കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഒരു പ്രഭാതത്തില്‍ വര്‍സോവ ജെട്ടിയിലെ നദീമുഖത്തിന്‍റെ വക്കത്ത് ഒരു പാറായില്‍ റാംജി ഭായി ഇരിക്കുമ്പോള്‍ അദ്ദേഹം എന്തുചെയ്യുകയാണെന്ന് ഞാന്‍ ചോദിച്ചു. “ടൈംപാസ്സ്”, അദ്ദേഹം പ്രതികരിച്ചു. “ഞാനിതിനെ വീട്ടില്‍ കൊണ്ടുപോയി തിന്നും”, അപ്പോള്‍ പിടിച്ച ഒരു ചെറിയ ടേങ്ഡ മത്സ്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തലേദിവസം രാത്രിയില്‍ മറ്റ് മീന്‍പിടുത്തക്കാര്‍ നദീമുഖത്ത് വിരിച്ച വല അവര്‍ വൃത്തിയാക്കുന്നത് ഞാന്‍ കണ്ടു - ഒരുപാട് പ്ലാസ്റ്റിക്കുകള്‍ അവര്‍ക്ക് കിട്ടി, പക്ഷെ ഒരു മീനും കിട്ടിയില്ല.

“ഇന്ന് കഷ്ടിച്ചേ ചെറിയ ഉള്‍ക്കടലില്‍ (creek) മത്സ്യബന്ധനം സാദ്ധ്യമാകൂ”, ഭഗവാന്‍ നാംദേവ് ഭാഞ്ജി പറഞ്ഞു. തന്‍റെ ആകെ ജീവിതമായ എഴുപതിലധികം വര്‍ഷങ്ങളും അദ്ദേഹം വര്‍സോവ കോലിവാഡയിലാണ് ജീവിച്ചത്. ഉത്തര മുംബൈയിലെ കെ-പടിഞ്ഞാറ് വാര്‍ഡിലെ ഒരു മത്സ്യബന്ധന ഗ്രാമമാണിത്. “ഞങ്ങള്‍ ചെറുതായിരുന്നപ്പോള്‍ ഇവിടുത്തെ തീരം മൗറീഷ്യസിലേതുപോലെയായിരുന്നു. ഒരു നാണയം നിങ്ങള്‍ വെള്ളത്തിലിട്ടാല്‍ നിങ്ങള്‍ക്കത് കാണാന്‍ പറ്റുമായിരുന്നു... വെള്ളം അത്രയ്ക്ക് തെളിഞ്ഞതായിരുന്നു.”

ഭഗവാന്‍റെ അയല്‍വാസികളുടെ വലയില്‍ (വല ഇപ്പോള്‍ കടലിന്‍റെ കൂടുതല്‍ ആഴത്തിലേക്കാണ് ഇടുന്നത്) കുടുങ്ങുന്ന മത്സ്യങ്ങള്‍ പലപ്പോഴും ചെറുതുമാണ്. “നേരത്തെ ഞങ്ങള്‍ക്ക് കുറച്ചുകൂടി വലിയ ആവോലി കിട്ടുമായിരുന്നു, പക്ഷെ ഇപ്പോള്‍ ചെറുതാണ് കിട്ടുന്നത്. ഇത് ഞങ്ങളുടെ കച്ചവടത്തെ കാര്യമായി ബാധിച്ചിരിക്കുന്നു”, ഭാഗവാന്‍റെ മരുമകളായ പ്രിയ ഭാഞ്ജി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങായി അവര്‍ മീന്‍ വില്‍ക്കുകയാണ്.

ഇവിടെയുള്ള ഏതാണ്ടെല്ലാവര്‍ക്കും (2010-ലെ സമുദ്ര മത്സ്യബന്ധന സെന്‍സസ് അനുസരിച്ച് കോലിവാഡ നിവാസികളായ 1,072 കുടുംബങ്ങള്‍ അല്ലെങ്കില്‍ 4,943 ആളുകള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നു) കുറഞ്ഞുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന, മീനുകളെപ്പറ്റി കഥകള്‍ പറയാനുണ്ട്. പ്രാദേശിക തലത്തിലെ മലിനീകരണം മുതല്‍ ആഗോളതലത്തിലെ ചൂട് വരെ വ്യാപിച്ചുകിടക്കുന്ന കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത് - ഇവരണ്ടും ചേര്‍ന്നാണ് നഗരത്തിന്‍റെ തീരപ്രദേശത്ത് കാലാവസ്ഥ ആഘാതം ഉണ്ടായിട്ടുള്ളത്.

Bhagwan Bhanji in a yard where trawlers are repaired, at the southern end of Versova Koliwada
PHOTO • Subuhi Jiwani

വര്‍സോവ കോലിവാഡയുടെ തെക്കേയറ്റത്ത് മത്സ്യബന്ധന ബോട്ടുകള്‍ നന്നാക്കുന്ന സ്ഥലത്ത് ഭഗവാന്‍ ഭാഞ്ജി

ഏതാണ്ട് രണ്ട് ദശകങ്ങള്‍ക്കു മുന്‍പ് ഈ കോലിവാഡയിലെ നിവാസികള്‍ക്ക് മാലാഡ് ചെറിയ ഉള്‍ക്കടലിന്‍റെ (ഇത് വര്‍സോവയിലെ കടലിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു) തീരത്തോടു ചേർന്ന വെള്ളത്തില്‍ നിന്ന് എളുപ്പത്തില്‍ ലഭിച്ചിരുന്ന വള്ളിപ്പൂമീന്‍ (giant herring), ഹില്‍സ (hilsa shad) എന്നിവയും മറ്റു മീനുകളും മനുഷ്യരുടെ ഇടപെടലുകല്‍ മൂലം കുറഞ്ഞതായി കാണുന്നു.

ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന ഏതാണ്ട് 12 തുറന്ന ഓടകളില്‍നിന്നുള്ള സംസ്കരിക്കാത്ത മലിനജലം, വ്യാവസായിക ദ്രവമാലിന്യങ്ങള്‍, വര്‍സോവയിലെയും മാലാഡ് പടിഞ്ഞാറിലെയും മുനിസിപ്പല്‍ മലിനജല സംസ്കരണ സംവിധാനങ്ങളില്‍ നിന്നുള്ള മലിനജലം എന്നിവയൊക്കെ ഭഗവാന്‍റെ ഓര്‍മ്മയിലെ, ഒരിക്കല്‍ തെളിഞ്ഞു കിടന്നിരുന്ന, ചെറിയ ഉള്‍ക്കടലിലേക്ക് എത്തുന്നു. “കടല്‍ജീവികളൊന്നുമില്ല. കടലില്‍ 20 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് ഈ മാലിന്യങ്ങളൊക്കെ പോകുന്നു. എല്ലാവരുടെയും മലിനജലം, ചെളി, മാലിന്യങ്ങള്‍ എന്നിവകാരണം ഒരു തെളിഞ്ഞ ചാല്‍ ഓവുചാല്‍ ആയി മാറിയിരിക്കുന്നു”, ഭഗവാന്‍ പറഞ്ഞു. കോലി ചരിത്രത്തെക്കുറിച്ചും, സംസ്കാരത്തെക്കുറിച്ചും, പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ചുമുള്ള അറിവിന്‍റെ കാര്യത്തില്‍ അദ്ദേഹം പരിസരപ്രദേശങ്ങളിലൊക്കെ അറിയപ്പെടുന്ന ആളാണ്. മരിച്ചുപോയ സഹോദരന്മാരുടെ രണ്ട് മത്സ്യബന്ധന ബോട്ടുകളുടെ തീരത്തെ കാര്യങ്ങളൊക്കെ (മീന്‍ ഉണക്കുക, വലയുണ്ടാക്കുക, അറ്റകുറ്റപ്പണികള്‍ നോക്കിനടത്തുക എന്നിവയൊക്കെ) കുറച്ചുവര്‍ഷങ്ങള്‍ മുമ്പുവരെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

കറുത്ത ജലം എന്നതിനര്‍ത്ഥം ചെറിയ ഉള്‍ക്കടലിലേയും അടുത്തുള്ള തീരത്തെയും വെള്ളത്തില്‍ വിഘടിത ഓക്സിജന്‍റെ അളവ് കുറവാണെന്നും മലത്തിൽ വലിയ അളവിൽ ബാക്ടീരിയ ഉണ്ടെന്നുമാണ് – മത്സ്യങ്ങള്‍ക്കിവിടെ ജീവിക്കാന്‍ കഴിയില്ല. നാഷണല്‍ എന്‍വയണ്‍മെന്‍റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ 2010-ല്‍ തയ്യാറാക്കിയ ഒരു പ്രബന്ധത്തില്‍ പറയുന്നത് “ഡി.ഓ. [വിഘടിത ഓക്സിജന്‍] ഇല്ലാത്തതിനാല്‍ വേലിയിറക്ക സമയത്ത് മാലാഡ് ചെറിയ ഉള്‍ക്കടലിന്‍റെ അവസ്ഥ അപകടകരമാണ്... വേലിയേറ്റസമയത്ത് അവസ്ഥ കുറച്ച് മെച്ചമാണ്...” എന്നാണ്.

സമുദ്ര മാലിന്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനവുമായി ചേര്‍ന്ന് ദൂരവ്യാപകങ്ങളായ ആഘാതങ്ങള്‍ ഉണ്ടാക്കുന്നു. വര്‍ദ്ധിച്ചുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍, തീരദേശ-കടല്‍ മാലിന്യങ്ങള്‍ (80 ശതമാനത്തിലധികവും ഉണ്ടാകുന്നത് കരയില്‍നിന്നുള്ള സ്രോതസ്സുകളില്‍നിന്നാണ്), സമുദ്രജല പ്രവാഹങ്ങളിന്മേലുള്ള കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതം എന്നിവ കടല്‍ മരുപ്രദേശങ്ങളുടെ (marine dead zones) അഥവാ ഓക്സിജന്‍ ഇല്ലാത്ത പ്രദേശങ്ങളുടെ (oxygen-dead areas) വ്യാപനം ത്വരിതഗതിയിലാക്കുമെന്ന് ഇന്‍ ഡെഡ് വാട്ടര്‍: മെര്‍ജിംഗ് ഓഫ് ക്ലൈമാറ്റ് ചേഞ്ച് വിത്ത്‌ പൊളൂഷന്‍, ഓവര്‍ഹാര്‍വെസ്റ്റ്‌ ആന്‍ഡ്‌ ഇന്ഫെസ്റ്റേഷന്‍ ഇന്‍ ദി വേള്‍ഡ്സ് ഫിഷിംഗ് ഗ്രൗണ്ട്സ് ( In Dead Water: merging of climate change with pollution, over-harvest and infestation in the world’s fishing grounds) എന്ന ഐക്യരാഷ്ട്രസഭയുടെ 2008-ലെ ഒരു പുസ്തകം നിരീക്ഷിക്കുന്നു... “തീരപ്രദേശങ്ങളില്‍ ദ്രുതഗതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാൽ കണ്ടല്‍വനങ്ങളും മറ്റു വാസപ്രദേശങ്ങളും നശിക്കുകയും മാലിന്യത്തിന്‍റെ ഫലങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു”, പുസ്തകത്തിൽ പറയുന്നു.

