തന്‍റെ പ്രിയപ്പെട്ട ബസ് സ്റ്റാൻഡിനെ ഓർത്ത് സുരേഷ് മെഹെന്ദലെ വ്യാകുലനാണ്. ബസ് സ്റ്റാൻഡും പരിസരവും തന്‍റെ അഭാവത്തിൽ വൃത്തിയാക്കപ്പെട്ടിട്ടില്ലായിരിക്കാം. സ്നേഹത്തോടെ താനെന്നും ബിസ്കറ്റ് കൊടുക്കാറുള്ള പട്ടികുഞ്ഞുങ്ങൾ വിശന്നിരിക്കയാകും. പൂനെ ജില്ലയിലെ മുൽഷി താലൂക്കിലുള്ള പൗഡ് ബസ് സ്റ്റാൻഡിലെ വിവരശേഖരണ ബൂത്ത് ഒരു മാസത്തിലധികമായി പൂട്ടിയിട്ടിരിക്കയാണ്. പൗഡിലൂടെ പോകുന്ന സർക്കാർ വക സംസ്ഥാന ട്രാൻസ്‌പോർട്ട് ബസുകളുടെ വരവും പോക്കുമെല്ലാം അയാൾ അവിടെയിരുന്നുകൊണ്ടാണ് ഏകോപിപ്പിക്കാറുള്ളത്.

"കഴിഞ്ഞ 28 ദിവസങ്ങളായി ഞാൻ പൗഡിൽ പോയിട്ടില്ല. അവിടെ എല്ലാം നന്നായിരിക്കുന്നെന്നു ഞാൻ പ്രതീക്ഷിക്കുന്നു". അദ്ദേഹത്തിന്‍റെ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 35 കിലോമീറ്ററോളം അകലെയുള്ള പൂനെ പട്ടണത്തിലെ സ്വാർഗേറ്റ് ബസ് ഡിപ്പോയിൽ വച്ച് നവംബർ 26 ന് കണ്ടുമുട്ടിയപ്പോൾ 54 വയസുള്ള മെഹെന്ദലെ എന്നോട് പറഞ്ഞു. അദ്ദേഹം മഹാരാഷ്ട്ര സംസ്‌ഥാന റോഡ് ഗതാഗത കോർപ്പറേഷനിലെ (എം.എസ്.ആര്‍.റ്റി.സി.) തന്‍റെ സഹപ്രവർത്തകരോടൊപ്പം ഡിപ്പോയുടെ പ്രവേശന കവാടത്തിനരികിലെ ടെന്‍റിൽ സമരം ചെയ്തുവരികയാണ്. സംസ്‌ഥാനത്തെ എം.എസ്.ആര്‍.റ്റി.സി.ക്കു കീഴിലുള്ള മുഴുവൻ തൊഴിലാളികളും ഈ വർഷം ഒക്ടോബർ 27 മുതൽ അനിശ്ചിതകാല സമരത്തിലാണ്.

പൂനെയിലെ സംസ്ഥാന ഗതാഗത സംവിധാനത്തിന് കീഴിൽ  ജോലിചെയ്യുന്ന 250-ഓളം കണ്ടക്ടർമാരും, 200-ഓളം ഡ്രൈവർമാരും  സമരത്തിൽ പങ്കെടുക്കുന്നുണ്ട്‌. "ഏതാനും ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ മരണങ്ങൾക്കെതിരെ (ആത്മഹത്യകൾ)  തുടങ്ങിയതാണ് ഈ സമരം. കഴിഞ്ഞ വർഷം ഏതാണ്ട് 31-ഓളം ട്രാൻസ്‌പോർട്ട്  ജീവനക്കാർ ജീവനൊടുക്കിയിട്ടുണ്ട്," മെഹെന്ദലെ വിശദീകരിച്ചു. അദ്ദേഹത്തെ കണ്ടുമുട്ടിയ 3  ദിവസങ്ങൾക്കുള്ളിൽ രണ്ടു ജീവനക്കാർ കൂടി ആത്‍മഹത്യ ചെയ്തിരുന്നു. കൃത്യമായി ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട് , പ്രത്യേകിച്ചും കോവിഡിന്‍റെ വരവോടെ സാഹചര്യം വീണ്ടും വഷളായി. ചരക്ക് ഗതാഗതമല്ലാതെ കോർപ്പറേഷന് മറ്റ് വരുമാനമാർഗ്ഗങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.

