ജന്മാഷ്ടമിയുടെ തലേന്നത്തെ സന്ധ്യ. ആര്യാവർത്തത്തിലെ ജനങ്ങൾ തന്‍റെ ജന്മദിനം ആഘോഷപൂർവ്വം കൊണ്ടാടാറുണ്ടെന്ന് കൃഷ്ണൻ കേട്ടിരുന്നു. മഞ്ഞപ്പട്ടുടുത്ത കുട്ടികൾ അണിനിരക്കുന്ന ഘോഷയാത്രകളും വീട്ടുമുറ്റങ്ങളെ അലങ്കരിക്കുന്ന വർണ്ണാഭമായ കോലങ്ങളും അമ്പലങ്ങളിലെ കൃഷ്ണലീലാ പ്രകടനങ്ങളും ദഹി - ഹണ്ടി മത്സരവും സന്തോഷം പകരുന്ന കലാമാമാങ്കങ്ങളുമെല്ലാമായി ആഘോഷങ്ങൾ പാതിരാത്രി വരെ നീണ്ടുനിൽക്കാറുണ്ടത്രെ. ഇത്തവണ, തനിക്കും ഈ ഉത്സവത്തിന്‍റെ ഭാഗമാകണമെന്ന് കൃഷ്ണൻ നിശ്ചയിച്ചു

വേഷപ്രച്ഛന്നനായി ഭൂമിയിലേയ്ക്ക് പ്രവേശിച്ച ശേഷം കൃഷ്ണൻ തനിക്ക് പരിചിതമായ ഇടങ്ങളിലൂടെ, ജനങ്ങളുടെ ആമോദത്തിൽ പങ്കുകൊണ്ട്, കാഴ്ചകൾ ആസ്വദിച്ച് നടക്കാനാരംഭിച്ചു. നടന്ന് നടന്ന് ഗോരഖ് നഗരത്തിന്‍റെ സമീപത്തെത്തിയപ്പോഴാണ്, പൊടുന്നനെ, കരൾ പിളർക്കുന്ന ഒരു നിലവിളി കൃഷ്ണന്‍റെ ചെവിയിലെത്തിയത്. ഭയാനകമായ ആ ശബ്ദത്തിന്‍റെ ഉറവിടം അന്വേഷിച്ചു ചെന്ന കൃഷ്ണൻ കാണുന്നത് കയ്യിൽ ഒരു കുഞ്ഞിന്‍റെ ശവശരീരം പൊതിഞ്ഞു പിടിച്ച്, ആശുപത്രി വളപ്പിലൂടെ വേച്ച് വേച്ച് നീങ്ങുന്ന ഒരു മനുഷ്യനെയാണ്. ഈ കാഴ്ച കൃഷ്ണന്‍റെ ഹൃദയം തകർക്കുക തന്നെ ചെയ്തു. "പ്രിയപ്പെട്ടവനേ, നീ എന്തിനാണ് ഇത്രയും വേദനിക്കുന്നത്? നിന്‍റെ കൈകളിലുള്ള ഈ കുഞ്ഞ് ആരാണ്?", കൃഷ്ണൻ ചോദിച്ചു. അനന്തതയോളം നീളുന്ന ഒരു നോട്ടമയച്ച് അയാൾ മറുപടി നൽകി, "ഭഗവാനേ ! അങ്ങ് എത്താൻ വല്ലാതെ വൈകിപ്പോയല്ലോ. എന്‍റെ മകൻ മരിച്ചിരിക്കുന്നു."

ആ അച്ഛന്‍റെ മറുപടി കേട്ട് കൃഷ്ണൻ കുറ്റബോധത്താൽ നീറി. വേദനിക്കുന്ന ആ മനുഷ്യനോടൊപ്പം നിന്ന്, ശവദാഹം നടക്കുന്ന ഘാട്ട് വരെ അദ്ദേഹത്തെ അനുഗമിക്കാൻ കൃഷ്ണൻ തീരുമാനിച്ചു. എന്നാൽ ഘാട്ടിൽ അവരെ കാത്തിരുന്നത് അതുവരെ കണ്ടതിലും ഭയാനകമായ കാഴ്ചയാണ്-ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് അവിടവിടെയായി കൂനകൂട്ടിയിട്ടിരിക്കുന്നു. ആർക്കും ആശ്വസിപ്പിക്കാനാകാത്ത വണ്ണം വിലപിക്കുന്ന അമ്മമാർ, നെഞ്ചത്തടിച്ച് പതം പറഞ്ഞ് കരയുന്ന അച്ഛൻമാർ. ഈയൊരു രംഗം കാണാൻ കൃഷ്ണന് കെൽപ്പുണ്ടായിരുന്നില്ല.

