"ഓരോ തവണ ഭട്ടി (ആല) കത്തിക്കുമ്പോഴും, എനിക്ക് മുറിവ് പറ്റും."

സൽ‍മ ലോഹാറിന്റെ വിരൽസന്ധികളിൽ നിറയെ മുറിപ്പാടുകളാണ്; ഇടതുകയ്യിലെ രണ്ട് വിരൽസന്ധികൾ ആഴത്തിൽ മുറിഞ്ഞിട്ടുണ്ട്. മുറിവ് പെട്ടെന്ന് ഉണങ്ങാനായി അവർ ആലയിൽനിന്ന് അല്പം ചാരമെടുത്ത് അതിൽ പുരട്ടുന്നു.

സോനിപത്തിലെ ബഹൽഗഡ്‌ അങ്ങാടിയിൽ, അടുത്തടുത്തുള്ള ജുഗ്ഗികളിൽ താമസമാക്കിയിട്ടുള്ള ആറ് ലോഹാർ കുടുംബങ്ങളിൽ ഒന്നാണ് ഈ 41-കാരിയുടേത്. അവരുടെ വീടിന്റെ ഒരു വശത്ത് തിരക്കേറിയ അങ്ങാടിത്തെരുവും മറുവശത്ത് മുനിസിപ്പാലിറ്റിയുടെ മാലിന്യക്കൂനയുമാണ്. സമീപത്തുതന്നെയുള്ള, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ശൗചാലയത്തെയും വെള്ള ടാങ്കറിനേയും പൂർണ്ണമായും ആശ്രയിച്ചാണ് സൽമയും കുടുംബവും ജീവിക്കുന്നത്.

ജുഗ്ഗികളിൽ വൈദ്യുതിയില്ലെന്ന് മാത്രമല്ല 4-6 മണിക്കൂറിൽക്കൂടുതൽ തുടർച്ചയായി മഴ പെയ്താൽ അവിടം ഒന്നാകെ വെള്ളത്തിനടിയിലാവുകയും ചെയ്യും; കഴിഞ്ഞ ഒക്ടോബറിൽ (2023) അതാണ് സംഭവിച്ചത്. അത്തരം സാഹചര്യങ്ങളിൽ, കട്ടിലിൽ കാൽ കയറ്റിവച്ച്, വെള്ളം ഇറങ്ങുന്നതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ- വെള്ളം ഒഴിഞ്ഞുപോകാൻ 2-3 ദിവസം എടുക്കും. "ആ ദിവസങ്ങളിൽ ഇവിടെയാകെ വല്ലാത്ത ദുർഗന്ധമായിരിക്കും," സൽമയുടെ മകൻ ദിൽഷാദ് ഓർത്തെടുക്കുന്നു.

"പക്ഷെ ഞങ്ങൾ വേറെ എങ്ങോട്ട് പോകും?" സൽ‍മ ചോദിക്കുന്നു. "മാലിന്യക്കൂനയുടെ അടുത്ത് താമസിക്കുന്നത് ഞങ്ങളെ രോഗികളാക്കുമെന്നത് അറിയാഞ്ഞിട്ടല്ല. അവിടെ മാലിന്യത്തിൽ ഇരിക്കുന്ന ഈച്ചകൾ ഇവിടെ ഞങ്ങളുടെ ഭക്ഷണത്തിലും വന്നിരിക്കും. പക്ഷെ ഞങ്ങൾ വേറെ എങ്ങോട്ട് പോകും?"

ഗഡിയ എന്നും അറിയപ്പെടുന്ന ഗഡുലിയ ലോഹാർ സമുദായം രാജസ്ഥാനിൽ നൊമാഡിക്ക് ട്രൈബായും (എൻ.ടി- നാടോടിഗോത്രം) പിന്നാക്ക വിഭാഗമായും പരിഗണിക്കപ്പെടുന്നു. രാജസ്ഥാനിന് പുറമേ ഡൽഹിയിലും ഹരിയാനയിലും ഈ സമുദായക്കാർ താമസമുണ്ട്. ഡൽഹിയിൽ ഇവരെ നൊമാഡിക്ക് ട്രൈബായി പരിഗണിക്കുമ്പോൾ, ഹരിയാനയിൽ അവരെ പിന്നാക്ക വിഭാഗമായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.

അവർ താമസിക്കുന്ന അങ്ങാടി ദേശീയപാതാ 11-ന് സമീപത്താണ്. കൃഷിയിടങ്ങളിൽനിന്ന് നേരിട്ട് കൊണ്ടുവരുന്ന പച്ചക്കറികൾ, മധുരപലഹാരങ്ങൾ, അടുക്കളയിലുപയോഗിക്കുന്ന കറിക്കൂട്ടുകൾ, വൈദ്യുതോപകരണങ്ങൾ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങൾ വിൽക്കുന്ന കച്ചവടക്കാർ ഇവിടെയെത്താറുണ്ട്. മിക്കവരും രാവിലെ കടകൾ തുറന്ന്, അങ്ങാടി അടയ്ക്കുന്നതോടെ പോവുകയാണ് പതിവ്.

