അടയ്ക്കാന്‍ ഒരുപാട് സമയം ഇനിയുമുണ്ടെങ്കിലും ഒന്നാം നിലയിലെ മുറി പൂട്ടിയിരിക്കുകയാണ്. തകരകൊണ്ടും തടികൊണ്ടും മേഞ്ഞ തൊട്ടടുത്തുള്ള കൂടാരത്തിൽ ആരുമില്ല; എങ്ങും നിശബ്ദതയാണ്. കുറച്ചു കസേരകളും, മേശകളും, ബെഞ്ചും, മരുന്ന് കുപ്പികളും, ഫോളിക് ആസിഡ് ഗുളികകളും, വലിച്ചെറിഞ്ഞ കുറെ പൊതികളും അല്ലാതെ അവിടെ മറ്റൊന്നുമില്ല. തുരുമ്പെടുത്ത, പേരെഴുതിയ ഒരു ബോർഡും അവിടെ കിടപ്പുണ്ട്. പൂട്ടിയിരിക്കുന്ന മുറിയുടെ മുൻപിലുള്ള ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ഗവണ്‍മെന്‍റ്  ന്യൂ ടൈപ്പ് പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍, ശബരി മൊഹല്ല, ദാൽ എസ്.ജി.ആര്‍. [ശ്രീനഗർ]’.

ഇവിടെ നിന്നും 10 മിനിറ്റ് ബോട്ട് യാത്ര ചെയ്‌താല്‍ പൊതുവെ തിരക്കേറിയ നസീർ അഹമ്മദ് ഭട്ടിന്‍റെ 'ക്ലിനിക്കി'ല്‍ നിങ്ങളെത്തും. മരത്തൂണുകളിൽ താങ്ങി നിർത്തിയ, മരംകൊണ്ടു നിർമിച്ച ഒരു മുറിയാണത്. അതിനകത്തായി ഇൻജക്ഷനുകൾ നൽകാനായി ചെറിയൊരു മുറി കൂടി ക്രമീകരിച്ചിട്ടുണ്ട്. ശൈത്യകാലത്തെ ആ ഉച്ചസമയത്ത് അയാൾ തന്‍റെ അവസാന രോഗിയെ കാണുകയായിരുന്നു, വൈകിട്ട് കുറച്ചുകൂടി രോഗികളെ അയാൾ പരിശോധിക്കും. പുറത്തുള്ള ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ഭട്ട് മെഡിക്കേറ്റ് കെമിസ്റ്റ് ആന്‍ഡ്‌ ഡ്രഗ്ഗിസ്റ്റ്’.

60 വയസ്സ് പ്രായമുള്ള ഹഫീസ ദാർ ഇവിടെ ഒരു ബെഞ്ചിൽ കാത്തിരിക്കുന്നു. അവരുടെ വാസസ്ഥലത്തേക്ക് ഇവിടെ നിന്നും 10 മിനിറ്റ് ബോട്ട് യാത്ര ചെയ്യണം. നസീർ 'ഡോക്ടറെ' ബോട്ടിൽ വീട്ടിലേക്ക് കൊണ്ടുപോകാനായി അവർ കാത്തിരിക്കുകയാണ്. "എന്‍റെ അമ്മായിഅമ്മയ്ക്ക് പ്രമേഹത്തിനുള്ള കുത്തിവയ്പ്പുകൾ എടുക്കേണ്ടതുണ്ട്‌. പ്രായമായതിനാൽ അവർക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം നസീർ സാബാണ് ഞങ്ങളുടെ വീട്ടിൽ വന്ന് കുത്തിവയ്പ്പുകൾ എടുത്തു തരുന്നത്", അവര്‍ പറഞ്ഞു. "ഞങ്ങളവിടെ [എന്‍.റ്റി.പി.എച്.സി.യില്‍] ഡോക്ടറെ കാണാറേയില്ല", കർഷകയും വീട്ടമ്മയുമായ ദാര്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ ഭർത്താവ് ഒരു കർഷകനും ദാൽ തടാകത്തിൽ ശിക്കാര (കാശ്മീരിൽ കാണാനാവുന്ന ഒരു തരം ഹൗസ്ബോട്ട് ) തുഴയുന്ന ആളുമാണ്. “അവിടെ കുട്ടികള്‍ക്കുള്ള പോളിയോ തുള്ളിമരുന്ന് മാത്രമാണ് കൊടുക്കുന്നത്. ഉച്ചകഴിഞ്ഞ് 4 മണി കഴിഞ്ഞാല്‍ അവിടെ ആരുമുണ്ടാവില്ല.”

