18 വയസ്സിൽ പന്ത്രണ്ടാം ക്ലാസ്സ് പൂർത്തിയാക്കിയ പാണ്ഡല ലക്ഷ്മണ റാവുവിന് പഠനം തുടരാനായില്ല. "അസ്വറാവുപേട്ട പട്ടണത്തിലെ കോളജിൽ പ്രവേശനത്തിന് ചെന്നപ്പോൾ അവർ എന്നോട് ജാതി സർട്ടിഫിക്കറ്റ് കാണിക്കാൻ പറഞ്ഞു. എനിക്ക് അങ്ങനൊന്നില്ലാത്തതു കാരണം പഠനം അവസാനിപ്പിക്കാൻ ഞാൻ നിർബന്ധിതനായി," അയാൾ പറഞ്ഞു.

ഇപ്പോൾ 23 വയസുള്ള ലക്ഷ്മണ തന്റെ കുടുംബത്തിന്റെ ഒരേക്കർ 'പൊടു' എന്ന് വിളിക്കുന്ന കൃഷിസ്ഥലത്ത് പണിയില്ലാത്തപ്പോൾ, നായകുലഗുഡം എന്ന ചെറുഗ്രാമത്തിൽ ഒരു കാർഷിക തൊഴിലാളിയായി ജോലിചെയ്യുകയാണ്. കൃഷിക്കായി ഉപയോഗിക്കുന്ന വനഭൂമിയെയാണ് 'പൊടു' എന്ന് വിളിക്കുന്നത്.

ആന്ധ്രാപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ, ടി. നരസപുരം, ചിന്തളപുഡി മണ്ഡലുകളിലെ, 30 ഗ്രാമങ്ങളിൽ വസിക്കുന്ന നായിക്പോഡ് ഗോത്രത്തിലെ ലക്ഷ്മണയെപ്പോലുള്ള ധാരാളം ചെറുപ്പക്കാർക്ക് സമാനമായ കഥകളാണ് പറയാനുള്ളത്. തങ്ങളുടെ ഗ്രാമത്തിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെ മാരിഗുഡം എന്ന സ്ഥലത്തുള്ള ട്രൈബൽ റസിഡൻഷ്യൽ വിദ്യാലയം പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞതിനാൽ 18 വയസുള്ള കുസിനി സീതയും, കുസിനി നാഗമണിയും അഞ്ചാംക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. "ഇനി പഠിക്കാൻ സാധിക്കാത്തതിനാൽ ഞങ്ങളുടെ കല്യാണം നേരത്തെ കഴിയും, ഞങ്ങൾ 'പൊടു' സ്ഥലത്തോ അല്ലെങ്കിൽ മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലോ കൃഷിപ്പണിക്കാരായി ജോലി ചെയ്യും," നാഗമണി പറഞ്ഞു.

ഈ ഗോത്രത്തിന്റെ പേരുനൽകിയിരിക്കുന്ന നായകുലഗുഡം എന്ന ചെറുഗ്രാമത്തിൽ ഏകദേശം 100 നായിക്പോഡ്  കുടുംബങ്ങൾ വസിക്കുന്നുണ്ട്. അടുത്തുള്ള വനത്തിൽ അവർ നെല്ലും, രാജ്മ പയറും മറ്റുവിളകളും കൃഷിചെയ്യുന്നു. ഉപജീവനത്തിനുവേണ്ടി അവർ കാടിനെയാണ് ആശ്രയിക്കുന്നത്. തേൻ ശേഖരിക്കും, മാംസത്തിനായി മരപ്പട്ടികളെ വേട്ടയാടും. പിന്നീട് ഇവയെല്ലാം ടി. നരസപുരം പട്ടണത്തിലെ ആഴ്ചച്ചന്തയിൽ വിൽക്കും.

PHOTO • Rahul Maganti

ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പാണ്ഡല ലക്ഷ്മണ റാവുവും (ഇടത് ) അല്ലം ചന്ദർ റാവുവും (വലത്) വിദ്യാഭ്യാസം അവസാനിപ്പിക്കാൻ നിർബന്ധിതരായി

"സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിനുവരെ സ്‌കോളർഷിപ്പ് കിട്ടാൻ ജാതി സർട്ടിഫിക്കറ്റ് ആവശ്യമായതിനാൽ ഇവിടെ മിക്ക വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഠനം അവസാനിപ്പിക്കുകയാണ്. ഞങ്ങളിൽ അധികംപേരും സ്‌കോളർഷിപ്പില്ലാതെ കുട്ടികളെ സ്‌കൂളിലേക്കയക്കാൻ കഴിവില്ലാത്തവരാണ്," സ്‌കൂൾ വിടേണ്ടിവന്ന 25 വയസ്സുകാരൻ നാഗരാജു കുസിനി പറഞ്ഞു. "ഹൈസ്‌കൂൾ അല്ലെങ്കിൽ കോളജ് വിദ്യാഭ്യാസം നിർത്തി വരുന്നവരെ ഗ്രാമത്തിൽ തിരിച്ചെത്തുമ്പോഴേക്കും വിവാഹംകഴിപ്പിച്ചയക്കും."