Left: The Lohars call this juggi in Bahalgarh market, Sonipat, their home.
PHOTO • Sthitee Mohanty
Right: Salma Lohar with her nine-year-old niece, Chidiya
PHOTO • Sthitee Mohanty

ഇടത്: സോനിപത്തിലെ ബഹൽഗഡ്‌ അങ്ങാടിയിലുള്ള ഈ ജുഗ്ഗിയിലാണ് ലോഹാറുകൾ താമസിക്കുന്നത്. വലത്: സൽ‍മ ലോഹാർ, ഒൻപത് വയസ്സുകാരിയായ സഹോദരപുത്രി ചിഡിയയ്‌ക്കൊപ്പം

They sell ironware like kitchen utensils and agricultural implements including sieves, hammers, hoes, axe heads, chisels, kadhais , cleavers and much more. Their home (and workplace) is right by the road in the market
PHOTO • Sthitee Mohanty
They sell ironware like kitchen utensils and agricultural implements including sieves, hammers, hoes, axe heads, chisels, kadhais , cleavers and much more. Their home (and workplace) is right by the road in the market
PHOTO • Sthitee Mohanty

അടുക്കളപ്പാത്രങ്ങളും അരിപ്പകൾ, ചുറ്റികകൾ, തൂമ്പകൾ, കോടാലികൾ, കടായികൾ, കത്തികൾ എന്നിങ്ങനെയുള്ള കാർഷികോപകരണങ്ങളും ഉൾപ്പെടെയുള്ള ഇരുമ്പ് സാധനങ്ങളാണ് ഇവർ വിൽക്കുന്നത്. അങ്ങാടിയിലൂടെ കടന്നുപോകുന്ന റോഡിൻറെ അരികത്തുതന്നെയാണ് അവരുടെ വീട് (ജോലിസ്ഥലവും)

എന്നാൽ സൽമയെപ്പോലുള്ളവർക്ക്, ഈ അങ്ങാടി ഒരേസമയം അവരുടെ വീടും ജോലിസ്ഥലവുമാണ്.

"രാവിലെ 6 മണിയോടെ എന്റെ ദിവസം ആരംഭിക്കും. സൂര്യോദയത്തിന് പിന്നാലെ,  ആലയിൽ തീപൂട്ടി, കുടുംബത്തിനായി ഭക്ഷണം തയ്യാറാക്കിയതിനുശേഷം വേണം എനിക്ക് ജോലി ചെയ്തു തുടങ്ങാൻ," ആ 41 വയസ്സുകാരി പറയുന്നു. ഭർത്താവായ വിജയ്‌ക്കൊപ്പം സൽ‍മ ദിവസത്തിൽ രണ്ടുതവണയായി ദീർഘനേരം ആലയിൽ ഇരുമ്പ് കഷ്ണങ്ങൾ ഉരുക്കി, അടിച്ചു പരത്തി പാത്രങ്ങളാക്കുന്ന ജോലി ചെയ്യും. ഇരുവരും ചേർന്ന് ഒരു ദിവസം നാലോ അഞ്ചോ പാത്രങ്ങൾ ഉണ്ടാക്കാറുണ്ട്.

സൽമയ്ക്ക് ജോലിയിൽനിന്ന് അല്പനേരത്തേയ്ക്ക് ഇടവേള ലഭിക്കുന്നത് ഉച്ചയ്ക്കാണ്. അന്നേരം, ഒരു കപ്പ് ചൂട് ചായ കുടിച്ച് കട്ടിലിലിരിക്കുന്ന സൽമയ്ക്ക് ചുറ്റും അവരുടെ മക്കളിൽ രണ്ടു പേരുമുണ്ടാകും: അവരുടെ ഏക മകളായ തനുവിന് 16 വയസ്സും ആണ്മക്കളിൽ ഇളയവനായ ദിൽഷാദിന് 14 വയസ്സുമാണ് പ്രായം. സൽമയുടെ സഹോദര ഭാര്യയുടെ മക്കളായ ശിവാനി, ചിഡിയ, കാജൽ എന്നിവരും അവർക്കൊപ്പം ഉണ്ടാകാറുണ്ട്. ഒൻപത് വയസ്സുകാരിയായ ചിഡിയ മാത്രമാണ് സ്കൂളിൽ പോകുന്നത്.

"നിങ്ങൾ ഇത് വാട്സാപ്പിൽ ഇടുമോ?" സൽ‍മ ചോദിക്കുന്നു. "എന്റെ ജോലിയെക്കുറിച്ച് ആദ്യം പറയണം!"

സൽമയുടെ പണിയായുധങ്ങളും അവർ നിർമ്മിച്ച ഉത്പന്നങ്ങളും ഉച്ചവെയിലിൽ വെട്ടിത്തിളങ്ങുന്നു- അരിപ്പകൾ, ചുറ്റികകൾ, തൂമ്പകൾ, കോടാലികൾ, ഉളികൾ, കടായികൾ, കത്തികൾ എന്നിവ.