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആഗസ്റ്റിൽ കാശ്മീരിൽ ഉണ്ടായ തുടരെയുള്ള കർഫ്യുകളും ലോക്ക്ഡൗണുകളും മുതൽ കഴിഞ്ഞ രണ്ടു വർഷമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (എന്‍.റ്റി.പി.എച്.സി.) ഒരു ഡോക്ടറെ പോലും കണ്ടതായി ദ്വീപ് നിവാസികൾ ഓർക്കുന്നില്ല. "കുറച്ചു വർഷങ്ങൾക്ക് മുൻപ് നല്ലൊരു ഡോക്ടർ ഇവിടെ ഉണ്ടായിരുന്നു, പക്ഷെ അദ്ദേഹത്തെ പിന്നീട് സ്ഥലം മാറ്റുകയാണ് ഉണ്ടായത്. 2019 മുതൽ ഞങ്ങൾ ഒരു ഡോക്ടറെയും ഇവിടെ കണ്ടിട്ടില്ല," തൊട്ടടുത്ത് താമസിക്കുന്ന 40 വയസുള്ള ടൂറിസ്റ്റ് ഫോട്ടോഗ്രാഫറായ മുഹമ്മദ് റഫീഖ് മല്ല പറഞ്ഞു. "അവർ (ജോലിക്കാർ) ഇവിടെ കൃത്യമായി വരാറോ, ആവശ്യത്തിന് സമയം ഉണ്ടാകാറോ ഇല്ല.”

ഇത്തരം ‘ന്യൂ ടൈപ്പ് പി.എച്.സി.കളില്‍’ (കാശ്മീരിലെ ‘അപ്ഗ്രേഡ്  ചെയ്യപ്പെട്ട’ ഉപകേന്ദ്രങ്ങള്‍) ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സെർവിസസ്‌ വഴി നിയമിതരായ എം.ബി.ബി.എസ്‌. യോഗ്യതയുള്ള ഒരു മെഡിക്കൽ ഓഫീസറും, ഒരു ഫാർമസിസ്റ്റും, ഒരു വിവിധോദ്ദേശ്യ സ്ത്രീ ആരോഗ്യ പ്രവർത്തകയും, നഴ്സിംഗ് സേവനവും ഉണ്ടായിരിക്കണമെന്നാണ് ശ്രീനഗറിലെ അസിസ്റ്റന്‍റ് ഡയറക്ടർ പ്ലാനിംഗ്-ചീഫ് മെഡിക്കൽ ഓഫീസ് പറയുന്നത്

Lake residents can’t recall seeing a doctor at the primary health centre (NTPHC) for two years; an adjacent shed has some medical supplies and discarded furniture
PHOTO • Adil Rashid
Lake residents can’t recall seeing a doctor at the primary health centre (NTPHC) for two years; an adjacent shed has some medical supplies and discarded furniture
PHOTO • Adil Rashid

രണ്ട് വർഷമായി ഒരു ഡോക്ടറെ പോലും പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കണ്ടതായി ഇവിടുത്തെ നിവാസികൾക്ക് ഓർത്തെടുക്കാനാകുന്നില്ല ; തൊട്ടടുത്തുള്ള ഷെഡിൽ ചില മെഡിക്കൽ സാമഗ്രികളും ഉപയോഗശൂന്യമായ ഫർണീച്ചറും മാത്രമേയുള്ളൂ

"പോളിയോ പ്രതിരോധ കുത്തിവയ്പ്പിന്‍റെ സമയത്ത് ഉച്ചഭാഷിണിയിലൂടെ അവർ അറിയിപ്പുകൾ പുറപ്പെടുവിക്കുമ്പോഴാണ് ഈ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ജീവൻ വയ്ക്കുന്നത്", 25 വയസുള്ള വസീം രാജ പറഞ്ഞു. അയാള്‍ എന്‍.റ്റി.പി.സി. സ്ഥിതിചെയ്യുന്ന കൂലി മൊഹല്ലയിൽ തന്നെ (അടുത്തുള്ളൊരു പ്രദേശമാണ് ബോര്‍ഡില്‍ കാണിക്കുന്നതെങ്കിലും എന്‍.റ്റി.പി.സി. യഥാര്‍ത്ഥത്തില്‍ ഇവിടെയാണ്) താമസിക്കുകയും ഒരു ടൂറിസ്റ്റ് ബോട്ടിൽ ഫോട്ടോഗ്രാഫർ ആയി ജോലിനോക്കുകയും ചെയ്യുന്നു. "എന്‍റെ അച്ഛന് ഡ്രിപ് കൊടുക്കാനായി പലപ്പോഴും ഫാർമസിസ്റ്റ് വീട്ടിൽ വരാറുണ്ട്. എന്നാൽ ഞങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഈ ഡിസ്‌പെൻസറി അടഞ്ഞു കിടക്കുകയാണ് പതിവ്. ആ സന്ദർഭങ്ങളിൽ ഞങ്ങൾക്ക് നസീറിനോ ബിലാലിനോ അടുത്ത് പോകേണ്ടി വരും. അതുമല്ലെങ്കിൽ ഒരു ആശുപത്രിയിലേക്ക് പോകാൻ റോഡ് വരെ നടക്കേണ്ടി വരും. ഇത് വലിയ സമയനഷ്ടവും അടിയന്തര ഘട്ടങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുമാകാറുണ്ട്.”

