കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.

“ഇതുപറഞ്ഞാല്‍ എനിക്ക് ഭ്രാന്താണ് എന്ന് ആളുകള്‍ വിചാരിക്കും”, ഒരുദിവസം ഉച്ചകഴിഞ്ഞ് തന്‍റെ മണ്‍കട്ടവീടിന്‍റെ മണ്‍തറയിലിരുന്ന് ജ്ഞാനു ഖരാത് പറഞ്ഞു. “പക്ഷെ 30-40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴപെയ്യുന്ന സമയത്ത് ഞങ്ങളുടെ പാടങ്ങളില്‍ മീനുകള്‍ കയറുമായിരുന്നു [അടുത്തുള്ള അരുവിയില്‍ നിന്നും]. ഞാനെന്‍റെ കൈകള്‍കൊണ്ട് അവ പിടിച്ചിട്ടുണ്ട്.”

അപ്പോള്‍ ജൂണ്‍ പകുതിയായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തുന്നതിന് തൊട്ടുമുന്‍പ് 5,000 ലിറ്ററിന്‍റെ ഒരു ജലടാങ്കര്‍ ഖരാത് വസ്തി ഗ്രാമത്തിലേക്ക് പ്രവേശിച്ചു. ലഭ്യമായ പാത്രങ്ങളിലും കലങ്ങളിലും കന്നാസുകളിലും വീപ്പകളിലുമായി വെള്ളം ശേഖരിച്ചുവയ്ക്കുന്ന തിരക്കിലായിരുന്നു ഖരാതും അദ്ദേഹത്തിന്‍റെ ഭാര്യ ഫൂലാബായിയും 12 അംഗ കൂട്ടുകുടുംബത്തിലെ മറ്റുള്ളവരും. ടാങ്കര്‍ ഒരാഴ്ചയ്ക്കു ശേഷമാണ് വരുന്നത്. ജലക്ഷാമം രൂക്ഷമാണ്.

“നിങ്ങള്‍ വിശ്വസിക്കില്ല, 50-60 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ക്ക് വലിയ മഴ ലഭിക്കുമായിരുന്നു, ഒരാള്‍ക്ക്‌ നോക്കിയിരിക്കാന്‍ പറ്റില്ലായിരുന്നു”, 75-കാരിയായ ഗംഗുബായ് ഗുളിക് ഞങ്ങളോടു പറഞ്ഞു. സാങ്കോള താലൂക്കിലെ ഖരാത് വസ്തിയില്‍നിന്നും ഏകദേശം 5 കിലോമീറ്റര്‍ അകലെ 3,200 ആളുകള്‍ വസിക്കുന്ന ഗൗഡവാഡി ഗ്രാമത്തിലെ തന്‍റെ വീടിനടുത്തുള്ള വേപ്പ്മരത്തിന്‍റെ തണലത്തിരുന്ന് സംസാരിക്കുകയായിരുന്നു അവര്‍. “ഇങ്ങോട്ടു നിങ്ങള്‍ വന്നവഴിയില്‍ നില്‍ക്കുന്ന അക്കേഷ്യ മരങ്ങള്‍ കണ്ടോ? ആ സ്ഥലം മുഴുവന്‍ ഒന്നാംതരം വന്‍പയര്‍ ഉണ്ടാകുമായിരുന്നു. മുറും [ബസാള്‍ട്ട് ശില] ജലം വഹിക്കുമായിരുന്നു, ഞങ്ങളുടെ പാടങ്ങളില്‍ വസന്തം ജനിക്കുമായിരുന്നു. ഒരേക്കറിലെ 4 നിരകളിലുള്ള ബജ്ര 4-5 ചാക്ക് വിളവ്‌ നല്‍കുമായിരുന്നു [2-3 ക്വിന്‍റലുകള്‍]. മണ്ണ് അത്രയ്ക്ക് നല്ലതായിരുന്നു.”

അല്‍ദര്‍ വസ്തിയിലെ കുടുംബവക കൃഷിഭൂമിയിലുണ്ടായിരുന്ന ഇരട്ടകിണറിനെക്കുറിച്ച് ഓര്‍മ്മിക്കുകയായിരുന്നു പ്രായം 80-കളിലുള്ള ഹൗസാബായ് അല്‍ദര്‍. ഇത് ഗൗഡവാഡി ഗ്രാമത്തില്‍ നിന്നും അധികം ദൂരെയല്ല. “മഴക്കാലത്ത് രണ്ടു കിണറുകളും നിറയെ വെള്ളമുണ്ടായിരുന്നു [60 വര്‍ഷങ്ങള്‍ക്ക് മുന്‍പ്]. ഓരോന്നിനും രണ്ട് മോടാ [കപ്പിയും കയറുമുള്ള ഒരു സംവിധാനം]  വീതമുണ്ടായിരുന്നു. നാലെണ്ണവും ഒരേസമയം പ്രവര്‍ത്തിക്കുമായിരുന്നു. രാത്രിയോ പകലോ ഏതുസമയവുമാകട്ടെ എന്‍റെ ഭര്‍തൃപിതാവ് വെള്ളം ശേഖരിച്ച് ആവശ്യക്കാര്‍ക്ക് കൊടുക്കുമായിരുന്നു. ഇപ്പോള്‍ ഒരുകലം വെള്ളംപോലും ഒരാള്‍ക്ക് ചോദിക്കാന്‍ കഴിയില്ല. എല്ലാം കീഴ്മേല്‍ മറഞ്ഞിരിക്കുന്നു.”

PHOTO • Sanket Jain

ജ്ഞാനുവും (ഏറ്റവും ഇടത്) ഫുലാബായിയും (വാതിലിന് ഇടതുവശത്ത്) ഖരാത് കൂട്ടുകുടുംബത്തില്‍: പാടങ്ങളില്‍ മീനുകള്‍ ഒഴുകിനടന്ന ഒരു സമയം അദ്ദേഹം ഓര്‍മ്മിക്കുന്നു.

