കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.

"നിങ്ങളുടെ ഗ്രാമത്തിൽ മഴയുണ്ടോ?" ഉത്തര ഗുജറാത്തിലെ ബനാസ്കാണ്ഠാ ജില്ലയിൽ നിന്നുള്ള കാരാഭായ് ആൽ ആയിരുന്നു ഫോണിൽ. "ഇവിടെയൊന്നുമില്ല.” ഈ വർഷം ജൂലൈ അവസാന ആഴ്ചയായിരുന്നു ഇത്. "മഴ പെയ്താൽ ഞങ്ങൾ വീട്ടിൽ പോകും”, പാതി പ്രതീക്ഷയോടെ അദ്ദേഹം പ്രഖ്യാപിച്ചു.

900 കിലോമീറ്ററുകൾ അകലെ പൂനെ നഗരത്തില്‍ നിന്നുള്ള കർഷനല്ലാത്ത ഒരാളോടായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത് എന്നത് അദ്ദേഹത്തെ ബാധിക്കാഞ്ഞതുപോലെ തോന്നി. അത്രയ്ക്കായിരുന്നു അദ്ദേഹത്തിന്‍റെ ഉത്കണ്ഠ. കാരാഭായ് മഴയ്ക്ക് അത്രയും പ്രാധാന്യം കൊടുക്കാന്‍ കാരണം ഓരോ വർഷവും അദ്ദേഹവും കുടുംബവും നടത്തിയിരുന്ന അതിജീവന പരിപാടിയിൽ കാലവർഷത്തിനുള്ള പ്രമുഖസ്ഥാനമായിരുന്നു.

75-കാരനായ ഈ ആടുവളര്‍ത്തലുകാരന്‍ തന്‍റെ വാര്‍ഷിക കുടിയേറ്റത്തിന്‍റെ ഭാഗമായി മകന്‍, മരുമകള്‍, രണ്ട് കൊച്ചുമക്കള്‍, ഒരു സഹോദരന്‍ എന്നിവരോടും തന്‍റെ കുടുംബത്തോടുമൊപ്പം ഗ്രാമം വിട്ടിട്ട് 12 മാസങ്ങള്‍ കഴിഞ്ഞു. ആ 14-അംഗ കുടുംബം 300 ചെമ്മരിയാടുകള്‍, 3 ഒട്ടകങ്ങള്‍, ഈ മൃഗ കൂട്ടങ്ങളുടെ രാത്രി കാവല്‍ക്കാരനായ വിച്ചിയൊ എന്നുപേരുള്ള ഒരു നായ എന്നിവയടങ്ങിയ ഒരു പറ്റത്തോടൊപ്പം നീങ്ങി. ഈ 12 മാസങ്ങളില്‍ അവര്‍ തങ്ങളുടെ മൃഗങ്ങളോടൊത്ത് കച്ച്, സുരേന്ദ്രനഗര്‍, പാടണ്‍, ബനാസ്കാണ്ഠ എന്നീ ജില്ലകളിലൂടെ 800 കിലോമീറ്ററിലധികം ചുറ്റിത്തിരിഞ്ഞു.

കാരാഭായ് ആലിന്‍റെ കുടുംബം ഗുജറാത്തിലെ 3 പ്രദേശങ്ങളിലൂടെ വര്‍ഷംതോറും ചുറ്റിത്തിരിയുന്ന 800 കിലോമീറ്റര്‍ പാത. സ്രോതസ്സ്: ഗൂഗിള്‍ മാപ്പ്

കാരാഭായിയുടെ ഭാര്യ ഡോസിബായിയും അവരുടെ ഏറ്റവും ഇളയ പേരക്കുട്ടികളും ഗുജറാത്തിലെ കച്ചിലെ രാപര്‍ താലൂക്കിലെ ജാടാവാഡ ഗ്രാമത്തിലെ വീട്ടില്‍ തങ്ങി. റബാരി സമുദായത്തില്‍ പെടുന്ന ഈ ഗോത്രം (ആ ജില്ലയില്‍ ഓ.ബി.സി.) എല്ലാവര്‍ഷവും 8-10 മാസക്കാലത്തേക്ക് തങ്ങളുടെ ആടുകള്‍ക്കുള്ള മേച്ചല്‍പുറങ്ങള്‍ തേടി ഗ്രാമം വിടുന്നു. നാടോടികളായ ഈ ആടുവളര്‍ത്തലുകാര്‍ ഒരു സാധാരണ വര്‍ഷം ദീപാവലി കഴിഞ്ഞയുടനെ (ഒക്ടോബര്‍-നവംബര്‍) പുറപ്പെടാന്‍ തയ്യാറാവുകയും അടുത്ത കാലവര്‍ഷം ആരംഭിക്കാറാകുന്ന സമയത്ത് തിരിച്ചെത്തുകയും ചെയ്യുന്നു.

ഇതിനര്‍ത്ഥം മഴക്കാലത്തൊഴികെ വര്‍ഷം മുഴുവനും അവര്‍ യാത്രയിലാണെന്നാണ്. തിരിച്ചെത്തുമ്പോള്‍ പോലും കുടുംബാംഗങ്ങളില്‍ ചിലര്‍ ജാടാവാഡയുടെ പ്രാന്തപ്രദേശത്ത് ആടുകളെ തീറ്റിക്കൊണ്ട് വീടിന് പുറത്ത് കഴിയുന്നു. മേച്ചല്‍പുറങ്ങളും സ്ഥലവും ആവശ്യമുള്ളതുകൊണ്ട് മൃഗങ്ങള്‍ക്ക് ഗ്രാമത്തില്‍ കഴിയാന്‍ പറ്റില്ല.