ശ്രീനഗറിലെ റൈനാവാരിയിലുള്ള ജവാഹർലാൽ നെഹ്‌റു മെമ്മോറിയൽ ആശുപത്രിയാണ് ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ വക ജനറൽ ആശുപത്രി. അവിടേക്ക് എത്താനായി കൂലി മൊഹല്ലയിൽ നിന്നും ബോൾവാർഡ് റോഡിലേക്ക് 15 മിനിറ്റ് ബോട്ട് യാത്രയും പിന്നീട് അവിടെ നിന്ന് രണ്ടു ബസുകൾ മാറികയറുകയും വേണം. അതുമല്ലെങ്കിൽ 40 മിനുട്ട് ബോട്ട് യാത്ര ചെയ്ത് മറ്റൊരു സ്ഥലത്തെത്തി അവിടെ നിന്നും 15 മിനിറ്റ് ദൂരം നടന്നാലേ ആശുപത്രിയിൽ എത്താനാകൂ. കശ്മീരിലെ കൊടും ശൈത്യത്തിൽ ഇത് വളരെ ദുഷ്ക്കരമാണ്.

വല്ലപ്പോഴും മാത്രം പ്രവർത്തിക്കുന്ന ഈ ആരോഗ്യ കേന്ദ്രം കൂടാതെ 18 മുതൽ 20 ചതുരശ്ര കിലോമീറ്റർ പരിധിയിൽ ദാൽ തടാകത്തിന്‍റെ വിവിധ ദ്വീപുകളിൽ താമസിക്കുന്ന ഏകദേശം 50,000 മുതൽ 60,000 വരെയുള്ള ജനങ്ങൾക്ക് ആശ്രയമായുള്ള മറ്റൊരു ഏക സര്‍ക്കാര്‍ വക ചികിത്സാലയമായ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻസ് സ്ഥിതി ചെയ്യുന്നത് നന്ദ്പോറയിലാണ്. ഇതാണെങ്കിൽ തടാകത്തിന്‍റെ മറ്റൊരു അറ്റത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയും ആരോഗ്യ പ്രവർത്തകർ എപ്പോഴും ഉണ്ടാകാറില്ല. ബോൾവാർഡ് റോഡിന്‍റെ തീരത്ത് ഒരു ഉപകേന്ദ്രം കൂടിയുണ്ട്. (ദ്വീപ് നിവാസികൾക്ക് കോവിഡ്-19 പരിശോധനകളും വാക്‌സിൻ സേവനങ്ങളും കിട്ടുന്ന ഏറ്റവും അടുത്ത സ്ഥലമിതാണ്.)

സാഹചര്യങ്ങൾ ഇങ്ങനെ ആയിരിക്കെ തടാക നിവാസികൾക്ക്‌ - പ്രത്യേകിച്ചും ഉൾപ്രദേശങ്ങളിലെ ദ്വീപുകളിൽ താമസി ക്കുന്നവർക്ക് - ആരോഗ്യസേവനങ്ങൾക്കായി നസീറിനെപ്പോലെയുള്ള വ്യക്തികൾ നടത്തുന്ന ഫാർമസികളാണ് ഏക ആശ്രയം. പലപ്പോഴും ഇവർ ഡോക്ടർമാരുടെയോ ആരോഗ്യവിദഗ്ദരുടെയോ ജോലി ഏറ്റെടുക്കുന്നു.

