"ആര് ജയിച്ചാലെന്താണ്? അതിനി ഐ.പി.എല്ലോ ലോകകപ്പോ ആയാലെന്താണ്?
ക്രിക്കറ്റിനെ മതമായി കൊണ്ടുനടക്കുന്ന ഒരു രാജ്യത്ത് മദനിന്റെ ഈയൊരു ചോദ്യം ദൈവനിന്ദയായി തോന്നാം.
"ആര് ജയിച്ചാലും ഞങ്ങൾക്ക് ജോലി കിട്ടും," അദ്ദേഹം പെട്ടെന്ന് കൂട്ടിച്ചേർത്തു. ക്രിക്കറ്റ് പന്ത് നിർമ്മാതാവായ 51 വയസ്സുകാരൻ മദൻ, മീററ്റ് നഗരത്തിൽ, വെളുപ്പും ചുവപ്പും നിറത്തിൽ തിളങ്ങുന്ന പന്തുകൾ നിർമ്മിക്കുന്ന അനേകം യൂണിറ്റുകളിലൊന്നിന്റെ ഉടമസ്ഥനാണ്.
മാർച്ച് മാസമാകുമ്പോഴേക്കും ഈ വർഷം നടക്കുന്ന പുരുഷ ക്രിക്കറ്റ് മത്സരങ്ങളിൽ ഉപയോഗിക്കാനായി നിർമ്മിച്ച, ആറ് ലെതർ പന്തുകൾവീതമുള്ള 100 പെട്ടികൾ മദനിന് ചുറ്റും തയ്യാറാകുന്നു. മാർച്ച് അവസാനത്തിൽ തുടങ്ങി രണ്ടുമാസം നീണ്ടുനിൽക്കുന്ന ഐ.പി.എല്ലിലാണ് സീസണിലെ ആദ്യ പന്ത് ബൗൾ ചെയ്യുന്നത്. ഇതിന് പിന്നാലെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം ജൂണിൽ നടക്കും. പിന്നെ വരുന്നത് ഒക്ടോബറിലും നവംബറിലുമായി ഇന്ത്യ ആതിഥ്യമരുളുന്ന അന്താരാഷ്ട്ര ഏകദിന ലോകകപ്പ് മത്സരങ്ങളാണ്.
പന്തിന്റെ നിലവാരം അനുസരിച്ചാണ് അത് ഏത് തലത്തിലാണ് ഉപയോഗിക്കുക, ആരാണ് അത് ഉപയോഗിച്ച് കളിക്കുക, എത്ര ഓവറിലാണ് അത് എറിയുക തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത്," മദൻ പറയുന്നു.


മദൻ, (ഇടത്) മീററ്റ് ജില്ലയിലെ ശോഭാപൂർ ചേരിയിൽ പ്രവർത്തിക്കുന്ന തന്റെ ക്രിക്കറ്റ് പന്ത് നിർമ്മാണ യൂണിറ്റിൽ. മദനിന്റെ യൂണിറ്റിലെ ഏറ്റവും അനുഭവസമ്പത്തുള്ള കരകൗശലവിദഗ്ധനാണ് ധരം സിംഗ് (വലത്). കൈപ്പണിക്കാരിൽ മിക്കവരും ജാദവ് സമുദായക്കാരും ഡോക്ടർ അംബേദ്ക്കറുടെ പാത പിന്തുടരുന്നവരുമാണ്
"സ്പോർട്സ് ഉത്പ്പന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കുന്നവർ, പ്രധാനപ്പെട്ട ടൂർണമെന്റുകൾ ആരംഭിക്കുന്നതിന് വളരെ മുൻപുതന്നെ ഞങ്ങളെ സമീപിക്കും,"ക്രിക്കറ്റ് കളിയോട് ഈ രാജ്യം കാണിക്കുന്ന അഭിനിവേശം സൂചിപ്പിച്ച് അദ്ദേഹം പറയുന്നു. "മത്സരങ്ങൾ തുടങ്ങുന്നതിന് രണ്ടുമാസം മുൻപ് തൊട്ട് ഡിമാൻഡ് വർധിക്കുന്നതിനാൽ, കൃത്യസമയത്തേയ്ക്ക് ആവശ്യമായ സ്റ്റോക്ക് ഒരുക്കിവയ്ക്കാൻ വലിയ നഗരങ്ങളിലെ കടകൾ താത്പര്യപ്പെടും." കളിക്കാർ ആരൊക്കെയാണ്, വിജയികൾക്കുള്ള സമ്മാനത്തുക എത്രയാണ് എന്നതെല്ലാം ആശ്രയിച്ച് പന്തുകളുടെ വില 250 രൂപമുതൽ 3500 രൂപവരെയാകാം.