"ഞങ്ങളുടെ പണിയായുധങ്ങളാണ് ഈ ജുഗ്ഗിയിലെ ഏറ്റവും വിലപ്പെട്ട വസ്തുക്കൾ," വലിയ ഒരു ലോഹപ്പാളിയ്ക്ക് മുന്നിൽ കുത്തിയിരുന്ന് അവർ പറയുന്നു. ഇടവേള അവസാനിച്ചതോടെ അവർ ചായക്കപ്പ് താഴെ വച്ച് ചുറ്റികയും ഉളിയും കയ്യിൽ എടുത്തു. ചിരപരിചയത്താൽ മാത്രം സാധ്യമാകുന്ന തഴക്കത്തോടെ അവർ ലോഹപ്പാളിയുടെ അടിഭാഗത്ത് ചുറ്റികകൊണ്ടടിച്ച് ദ്വാരങ്ങളുണ്ടാക്കുന്നു; ചുറ്റികകൊണ്ട് ഈരണ്ട് തവണ അടിച്ചുകഴിയുമ്പോൾ അവർ ഉളിയുടെ കോണളവ് മാറ്റുന്നുണ്ട്. "ഇത് അടുക്കളയിൽ ഉപയോഗിക്കുന്ന അരിപ്പയല്ല. കർഷകർ ധാന്യം വേർതിരിക്കാൻ ഉപയോഗിക്കുന്നതാണ്."

Left: Salma’s day begins around sunrise when she cooks for her family and lights the furnace for work. She enjoys a break in the afternoon with a cup of tea.
PHOTO • Sthitee Mohanty
Right: Wearing a traditional kadhai ( thick bangle), Salma's son Dilshad shows the hammers and hoes made by the family
PHOTO • Sthitee Mohanty

ഇടത്ത്: സൂര്യോദയത്തിനുശേഷം, കുടുംബത്തിനായി ഭക്ഷണം പാകം ചെയ്തും ജോലിയ്ക്കായി ആലയിൽ തീപൂട്ടിയുമാണ് സൽമയുടെ ദിവസം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് അൽപനേരം കിട്ടുന്ന ഇടവേള ഒരു കപ്പ് ചായ കുടിച്ചാണ് അവർ ചിലവിടുന്നു. വലത്ത്: പരമ്പരാഗത ആഭരണമായ കഠായി (കട്ടിയുള്ള വള) അണിഞ്ഞിട്ടുള്ള സൽമയുടെ മകൻ ദിൽഷാദ്, കുടുംബം ഉണ്ടാക്കിയ ചുറ്റികകളും തൂമ്പകളും എടുത്തുകാണിക്കുന്നു

Salma uses a hammer and chisel to make a sieve which will be used by farmers to sort grain. With practiced ease, she changes the angle every two strikes
PHOTO • Sthitee Mohanty
Salma uses a hammer and chisel to make a sieve which will be used by farmers to sort grain. With practiced ease, she changes the angle every two strikes
PHOTO • Sthitee Mohanty

സൽ‍മ ഒരു ചുറ്റികയും ഉളിയും ഉപയോഗിച്ച്, കർഷകർ ധാന്യങ്ങൾ വേർതിരിയ്ക്കാൻ ഉപയോഗിക്കുന്ന ഒരു അരിപ്പ ഉണ്ടാക്കുന്നു. ചിരപരിചയംകൊണ്ടുള്ള കൈത്തഴക്കത്തോടെ, ഈരണ്ട് തട്ടലുകൾ കഴിയുമ്പോൾ അവർ ഉളി പിടിക്കുന്ന കോൺ മാറ്റുന്നു

അകത്ത്, വിജയ് ആലയുടെ മുന്നിലാണ് - രാവിലെയും വൈകീട്ടുമായി രണ്ടുതവണയാണ് അവർ ആലയിൽ തീപൂട്ടാറുള്ളത്. വിജയ്  ആകൃതിപ്പെടുത്തുന്ന ഇരുമ്പുദണ്ഡ് ചുട്ടുപഴുത്തിട്ടുണ്ടെങ്കിലും, ചൂട് അദ്ദേഹത്തെ അധികം ബാധിക്കുന്നതായി തോന്നുന്നില്ല. ആലയിൽ തീപൂട്ടാനെടുക്കുന്ന സമയത്തെപ്പറ്റി ചോദിക്കുമ്പോൾ അദ്ദേഹം ചിരിക്കുന്നു, "ആലയുടെ അകം ജ്വലിക്കുമ്പോൾ മാത്രമേ അത് മനസ്സിലാക്കാനാകൂ. വായുവിൽ ഈർപ്പമുണ്ടെങ്കിൽ, കൂടുതൽ സമയം എടുക്കും. തീപ്പൂട്ടാൻ ഉപയോഗിക്കുന്ന കൽക്കരിയുടെ ഗുണമനുസരിച്ച്, സാധാരണഗതിയിൽ ഒന്നോ രണ്ടോ മണിക്കൂറെടുക്കും."

കൽക്കരിയുടെ ഗുണമനുസരിച്ച് കിലോ ഒന്നിന് 15 മുതൽ 70 രൂപ വരെ വിലവരും. സൽമയും വിജയും ഉത്തർ പ്രദേശ് വരെ സഞ്ചരിച്ച്, അവിടത്തെ ഇഷ്ടികക്കളങ്ങളിൽനിന്നാണ് കൽക്കരി മൊത്തമായി വാങ്ങുന്നത്.

