"ഇവിടെ നടക്കുന്ന സമരത്തോട് കമ്പനിക്കാർക്ക് തീർച്ചയായും ദേഷ്യമുണ്ട്. സമരം ഗതാഗതത്തെ മോശമായി ബാധിക്കുകയും ബിസിനസുകൾ നന്നായി നടക്കാതിരിക്കാൻ കാരണമാവുകയും ചെയ്തു”, കുണ്ഡ്‌ലി വ്യവസായ മേഖലയിലെ ഒരു വീട്ടുപകരണ നിർമ്മാണശാലയിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി നോക്കുന്ന 22-കാരനായ നിസാമുദ്ദീൻ അലി പറഞ്ഞു. ഹരിയാനാ-ഡൽഹി അതിർത്തിയിലെ സിംഘു സമരസ്ഥലത്തു നിന്നും 6 കാലോമീറ്ററുകൾ മാറിയാണ് അദ്ദേഹം താമസിക്കുന്നത്. (കുണ്ഡ്‌ലി ഹരിയാനയിലെ സോനിപത് ജില്ലയിലെ ഒരു പഴയ ഗ്രാമമാണ്, ഇപ്പോൾ അത് ഒരു മുനിസിപ്പൽ കൗൺസിൽ ആണ്).

പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ രണ്ടു മാസത്തിലധികമായി നിസാമുദ്ദീന് കമ്പനി ശമ്പളം നല്കിയിട്ടില്ല. പക്ഷേ അദ്ദേഹം സമരം ചെയ്യുന്ന കർഷകരെ പിന്തുണയ്ക്കുന്നു. "എന്‍റെ ഫാക്ടറി നേരിടുന്ന പ്രശ്നങ്ങൾ ഞാനിപ്പോൾ മനസ്സിലാക്കുന്നു. അതെന്‍റെ ശമ്പളത്തേയും ബാധിച്ചിട്ടുണ്ട്. അതേ സമയം, ഞാൻ കർഷകരെ പിന്തുണയ്ക്കുന്നു”, അദ്ദേഹം പറഞ്ഞു. പക്ഷേ തന്‍റെ കൂറ് തുല്യമായല്ല അദ്ദേഹം വിഭജിക്കുന്നത് - "എന്‍റെ ഫാക്ടറിയെ ഞാൻ 20 ശതമാനം പിന്തുണയ്ക്കുകയാണെങ്കിൽ കർഷകരെ 80 ശതമാനം പിന്തുണയ്ക്കുന്നു.”

ബീഹാറിലെ സിവാൻ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുമാണ് കുറച്ചു വർഷങ്ങൾക്കു മുമ്പ് നിസാമുദ്ദീൻ കുണ്ഡ്‌ലിയിലെത്തിയത്. അവിടെ 6.5 ബിഘാ സ്ഥലത്ത് (ഏകദേശം നാലേക്കർ) അദ്ദേഹത്തിന്‍റെ കുടുംബം ഗോതമ്പ്, നെല്ല്, ആർഹർ ദാൽ , കടുക്, മൂംഗ് ദാൽ , പുകയില എന്നിവയൊക്കെ കൃഷി ചെയ്യുന്നു. "കർഷകരാണ് ജീവിക്കാനായി ഈ വിളകളൊക്കെ വളർത്തുന്നത്. സർക്കാരോ അംബാനിയോ അദാനിയോ ഒന്നുമല്ല. ഇൻഡ്യയിലെമ്പാടുമുള്ള കർഷകരുടെ വേദന എനിക്കു മനസ്സിലാകും. ഈ നിയമം വരികയാണെങ്കിൽ ഞങ്ങൾക്കുള്ള റേഷൻ ഇല്ലാതാകും. സ്ക്കൂളുകളിലെ ഉച്ച ഭക്ഷണ പരിപാടി തുടരാൻ പറ്റാതാകും”, അദ്ദേഹം പറഞ്ഞു.