ക്രിക്കറ്റ് അക്കാദമികളിൽനിന്നും മുംബൈ, അഹമ്മദാബാദ്, ബറോഡ, ജയ്പൂർ, ബംഗളൂരു, പൂനെ എന്നീ നഗരങ്ങളിൽനിന്നുമുള്ള വിതരണക്കാരിൽനിന്നും ചില്ലറക്കച്ചവടക്കാരിൽനിന്നുമെല്ലാം മദനിന് നേരിട്ട് ഓർഡറുകൾ ലഭിക്കാറുണ്ട്. അദ്ദേഹത്തിന്റെ യൂണിറ്റിൽ നിർമ്മിക്കുന്ന പന്തുകൾ സന്നാഹമത്സരങ്ങൾക്കും പ്രാക്ടീസിനുമാണ് കൂടുതൽ ഉപയോഗിക്കുന്നത്.
ഞങ്ങൾ മദനിന്റെ വർക്ക്ഷോപ്പിലെത്തുമ്പോൾ അവിടെയുള്ള ചെറിയ ടി.വിയിൽ ഒരു തത്സമയ ക്രിക്കറ്റ് മത്സരം കാണിക്കുകയാണ്. മൗനമായിരുന്ന് ജോലി ചെയ്യുന്ന എട്ട് കാരിഗാർമാരുടെ (കൈപ്പണിക്കാർ) വശത്തേയ്‌ക്ക് ടി.വിയുടെ സ്ക്രീൻ തിരിച്ചുവെച്ചിട്ടുണ്ട്. എന്നാൽ കണ്ണുകൾ ജോലിയിൽ ഉറപ്പിച്ചിട്ടുള്ള അവർക്ക് മത്സരങ്ങൾ കേൾക്കാൻ മാത്രമേ സാധിക്കൂ: "ഞങ്ങൾക്ക് സമയമൊട്ടും പാഴാക്കാനാവില്ല", മദൻ പറയുന്നു.
ഇടത്തരം നിലവാരത്തിലുള്ള 600 ടൂ-പീസ് ക്രിക്കറ് പന്തുകൾ തയ്യാറാക്കാനായി ഇരുമ്പ് ക്ലാമ്പുകൾക്കുമേൽ കുനിഞ്ഞിരുന്ന് ധൃതി പിടിച്ച് തയ്‌ക്കുകയാണ് യൂണിറ്റിലെ ജോലിക്കാർ. കേന്ദ്രഭരണ പ്രദേശമായ ജമ്മു ആൻഡ് കാശ്മീരിൽനിന്നുള്ള ഈ ഓർഡർ മൂന്ന് ദിവസത്തിനുള്ളിൽ തീർത്തുകൊടുക്കേണ്ടതുണ്ട്.
നിർമ്മാണം പൂർത്തിയായ, തിളങ്ങുന്ന ചുവന്ന പന്തുകളിലൊന്ന് മദൻ കയ്യിലെടുക്കുന്നു. "ഒരു പന്തുണ്ടാക്കാൻ മൂന്ന് ഘടകങ്ങളാണ് വേണ്ടത്. സ്ഫടികക്കാരത്തിൽ ഊറയ്ക്കിട്ട തുകൽകൊണ്ട് തീർത്ത ആവരണം, കോർക്ക് കൊണ്ട് തീർക്കുന്ന ഉള്ളിലെ കാതൽ, തയ്‌ക്കാൻ ആവശ്യമായ പരുത്തി നൂൽ എന്നിവയാണവ." ഇവ മൂന്നും മീററ്റ് ജില്ലയിൽത്തന്നെ ലഭ്യമാണ്. "ആവശ്യക്കാർ അവർക്ക് ഏത് നിലവാരത്തിലള്ള പന്തുകൾ വേണമെന്ന് പറയുന്നതനുസരിച്ചാണ് ഞങ്ങൾ തുകലും കോർക്കും തിരഞ്ഞെടുക്കുന്നത്."