വിജയ്, ഇരുമ്പുദണ്ഡിന്റെ തിളങ്ങുന്ന അറ്റം കൂടക്കലിൽവെച്ച് അതിന്മേൽ ആഞ്ഞടിക്കുന്നു. ചെറിയ ആലയിലെ ചൂടുകൊണ്ട് ഇരുമ്പ് വേണ്ടത്ര ഉരുകില്ല എന്നതിനാൽ അത്യധികം ശക്തി പ്രയോഗിച്ചാൽ മാത്രമേ ഇരുമ്പ് വേണ്ട രീതിയിൽ ആകൃതിപ്പെടുത്താനാകൂ.

16-ആം നൂറ്റാണ്ടിൽ രാജസ്ഥാനിൽ ജീവിച്ചിരുന്ന, ആയുധങ്ങൾ നിർമ്മിച്ചിരുന്നവരുടെ സമുദായമാണ് തങ്ങളുടെ പൂർവികർ എന്നാണ് ലോഹാർമാർ അവകാശപ്പെടുന്നത്. മുഗളന്മാർ ചിറ്റോർഗഡ് പിടിച്ചെടുത്തതോടെ ഇക്കൂട്ടർ വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലേയ്ക്കായി കുടിയേറുകയായിരുന്നു. "അവരായിരുന്നു ഞങ്ങളുടെ പൂർവികർ. എന്നാൽ അവരുടേതിൽനിന്ന് തീർത്തും വ്യത്യസ്തമായ ജീവിതമാണ് ഇപ്പോൾ ഞങ്ങൾ നയിക്കുന്നത്," വിജയ് പുഞ്ചിരിച്ചുകൊണ്ട് പറയുന്നു. "എന്നാൽ അവർ പകർന്നുതന്ന കരവിരുത് ഞങ്ങൾ ഇപ്പോഴും പരിശീലിക്കുന്നുണ്ട്. അവരെപ്പോലെ ഈ കഠായികൾ (കട്ടിയുള്ള വളകൾ) അണിയുകയും ചെയ്യുന്നു."

വിജയ് ഇപ്പോൾ തന്റെ തൊഴിൽ മക്കളെ പഠിപ്പിക്കുന്നുമുണ്ട്. "ദിൽഷാദാണ് ഏറ്റവും സമർത്ഥമായി ജോലി ചെയ്യുന്നത്," അദ്ദേഹം പറയുന്നു. സൽമയുടെയും വിജയുടെയും മക്കളിൽ ഇളയവനായ ദിൽഷാദ് പണിയായുധങ്ങൾ ചൂണ്ടിക്കാണിക്കുന്നു: "അത് ഹത്തോഡകളാണ് (ചുറ്റികകൾ). അവയിൽ വലുതിനെ ഘാൻ എന്നാണ് വിളിക്കുന്നത്. ബാപ്പു (അച്ഛൻ) ചൂടുള്ള ലോഹം ചിംടകൾ (കൊടിൽ) കൊണ്ട് പിടിച്ച്, കൈഞ്ചി (കത്രികകൾ) കൊണ്ട് അതിൽ വളവുകൾ തീർക്കും."

ആലയിലെ ചൂട് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഫാനിന്റെ പിടി തിരിച്ച് ചിഡിയ അത് കറക്കുന്നു. നാലുചുറ്റും ചാരം പറക്കുന്നത് കണ്ട് അവൾ ചിരിക്കുന്നു.

The bhatti’s (furnace) flames are unpredictable but the family has to make do
PHOTO • Sthitee Mohanty
The bhatti’s (furnace) flames are unpredictable but the family has to make do
PHOTO • Sthitee Mohanty

ഭട്ടിയിലെ (ആല) തീയുടെ ചൂട് അസഹ്യമാണെങ്കിലും ഈ കുടുംബത്തിന് ഇതല്ലാതെ വേറെ മാർഗ്ഗമില്ല

The sieves, rakes and scythes on display at the family shop. They also make wrenches, hooks, axe heads, tongs and cleavers
PHOTO • Sthitee Mohanty
The sieves, rakes and scythes on display at the family shop. They also make wrenches, hooks, axe heads, tongs and cleavers
PHOTO • Sthitee Mohanty

അരിപ്പകളും മൺവെട്ടികളും അരിവാളുകളും കുടുംബം നടത്തുന്ന കടയിൽ വില്പനയ്ക്ക് വെച്ചിരിക്കുന്നു. ഇവയ്ക്ക് പുറമേ കട്ടമുറുക്കികൾ, ഹുക്കുകൾ, കോടാലികൾ, കൊടിലുകൾ, കത്തികൾ തുടങ്ങിയവയും ഇവർ നിർമ്മിക്കുന്നുണ്ട്

ഒരു സ്ത്രീ കത്തി വാങ്ങാനായി കടയിലെത്തി. കത്തിയുടെ വില 100 രൂപയാണെന്ന് സൽ‍മ പറയുമ്പോൾ അവർ വിലപേശാൻ തുടങ്ങി. "ഈ കത്തിക്ക് 100 രൂപയൊന്നും തരാൻ പറ്റില്ല. ഇതിലും കുറഞ്ഞ വിലയ്ക്ക് പ്ലാസ്റ്റിക്ക് കത്തി കിട്ടും." അല്പനേരം വിലപേശിയതിനുശേഷം, അവർ 50 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുന്നു.