"ഞങ്ങളെ ഇവിടെ നിന്നോടിക്കാൻ ഗ്രാമത്തിലെ പട്ടേലാണ് നിങ്ങളെ അയച്ചതെന്നാണ് ഞാൻ വിചാരിച്ചത്.” സുരേന്ദ്രനഗർ ജില്ലയിലെ ഗവാന ഗ്രാമത്തിലെ പൊള്ളുന്ന പാടത്ത് കാരാഭായിയെ പിന്തുടർന്ന് മാർച്ച് തുടക്കത്തിൽ ഞങ്ങളെത്തിയപ്പോൾ ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ഞങ്ങളെ എതിരേറ്റത്. അഹമ്മദാബാദ് നഗത്തിൽ നിന്നും 150 കിലോമീറ്റർ മീറ്റർ മാറിയാണിത്.

അദ്ദേഹത്തിന്‍റെ സംശയങ്ങൾക്ക് അടിസ്ഥാനമുണ്ടായിരുന്നു. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ ഭൂവുടമകൾ, നീണ്ട വരൾച്ചാക്കാലത്ത് ചെയ്യുന്നതുപോലെ, ആട് മേയ്ക്കുന്നവരേയും അവരുടെ ആട്ടിൻപറ്റങ്ങളേയും തങ്ങളുടെ ഭൂമിയിൽ നിന്നും ഓടിക്കുന്നു. പുല്ലും കൊയ്തതിന്‍റെ ബാക്കിയുമൊക്കെ സ്വന്തം കാലികൾക്കായി അവർക്ക് സംരക്ഷിക്കണം.

"വർൾച്ച ഈ സമയത്ത് വളരെ മോശമാണ്”, കാരാഭായ് ഞങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് കഴിഞ്ഞവർഷം ആഘാഡ മാസത്തിൽ [ജൂൺ-ജൂലൈ] ഞങ്ങൾ രാപർ വിട്ടത്. കാരണം, അവിടെ മഴയില്ലായിരുന്നു.” വരണ്ട പ്രദേശമായ സ്വന്തം ജില്ലയിൽ ഇപ്പോഴും തുടരുന്ന വരൾച്ചയാണ് വര്‍ഷംതോറും നടത്തുന്ന കുടിയേറ്റം നേരത്തെ ആരംഭിക്കാൻ അവരെ നിർബന്ധിതരാക്കിയത്.

"കാലവർഷം തുടങ്ങുന്നതുവരെ ഞങ്ങൾ ആടുകളുമായി അലഞ്ഞു നടന്നു. മഴ പെയ്തില്ലായിരുന്നെങ്കിൽ ഞങ്ങൾ വീട്ടിൽ പോകില്ലായിരുന്നു! ഇതാണ് ഒരു മാൽധാരിയുടെ ജീവിതം”, അദ്ദേഹം ഞങ്ങളോടു പറഞ്ഞു. ഗുജറാത്തി വാക്കുകളായ മാൽ (കാലികൾ), ധാരി (സംരക്ഷകൻ) എന്നീ വാക്കുകളിൽ നിന്നാണ് മാൽധാരി എന്ന വാക്ക് ഉണ്ടായിരിക്കുന്നത്.

"ഏതാണ്ട് 25 വർഷങ്ങൾക്കു മുൻപ് സ്വന്തം ഗ്രാമത്തിൽ സ്ഥിരവാസം ആരംഭിച്ച ആടുവളര്‍ത്തലുകാര്‍ പോലും, ഗുജറാത്തിലെ വരണ്ടതും ഭാഗികമായി വരണ്ടതുമായ പ്രദേശങ്ങളിൽ 2018-19-ൽ ഉണ്ടായ വളരെ കടുത്ത വരൾച്ചമൂലം മേച്ചൽ പുറങ്ങളും കാലിത്തീറ്റയും ജീവനോപാധികളും തേടി വീണ്ടും കുടിയേറ്റം ആരംഭിച്ചു”, നീത പാണ്ഡ്യ പറഞ്ഞു. 1994 മുതൽ അഹമ്മദാബാദിലെ ആടുവളര്‍ത്തലുകാർക്കിടയിൽ സജീവമായ മാൽധാരി റൂറൽ ആക്ഷൻ ഗ്രൂപ്പ് (എം.എ.ആർ.എ.ജി.) എന്ന, ലാഭേച്ഛയില്ലാത്ത സംഘടനയുടെ സ്ഥാപകയാണവർ.

PHOTO • Namita Waikar
PHOTO • Namita Waikar

ഒരിക്കൽ ജീരകപ്പാടമായിരുന്ന വരണ്ട് നിരന്നുകിടക്കുന്ന പ്രദേശത്ത് ചിതറിക്കിടക്കുന്ന ആൽ കുടുംബത്തിന്‍റെ 300 ആടുകൾ . കുഴപ്പമൊന്നുമില്ലാതെ എല്ലാം തിരിച്ചെത്തി യോ എന്ന് പരിശോധിച്ചുകൊണ്ട് ജാടാ വാഡയിലെ തന്‍റെയൊരു സുഹൃത്തിനോട് സംസാരിക്കുന്ന കാരാഭായ് ( വലത് )