‘മഴനിഴല്‍’ പ്രദേശമായ (മഴമേഘങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന   കാറ്റിനെ പര്‍വ്വതനിരകള്‍ സംരക്ഷിക്കുന്ന പ്രദേശം) മാണ്‍ദേശിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ സാങ്കോള താലൂക്ക് ഇത്തരം കഥകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. സോലാപൂര്‍ ജില്ലയിലെ താലൂക്കുകളായ സാങ്കോള (Sangole, Sangola എന്നിങ്ങനെ രണ്ടുരീതികളില്‍ എഴുതാറുണ്ട്), മാല്‍ശിരസ്സ്; സാംഗ്ലി ജില്ലയിലെ താലൂക്കുകളായ ജത്, ആട്പാഡി, കവടേമഹാംകാല്‍; സാതാറാ ജില്ലയിലെ താലൂക്കുകളായ മാണ്‍, ഖടാവ് എന്നിവയൊക്കെ ചേര്‍ന്നതാണ് ഈ പ്രദേശം.

വളരെക്കാലമായി നല്ലമഴയും വരള്‍ച്ചയും ഇവിടെ ചാക്രികമായി ഉണ്ടാകുന്നു. സമൃദ്ധിയുടെ ഓര്‍മ്മകള്‍ ക്ഷാമത്തിന്‍റെ സമയം പോലെതന്നെ ആളുകളുടെ പൂര്‍വ്വകാലസ്മൃതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. പക്ഷെ, “എല്ലാം കീഴ്മേല്‍ മറിഞ്ഞത്” എങ്ങനെ? പണ്ടത്തെ സമൃദ്ധി എങ്ങനെയായിരുന്നു? പഴയ സമയക്രമങ്ങള്‍ എങ്ങനെയാണ് തകര്‍ന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി ബന്ധപ്പെട്ട കഥകള്‍കൊണ്ട് ഗ്രാമങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഇങ്ങനെയൊക്കെ ആയതിനാല്‍ “മഴ ഞങ്ങളുടെ സ്വപ്നങ്ങളില്‍ പോലും പ്രത്യക്ഷപ്പെടുന്നില്ല” എന്ന് ഗൗഡവാഡിയില്‍ നിന്നുള്ള നിവൃത്തി ശെന്ദ്ഗെ പറഞ്ഞു.

“ഇപ്പോള്‍ ഈ കേന്ദ്രമിരിക്കുന്ന ഭൂമി ബജ്രക്ക് വളരെ പ്രസിദ്ധമായിരുന്നു. പണ്ട് ഞാനും ഇത് കൃഷി ചെയ്തിട്ടുണ്ട്...”, മെയ് മാസത്തിലെ ഒരു തെളിഞ്ഞ ഉച്ചകഴിഞ്ഞ നേരത്ത് ഗൗഡവാഡിയിലെ ഒരു കാലി പരിപാലന കേന്ദ്രത്തിലിരുന്ന് മുറുക്കാന്‍ തയ്യാറാക്കിക്കൊണ്ട് 83-കാരനായ വിഠോബ സോമ ഗുളിക് പറഞ്ഞു. സ്നേഹപൂര്‍വ്വം അദ്ദേഹത്തെ താത്യ എന്നാണ് വിളിക്കുന്നത്. “ഇപ്പോള്‍ എല്ലാം മാറിയിരിക്കുന്നു”, ആശങ്കാകുലനായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “മഴ ഞങ്ങളുടെ ഗ്രാമത്തില്‍നിന്നും എളുപ്പം ഇല്ലാതായിരിക്കുന്നു.”

ദളിത്‌ വിഭാഗമായ ഹോലാര്‍ സമുദായത്തില്‍ നിന്നുള്ള താത്യ തന്‍റെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ചിട്ടുള്ളത് ഗൗഡവാഡിയിലാണ്. അദ്ദേഹത്തിന്‍റെ കുടുംബവും 5-6 തലമുറകളായി ഇവിടെയാണ്. അറുപതില്‍പരം വര്‍ഷങ്ങള്‍ അദ്ദേഹവും ഭാര്യ ഗംഗുബായിയും സാംഗ്ലിയിലേക്കും കൊല്‍ഹാപൂരേക്കും കുടിയേറി കരിമ്പ് മുറിക്കുകയും, ആളുകളുടെ പാടങ്ങളില്‍ പണിയെടുക്കുകയും, തങ്ങളുടെ ഗ്രാമത്തെ ചുറ്റിപറ്റി സംസ്ഥാനത്തിന്‍റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ പണിയെടുക്കുകയും ചെയ്തു. “ഞങ്ങളുടെ നാലേക്കര്‍ ഭൂമി 10-12 വര്‍ഷങ്ങള്‍ക്കുമുന്‍പ് വാങ്ങിയതാണ്. അതുവരെ കേവലം കഠിനാദ്ധ്വാനം മാത്രമായിരുന്നു”, അദ്ദേഹം പറഞ്ഞു.

PHOTO • Sanket Jain

‘മഴ എളുപ്പത്തില്‍ ഞങ്ങളുടെ ഗ്രാമത്തില്‍നിന്നും ഇല്ലാതായിരിക്കുന്നു’, എന്നാണ് ഗൗഡവാഡി ഗ്രാമത്തിനടുത്തുള്ള ഒരു കാലിപരിപാലന കേന്ദ്രത്തില്‍ വച്ച് വിഠോബ ഗുളിക് അഥവാ ‘താത്യ’ പറഞ്ഞത്.