"ബീഹാറിൽ ഞങ്ങളോടു പറഞ്ഞത് [കുറച്ചു വർഷങ്ങൾക്കു മുമ്പ്] കിലോക്ക് 25 രൂപ നിരക്കിൽ ഗോതമ്പിനു വില കിട്ടുമെന്നാണ്. ബീഹാറിൽ ഓരോ കാർഷിക കുടുംബത്തിനും 2,000 രൂപ വീതം തങ്ങളുടെ അക്കൗണ്ടിൽ ലഭിച്ചു [പി.എം.-കിസാൻ പദ്ധതി പ്രകാരം]. പക്ഷേ പിന്നീട് ആ 25 രൂപ എന്ന നിരക്ക് കിലോക്ക് 7 രൂപയായി കുറഞ്ഞു. ഞങ്ങൾക്കു മുന്നോട്ടു പോകണം. പക്ഷേ സർക്കാർ വളരെ കൃത്യമായി പിന്നോട്ടു വലിക്കുന്നു.”

Left: Nizamuddin Ali, a security supervisor at a factory near the Singhu site, has not received his salary for over two months, but still supports the protesting farmers. Right: Mahadev Tarak, whose income has halved from his stall selling cigarettes and tea, says, 'We don't have any problems if the farmers stay here'
PHOTO • Anustup Roy
Left: Nizamuddin Ali, a security supervisor at a factory near the Singhu site, has not received his salary for over two months, but still supports the protesting farmers. Right: Mahadev Tarak, whose income has halved from his stall selling cigarettes and tea, says, 'We don't have any problems if the farmers stay here'
PHOTO • Anustup Roy

ഇടത്: സിംഘു സമര സ്ഥലത്തിന് അടുത്തുള്ള ഫാക്ടറിയിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്യുന്ന നിസാമുദ്ദീൻ അലി. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ശമ്പളം കിട്ടാത്ത അദ്ദേഹം സമരം ചെയ്യുന്ന കർഷകരെ പിന്തുണയ്ക്കുന്നു . വലത്: തന്‍റെ സ്റ്റാളിൽ സിഗരറ്റും ചായയും വില്ക്കുന്ന മഹാദേവ് താരക്. വിൽപ്പനയിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ വരുമാനം പകുതിയായി കുറഞ്ഞു. ‘പക്ഷേ കർഷകർ ഇവിടെ തുടരുന്നതിൽ ഞങ്ങൾക്കു പ്രശ്നമില്ല’, അദ്ദേഹം പറയുന്നു.

സിംഘുവിൽ നിന്നുള്ളവരായ, എന്നാൽ സമരം ചെയ്യുന്നവരിൽ പെടാത്ത, നിസാമുദ്ദീൻ അലിയോടും മറ്റുള്ളവരോടും സംസാരിക്കുമ്പോൾ മാദ്ധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം ലഭിക്കുന്നു. ‘കുപിതരായ തദ്ദേശ വാസിക’ളും സമരക്കാരും തമ്മിലുള്ള സംഘർഷങ്ങളുടെ ചിത്രത്തിൽ നിന്നും വ്യത്യസ്തമായ ചിത്രം.

സമര സ്ഥലത്തോടടുത്ത്, സിംഘു അതിർത്തിയിലെ പുതു കുണ്ഡ്ലിയിൽ നിന്നും 3.6 കി.മീ. മാത്രം അകലെ, 45-കാരനായ മഹാദേവ് താരക് ചായയും സിഗരറ്റുമൊക്കെ വിൽക്കുന്ന ഒരു കട നടത്തുന്നു. സമരം തുടങ്ങിയതിനു ശേഷം അദ്ദേഹത്തിന്‍റെ ദിവസ വരുമാനം കുറഞ്ഞു. "സാധാരണയായി പ്രതിദിനം 500-600 രൂപ ഞാൻ ഉണ്ടാക്കുമായിരുന്നു”, അദ്ദേഹം പറഞ്ഞു. “പക്ഷേ ഈ ദിവസങ്ങളിൽ അതിന്‍റെ പകുതിയേ ഉണ്ടാക്കാൻ പറ്റുന്നുള്ളൂ.” അദ്ദേഹത്തിന്‍റെ പ്രദേശത്ത്, പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും അതിർത്തി ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രദേശ വാസികളെ ചിലപ്പോൾ കാണാമായിരുന്നു.

പക്ഷേ മഹാദേവ് ഇപ്പോഴും കർഷകരെ പിന്തുണയ്ക്കുന്നു.

"കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇവിടെത്തി കർഷകരുമായി സംഘർഷമുണ്ടാക്കിയ ‘പ്രദേശ നിവാസികൾ’ ഈ പ്രദേശത്തുള്ളവരല്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു”, അദ്ദേഹം പറഞ്ഞു. “കർഷകർ ഇവിടെ തുടരുന്നതിൽ എനിക്കു യാതൊരു പ്രശ്നവുമില്ല. ഇവിടെ നിങ്ങൾ കാണുന്ന കടകൾ നടത്തുന്ന എല്ലാവരും കർഷകരെ പിന്തുണയ്ക്കുന്നു. അവരുടെ സമരങ്ങൾ മദ്ധ്യവർഗ്ഗങ്ങൾക്കു പോലും പ്രയോചനകരമാണ്. പക്ഷേ കുറച്ചുപേർ ഈ ലളിത വസ്തുത മനസ്സിലാക്കുന്നില്ല.”

മഹാദേവിന്‍റെ കടയുടെ അടുത്ത് ചെറിയൊരു കട നടത്തുന്ന ഒരു സ്ത്രീ അഭിപ്രായം പറയാൻ വിസമ്മതിച്ചു. "ഞാനൊരു മുസ്ലിം ആണ്. എന്‍റെ പേര് നിങ്ങളോടു പറയണമെന്നെനിക്കില്ല. ഇവിടെ നടക്കുന്ന കർഷക സമരത്തെക്കുറിച്ചും ഞാൻ പറയില്ല”, കടയിൽ വരുന്നവർക്ക് തണുത്ത പാനീയങ്ങളും, ചിപ്സും, സിഗരറ്റുകളും കൊടുക്കന്നതിനിടെ, മുഖം മറച്ചുകൊണ്ട് അവർ പറഞ്ഞു.

Ramdari Sharma, who works at a petrol pump near the Singhu site, asserts that his support for the protesting farmers is for a better future for the country. Right: Deepak's socks' sales have been hit, but he says, 'Don't think that I won't support the farmers. Their problems are much greater than my own'
PHOTO • Anustup Roy
Ramdari Sharma, who works at a petrol pump near the Singhu site, asserts that his support for the protesting farmers is for a better future for the country. Right: Deepak's socks' sales have been hit, but he says, 'Don't think that I won't support the farmers. Their problems are much greater than my own'
PHOTO • Anustup Roy

സിംഘു സമര സ്ഥലത്തിനടുത്ത് പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന രാംദാരി ശർമ്മ ഉറപ്പിച്ചു പറയുന്നത് രാജ്യത്തിന്‍റെ മികച്ച ഭാവിക്കുവേണ്ടിയാണ് സമരം ചെയ്യുന്ന കർഷകരെ താൻ പിന്തുണയ്ക്കുന്നതെന്നാണ്. വലത് : ദീപകിന്‍റെ സോക്സ് കച്ചവടത്തിനും തിരിച്ചടി നേരിട്ടു. പക്ഷേ അദ്ദേഹം പറയുന്നു, ‘ഞാൻ കർഷകരെ പിന്തുണയ്ക്കില്ലെന്നു കരുതരുത്. അവരുടെ പ്രശ്നങ്ങൾ എന്‍റെ പ്രശ്നത്തേക്കാൾ വളരെ വലുതാണ്.’

സിംഘു അതിർത്തി തുടങ്ങുന്നിടത്തു നിന്നു രണ്ടു കിലോമീറ്റർ മാറി 46-കാരനായ രാംദാരി സിങ് പെട്രോൾ പമ്പിൽ ജോലി നോക്കുന്നു. നേരത്തേ പതിദിനം 6-7 ലക്ഷം രൂപയുടെ ബിസിനസ് നടന്നിടത്ത് ഇപ്പോൾ ഒരു ലക്ഷത്തിന്‍റെയേ നടക്കുന്നുള്ളൂ. രാംദാരി എല്ലാ ദിവസവും ഹരിയാനയിലെ സോനിപത് ജില്ലയിലെ ജാടികലാം ഗ്രാമത്തിൽ നിന്നും (അതിർത്തിയിൽ നിന്നും 4 കിലോമീറ്റർ അകലെ) ജോലിക്കു വരുന്ന ആളാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഗ്രാമത്തിൽ 15 ഏക്കർ ഭൂമിയുണ്ട്. അവിടെ അദ്ദേഹത്തിന്‍റെ സഹോദരൻ ഗോതമ്പും, നെല്ലും, ജോവറും (മണിച്ചോളം) കൃഷി ചെയ്യുന്നു.