Left: Struggling against a changing tide – fishermen at work at the koliwada. Right: With the fish all but gone from Malad creek and the nearby shorelines, the fishermen of Versova Koliwada have been forced to go deeper into the sea
PHOTO • Subuhi Jiwani
Left: Struggling against a changing tide – fishermen at work at the koliwada. Right: With the fish all but gone from Malad creek and the nearby shorelines, the fishermen of Versova Koliwada have been forced to go deeper into the sea
PHOTO • Subuhi Jiwani

ഇടത് : മാറുന്ന വേലിയേറ്റ വേലിയിറക്കങ്ങൾക്കെതിരെ പൊരുതുമ്പോൾ - മീൻപിടുത്തക്കാർ കോലിവാഡയിൽ പണിയെടുക്കുന്നു. മാലാഡ് ചെറിയ ഉള്‍ക്കടലിലും മറ്റു തീരപ്രദേശങ്ങളിലും മത്സ്യസമ്പത്ത് ഇല്ലാതായിരിക്കുന്നതുകൊണ്ട് വര്‍സോവ കോലിവാഡയിലെ മീൻപിടുത്തക്കാർ കൂടുതൽ  ഉൾക്കടലിലേക്ക് നീങ്ങാൻ നിർബന്ധിതരായിരിക്കുന്നു

മുംബൈയിലും കണ്ടൽക്കാടുകളുടെ നീണ്ടനിര വർഷങ്ങൾകൊണ്ട് റോഡുകൾക്കും കെട്ടിടങ്ങൾക്കും മറ്റ് പദ്ധതികൾക്കുമായി തെളിച്ചിരിക്കുന്നു. കണ്ടൽക്കാടുകൾ മത്സ്യങ്ങൾ പെറ്റുപെരുകുന്ന നിർണ്ണായകമായ ഇടമാണ്. "കണ്ടൽക്കാടുകൾ കടൽത്തീര ജീവികളെ സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്, തീരത്തെ മണ്ണൊലിപ്പിൽ നിന്നും സംരക്ഷിക്കുകയും അഴിമുഖ-കടൽ ജീവികളുടെ പ്രജനനത്തിനും വളർച്ചയ്ക്കുമുള്ള ഇടങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്നു”, ഇൻഡ്യൻ ജേർണൽ ഓഫ് മറൈൻ സയൻസസ് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നു. 1990 മുതൽ 2001 വരെയുള്ള 11 വർഷത്തിൽ മുംബൈയുടെ പ്രാന്തപ്രദേശത്ത് 36.54 ചതുരശ്ര കിലോമീറ്റർ സ്ഥലത്തെ കണ്ടൽക്കാടുകൾ നശിച്ചുവെന്ന് പ്രബന്ധം കൂട്ടിച്ചേർക്കുന്നു.

“മത്സ്യങ്ങൾ മുട്ടയിടാനായി തീരത്തേക്ക് [കണ്ടൽക്കാടുകളിലേക്ക്] വരുന്നു, പക്ഷേ അത് ഇപ്പോൾ നടക്കുന്നില്ല” ഭഗവാൻ പറഞ്ഞു. "നമുക്ക് കഴിയുന്നത്രയും കണ്ടൽക്കാടുകൾ നമ്മൾ നശിപ്പിച്ചിരിക്കുന്നു. വളരെ കുറച്ചേ അവശേഷിക്കുന്നുള്ളൂ. പ്രാന്തപ്രദേശങ്ങളുടെ തീരങ്ങളിലെ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലങ്ങളും, ലോഖണ്ഡ്വാല, ആദർശ് നഗർ എന്നിവപോലെ ഇവിടെയുള്ള മുഴുവൻ പ്രദേശങ്ങളും നേരത്തെ കണ്ടൽക്കാടുകൾ ആയിരുന്നു.”

അതിന്‍റെ ഫലമായി, മാലാഡ് ഉള്‍ക്കടലിലും മറ്റു തീരപ്രദേശങ്ങളിലും മത്സ്യസമ്പത്ത് ഏതാണ്ട് ഇല്ലാതാവുകയും വര്‍സോവ കോലിവാഡയിലെ മീൻപിടുത്തക്കാർ കൂടുതൽ  ഉൾക്കടലിലേക്ക് നീങ്ങാൻ നിർബന്ധിതരായിരിക്കുകയും ചെയ്യുന്നു. പക്ഷെ ഉയരുന്ന ഊഷ്മാവും, വർദ്ധിക്കുന്ന ചുഴലിക്കൊടുങ്കാറ്റുകളും, ട്രോളറുകളുടെ അമിത മത്സ്യബന്ധനവും അവരുടെ തൊഴിലിനെ ആഴക്കടലിലും ബാധിച്ചിരിക്കുന്നു.

"നേരത്തെ അവർക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് [തീരത്തുനിന്നും 20 കിലോമീറ്ററുകൾക്കപ്പുറം] പോകേണ്ട കാര്യമില്ലായിരുന്നു, കാരണം തീരദേശ പരിസ്ഥിതി സമ്പന്നമായിരുന്നു”, ബോംബെ-61-ൽ നിന്നുള്ള കേതകി ഭാഡ്ഗാവ്കർ പറഞ്ഞു. വര്‍സോവ കോലിവാഡയിലെ തീരദേശ മലിനീകരണത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ഫലങ്ങളെക്കുറിച്ച് പഠിക്കുന്ന വാസ്തുശില്പികളുടെ ഒരു സംഘമാണത്. "ആഴക്കടൽ മത്സ്യബന്ധനം മത്സ്യബന്ധനത്തെ സാമ്പത്തികമായി അപ്രായോഗികമാക്കി മാറ്റിയിരിക്കുന്നു, കാരണം ഇതിന് വലിയ ബോട്ടിൽ വലിയ ചിലവും, ആളുകളും അങ്ങനെ പലതും ആവശ്യമാണ്. വലിയ രീതിയിൽ മത്സ്യബന്ധനം നടത്തി തിരിച്ചുവരാൻ പറ്റുമോയെന്ന് അവർക്കുറപ്പുമില്ല.”