താത്യ ഇപ്പോള്‍ മാണ്‍ദേശില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വരള്‍ച്ചയില്‍ ആശങ്കാകുലനാണ്. വേനലിനുശേഷമുള്ള നല്ല മഴയുടെ സ്വാഭാവികചക്രം 1972-ന് ശേഷം ഒരിക്കലും തിരിച്ചുവന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “എല്ലാവര്‍ഷവും ഇത് കുറഞ്ഞു കുറഞ്ഞു വരുന്നു. ഞങ്ങള്‍ക്ക് [ആവശ്യത്തിന്] വലിവും [കാലവര്‍ഷത്തിന് മുമ്പുള്ള മഴ] ലഭിക്കുന്നില്ല, മഴക്കാലം തിരിച്ചു വരുന്നുമില്ല. ദിവസങ്ങള്‍ കഴിയുന്തോറും ചൂട് കൂടിവരുന്നു. കഴിഞ്ഞ വര്‍ഷം [2018] ഞങ്ങള്‍ക്ക് നല്ല വലിവ് മഴ ലഭിച്ചെങ്കിലും ഈ വര്‍ഷം... ഇപ്പോള്‍വരെ ഒന്നും ലഭിച്ചിട്ടില്ല. ഭൂമിയെങ്ങനെ തണുക്കും?”

മുതിര്‍ന്ന മറ്റ് പല ഗൗഡവാഡി നിവാസികളും തങ്ങളുടെ ഗ്രാമത്തിലെ മഴയുടെയും വരള്‍ച്ചയുടെയും ചാക്രിക താളങ്ങളിലുണ്ടായ ഒരു വഴിത്തിരിവെന്ന നിലയില്‍ 1972-ലെ വരള്‍ച്ചയെക്കുറിച്ച് ഓര്‍മ്മിക്കുന്നു. അതേവര്‍ഷം സോലാപൂര്‍ ജില്ലയില്‍ ലഭിച്ചത് വെറും 321 മില്ലീമീറ്റര്‍ മഴയാണ് (ഇന്ത്യന്‍ കാലാവസ്ഥ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ഇന്ത്യവാട്ടര്‍പോര്‍ട്ടല്‍ കാണിക്കുന്നു) – ഇത് 1901-നു ശേഷം ലഭിച്ച ഏറ്റവും കുറവ് അളവാണ്.

ഗംഗുബായിയെ സംബന്ധിച്ചിടത്തോളം 1972-ലെ വരള്‍ച്ചയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കഠിനാദ്ധ്വാനത്തിന്‍റേതും - അവര്‍ക്ക് സാധാരണ ഉണ്ടായിരുന്നതിനേക്കാള്‍ കടുത്തത്‌ - ദാരിദ്ര്യത്തിന്‍റേതുമാണ്‌. “ഞങ്ങള്‍ റോഡുകള്‍ പണിതു, കിണറുകള്‍ നിര്‍മ്മിച്ചു, പാറകള്‍ പൊട്ടിച്ചു [വരള്‍ച്ചയുടെ സമയത്ത് കൂലിക്കുവേണ്ടി]. ശരീരത്തിന് ഊര്‍ജ്ജവും വയറിന് വിശപ്പും ഉണ്ടായിരുന്നു. 100 ക്വിന്‍റല്‍ ഗോതമ്പ് പൊടിച്ച് 12 അണയ്ക്ക് [75 പൈസ] ഞാന്‍ പണിയെടുത്തിട്ടുണ്ട്. അതിനുശേഷം [ആ വര്‍ഷത്തിന് ശേഷം] കാര്യങ്ങള്‍ കൂടുതല്‍ വഷളായി”, അദ്ദേഹം പറഞ്ഞു.

PHOTO • Sanket Jain
PHOTO • Medha Kale

സാങ്കോളയില്‍ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് 2018-ലാണ്. താലൂക്കിലെ ഗ്രാമങ്ങളിലെ ഭൂഗര്‍ഭജലം ഒരുമീറ്ററിലധികം താഴ്ന്നു.

“വരള്‍ച്ച കടുത്തതായിരുന്നു. ഞാനെന്‍റെ 12 കാലികളുമായി ഒറ്റയ്ക്ക് നടന്ന് 10 ദിവസംകൊണ്ട് കൊല്‍ഹാപൂര്‍ എത്തി”, കന്നുകാലി കേന്ദ്രത്തിലെ ചായക്കടയില്‍വച്ച് 85-കാരനായ ദാദ ഗഡതെ പറഞ്ഞു. “മിറാജ് റോഡിലെ വേപ്പ് മരങ്ങള്‍ മുഴുവന്‍ നഗ്നമായിരുന്നു. ഇലകളും തളിരുകളും മുഴുവന്‍ കാലികള്‍ക്കും ആടുകള്‍ക്കും തിന്നാന്‍ കൊടുത്തതാണ്. അവ എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങള്‍ ആയിരുന്നു. അതിനുശേഷം ഒന്നും വഴിക്കുവന്നിട്ടില്ല.”

സോലാപൂര്‍, സാംഗ്ലി, സാതാറ എന്നീ മൂന്ന് ജില്ലകളില്‍നിന്നുള്ള വരള്‍ച്ചബാധിത ബ്ലോക്കുകളെ കൂട്ടിച്ചേര്‍ത്ത് മാണ്‍ദേശ് എന്നപേരില്‍ ഒരു ജില്ല രൂപീകരിക്കുക എന്ന ആവശ്യം ഉയര്‍ത്തുന്നതിനുപോലും നീണ്ടുനില്‍ക്കുന്ന വരള്‍ച്ച കാരണമായി. 2005-ലായിരുന്നു ഇത്. (പ്രദേശത്തെ ജലസേചന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് ചില നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനെത്തുടര്‍ന്ന് മേല്‍പ്പറഞ്ഞ പ്രചരണം ക്രമേണ കെട്ടടങ്ങി).