നായകുലഗുഡം ഗ്രാമത്തിലെ കുട്ടികൾക്ക് സർക്കാർ നടത്തുന്ന മണ്ഡൽ പരിഷദ് പ്രൈമറി സ്‌കൂളിൽ അഞ്ചാം ക്ലാസ്സുവരെ പഠിക്കാം. അതിനുശേഷം അവർ രണ്ടുകിലോമീറ്റർ അകലെയുള്ള മരകവാണിഗുഡം ഗ്രാമത്തിലെ സർക്കാർ വിദ്യാലയത്തിൽ നടന്നോ അല്ലെങ്കിൽ സൈക്കിൾ ചവിട്ടിയോ പോകും. അല്ലെങ്കിൽ അവർ മാരിഗുഡത്തെ ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ പോകാൻ ശ്രമിക്കും. രണ്ട് മണ്ഡലുകളിൽ ആകെയുള്ള റസിഡൻഷ്യൽ സ്‌കൂളാണത്. ആറാം ക്ലാസ്സ്‌ മുതൽ പത്തുവരെ, വെവ്വേറെ ഹോസ്റ്റലുകളിൽ താമസിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളുമടക്കം, വെറും 180 - 200 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമേ അവിടെയുള്ളു. ആ വിദ്യാലയത്തിലെ പ്രവേശനത്തിന് ജാതി സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ തലമുറയിലെ നായിക്പോഡുകൾക്ക് അതില്ല. അതിനാൽ ബാക്കി വരുന്ന സീറ്റുകളിൽ പ്രവേശനം സ്‌കൂൾ അധികൃതരുടെ വിവേചനാധികാരം അടിസ്ഥാനമാക്കിയായിരിക്കും.

വിദ്യാർത്ഥികൾക്ക് ആറാം ക്ലാസ്സുമുതൽ പത്തുവരെ ട്രൈബൽ വെൽഫെയർ വിഭാഗത്തിൽനിന്ന് മാസം 100 - 150 രൂപ സ്‌കോളർഷിപ്പ് ലഭിക്കാൻ അർഹതയുണ്ട്. കോളജ് പഠനകാലത്ത് വർഷം 5,000 രൂപയും ലഭിക്കേണ്ടതാണ്. എന്നാൽ ഇതിനും ജാതി സർട്ടിഫിക്കറ്റ് വേണം. അതുകാരണം ഏതെങ്കിലും നായിക്പോഡ് കുട്ടികൾ പത്താം ക്ലാസ്സുവരെ പഠിച്ചാലും തുടർവിദ്യാഭ്യാസം വളരെ ദുഷ്‌കരമായിരിക്കും.

PHOTO • Rahul Maganti

നായകുലഗുഡത്തെ മണ്ഡൽ പരിഷദ് പ്രൈമറി സ്‌കൂളിൽ (വലത്) കുട്ടികൾക്ക് അഞ്ചാം ക്ലാസ്സുവരെ മാത്രമേ പഠിക്കാൻ സാധിക്കുകയുള്ളു

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, ഈ രണ്ടു മണ്ഡലുകളിലെ നായിക്പോഡ് ഗോത്രത്തിൽപ്പെടുന്ന ഏകദേശം 4,000 വിദ്യാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പഠനമേഖലയിൽനിന്ന് പുറത്തായെന്ന് അല്ലം മരെസു കണക്കുകൂട്ടുന്നു. നായകുലഗുഡത്തിലെ ഏറ്റവും അധികം വിദ്യാഭ്യാസമുള്ള ആൾ അയാളാണെന്നാണ് ഗ്രാമവാസികൾ പറഞ്ഞത്. "സർക്കാരിതര സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്നവർക്കുപോലും ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ഭരണഘടന അനുശാസിക്കുന്ന ആദിവാസികൾക്കുള്ള സംവരണം ലഭിക്കുന്നില്ല," അയാൾ പറഞ്ഞു.