മാൽധാരി കുടുംബത്തിന്‍റെ കേന്ദ്രമായ കച്ചിലെ വർഷപാതം 2018-ൽ 131 മില്ലിമീറ്ററിലേക്ക് കൂപ്പുകുത്തി. കച്ചിലെ ‘സാധാരണ’ വാർഷിക ശരാശരി 356 മില്ലിമീറ്ററാണ്. പക്ഷെ ഇത് കുഴപ്പംപിടിച്ച ഒരു വർഷമായിരുന്നില്ല. ഒരു ദശകത്തിലധികമായി ജില്ലയിലെ കാലവർഷം വർദ്ധിതമാംവണ്ണം ക്രമം തെറ്റിയാണ് പെയ്യുന്നത്. ഇന്ത്യൻ കാലാവസ്ഥ വകുപ്പില്‍ നിന്നുള്ള (ഐ.എം.ഡി.) വിവരങ്ങൾ കാണിക്കുന്നത് ജില്ലയിലെ വർഷപാതം 2014-ൽ 291 മില്ലിമീറ്ററിലേക്കും 2016-ൽ 294 മില്ലിമീറ്ററിലേക്കും താഴ്ന്നുവെന്നും, എന്നാൽ 2017-ൽ 493 മില്ലിമീറ്ററിലേക്ക് ഉയർന്നുവെന്നുമാണ്. നാല് ദശകങ്ങൾക്കു മുമ്പുള്ള സമാനമായ ഒരു 5 വർഷം (1974-78) കാണിക്കുന്നത് ഒരു വിനാശകരമായ വർഷവും (1974-ൽ 88 മില്ലിമീറ്റർ) ‘സാധാരണ’ ശരാശരിക്കു മുകളിൽ വർഷപാതമുണ്ടായ 4 തുടർച്ചയായ വർഷങ്ങളുമാണ്.

ഗുജറാത്ത്സ് വാട്ടർ ക്രൈസിസ് റൂട്ടഡ് ഇൻ ഇയേഴ്സ് ഓഫ് മിസ്പ്ലേസ്ഡ് പ്രയോറിറ്റീസ് എന്ന 2018-ലെ ഒരു റിപ്പോർട്ടിൽ ‘സൗത്ത് ഏഷ്യ നെറ്റ്‌വർക്ക് ഓൺ ഡാംസ്, റിവേഴ്സ് ആൻഡ് പീപ്പിൾസി’ൽ നിന്നുള്ള ഹിമാൻശു ടക്കർ എഴുതിയിരിക്കുന്നത് കഴിഞ്ഞ 3 ദശകങ്ങളായി തുടർച്ചയായി വരുന്ന സംസ്ഥാന സർക്കാരുകൾ നർമ്മദ അണക്കെട്ടിനെ കച്ച്, സൗരാഷ്ട്ര, ഉത്തര ഗുജറാത്ത് എന്നീ വരൾച്ചാ ബാധിത പ്രദേശങ്ങളുടെ രക്ഷാമാർഗ്ഗമായി മുന്നോട്ടു വയ്ക്കുന്നു എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഈ പ്രദേശങ്ങൾക്ക് ഏറ്റവും കുറഞ്ഞ മുൻഗണനയാണ് നൽകിയിരിക്കുന്നത്. മദ്ധ്യ ഗുജറാത്തിലെ നഗര പ്രദേശങ്ങളുടെയും വ്യവസായങ്ങളുടെയും കർഷകരുടെയും ആവശ്യങ്ങൾക്കു ശേഷമുള്ള ജലം മാത്രമാണ് അവർക്ക് ലഭിക്കുന്നത്.

സ്രോതസ്സ്: ഐ.എം.ഡിയുടെ കസ്റ്റമൈസ്ഡ് റെയിൻഫാൾ ഇൻഫർമേഷൻ സിസ്റ്റം, ഡൗൺറ്റുഎർത്ത് - എൻവി സ്റ്റാറ്റ്സ് ഇൻഡ്യ-2018 എന്നിവ

“നർമ്മദയിലെ ജലം ഈ പ്രദേശങ്ങളിലെ മൃഗപരിപാലകരും കർഷകരുമാണ് ഉപയോഗിക്കേണ്ടത്”, ടക്കർ ഞങ്ങളോട് ഫോണിൽ പറഞ്ഞു. "കിണറുകൾ നിറയ്ക്കുന്നതിനും ചെക്ക് ഡാമുകൾക്കുമായി കഴിഞ്ഞ കാലത്ത് സ്വീകരിച്ചിരുന്ന പദ്ധതികൾ പുനരുജ്ജീവിക്കപ്പണം.”

മാൽധാരികൾ അവരുടെ മൃഗക്കൂട്ടങ്ങൾക്ക് തീറ്റ നൽകുന്നതിനായി സാധാരണ മേച്ചൽ പുറങ്ങളെയും ഗ്രാമ മേച്ചൽ പുറങ്ങളെയും ആശ്രയിക്കുന്നു. അവരിൽ മിക്കവർക്കും ഭൂമിയില്ല, ഉള്ളവർ ബജ്റ പോലെയുള്ള മഴക്കാല വിളകൾ കൃഷി ചെയ്യുന്നു. ഇത് അവർക്ക് ഭക്ഷണത്തിനായും മൃഗങ്ങൾക്ക് തീറ്റയായും ഉപയോഗിക്കാം.

"രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഞങ്ങളിവിടെ എത്തിയത്, ഇന്ന് ഞങ്ങൾ പോവുകയാണ്. ഇവിടെ [ഞങ്ങൾക്ക്] കാര്യമായൊന്നുമില്ല”, ശൂന്യമായ ഒരു ജീരകപ്പാടം ചൂണ്ടിക്കാണിച്ചു കൊണ്ട് കാരാഭായ് മാർച്ചിൽ പറഞ്ഞു. അവിടം വരണ്ടതും വളരെ ചൂടുള്ളതുമായിരുന്നു. 1960-ൽ കാരാഭായ് ഒരു കൗമാരക്കാരനായിരുന്നപ്പോൾ സുരേന്ദ്രനഗർ ജില്ലയിൽ വർഷത്തിൽ ഏതാണ്ട് 225 ദിവസങ്ങൾ 32 ഡിഗ്രി സെൽഷ്യസിലധികം ചൂട് കൂടുമായിരുന്നു. ഇപ്പോഴത് 274, അല്ലെങ്കിൽ അതിലധികം ദിവസങ്ങളാണ് - 59 വർഷങ്ങൾ കൊണ്ട് കുറഞ്ഞത് 49 ചൂടുള്ള ദിവസങ്ങളുടെ വർദ്ധനവ്. കാലാവസ്ഥയും ആഗോള താപനവും മനസ്സിലാക്കുന്നതിനുള്ള ഒരു സംവേദനാത്മക ഉപകരണം (interactive tool) നല്‍കിയ കണക്കിന്‍റെ അടിസ്ഥാനത്തില്‍ ഈ വർഷം ജൂലൈയിൽ ന്യൂയോർക്ക് ടൈംസ് ഓൺലൈനായി പ്രസിദ്ധീകരിച്ച വിവരമാണിത്.

സുരേന്ദ്രനഗറിൽ ആടുവളര്‍ത്തലുകാരെ കണ്ടുമുട്ടിയിടത്തുള്ള ആളുകളിൽ 63 ശതമാനവും കൃഷിയിൽ ഏർപ്പെടുന്നവരാണ്. ഗുജറാത്ത് മൊത്തത്തിലുള്ള കണക്ക് 49.61 ശതമാനമാണ്. ഇവിടുത്തെ പ്രധാന വിളകൾ പരുത്തി, ജീരകം, ഗോതമ്പ്, ചോളം, പയർ, നിലക്കടല, ആവണക്ക് എന്നിവയാണ്. വിളവ് കൊയ്തതിനു ശേഷം ബാക്കിയുള്ളത് ആടുകൾക്ക് നല്ല തീറ്റയാണ്.

ഗുജറാത്തിലെ 33 ജില്ലകളിലെ 1.7 ദശലക്ഷം ചെമ്മരിയാടുകളിൽ 570,000 എണ്ണമോ അതിലധികമോ ഉള്ളത് കച്ചിൽ മാത്രമാണെന്ന് 2012-ല്‍ നടത്തിയ ഇന്ത്യയിലെ കന്നുകാലി സെൻസസ് (Livestock Census of India) പറയുന്നു. സമുദായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എം.എ.ആർ.എ.ജി. എന്ന ലാഭേച്ഛയില്ലാത്ത സംഘടന പറയുന്നതനുസരിച്ച് എല്ലാവർഷവും 30,000 ആടുകളുമായി 800 കിലോമീറ്റർ സഞ്ചരിക്കുന്ന, കാരാഭായിയുടേതു പോലുള്ള, ഏതാണ്ട് 200 റബാരി കുടുംബങ്ങൾ ജില്ലയില്‍ അദ്ദേഹത്തിന്‍റെ നാടായ വാഗഡ് ഉപപ്രദേശത്തുണ്ട്. അവരുടെ വീടുകളിൽ നിന്നും 200 കിലോമീറ്റർ ചുറ്റളവിൽ അവർ എല്ലായ്പ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.

മൃഗക്കൂട്ടങ്ങൾ പണ്ടുമുതലേ വിളവെടുപ്പിന് ശേഷം വേണ്ട ജൈവവളം ചാണകമായും മൂത്രമായും നൽകുന്നു. കർഷകർ തിരിച്ച് ഈ മൃഗപരിപാലകർക്ക് ബജ്റയും പഞ്ചസാരയും തേയിലയും നൽകുന്നു. കാലാവസ്ഥയുടെ കാര്യത്തിലെന്നപോലെ, നൂറ്റാണ്ടുകൾ നീണ്ട പരസ്പരം പ്രയോജനപ്രദമായ ഈ ബന്ധവും ഗൗരവതരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

'നിങ്ങളുടെ ഗ്രാമത്തിലെ കൊയ്ത്ത് കഴിഞ്ഞോ?' പാടൺ ജില്ലയിലെ ഗോവിന്ദ് ഭാർവാഡിനോട് കാരാഭായ് ചോദിച്ചു. 'ആ പാടത്ത് ഞങ്ങൾക്ക് തങ്ങാമോ?'

“നിങ്ങളുടെ ഗ്രാമത്തിലെ കൊയ്ത്ത് കഴിഞ്ഞോ?” പാടൺ ജില്ലയിലെ ഗോവിന്ദ് ഭാർവാഡിനോട് കാരാഭായ് ചോദിച്ചു. “ആ പാടത്ത് ഞങ്ങൾക്ക് തങ്ങാമോ?”