വളരെ അപൂർവമായി മാത്രമേ സ്ത്രീകളെ ഇവിടെ മുഴുവൻസമയ ജോലിക്കാരായി നിയമിക്കാറുള്ളൂ. മദനിന്റെ യൂണിറ്റിന് വലിയ ഓർഡറുകൾ കിട്ടുമ്പോൾ മാത്രമാണ് സമന്തര ഇവിടെ ജോലിക്ക് വരുന്നത്. അവർ തുകൽ സംസ്കരിക്കാനായി സ്ഫടികകക്കാരം പൊടിയ്ക്കുന്നത് ചിത്രത്തിൽ കാണാം (വലത്). തുകലുകൾക്ക് മർദ്ദവമേകാനും അവയിൽ നിറം പെട്ടെന്ന് പിടിക്കാനുമായി അവയെ മൂന്നുദിവസം അപ്പക്കാരവും സ്ഫടികക്കാരവും ഉപ്പും കലർത്തിയ വെള്ളത്തിൽ കുതിർത്തിടും


ജോലിക്കാർ തുകലിന് ചുവപ്പ് നിറം നൽകിയതിനുശേഷം (ഇടത്) രണ്ടോ നാലോ തുകൽക്കഷ്ണങ്ങൾ ഉപയോഗിച്ച് പന്തുകളുണ്ടാക്കുന്നു. 35 വയസ്സുകാരനായ സച്ചിൻ, ടൂ-പീസ് പന്തുകൾ ഉണ്ടാക്കാനായി തുകൽ വട്ടത്തിൽ മുറിക്കുന്നു
ഡിസ്ട്രിക്ട് ഇൻഡസ്ട്രി പ്രൊമോഷൻ ആൻഡ് ആൻട്രെപ്രീണർ ഡെവലപ്മെന്റ് സെന്ററിന്റെ (ഡി.ഐ.പി.ഇ.ഡി.സി) കണക്കനുസരിച്ച്, മീററ്റ് ജില്ലയിൽ 347 ക്രിക്കറ്റ് പന്ത് നിർമ്മാണ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വ്യാവസായികമേഖലകളിൽ പ്രവർത്തിക്കുന്ന വലിയ ഫാക്ടറികൾ മുതൽ മീററ്റ് ജില്ലയിലെ ഗ്രാമീണ, നഗര പാർപ്പിട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ചെറിയ ഉത്പാദന യൂണിറ്റുകൾവരെ ഇതിൽ ഉൾപ്പെടും.
എന്നാൽ, പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന, അസംഘടിതമായ നിർമ്മാണ കേന്ദ്രങ്ങളെയോ ഒരു പന്ത് മുഴുവനായിത്തന്നെ ഉണ്ടാക്കുകയോ അല്ലെങ്കിൽ പന്ത് നിർമ്മാണത്തിലെ ഏതെങ്കിലുമൊരു ഘട്ടം മാത്രം ഏറ്റെടുത്ത് പൂർത്തിയാക്കുകയോ ചെയ്യുന്ന വീട്ടക യൂണിറ്റുകളെയോ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. മീററ്റ് ജില്ലയിലെ ജംഗേഠി, ഗഗോൽ, ഭാവൻപൂർ എന്നിവ ഉൾപ്പെടെയുള്ള ഗ്രാമങ്ങളിലാണ് അവ പ്രവർത്തിക്കുന്നത്. "മീററ്റിലെ ഈ ഗ്രാമങ്ങൾ ഇല്ലെങ്കിൽ എവിടെയും ഇന്ന് ക്രിക്കറ് പന്തുകൾ ലഭിക്കില്ല," മദൻ പറയുന്നു.
ക്രിക്കറ്റ് പന്തുകൾ തുകൽകൊണ്ട് നിർമ്മിക്കുന്നതുകൊണ്ടുതന്നെ ഗ്രാമങ്ങളിലെയും വലിയ ഫാക്ടറികളിലേയുമെല്ലാം മിക്ക പന്ത് നിർമ്മാണത്തൊഴിലാളികളും ജാദവ് സമുദായക്കാരാണ്," അദ്ദേഹം വിശദീകരിക്കുന്നു. 1904-ലെ ഡിസ്ട്രിക്ട് ഗസറ്റിയറനുസരിച്ച്, മീററ്റിൽ തുകൽ വ്യവസായത്തിന്റെ ഭാഗമായി ജോലി ചെയ്തിരുന്ന ഏറ്റവും വലിയ സാമൂഹികവിഭാഗം ജാദവ് അഥവാ ചമർ (ഉത്തർ പ്രദേശിൽ പട്ടികജാതിയായി പരിഗണിക്കപ്പെടുന്നു) സമുദായക്കാരായിരുന്നു. "ആളുകൾക്ക് ക്രിക്കറ്റ് പന്തിന്റെ രൂപത്തിൽ തുകൽ ഉപയോഗിക്കുന്നത് ഒരു പ്രശ്നമല്ല, എന്നാൽ തുകൽ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ അങ്ങനെയല്ല," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മദനിന്റെ കുടുംബത്തിന് ശോഭാപൂരിലും ഒരു തോലുറപ്പണിശാലയുണ്ട്. ക്രിക്കറ്റ് പന്ത് നിർമ്മാണമേഖലയിൽ ഉപയോഗിക്കാനായി തുകൽ സ്ഫടികക്കാരത്തിൽ ഊറയ്ക്കിടുന്ന ഒരേയൊരു പ്രദേശമാണിത്. (വായിക്കുക: പുറത്താവാതെ പൊരുതുന്ന മീററ്റിലെ തുകൽപ്പണിക്കാർ ) "സ്ഫടികക്കാരത്തിൽ ഊറയ്ക്കിടുന്ന തുകലിനുള്ള ഡിമാൻഡ് കൂടുന്നത് കണ്ടപ്പോൾ, ക്രിക്കറ്റ് പന്തുകളുടെ ഡിമാൻഡ് ഒരിക്കലും കുറയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു," അദ്ദേഹം പറയുന്നു. വിപണിയിലെ ഈ സാധ്യത മനസ്സിലാക്കിയതോടെയാണ് അദ്ദേഹം 20 വർഷം മുൻപ് ബി.ഡി ആൻഡ് സൺസ് എന്ന, ഈ പ്രദേശത്തെ ക്രിക്കറ്റ് പന്ത് നിർമ്മാണ യൂണിറ്റുകളിലൊന്ന് തുടങ്ങിയത്.