Photos taken by Dinesh Dhanga, a Versova Koliwada fisherman, on August 3, 2019, when boats were thrashed by big waves. The yellow-ish sand is the silt from the creek that fishermen dredge out during the monsoon months, so that boats can move more easily towards the sea. The silt settles on the creek floor because of the waste flowing into it from nallahs and sewage treatment facilities
PHOTO • Dinesh Dhanga
Photos taken by Dinesh Dhanga, a Versova Koliwada fisherman, on August 3, 2019, when boats were thrashed by big waves. The yellow-ish sand is the silt from the creek that fishermen dredge out during the monsoon months, so that boats can move more easily towards the sea. The silt settles on the creek floor because of the waste flowing into it from nallahs and sewage treatment facilities
PHOTO • Dinesh Dhanga

2019 ഓഗസ്റ്റ് 3-ന് വലിയ തിരകൾ ബോട്ടുകൾ നശിപ്പിച്ചപ്പോൾ വര്‍സോവ കോലിവാഡയിലെ മീൻപിടുത്തക്കാരനായ ദിനേശ് ധംഗ എടുത്ത ഫോട്ടോകൾ . ബോട്ടുകൾക്ക് എളുപ്പത്തിൽ കടലിലേക്ക് പോകുന്നതിനു വേണ്ടി മീൻപിടുത്തക്കാർ ചാലിൽ നിന്നും കാലവർഷ മാസങ്ങളിൽ വാരിയെടുത്ത ചെളിയാണ് അവിടെക്കാണുന്ന മഞ്ഞകലർന്ന മണ്ണ്. തുറന്ന ചാലുകളിൽ നിന്നും മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ നിന്നും ഒഴുകിയെത്തിയ മാലിന്യങ്ങൾ മൂലമാണ് ചെളി ചെറിയ ഉള്‍ക്കടലിന്‍റെ തറയിൽ അടിഞ്ഞു കൂടിയത്

അറബിക്കടൽ ചൂടുപിടിക്കുന്നതുമൂലവും ആഴക്കടൽ മത്സൃബന്ധനം അനിശ്ചിതത്വം നിറഞ്ഞതായിരിക്കുന്നു - 1992-നും 2013-നുമിടയ്ക്ക് അതിന്‍റെ ഉപരിതല ഊഷ്മാവ് ഓരോ ദശകങ്ങളിലും ശരാശരി 0.13 ഡിഗ്രി സെൽഷ്യസ് ഉയർന്നിരിക്കുന്നുവെന്ന് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേർണലിലെ ഒരു പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. ഇത് സമുദ്ര ജീവിതത്തെ ബാധിച്ചിരിക്കുന്നുവെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (സി.എം.എഫ്.ആർ.ഐ.) മുംബൈ സെന്ററിൽ 4 ദശകങ്ങളിലധികമായി പ്രവർത്തിക്കുന്ന ഡോ. വിനയ് ദേശ്മുഖ് പറഞ്ഞു. "[ഇന്ത്യയുടെ] തെക്കു ഭാഗത്തുള്ള പ്രമുഖ മത്സ്യങ്ങളിലൊന്നായ മത്തി വടക്കോട്ടു നീങ്ങാൻ തുടങ്ങിയിരിക്കുന്നു [തീരത്തു കൂടെ]. തെക്കുനിന്നുള്ള മറ്റൊരു പ്രമുഖ ഇനമായ അയല കൂടുതൽ ആഴത്തിലേക്ക് [20 മീറ്ററിലധികം] നീങ്ങാൻ തുടങ്ങിയിരിക്കുന്നു

മുംബൈയിലെയും മഹാരാഷ്ട്രയിലെയും കടൽ ജലത്തിന്‍റെ ചൂട് പരസ്പരബന്ധിതമായ ഒരു ആഗോള ക്രമത്തിന്‍റെ ഭാഗമാണ് - 1971-നും 2010-നുമിടയിൽ ലോകത്തെ സമുദ്രങ്ങളുടെ ഉപരിഭാഗത്തെ 75 മീറ്റർ ഓരോ ദശകത്തിലും 0.09 മുതൽ 0.13 ഡിഗ്രി സെൽഷ്യസ് വരെ ചൂടായിട്ടുണെന്ന് ഇന്‍റർഗവൺമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി.) 2014-ൽ നിർണ്ണയിച്ചിട്ടുണ്ട്.

ഉയരുന്ന ഈ കടൽ ഊഷ്മാവ് ചില മത്സൃങ്ങളുടെ ജീവശാസ്ത്രം മാറ്റിയിരിക്കുന്നു – വളരെ പ്രധാനപ്പെട്ടതും "തിരുത്താൻ പറ്റാത്തതുമായ മാറ്റം” എന്നാണ് ഡോ. ദേശ്മുഖ് പറഞ്ഞത്. "ജലം താരതമ്യേന തണുത്തതും ഊഷ്മാവ് ഏകദേശം 27 ശതമാനവുമായിരുന്നപ്പോൾ മത്സ്യങ്ങൾ പക്വമാകുന്നത് താമസിച്ചായിരുന്നു. വെള്ളം ചൂടാകാൻ തുടങ്ങിയതോടുകൂടി മത്സൃങ്ങൾ നേരത്തെ മൂപ്പെത്താൻ തുടങ്ങി. അതിനർത്ഥം അവ ജീവിത ചക്രങ്ങളുടെ നേരത്തെയുള്ള സമയത്ത് അണ്ഡവും ബീജവും ഉത്പാദിപ്പിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ്. അത് സംഭവിക്കുമ്പോൾ മത്സ്യത്തിന്‍റെ ശരീരവളർച്ച കുറയുന്നു. ബോംബെ ഡക്കുകളുടെയും (ഒരിനം ചെറു മത്സ്യം) ആവോലിയുടെയും കാര്യത്തിൽ നമ്മളിത് വ്യക്തമായി കണ്ടിട്ടുണ്ട്." വളർച്ചയെത്തിയ ഒരു ആവോലിയുടെ ഭാരം മൂന്ന് ദശകങ്ങൾക്കു മുമ്പ് ഏകദേശം 350-500 ഗ്രാം ആയിരുന്നെങ്കിൽ ഇന്നത് വെറും 200-280 ഗ്രാമാണ് – ചൂടും മറ്റ് ഘടകങ്ങളും നിമിത്തം വലിപ്പം കുറഞ്ഞിരിക്കുന്നു. ഡോ. ദേശ്മുഖും ഒരു പ്രദേശിക മീൻപിടുത്തക്കാരനും കണക്കുകൂട്ടുന്നു.