ദൂരേയ്ക്ക് നീങ്ങുന്ന ആ സ്ത്രീയെ നോക്കി സൽ‍മ നെടുവീർപ്പിടുന്നു. കുടുംബച്ചിലവുകൾക്കുള്ള പണം സമ്പാദിക്കാൻ വേണ്ടത്ര ഇരുമ്പ് വിൽക്കാൻ അവർക്ക് കഴിയുന്നില്ല. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ അവർക്ക് മുന്നിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്ലാസ്റ്റിക്കുകൊണ്ട് സാധിക്കുന്നതുപോലെ വലിയ തോതിൽ ഉത്പന്നങ്ങൾ ഉണ്ടാക്കാനോ അത് കുറഞ്ഞ വിലയിൽ വിൽക്കാനോ സാധിക്കാത്തതാണ് അവരെ പ്രതിസന്ധിയിലാക്കുന്നത്.

"ഞങ്ങൾ ഇപ്പോൾ പ്ലാസ്റ്റിക്ക് വിൽക്കാൻ തുടങ്ങിയിരിക്കുകയാണ്," സൽ‍മ പറയുന്നു. "എന്റെ ഭർതൃസഹോദരന് അദ്ദേഹത്തിന്റെ ജുഗ്ഗിയുടെ മുൻപിൽ ഒരു പ്ലാസ്റ്റിക്ക് കടയുണ്ട്; എന്റെ സഹോദരൻ ഡൽഹിയ്ക്ക് സമീപത്തുള്ള തിക്രി അതിർത്തിയിൽ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ വിൽക്കുന്നുമുണ്ട്." അങ്ങാടിയിലെ മറ്റ് കച്ചവടക്കാരിൽനിന്ന് പ്ലാസ്റ്റിക്ക് വാങ്ങി, മറ്റിടങ്ങളിൽ കൊണ്ടുപോയി വിൽക്കുന്ന ഈ തൊഴിലിൽനിന്ന് ലാഭം കണ്ടെത്താൻ ഇരുവർക്കും ഇതുവരെയും കഴിഞ്ഞിട്ടില്ല.

തനു പറയുന്നത് തന്റെ അമ്മാവന്മാർക്ക് ഡൽഹിയിൽ താരതമ്യേന കൂടുതൽ സമ്പാദിക്കാനാകുന്നുണ്ടെന്നാണ്. "നഗരത്തിലുള്ളവർ ഇതുപോലുള്ള ചെറിയ സാധനങ്ങൾക്ക് പണം മുടക്കാൻ തയ്യാറാകും. അവരെ സംബന്ധിച്ചിടത്തോളം 10 രൂപ അത്ര വലിയ തുകയല്ല. എന്നാൽ ഒരു ഗ്രാമീണനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ തുകയായതുകൊണ്ട്, അത് ഞങ്ങൾക്ക് തരാൻ അവർ തയ്യാറാകില്ല. അതുകൊണ്ടാണ് എന്റെ അമ്മാവന്മാരുടെ കയ്യിൽ കൂടുതൽ പണമുള്ളത്."

*****

"എന്റെ മക്കൾ പഠിക്കണമെന്നാണ് എന്റെ ആഗ്രഹം," 2023-ൽ ഞാൻ സൽമയെ ആദ്യമായി കണ്ടപ്പോൾ അവർ എന്നോട് പറഞ്ഞു. സമീപത്തുള്ള സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു അന്ന് ഞാൻ. "അവർ ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്." ആവശ്യമായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ സൽമയുടെ മൂത്ത മകന് സെക്കൻഡറി സ്കൂളിൽവെച്ച് പഠിത്തം നിർത്തേണ്ടിവന്നതിൽപ്പിന്നെയാണ് അവർക്ക് ആ ആഗ്രഹം ശക്തമായത്. സൽമയുടെ മകന് ഇപ്പോൾ 20 വയസ്സുണ്ട്.

"ആധാർ, ജാതി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിങ്ങനെ അവർ ആവശ്യപ്പെട്ട എല്ലാ രേഖകളുമായി സർപഞ്ച്‌ മുതൽ ജില്ലാ ആസ്ഥാനം വരെ എല്ലായിടത്തും ഞാൻ ഓടിനടന്നു. എണ്ണമില്ലാത്ത കടലാസുകളിൽ വിരലടയാളം പതിപ്പിച്ചു. പക്ഷെ അതുകൊണ്ടൊന്നും ഒരു ഗുണവുമുണ്ടായില്ല."

Left: Vijay says that of all his children, Dilshad is the best at the trade.
PHOTO • Sthitee Mohanty
Right: The iron needs to be cut with scissors and flattened to achieve the right shape. When the small furnace is too weak to melt the iron, applying brute force becomes necessary
PHOTO • Sthitee Mohanty

ഇടത്ത്: വിജയ് പറയുന്നത് തന്റെ മക്കളിൽ ദിൽഷാദാണ് ഏറ്റവും സമർത്ഥമായി തന്റെ തൊഴിൽ ചെയ്യുന്നതെന്നാണ്. വലത്ത്: കത്രികകൾകൊണ്ട് ഇരുമ്പ് മുറിച്ച്, അതിനെ അടിച്ചുപരത്തി ആവ‍ശ്യമായ ആകൃതിയിൽ ആക്കിയെടുക്കണം. ഇരുമ്പ് ഉരുകാൻ ചെറിയ ആലയിലെ തീ മതിയാകാതെ വരുമ്പോൾ, വളരെയധികം ശക്തി ഉപയോഗിച്ച് അതിൽ അടിക്കുക മാത്രമേ മാർഗമുള്ളൂ

