ഒരു കാലത്ത് അയാൾ ഏകാധിപതിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു; വിശ്വസ്ത മിത്രവും ഉപദേശകനുമായിരുന്നു. സ്നേഹത്തെയും ഭക്ഷണത്തെയും പറ്റിയുള്ള കഥകൾ അവർ പങ്കുവച്ചു. രാജസദസ്സിന്‍റെ ഉയിര് തന്നെയായിരുന്നു അയാൾ. പിന്നെ എവിടെയാണ് അയാൾക്ക് പിഴച്ചത്? എപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്? ഇരുട്ടുറഞ്ഞ ജയിൽ മുറിയിലിരുന്ന് വിദൂഷകൻ, തനിക്കും രാജാവിനും ഇടയിൽ പൊടുന്നനെ സംഭവിച്ചത് എന്തെന്ന് ചുഴിഞ്ഞ് ആലോചിച്ചു കൊണ്ടിരുന്നു. തിരുമനസ്സിന് നീരസം ഉണ്ടാക്കിയത് എന്താണ്? ഒരു വിശദീകരണം പോലും നൽകേണ്ടതില്ലാത്ത തരത്തിലേയ്ക്ക് അകന്നു പോയോ തങ്ങൾ? തന്‍റെ ജീവിതത്തിൽ ഉണ്ടായ പരിഹാസ്യമായ ഈ പതനമോർത്ത് എന്തുകൊണ്ടോ വിദൂഷകന് ചിരിക്കാൻ കഴിഞ്ഞില്ല.

എന്നാൽ തലസ്ഥാനത്ത് നാടകീയമായ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരുന്നു. അവിടം പ്ലേറ്റോയുടെ റിപ്പബ്ലിക്കോ ഓഷ്യാനിയയോ ഇന്ത്യയോ എന്നത് പ്രസക്തമായിരുന്നില്ല. എല്ലായിടത്ത് നിന്നും എല്ലാ തരത്തിലുമുള്ള ചിരിയും തുടച്ചു നീക്കണമെന്ന രാജശാസനം മാത്രമായിരുന്നു മുഴങ്ങിയിരുന്നത്. ആക്ഷേപഹാസ്യം, ശുഭാന്തനാടകം, ഹാസ്യാനുകരണം, തമാശകൾ, കാർട്ടൂണുകൾ, ഹാസ്യപരമ്പരകൾ, പാരഡികൾ എന്നുവേണ്ട നർമ്മകവിതകളും ഹാസ്യം കലർന്ന ദ്വയാർത്ഥ പ്രയോഗങ്ങളും പോലും നിരോധിക്കപ്പെട്ടിരുന്നു.

ഭരണകൂടം അടിച്ചിറക്കുന്ന ചരിത്രങ്ങൾക്കും യഥാർത്ഥ നേതാക്കന്മാരുടെ ജീവചരിത്രങ്ങൾക്കും പുറമേ, യഥാർത്ഥ ദൈവങ്ങളെയും ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ, ദേശഭക്തരായ വീരന്മാരെയും പ്രകീർത്തിക്കുന്ന മഹാകാവ്യങ്ങൾ (അതും അധികാരികമായതും ചിരിപ്പോലീസ് പരിശോധിച്ച് അംഗീകരിച്ചവയും മാത്രം) മാത്രമേ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നുള്ളൂ. വായനക്കാരുടെ മനസ്സിനെ ത്രസിപ്പിക്കുന്ന, വികാരവിചാരങ്ങളെ ഉണർത്തിയെടുക്കുന്ന ഒന്നും തന്നെ പുറത്തിറക്കാൻ അനുമതിയുണ്ടായിരുന്നില്ല. ചിരി എന്നത് ബാലിശമായി മുദ്രകുത്തപ്പെട്ടു- കോടതി മുറികളിൽ നിന്നും പാർലമെന്‍റ് മന്ദിരങ്ങളിൽ നിന്നും തീയേറ്ററുകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ടെലിവിഷനുകളിൽ നിന്നും ഫോട്ടോഗ്രാഫുകളിൽ നിന്നും കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ നിന്നുമെല്ലാം നിരോധിക്കേണ്ട ഒന്ന്…

പ്രതിഷ്ഠ പാണ്ഡ്യ കവിത ചൊല്ലുന്നത് കേൾക്കാം

ചി ***

അമറിക്കുതിക്കുന്ന കാളയായി
ഇരുട്ട് ഗ്രാമത്തിലേയ്ക്ക് പാഞ്ഞെത്തവേ
ഒരമ്മ ഡോക്ടറെ ഫോണിൽ വിളിക്കുന്നു
"ഏതോ ഇരുണ്ട, പൈശാചിക ശക്തി
എന്‍റെ കുഞ്ഞിനെ ആവേശിച്ചിരിക്കുന്നു."
ഡോക്ടർ ഞെട്ടിത്തരിക്കുന്നു
മാനത്ത് ഇടിയുടെ പെരുമ്പറമുഴക്കം
"അവന്‍റെ ചുണ്ടുകൾ വിടർന്നു നീണ്ടിരിക്കുന്നു
കവിളിലെ പേശികൾ വലിഞ്ഞിരിക്കുന്നു,
പുറത്ത് കാണുന്ന അവന്‍റെ പല്ലുകൾ
വെളുത്ത മോഗ്ര പുഷപങ്ങളെ പോൽ
വെട്ടിത്തിളങ്ങുന്നു."