"അവർ രണ്ട് ദിവസം കഴിയുമ്പോൾ കൊയ്യും", എം.എ.ആർ.എ.ജി. സംഘത്തിലെ ഒരംഗവും പാടൺ ജില്ലയിലെ സാമി താലൂക്കിലെ ധാനോര ഗ്രാമത്തിൽ നിന്നുള്ള കാർഷിക വൃത്തിയിലും മൃഗപരിപാലനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഗോവിന്ദ് പറഞ്ഞു. "ഇത്തവണ മാൽധാരികൾക്ക് പാടത്തിലൂടെ കടന്നുപോകാൻ സാധിക്കും, പക്ഷെ അവർക്കവിടെ തങ്ങാൻ കഴിയില്ല. വെള്ളത്തിനും കാലിത്തീറ്റയ്ക്കും കടുത്ത ക്ഷാമം നേരിടുന്നതു മൂലം ഇത് ഞങ്ങളുടെ പഞ്ചായത്ത് എടുത്ത തീരുമാനമാണ്.”

അങ്ങോട്ടായിരുന്നു കാരാഭായിയും അദ്ദേഹത്തിന്‍റെ കുടുംബവും പോയിക്കൊണ്ടിരുന്നത് - പാടണിലേക്ക്. വീട്ടിലെത്തുമ്പോഴേക്കും അവർ കറങ്ങിത്തിരിഞ്ഞ് മൂന്ന് പ്രധാന പ്രദേശങ്ങൾ കടന്നിട്ടുണ്ടാവും - കച്ച്, സൗരാഷ്ട്ര, ഉത്തര ഗുജറാത്ത്.

മാറിക്കൊണ്ടിരിക്കുന്ന ദൈനംദിന-ദീർഘകാല കാലാവസ്ഥകൾക്കിടയിലും മാറാതെ നിൽക്കുന്നത് അവരുടെ ആതിഥ്യ മര്യാദയാണ് - വഴിമദ്ധ്യേയുള്ള അവരുടെ താൽക്കാലിക വീടുകളിൽ പോലും അതിന് മാറ്റമില്ല. കാരാഭായിയുടെ മരുമകളായ ഹിരാബെൻ ആൽ കുടുംബത്തിനുവേണ്ടി കുറച്ച് ബജ്റ റോട്ട്ല ഉണ്ടാക്കുയും എല്ലാവർക്കുമായി ചായ തയ്യാറാക്കുകയും ചെയ്തു. "എത്രവരെ നിങ്ങൾ പഠിച്ചു? ഞാൻ സ്ക്കൂളിൽ പോയിട്ടേയില്ല”, പറഞ്ഞിട്ട് അവർ പാത്രം കഴുകാൻ തുടങ്ങി. കുടുംബത്തിലെ മുതിർന്ന പുരുഷന്മാരുടെ സാന്നിദ്ധ്യമുള്ളതിനാൽ എഴുന്നേറ്റ് നിന്ന എല്ലാ സമയത്തും അവർ തന്‍റെ കറുത്ത ചുനരി മുഖത്തേക്കിട്ടു. പണിയെടുക്കുന്നതിനായി തറയിലേക്ക് കുനിഞ്ഞപ്പോഴൊക്കെ അതെടുത്ത് പിന്നിലേക്കിടുകയും ചെയ്തു.

ഗുജറാത്തിലെയും രാജസ്ഥാനിലേയും തദ്ദേശീയമായ മാർവാഡി ഇനത്തിൽ പെട്ടതാണ് ഈ കുടുംബം വളർത്തുന്ന ചെമ്മരിയാടുകൾ. ഓരോന്നിനും 2,000-3,000 രൂപ വീതം ഒരു വർഷത്തിൽ 25-30 മുട്ടനാടുകളെ അവർ വിൽക്കുന്നു. ഈ ഇനത്തിന് പാൽ കുറവാണെങ്കിലും ആട്ടിൻ പാൽ അവരുടെ മറ്റൊരു വരുമാന മാർഗ്ഗമാണ്. 25-30 ആടുകളിൽ നിന്ന് അവർക്ക് പ്രതിദിനം 9-10 ലിറ്റർ പാൽ ലഭിക്കുമെന്ന് കാരാഭായ് പറഞ്ഞു. പ്രദേശത്തുള്ള ചെറു പാൽസംഭരണ കേന്ദ്രങ്ങളിൽ നിന്നും ഓരോ ലിറ്ററിനും 30 രൂപ ലഭിക്കും. വിൽക്കാത്ത പാൽ തൈരാക്കി മാറ്റുകയും അങ്ങനെയുണ്ടാക്കുന്ന വെണ്ണയിൽ നിന്നും നെയ്യുണ്ടാക്കുകയും ചെയ്യും.

"ഘീ പേട് മാ ഛേ! [നെയ്യ് വയറ്റിലാണ്!]” കാരാഭായ് അടക്കിച്ചിരിച്ചു. "ഈ ചൂടിൽ നടക്കുമ്പോൾ പാദം പൊള്ളുന്നു, അതുകൊണ്ട് അത് കഴിക്കുന്നത് നല്ലതാണ്.”

അപ്പോള്‍ രോമം വിൽക്കുന്ന കാര്യം? "രണ്ടുവർഷം മുമ്പുവരെ ഒരു മൃഗത്തിന്‍റെ രോമം രണ്ടുരൂപയ്ക്ക് ആളുകൾ വാങ്ങുമായിരുന്നു. ഇപ്പോൾ ആർക്കുമിത് വാങ്ങേണ്ട. രോമം ഞങ്ങൾക്ക് സ്വർണ്ണം പോലെയാണ്. പക്ഷെ ഞങ്ങൾക്കിത് എറിഞ്ഞു കളയേണ്ടി വരുന്നു”, കാരാഭായ് ഉത്കണ്ഠയോടെ പറഞ്ഞു. അദ്ദേഹത്തിനും ദശലക്ഷക്കണക്കിന് മറ്റ് ആടുവളര്‍ത്തലുകാര്‍ക്കും ചെറുകിട, ഭൂരഹിത, പാർശ്വവത്കൃത കർഷകർക്കും ചെമ്മരിയാടുകളാണ് (ആടുകളും) അവരുടെ സമ്പത്തും ഉപജീവനത്തിന്‍റെ കേന്ദ്രവും . ആ സമ്പത്തിപ്പോൾ കുറഞ്ഞു കൊണ്ടിരിക്കുന്നു.