വളർച്ചയെത്തിയ ഒരു ആവോലിയുടെ ഭാരം മൂന്ന് ദശകങ്ങൾക്കു മുമ്പ് ഏകദേശം 350-500 ഗ്രാം ആയിരുന്നെങ്കിൽ ഇന്നത് വെറും 200-280 ഗ്രാമാണ് – ചൂടും മറ്റ് ഘടകങ്ങളും നിമിത്തം വലിപ്പം കുറഞ്ഞിരിക്കുന്നു

വീഡിയോ കാണുക : ആകെ മാലിന്യങ്ങൾ നിറഞ്ഞ ഒരു ചെറിയ ഉൾക്കടലിൽ നിന്നും മത്സ്യം പിടിക്കുമ്പോൾ

പക്ഷെ ദേശ്മുഖിന്‍റെ അഭിപ്രായത്തിൽ അമിത മത്സ്യബന്ധനമാണ് കുറച്ചുകൂടി വലിയ കുറ്റവാളി. ബോട്ടുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. ട്രോളറുകളും (കോലിവാഡയിലെ ചില പ്രദേശ വാസികൾക്കുo അവയുണ്ട്) വലിയ ബോട്ടുകളും കടലിൽ ചിലവഴിക്കുന്ന സമയവും വർദ്ധിച്ചിരിക്കുന്നു. 2000-ൽ ഈ ബോട്ടുകൾ കടലിൽ 6-8 ദിവസങ്ങൾ ചിലവഴിക്കുമായിരുന്നു. അത് പിന്നീട് 10-15 ദിവസങ്ങളായി ഉയർന്നു. ഇപ്പോഴത് 16-20 ദിവസങ്ങളാണ്. നിലവിലുള്ള മത്സ്യ ശേഖരത്തിൻമേൽ അത് വലിയ സമ്മർദ്ദമുണ്ടാക്കുന്നു. കൂടാതെ ട്രോളിംഗ് മൂലം കടൽത്തറ പരിസ്ഥിതിക്ക് [floor ecology] അപചയം സംഭവിച്ചിരിക്കുന്നു, "അത് നിലം [കടൽത്തറ] തുടച്ച് സസ്യങ്ങളെ കടപുഴക്കുകയും ജീവികളുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു”, അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ആകെ മീൻപിടുത്തം 2003-ൽ 4.5 ലക്ഷം ടൺ ആയതോടെ ഉയർന്ന നിലയിലെത്തിയെന്നും ഇത് 1950 മുതൽ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്നതാണെന്നും ദേശ്മുഖ് പറഞ്ഞു. അമിതമായി പിടിക്കാൻ തുടങ്ങിയതോടെ അതിനുശേഷം പിടുത്തം ഓരോവർഷവും കുറയാൻ തുടങ്ങി - 2017-ൽ ഇത് 3.81 ലക്ഷമായിരുന്നു.

"അമിത മീൻപിടുത്തവും അടിത്തട്ട് ട്രോളിംഗും മത്സ്യ ആവാസ വ്യവസ്ഥയെ കാലാവസ്ഥാ വ്യതിയാനത്തിന് കൂടുതൽ കീഴ്പ്പെടുത്തിക്കൊണ്ട് അതിനെ അപചയപ്പെടുത്തുകയും സമുദ്ര ജൈവവൈവിധ്യ പ്രധാനമായ പ്രദേശങ്ങളിലെ മുഴുവൻ ഉത്പാദനത്തിനും ഭീഷണിയാവുകയും ചെയ്തിരിക്കുന്നു,”, ഇൻ ഡെഡ് വാട്ടർ എന്ന പുസ്തകം പറയുന്നു. കൂടാതെ, മനുഷ്യ നടപടികളുടെ (മലിനീകരണവും കണ്ടൽക്കാടു നശീകരണവും ഉൾപ്പെടെയുളള) ആഘാതം കടൽനിരപ്പ് ഉയരുന്നതോടെയും അതിന്‍റെ ആവൃത്തി വർദ്ധിക്കുന്നതോടെയും കൊടുങ്കാറ്റുകളുടെ തീവ്രതമൂലവും കൂടുതൽ വഷളാകും.

രണ്ടും അറബിക്കടലിൽ പ്രകടമാണ് – അങ്ങനെ വര്‍സോവ കോലിവാഡയിലും. "...മനുഷ്യജന്യമായ ബലപ്രയോഗങ്ങള്‍ താമസിച്ചുണ്ടാക്കുന്ന സീസണില്‍ അങ്ങേയറ്റം തീവ്രമായ ചുഴലിക്കൊടുങ്കാറ്റുകളുടെ സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്”, നേച്ചർ ക്ലൈമറ്റ് ചേഞ്ച് എന്ന ജേർണലിൽ 2017-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം ചൂണ്ടിക്കാണിക്കുന്നു.

Extensive land reclamation and construction along the shore have decimated mangroves, altered water patterns and severely impacted Mumbai's fishing communities
PHOTO • Subuhi Jiwani

വ്യാപകമായ നിലംനികത്തിലും തീരത്തുകൂടെയുള്ള നിർമ്മാണവും കണ്ടൽക്കാടുകളെ നശിപ്പിക്കുകയും , ജലത്തിന്‍റെ രീതികളെ മാറ്റുകയും, മുംബൈയിലെ മത്സ്യബന്ധന സമൂഹങ്ങളുടെമേൽ കടുത്ത ആഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു

ഈ കൊടുങ്കാറ്റുകൾ മത്സ്യബന്ധന സമുദായങ്ങളെ കടുത്ത രീതിയിൽ ബധിച്ചുവെന്ന് ബോംബെയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാലാവസ്ഥ പഠന വകുപ്പിന്‍റെ കൺവീനറായ പ്രൊഫ. ഡി. പാർത്ഥസാരഥി പറഞ്ഞു. "മീൻപിടുത്തം കുറഞ്ഞതിനാൽ മത്സ്യബന്ധന സമൂഹം കൂടുതൽ ആഴക്കടലിലേക്ക് പോകാൻ നിർബ്ബന്ധിതരായി. പക്ഷെ അവരുടെ [ചിലരുടെ] ബോട്ട് ചെറുതാണ്, കൂടാതെ ആഴക്കടലിലേക്ക് പോകാൻ  സജ്ജവുമല്ല. അതിനാൽ കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളുമുണ്ടാകുമ്പോൾ അവയെ കൂടുതൽ ബാധിക്കുന്നു. മത്സ്യബന്ധനം കൂടുതൽ അനിശ്ചിതവും അപകടകരവുമാകുന്നു.