50 വയസ്സുള്ള നസീർ അഹമ്മദ് ഭട്ട് 15 മുതൽ 20 വർഷത്തോളമായി ദാൽ തടാകത്തിലെ അയാളുടെ ക്ലിനിക്കിൽ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്തു വരുന്നു. ഒരു ദിവസം 15 മുതൽ 20 രോഗികളെ വരെ പരിശോധിക്കാറു മുണ്ട്. മിക്കവാറും ജലദോഷം, പനി, ചുമ, രക്തസമ്മർദ്ദം, തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നിനും ചെറിയ മുറിവുകൾ ഡ്രസ്സ് ചെയ്യാനുമായാണ് രോഗികൾ നസീറിനെ സമീപിക്കുന്നത്. (തന്‍റെ യോഗ്യതയെപ്പറ്റി ഒന്നും തന്നെ തുറന്നു പറയാൻ അയാൾ തയ്യാറല്ല.) രോഗികളിൽ നിന്നും ഫീസ് വാങ്ങാറില്ല, പകരം മരുന്നുകളുടെ ചില്ലറ വിൽപ്പന വില ഈടാക്കുകയാണ് പതിവ് (ഇതിൽ നിന്നാണ് ഇയാൾ വരുമാനം കണ്ടെത്തുന്നത്). മരുന്നുകൾ സ്ഥിരമായി ആവശ്യം വരുന്ന രോഗികൾക്കായി അവ ക്ലിനിക്കിൽ സൂക്ഷിക്കാറുമുണ്ട്.

Left: Mohammad Sidiq Chachoo, who sells leather goods to tourists, says, 'We prefer these clinics because they are nearby and have medicines readily available'. Right: The chemist-clinic he is visiting is run by Bilal Ahmad Bhat
PHOTO • Adil Rashid
Left: Mohammad Sidiq Chachoo, who sells leather goods to tourists, says, 'We prefer these clinics because they are nearby and have medicines readily available'. Right: The chemist-clinic he is visiting is run by Bilal Ahmad Bhat
PHOTO • Adil Rashid

" ഞങ്ങൾക്ക് ഇത്തരം ക്ലിനിക്കുകളാണ് താല്പര്യം കാരണം ഇവ അടുത്ത് തന്നെ ഉണ്ട് , മരുന്നുകളും പെട്ടെന്ന് തന്നെ ലഭിക്കും ," വിനോദസഞ്ചാരികൾക്ക് തുകല്‍ സാമഗ്രികൾ വിൽക്കുന്ന മുഹമ്മദ് സിദ്ധിഖ് ചാച്ചു ( ഇടത് ) പറയുന്നു . വലത് : ചാച്ചു പോകാറുള്ള ബിലാൽ അഹമ്മദ് ഭട്ടിന്‍റെ ക്ലിനിക്

തൊട്ടടുത്തുള്ള മറ്റൊരു ക്ലിനിക്കിൽ വിനോദസഞ്ചാരികൾക്ക് തുകല്‍ സാമഗ്രികൾ വിൽക്കുന്ന 65 വയസ്സുള്ള മുഹമ്മദ് സിദ്ധിഖ് ചാച്ചു രക്തസമ്മർദ്ദ പരിശോധനക്ക് വിധേയനായിക്കൊണ്ടിരിക്കയാണ്. അടുത്തിടെ അദ്ദേഹം ശ്രീനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പിത്താശയം നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. "സര്‍ക്കാരിന്‍റെ ഡിസ്‌പെൻസറി കൊണ്ട് ഒരു ഉപകാരവുമില്ല. ആരും തന്നെ അവിടെ പോകാറില്ല. ഇത്തരം ക്ലിനിക്കുകളാണ് ഞങ്ങൾക്ക് താല്പര്യം കാരണം ഇവ അടുത്ത് തന്നെ ഉണ്ട്, മരുന്നുകളും പെട്ടെന്ന് തന്നെ ലഭിക്കും", ചാച്ചു പറയുന്നു.

ചാച്ചു പോകാറുള്ളത് ബിലാൽ അഹമ്മദ് ഭട്ടിന്‍റെ ക്ലിനിക്കിലാണ്. ശ്രീനഗറിന്‍റെ തെക്കേഅറ്റത്തുള്ള നൗഗാമിലാണ് ബിലാൽ അഹമ്മദ് ജീവിക്കുന്നത്. അദ്ദേഹം ജമ്മു കാശ്മീർ ഫാർമസി കൗൺസിലിന്‍റെ ലൈസെൻസുള്ള ഒരു മരുന്നു കച്ചവടക്കാരനാണ്, അദ്ദേഹം സർട്ടിഫിക്കറ്റ് എടുത്തു കാണിച്ചു.