ഒരു ക്രിക്കറ്റ് പന്തുണ്ടാക്കാൻ കൃത്യം എത്ര മണിക്കൂർ വേണമെന്ന് കണക്കുകൂട്ടുക ബുദ്ധിമുട്ടാണെന്ന് മദൻ പറയുന്നു. നിർമ്മാണഘട്ടത്തിലെ പല പ്രക്രിയകളും ഒന്നിൽക്കൂടുതൽ പേർ ഒരുമിച്ച് ചെയ്യുന്നതിനാലും ജോലി നടക്കുന്ന സമയത്തെ കാലാവസ്ഥയും തുകലിന്റെ ഗുണനിലവാരവുമെല്ലാം അനുസരിച്ച് അതിനാവശ്യമായ സമയത്തിൽ മാറ്റം വരുന്നതിനാലുമാണത്. "ഒരു പന്ത് തയ്യാറാക്കാൻ കുറഞ്ഞത് രണ്ടാഴ്ചവരെ സമയമെടുക്കും," അദ്ദേഹം പറയുന്നു.
മദനിന്റെ യൂണിറ്റിലെ ജോലിക്കാർ ആദ്യം സ്ഫടികക്കാരം ഉപയോഗിച്ച് തുകൽ സംസ്കരികുകയും അതിന് ചുവപ്പ് നിറം കൊടുത്ത് വെയിലത്ത് വച്ച് ഉണക്കിയെടുക്കുകയും ചെയ്യുന്നു. മൃഗക്കൊഴുപ്പുപയോഗിച്ച് തുകൽ വഴുപ്പുള്ളതാക്കി മാറ്റി, തടിയിൽ തീർത്ത ചുറ്റികകൊണ്ട് അടിച്ച് അതിനെ മിനുസപ്പെടുത്തുകയാണ് അടുത്ത പടി. "സ്ഫടികക്കാരംകൊണ്ട് ഊറയ്ക്കിടുന്ന തുകലിന് വെളുത്ത നിറമായതിനാൽ വെളുത്ത പന്തുകൾ നിർമ്മിക്കുമ്പോൾ തുകലിന് നിറം കൊടുക്കേണ്ട ആവശ്യമില്ല. പശുവിൻ പാലിൽനിന്നുള്ള വെണ്ണകൊണ്ടാണ് ഈ തുകലുകൾ വഴുപ്പുള്ളതാക്കി മാറ്റുന്നത്," മദൻ പറയുന്നു.