27 വയസ്സുള്ള മരെസു നായകുലഗുഡത്തുനിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയുള്ള അസ്വറാവുപേട്ട (ഇപ്പോൾ തെലങ്കാനയിലെ കോത്തഗുഡം ജില്ലയിൽ) പട്ടണത്തിലെ ഒരു പ്രൈവറ്റ് കോളജിൽനിന്ന് കോമേഴ്‌സിൽ ബിരുദം പൂർത്തിയാക്കി. അയാൾ പകൽ കോളജിൽ പോകുകയും രാത്രി വെയ്റ്റർ, വാച്ച്മാൻ, പെട്രോൾപമ്പ് ജോലിക്കാരൻ തുടങ്ങി പല ജോലികളും ചെയ്‌തു. "പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിയാഞ്ഞതിനാൽ എനിക്ക് സ്‌കോളർഷിപ്പ് കിട്ടിയില്ലെന്നുമാത്രമല്ല, ഗിരിജൻ വെൽഫെയർ ഹോസ്റ്റലിൽ പ്രവേശനവും ലഭിച്ചില്ല. ഫീസിനും  മറ്റു ചെലവുകൾക്കും പണം കണ്ടെത്താൻ എനിക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നു," അയാൾ പറഞ്ഞു. മരെസു ഇപ്പോൾ ഒരു കെട്ടിടനിർമ്മാണ തൊഴിലാളിയായി ജോലിചെയ്യുന്നു. ഒരു പട്ടികവർഗ്ഗ സർട്ടിഫിക്കറ്റുണ്ടായിരുന്നെങ്കിൽ അയാൾക്ക്‌ സർക്കാർ ജോലികളിൽ സംവരണത്തിന് അർഹതയുണ്ടാകുമായിരുന്നു.

ഒരു പതിറ്റാണ്ടുമുൻപുവരെ നായിക്പോഡുകൾക്കു മണ്ഡൽ റവന്യു കാര്യാലയത്തിൽനിന്ന്, അവർ പട്ടികവർഗ്ഗത്തിൽ ഉൾപ്പെട്ടവരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ജാതി സർട്ടിഫിക്കറ്റുകൾ ലഭിക്കുമായിരുന്നു. എന്നാൽ ചിന്തളപുഡിയിലെ മണ്ഡൽ റവന്യു ഓഫീസറായ മൈക്കൽ രാജു പറഞ്ഞത് അയാളുടെ ഓഫീസ് ഈ സർട്ടിഫിക്കറ്റുകൾ നൽകുന്നത് അവസാനിപ്പിച്ചുവെന്നാണ്. അതിനുകാരണം നായിക്പോഡുകളുടെ ഗോത്രപദവി എക്കാലത്തും ഒരു തർക്കവിഷയമായിരുന്നു. മാത്രമല്ല, 2011-ലെ ഒരു സർക്കാർ ഉത്തരവുപ്രകാരം അവർ പട്ടികവർഗ്ഗമല്ല. "സർക്കാർ പാസ്സാക്കിയ നിയമപ്രകാരം പട്ടികയിലില്ലാത്ത സ്ഥലങ്ങളിൽ വസിക്കുന്ന നായിക്പോഡുകളെ ഗോത്രവർഗ്ഗക്കാരായി കണക്കാക്കേണ്ടതില്ല. ഇതിനാൽ അവർ പട്ടികവർഗ്ഗ സർട്ടിഫിക്കറ്റിന് അർഹരല്ല," അദ്ദേഹം പറഞ്ഞു.

2014-ലെ തിരഞ്ഞെടുപ്പിന് മുൻപ് കുറച്ച് നായിക്പോഡുകൾ ജാതി സർട്ടിഫിക്കറ്റ് നേടി. അതിൽ മിക്കവരും വമ്പൻ രാഷ്ട്രീയപ്പാർട്ടികളുടെ മത്സരാർത്ഥികളാകുമെന്ന് പ്രതീക്ഷയുള്ളവരായിരുന്നു. "തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കുറച്ച് സീറ്റുകളിൽ ഗോത്രവിഭാഗത്തിന് സംവരണമുള്ളതിനാൽ അതിൽ മത്സരിക്കാൻ ഒരാൾക്ക് ജാതി സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാൽ വളരെ കുറച്ചുപേർക്കുമാത്രമേ അന്ന് ജാതി സർട്ടിഫിക്കറ്റ് നല്കിയുള്ളു," നായകുലഗുഡത്തെ കർഷകത്തൊഴിലാളിയായ ഭുജംഗ റാവു പറഞ്ഞു.