മരുന്നുകൾ വച്ചിട്ടുള്ള പ്ലൈവുഡ് അലമാരകളും രോഗികൾക്ക് കിടക്കാനായുള്ള ഒരു കിടക്കയും അടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ മരുന്നുകട. രാവിലെ 11 മണി മുതൽ വൈകിട്ട് 7 മണി വരെ 10 മുതൽ 25 രോഗികളെ നോക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ചെറിയ ആരോഗ്യ പ്രശ്നങ്ങളുമായി വരുന്നവരാണ് മിക്കവാറും പേരും. രോഗികളിൽ നിന്നും പരിശോധന ഫീസ് വാങ്ങാറില്ലെന്നും മരുന്നിന്‍റെ ചില്ലറവില്‍പ്പന വില മാത്രമേ വാങ്ങാറുള്ളുവെന്നും ഭട്ട് പറയുന്നു.

ദാൽ തടാകത്തിൽ ഒരു ആശുപത്രി ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. "ഇവിടെ കുറഞ്ഞത് ഒരു ഗൈനക്കോളജിസ്റ്റെങ്കിലും വേണം. സ്ത്രീകൾക്ക് അവശ്യ സേവനങ്ങൾ ലഭിക്കുന്ന ഒരു ചെറിയ പ്രസവാശുപത്രിയും വേണം. വൈദ്യപരിശോധനകൾക്കായി ഇവിടെ യാതൊരു സൗകര്യങ്ങളുമില്ല. ആളുകൾക്ക് രക്തസമ്മര്‍ദ്ദം നോക്കുന്നതിനും സി.ബി.സി. പരിശോധന നടത്താനുമൊക്കെയുള്ള സൗകര്യങ്ങളെങ്കിലും വേണം. ഇവിടെയുള്ളവരിൽ മിക്കവാറും പാവപ്പെട്ട തൊഴിലാളികളാണ്, സര്‍ക്കാര്‍ ഡിസ്പെൻസറിയിൽ ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഈ കൊടും തണുപ്പിൽ 5 രൂപയുടെ മരുന്ന് വാങ്ങാൻ അവർക്ക് എന്‍റെ അടുത്ത് വരേണ്ടി വരില്ലായിരുന്നു.”

ആ ദിവസം രാവിലെ ബിലാലിന് ഒരു കാൻസർ രോഗിയെ പരിശോധിക്കേണ്ടതായി വന്നു. "അയാൾ ശ്രീനഗറിലെ സ്‌കിംസ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. എനിക്ക് അയാൾക്ക് ഡ്രിപ് കൊടുക്കേണ്ടി വന്നു. ശേര്‍-എ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (സ്‌കിംസ്‌) തടാകത്തിന്‍റെ കിഴക്കേ തീരത്തുള്ള നെഹ്‌റു പാർക്ക് ഘാട്ടിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്. "എനിക്ക് ആ സമയം കട അടച്ചിടേണ്ടി വന്നു. അയാൾ ശിക്കാര തുഴയുന്ന, ദരിദ്രനായ ഒരു മനുഷ്യനാണ്. എനിക്കയാളോട് പൈസ വാങ്ങാൻ കഴിയുമായിരുന്നില്ല."

For people living in the Lake's mohallas, the services offered by Nazir and at least three others who run similar pharmacies – and double up as ‘doctors’ or medical advisers – are often their only accessible healthcare option
PHOTO • Adil Rashid
For people living in the Lake's mohallas, the services offered by Nazir and at least three others who run similar pharmacies – and double up as ‘doctors’ or medical advisers – are often their only accessible healthcare option
PHOTO • Adil Rashid

തടാകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കഴിയുന്നവർക്ക് നസീറിനെപോലെയോ , മറ്റു മരുന്നുകട നടത്തുന്നവരുടെയോ ( പലപ്പോഴും ഡോക്ടർമാരായും ആരോഗ്യവിദഗ്ദരായും മാറുന്നവരുടെ ) സേവനങ്ങളാണ് ഏക ആശ്രയം