കഴിഞ്ഞ വർഷം, ദിൽഷാദും 6-ആം തരത്തിൽവെച്ച് പഠിപ്പ് നിർത്തി. അവൻ പറയുന്നു," സർക്കാർ സ്കൂളിൽ ആവശ്യമുള്ളതൊന്നും പഠിപ്പിക്കുന്നില്ല. പക്ഷെ എന്റെ ചേച്ചി തനുവിന് ഒരുപാട് കാര്യങ്ങളറിയാം. അവൾ പഠിപ്പുള്ളവളാണ്." തനു 8-ആം ക്ലാസ് വരെ പഠിച്ചെങ്കിലും തുടർന്ന് പഠിക്കാൻ അവൾക്ക് താത്പര്യമുണ്ടായിരുന്നില്ല. സമീപത്തുള്ള സ്കൂളിൽ 10-ആം ക്ലാസ് ഇല്ലാത്തതിനാൽ മൂന്ന് കിലോമീറ്റർ അകലെ, ഖെവാരയിലുള്ള സ്കൂളിലേയ്ക്ക് നിത്യേന നടന്നുപോയി പഠനം തുടരേണ്ടി വരുമെന്നതും അവളെ നിരുത്സാഹപ്പെടുത്തി.

"ആളുകൾ എന്നെ തുറിച്ചുനോക്കും," തനു പറയുന്നു. "അവർ പല വൃത്തികേടുകളും പറയും. അത് ആവർത്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല." അതുകൊണ്ട് ഇപ്പോൾ അവൾ വീട്ടിൽ അച്ഛനമ്മമാരെ സഹായിക്കുകയാണ്.

"പൊതു ടാങ്കറിന് സമീപത്തായി, തുറസ്സായ സ്ഥലത്ത് കുളിക്കുകയേ ഈ കുടുംബത്തിന് നിവൃത്തിയുള്ളൂ. തനു മെല്ലെ പറയുന്നു, "ഞങ്ങൾ മറവൊന്നുമില്ലാതെ കുളിക്കുമ്പോൾ എല്ലാവർക്കും കാണാനാകും." പൊതുശൗചാലയത്തിൽ പോകാൻ ഓരോ തവണയും 10 രൂപ കൊടുക്കണമെന്നിരിക്കെ, കുടുംബാംഗങ്ങളെല്ലാവരും ശൗചാലയം ഉപയോഗിക്കാൻ വലിയൊരു തുക ആവശ്യമായി വരും. ശൗചാലയത്തോട് കൂടിയ ഒരു വീട് വാടകയ്‌ക്കെടുക്കാൻ തക്ക വരുമാനവുമില്ലാത്തതിനാൽ, ഈ കുടുംബം റോഡരികിൽ കഴിയാൻ നിർബന്ധിതരാകുകയാണ്.

കുടുംബത്തിലെ ആരുംതന്നെ കോവിഡ്-19-നെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് എടുത്തിട്ടില്ല. ആർക്കെങ്കിലും അസുഖം വന്നാൽ, പ്രാഥമികാരോഗ്യ കേന്ദ്രത്തെയോ സിയോലിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തെയോ ആണ് അവർ ആശ്രയിക്കാറുള്ളത്. സ്വകാര്യ ക്ലിനിക്കുകളിൽ ഉയർന്ന ചികിത്സാനിരക്കായതിനാൽ മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ അവരവിടെ പോകാറുള്ളൂ.

സൽ‍മ ഏറെ ശ്രദ്ധയോടെയാണ് പണം ചിലവാക്കാറുള്ളത്. "പണത്തിന് ബുദ്ധിമുട്ടുള്ളപ്പോൾ ഞങ്ങൾ സാധനങ്ങൾ പെറുക്കുന്നവരുടെ അടുക്കൽ പോകും," അവർ പറയുന്നു. "അവരിൽനിന്ന് ഞങ്ങൾ 200 രൂപയ്ക്ക് തുണി വാങ്ങിക്കും."

ചിലപ്പോഴെല്ലാം ഈ കുടുംബം സോനിപത്തിലുള്ള മറ്റ് അങ്ങാടികളും സന്ദർശിക്കാറുണ്ട്. തനു പറയുന്നു, " നവരാത്രിയ്ക്ക് ഇവിടെ അടുത്ത് നടക്കുന്ന രാംലീല കാണാൻ ഞങ്ങൾ പോകാറുണ്ട്. കയ്യിൽ പണം ഉണ്ടെങ്കിൽ, ഞങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യും."

"എന്റേത് ഒരു മുസ്‌ലീം പേരാണെങ്കിലും, ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്," സൽ‍മ പറയുന്നു. "ഹനുമാൻ, ശിവൻ, ഗണേശ് എന്നിങ്ങനെ എല്ലാ ദൈവങ്ങളെയും ഞങ്ങൾ ആരാധിക്കുന്നു."