ഗൗഡവാഡിയിലെ നിരവധിപേരും 1972-ലെ വരള്‍ച്ചയെ ഒരു നാഴികക്കല്ലായി ഓര്‍മ്മിക്കുമ്പോള്‍ സോലാപൂര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത് വീണ്ടും വളരെക്കുറഞ്ഞ മഴയാണ് 2003-ലും (278.7 മി.മീ.) 2015-ലും (251.18 മി.മീ.) ലഭിച്ചത് എന്നാണ്.

കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവുംകുറവായ വെറും 241.6 മി.മീ. മഴയാണ് 24 മഴദിനങ്ങളായി 2018-ല്‍ സാങ്കോളയില്‍ ലഭിച്ചത് എന്ന് മഹാരാഷ്ട്ര കാര്‍ഷിക വകുപ്പിന്‍റെ ‘റെയിന്‍ഫാള്‍ റെക്കോര്‍ഡിംഗ് ആന്‍ഡ്‌ അനാലിസിസ്’ പോര്‍ട്ടല്‍ പറയുന്നു. ബ്ലോക്കിലെ ഒരു ‘സാധാരണ’ മഴ 537 മി.മീ. ആയിരിക്കുമെന്ന് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ട്, വരണ്ട ദിനങ്ങളും ചൂടും മാസങ്ങളോളം നീളുന്ന ജലക്ഷാമവും വര്‍ദ്ധിക്കുമ്പോള്‍ സമൃദ്ധമായ മഴയുടെ കാലങ്ങള്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്തിരിക്കുന്നു.

PHOTO • Medha Kale

വിള മൂടുന്നതിനുള്ള സംവിധാനം ഇല്ലാതായതും വര്‍ദ്ധിക്കുന്ന ചൂടും മണ്ണിനെ കൂടുതല്‍ വരണ്ടതാക്കുന്നു.

ഗൗഡവാഡിയിലെ കാലിപരിപാലന കേന്ദ്രത്തില്‍ ഈ വര്‍ഷം മെയ് മാസത്തില്‍ ഊഷ്മാവ് 46 ഡിഗ്രിയിലേക്ക് ഉയര്‍ന്നു. അങ്ങേയറ്റം ഉയര്‍ന്ന ചൂട് അന്തരീക്ഷത്തെയും മണ്ണിനെയും കൂടുതല്‍ വരണ്ടതാക്കി. കാലാവസ്ഥയെയും ആഗോളതപനത്തേയും കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഇന്‍ററാക്റ്റീവ് പോര്‍ട്ടലില്‍നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത് 1960-ല്‍, താത്യയ്ക്ക് 24 വയസ്സുള്ളപ്പോള്‍, സാങ്കോളയില്‍ 144 ദിവസം 32 ഡിഗ്രി സെല്‍ഷ്യസായി ഊഷ്മാവ് ഉയര്‍ന്നിരുന്നു എന്നാണ്. ഇന്നത് 177 ദിവസമായി ഉയര്‍ന്നിരിക്കുന്നു. അദ്ദേഹം 100 വയസ്സ് വരെ ജീവിക്കുകയാണെങ്കില്‍ 2036-ഓടെ ഇത് 193 ദിവസങ്ങളിലേക്ക് ഉയരും.

“മുന്‍കാലങ്ങളില്‍ എല്ലാക്കാര്യങ്ങളും സമയത്തുതന്നെ സംഭവിച്ചിരുന്നു. മിരിജ് മഴ [മൃഗരാശിയുടെ അല്ലെങ്കില്‍ മകയിരം രാശിയുടെ വരവോടെ ഉണ്ടാകുന്നത്] എല്ലായ്പ്പോഴും ജൂണ്‍ 7-ന് എത്തിയിരുന്നു. അത് നന്നായി പെയ്യുകയും അരുവിയില്‍ നിന്നുള്ള വെള്ളം പൗസ് [ജനുവരി] വരെ നീണ്ടുനില്‍ക്കുകയും ചെയ്തു. “നിങ്ങള്‍ രോഹിണിയിലും [ഏകദേശം മെയ് അവസാനത്തോടെ എത്തുന്ന രാശി] മിരിജ് മഴയുടെ സമയത്തും വിതയ്ക്കുമ്പോള്‍ വിളകളെ ആകാശം സംരക്ഷിക്കുന്നു. ധാന്യങ്ങള്‍ പോഷകസമൃദ്ധവും അവ കഴിക്കുന്നവര്‍ ആരോഗ്യമുള്ളവരും ആയിരിക്കും. പക്ഷെ സീസണുകള്‍ എല്ലാം ഒരുപോലെയല്ല”, കാലിപരിപാലന കേന്ദ്രത്തില്‍ ഇരിക്കുമ്പോള്‍ താത്യ ഓര്‍മ്മിച്ചു പറഞ്ഞു.

കാലിപരിപാലന കേന്ദ്രത്തില്‍ അദ്ദേഹത്തോടൊപ്പം ഇരിക്കുകയായിരുന്ന മറ്റ് കര്‍ഷകരും ഇതിനോട് യോജിച്ചു. മഴയുടെ കാര്യത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിശ്ചിതത്വത്തെപ്പറ്റി എല്ലാവരും ആശങ്കാകുലരാണ്. “കഴിഞ്ഞവര്‍ഷം പഞ്ചാംഗം [ചാന്ദ്രപഞ്ചാംഗത്തെ അടിസ്ഥാനമാക്കിയ ഹിന്ദു പഞ്ചാംഗം] പറഞ്ഞത് ഘാവീല്‍ മുതല്‍ പാവീല്‍ വരെയെന്നാണ് – ‘സമയത്ത് വിതക്കുന്നവര്‍ നല്ല വിളവ്‌ നേടും’. പക്ഷെ, മഴ ഇപ്പോള്‍ വല്ലപ്പോഴുമാണ് ലഭിക്കുന്നത്. എല്ലാ പാടങ്ങളിലും അത് ലഭിക്കില്ല”, താത്യ വിശദീകരിച്ചു.