Suresh Mehendale (in the striped t-shirt) with ST bus conductors on strike at Swargate bus depot in Pune. On his left are Anita Mankar, Meera Rajput, Vrundavani Dolare and Meena More.
PHOTO • Medha Kale
Workshop workers Rupali Kamble, Neelima Dhumal (centre) and Payal Chavan (right)
PHOTO • Medha Kale

ഇടത് : സുരേഷ് മെഹെന്ദലെ (വരയുള്ള ടീ ഷർട്ടിൽ) പൂനെയിലെ  സംസ്ഥാന ഗതാഗതമേഖലയിൽ പ്രവർത്തിക്കുന്ന സ്വാർഗേറ്റ് ബസ് ഡിപ്പോയിലെ സമരം ചെയ്യുന്ന കണ്ടക്ടർമാർക്കൊപ്പം. അദ്ദേഹത്തിന്‍റെ ഇടത്: അനിത മാൻകർ, മീര രാജ്പുത്, വൃന്ദാവനി ഡോലാരേ, മീന മോറെ. വലത്: വർക്ക് ഷോപ്  ജീവനക്കാരായ രൂപാലി കാംബ്ലെ, നീലിമ ധുമാൽ (മധ്യത്തിൽ) പായൽ ചവാൻ (വലത്)

മരണമടഞ്ഞ ജീവനക്കാരുടെ ദാരുണ സാഹചര്യം വെളിപ്പെടുത്തിക്കൊണ്ട്‌ ഒക്ടോബർ 27 ന് നടന്ന എം.എസ്.ആര്‍.റ്റി.സി. ജീവനക്കാരുടെ നിരാഹാര സമരം തൊട്ടടുത്ത ദിവസം തന്നെ ജീവനക്കാരുടെ ദീർഘകാല ആവശ്യമായ ശമ്പള വർധനവിനും, ശമ്പള കുടിശ്ശികയ്ക്കും വേണ്ടിയുള്ള സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിലേക്ക് നീങ്ങുകയായിരുന്നു. "ഞങ്ങൾ ലയനത്തിനായി സമ്മർദ്ദം ചെലുത്തുകയാണ്," എം.എസ്.ആര്‍.റ്റി.സി.യെ സംസ്‌ഥാന സര്‍ക്കാരുമായി ലയിപ്പിക്കാനുള്ള ആവശ്യത്തിലേക്ക് വിരൽചൂണ്ടി മെഹെന്ദലെ പറഞ്ഞു. സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാർക്ക് തുല്യമായ ശമ്പള സ്കെയിലും  മറ്റ് ആനുകൂല്യങ്ങളും ലഭിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

1950 ലെ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിയമം അനുസരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥാപിച്ച സ്വയംഭരണാധികാരമുള്ള ഒരു സ്ഥാപനമാണ് എം.എസ്.ആര്‍.റ്റി.സി. കോർപ്പറേഷൻ (250 ഡിപ്പോകളും, 588 ബസ് സ്റ്റാന്‍ഡുകളും പ്രവർത്തിച്ചുവരുന്ന കോര്‍പ്പറേഷന് കീഴില്‍ 104,000  ജീവനക്കാരും ഉണ്ട്) യാത്രക്കാർക്ക് സംസ്ഥാനം മുഴുവനും ബസ് സർവീസ് നൽകിവരുന്നു. ‘ഓരോ ഗ്രാമത്തിനും ഒരു റോഡ്; ഓരോ റോഡിനും ഒരു സംസ്ഥാന ട്രാൻസ്‌പോർട്ട് ബസ് സർവീസ്’ എന്നതാണ് എം.എസ്.ആര്‍.റ്റി.സി.യുടെ മുദ്രാവാക്യം.