"ഇത് കൂടാതെ, ഞങ്ങൾ തൊഴിൽ ചെയ്ത് ഞങ്ങളുടെ പൂർവികരെയും ആരാധിക്കുന്നു," പൊടുന്നനെ ദിൽഷാദ് പറയുന്നത് കേട്ട് സൽ‍മ ചിരിക്കുന്നു.

*****

Left: The family has started selling plastic items as ironware sales are declining with each passing day.
PHOTO • Sthitee Mohanty
Right: They share their space with a calf given to them by someone from a nearby village
PHOTO • Sthitee Mohanty

ഇടത്ത്: ഇരുമ്പുത്പന്നങ്ങളുടെ വില്പന ദിനംപ്രതി കുറഞ്ഞുവരുന്നതിനാൽ ഈ കുടുംബം പ്ലാസ്റ്റിക്ക് വസ്തുക്കൾ വിൽക്കാൻ ആരംഭിച്ചിരിക്കുന്നു. വലത്ത്: സമീപ ഗ്രാമത്തിലെ ഒരാൾ നൽകിയ പശുക്കിടാവും ഇവർക്കൊപ്പം താമസമുണ്ട്

അങ്ങാടിയിലെ കച്ചവടം കുറയുമ്പോൾ, സൽമയും വിജയും അടുത്തുള്ള ഗ്രാമങ്ങളിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ പോകും. മാസത്തിൽ ഒന്നോ രണ്ടോ തവണ അവർ ഇത്തരത്തിൽ പോകാറുണ്ട്. ഗ്രാമങ്ങളിൽ അവർക്ക് കച്ചവടം ലഭിക്കുക അപൂർവമാണ്. എന്നാൽ കച്ചവടം കിട്ടുന്ന സമയത്ത്, ഓരോ യാത്രയിലും 400-500 രൂപ വരെ അവർക്ക് സമ്പാദിക്കാനാകും. "ചില സമയത്ത് നടന്നുനടന്ന് കാല് ഒടിഞ്ഞുപോവുന്നതുപോലെ തോന്നും," സൽമ പറയുന്നു.

ചില സന്ദർഭങ്ങളിൽ, ഗ്രാമീണർ അവർക്ക് പശുക്കിടാങ്ങളെ കൊടുക്കും-പാൽ നൽകുന്ന അമ്മപ്പശുക്കളിൽനിന്ന് അകറ്റേണ്ട ചെറിയ കിടാങ്ങളെയാണ് ഇത്തരത്തിൽ കൊടുക്കുക, അടച്ചുറപ്പുള്ള ഒരു വീട് വാടകയ്‌ക്കെടുക്കാനുള്ള വരുമാനമില്ലാത്തതിനാൽ റോഡരികിൽ താമസിക്കാൻ ഈ കുടുംബം നിർബന്ധിതരാകുകയാണ്.

രാത്രിയിൽ ആട്ടിയോടിക്കേണ്ടിവന്നിട്ടുള്ള കുടിയന്മാരുടെ കാര്യം ചോദിക്കുമ്പോൾ കുഞ്ഞ് തനു അത് ചിരിച്ചുതള്ളുന്നു. "ഞങ്ങൾ അവരെ തല്ലി, ഒച്ചവെച്ച് ഓടിക്കുകയാണ് ചെയ്യാറുള്ളത്. ഞങ്ങളുടെ അമ്മമാരും സഹോദരിമാരും ഇവിടെയാണ് ഉറങ്ങുന്നത്," ദിൽഷാദ് കൂട്ടിച്ചേർക്കുന്നു.

ഈയിടെ, നഗർ നിഗമിൽനിന്നാണെന്ന് (സോനിപത്ത് മുനിസിപ്പൽ കോർപ്പറേഷൻ) അവകാശപ്പെട്ട് വന്ന ആളുകൾ അവരോട് ഇവിടെനിന്ന് പോകാൻ ആവശ്യപ്പെട്ടു. ജുഗ്ഗിയുടെ പുറകിലുള്ള, മാലിന്യം തള്ളുന്ന പ്രദേശത്തേക്ക് ഗേറ്റ് പണിയണമെന്നും അതിനുവേണ്ടി ഈ കുടുംബം താമസിക്കുന്ന സർക്കാർ ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്നുമാണ് അവർ പറഞ്ഞത്.

ഇവിടെയെത്തുന്ന ഉദ്യോഗസ്ഥർ, ഈ  കുടുംബത്തിന്റെ ആധാർ, റേഷൻ, ഫാമിലി കാർഡുകളിൽനിന്നുള്ള വിവരം എന്നിവ രേഖപ്പെടുത്താറുണ്ടെങ്കിലും തങ്ങളുടെ സന്ദർശനം സംബന്ധിച്ച് രേഖകളൊന്നും അവശേഷിപ്പിക്കാറില്ല. ഏത് ഉദ്യോഗസ്ഥരാണ് വരുന്നതെന്ന് ഇവിടെയാർക്കും അറിയില്ലെന്ന് ചുരുക്കം. ഈരണ്ട് മാസം കൂടുമ്പോൾ ഇത്തരത്തിൽ ഉദ്യോഗസ്ഥർ ഇവിടെ സന്ദർശനം നടത്താറുണ്ട്.