റോഡിനക്കരെ കേന്ദ്രത്തിലുള്ള തന്‍റെ കൂടാരത്തിലിരുന്നുകൊണ്ട് ഖരാത് വാസ്തിയില്‍ നിന്നുള്ള ഫുലാബായ് ഖരാതും “എല്ലാ രാശികളിലും സമയത്തിന് ലഭ്യമാകുന്ന മഴ”യെപ്പറ്റി ഓര്‍മ്മിച്ചു. ധന്‍ഗര്‍ സമുദായത്തില്‍ (നാടോടി ഗോത്രമായി പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന) ഉള്‍പ്പെടുന്ന അവര്‍ മൂന്ന് പോത്തുകളെയും വളര്‍ത്തുന്നു. “ധോണ്‍ഡ്യാച മാസത്തിന്‍റെ [ഹിന്ദു ചാന്ദ്ര പഞ്ചാംഗപ്രകാരം മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാകുന്ന അധികമാസം] വരവോടുകൂടി മാത്രമാണ് മഴ ശാന്തമാകുന്നത്. അടുത്ത രണ്ടുവര്‍ഷങ്ങളില്‍ നമുക്ക് നല്ല മഴ ലഭിക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അല്ലെങ്കില്‍ത്തന്നെ മഴ കുറവാണ്.”

ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ നിരവധി കര്‍ഷകര്‍ അവരുടെ കൃഷിയുടെ സമയക്രമം മാറ്റിയിരിക്കുന്നു. ഇവിടെയുള്ള കര്‍ഷകര്‍ പറയുന്നതുപ്രകാരം സാങ്കോളയിലെ കാര്‍ഷിക വിളവെടുപ്പിന്‍റെ പൊതുവെയുള്ള സമയക്രമം ഇനിപ്പറയുന്ന പ്രകാരമാണ്: വന്‍പയര്‍, മുതിര, ബജ്ര, തുവര എന്നിവ ഖരീഫ് സീസണില്‍; ഗോതമ്പ്, വെള്ളക്കടല, മണിച്ചോളം എന്നിവ റബി സീസണില്‍. ചോളം, മണിച്ചോളം എന്നിവയുടെ വേനല്‍ക്കാല ഇനങ്ങള്‍ കാലിത്തീറ്റ വിളകളായാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

“കഴിഞ്ഞ 20 വര്‍ഷങ്ങളായി [തദ്ദേശീയ] വന്‍പയര്‍ കൃഷി ചെയ്യുന്ന ഒരാളെപ്പോലും ഈ ഗ്രാമത്തില്‍ ഞാന്‍ കണ്ടിട്ടില്ല. തദ്ദേശീയ ഇനങ്ങളായ ബജ്രയുടെയും തുവരയുടെയും അവസ്ഥയും ഇതുതന്നെ. ഗോതമ്പിന്‍റെ ഖപലി ഇനം ഇപ്പോള്‍ കൃഷി ചെയ്യുന്നില്ല, മുതിരയും എള്ളും കൃഷി ചെയ്യുന്നില്ല”, അല്‍ദര്‍ വസ്തി ഗ്രാമത്തില്‍ നിന്നുള്ള ഹൗസാബായ് പറഞ്ഞു.

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: ‘പക്ഷെ കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി മഴ നിശ്ശബ്ദമാണ്...’ ഫുലാബായ് ഖരാത് പറയുന്നു. വലത്: ‘കാര്യങ്ങള്‍ വഷളായത് 1972-ന് ശേഷം മാത്രമാണ്’, ഗംഗുബായ് ഗുളിക് പറയുന്നു.

കാലവര്‍ഷം താമസിച്ച് – ജൂണ്‍ അവസാനം, അല്ലെങ്കില്‍ ജൂലൈ ആദ്യം – എത്തുന്നതുകൊണ്ടും നേരത്തെ പോകുന്നതുകൊണ്ടും – സെപ്തംബറില്‍ കഷ്ടിയേ മഴ ലഭിക്കുന്നുള്ളൂ – ഇവിടെയുള്ള കര്‍ഷകര്‍ ഹ്രസ്വകാല സങ്കരയിന വിളകളിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇത്തരം കൃഷികള്‍ക്ക് വിതയ്ക്കുന്നതുമുതല്‍ കൊയ്യുന്നതുവരെ ഏകദേശം രണ്ടര മാസങ്ങള്‍മതി. “മണ്ണില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതായതിനാല്‍ ബജ്ര, വന്‍പയര്‍, മണിച്ചോളം, തുവര എന്നിവയുടെ തദ്ദേശീയ അഞ്ച്-മാസ [ദീര്‍ഘനാള്‍] ഇനങ്ങള്‍ ഏതാണ്ടില്ലാതായി”, നവ്നാഥ് മാലി പറഞ്ഞു. അദ്ദേഹം ഗൗഡവാഡിയിലെ മറ്റ് 20 കര്‍ഷകരോടൊപ്പം കോല്‍ഹാപൂരിലെ അമിക്കസ് അഗ്രോ സംഘത്തിലെ അംഗമാണ്. പ്രസ്തുത സംഘം സൗജന്യമായി കാലാവസ്ഥ അറിയിപ്പുകള്‍ എസ്.എം.എസ്. ആയി അയച്ചുനല്‍കുന്നു.