മുപ്പതുകളുടെ മധ്യത്തിൽ പ്രായമുള്ള വൃന്ദാവനി ഡോലേരെയും, മീന മോറെയും, മീര രാജ്പുതും ജീവനക്കാരുടെ ആവശ്യങ്ങളെ ശക്തമായി പിന്തുണക്കുന്നു. സ്വർഗേറ്റ് ഡിപ്പോയിൽ ജോലി ചെയ്യുന്ന 45 സ്ത്രീ കണ്ടക്ടർമാരിൽ മൂന്നു പേരാണ് ഇവർ. അവരുടെ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം നിലവിൽ പരിഗണനയിലുള്ള  ലയനമാണെന്ന് അവർ വിശ്വസിക്കുന്നു. "ഞങ്ങൾ ദിവസവും 13-14 മണിക്കൂറുകള്‍ ജോലിചെയ്യുന്നുണ്ട്‌. പക്ഷെ 8 മണിക്കൂർ ജോലിയുടെ ശമ്പളം മാത്രമേ ഞങ്ങൾക്ക് ലഭിക്കുന്നുള്ളൂ. ഞങ്ങളുടെ പരാതികൾ ബോധിപ്പിക്കാനായി ഒരു സംവിധാനവും നിലവിലില്ല," മീന പറഞ്ഞു. "ഒക്ടോബർ 28 മുതൽ ഒരു സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് പോലും ഈ ഡിപ്പോ വിട്ടിട്ടില്ല. ലയനത്തിനുള്ള ഞങ്ങളുടെ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിക്കുംവരെ ഞങ്ങൾ സമരത്തിൽ നിന്നും പിന്മാറില്ല", അവർ പറഞ്ഞു.

"250 ഡിപ്പോകളും അടച്ചിട്ടിരിക്കുകയാണ്. ഡ്രൈവർമാരും, കണ്ടക്ടർമാരും, വർക് ഷോപ് ജീവനക്കാരും അടങ്ങുന്ന ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കുറച്ച് കരാർ ജീവനക്കാർ മാത്രമാണ് തിരിച്ചുവന്നിട്ടുള്ളത്," 12 വർഷമായി സ്വർഗേറ്റ് ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്തുവരുന്ന അനിത അശോക് മാൻകർ പറഞ്ഞു. അമരാവതി ജില്ലയിൽ നിന്നുള്ള അനിത മുൽഷിയിലെ  ഭൂഗാവിന് അടുത്തുള്ള മാതാൽവാഡി ഫാറ്റയിലാണ് താമസിക്കുന്നത്. പൂനെ-കോൾവൻ റൂട്ടിലുള്ള ബസിലാണ് മിക്കവാറും അവരുടെ ഡ്യൂട്ടി.

School children near Satesai walking to school to Paud, 10 kilometres away.
PHOTO • Medha Kale
Shivaji Borkar (second from the left) and others wait for a shared auto to take them to their onward destination from Paud
PHOTO • Medha Kale

ഇടത് : സാഠേസയിക്ക് സമീപമുള്ള സ്കൂൾ കുട്ടികൾ 10 കിലോമീറ്റർ അകലെയുള്ള പൗഡിലെ സ്കൂളിലേക്ക് നടക്കുന്നു . വലത് : ( ഇടതു നിന്നും രണ്ടാമത് ) ശിവാജി ബോർക്കറും മറ്റുള്ളവരും പൗഡിൽ നിന്നും അവർക്കു പോകാനുള്ള സ്ഥലത്തേക്കുള്ള ഷെയർ ഓട്ടോക്ക് വേണ്ടി കാത്തുനിൽക്കുന്നു