“വിപണിയിലുള്ള എല്ലാത്തിനും അതിന്‍റെ എം.ആർ.പി. (മാക്സിമം റീട്ടെയിൽ പ്രൈസ് / വിൽക്കാൻ പറ്റുന്ന പരമാവധി വില) ഉണ്ട്”, അദ്ദേഹം പറഞ്ഞു. "പക്ഷേ അത്തരത്തിലൊന്നും തന്നെ ഞങ്ങൾക്കില്ല. ഞങ്ങൾ ഉണ്ടാക്കിക്കുന്ന ഉത്പ്പനങ്ങൾക്കു വില നിശ്ചയിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. ഞങ്ങൾ വിളകൾ കൃഷി ചെയ്യുന്നു. അതിനാൽ ആരെങ്കിലും എന്തിന് ഞങ്ങളുടെ ഉത്പന്നങ്ങൾ സ്വയം വിൽക്കാനുള്ള അവകാശത്തെ ഇല്ലാതാക്കണം? ഒരു ലിറ്റർ കുടിവെള്ളം (കുപ്പിയിലാക്കിയത്) 40 രൂപയ്ക്കാണ് വിൽക്കുന്നത്. ചെറിയ സ്ഥലത്തു കൃഷി ചെയ്യണമെങ്കിൽപ്പോലും ഞങ്ങൾക്ക് ആയിരക്കണക്കിനു ലിറ്റർ വെള്ളം ആവശ്യമാണ്. എവിടുന്നു പണം കിട്ടും? വെള്ളപ്പൊക്കം ഉണ്ടാകുന്നു, ചിലപ്പോൾ വരൾച്ചയും. വിളകൾ നശിക്കുന്നു. മുകളിലുള്ളവൻ (ദൈവം) രക്ഷിക്കുമെന്ന് ഞങ്ങൾ ചിന്തിക്കുന്നു. അവൻ രക്ഷിക്കുക തന്നെ ചെയ്യും. പക്ഷേ ചിലർ ഇടയ്ക്കു വന്നു കയറി എല്ലാം താറുമാറാക്കും.”

കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ കുടുംബത്തിൽ കണ്ടിട്ടുളളതുകൊണ്ട് രാംദാരി പറയുന്നത് സമരം ചെയ്യുന്ന കർഷകർക്കുള്ള തന്‍റെ പിന്തുണ വെറുതെ അവിടെയും ഇവിടെയും നൽകുന്നതൊന്നുമല്ലെന്നും മറിച്ച് രാജ്യത്തിന്‍റെ മികച്ച ഭാവിക്കു വേണ്ടിയാണെന്നുമാണ്. “ഭഗത് സിങിനെ ഇന്ത്യയിൽ തൂക്കിക്കൊന്നു. തന്‍റെ സമയത്ത് രാജ്യത്തുണ്ടായിരുന്നവരെക്കുറിച്ച് ചിന്തിച്ചതു കൂടാതെ സ്വതന്ത്ര ഇൻഡ്യയുടെ മികച്ച ഭാവിക്കു വേണ്ടിയും അദ്ദേഹം ചിന്തിച്ചു. എന്‍റെ ജീവിതം എന്താണെങ്കിലും കടന്നു പോകും, പക്ഷേ എനിക്ക് നമ്മുടെ ഭാവി തലമുറകളുടെ ജീവിതം കൂടുതൽ സുരക്ഷിതമാക്കണം. അതുകൊണ്ടാണ് ഞാൻ സമരങ്ങളെ പിന്തുണയ്ക്കുന്നത്”, അദ്ദേഹം പറഞ്ഞു.

Rita Arora, who sells protest badges, flags and stickers on a street near the Singhu border, says, 'We get our food from farmers. It's impossible to ignore them'
PHOTO • Anustup Roy
Rita Arora, who sells protest badges, flags and stickers on a street near the Singhu border, says, 'We get our food from farmers. It's impossible to ignore them'
PHOTO • Anustup Roy

‘കർഷകരിൽ നിന്നാണ് നമുക്ക് ഭക്ഷണം ലഭിക്കുന്നത്. അവരെ അവഗണിക്കുക അസാദ്ധ്യമാണ്’, സിംഘു അതിർത്തിക്കടുത്ത് സമരത്തിനുള്ള ബാഡ്ജുകളും, പതാകകളും, സ്റ്റിക്കറുകളും തെരുവിൽ വിൽക്കുന്ന റീത്ത അറോറ പറയുന്നു.