PHOTO • Namita Waikar

പ്രഭുവാല (13) അടുത്ത യാത്രയ്ക്കായി ഒട്ടകത്തെ തയ്യാറാക്കുന്നു, അവന്‍റെ അച്ഛന്‍ (വലത്) ആടുകളെയും. ഇതിനിടയില്‍ പ്രഭുവാലയുടെ അമ്മ ഹിരാബെന്‍ (താഴെ ഇടത്) ചായ തയ്യാറാക്കുന്നു. കാരാഭായ് (ഏറ്റവും വലത്) മുന്നോട്ടുള്ള ദീര്‍ഘയാത്രയ്ക്കായി പുരുഷന്മാരെ തയ്യാറാക്കുന്നു

2007-ലെയും 2012-ലെയും കന്നുകാലി സെന്‍സസുകള്‍ക്കിടയില്‍ ഇന്ത്യയിലെ ചെമ്മരിയാടുകളുടെ എണ്ണത്തില്‍ 6 ദശലക്ഷത്തിന്‍റെ കുറവുണ്ടായി - 71.6 ദശലക്ഷത്തില്‍ നിന്നും 65.1 ദശലക്ഷത്തിലേക്ക് എണ്ണം കുറഞ്ഞു. 9 ശതമാനത്തിന്‍റെ കുറവാണിത്. ഗുജറാത്തിലും 300,000 എണ്ണത്തോളം കുത്തനെ കുറഞ്ഞ് 1.7 ദശലക്ഷത്തിലെത്തി.

കച്ചിലും കുറവുണ്ടായി, പക്ഷെ മൃഗങ്ങളുടെ അവസ്ഥ താരതമ്യേന മെച്ചമായിരുന്നു. മാല്‍ധാരികളുടെ പരിപാലനത്തിന് നന്ദി. 2007-മായി താരതമ്യം ചെയ്യുമ്പോള്‍ 2012-ല്‍ ഏതാണ്ട് 4,200 എണ്ണത്തിന്‍റെ കുറവുണ്ടായിരുന്നു.

2017-ലെ കന്നുകാലി സെന്‍സസ് വിവരങ്ങള്‍ 6 മാസത്തേക്ക് പുറത്തുവരില്ല. പക്ഷെ ആടുകളുടെ എണ്ണം കുറയാനുള്ള പ്രവണതയുണ്ടെന്ന് കാരാഭായ് പറയുന്നു. അതിനുള്ള കുറച്ച് കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഞാനെന്‍റെ 30-കളിലായിരുന്നു. ധാരാളം പുല്ലും മരങ്ങളും ഉണ്ടായിരുന്നു. ആടുകളെ മേയ്ക്കുന്നതില്‍ കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ മരങ്ങളും കാടുകളും വെട്ടുന്നു, പുല്‍പ്പുറങ്ങള്‍ കുറയുന്നു, അത് ചെറുതാവുകയും ചെയ്യുന്നു. കൂടുതല്‍ ചൂടുമുണ്ട്”, ക്രമംതെറ്റിയ ദൈനംദിന-ദീര്‍ഘകാല കാലാവസ്ഥകളില്‍ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“വരള്‍ച്ചയുള്ള വര്‍ഷങ്ങളില്‍ നമ്മള്‍ സഹിക്കുന്നതുപോലെ തന്നെ ആടുകളും സഹിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പുല്‍പ്പുറങ്ങള്‍ കുറയുന്നതിനര്‍ത്ഥം പുല്ലും തീറ്റയും തേടി  അവയ്ക്ക് ഒരുപാട് നടക്കണമെന്നും അലയണമെന്നുമാണ്. ഒരുപക്ഷെ ആടുകളുടെ എണ്ണവും കുറയുന്നു, എന്തുകൊണ്ടെന്നാല്‍ എന്തെങ്കിലും ഉണ്ടാക്കുന്നതിനായി ആളുകള്‍ ഒരുപക്ഷെ കൂടുതല്‍ മൃഗങ്ങളെ വില്‍ക്കാം.”

തന്‍റെ മൃഗക്കൂട്ടങ്ങൾക്കു വേണ്ട പുൽപ്പുറങ്ങളും മേച്ചൽപുറങ്ങളും കുറഞ്ഞുവരുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ശരിയാണ്. ഗുജറാത്തിലെ ഭൂമിയുടെ ഏതാണ്ട് 4.5 ശതമാനം മേച്ചൽപുറങ്ങളാണെന്ന് സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ആൾട്ടർനേറ്റീവ്സിലെ പ്രൊഫ. ഇന്ദിര ഹിർവേ പറയുന്നു. പക്ഷെ ഈ ഭൂമിയിലേക്കുള്ള നിയമവിരുദ്ധ കടന്നുകയറ്റം ഔദ്യോഗിക വിവരങ്ങളുടെ ഭാഗമാകുന്നില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് യഥാർത്ഥ ചിത്രം വെളിപ്പെടാതെ നിൽക്കുന്നു. 33 ജില്ലകളിലെ മേൽപുറങ്ങളിൽ 4,725 ഹെക്ടർ ഭൂമി കൈയേറിയിരിക്കുകയാണെന്ന് 2018 മാർച്ചിൽ സംസ്ഥാന നിയമസഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയായി സർക്കാർ സമ്മതിച്ചു. യഥാർത്ഥ കണക്കിനെ കുറച്ചു കാട്ടുന്നതാണെന്ന് പറഞ്ഞുകൊണ്ട് ആ മറുപടിയെപ്പോലും ചില നിയമസഭാ സാമാജികർ കടന്നാക്രമിച്ചു.