എന്നാൽ പ്രമുഖ തൊഴിലാളി നേതാവായ പന്നലാൽ സുരാന 'മഹാരാഷ്ട്ര ടൈംസ്'മായുള്ള ഒരു അഭിമുഖത്തിൽ ലയനം നല്ലൊരു ആശയമല്ലെന്നു വ്യക്തമാക്കി. 17 വർഷത്തോളം മഹാരാഷ്ട്ര രാജ്യ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കർമ്മചാരി സംഘടനയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചുവരുന്ന സുരാന ശമ്പള വർദ്ധനവ് എന്ന ആവശ്യത്തെ പിന്തുണക്കുന്നതായി പറയുന്നു. സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ സ്ഥാപിതമായത് സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും അനുവാദത്തിന് കാത്തുനിൽക്കാതെ ദ്രുതഗതിയിലും സ്വതന്ത്രമായും തീരുമാനമെടുക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധിക്കുന്ന ചില തൊഴിലാളികൾ എം.എസ്.ആര്‍.റ്റി.സി.യിൽ നിന്നും തുല്യവേതനത്തിനായുള്ള ആവശ്യമാണ് ഉയർത്തുന്നത്.  "ഞങ്ങൾക്ക് പുരുഷ സഹപ്രവർത്തകരെക്കാൾ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. സമയത്തിന് ശമ്പളം  കിട്ടാറുമില്ല. ഈ പ്രശ്നങ്ങൾക്കെല്ലാം ഞങ്ങൾ പരിഹാരം ആവശ്യപ്പെടുന്നു," 24 വയസുള്ള പായൽ ചവാൻ പറഞ്ഞു. മെക്കാനിക്കൽ എലെക്ട്രിക്കൽ അറ്റകുറ്റപ്പണികൾക്കായുള്ള സഹായികളായി 3  വർഷം മുൻപ്  വർക് ഷോപ് വിഭാഗത്തിലേക്ക്  നിയമിതരായവരാണ് അവരും സഹപ്രവർത്തരായ രൂപാലി കാംബ്ലെയും നീലിമ ദുമാലും.

സമരത്തിന്‍റെ ഭാഗമായി എം.എസ്.ആര്‍.റ്റി.സി.യുടെ പൂനെ വിഭാഗം പ്രതിദിനം 1.5  കോടി രൂപയോളം നഷ്ടം വഹിക്കുന്നതായാണ് പറയപ്പെടുന്നത്. സ്വകാര്യ വ്യക്തികൾ നടത്തിവരുന്ന എയർകണ്ടിഷൻഡ് ബസുകൾ ഒഴിച്ച് ബാക്കി എം.എസ്.ആര്‍.റ്റി.സി.യുടെ 8,500-ഓളം ബസുകളും സർവീസ് നടത്തുന്നില്ല. ദിനംപ്രതി യാത്രചെയ്യുന്ന 65,000-ഓളം യാത്രക്കാരുടെ ചലനക്ഷമതയെ ഇത് ബാധിക്കുന്നു.

പൗഡിൽ ഇതിന്‍റെ ആഘാതം കൃത്യമായി അറിയാം. ഈ ദിവസങ്ങളിൽ ശിവാജി ബോർക്കർ പൗഡിൽ നിന്നും ഷെയർ ഓട്ടോ (മറ്റുയാത്രക്കാർക്കൊപ്പം ഓട്ടോ വാടക പങ്കിട്ടുള്ള യാത്ര) എടുക്കാൻ നിർബന്ധിതനാണ്. അദ്ദേഹം പൂനെ നഗരത്തിൽ നിന്നും മുൽഷി ഗ്രാമത്തിലെ റിഹെയിലുള്ള അദ്ദേഹത്തിന്‍റെ കൃഷിസ്ഥലത്തേക്ക് ആഴ്ചതോറും 40 കിലോമീറ്ററോളം യാത്ര ചെയ്യുന്നു. അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്ന ഏക പൊതുഗതാഗത സംവിധാനം പൂനെയിലെ മാർക്കറ്റ് യാർഡിൽ നിന്നും പൗഡിലേക്കുള്ള ബസ് മാത്രമാണ്. പൂനെ മഹാനഗർ പരിവാഹൻ മഹാമണ്ഡൽ ലിമിറ്റഡ് ആണ് ഇത് പ്രവർത്തിപ്പിക്കുന്നത്