ഉയരുന്ന കടൽനിരപ്പാണ് ബന്ധപ്പെട്ട മറ്റൊരു പ്രശ്നം. ഇന്ത്യൻ തീരത്ത് കഴിഞ്ഞ 50 വർഷങ്ങൾകൊണ്ട് കടൽനിരപ്പുകൾ 8.5 സെന്‍റീമീറ്റര്‍ ഉയർന്നിരിക്കുന്നു - അല്ലെങ്കിൽ പ്രതിവർഷം 1.7 മില്ലീമീറ്റർ (പാർലമെന്‍റിൽ ഉയർത്തിയ ഒരു ചോദ്യത്തിനു മറുപടിയായി 2019 നവംബറിൽ സർക്കാർ പറഞ്ഞത്). ആഗോളതലത്തിൽ കടൽനിരപ്പുകൾ ഇതിലും കൂടിയ നിരക്കിൽ ഉയർന്നുകൊണ്ടിരിക്കുന്നു – കഴിഞ്ഞ 25 വർഷങ്ങളായി എല്ലാവർഷവും ഏകദേശം 3 മുതൽ 3.6 മി.മീ. വരെ എന്ന് ഐ.പി.സി.സി. നൽകുന്ന വിവരങ്ങളും പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് (യു.എസ്.എ.) എന്ന ജേർണലിൽ 2018-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധവും പറയുന്നു. ഈ നിരക്കിൽ ലോകത്തെങ്ങുമുള്ള കടൽനിരപ്പുകൾ 2100-ഓടെ 65 സെന്‍റീമീറ്ററുകൾ വരെ ഉയരാം – വേലിയേറ്റ വേലിയറക്കങ്ങളുടെ സങ്കീർണമായ പരസ്പര പ്രവർത്തനങ്ങൾ, ഭൂഗുരുത്വം, ഭ്രമിയുടെ ഭ്രമണം എന്നിവയെ ആശ്രയിച്ച്  ഉയർച്ചയ്ക്ക് പ്രാദേശികമായി വ്യത്യാസമുണ്ടാകാമെങ്കിൽ പോലും.

കടൽനിരപ്പിന്‍റെ ഉയർച്ച "പ്രത്യേകിച്ച് വർസോവയെ സംബന്ധിച്ചിടത്തോളം അപകടകരമാണ്. എന്തുകൊണ്ടെന്നാൽ ഇത് സ്ഥിതിചെയ്യുന്നത് ചെറുഉൾക്കടലിന്‍റെ മുഖത്താണ്, മീൻപിടുത്തക്കാർ എവിടെയാണോ ബോട്ടുകൾ ഇടുന്നത് അവിടെ കൊടുങ്കാറ്റുണ്ടാകാനുള്ള വലിയ സാദ്ധ്യതയുമുണ്ട്”, എന്ന് ഡോ. ദേശ്മുഖ് മുന്നറിയിപ്പ് നൽകുന്നു.

ഈ ഉയരുന്ന കടൽ നിരപ്പുകൾ വര്‍സോവ കോലിവാഡയിലെ നിരവധിയാളുകൾ നിരീക്ഷിച്ചിട്ടുണ്ട്. 30 വർഷങ്ങളായി മത്സ്യം വിറ്റുകൊണ്ടിരിക്കുന്ന ഹർഷ രാജഹംസ് താപ്കെ പറയുന്നു, "മീൻപിടുത്തം കുറവായതുകൊണ്ട് ആളുകൾ [കെട്ടിടനിർമ്മാതാക്കളും പ്രദേശവാസികളും] ഞങ്ങൾ മത്സ്യങ്ങൾ ഉണങ്ങിയിരുന്ന സ്ഥലങ്ങൾ നികത്തുകയും അവിടെ കെട്ടിടങ്ങൾ പണിയാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു [മണലിൽ]. ഈ നികത്തലോടുകൂടി ചെറിയ ഉൾക്കടലിലെ ജലനിരപ്പ് ഉയരുന്നു. അത് നമുക്ക് തീരങ്ങളിൽ കാണുകയും ചെയ്യാം.

Harsha Tapke (left), who has been selling fish for 30 years, speaks of the changes she has seen. With her is helper Yashoda Dhangar, from Kurnool district of Andhra Pradesh
PHOTO • Subuhi Jiwani

30 വർഷങ്ങളായി മീൻവിൽപ്പന നടത്തുന്ന ഹർഷ താപ്കെ (ഇടത്) താൻ കണ്ടിട്ടുള്ള മാറ്റങ്ങളെപ്പറ്റി സംസാരിക്കുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ നിന്നുള്ള അവരുടെ സഹായിയായ യശോധ ധാംഗർ ആണ് കൂടെയുള്ളത്