PHOTO • Rahul Maganti

കുസിനി രാമുളമ്മ, കുസിനി സീത, കുസിനി നാഗമണി (ഇടത്തുനിന്ന് വലത്) മൂന്നുപേരും അഞ്ചാംക്ലാസ്സിന് ശേഷം പഠനം അവസാനിപ്പിച്ചു. ഇപ്പോൾ കൃഷിപ്പണിക്കാരായോ അല്ലെങ്കിൽ  അവരുടെ കുടുംബങ്ങളുടെ വനത്തിലുള്ള 'പൊടു' സ്ഥലത്തോ ജോലിചെയ്യുന്നു

ആന്ധ്രാപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി, കൃഷ്ണാ ജില്ലകളുടെ പലഭാഗങ്ങളിലാണ് നായിക്പോഡ് അല്ലെങ്കിൽ നായക് സമുദായം വസിക്കുന്നത്. സാമൂഹികപ്രവർത്തകരുടെ കണക്കുപ്രകാരം ഈ സമുദായത്തിന് ഏകദേശം 12,000 അംഗസംഖ്യയുണ്ട്. എന്നാൽ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിൽപ്പെടുന്ന സ്ഥലങ്ങളിൽ വസിക്കുന്ന നായിക്പോഡുകളെ മാത്രമാണ് സർക്കാർ പരിഗണിക്കുന്നത്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ, ഇന്ത്യയിലെമ്പാടും ആദിവാസി ജനസംഖ്യ 50 ശതമാനത്തിലധികമുള്ള സ്ഥലങ്ങൾ രേഖപ്പെടുത്തുകയും, അവരുടെ സാംസ്‌കാരികസ്വത്വത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ടി. നരസപുരം, ചിന്തളപുഡി എന്ന മണ്ഡലുകളിൽ  ആദിവാസികളുടെ ജനസംഖ്യ കുറവായതിനാൽ, ഈ സ്ഥലങ്ങൾ അഞ്ചാം ഷെഡ്യൂളിൽപ്പെടുന്നതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ തൊട്ടടുത്തുള്ള ജീലുഗുമില്ലി, ബുട്ടായഗുഡം മണ്ഡലുകൾ അഞ്ചാം ഷെഡ്യൂളിൽപ്പെടുന്നവയാണ്. ഈ സ്ഥലങ്ങളിലെ നായിക്പോഡുകൾക്കു എസ്.ടി. സർട്ടിഫിക്കറ്റുകളുണ്ട്.

"ഇത് നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ പതിനാലിന്റെ ലംഘനമാണ്. കാരണം പട്ടികയിലുള്ള സ്ഥലങ്ങൾ, ഇല്ലാത്ത സ്ഥലങ്ങൾ എന്ന പേരിൽ ഒരേ സമുദായത്തിലെ ജനങ്ങളോട് സർക്കാർ വിവേചനം കാണിക്കുകയാണ്," ആന്ധ്രാപ്രദേശ് വ്യവസായ വൃതിദാരുള [കൃഷിയും അനുബന്ധതൊഴിലുകളും] യൂണിയൻ പ്രവർത്തകനായ ജൂവ്വല ബാബ്‌ജി പറഞ്ഞു. "ഈ ജനങ്ങളെ ആദിവാസികളായി കണക്കാക്കുന്നില്ല. അവരെ പട്ടികവർഗ്ഗത്തിലോ മറ്റ് പിന്നാക്കവിഭാഗങ്ങളിലോ ഉൾപ്പെടുത്തുന്നില്ല. പിന്നെ അവർ ഏത് ജാതിയിലാണ് പെടുന്നത്?"

തെലങ്കാനയിലെ അദിലാബാദ്‌ ജില്ലയിലെ രാജ് ഗോണ്ടുകളും, വാറങ്കൽ ജില്ലയിലെ നായക് സമുദായവും ആന്ധ്രയിലെ തീരദേശജില്ലകളായ പടിഞ്ഞാറൻ ഗോദാവരി, കൃഷ്ണ എന്നിവിടങ്ങളിലുള്ള നായിക്പോഡുകളുടെ അതേ ഗോത്രവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് എന്നാണ് ആന്ധ്ര സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞരുടെ ഒരു റിപ്പോർട്ടിൽ പറയുന്നത് "രാജ് ഗോണ്ട്, നായക് വിഭാഗങ്ങൾ എസ്.ടി. സർട്ടിഫിക്കറ്റിന് അർഹരാണെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്ക് അത് നൽകുന്നില്ല?" ഭുജംഗ റാവു ചോദിച്ചു.