സർക്കാർ തന്നെ അത് 2018-ൽ സമ്മതിച്ചു. ഒട്ടും മേച്ചൽപുറങ്ങൾ ഇല്ലാത്ത 2,754 ഗ്രാമങ്ങൾ സംസ്ഥാനത്തൊട്ടാകെ ഉണ്ട്.

വ്യവസായത്തിനുവേണ്ടി ഗുജറാത്ത് വ്യവസായ വികസന കോർപ്പറേഷൻ നൽകിയ ഭൂമിയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട് (അവയിൽ കുറച്ച് സംസ്ഥാനം ഏറ്റെടുത്തു). പ്രത്യേക സാമ്പത്തിക മേഖലകൾക്കു മാത്രമായി 4,620 ഹെക്ടറിലധികം ഭൂമി 1990-നും 2001-നുമിടയിൽ കോര്‍പ്പറേഷന്‍ കൈമാറിയിട്ടുണ്ട്. 2001-2011 കാലഘട്ടത്തിന്‍റെ അവസാനത്തോടെ ഇത് 21,308 ഹെക്ടറായി ഉയർന്നു .

PHOTO • Namita Waikar
PHOTO • Namita Waikar

ഇടത്: കാരാഭായ് ജാടാവാഡയിലേക്കുള്ള റോഡിൽ . വലത് : ഭാര്യയ്ക്കും അയൽവാസിയായ രത്നാബായ് ധാഗലിനുമൊപ്പം ഗ്രാമത്തിൽ ആൽ കുടുംബത്തിന്‍റെ വീടിന് പുറത്ത്

മാർച്ചിൽ സുരേന്ദ്രനഗറിൽ പകൽ ഊഷ്മാവ് ഉയർന്നപ്പോൾ കാരാഭായ് കൂടെയുള്ളവരോടു പറഞ്ഞു: "ഏതാണ്ട് ഉച്ചകഴിഞ്ഞു, വരൂ, യാത്ര തുടങ്ങാം!" പുരുഷന്മാർ മുന്നിൽ നടന്നു, ആടുകൾ പിന്നാലെയും. കാരാഭായ് സംഘത്തിലെ സ്ക്കൂളിൽ പോയിട്ടുള്ള ഒരേയൊരാളായ (7-ാം ക്ലാസ്സ് വരെ) അദ്ദേഹത്തിന്‍റെ കൊച്ചുമകൻ പ്രഭുവാല (13) മേട്ടിലെ അതിർത്തികളിലെ കുറ്റിക്കാടുകളിൽ തപ്പി പിന്നെയും അവിടെ ബാക്കിയുണ്ടായിരുന്ന കുറച്ചാടുകളെ ആട്ടിൻ പറ്റത്തിലേക്ക് നയിച്ചു.

മൂന്ന് സ്ത്രീകൾ കയർ കിടക്കളും സ്റ്റീൽ പാൽപാത്രങ്ങളും മറ്റു സാധനങ്ങളും കെട്ടുകളാക്കി. അകലെയുള്ള ഒരു മരത്തിൽ കെട്ടിയിരുന്ന ഒരു ഒട്ടകത്തെ അഴിച്ച് പ്രഭുവാല തന്‍റെ അമ്മയായ ഹിരാബെന്നിന്‍റെ അടുക്കലേക്ക് കൊണ്ടുവന്നു. ഹിരാബെൻ അവരുടെ സഞ്ചരിക്കുന്ന വീടും അടുക്കളയും ഒരുമിച്ചുകൂട്ടി ഒട്ടകത്തിന്‍റെ പുറത്ത് കയറ്റാനായി തയ്യാറാക്കുകയായിരുന്നു.

അഞ്ച് മാസങ്ങൾക്കു ശേഷം ഓഗസ്റ്റ് മദ്ധ്യത്തിൽ രാപർ താലൂക്കിലെ റോഡിൽ ഞങ്ങൾ കാരാഭായിയെ വീണ്ടും കണ്ടുമുട്ടുകയും ജാടാവാഡയിലുള്ള അദ്ദേഹത്തിന്‍റെ വീട് സന്ദർശിക്കുകയും ചെയ്തു. "10 വർഷം മുമ്പുവരെ ഞാനും കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്നു”, ഞങ്ങൾക്കെല്ലാവർക്കുമായി ചായ തയ്യാറാക്കുന്നതിനിടയിൽ അദ്ദേഹത്തിന്‍റെ ഭാര്യ ഡോസിബായ് ആൽ (70) പറഞ്ഞു. "ആടുകളും കുട്ടികളുമാണ് ഞങ്ങളുടെ സമ്പത്ത്. അവയെ നന്നായി പരിചരിക്കണം, അതാണെനിക്ക് വേണ്ടത്.”

