറും  പ്രകാശും പുഞ്ചിരി കൈമാറുന്നു.

ഈ സേവനം നൽകുന്നതിനായി അവരോടൊപ്പം ചില കർഷകരും ചേരുന്നു. പഞ്ചാബില്‍ നിന്നുള്ള രണ്ടു യുവാക്കളും ചില പ്രായം ചെന്നവരും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സിംഘുവിൽ പാദരക്ഷകൾ വൃത്തിയാക്കുന്നു.

Their helping hands are among countless forms of free sewa – service to humanity – on offer at the gates of Delhi. These are now services in solidarity too, from the farmers themselves and from other volunteers like the Sainis
PHOTO • Amir Malik
Their helping hands are among countless forms of free sewa – service to humanity – on offer at the gates of Delhi. These are now services in solidarity too, from the farmers themselves and from other volunteers like the Sainis
PHOTO • Amir Malik

ഡൽഹിയുടെ കവാടങ്ങളിൽ എത്തിയിരിക്കുന്ന എണ്ണമറ്റ സൗജന്യ "സേവാ" - മാനവികതയുടെ സേവനം - പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഇവരുടെ സഹായങ്ങളും. കർഷകരും സൈനിയെപ്പോലുള്ള സന്നദ്ധപ്രവർത്തകരും  ഐക്യദാര്‍ഢ്യം എന്ന നിലയിലും കൂടിയാണ് ഈ സേവനങ്ങള്‍ ചെയ്യുന്നത്.

“ഈ സർക്കാരിനു വലിയ കോർപ്പറേറ്റ് സ്‌ഥാപനങ്ങളെക്കുറിച്ചുമാത്രമേ കരുതലുള്ളൂ എന്ന് നോട്ടു നിരോധനം, ജി.എസ്.റ്റി. (ചരക്കു സേവന നികുതി), വലിയ ബിസിനസ്സുകൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്നിയവയിലൂടെ തെളിയിച്ചിരിക്കുന്നു”, ഒരു ബിസിനസുകാരനും കർഷകനുമായി സ്വയം കരുതുന്ന ജസ്‌വിന്ദർ പറഞ്ഞു.

“വിജയ് മാല്യ, നീരവ് മോദി എന്നിവർ രാജ്യത്തുനിന്ന് ഒളിച്ചോടി, ഇപ്പോൾ മൂന്നു പുതിയ നിയമങ്ങളുണ്ടാക്കി ഞങ്ങളുടെ ജീവിതം തന്നെ അംബാനികൾക്കും അദാനികൾക്കും തീറെഴുതി കൊടുത്തിരിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു. “മനുഷ്യത്വമില്ലാത്ത സർക്കരാണിത്. എന്നാൽ ഞങ്ങൾ കർഷകർക്ക് മനുഷ്യത്വമുണ്ട്.”

“നമ്മൾ മരിച്ചാൽ പോകുന്നയിടത്തേക്ക് നമ്മുടെ പണം വരുമോ? ഇല്ല, നമ്മുടെ പ്രവൃത്തികൾ മാത്രം വരും. അതുകൊണ്ടാണ് ഈ സേവനങ്ങള്‍ ചെയ്യുന്നത്”, പ്രകാശ് പറഞ്ഞു.

“അതു മാത്രമല്ല, ആർക്കെങ്കിലുമെതിരെ ക്രൂരതകൾ നടന്നാൽ അത് എതിർക്കണമെന്നാണ് ഗുരു ഗോബിന്ദ് സിംഗ് ഞങ്ങളെ പഠിപ്പിച്ചത്. നമ്മോടു ചെയ്യുന്ന അന്യായങ്ങൾക്കെതിരെ നമ്മൾ പൊരുതണം. കർഷകരുടെ സമരം അടിച്ചമർത്തലിനെതിരെയുള്ള യുദ്ധമാണ്.”

പാദരക്ഷകൾ വൃത്തിയാക്കികൊണ്ടിരിക്കുമ്പോൾ അത് ഏല്പിച്ചവർ പാദങ്ങളില്‍ ചെളി പറ്റാതെ നിരത്തിയിട്ടിരിക്കുന്ന കാർഡ് ബോർഡുകളിൽ നിൽക്കുന്നു. മിനുക്കിയ ഓരോ ജോഡി പാദരക്ഷകളും അവയുടെ ഉടമസ്‌ഥനെ തിരിച്ചേൽപ്പിക്കുമ്പോൾ ജസ്‌വിന്ദറും പ്രകാശും ആദരവോടെ അവര്‍ക്കുനേരെ തല കുനിക്കുന്നു.

പരിഭാഷ - പി എസ്‌ സൗമ്യ

Amir Malik

Amir Malik is an independent journalist, and a 2022 PARI Fellow.

Other stories by Amir Malik
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

Other stories by P. S. Saumia