ഇടത്: ടൂ-പീസ് പന്തുകൾ നിർമ്മിക്കാനായി ഹീറ്റ് പ്രസ് ചെയ്തെടുത്ത അർദ്ധവൃത്താകൃതിയിലുള്ള ലെതർ കഷണങ്ങൾ വെയിലത്ത് ഉണക്കാൻ വച്ചിരിക്കുന്നു. വലത്: ധരം ഒരു തയ്യൽ മെഷീൻ ഉപയോഗിച്ച് ഓരോ അർദ്ധഗോളത്തിലും സമാന്തരമായ രണ്ടു നിര സീം (തുന്നൽ) ഇടുന്നു. ഫോർ-പീസ് പന്തുകളിൽ കാണുന്ന, കൈ കൊണ്ടുള്ള തുന്നലിൽനിന്ന് വ്യത്യസ്തമായി, മെഷീൻകൊണ്ടുള്ള തുന്നിയ സീം അലങ്കാരത്തിന് മാത്രമുള്ളതാണ്


ഇടത്: നിർമ്മാണം പൂർത്തിയായ പന്തുകളുടെ തുകൽ തേഞ്ഞുപോകാതിരിക്കാൻ ധരം അവയിൽ വാർണിഷ് അടിക്കുന്നു. വലത്: മുംബൈയിലെ ധോബി തലാവോയിലുള്ള ഒരു സ്പോർട്സ് ഉത്പന്ന കടയിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന, സ്വർണ്ണത്തിലും വെള്ളിയിലും മുദ്രണം ചെയ്തിട്ടുള്ള ക്രിക്കറ് പന്തുകൾ. മീററ്റിലെ വിവിധ പന്ത് നിർമ്മാണ യൂണിറ്റുകളിൽ നിർമ്മിച്ചവയാണിവ
"പണികൾ ഒരു നിശ്ചിതക്രമത്തിലാണ് നടക്കുന്നത് എന്നുമാത്രമല്ല ഒരു പണിക്കാരൻ ഒരു പ്രത്യേക ജോലി മാത്രമാണ് തുടർച്ചയായി ചെയ്യുന്നത്," അദ്ദേഹം വിശദീകരിക്കുന്നു. അടുത്തതായി, തുകൽ മുറിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള കൈപ്പണിക്കാരൻ തുകലിനെ രണ്ട് വൃത്താകൃതിയിലുള്ള കഷണങ്ങളായോ നാല് ദീർഘവൃത്തങ്ങളായോ മുറിച്ചെടുക്കുന്നു. രണ്ടോ നാലോ തുകൽക്കഷണങ്ങൾ ചേർത്തുവച്ചാണ് ക്രിക്കറ്റ് പന്തുകൾ ഉണ്ടാക്കുന്നത്.
"എല്ലാ കഷണങ്ങളും ഒരുപോലെ കട്ടിയുള്ളവയും ഒരേ സ്വഭാവമുള്ള തുകലിൽനിന്നുള്ളവയും ആയിരിക്കണം," മദൻ പറയുന്നു. "ഈ ഘട്ടത്തിൽ തുകൽ തരംതിരിക്കുന്നതിൽ പാളിച്ച പറ്റിയാൽ, പന്തിന് ഉറപ്പായും ആകൃതി നഷ്ടപ്പെടും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഏറെ ശാരീരികാധ്വാനം ആവശ്യമായ പന്ത് നിർമ്മാണ പ്രക്രിയയിൽ, പന്നിരോമങ്ങളിൽ കോർത്ത പരുത്തിനൂലുകൾ ഉപയോഗിച്ച് തുകൽക്കഷണങ്ങൾ കൈകൊണ്ട് തുന്നുന്ന ജോലിക്കാണ് ഏറ്റവും വൈദഗ്ധ്യം വേണ്ടത്. "രോമങ്ങൾക്ക് വളരെയധികം ബലവും വഴക്കവുമുള്ളതിനാലും തുകലിൽ കീറൽ വീഴ്ത്താൻമാത്രം മൂർച്ച ഇല്ലാത്തതിനാലുമാണ് സൂചിക്ക് പകരം അവ ഉപയോഗിക്കുന്നത്," മദൻ പറയുന്നു. "സൂചിയേക്കാൾ നീളമുള്ളതുകൊണ്ടുതന്നെ അവ പിടിക്കാൻ എളുപ്പമാണെന്ന് മാത്രമല്ല, അവ തട്ടി തയ്യൽക്കാരന്റെ വിരലുകളിൽ മുറിവേൽക്കുകയുമില്ല."
"പക്ഷെ പന്നിയുടെ രോമം ഉപയോഗിക്കുന്നു എന്ന ഒറ്റ കാരണംകൊണ്ടുതന്നെ ഞങ്ങളുടെ മുസ്‌ലിം സഹോദരന്മാർക്ക് ഈ ജോലി ചെയ്യാനാകില്ല. അവർക്ക് പന്നികളെ ഇഷ്ടമല്ലല്ലോ," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
"ഒരു ഫോർ പീസ് പന്തുണ്ടാക്കാൻ ഉപയോഗിക്കുന്ന മൂന്ന് വ്യത്യസ്ത തരം തുന്നലുകൾ പഠിച്ചെടുക്കാൻ ഒരുപാട് വർഷങ്ങളെടുക്കും," മദനിന്റെ യൂണിറ്റിലെ ഏറ്റവും അനുഭവസമ്പത്തുള്ള പന്ത് നിർമ്മാതാവായ ധരം സിംഗ് പറയുന്നു. ജമ്മു കാശ്മീരിൽനിന്നുള്ള ഉപഭോക്താവിന് നൽകാനുള്ള പന്തുകളിൽ വാർണിഷ് അടിക്കുകയാണ് ആ 50 വയസ്സുകാരൻ. "കൂടുതൽ വൈദഗ്ധ്യം ആവശ്യമായ തുന്നലുകൾ ചെയ്തുതുടങ്ങുന്നതനുസരിച്ച് ഒരു കൈപ്പണിക്കാരന്റെ ശമ്പളവും കൂടും," അദ്ദേഹം പറയുന്നു. ഓരോ സങ്കീർണ്ണമായ തുന്നലും ചെയ്യുന്ന രീതിയും അവയുടെ ഉപയോഗവും വ്യത്യസ്തമാണ്.