വൈകിട്ട് 4 മണിക്ക് ശേഷം ഡിസ്‌പെൻസറി അടയ്ക്കുമെന്നുള്ളത് കൊണ്ടുതന്നെ ഇവിടെ താമസിക്കുന്നവർക്ക് ഇത്തരം മരുന്നുകടക്കാരെ കൂടുതലായി ആശ്രയിക്കേണ്ടതായി വരുന്നു. "രാത്രി സമയങ്ങളിൽ പോലും ചികിത്സക്കായി ആളുകൾ എന്നെ ഫോൺ വിളിക്കാറുണ്ട്, ബിലാൽ പറയുന്നു. ഒരിക്കൽ വയസ്സായ ഒരു സ്ത്രീയുടെ കുടുംബം അവർക്ക് ശ്വാസമെടുക്കാനാവുന്നില്ലെന്ന് പറഞ്ഞു വിളിച്ചത് ബിലാൽ ഓർത്തെടുക്കുന്നു. ശ്രീനഗറിലെ ഒരു ആശുപത്രിയിൽ അവർ ആയിടെ ഒരു ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. അവർക്ക് പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നു. "അർധരാത്രി കഴിഞ്ഞുള്ള ആ വിളി വന്നപ്പോൾ അവർക്ക് ഹൃദയാഘാതം ആകാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. എത്രയും പെട്ടെന്ന് തന്നെ അവരെ ആശുപത്രിയിലെത്തിക്കാൻ ഞാൻ പറഞ്ഞു. പെട്ടെന്ന് തന്നെ ആ കുടുംബം അവരെ ആശുപത്രിയിൽ കൊണ്ടുപോയി. അവർക്ക് പക്ഷാഘാതമായിരുന്നു. ഭാഗ്യം കൊണ്ട് അവർ രക്ഷപെട്ടു”, ബിലാൽ പറഞ്ഞു.

പത്ര റിപ്പോര്‍ട്ടുകളും മനോഹരങ്ങളായ ചിത്രങ്ങളുമൊന്നും ഇല്ലാത്ത, തടാകത്തിന്‍റെ ഉൾപ്രദേശങ്ങളിലുള്ള, ദ്വീപുകളില്‍നിന്നുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ കൂടുതൽ രൂക്ഷമാകാം. അതിശൈത്യ മാസങ്ങളിൽ ബോട്ടുകൾക്ക് അല്പമെങ്കിലും ദൂരം മുന്നോട്ട് പോകണമെങ്കിൽ 6 ഇഞ്ചോളം കട്ടിയുള്ള ഐസ് പാളികൾ മുറിച്ചുവേണം യാത്രചെയ്യാൻ. വേനൽകാലത്ത് 30 മിനിറ്റ് വേണ്ടിവന്നേക്കാവുന്ന യാത്രക്ക് തടാകം തണുത്തുറഞ്ഞു കിടക്കുമ്പോൾ 3 മണിക്കൂറിലേറെ സമയം എടുക്കേണ്ടി വരും.

"ഞങ്ങൾക്ക് പകലും രാത്രിയിലും ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന ഒരു സംവിധാനമാണ് ആവശ്യം. വൈദ്യപരിശോധന നടത്താനുള്ള സംവിധാനങ്ങളും വേണം. ഞങ്ങൾ സാധാരണ പകൽ സമയങ്ങളിലും, ചിലപ്പോൾ വൈകിയും നസീറിന്‍റെ ക്ലിനിക്കിലാണ് പോകുന്നത്. എന്നാൽ ആർക്കെങ്കിലും രാത്രി അസുഖം വന്നാൽ ഞങ്ങൾക്ക് ബോട്ടിനായി ഓടേണ്ടിവരും, അവരെ ദൂരെയുള്ള റൈനാവാരിയിലേക്ക് കൊണ്ടുപോകേണ്ടി വരും. മുതിർന്ന ഒരാൾക്ക് പകൽ വരെ കാത്തിരിക്കാനായേക്കാം, എന്നാൽ ഒരു കുഞ്ഞിന് അത് കഴിഞ്ഞെന്നു വരില്ല," ടിൻഡ് മൊഹല്ലയിൽ താമസിക്കുന്ന 24 വയസുള്ള വീട്ടമ്മയായ ഹദീസ ഭട്ട് പറയുന്നു. അവരുടെ 4 സഹോദരങ്ങൾ സീസണനുസരിച്ച് കൃഷി ചെയ്തും ശിക്കാര ബോട്ടുകൾ തുഴഞ്ഞും ജീവിക്കുന്നു.