Commuters have had to turn to other modes of transport from Pune city due to the ST strike across Maharashtra.
PHOTO • Medha Kale
The locked enquiry booth at Paud bus stand
PHOTO • Medha Kale

ഇടത് : മഹാരാഷ്ട്രയിലെ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സമരം മൂലം യാത്രക്കാർക്ക് പൂനെ നഗരത്തിൽ നിന്നും മറ്റ് യാത്രാമാർഗ്ഗങ്ങൾ തേടേണ്ട അവസ്ഥയാണ്. വലത്: പൗഡ് ബസ് സ്റ്റാൻഡിലെ താഴിട്ടുപൂട്ടിയ വിവരാന്വേഷണ ബൂത്ത്

നവംബർ 27 ന് ഞാൻ  അദ്ദേഹത്തെ കാണുമ്പോൾ ബോർക്കറും മറ്റുള്ള അഞ്ചുപേരും ചെറിയൊരു കടയിൽ മുന്നോട്ടുള്ള യാത്രക്കായി മറ്റൊരു ഓട്ടോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. രണ്ട് മണിക്കൂറുകൾ കഴിഞ്ഞെങ്കിലും 6 സീറ്റുകളുള്ള വാഹനം 14  സീറ്റുകളിലും ആളുകൾ തികഞ്ഞാൽ മാത്രമേ യാത്ര തുടങ്ങുകയുള്ളൂ എന്ന സ്ഥിതിയിലാണ്. മധ്യത്തിലായി 8  സീറ്റുകൾ; പിന്നിൽ 4,  ഡ്രൈവറുടെ ഇരുഭാഗങ്ങളിലും ഓരോ സീറ്റുകൾ.  "കാത്തിരിക്കുകയല്ലാതെ ഞങ്ങൾ വേറെന്ത് ചെയ്യാനാണ്?", ബോർക്കർ പറഞ്ഞു.  "സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് ഗ്രാമവാസികളുടെ ജീവനാഡിയാണ്. ഒരു മാസമായി ബസുകൾ ഒന്നും തന്നെ ഓടുന്നില്ല. ബസ് ടിക്കറ്റിന്‍റെ ഇരട്ടി ചാർജ് ഓട്ടോകൾ അവരിൽ നിന്നും ഈടാക്കുന്നു," അദ്ദേഹം പറഞ്ഞു. എന്നാൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകൾ മുതിർന്ന പൗരന്മാരിൽ നിന്ന് പകുതി ടിക്കറ്റ് ചാർജ് മാത്രമേ ഈടാക്കാറുള്ളൂ.

മുൽഷി താലൂക്കിലെ കോൾവനിലേക്കും, മാവൽ താലൂക്കിലെ ജവാൻ, തലേഗാവ് എന്നിവിടങ്ങളിലേക്കും ദിനംപ്രതി 5 ബസുകൾ പോകുന്ന പൗഡിലെ ബസ് സ്റ്റാൻഡ് ഇന്ന് ആളൊഴിഞ്ഞ ഇടമാണ്. അവിടെ സുഹൃത്തുക്കളെ കാത്തുനില്പുണ്ടായിരുന്ന മൂന്ന് പെൺകുട്ടികൾ എന്നോട് സംസാരിച്ചു. എന്നാൽ അവരുടെ പേരുകൾ എന്നോട് പങ്കുവക്കാനോ ഫോട്ടോകളിൽ ഉൾപെടാനോ ആഗ്രഹിച്ചില്ല. "ലോക്ക്ഡൗണിനു ശേഷം എന്‍റെ മാതാപിതാക്കൾ എന്നെ കോളേജിലേക്കയക്കാൻ വിസമ്മതിച്ചു. യാത്ര ചിലവേറിയതായിരുന്നു കാരണം. 12-ാം ക്ലാസ് വരെ എനിക്ക് സൗജന്യ ബസ് പാസ് ഉണ്ടായിരുന്നു," അവരിൽ ഒരാൾ പറഞ്ഞു. പന്ത്രണ്ടാം ക്ലാസിനു ശേഷം അവരെല്ലാം പഠനം നിർത്തിയിരുന്നു. പെൺകുട്ടികളുടെ പഠനം നിർത്താനുള്ള ഒരു കാരണമായി രക്ഷാകർത്താക്കൾ പറയുന്നത് യാത്രാച്ചിലവാണ്.