തിളക്കമാർന്ന മഞ്ഞപ്പട്ടു കുപ്പായങ്ങൾ എവിടെ? ഇതെന്ത് ഭീതിദമായ ആഘോഷമാണ്? ഏത് കംസനാണ് ഇത്രയും ഇളം പൈതങ്ങളെ ഇങ്ങനെയൊരു ദുർവിധിയിലേയ്ക്ക് തള്ളിവിട്ടത്? ആരുടെ ശാപമാണിത്? ആരുടെ രാജ്യമാണിത്? അനാഥരായ ഈ ജനത ആരുടെയാണ്?

ഹിന്ദി കവിത ദേവേഷ് ചൊല്ലുന്നത് കേൾക്കാം

ഇംഗ്ലീഷ് കവിത പ്രതിഷ്ഠ പാണ്ഡ്യയുടെ ശബ്ദത്തിൽ കേൾക്കാം

ഈ നഗരത്തിലെ കുഞ്ഞുങ്ങൾ അനാഥരാണോ ?

1.

കലണ്ടർ താളുകൾ മറിയുന്നതിനൊപ്പം
മറ്റൊരു ആഗസ്റ്റ് മാസം കൂടി കടന്നു പോകുന്നു

ചിലർക്ക് ആഗസ്റ്റ് നിലയ്ക്കാതെ ഉതിരുന്ന കണ്ണുനീരാകുന്നു
വിറയാർന്ന കൈകളിൽ നിന്ന് വീണുടയുന്നു
പ്രാണവായു എടുക്കാൻ പോലും അനുവദിക്കാതെ
വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുന്നു

ചിലർക്ക് ആഗസ്റ്റ് ഒരു പേടിസ്വപ്നമാണ്
ചിലർക്ക് തൂക്കുകയറും
ഗോരഖ്പൂരിലെ എന്‍റെ അമ്മമാർക്ക്
അത് ഗർഭപാത്രത്തിൽ ഉറയുന്ന ഭയമാണ്
ആഗസ്റ്റ് ഒടുക്കമില്ലാതെ നീളുന്ന വർഷമാണ്

2.

പക്ഷെ ആ അമ്മമാരുടെ ഭയം അബദ്ധമെന്ന് അവർ വിധിക്കുന്നു
ആ അച്ഛൻമാരെ നുണയന്മാരെന്ന് മുദ്രകുത്തുന്നു

ആശുപത്രികളിൽ ഓക്സിജൻ ഇല്ലെന്ന വാർത്ത
മുഗളന്മാരുടെ ഗൂഢാലോചനയത്രേ!
ചുറ്റിലും കുമിയുന്ന ഓക്സിജൻ അകത്തെടുത്ത് പുറന്തള്ളാൻ
ഗോമാതാക്കൾ തെരുവ് നിറയുന്നത് നിങ്ങൾ കാണുന്നില്ലേ?

ഓക്സിജൻ അധികമായതാണ് ശരിക്കുള്ള പ്രശ്നം
ഓക്സിജനെന്ന വാക്ക് പോലും ശ്വാസം മുട്ടിക്കുന്നു.

3.

അനാഥരെന്ന് തോന്നിക്കുന്ന ഈ കുട്ടികൾ ആരുടേതാണ്?
തെരുവിലെ കാനയിൽ നിന്ന് ഉയരുന്ന കൊതുകുകൾ
ആരുടെ കുഞ്ഞുങ്ങളെയാണ് കടിച്ച് നോവിക്കുന്നത്?
കയ്യിൽ മുരളിയില്ലാത്ത ഈ പൈതങ്ങൾ ആരുടെ അവകാശികളാണ്?