മറ്റ് വിളകളിലുള്ള ഭാഗ്യം പരീക്ഷിക്കുന്നതിനായി ഇവിടെയുള്ള ചില കര്‍ഷകര്‍ 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് മാതളനാരങ്ങയിലേക്ക് മാറി. സംസ്ഥാന സബ്സിഡിയും സഹായകരമായി. കാലങ്ങള്‍കൊണ്ട് തദ്ദേശീയ ഇനങ്ങളില്‍നിന്നും തദ്ദേശീയമല്ലാത്ത സങ്കര ഇനങ്ങളിലേക്ക് കര്‍ഷകര്‍ മാറി. “തുടക്കത്തില്‍ [ഏകദേശം 12 വര്‍ഷങ്ങള്‍ക്കുമുന്‍പ്] ഏക്കറിന് ഏകദേശം 2-3 ലക്ഷം രൂപ ഞങ്ങള്‍ക്ക് ലഭിച്ചു. പക്ഷെ കഴിഞ്ഞ 8-10 വര്‍ഷങ്ങളായി തോട്ടങ്ങള്‍ തേല്യ മൂലമുള്ള ശല്യം [ബാക്ടീരിയ മൂലമുള്ള പുഴുക്കുത്ത്] നേരിടുന്നു. കാലാവസ്ഥ വ്യതിയാനം മൂലമാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് എന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 25-30 രൂപയ്ക്ക് ഞങ്ങള്‍ക്ക് ഫലങ്ങള്‍ വില്‍ക്കേണ്ടിവന്നു. പ്രകൃതിയുടെ പെട്ടെന്നുള്ള മാറ്റങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ എന്തുചെയ്യാന്‍?” മാലി ചോദിച്ചു.

കാലവര്‍ഷത്തിനു മുന്‍പും ശേഷവുമുള്ള മഴകളും കൃഷിരീതികളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാങ്കോളയിലെ കാലവര്‍ഷാനന്തര മഴ – ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ളത് – വളരെ സ്പഷ്ടമായിത്തന്നെ കുറഞ്ഞിരിക്കുന്നു. 1998 മുതല്‍ 2018 വരെയുള്ള രണ്ട് ദശകങ്ങളില്‍ 93.11 മി.മീ. കാലവര്‍ഷാനന്തര മഴ ലഭിച്ചിരുന്ന സ്ഥാനത്ത് 2018-ല്‍ ലഭിച്ചത് 37.5 മി.മീ. മഴയാണെന്ന് കാര്‍ഷിക വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നു.

“വര്‍ഷകാലത്തിനു മുന്‍പും ശേഷവുമുള്ള മഴകള്‍ ഇല്ലാതായതാണ് മുഴുവന്‍ മാണ്‍ദേശ് പ്രദേശത്തെ സംബന്ധിച്ചും ഏറ്റവും ആശങ്കാജനകമായ കാര്യം”, മാണ്‍ ദേശി ഫൗണ്ടേഷന്‍റെ സ്ഥാപകയായ ചേതന സിന്‍ഹ പറഞ്ഞു. കൃഷി, വായ്പ, സംരംഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിന്മേല്‍ ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിത്. (ഫൗണ്ടേഷന്‍ ആദ്യത്തെ കാലിപരിപാലന കേന്ദ്രം സംസ്ഥാനത്ത് തുടങ്ങിയത് സാതാറ ജില്ലയിലെ മാണ്‍ ബ്ലോക്കിലെ മഹ്സവഡില്‍ ഈ വര്‍ഷം ജനുവരി 1-നാണ്. എണ്ണായിരത്തിലധികം കാലികളെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നു). “കാല വര്‍ഷത്തിന്‍റെ തിരിച്ചുവരവ് ഞങ്ങളുടെ രക്ഷയാണ്, കാരണം ഭക്ഷ്യധാന്യങ്ങള്‍ക്കും വളര്‍ത്തുജന്തുക്കള്‍ക്കുള്ള തീറ്റയ്ക്കുമായി ഞങ്ങള്‍ റാബി വിളകളെയാണ് ആശ്രയിക്കുന്നത്. പത്തോ അതിലധികമോ വര്‍ഷങ്ങളായി കാലവര്‍ഷം തിരിച്ചു വരാത്തത് മാണ്‍ദേശിലെ കാര്‍ഷിക-കാര്‍ഷികേതര സമൂഹങ്ങളുടെ മേല്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.”

PHOTO • Sanket Jain
PHOTO • Sanket Jain

കാലിത്തീറ്റയുടെ ക്ഷാമമാണ് വരണ്ട മാസങ്ങളില്‍ സാങ്കോളയില്‍ കാലിപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിലേക്ക് നയിച്ചത്.

പക്ഷെ ഇവിടുത്തെ കാര്‍ഷികവൃത്തികളിലുണ്ടായ ഏറ്റവും വലിയമാറ്റം കരിമ്പിന്‍റെ വ്യാപനമാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ഫിനാന്‍സ് ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 2016-17 വര്‍ഷത്തില്‍ സോലാപൂര്‍ ജില്ലയിലെ 100,505 ഹെക്ടര്‍ സ്ഥലത്ത് 633,000 ടണ്‍ കരിമ്പ് കൃഷിചെയ്തു. ചില വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തപ്രകാരം സോലാപൂരാണ് ഒക്ടോബറില്‍ ആരംഭിച്ച കരിമ്പു ചതയ്ക്കല്‍ സീസണിന്‍റെ ഏറ്റവും മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ജില്ലയിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 33 പഞ്ചസാര മില്ലുകളില്‍ 10 ദശലക്ഷം ടണ്‍ കരിമ്പ് ചതച്ചത് (ഷുഗര്‍ കമ്മീഷണറേറ്റ് വിവരങ്ങള്‍ പ്രകാരം) ഉള്‍പ്പെടെയാണിത്‌.

വെറും ഒരു ടണ്‍ കരിമ്പ് ചതയ്ക്കുന്നതിന് 1,500 ലിറ്റര്‍ വെള്ളം ആവശ്യമുണ്ടെന്ന് സോലാപൂരില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനും ജല സംരക്ഷണ പ്രവര്‍ത്തകനുമായ രജനീഷ് ജോഷി പറഞ്ഞു. ഇതിന്‍റെ അര്‍ത്ഥം കഴിഞ്ഞ കരിമ്പു ചതയ്ക്കല്‍ സീസണില്‍ - 2018 ഒക്ടോബര്‍ മുതല്‍ 2019 ജനുവരി വരെ - 15 ദശലക്ഷം ഘന അടിയിലധികം ജലം സോലാപൂര്‍ ജില്ലയില്‍മാത്രം കരിമ്പിനുവേണ്ടി ഉപയോഗിച്ചു എന്നാണ്.