ഡോക്ടർ ഭയന്ന് വിറയ്ക്കുന്നു,
"ചിരിപ്പോലീസിനെ വിളിക്കൂ", അയാൾ പറയുന്നു
രാജാവിനെ വിവരം അറിയിക്കൂ."
മെലിഞ്ഞുണങ്ങിയ ആ അമ്മരൂപം നിലവിളിക്കുന്നു
നിലവിളിക്കുകയല്ലാതെ അവൾ എന്ത് ചെയ്യാൻ
പ്രിയപ്പെട്ട അമ്മേ, നിങ്ങൾ കരയുക
ആ ശാപം, ആ വിചിത്ര രോഗം,
അത് നിങ്ങളുടെ മകനെയും പിടികൂടിയിരിക്കുന്നു.

അവളുടെ വീട്ടുമുറ്റത്ത് രാവ്
പൂത്തുവിടരുകയാണ്
നക്ഷത്രഗണങ്ങൾ നക്ഷത്രങ്ങളിലേയ്ക്ക് വളർന്ന്
മഹാവിസ്ഫോടനമായി പടരുന്നു
അനന്യമായ തന്‍റെ നെഞ്ച്
രണ്ടു കിടക്കകളിലായി ചായ്ച്ച്
രാജാവ് ഉറങ്ങുകയാണ്
"ഗ്രാമത്തിൽ ഒരു കുഞ്ഞ് ചിരിച്ചിരിക്കുന്നു",
അവർ രാജാവിനെ അറിയിക്കുന്നു
ആകാശത്ത് ഇടിമുഴങ്ങുന്നു
ഭൂമി വിറകൊള്ളുന്നു
രാജാവ് ഉറക്കം വിട്ട് ചാടിയെഴുന്നേൽക്കുന്നു
കരുണാമയൻ, മഹാനുഭാവൻ
"എന്ത് ശാപമാണ് എന്‍റെ രാജ്യത്തെ ഗ്രസിച്ചിരിക്കുന്നത്?",
വിലപിക്കുന്നു രാജാവ്-കരുണാമയൻ, മഹാനുഭാവൻ
ദാഹമൊടുങ്ങാത്ത ഉടവാൾ ഉറയിൽ തിളങ്ങുന്നു
തന്‍റെ രാജ്യത്തിന് വേണ്ടി, രാജാവ് കൊലപ്പെടുത്തിയേ മതിയാകൂ-
ഇളയതും മുതിർന്നതുമായ ചിരികൾ
അവസാനിപ്പിച്ചേ മതിയാകൂ
എല്ലാ ചിരികളും കെടുത്തിയേ മതിയാകൂ
കരുണാമയൻ, മഹാനുഭാവൻ

അമ്മയുടെ ഒരു കണ്ണിൽ
വെട്ടിത്തിളങ്ങുന്ന വെള്ളിവാൾ
മറുകണ്ണിൽ മകന്‍റെ തിളങ്ങുന്ന ചിരി
മാംസം നുറുങ്ങുന്നതിന്‍റെ പരിചിത ശബ്ദങ്ങൾ
നിസ്സഹായ വിലാപത്തിന്‍റെ പരിചിത ശബ്ദങ്ങൾ
"രാജാവ് നീണാൾ വാഴട്ടെ" എന്നാർക്കുന്ന പരിചിത ശബ്ദങ്ങൾ
പ്രഭാതകിരണങ്ങളുടെ ചെഞ്ചോരയിൽ കുതിരുന്നു
വിടർന്ന ചുണ്ടുകളും വലിഞ്ഞ കവിൾ പേശികളും
തിളങ്ങുന്ന പല്ലുകളും കാട്ടി സൂര്യൻ ഉദിച്ചുയരുന്നു
മൃദുലവും എന്നാൽ ശക്തവും
പതിഞ്ഞതും എന്നാൽ വ്യക്തവുമായ
തിളക്കമുള്ള ഒരു ചിരിയോ
അവൾ ആ മുഖത്ത് ദർശിക്കുന്നൂ?

Illustrations: Labani Jangi

വര: ലാബനി ജംഗി

ശബ്ദകോശം

വിദൂഷക: സംസ്‌കൃതത്തിൽ വിദൂഷകൻ എന്നാൽ ഹാസ്യകാരൻ; രാജസദസ്സിലെ വിമർശകനായും പ്രവർത്തിക്കുന്നു.

മോഗ്ര പുഷ്പങ്ങൾ: അറേബ്യൻ നാടുകളിൽ വളരുന്ന മുല്ലപ്പൂ ഇനം.

പരിഭാഷ: പ്രതിഭ ആര്‍. കെ.

Poem and Text : Gokul G.K.

Gokul G.K. is a freelance journalist based in Thiruvananthapuram, Kerala.

Other stories by Gokul G.K.
Illustrations : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.