സുനിൽ (ഇടത്) സംസ്കരിച്ച തുകൽ ചുറ്റികകൊണ്ട് അടിച്ച് അതിനെ വഴക്കമുള്ളതാക്കുന്നു; പ്രദേശവാസികൾ ഈ പ്രക്രിയയ്ക്ക് മെല്ലി മാർന എന്നാണ് പറയുന്നത്. ദീർഘവൃത്താകൃതിയിൽ മുറിച്ചെടുക്കുന്ന (വലത്) നാല് തുകൽക്കഷണങ്ങൾ ചേർത്താണ് ഒരു ഫോർ പീസ് പന്ത് ഉണ്ടാക്കുന്നത്


ഇടത്: മോനു, ദീർഘവൃത്താകൃതിയിലുള്ള രണ്ടു തുകൽക്കഷൺങ്ങൾ ചേർത്ത് ഒരു കപ്പ് അഥവാ അർദ്ധവൃത്താകൃതി ഉണ്ടാക്കുകയും അതിൽ ആർ എന്ന ഉപകരണം ഉപയോഗിച്ച് ദ്വാരങ്ങൾ തീർക്കുകയും ചെയ്യുന്നു. വലത്: വിക്രംജീത്ത് അർദ്ധവൃത്താകൃതിയിലുള്ള തുകൽക്കഷണങ്ങളുടെ അകത്ത് കട്ടി കുറഞ്ഞ, ദീർഘവൃത്താകൃതിയിലുള്ള തുകൽക്കഷണങ്ങൾ ചേർത്തുവെച്ച് ബലപ്പെടുത്തുന്നു; അസ്തർ ലഗാന എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ വലത് ഭാഗത്തുള്ളത് സീം പ്രെസിങ്ങിന് ഉപയോഗിക്കുന്ന യന്ത്രവും ഇടത് ഭാഗത്തുള്ളത് ഗോലായ് (വൃത്താകൃതി വരുത്താനുള്ളത്) യന്ത്രവുമാണ്
ആദ്യത്തെ തയ്യൽ പ്രാദേശികമായി പീസ് ജുഡായ് എന്നാണ് അറിയപ്പെടുന്നത്. ദീർഘവൃത്താകൃതിയിലുള്ള രണ്ടു തുകൽക്കഷണങ്ങൾ ഉൾഭാഗത്തു കൂടി തയ്ച്ച്, അവയെ ഒരു കപ്പ് അഥവാ അർദ്ധവൃത്താകൃതിയിലാക്കുകയാണ് ഇതിൽ ചെയ്യുന്നത്. പൊതുവെ തുടക്കക്കാർ ചെയ്യുന്ന ഈ തയ്യലിന് ഓരോ അർദ്ധവൃത്തത്തിനും 7.50 രൂപ എന്ന നിരക്കിലാണ് പ്രതിഫലം നൽകുന്നത്. "പീസ് ജുഡായ്ക്ക് ശേഷം, കപ്പുകൾക്കകത്ത് ലാപ്പെ എന്ന് വിളിക്കുന്ന, കട്ടി കുറഞ്ഞ തുകൽക്കഷണങ്ങൾ ചേർത്തുവെച്ച് ബലം കൊടുക്കും," ധരം വിവരിക്കുന്നു. ഇത്തരത്തിൽ ബലപ്പെടുത്തിയ തുകൽ അർദ്ധവൃത്തങ്ങൾ പിന്നീട് ഒരു ഗോലായ് യന്ത്രമുപയോഗിച്ച് അച്ചിലിട്ട് കൃത്യമായ വൃത്താകൃതിയിലാക്കി എടുക്കുന്നു.