അതെ ദിവസം തന്നെ പൗഡിനും കോൾവനുമിടയ്ക്കുള്ള 12 കിലോമീറ്റർ ദൂരം സ്കൂളിലേക്ക്  നടക്കുന്ന വിദ്യാർത്ഥികളുടെ 8 സംഘങ്ങളെ ഞാൻ എണ്ണുകയുണ്ടായി. സഠേസയി ഗ്രാമത്തിൽ പൗഡിലെ സ്കൂളിലേക്ക് ധൃതിയിൽ നടന്നുകൊണ്ടിരുന്ന ഒരു പെൺകുട്ടി എന്നോട് പറഞ്ഞു, "ഞങ്ങൾ സ്കൂളിലേക്ക്  (കോവിഡ് ലോക്കഡൗണിനു ശേഷം തുറന്ന) പോകാനാഗ്രഹിച്ച് കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ബസുകൾ ഒന്നും തന്നെ ഇല്ല. ഞങ്ങൾക്ക് സ്കൂളിലേക്ക് നടന്നു പോകേണ്ട അവസ്ഥയാണ്." സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് 5 മുതൽ 12 ക്ലാസ്സ് വരെ  പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ യാത്രാ പാസുകൾ നൽകി വരുന്നുണ്ട്. പക്ഷെ അത് ബസുകൾ ഓടിത്തുടങ്ങിയാൽ മാത്രമേ നടക്കുകയുള്ളൂ.

"ഞങ്ങൾ ദരിദ്രരിൽ ദരിദ്രരായ ആളുകൾക്ക് വേണ്ടി സേവനം ചെയ്യുന്നു. അവർ ദുരിതമനുഭവിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. പക്ഷെ ഞങ്ങൾക്ക് സമരം ചെയ്യാതെ വേറെ വഴിയില്ല. അവർ ഞങ്ങളെ മനസിലാക്കുമെന്ന് എനിക്കുറപ്പാണ്," എം.എസ്.ആര്‍.റ്റി.സി.യിൽ കഴിഞ്ഞ 27 വർഷമായി ജോലി ചെയ്യുന്ന മെഹെന്ദലെ  പറഞ്ഞു. അദ്ദേഹം 2020 ൽ നടന്ന ട്രാഫിക് കൺട്രോളർ പരീക്ഷ പാസായിട്ടുണ്ട്. പുതിയ പോസ്റ്റിലേക്ക് പ്രൊമോഷനും പ്രതീക്ഷിക്കുന്നു. പക്ഷെ സ്റ്റേറ്റ്  ട്രാൻസ്‌പോർട്ട് ബസുകളുടെ ചക്രങ്ങൾ നിരത്തിൽ ഉരുണ്ടുതുടങ്ങിയാൽ മാത്രമേ അത് സംഭവിക്കൂ എന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹം പരിപാലിച്ചിരുന്ന ബസ് സ്റ്റാൻഡ് ഇപ്പോൾ അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കയാണ്.

പരിഭാഷ: നിധി ചന്ദ്രന്‍

Medha Kale

Medha Kale is based in Pune and has worked in the field of women and health. She is the Translations Editor, Marathi, at the People’s Archive of Rural India.

Other stories by Medha Kale
Translator : Nidhi Chandran

Nidhi Chandran is a postgraduate in Journalism and Communication. She has been working in the publishing sector for the past few years. Currently, she works as a freelance copy editor and translator.

Other stories by Nidhi Chandran