ആരുടെ കുഞ്ഞുങ്ങളാണിവർ?
ഏതാണ് ഇവരുടെ ദേശം?
മായാലോകത്തിൻ നിശ്ചല ദൃശ്യങ്ങളിൽ
ഇടമില്ലാത്ത ഇവരുടെ ചേരികൾ
ഇവരുടെ കൂരകളിൽ കൃഷ്ണൻ പാതിരാത്രിയിൽ അവതരിക്കുന്നില്ല,
ജനിച്ചു വീഴുക മാത്രം ചെയ്യുന്നു

എന്നിട്ടിവർ ഓക്സിജനും ആശുപത്രി കിടക്കയും
ആവശ്യപ്പെടുന്നത്രെ

വിചിത്രം തന്നെ!

4.

ഗോരഖിന്‍റെ നഗരം തകർന്നടിയുകയാണ്
കബീർ ദുഃഖാർത്തനായി ഉഴലുന്നു
രപ്തിയുടെ തീരങ്ങൾ കത്തിയമരുന്നു
ആർത്തലയ്ക്കേണ്ട നഗരങ്ങൾ
സ്തബ്ധമൗനത്തിൽ മുങ്ങിനിൽക്കുന്നു

ദേവതാപ്രതിഷ്ഠയ്ക്ക് കാന്തിയേകാൻ
കുഞ്ഞുങ്ങളുടെ ബലിരക്തം ഉത്തമമെന്ന്
ഗ്രാമപുരോഹിതൻ അഭിപ്രായപ്പെടുന്നു.

ശബ്ദകോശം

ആര്യാവർത്തം : ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിൽ ഇന്ത്യൻ പശ്ചാത്തലത്തിൽ വ്യത്യസ്ത അർഥങ്ങൾ സ്വീകരിച്ചിട്ടുള്ള ഈ വാക്ക് ക്രമേണ ഉപഭൂഖണ്ഡത്തെ മുഴുവനായി സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടു. വേദസംസ്കാരത്തിന്‍റെയും രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും നാട് എന്നതിനൊപ്പം ബുദ്ധന്‍റെയും മഹാവീരന്‍റെയും നാട് എന്നും അർത്ഥം.

കോലം: നേർത്തതായി അരച്ച അരിമാവ് കൊണ്ട് വീട്ടുമുറ്റത്ത് അണിയുന്ന അലങ്കാരങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന തമിഴ് പദം

ദഹി - ഹണ്ടി : കൃഷ്ണന്‍റെ ഇഷ്ടഭക്ഷണമായ തൈര് നിറച്ച മൺപാത്രങ്ങൾ. ഉയരത്തിൽ തൂക്കിയിടുന്ന ഈ മൺകുടങ്ങൾ ആൺകുട്ടികളും പെൺകുട്ടികളും പിരമിഡ് ആകൃതിയിൽ ഉയർന്നു നിന്ന് ഉടയ്ക്കുന്നത് കൃഷ്ണാഷ്ടമി ആഘോഷങ്ങളിൽ ഉൾപ്പെടുന്ന പ്രധാന വിനോദമാണ്.

കംസൻ: കൃഷ്ണന്‍റെ അമ്മാവൻ. സ്വരക്ഷയ്ക്കായി സ്വന്തം സഹോദരിയുടേത് ഉൾപ്പെടെ അനേകം കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ മഥുരാ രാജാവ്.

ഗോരഖ്: 'നാഥാസ്' എന്ന സന്യാസി സമൂഹം സ്ഥാപിച്ച, പതിമൂന്നാം നൂറ്റാണ്ടിലെ വിഖ്യാതനായ നേതാവ്. ഗോരഖിന്‍റേത് എന്ന് വിശ്വസിക്കപ്പെടുന്ന കവിതകൾ 'ഗോരഖ് ബാണി' എന്ന് അറിയപ്പെടുന്നു.

രപ്തി: ഉത്തർ പ്രദേശിന്‍റെ കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന നദി. ഗോരഖ് നഗരം ഈ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

കബീർ: പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ഭക്തി പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന കവി.


ഈ കൂട്ടായ പരിശ്രമത്തിന് നൽകിയ ഗൗരവതരമായ സംഭാവനകൾക്കായി സ്മിത ഖടോറിന് പ്രത്യേക നന്ദി അറിയിക്കുന്നു .

പരിഭാഷ: പ്രതിഭ ആര്‍. കെ.

Poems and Text : Devesh

Devesh is a poet, journalist, filmmaker and translator. He is the Translations Editor, Hindi, at the People’s Archive of Rural India.

Other stories by Devesh
Paintings : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.