മഴയുടെ കുറവും ജലസേചനത്തിന്‍റെ അഭാവവും മൂലം നേരത്തെതന്നെ ബുദ്ധിമുട്ടിലായ ഒരു സ്ഥലത്ത് ഒരു നാണ്യവിളയ്ക്കു മാത്രം ഇത്ര ഭീമമായ വെള്ളം ഉപയോഗിക്കുന്നത് മറ്റ് വിളകള്‍ക്ക് ലഭിക്കേണ്ട വെള്ളം വളരെ ഗുരുതരമായ രീതിയില്‍ കുറയുന്നതിനു കാരണമാകുന്നു. 1,361 ഹെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന (2011 സെന്‍സസ് പ്രകാരം) ഗൗഡവാഡി ഗ്രാമത്തിലെ ഭൂരിഭാഗം സ്ഥലത്തും കൃഷി നടത്തിയിരുന്നെന്നും ഇതില്‍ 300 ഹെക്ടറുകളില്‍ മാത്രമാണ് ജലസേചനം നടത്തിയതെന്നും നവ്‌നാഥ് മാലി പറഞ്ഞു. ബാക്കി സ്ഥലത്ത് മഴ മാത്രമാണ് ലഭിച്ചത്. സോലാപൂര്‍ ജില്ലയിലെ ജലസേചനം നടത്തേണ്ട ആകെ 774,315 ഹെക്ടറുകളില്‍ 39.49 ശതമാനം സ്ഥലത്ത് മാത്രമാണ് 2015-ല്‍ ജലസേചനം നടത്തിയത്.

വിളകള്‍ മൂടുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാതായതും (കുറഞ്ഞുവരുന്ന മഴമൂലം ഹ്രസ്വകാല വിളവുകളിലേക്ക് മാറിയതിനാല്‍) വര്‍ദ്ധിതമായ ചൂടും മണ്ണിനെ വീണ്ടും വരണ്ടതാക്കിയിരിക്കുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. മണ്ണിലെ ഈര്‍പ്പത്തിന് നിലവില്‍ “ആറിഞ്ച് പോലും ആഴമില്ല” എന്ന് ഹൗസാബായ് പറഞ്ഞു.

PHOTO • Medha Kale

ഗൗഡവാഡിയില്‍ മാത്രം 150 കുഴല്‍ക്കിണറുകള്‍ ഉണ്ടെന്നും അവയില്‍ 130 എണ്ണം വറ്റിയിരിക്കുന്നെന്നും നവ്‌നാഥ് മാലി കണക്കുകൂട്ടുന്നു

ഭൂര്‍ഗഭജലവും താഴുന്നു. സാങ്കോളയിലെ 102 ഗ്രാമങ്ങളിലെ ഭൂഗര്‍ഭജലം 2018-ല്‍ ഒരുമീറ്ററിലധികം താഴ്ന്നുവെന്ന് ഗ്രൗണ്ട് വാട്ടര്‍ സര്‍വേസ് ആന്‍ഡ്‌ ഡെവലപ്മെന്‍റ് ഏജന്‍സിയുടെ പ്രോബബിള്‍ വാട്ടര്‍ സ്കെഴ്സിറ്റി റിപ്പോര്‍ട്ട് കാണിക്കുന്നു. “ഞാനൊരു കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ശ്രമിച്ചു, പക്ഷെ 750 അടി എത്തിയിട്ടുപോലും വെള്ളമില്ലായിരുന്നു. ഭൂമി മുഴുവന്‍ വരണ്ടതായിരുന്നു”, ജോതിറാം ഖണ്ഡാഗലെ പറഞ്ഞു. നാലേക്കര്‍ ഭൂമിയുള്ള അദ്ദേഹം ഗൗഡവാഡിയില്‍ ഒരു ബാര്‍ബര്‍ഷോപ്പ് നടത്തുകയും ചെയ്യുന്നു. “കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഖാരിഫ് സീസണിലും റബി സീസണിലും  നല്ല വിളവുണ്ടാകുന്ന കാര്യത്തില്‍ ഒരുറപ്പുമില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗഡവാഡിയില്‍ മാത്രം 150 കുഴല്‍ക്കിണറുകള്‍ ഉണ്ടെന്നും അവയില്‍ 130 എണ്ണം വറ്റിയിരിക്കുന്നെന്നും മാലി കണക്കുകൂട്ടി പറഞ്ഞു. വെള്ളം കിട്ടാനായി ആളുകള്‍ 1,000 അടിവരെ കുത്തുന്നു.

കരിമ്പുകൃഷിയിലേക്ക് വന്‍തോതില്‍ മാറിയതും ഭക്ഷ്യവിളകളില്‍നിന്നും മാറാന്‍ കാരണമായി. കാര്‍ഷിക വകുപ്പ് പറയുന്നപ്രകാരം 2018-19 റബി സീസണില്‍ സോലാപൂര്‍ ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 41 ശതമാനം മണിച്ചോളവും 46 ശതമാനം ചോളവും മാത്രം കൃഷി ചെയ്തെന്നാണ്. മഹാരാഷ്ട്രയിലൊട്ടാകെ മണിച്ചോളവും ചോളവും കൃഷി ചെയ്തിരുന്ന പ്രദേശങ്ങള്‍ യഥാക്രമം 57 ശതമാനവും 65 ശതമാനവുമായി കുറഞ്ഞെന്ന് സംസ്ഥാന സാമ്പത്തിക സര്‍വ്വെ 2018-19 പറയുന്നു. രണ്ടില്‍നിന്നുമുള്ള വിളവ്‌ ഏകദേശം 70 ശതമാനമായി കുറഞ്ഞു.