വരൾച്ച ഇടയ്ക്കിടെ സംഭവിക്കുമെന്ന് ഒരു അയൽവാസിയായ ഭയ്യാഭായ് മക്‌വാന പിറുപിറുത്തു. "വെള്ളമില്ലെങ്കിൽ വീട്ടിലേക്ക് ഞങ്ങൾക്ക് തിരികെപ്പോകാൻ കഴിയില്ല. കഴിഞ്ഞ 6 വർഷങ്ങൾക്കിടയിൽ രണ്ടുതവണ മാത്രമാണ് ഞാൻ വീട്ടിൽ തിരികെയെത്തിയത്.”

മറ്റൊരു അയൽവാസിയായ രത്നാഭായ് ധാഗൽ മറ്റ് വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചു. "രണ്ടു വർഷത്തെ വരൾച്ചയ്ക്ക് ശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സർക്കാർ ഞങ്ങളുടെ മേച്ചൽപുറങ്ങൾക്ക് വേലി കെട്ടിയിരിക്കുന്നതാണ് കണ്ടത്. എല്ലാ ദിവസവും ഞങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നു, പക്ഷെ ഞങ്ങളുടെ മൃഗങ്ങൾക്ക് പുല്ല് കണ്ടെത്താൻ കഴിയുന്നില്ല. ഞങ്ങളെന്തുചെയ്യും? അവയെ മേയാൻ വിടണോ, കെട്ടിയിടണോ? ഞങ്ങൾക്ക് അറിയാവുന്നതും ജീവിക്കാൻ പറ്റുന്നതുമായ ഒരേയൊരു പണിയാണ് പശുപാലനം.”

"ഈ വർശച്ചകളിൽ നിന്നും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നു”, വർദ്ധിതമാംവണ്ണം ക്രമരഹിതമായ ദൈനംദിന ദീർഘകാല കാലാവസ്ഥാ വ്യതിയാനങ്ങൾകൊണ്ട് മടുത്ത കാരാഭായ് പറഞ്ഞു. "തിന്നാനുമൊന്നുമില്ല, മൃഗങ്ങൾക്ക് വെള്ളവുമില്ല, അല്ലെങ്കിൽ പക്ഷികൾക്ക്.”

ഓഗസ്റ്റിലെ മഴകൾ അവർക്ക് കുറച്ചൊരു ആശ്വാസം കൊണ്ടുവന്നു. വിസ്തൃതമായ ആൽ കുടുംബത്തിന് മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന ഏതാണ്ട് 8 ഏക്കർ ഭൂമി സംയുക്തമായുണ്ട്. അവിടെയവർ ബജ്റ കൃഷി ചെയ്യുന്നു.

നിരവധി ഘടകങ്ങളുടെ ഒരു സങ്കലനം മൃഗങ്ങൾ മേയുന്നതിനെയും മൃഗപരിപാലകരുടെ കുടിയേറ്റ രീതികളെയും സ്വാധീനിച്ചിട്ടുണ്ട്. മഴ പെയ്യാതിരിക്കുന്നത് അല്ലെങ്കിൽ കാവർഷത്തിന്‍റെ കുറവ്, ആവർത്തിക്കുന്ന വരൾച്ച, കുറഞ്ഞുവരുന്ന മേച്ചൽ പുറങ്ങൾ, സംസ്ഥാനത്തെ ദ്രുത വ്യവസായവൽക്കരണവും നഗരവൽക്കരണവും, വനനശീകരണം, കാലിത്തീറ്റയുടെയും വെള്ളത്തിന്‍റെയും കുറഞ്ഞ ലഭ്യത എന്നിവയാണ് ആ ഘടകങ്ങള്‍. മാൽധാരികളുടെ ജീവിതാനുഭവങ്ങൾ പറയുന്നത് ഇപ്പറഞ്ഞ നിരവധി ഘടകങ്ങൾ കാലാവസ്ഥകളിലെ മാറ്റങ്ങൾക്ക് കാരണമാകുന്നതോടൊപ്പം കാലാവസ്ഥകളിൽ നിന്നുണ്ടാകുന്നുവെന്നുമാണ്. ഇത് ആത്യന്തികമായി ഈ സമുദായങ്ങളുടെ യാത്രകളെ സാരമായി ബാധിക്കുകയും നൂറ്റാണ്ടുകളായി അവർ തുടർന്നു വന്ന ക്രമങ്ങളെ മാറ്റുകയും ചെയ്യുന്നു.

"ഞങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചെല്ലാം എഴുതുക”, ഞങ്ങൾ ഇറങ്ങിയപ്പോൾ കാരാഭായ് പറഞ്ഞു. "അതെന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോയെന്ന് ഞങ്ങൾ നോക്കട്ടെ. ഇല്ലെങ്കിൽ ദൈവമുണ്ട്.”

ഈ കഥ റിപ്പോർട്ട് ചെയ്യുന്നതിന് നൽകിയ പിന്തുണയ്ക്കും ഫീൽഡിലെ സഹായത്തിനും അഹമ്മദാബാദി ലെയും ഭുജിലെയും മാൽധാരി റൂറൽ ആക്ഷൻ ഗ്രൂപ്പ് സംഘത്തോട് ലേഖിക നന്ദി പറയുന്നു.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: റെന്നിമോന്‍ കെ. സി.

Namita Waikar is a writer, translator and Managing Editor at the People's Archive of Rural India. She is the author of the novel 'The Long March', published in 2018.

Other stories by Namita Waikar

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.