അർദ്ധവൃത്താകൃതിയിലുള്ള രണ്ട് തുകൽക്കഷണങ്ങൾക്ക് ഇടയിൽ വട്ടത്തിലുള്ള, സങ്കോചിപ്പിച്ച ഒരു കോർക്ക് വച്ച്, ഇരുവശത്തുനിന്നും ഒരേ സമയം തയ്ച്ച് അവ യോജിപ്പിക്കുകയാണ് കപ്പ് ജുഡായ് എന്ന അടുത്ത ഘട്ടത്തിൽ ചെയ്യുന്നത്. 17-19 രൂപയാണ് കപ്പ് ജുഡായ്ക്ക് ലഭിക്കുന്ന ശമ്പളം. ടൂ-പീസ് പന്തുകൾക്കും കപ്പ് ജുഡായ് ചെയ്യേണ്ടതുണ്ട്.
"രണ്ടാമത്തെ തയ്യൽ കഴിയുമ്പോൾമാത്രമാണ് അതിനെ ഗേന്ദ് (പന്ത്) എന്ന വിളിച്ചുതുടങ്ങുക," ധരം പറയുന്നു. "ഈ ഘട്ടത്തിലാണ് ആദ്യമായി തുകലിന് പന്തിന്റെ രൂപം കൈവരുന്നത്."
1950-കളിൽ കായികോത്‌പന്ന നിർമ്മാണം തുടങ്ങിയ സൂരജ് കുണ്ഡ് റോഡിലെ ഒരു ഫാക്ടറിയിൽവെച്ച് ഏകദേശം 35 വർഷം മുൻപാണ് ധരം പന്ത് നിർമ്മിക്കുന്ന കല പഠിച്ചെടുത്തത്. വിഭജനത്തിനുശേഷം, സിയാൽക്കോട്ടിൽനിന്ന് (ഇന്നത്തെ പാകിസ്ഥാനിൽ) നിഷ്കാസിതരായി, മീററ്റിലെ സൂരജ് കുണ്ഡ് റോഡിലും വിക്ടോറിയ പാർക്കിലുമുള്ള സ്പോർട്സ് കോളനികളിൽ പുനരധിവസിക്കപ്പെട്ടവരാണ് ഈ പ്രദേശത്ത് കായികോത്‌പന്ന നിർമ്മാണ വ്യവസായത്തിന് തുടക്കമിട്ടത്. "മീററ്റിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്നുള്ളവർ നഗരത്തിലേക്ക് പോയി ഈ കരവിരുത് പഠിച്ചെടുക്കുകയും ആ അറിവുമായി തിരികെ വരികയും ചെയ്തു."
ഒരു ഫോർ പീസ് പന്തിന്റെ നിർമ്മാണത്തിലാണ് മൂന്നാം ഘട്ടത്തിലെ തയ്യലിന് ഏറ്റവും പ്രാധാന്യം കൈവരുന്നത്. സമാന്തരമായ നാല് നിര സീം ( ഗേന്ദ് സിലായി ) സൂക്ഷ്മതയോടെ പന്തിൽ തുന്നിച്ചേർക്കുകയാണ് ഇതിൽ ചെയ്യുന്നത്. "നല്ലയിനം പന്തുകളിൽ ഏകദേശം 80 തുന്നലുകളുണ്ടാകും," അദ്ദേഹം പറയുന്നു. തുന്നലുകളുടെ എണ്ണമനുസരിച്ച് ഒരു പന്തിന് 35-50 രൂപവരെ ഒരു പണിക്കാരന് ലഭിക്കും. ടൂ-പീസ് പന്തുകളിൽ മെഷീനുപയോഗിച്ചാണ് പന്തിൽ സീം തയ്ക്കുന്നത്.