PHOTO • Rahul Maganti

നായിക്പോഡുകൾ ഉപജീവനത്തിനായി കാടിനെ ആശ്രയിക്കുന്നു. വലത്ത്: പാണ്ഡല മംഗ റാവുവും കുസിനി സീതയ്യയും അവർ നിർമ്മിച്ചുകൊണ്ടിരുന്ന മുളകൊണ്ടുള്ള വേലി പ്രദർശിപ്പിക്കുന്നു

വിദ്യാഭ്യാസത്തിൽനിന്ന് മാത്രമല്ല, എസ്.ടി. സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ നായിക്പോഡുകൾ വികസനത്തിൽനിന്നും രാഷ്ട്രീയപ്രക്രിയകളിൽനിന്നും അകറ്റിനിർത്തപ്പെടുകയാണ്. "പട്ടികവർഗ്ഗ സംവരണത്തിൽ ഞങ്ങൾക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകുന്നില്ല," ഭുജംഗ റാവു പറഞ്ഞു. "ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്പ്മെന്റ് ഏജൻസിയിൽനിന്ന് ഞങ്ങൾക്ക് ഒരു പൈസപോലും ലഭിക്കുന്നില്ല. എന്നാൽ മറ്റ് ഗോത്രവിഭാഗങ്ങൾക്ക് കൃഷിസാമഗ്രികൾ ലഭിക്കുന്നു, കന്നുകാലികളെ വാങ്ങിക്കാനും, കട തുടങ്ങാനും മറ്റുമുള്ള വായ്പകളും ലഭിക്കുന്നു."

പട്ടികജാതി, പട്ടികവർഗ്ഗവിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളിലും നായിക്പോഡുകൾക്കു പ്രവേശനമില്ല. "മറ്റ് ഗോത്രങ്ങൾക്ക് ലഭിക്കുന്നതുപോലെ വീടുവയ്‌ക്കാൻ ഞങ്ങൾക്ക് വായ്പ ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ അവർ പറയുന്നത് അവരുടെ രേഖകളിൽ ഞങ്ങൾ ഗോത്രവർഗ്ഗക്കാരല്ല എന്നാണ്. 'ചന്ദ്രാന്ന ഭീമ' പദ്ധതിക്കുവേണ്ടി അടുത്തിടെ നടത്തിയ സർവേയിൽ, ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ഞങ്ങളുടെ എണ്ണമെടുത്തില്ല," മരെസു പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പേരിൽ തുടങ്ങിയ 'ചന്ദ്രാന്ന ഭീമ' സംസ്ഥാനത്തെ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള പദ്ധതിയാണ്. "യഥാർത്ഥത്തിൽ ഈ പദ്ധതിയിൽ ചേരാൻ ജാതി സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ ഫണ്ട് കുറവായതിനാൽ ഉദ്യോഗസ്ഥർ അതൊരു കാരണമായിക്കാണിച്ചു സാമൂഹിക സുരക്ഷാപദ്ധതികളുടെ ചെലവ് ചുരുക്കാൻ ശ്രമിക്കുകയാണ്," ബാബ്‌ജി പറഞ്ഞു.

2008 മുതൽ നായിക്പോഡുകൾ സംഘടിതരായി ജാതി സർട്ടിഫിക്കറ്റടക്കമുള്ള അവരുടെ അവകാശങ്ങൾ ആവശ്യപ്പെടുകയാണ്. തുടർന്നുണ്ടായ തിരഞ്ഞെടുപ്പുകളിൽ മുഖ്യ രാഷ്ട്രീയപ്പാർട്ടികൾ ഈ വിഷയം ഏറ്റെടുക്കുമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും, അതൊന്നും സംഭവിച്ചില്ല. 2015-ൽ ചെറുപ്പക്കാരായ നായിക്പോഡുകൾ 'നായിക്പോഡ് സംഘം' എന്ന സംഘടന രൂപീകരിച്ചു. അവർ തങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് റാലികളും ധർണകളും നടത്തിവരുന്നു. ഇതുവരെ, ജാതി സർട്ടിഫിക്കറ്റ് എന്ന അവരുടെ ആവശ്യം സർക്കാർ അവഗണിക്കുകയാണുണ്ടായത്.

പരിഭാഷ: ജ്യോത്സ്ന വി.

Rahul Maganti

Rahul Maganti is an independent journalist and 2017 PARI Fellow based in Vijayawada, Andhra Pradesh.

Other stories by Rahul Maganti
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.