മനുഷ്യര്‍ക്കുള്ള ഭക്ഷ്യധാന്യത്തിന്‍റെയും വളര്‍ത്തുജന്തുക്കള്‍ക്കുള്ള തീറ്റയുടെയും ശ്രോതസ്സിനെ സംബന്ധിച്ചിടത്തോളം രണ്ടുവിളകളും വളരെ പ്രധാനപ്പെട്ടതാണ്. കാലിത്തീറ്റക്ഷാമം സര്‍ക്കാരിനെ (മറ്റുള്ളവരെയും) സാങ്കോളിലെ വരണ്ട മാസങ്ങളില്‍ കാലിപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നിര്‍ബ്ബന്ധിച്ചു - 2019 വരെ 105 കേന്ദ്രങ്ങളിലായി 50,000 അടുത്ത് കാലികളെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് പോപട് ഗഡദെ കണക്കാക്കുന്നു. ക്ഷീര സഹകരണ സംഘത്തിന്‍റെ ഡയറക്ടറായ അദ്ദേഹമാണ് ഗൗഡവാഡിയില്‍ കാലിപരിപാലന കേന്ദ്രം തുടങ്ങിയത്. കാലികള്‍ ഈ കേന്ദ്രങ്ങളില്‍ എന്താണ് ഭക്ഷിക്കുന്നത്? ഓരോ ഹെക്ടറില്‍നിന്നും 29.7 ദശലക്ഷം ലിറ്റര്‍ വീതം ജലം ഊറ്റിക്കുടിക്കുന്ന (കണക്കുകള്‍ കാണിക്കുന്നപ്രകാരം) അതേ കരിമ്പ് തന്നെ.

തമ്മില്‍ പിണഞ്ഞുകിടക്കുന്ന നിരവധി സമയക്രമങ്ങള്‍ സാങ്കോളയില്‍ കാണാം – ‘പ്രകൃതി’യുടെ ഭാഗമായിട്ടുള്ളവയും, കൂടുതലായും മനുഷ്യര്‍ നടപ്പില്‍ വരുത്തിയിട്ടുള്ളവയും. കുറയുന്ന വര്‍ഷപാതം, കുറവ് മഴദിനങ്ങള്‍, ഉയരുന്ന ഊഷ്മാവ്, കടുത്ത ചൂടുള്ള കൂടുതല്‍ ദിനങ്ങള്‍, വര്‍ഷകാലത്തിന് മുമ്പും ശേഷവുമുള്ള നിലവില്‍ ഏറെക്കുറെ ഇല്ലാതായ മഴകള്‍, മണ്ണിന്‍റെ ഈര്‍പ്പം നഷ്ടപ്പെടല്‍ എന്നിവയൊക്കെ അവയില്‍പ്പെടുന്ന ചിലതാണ്. അതുപോലെ മറ്റുചിലതാണ് മോശമായ ജലസേചനത്തിന്‍റെയും കുറഞ്ഞുവരുന്ന ഭൂഗര്‍ഭ ജലനിരപ്പിന്‍റെയും സാഹചര്യത്തില്‍ കൃഷിരീതികളിലുണ്ടാകുന്ന മാറ്റങ്ങള്‍. കൂടുതല്‍ ഹ്രസ്വകാല ഇനങ്ങളുണ്ടാകുന്നതും അതിന്‍റെ ഫലമായി വിളകള്‍ മൂടാനുള്ള സംവിധാനങ്ങള്‍ ഇല്ലാതാകുന്നതും, തദ്ദേശീയ ഇനങ്ങള്‍ കുറഞ്ഞു വരുന്നത്, മണിച്ചോളം പോലെയുള്ള ഭക്ഷ്യവിളകള്‍ കുറച്ചു കൃഷി ചെയ്യുന്നതും കരിമ്പ് പോലെയുള്ള നാണ്യവിളകള്‍ കൂടുതലായി കൃഷി ചെയ്യുന്നതുമൊക്കെ ഇതില്‍പ്പെടുന്നു. ഇനിയും പലതുമുണ്ട്.

ഈ മാറ്റങ്ങള്‍ക്കെല്ലാം എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ ഗൗഡവാഡിയിലെ കാലിപരിപാലന കേന്ദ്രത്തിലെ താത്യ ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞു, “നമുക്ക് മഴദേവന്‍റെ മനസ്സ് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! മനുഷ്യന്‍ അത്യാഗ്രഹിയാകുമ്പോള്‍ എങ്ങനെ മഴപെയ്യും? മനുഷ്യജീവികള്‍ അവരുടെ വഴികള്‍ മാറ്റുമ്പോള്‍ പ്രകൃതിക്കെങ്ങനെ അവ പിന്തുടരാന്‍ കഴിയും?”

PHOTO • Sanket Jain

സാങ്കോള നഗരത്തിന് തൊട്ടുപുറത്ത് വറ്റിയ മാണ്‍ നദിക്കു കുറുകെയുള്ള പഴയ തടയണ

പൊതുപ്രവര്‍ത്തകരായ ശഹാജി ഗഡ്ഹിരെ, ദത്ത ഗുളിക് എന്നിവരോട് അവര്‍ ചെലവഴിച്ച സമയത്തിന്‍റെയും നല്‍കിയ വിലയേറിയ സഹായങ്ങളുടെയും പേരില്‍ എഴുത്തുകാരി നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.

കവര്‍ചിത്രം: സാങ്കേത് ജയിന്‍/പാരി

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ ദേശവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: റെന്നിമോന്‍ കെ. സി.

Reporter : Medha Kale

Medha Kale is based in Pune and has worked in the field of women and health. She is the Translations Editor, Marathi, at the People’s Archive of Rural India.

Other stories by Medha Kale
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Series Editors : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.