മാർച്ച് 2020 ൽ അവരുടെ അമ്മ വീണ് എല്ലിന് പരിക്കേറ്റപ്പോൾ ശ്രീനഗറിന്‍റെ തെക്കു സ്ഥിതിചെയ്യുന്ന ബർസുള്ളയിലെ അസ്ഥി-സന്ധി രോഗങ്ങൾക്ക് പ്രത്യേകചികിത്സ നൽകുന്ന സര്‍ക്കാര്‍ നടത്തുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. നെഹ്‌റു പാർക്കിൽ നിന്നും 8 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രി. "പരിക്ക് ഗുരുതരമല്ലായിരുന്നെങ്കിലും അമ്മയെ ആശുപത്രിയിൽ എത്തിക്കാൻ 2 മണിക്കൂറോളം സമയമെടുത്തു. ഓട്ടോറിക്ഷ, ടാക്സി ചിലവുകൾ വേറെയും", ഹാദിസയുടെ സഹോദരൻ ആബിദ് ഹുസൈൻ ഭട്ട് പറഞ്ഞു. "അടുത്തൊന്നും ചികിത്സക്കായി മറ്റൊരു സംവിധാനവുമില്ലാത്തതിനാൽ പിന്നീട് രണ്ടുതവണ കൂടി ഞങ്ങൾക്ക് ആശുപത്രിയിൽ പോകേണ്ടി വന്നു.", അയാൾ കൂട്ടിച്ചേർത്തു.

ആളുകളെ ആശുപത്രിയിൽ എത്തിക്കാനായി ഡിസംബർ 2020 ൽ താരിഖ് അഹമ്മദ് പത്ലു തന്‍റെ ശിക്കാരയെ ജല ആംബുലൻസ് സംവിധാനമാക്കി മാറ്റി. തന്‍റെ അമ്മായി ഹൃദയസ്തംഭനം മൂലം മരിച്ചതും, കോവിഡ് അണുബാധയെ തുടർന്ന് തനിക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളുമാണ് അയാളെ അതിന് പ്രേരിപ്പിച്ചത് എന്നാണ് ആ സമയത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഒരു ട്രസ്റ്റിന്‍റെ സാമ്പത്തിക സഹായത്തോടെ ഈ ജല ആംബുലൻസിൽ ഇപ്പോൾ ഒരു സ്ട്രെച്ചര്‍, വീൽചെയര്‍, ഓക്സിജൻ സിലിണ്ടര്‍, പ്രഥമ ശുശ്രൂഷ കിറ്റ്‌, മാസ്ക്, ഗ്ലൂക്കോമീറ്റര്‍, രക്തസമ്മര്‍ദ്ദ മോണിറ്റര്‍ എനിവയൊക്കെ ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെയും സഹായിയുടെയും സേവനം ആംബുലൻസിൽ ലഭ്യമാക്കാനാകും എന്നാണ് പത്ലു പ്രതീക്ഷിക്കുന്നത്. ഇതുവരെ 30 ഓളം രോഗികളെയും, മരിച്ചവരുടെ ഭൗതിക ശരീരങ്ങളും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് പത്ലു പറയുന്നു.

Tariq Ahmad Patloo, houseboat owner who turned a shikara into a 'lake ambulance'
PHOTO • Adil Rashid
Tariq Ahmad Patloo, houseboat owner who turned a shikara into a 'lake ambulance'
PHOTO • Adil Rashid

തന്‍റെ ശിക്കാരയെ ജല ആംബുലൻസ് സംവിധാനമാക്കി മാറ്റിയ താരിഖ് അഹമ്മദ് പത്ലു

ശ്രീനഗറിലെ ആരോഗ്യമേഖലയിലെ അധികാരികൾക്കും അവർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറയാനുള്ളത്. ദാൽ തടാകത്തിലെ സൗകര്യങ്ങളുടെ അഭാവത്തെകുറിച്ച് ചോദിച്ചപ്പോൾ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ശ്രീനഗറിലെ ഖാന്യാറിലെ താൻ ജോലിചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാരുടെ കുറവിലേക്കാണ് വിരൽ ചൂണ്ടിയത്. "മാർച്ച് 2020 ൽ റൈനാവാരിയിലെ ജില്ലാ ആശുപത്രിയെ കോവിഡ് പരിചരണകേന്ദ്രമാക്കി മാറ്റിയപ്പോൾ കോവിഡ് ഇല്ലാത്ത കുറെ അധികം രോഗികൾ അദ്ദേഹത്തിന്‍റെ ആശുപത്രിയിൽ വന്നു. എന്നാൽ അത്രയും അധികം രോഗികളെ പരിചരിക്കാനായി അധിക ജീവനക്കാരെ നിയമിച്ചതുമില്ല. സാധാരണ ഒരു ദിവസം ഞങ്ങൾക്ക് 300 ഓളം രോഗികളെ പരിശോധിക്കേണ്ടി വരുമായിരുന്നു. ഇപ്പോൾ 800 മുതൽ 900 രോഗികൾ വരെ ദിവസവും ഞങ്ങളുടെ അടുത്ത് ചികിത്സക്കായി വരുന്നുണ്ട്, ചില ദിവസങ്ങളിൽ ഇത് 1500 വരെ പോകാറുണ്ട്," ജനുവരിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ പറഞ്ഞു.