നഗരത്തിൽ വലിയ വർഷപാതം ഉണ്ടാകുമ്പോഴും മത്സ്യബന്ധന സമുദായങ്ങളിന്മേലുണ്ടാകുന്ന സംയുക്ത ഫലങ്ങൾ വളരെ വലുതാണ് - കണ്ടൽക്കാടുകളുടെ നഷ്ടം, നിർമ്മാണത്തിനുവേണ്ടി നികത്തുന്ന ഭൂമി, ഉയരുന്ന കടൽനിരപ്പുകൾ എന്നിങ്ങനെയുള്ള ഫലങ്ങൾ. ഉദാഹരണമായി, 2019 ഓഗസ്റ്റ് മൂന്നിന് മുംബൈയിൽ 204 മീറ്റർ മഴയുണ്ടായി (ഒരു ദശകത്തിനുള്ളിൽ പെയ്ത 24 മണിക്കൂർ നീണ്ടുനിന്ന ഏറ്റവും വലിയ മൂന്നാമത്തെ മഴ). 4.9 മീറ്ററുകൾ വരെ ഉയർന്ന (ഏകദേശം 16 അടി) വലിയ വേലിയേറ്റവുമുണ്ടായി. ആ ദിവസം വര്‍സോവ കോലിവാഡയിൽ നിരത്തിയിട്ടിരുന്ന നിരവധി ചെറു ബോട്ടുകൾ ശക്തമായ തിരയിൽപ്പെട്ട് നശിച്ചു. മത്സ്യബന്ധന സമൂഹത്തിന് വലിയ നഷ്ടങ്ങളും സംഭവിച്ചു.

"കോലിവാഡയുടെ ആ വശം [ബോട്ടുകൾ കിടക്കുന്നിടം] നികത്തിയെടുത്തതാണ്. പക്ഷെ കഴിഞ്ഞ 7 വർഷങ്ങളായി അന്നുണ്ടായതുപോലെ വെള്ളം ഉയർന്നിട്ടില്ല", വർസോവ മാസേമാരി ലഘു നൗക സംഘടനയുടെ ചെയർമാനായ ദിനേശ് ധാംഗ പറഞ്ഞു. 148 ചെറുബോട്ടുകളിൽ പണിയെടുക്കുന്ന ഏകദേശം 250 മീൻപിടുത്തക്കാരുടെ സംഘടനയാണിത്. "വേലിയേറ്റ സമയത്താണ് കൊടുങ്കാറ്റ് ഉണ്ടായത്. അതിനാൽ ജലനിരപ്പ് രണ്ടിരട്ടി ഉയർന്നു. ചില ബോട്ടുകൾ മുങ്ങി. മറ്റുചിലത് തകർന്നു. മീൻപിടുത്തക്കാർക്ക് അവരുടെ വലകൾ നഷ്ടപ്പെട്ടു. ചില ബോട്ടുകളുടെ എഞ്ചിനുകളിൽ വെള്ളം കയറി.” ഓരോ ബോട്ടിനും 45,000 രൂപവരെയും ഓരോ വലയ്ക്കും 2,500 രൂപ വരെയുമായിരുന്നു നഷ്ടത്തിന്‍റെ ചിലവ്.

വർസോവയിലെ മത്സ്യബന്ധന സമൂഹത്തിന്‍റെ ജീവനോപാധികൾക്കുമേൽ ഇവയെല്ലാം വലിയ ആഘാതമാണുണ്ടാക്കിയത്. "മീൻപിടുത്തത്തിൽ 65-70 ശതമാനംവരെ വ്യത്യാസം ഞങ്ങൾ കണ്ടു”, പ്രിയ ഭാഞ്ജി പറഞ്ഞു. "ഇപ്പോൾ ഞങ്ങൾ 10 പെട്ടി ചന്തയിൽ കൊണ്ടുപോവുകയാണെങ്കിൽ നേരത്തെ ഞങ്ങൾ 20 പെട്ടി കൊണ്ടുപോകുമായിരുന്നു [ഏകദേശം രണ്ട് ദശകങ്ങൾക്കു മുമ്പ്]. ഇത് വളരെ വലിയ വ്യത്യാസമാണ്.”

മീൻ പിടിക്കുന്നത് കുറഞ്ഞപ്പോൾ സ്ത്രീകൾ മീൻ വാങ്ങിയിരുന്ന തുറയ്ക്കു സമീപത്തെ മൊത്തവ്യാപാര ചന്തയിലെ വില ഉയർന്നു – അങ്ങനെ ലാഭം കുത്തനെ ഇടിഞ്ഞു. "നേരത്തെ ഞങ്ങൾ ഏറ്റവും വലത് [ആവോലിയുടെ], ഏകദേശം ഒരടിനീളം വരുന്നത്, 500 രൂപയ്ക്ക് വിറ്റിരുന്നു. ഇപ്പോൾ ആ വിലയ്ക്ക് ഞങ്ങൾ ആറിഞ്ച് വലിപ്പമുള്ള ആവോലിയാണ് വിൽക്കുന്നത്. ആവോലിയുടെ വലിപ്പം കുറഞ്ഞ് വില ഉയർന്നു”, പ്രിയ കൂട്ടിച്ചേർത്തു. ആഴ്ചയിൽ 3 ദിവസങ്ങളിൽ മീൻ വിറ്റ് പ്രതിദിനം 500-600 രൂപ അവർ ഉണ്ടാക്കുന്നു.

Left: Dinesh Dhanga (on the right right) heads an organisation of around 250 fishermen operating small boats; its members include Sunil Kapatil (left) and Rakesh Sukacha (centre). Dinesh and Sunil now have a Ganapati idol-making workshop to supplement their dwindling income from fishing
PHOTO • Subuhi Jiwani
Left: Dinesh Dhanga (on the right right) heads an organisation of around 250 fishermen operating small boats; its members include Sunil Kapatil (left) and Rakesh Sukacha (centre). Dinesh and Sunil now have a Ganapati idol-making workshop to supplement their dwindling income from fishing
PHOTO • Subuhi Jiwani