"ഞങ്ങൾക്ക് ഭൂമി നൽകുമെന്നാണ് അവർ പറയുന്നത്," തനു പറയുന്നു. "എന്ത് തരത്തിലുള്ള ഭൂമി? എവിടെയുള്ള ഭൂമി? അത് അങ്ങാടിയിൽനിന്ന് അകലെയാണോ? ഇങ്ങനെയുള്ള വിവരങ്ങൾ ഒന്നും അവർ ഞങ്ങളോട് പറയില്ല."

Nine-year-old Chidiya uses a hand-operated fan to blow the ashes away from the unlit bhatti . The family earn much less these days than they did just a few years ago – even though they work in the middle of a busy market, sales have been slow since the pandemic
PHOTO • Sthitee Mohanty
Nine-year-old Chidiya uses a hand-operated fan to blow the ashes away from the unlit bhatti . The family earn much less these days than they did just a few years ago – even though they work in the middle of a busy market, sales have been slow since the pandemic
PHOTO • Sthitee Mohanty

ഒൻപത് വയസ്സുകാരിയായ ചിഡിയ, ആലയിൽ തീപൂട്ടുന്നതിന് മുൻപ് അതിലുള്ള ചാരം, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു ഫാനുപയോഗിച്ച് നീക്കംചെയ്യുന്നു, കുറച്ച് വർഷം മുൻപുവരെ സമ്പാദിച്ചിരുന്നതിനേക്കാൾ വളരെ കുറച്ച് വരുമാനം മാത്രമാണ് ഈ കുടുംബം നിലവിൽ സമ്പാദിക്കുന്നത് - തിരക്കേറിയ ഒരു അങ്ങാടിയുടെ ഒത്ത നടുക്കാണ് ഇവർ ജോലി ചെയ്യുന്നതെങ്കിലും, കോവിഡിന് ശേഷം വില്പന കാര്യമായി കുറഞ്ഞിരിക്കുന്നു

ഒരുകാലത്ത് ഈ കുടുംബം മാസത്തിൽ ഏകദേശം 50,000 രൂപ സമ്പാദിച്ചിരുന്നെന്ന് അവരുടെ വരുമാന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇപ്പോൾ അവർക്ക് 10,000 രൂപ മാത്രമാണ് സമ്പാദിക്കാനാകുന്നത്. പണത്തിന് അത്യാവശ്യം വരുമ്പോൾ, അവർ ബന്ധുക്കളിൽനിന്ന് കടം വാങ്ങിക്കും. അടുത്ത ബന്ധുക്കളുടെ കയ്യിൽനിന്നാണ് പണം വാങ്ങുന്നതെങ്കിൽ പലിശ കുറവായിരിക്കും. പിന്നീട് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റ് അവർ കടം വീട്ടുകയും ചെയ്യും. എന്നാൽ മഹാമാരിക്കുശേഷം കച്ചവടം ശോഷിച്ച സ്ഥിതിയാണ്.

"കോവിഡ് കാലത്ത് ഞങ്ങൾക്ക് സുഖമായിരുന്നു," തനു പറയുന്നു. "അങ്ങാടി ശാന്തമായിരുന്നു. സർക്കാർ ഞങ്ങൾക്കുള്ള റേഷൻ ട്രക്കുകളിൽ വിതരണം ചെയ്തു. ചിലപ്പോഴെല്ലാം ആളുകൾ വന്ന് മാസ്കുകളും തന്നിരുന്നു."

സൽ‍മ അല്പം കൂടി ചിന്തിച്ചാണ് സംസാരിക്കുന്നത്," മഹാമാരിയ്ക്ക് ശേഷം ആളുകൾക്ക് ഞങ്ങളെ സംശയമായി. അവരുടെ നോട്ടത്തിൽ ആ വെറുപ്പ് കാണാനാകും." ഓരോ തവണ പുറത്ത് പോകുമ്പോഴും, ചില പ്രദേശവാസികൾ അവരെ ജാതീയമായി അധിക്ഷേപിക്കും. "അവർ ഞങ്ങളെ അവരുടെ ഗ്രാമങ്ങളിൽ താമസിക്കാൻ അനുവദിക്കില്ല. എന്തുകൊണ്ടാണ് അവർ ഞങ്ങളുടെ ജാതിയെ ഇത്രയേറെ അധിക്ഷേപിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല." സൽ‍മ ആഗ്രഹിക്കുന്നത് ലോകം തങ്ങളെ തുല്യരായി അംഗീകരിക്കണമെന്നാണ്. "അവർക്കും ഞങ്ങൾക്കും റൊട്ടി, റൊട്ടി തന്നെയാണ് - നമ്മൾ എല്ലാവരും ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. പിന്നെ ഞങ്ങളും പണക്കാരും തമ്മിൽ എന്താണ് വ്യത്യാസം?"

പരിഭാഷ: പ്രതിഭ ആര്‍. കെ .

Student Reporter : Sthitee Mohanty

Sthitee Mohanty is an undergraduate student of English Literature and Media Studies at Ashoka University, Haryana. From Cuttack, Odisha, she is eager to study the intersections of urban and rural spaces and what 'development' means for the people of India.

Other stories by Sthitee Mohanty
Editor : Swadesha Sharma

Swadesha Sharma is a researcher and Content Editor at the People's Archive of Rural India. She also works with volunteers to curate resources for the PARI Library.

Other stories by Swadesha Sharma
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.