“ദാൽ തടാക നിവാസികളുടെ ചെറിയ ആരോഗ്യ പ്രശ്നങ്ങളെക്കാൾ കൂടുതൽ മുൻഗണന ഗുരുതര സ്വഭാവമുള്ള രോഗികളെ പരിചരിക്കുന്നതിന് നൽകേണ്ടതുള്ളതുകൊണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ജീവനക്കാരെ രാത്രി ഡ്യൂട്ടിക്കായി വിളിച്ചിരിക്കയാണ്; ഇവരുടേത് തുടർച്ചയായുള്ള, വിശ്രമമില്ലാതെയുള്ള ജോലിയുമാണ്. കൂലി മൊഹല്ലയിലും മറ്റുമുള്ള ഫാർമസിസ്റ്റുകളെ ഇടക്കിടെ കാണാതാവുന്നതും അതുകൊണ്ടാണ് . പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജോലി കൂടാതെ സ്ത്രീ ആരോഗ്യ പ്രവർത്തകരെ കൂടുതലായി കോവിഡ് പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിരുന്നു; അവർക്കും അമിതജോലിഭാരമാണുള്ളത്.

"മാസത്തിൽ 5 തവണയെങ്കിലും ഖാന്യാർ ആശുപത്രിയിലേക്ക് രാത്രി ഡ്യൂട്ടിക്കായി എന്നെ വിളിക്കാറുണ്ട്. അതുകൊണ്ടു തന്നെ പിറ്റേന്ന് രാവിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ കഴിയാറില്ല", 10 വർഷമായി കൂലി മൊഹല്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്ററ് ആയി ജോലിചെയ്യുന്ന 50 വയസ്സുള്ള ഇഫ്തിക്കർ അഹമ്മദ് വഫായി പറഞ്ഞു. "അധിക ജോലിക്ക് അധിക വേതനം ഞങ്ങൾക്ക് ലഭിക്കാറില്ല, എങ്കിലും ഞങ്ങൾ ജോലി ചെയ്യുന്നു. എല്ലായിടത്തും ജീവനക്കാർ കുറവാണെന്ന് ഞങ്ങൾക്കറിയാം. ഈ മഹാമാരി എല്ലാവരെയും വല്ലാത്ത ബുദ്ധിമുട്ടിലേക്കാണ് നയിച്ചത്,” വഫായി പറഞ്ഞു.

3 വർഷമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറെപ്പോലും അനുവദിച്ചിട്ടില്ലെന്ന് വഫായി പറഞ്ഞു. ജീവനക്കാരുടെ കുറവിനെപ്പറ്റി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സാഹചര്യവുമായി ‘പൊരുത്തപ്പെടാനാണ്’ അവർ പറഞ്ഞത്. "ഞാൻ തന്നെയാണ് ഓഫീസ് ക്ലീൻ ചെയ്യുന്നത്. ചിലപ്പോഴൊക്കെ രോഗികൾക്ക് കുത്തിവയ്പ്പ് നൽകാറുണ്ട്. അവർ നിർബന്ധിക്കുമ്പോൾ ചിലപ്പോൾ അവരുടെ രക്തസമ്മർദവും പരിശോധിക്കാറുണ്ട്. ഇതെല്ലം തന്‍റെ ജോലിയുടെ ഭാഗമല്ലെന്ന് വഫായി പറയുന്നു. "എങ്കിലും ഒരു രോഗി അത് മനസിലാക്കണമെന്നില്ല; അതുകൊണ്ട് അവരെ സഹായിക്കാൻ കഴിയുന്നതൊക്കെ ചെയ്യുന്നു."

വഫായിയിയുടെ സേവനം കൂടി ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ദാൽ നിവാസികൾ അവരുടെ അത്യാവശ്യ ആരോഗ്യ ചികിത്സകൾക്കായി ക്ലിനിക്കുകളിൽ അഭയം തേടുന്നു.

പരിഭാഷ: നിധി ചന്ദ്രന്‍

Adil Rashid

Adil Rashid is an independent journalist based in Srinagar, Kashmir. He has previously worked with ‘Outlook’ magazine in Delhi.

Other stories by Adil Rashid
Translator : Nidhi Chandran

Nidhi Chandran is a postgraduate in Journalism and Communication. She has been working in the publishing sector for the past few years. Currently, she works as a freelance copy editor and translator.

Other stories by Nidhi Chandran