ഇടത് : ചെറുബോട്ടുകൾ പ്രവർത്തിപ്പിക്കുന്ന ഏകദേശം 250 മീൻപിടുത്തക്കാരുടെ സംഘടനയെ നയിക്കുന്ന ദിനേശ് ധാംഗ (വലത്). സുനിൽ കാപതിലും (ഇടത്) രാകേശ് സുകചയും (മദ്ധ്യത്തിൽ) അതിലെ അംഗങ്ങളാണ്. മത്സ്യബന്ധനത്തിൽ നിന്നും കുറഞ്ഞുകൊണ്ടിരിക്കുന്ന വരുമാനം നികത്തുന്നതിനായി ദിനേശും സുനിലും ഗണപതി വിഗ്രഹ നിർമ്മാണശാല നടത്തുന്നു

കുറഞ്ഞവരുമാനം നികത്തുന്നതിനായി മത്സ്യബന്ധന കുടുംബങ്ങളിലെ നിരവധിപേർ മറ്റു ജോലികൾ തേടിയിരിക്കുന്നു. പ്രിയയുടെ ഭർത്താവ് വിദ്യുത് കേന്ദ്രസർക്കാർ ഓഫീസിലെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു (നിയമപരമായ പ്രായത്തിനു മുൻപെ വിരമിച്ചതുവരെ). അദ്ദേഹത്തിന്‍റെ സഹോദരൻ ഗൗതം എയർ ഇൻഡ്യയിൽ സ്റ്റോർ മാനേജരായി പ്രവർത്തിക്കുന്നു. ഗൗതമിന്‍റെ ഭാര്യ അന്ധേരി ചന്തയിൽ മീൻ വിൽക്കുന്നു. "ഇപ്പോഴവർ ഓഫീസ് ജോലികൾ നോക്കുന്നു [എന്തുകൊണ്ടെന്നാൽ മത്സ്യബന്ധനം ജീവനക്ഷമമല്ല]”, പ്രിയ പറഞ്ഞു. "പക്ഷെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല, കാരണം ഞാനിത് ശീലിച്ചുപോയി.”

കുടുംബത്തിൽ സ്വന്തമായി ഒരു ചെറു ബോട്ടുള്ള 43-കാരനായ സുനിൽ കാപതിലും വരുമാനത്തിനായി മറ്റു വഴികൾ തേടിയിരുന്നു. കുറച്ചു മാസങ്ങൾക്കു മുൻപ് അദ്ദേഹം സുഹൃത്ത് ദിനേശുമൊത്ത് ഗണപതി വിഗ്രഹനിർമ്മാണ ജോലി തുടങ്ങി. "നേരത്തെ ഞങ്ങൾ അടുത്തുള്ള പ്രദേശങ്ങളിൽ, ഏകദേശം ഒരു മണിക്കൂർ സഞ്ചരിച്ച്, മത്സ്യബന്ധനത്തിന് പോകുമായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് 2-3 മണിക്കൂറുകൾ യാത്രചെയ്യണം. 2-3 പെട്ടികൾ നിറയെ മീനുകളുമായി ഞങ്ങൾ വരുമായിരുന്നു. ഇപ്പോൾ ഞങ്ങൾ ഒരു പെട്ടി പിടിക്കാൻ പോലും പാടുപെടുകയാണ്...", സുനിൽ പറഞ്ഞു. "ചിലപ്പോൾ ഞങ്ങൾ 1,000 രൂപയുണ്ടാക്കുന്നു [ഒരുദിവസം], ചിലപ്പോൾ ഞങ്ങൾ 50 രൂപ പോലും ഉണ്ടാക്കില്ല.”

വര്‍സോവ കോലിവാഡയിൽ ഇപ്പോഴും നിരവധിപേർ മുഴുവൻസമയ മീൻപിടുത്തക്കാരും മീൻകച്ചവടക്കാരുമായി പ്രവർത്തിക്കുന്നു. ഉയരുന്ന കടൽനിരപ്പ്, ഉയരുന്ന ഊഷ്മാവിന്‍റെ നിരക്ക്, അമിത മത്സ്യബന്ധനം, മലിനീകരണം, ഇല്ലാതായിക്കൊണ്ടിരിക്കുന്ന കണ്ടൽക്കാടുകൾ എന്നിവയോടും മത്സ്യത്തിന്‍റെ എണ്ണവും വലിപ്പവും കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോടും ഇവർ മല്ലിടുന്നു. കുടുംബത്തോടൊപ്പം വരുമാനം ഉണ്ടാക്കുന്നതിനായി 8-ാം ക്ലാസ്സിൽ പഠനം നിർത്തിയ 28-കാരനായ രാകേശ് സുകച മത്സ്യബന്ധനത്തെ മാത്രം ഇപ്പോഴും ആശ്രയിക്കുന്നവരിൽ ഒരാളാണ്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഞങ്ങളുടെ മുത്തശ്ശൻ ഞങ്ങളോടൊരു കഥ പറഞ്ഞിരുന്നു: കാട്ടിൽ നിങ്ങളൊരു സിംഹത്തെ കണ്ടാൽ അതിനെ നേരിടണം. ഓടിയാൽ നിങ്ങളെ അത് തിന്നും. നിങ്ങൾ നേടിയാൽ [അതിനെതിരെ], നിങ്ങൾ ധൈര്യശാലിയാണ്. അതേരീതിയിൽ സമുദ്രത്തെ നേരിടാൻ പഠിക്കാൻ അവർ ഞങ്ങളോടു പറഞ്ഞു.”

ഈ ലേഖനം തയ്യാറാക്കുന്നതിന് ചെയ്ത സഹായത്തിനായി നാരായൺ കോലി , ജയ് ഭാഡ്ഗാവ്കർ, നിഖിൽ ആനന്ദ്, സ്റ്റാലിൻ ദയാനന്ദ്, ഗിരീശ് ജഠാർ എന്നിവരോട് ലേഖകൻ നന്ദി പറയുന്നു.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: റെന്നിമോന്‍ കെ. സി.

Reporter : Subuhi Jiwani

Subuhi Jiwani is a writer and video-maker based in Mumbai. She was a senior editor at PARI from 2017 to 2019.

Other stories by Subuhi Jiwani
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Series Editors : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.