താഴെപ്പറയുന്ന നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 .

കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

" യേ കിസാന്‍ ഹേ [ഇവർ കർഷകരാണ്]”, സിംഘു അതിർത്തിയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മാറി സമരവുമായി ബന്ധപ്പെട്ട ബാഡ്ജുകളും, പതാകകളും, സ്റ്റിക്കറുകളുമൊക്കെ തെരുവിൽ വിൽക്കുന്ന 52- കാരിയായ റീത്ത അറോറ പറഞ്ഞു. “ഈ മനുഷ്യർ ഈ കടുത്ത തണുപ്പിൽ വളരെ ദിവസങ്ങളായി ഇരിക്കുന്നു. തിരഞ്ഞെടുപ്പിനു മുമ്പ് വോട്ടു ചോദിക്കുമ്പോൾ സർക്കാർ നല്ല കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പക്ഷേ അവർ അധികാരത്തിൽ വരുമ്പോർ? സർക്കാർ ഉണ്ടാക്കിയ ഈ മൂന്നു നിയമങ്ങളും ഈ മനുഷ്യരുടെ കാര്യത്തിൽ ഉണ്ടാക്കുന്ന നാശങ്ങൾ നോക്കൂ. കർഷകരിൽ നിന്നാണ് നമുക്ക് ഭക്ഷണം ലഭിക്കുന്നത്. അവരെ അവഗണിക്കുക അസാദ്ധ്യമാണ്.”

ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിനു സമീപം റീത്തയ്ക്ക് ചെറിയൊരു കടയുണ്ടായിരുന്നു. തണുത്ത പാനീയങ്ങൾ, ചിപ്സ്, സിഗരറ്റുകൾ എന്നിവയൊക്കെ അവർ അവിടെ വിറ്റിരുന്നു. മഹാമാരിക്കാലത്ത് അവരുടെ കച്ചവടം വളരെ മോശമായി. തുടർന്ന് വലിയൊരു സാമ്പത്തിക ബാദ്ധ്യതയും പേറി സിംഘുവിലേക്ക് വരാനും എന്തെങ്കിലും വരുമാനം നേടാനും അവർ തീരുമാനിച്ചു. “[സമരത്തിന്‍റെ] തുടക്കത്തിൽ ഞാൻ ഷൂസുകൾ വിൽക്കുകയായിരുന്നു. നിയമങ്ങളെക്കുറിച്ചോ എന്തുകൊണ്ടാണ് കർഷകർ സമരം ചെയ്യുന്നത് എന്നതിനെക്കുറിച്ചോ ഒന്നും എനിക്കറിയില്ലായിരുന്നു. അപ്പോൾ ഞാൻ ആൾക്കാരോടു സംസാരിച്ചു നിയമങ്ങളെക്കുറിച്ചു മനസ്സിലാക്കി. സർക്കാർ ചെയ്യുന്നതൊക്കെ തെറ്റാണെന്ന് എനിക്കു മനസ്സിലായി” അവർ പറഞ്ഞു.

Khushmila Devi, who runs a tea stall with her husband Rajender Prajapati near the protest site, says, 'The farmers provide us food. They are the basis of our existence'
PHOTO • Anustup Roy
Khushmila Devi, who runs a tea stall with her husband Rajender Prajapati near the protest site, says, 'The farmers provide us food. They are the basis of our existence'
PHOTO • Anustup Roy

‘കർഷകർ നമുക്കു ഭക്ഷണം തരുന്നു. നമ്മൾ നിലനിൽക്കുന്നതിന്‍റെ അടിസ്ഥാനം അവരാണ്’, സമരസ്ഥലത്തിനടുത്ത് ഭർത്താവിനൊപ്പം ചെറിയൊരു ചായക്കട നടത്തുന്ന ഖുശ്മിലാ ദേവി പറയുന്നു.

അവർ വളരെയൊന്നും ഇപ്പോൾ സമ്പാദിക്കുന്നില്ല. എങ്കിലും ഇവിടെ ആയിരിക്കുന്നതിൽ സന്തോഷമുണ്ട്. “എന്‍റെ വരുമാനം പ്രതിദിനം 200-250 രൂപയാണ്. പക്ഷേ അതിലെനിക്കൊട്ടും ഖേദമില്ല”, അവർ പറഞ്ഞു. “ഈ സമരത്തിന്‍റെ ഭാഗമാകുന്നതിൽ എനിക്കു സന്തോഷമുണ്ട്. പെട്ടെന്നു തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.”

സിംഘുവിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറി ദീപക് തെരുവുകളിൽ സോക്സ് വിൽക്കുന്നു. അതിർത്തിയിൽ താത്കാലിക കട ക്രമീകരിക്കുന്നതിനായി എല്ലാ ദിവസവും അദ്ദേഹം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നു. കുണ്ഡ്‌ലി മുനിസിപ്പൽ പ്രദേശത്ത് സ്വന്തമായുള്ള ചെറിയ സ്ഥലത്ത് അദ്ദേഹം കാബേജും കൃഷി ചെയ്യുന്നു. "ഇവിടെ സമരം തുടങ്ങിയിട്ട് രണ്ടു മാസത്തിലധികമായി. എന്‍റെ വരുമാനം കുത്തനെ കുറഞ്ഞു. സമരത്തിനു മുൻപ് എല്ലാ ദിവസവും 500-600 രൂപ ഞാൻ നേടിയിരുന്നു. പക്ഷേ ഇപ്പോൾ കഷ്ടി 200-250 രൂപയേ പ്രതിദിനം എനിക്കു കിട്ടുന്നുള്ളൂ. പക്ഷേ ഞാൻ കർഷകരെ പിന്തുണയ്ക്കില്ലെന്ന് ദയവു ചെയ്ത് വിചാരിക്കരുത്. അവരുടെ പ്രശ്നങ്ങൾ എന്‍റേതിനേക്കാൾ വളരെ വലുതാണ്”, 35-കാരനായ ദീപക് പറഞ്ഞു.

സിംഘു അതിർത്തിയിൽ നിന്നും കഷ്ടി ഒരു കിലോമീറ്റർ മാറി 40-കാരിയായ ഖുശ്മിലാ ദേവിയും അവരുടെ ഭർത്താവ് 45-കാരനായ രാജേന്ദർ പ്രജാപതിയും ചെറിയൊരു ചായക്കട നടത്തുന്നു. അവർ എല്ലാ ദിവസവും ന്യൂഡൽഹിയിലെ നരേലായിൽ നിന്നും യാത്ര ചെയ്താണ് അവിടെത്തുന്നത്. തുടർച്ചയായുള്ള സമരം കൊണ്ട് വരുമാനം വളരെ പെട്ടെന്നു താഴുന്നതും അവർ മനസ്സിലാക്കി. "ഞങ്ങൾ ഏകദേശം 10,000 രൂപ ഒരു മാസം നേടിയിരുന്നു. ഇപ്പോഴത് 4,000 - 6,000 രൂപയായി കുറഞ്ഞു. ഞങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് ജനുവരി 26 മുതൽ ഡൽഹിയിൽ നിന്നും സിംഘുവിലേക്കുള്ള പാതയിൽ തടസ്സങ്ങൾ ഒരുക്കി. പക്ഷേ ഇപ്പോഴും ഞങ്ങൾ കർഷകരെ പിന്തുണയ്ക്കുന്നു”, ഇരുവരും പറഞ്ഞു.

"ആദ്യം അവർ [സർക്കാർ] നോട്ടു നിരോധനം കൊണ്ടുവന്നു”, ഖുശ്മിള കൂട്ടിച്ചേർത്തു. "പിന്നീടവർ ജി.എസ്.ടി. ചുമത്തി. അങ്ങനെ മാസങ്ങളോളം തുടർച്ചയായി ബുദ്ധിമുട്ടുകൾ നേരിട്ട ശേഷം മഹാമാരിയും ലോക്ക്ഡൗണും വന്നു. കൂടാതെ എല്ലാ സാധനങ്ങളുടെയും വിലകൾ ഉയരുന്നു. കർഷകർ നമുക്ക് ഭക്ഷണം തരുന്നു. നമ്മൾ നില നിൽക്കുന്നതിന്‍റെ അടിസ്ഥാനം അവരാണ്. നമ്മൾ അവരോടൊപ്പം നിന്നില്ലെങ്കിൽ ആരു നിൽക്കും.”

പരിഭാഷ - റെന്നിമോന്‍ കെ. സി.

Anustup Roy

Anustup Roy is a Kolkata-based software engineer. When he is not writing code, he travels across India with his camera.

Other stories by Anustup Roy
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.