ഒരു ഇരുമ്പ് ക്ലാമ്പുപയോഗിച്ച് ചേർത്തുവെച്ചിരിക്കുന്ന രണ്ട് തുകൽ അർദ്ധവൃത്തങ്ങൾക്കുമിടയിൽനിന്ന് പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന തുകലിൽ ഭരത് ഭൂഷൺ ആർ ഉപയോഗിച്ച് തുളകളിടുന്നു. അടുത്തതായി, അദ്ദേഹം രണ്ട് അർദ്ധവൃത്തങ്ങൾക്കുമിടയിൽ വട്ടത്തിലുള്ള ഒരു കോർക്ക് വയ്ക്കുകയും അവ കൂട്ടിത്തുന്നുന്ന രണ്ടാംഘട്ട തയ്യലിനായി പന്നിയുടെ രോമങ്ങളെടുത്ത്, അതിന്റെ വേരിൽ ഒരു മീറ്റർ നീളമുള്ള പരുത്തിനൂൽ ഘടിപ്പിക്കുകയും ചെയ്യുന്നു. രണ്ട് കപ്പുകളും ചേർത്ത് തയ്ച്ച് ഒരു പന്ത് രൂപപ്പെടുത്താനായി ഒരേ ദ്വാരങ്ങളിലൂടെ വിപരീത ദിശകളിൽനിന്നും രണ്ട് പന്നിരോമങ്ങൾ കയറ്റിത്തുന്നുകയാണ് അവസാന പടി


വർഷങ്ങളെടുത്ത് മറ്റെല്ലാ തയ്യലുകളും പഠിച്ചശേഷമാണ് ഒരു കാരിഗാർ സീം തയ്‌ക്കാൻ തുടങ്ങുന്നത്. തുകലിൽ എവിടെ തുള ഇടണമെന്ന് കൃത്യമായി കണക്ക് കൂട്ടാനും അവയ്ക്കിടയിൽ കൃത്യമായ അകലം പാലിക്കുവാനും 45 വയസ്സുകാരനായ പപ്പൻ (ഇടത്) ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള പന്തുകളിൽ ദ്വാരങ്ങൾ തീർക്കാൻ 80 തുന്നലുകൾ വേണ്ടിവരും. ഒരു പന്തിൽ സമാന്തരമായ നാല് നിരകളിലായി സീം ഇടാൻ ഒരു ജോലിക്കാരന് അരമണിക്കൂറിലേറെ സമയമെടുക്കും
"സ്പിന്നർ ആയാലും ഫാസ്റ്റ് ബൗളർ ആയാലും സീമിന്റെ സാധ്യതകൾ ഉപയോഗിച്ചാണ് പന്തെറിയുന്നത്," ധരം കൂട്ടിച്ചേർക്കുന്നു. സീം തുന്നലുകൾ പൂർത്തിയായാൽ പന്തിൽനിന്ന് എഴുന്നുനിൽക്കുന്ന തയ്യലുകൾ കൈകൊണ്ട് അമർത്തിയെടുക്കുക്കയും പന്തിൽ വാർണിഷ് അടിച്ച് മുദ്രണം നടത്തുകയും ചെയ്യുന്നു. "ക്രിക്കറ്റ് കളിക്കാർ തിരിച്ചറിയുന്നത് എന്താണ്? സ്വർണ്ണ മുദ്രണമുള്ള തിളങ്ങുന്ന പന്തുകൾ മാത്രം."
"ക്രിക്കറ്റ് പന്തുകളുടെ ഒരു പ്രത്യേകത പറയാമോ?" മദൻ ചോദിക്കുന്നു.
"കളിയുടെ ഘടനയിൽ മാറ്റം വന്നിട്ടും പന്ത് ഉണ്ടാക്കുന്നവർക്കോ അതുണ്ടാക്കുന്ന രീതിക്കോ പ്രക്രിയയ്ക്കോ അതിനാവശ്യമായ വസ്തുകൾക്കോ യാതൊരു മാറ്റവും വരാത്ത ഒരേയൊരു കായികയിനമാണത്."
മദന്റെ ജോലിക്കാർക്ക് ഒരുദിവസം ശരാശരി 200 പന്തുകൾ നിർമ്മിക്കാനാകും. ഒരു പന്ത് അല്ലെങ്കിൽ ഒരു ബാച്ച് പന്തുകൾ ഉണ്ടാക്കാൻ ഏകദേശം 2 ആഴ്ചയെടുക്കും. തുകൽ സംസ്കരിക്കുന്നതുമുതൽ പന്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ, "കുറഞ്ഞത് 11 ജോലിക്കാരുടെ വൈദഗ്ധ്യം ആവശ്യമാണ്; 11 കളിക്കാർ ചേർന്ന് ഒരു ടീം ഉണ്ടാക്കുന്നത് പോലെ," തന്റെ ഉപമയോർത്ത് പുഞ്ചിരിച്ചുകൊണ്ട് മദൻ പറയുന്നു.
"എന്നാൽ കളിയിലെ യഥാർത്ഥ കലാകാരൻ കളിക്കാരൻതന്നെയാണ്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഈ ലേഖനത്തിന്റെ രചനയിൽ ഭരത് ഭൂഷൺ നൽകിയ വിലമതിക്കാനാകാത്ത സഹായത്തിന് ലേഖിക നന്ദി അറിയിക്കുന്നു.
മൃണാളിനി മുഖർജീ ഫൗണ്ടേഷന്റെ (എം.എം.എഫ്) പിന്തുണയോടെയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
പരിഭാഷ: പ്രതിഭ ആര്‍. കെ.